Saturday, May 31, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-4)

അന്ധവിശ്വാസവും ആചാരങ്ങളും


ഗുണത്രയങ്ങളില്‍ തമോഗുണം കൂടുതലായിട്ടുള്ളവര്‍ പരുഷമായ വാക്കുകള്‍ മുതല്‍ terrorism വരെയുള്ള ദുഷ്‌പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട്‌ ലോകത്ത്‌ നാശത്തിന്‌ കാരണക്കാരാകുന്നു എന്ന്‌ ഭ.ഗീ. 16:8,9,10 എന്നീ ശ്ലോകങ്ങളിലൂടെ സൂചന തരുന്നുണ്ട്‌.
ജീവന്റെ സമതുലിതാവസ്ഥയെ നിലനിറുത്താന്‍ കഴിയുമ്പോഴാണ്‌ പ്രകൃതിയുടെ ഗുണങ്ങളെ 'ത്രിഗുണങ്ങള്‍' എന്നു വിളിക്കുന്നത്‌. അത്‌ ഇല്ലാതെ വരുമ്പോള്‍ അവ ഗുണങ്ങളല്ല, ദോഷങ്ങളായാണ്‌ പരിഗണിക്കുന്നത്‌.

ആസുരപ്രകൃതം അധികമുള്ളവര്‍ മതങ്ങളിലെ ആചാരങ്ങളുടെ ഭാഗമായും ആത്മീയതയുടെ ഭാഗമായും ശരീരത്തിന്‌ ദണ്ഡനമേല്‍പിച്ച്‌ ചെയ്തുവരുന്ന പ്രവര്‍ത്തികളെ ആസുരീയം എന്നുതന്നെയാണ്‌ ഗീത സൂചിപ്പിക്കുന്നത്‌.

അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോജനാഃ
ദംഭാഹങ്കാരസംയുക്താഃ കാമരാഗബലാന്വിതാഃ . (17:5)

കര്‍ശയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃ ശരീരസ്ഥം താന്‍ വിദ്ധ്യാസുരനിശ്ചയാന്‍. (17:6)

[ദംഭം അഹങ്കാരം ഇവയോരുകൂടിയവരും, കാമരാഗങ്ങളുടെ ബലത്തോടുകൂടിയവരും, ആത്മചൈതന്യം സ്ഫുരിക്കാത്തവരുമായവര്‍; ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ഭൂതസമൂഹത്തെയും, ഉള്ളിലുള്ള സൂക്ഷ്മ ശരീരത്തിലിരിക്കുന്ന എന്നെയും (പരമാത്മാവിനെ) പീഡിപ്പിച്ച്‌ ശാസ്ത്രത്തിനു യോജിക്കാത്ത രീതിയില്‍ ഘോരമായ തപസ്സിനെ അനുഷ്ഠിക്കുമ്പോള്‍, അവരെ ആസുരബുദ്ധികളെന്നുതന്നെ നീ അറിഞ്ഞുകൊള്ളണം.]

ഇവിടെ പറയുന്ന ആസുരപ്രകൃതം ഉള്ളവര്‍ ഇന്ത്യയില്‍ കാണപ്പെടുന്ന കപടഭക്തന്മാര്‍ മാത്രമല്ല. അദ്ധ്യാത്മത്തിന്റെ മുഖംമൂടികളണിഞ്ഞ്‌ സാധാരണ ജനത്തിനു പിടികിട്ടാത്ത പല സിദ്ധികളും ഉള്ളതുപോലെ നടിച്ചു മനുഷ്യരെ ചതിക്കുന്നവര്‍ ലോകത്ത്‌ എല്ലാ രാജ്യത്തും എല്ലാ മതത്തിലും നമുക്കു കാണുവാന്‍ കഴിയും. അവര്‍ സത്യത്തെ മാനിക്കാത്തവരായതുകൊണ്ട്‌ ബാഹ്യത്തില്‍ മാത്രമെ വിശ്വസിക്കുന്നുള്ളൂ. ഒരു ശാസ്ത്രത്തിനും യോജിക്കാത്ത തപസ്സനുഷ്ഠിച്ച്‌ അവരുടെ അസാദ്ധ്യശക്തികളെ മറ്റുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാന്‍ ശ്രമിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ പരിപാവനമായ ജീവിതത്തെ ഭാഗവതത്തില്‍നിന്നും ഏഴു ദിവസം ഇടമുറിയാതെ പാടിക്കേള്‍പ്പിക്കുന്ന ചില ഭാഗവതന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ആ ഏഴു ദിവസവും ജലപാനം ചെയ്യുന്നില്ല എന്നാണ്‌ എല്ലാവരെയും ധരിപ്പിച്ചിരുന്നത്‌. ആര്‍ക്കും പ്രയോജനം ചെയ്യാത്ത ഘോരമായ ഈ തപോവൃത്തി കണ്ട്‌ അനേകം സാധുക്കള്‍ ഇവരുടെ കാല്‍ക്കല്‍ വീണു നമസ്ക്കരിക്കുകയും കാണിക്ക നിക്ഷേപിക്കുകയും ചെയ്തിരുന്നു.

മദ്ധ്യകാലംവരെയുള്ള ക്രിസ്തീയ ചരിത്രത്തില്‍, മുള്ളുകള്‍ തറച്ചിട്ടുള്ള മേല്‍വസ്ത്രം ധരിച്ച്‌ അതിന്റെ വേദന സഹിച്ചുകൊണ്ട്‌ പാപമോചനത്തിനുവേണ്ടി ചില ക്രിസ്തീയ സന്ന്യാസിമാര്‍ അവരെ സ്വയം ദണ്ഡിപ്പിച്ചിരുന്നു. 'സെന്റ്‌ ജോണ്‍ ഒഫ്‌ ദി ക്രോസ്സ്‌' മുതലായവരെ സഭയിലുള്ളവരെല്ലാം ചേര്‍ന്ന്‌ തിരണ്ടിവാലുകൊണ്ടും മറ്റും ചെകുത്താനെ പുറത്താക്കാനായി തോളെല്ലുവരെ അടിച്ചു പൊട്ടിച്ചിട്ടുള്ളതായി പറയുന്നുണ്ട്‌. അപസ്മാര രോഗം ഉള്ള കുട്ടികളില്‍ നിന്നും ചെകുത്താനെ പുറത്താക്കുന്നതിനായി ചില പുരോഹിതന്മാര്‍ ഘോരമായ ദണ്ഡനങ്ങളും ആഭിചാരങ്ങളും ചെയ്തുപോരുന്നുണ്ട്‌.

ഹിന്ദുമതത്തിലെ ദിവ്യന്മാര്‍ എന്നഭിമാനിക്കുന്ന ചില തന്ത്രിമാര്‍ പുത്രലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിനും ചിലതരം ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്നതായി കേള്‍ക്കാറുണ്ട്‌. നിധികണ്ടെത്തുന്നതിനായി കുഞ്ഞുങ്ങളെ പിടിച്ചുകൊന്ന്‌ അവരുടെ ഹൃദയവും കണ്ണുമെല്ലാം ചൂഴ്‌ന്നെടുക്കുന്നതായി ഈ ആധുനിക യുഗത്തിലും കേള്‍ക്കുന്നുണ്ട്‌. മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ശൂലം കുത്തല്‍, ഗരുഡത്തൂക്ക്‌, തീക്കനലിലൂടെയുള്ള നടത്തം എന്നിവയും നമുക്കറിയാവുന്ന അനാചാരങ്ങളാണ്.


നോമ്പുകാലത്ത്‌ പകല്‍ ആഹാരം കഴിക്കാതിരിക്കുന്ന വൃതം സ്വീകരിച്ചിട്ടുള്ള ചില ഭക്തന്മാര്‍ വെള്ളം കുടിക്കുന്നില്ലെന്നു മാത്രമല്ല ഉമിനീര്‍പോലും തുപ്പിക്കളയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പ്രായപൂര്‍ത്തിയോടു ബന്ധപ്പെട്ട ഉത്സവങ്ങള്‍ നടത്തുമ്പോള്‍ ഇരുമ്പുകമ്പി തീയിലിട്ട്‌ പഴുപ്പിച്ച്‌ ശരീരത്തില്‍ പൊള്ളിക്കാറുണ്ട്‌. തന്‍പ്രമാണിത്വം കാണിക്കാന്‍ ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്തവരാണ്‌ ഇതെല്ലാം ചെയ്യുന്നത്‌.

അതുകൊണ്ടാണ്‌ അശാസ്ത്രീയവും ഘോരവുമായ തപസ്സുചെയ്യുന്നവര്‍ എന്ന്‌ ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത്‌. അവര്‍ ദംഭന്മാരും അഹങ്കാരികളുമാണ്‌. അവരുടെ പ്രധാന പ്രേരണകള്‍ കാമവും ക്രോധവുമാണ്‌. അത്‌ അവര്‍ക്ക്‌ ആസുരീരമായ ശക്തി നല്‍കുന്നു.

കര്‍മ്മഫലത്തില്‍ ഉണ്ടായിരിക്കുന്ന ഈ മാതിരി തെറ്റായ വിശ്വാസത്തെ ഉന്മൂലനം ചെയ്യണമെന്നു കരുതിയാണ്‌ ഭഗവദ്‌ ഗീതയില്‍ പല ശ്ലോകങ്ങളിലും വൈദിക കര്‍മ്മങ്ങളിലെ അനാചാരങ്ങളെ പുനഃപ്രവചനം ചെയ്തിട്ടുള്ളത്‌.

പ്രാകൃതികമായ മായയ്ക്കു നിഷേധാത്മകമായ ശക്തികളുണ്ട്‌. സത്യത്തെ മറയ്ക്കുക, ധര്‍മ്മത്തെ അപ്രാപ്യമാക്കുക എല്ലാം അതില്‍പ്പെടുന്നു. അതുകൊണ്ടാണ്‌ ഇവിടെ ഘോരമായ തപസ്സു ചെയ്യുന്നതിനുള്ള ശക്തി, കാമരാഗ ബലങ്ങളില്‍നിന്നും വരുന്നു എന്നു പറയുന്നത്‌. അവിടെ ദുഷ്കര്‍മ്മത്തിന്റെ കാരകത്വം ഇരിക്കുന്നത്‌ പ്രകൃതിയിലാണ്‌, ഈശ്വരനിലല്ല.

Wednesday, May 28, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം - 3)

അന്ധവിശ്വാസം
'അന്ധവിശ്വാസം' എന്ന് പറഞ്ഞ്‌ ആക്ഷേപിക്കുമ്പോള്‍ അതിനൊരു മാനദണ്ഡം വേണം. ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് പറയുകയാണെങ്കില്‍ "വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയാത്തതിലും സാര്‍വത്രികമായി പരീക്ഷണം നടത്താന്‍ കഴിയാത്തതിലും ഉള്ള വിശ്വാസം", എന്നത്‌ ഒരു പഴയ നിര്‍വ്വചനമാണ്‌. ഇവിടെ വിശദമാക്കാന്‍ ശ്രമിക്കുന്നത്‌ മതാധിഷ്ഠിതവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെയാണ്‌.

'ഭഗവദ്ഗീത' ഈ വിഷയത്തെ എങ്ങിനെ കാണുന്നുവെന്ന്‌ നോക്കാം.

അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്‌ കാമഹൈതുകം (16:8)

[ഈ ജഗത്‌, അസത്യവും ധാര്‍മ്മികമൂല്യമില്ലാത്തതും ഈശ്വരസാന്നിദ്ധ്യമില്ലാത്തതും ചിജ്ജഡപാരസ്പര്യമില്ലാത്തതും ആണെന്ന് ആസുരപ്രകൃതികളായ ജനങ്ങള്‍ പറയുന്നു. ഓരോ മനുഷ്യന്റെയും ആഗ്രഹവും ആവശ്യവും അനുസരിച്ചാണ്‌ എല്ലാം ഉണ്ടാകുന്നത്‌.]

ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോ/ല്‌പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ ക്ഷയായ ജഗതോ/ഹിതാഃ (16:9)

[ഇപ്രകാരമുള്ള വീക്ഷണത്തെ അവലംബിച്ചുകൊണ്ട്‌ മാനസികമായി ആത്മാവ്‌ നഷ്ടപ്പെട്ട ബുദ്ധിശൂന്യന്മാര്‍ അഹിതങ്ങളായ ഉഗ്രകര്‍മ്മങ്ങള്‍ ചെയ്തിട്ട്‌ ലോകത്തിന്റെ സര്‍വ്വനാശത്തിന്‌ കാരണക്കാരായിത്തീരുന്നു.]

കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാദ്ഗൃഹീത്വാ/സദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേ. (16:10)

[ഇത്തരക്കാര്‍, പൂര്‍ത്തീകരിക്കാനാവാത്ത ദംഭം, മാനം, മദം എന്നിവയെ ആശ്രയിച്ച്‌; അവിവേകം കൊണ്ട്‌, മനസ്സും ശരീരവും ശുദ്ധിവരുത്താത്തവരായിട്ട്‌ നല്ലതല്ലാത്ത ആഗ്രഹങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു.]

യഹൂദം, ക്രൈസ്തവം, ഇസ്ലാം എന്നീ ആസ്തിക മതങ്ങളിലും വൈഷ്ണവം, ശൈവം, ഗാണപത്യം, ശാക്തേയം, ജൈനം, ബൗദ്ധം എന്നീ മതങ്ങളിലും ദിവസവും ആചരിക്കേണ്ട പല കര്‍മ്മങ്ങളും അനുശാസിക്കുന്നുണ്ട്‌. എന്തെല്ലാം സദ്ഗുണങ്ങളോടുകൂടി ജീവിച്ചാലും അതാതു മതങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാത്തവരെ അവരുടെ അദ്ധ്യാത്മ നിഷ്ഠയില്‍ വൈകല്യമുള്ളവരായാണ്‌ എണ്ണിപ്പോരുന്നത്‌.

എല്ലാ ആസ്തിക മതാനുയായികളും ആത്മാവില്‍ വിശ്വസിക്കുന്നവരാണ്‌. ആത്മാവ്‌ നിത്യമാണെന്നും മരണാനന്തരം നിത്യജീവിതത്തിന്‌ അര്‍ഹരാണെന്നും വിശ്വസിക്കുന്നു. എന്നിട്ടും അവരവരുടെ മതാവലംബികളല്ലാത്തവരെ നിന്ദ്യരായിക്കാണുകയും വെറുക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നു.

മദ്ധ്യകാല യൂറോപ്പില്‍ ക്രിസ്തീയ വിശ്വാസമില്ല എന്ന കുറ്റം ആരോപിച്ച്‌ ജനങ്ങളെ ദണ്ഡനങ്ങള്‍ക്ക്‌ വിധേയരാക്കുകയും നിര്‍ദ്ദാക്ഷിണ്യം വധിക്കുകയും ചെയ്തിട്ടുണ്ട്‌. ഗലീലിയോയെപ്പോലുള്ള മഹന്മാരെപോലും ഒഴിവാക്കിയിട്ടില്ല. സെന്റ്‌ ഫ്രാന്‍സിസും കുരിശിന്റെ യോഹന്നാനും (സെന്റ്‌ ജോണ്‍ ഓഫ്‌ ദ ക്രോസ്‌) കത്തോലിക്ക സഭയില്‍ പെട്ടവരായിരുന്നിട്ടും സഭ തന്നെ നികൃഷ്ടമായ ദണ്ഡനത്തിനു വിധേയരാക്കി. മതവിരോധത്തിന്റെ പേരില്‍ നാസികള്‍ ലക്ഷക്കണക്കിന്‌ ജൂതരെ വിഷവാതകം കൊടുത്തു കൊന്നു. 'അനല്‍ ഹഖ്‌' എന്നു പറഞ്ഞതിന്‌ മന്‍സൂര്‍ ഹല്ലാജിനെ കഷണം കഷണമാക്കി തീയിലിട്ട്‌ ചാരം പുഴയിലൊഴുക്കി.

സ്നേഹനിധിയായ യേശുവിന്റെയും ദയാപരനായ അള്ളാഹുവിന്റെയും പേരില്‍ നടന്ന കുരിശുയുദ്ധത്തില്‍ ആയിരക്കണക്കിന്‌ നിരപരാധികള്‍ കൊല്ലപ്പെട്ടു.

ഇത്തരം ക്രൂരതകള്‍ ഒരു രാജ്യത്തിലോ ഒരു മതത്തിലോ മാത്രം ഒതുങ്ങുന്നതല്ല. ഏകദേശം 4000 വര്‍ഷത്തോളം ചാതുര്‍വര്‍ണ്ണ്യത്തിന്റെയും ജാതിയുടെയും പേരില്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും പാഴ്ക്കുണ്ടില്‍ തള്ളിയിടാനും ശിക്ഷിക്കാനുമാണ്‌ വൈദികരും ഭരണകര്‍ത്താക്കളും ചേര്‍ന്ന് കളമൊരുക്കിയത്‌.

സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന അമേരിക്കക്കാര്‍ ഡെമോക്രസിയാണോ സോഷ്യലിസമാണോ വലുതെന്ന് സ്ഥാപിക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങള്‍ ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന്‌ സ്വന്തം ജവാന്മാരുടെ മരണത്തിനിടയാക്കുകയും ചെയ്തു. വെറും സാങ്കല്‍പികമായ നന്മതിന്മകള്‍ തീരുമാനിക്കാന്‍ ഹിരോഷിമയിലേയ്ക്കും നാഗസാക്കിയിലേയ്ക്കും അണുബോംബയച്ചപ്പോള്‍ അമേരിക്കയിലെ ഏറ്റവും ഉന്നതന്മാരായ ക്രിസ്തീയ പുരോഹിതന്മാര്‍ ആ ബോംബുകളെ വാഴ്ത്തിയിട്ടാണ്‌ ജപ്പാനിലേക്കയച്ചത്‌.

മതവിശ്വാസങ്ങള്‍ക്കുമാത്രമല്ല ഇത്രയും ക്രൂരമായ അടഞ്ഞ ബുദ്ധിയുള്ളത്‌. രാഷ്ട്രീയമായ പ്രത്യയ ശാസ്ത്രങ്ങള്‍ ഏത്‌ അന്ധവിശ്വാസിയെയും തോല്‍പിക്കുന്നമാതിരി ഏകപക്ഷീയമാണ്‌. ഒരാശയം എല്ലാം തികഞ്ഞതാണെന്നു കരുതി അതില്‍ പെടാത്തതെല്ലാം അന്ധമാണെന്ന് പറയുന്നവരാണ്‌ ലോകത്തില്‍ അധികം പേരും.

(തുടരും.......)

Thursday, May 22, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-2)

പൗരോഹിത്യവും ചൂഷണവും.

ഉപനിഷത്‌ കാലത്തിനു മുമ്പുള്ള വൈദികര്‍, ഹിംസകൊണ്ടും അവിശുദ്ധമായ ആചാരങ്ങള്‍കൊണ്ടും യജ്ഞങ്ങള്‍ നടത്തി ദേവതകളെ പൂജിച്ചിരുന്ന കാലത്ത്‌, പ്രാഗ്‌ദ്രാവിഡരായ ഭാരതീയ നിവാസികള്‍ വേദത്തെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നു.

സാത്ത്വികരായ ഭാരതീയരുടെ സ്വാധീനം, അത്തരം ദൂഷിതമായിരിയ്ക്കുന്ന യജ്ഞങ്ങളെത്തന്നെ, പ്രതിരൂപാത്മകമായ അദ്ധ്യാത്മ രഹസ്യം വ്യാഖ്യാനിക്കുന്ന ഉപനിഷത്തുകളുടെ രചനയ്ക്ക്‌ കാരണമായി.


പില്‍ക്കാലത്ത്‌ ഓരോ വേദത്തെയും പുനഃപ്രവചനം ചെയ്തുകൊണ്ട്‌ എഴുതിയിട്ടുള്ള ഉപനിഷത്തുകളെ അതാതു വേദത്തിന്റെ അനുബന്ധമായി കരുതാനും, വേദം വേദാന്തം എന്ന വ്യത്യാസമില്ലാതെ വേദം എന്ന് എല്ലാറ്റിനെയും ചേര്‍ത്ത്‌ വിളിക്കാനും തുടങ്ങി. വേദവേദാന്തങ്ങളുടെ വ്യത്യാസം പുറത്തുകാട്ടാതെ ബ്രഹ്മവിദ്യയുടെ മഹിമ സ്മാര്‍ത്തന്മാരും അനുഭവിച്ചുപോന്നു. എന്നാല്‍ ഈ ഒളിച്ചുകളി ജ്ഞാനധാരയുടെ ശുദ്ധമായ ഒഴുക്കിനു വിഘാതം വരുത്തുന്നതായി മനസ്സിലാക്കിയതിനാലാണ്‌, ഭഗവത്ഗീതയില്‍ വേദത്തേയും വേദാന്തത്തേയും വേര്‍തിരിച്ച്‌ മനസ്സിലാക്കണമെന്ന്‌ പറഞ്ഞിരിയ്ക്കുന്നത്‌.

യാമിമാം പുഷ്പിതാം വചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതഃ പര്‍ത്ഥ നാന്യദസ്തീതി വാദിനഃ. (2:42)
കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതീം പ്രതി. (2:43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ. (2:44)

[അല്ലയോ അര്‍ജ്ജുന, വേദങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരും, വേദവിഹിതമായിട്ടുള്ളതിനേക്കാള്‍ അതീതമായ മറ്റൊന്നുമില്ലെന്നു പറയുന്നവരും, കാമത്താല്‍ നിറഞ്ഞിരിക്കുന്നവരും, വൈദികലക്ഷ്യമായ സ്വര്‍ഗ്ഗം തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായതെന്ന് കരുതുന്നവരുമായ അവിവേവികള്‍,
സുഖലോലുപമായ ഭോഗ്യവിഷയങ്ങള്‍ക്കുവേണ്ടി, സംസാരദുഃഖം പ്രദാനം ചെയ്യുന്ന നാനാതരം കര്‍മ്മങ്ങളെപ്പറ്റി, പുഷ്പിതമായ ഈ വാക്കുകളെ പറയുന്നുവോ ആ വാക്കുകളാല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരും, സുഖഭോഗങ്ങളിലും ഐശ്വര്യങ്ങളിലും ആസക്തിയുള്ളവരും ആയവര്‍ക്ക്‌ നിശ്ചയബുദ്ധി ആത്മശാന്തിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല.]

വേദത്തെ ഉപേക്ഷിക്കുവാന്‍ അസന്ദിഗ്ദ്ധമായിത്തന്നെ ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് കാണുന്നു. ഭാരതത്തിലെ ദാര്‍ശനികചരിത്രത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത്‌. പൗരോഹിത്യവും അതില്‍നിന്നുലഭിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രയോജനങ്ങളും വിട്ടുകളഞ്ഞിട്ട്‌ ശുദ്ധമായ ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വരുവാന്‍ ഇത്തരക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. പൗരോഹിത്യവും രാജകീയവാഴ്ചയും (ഇതിന്റെ ആധുനിക പതിപ്പും) അന്യോന്യം കൈകോര്‍ത്തു പിടിച്ചുകൊണ്ട്‌ ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവും പുരോഹിതനും ഒരേ മുട്ടയില്‍നിന്നും വിരിഞ്ഞുവന്ന രണ്ടു കഴുകന്മാരാണ്‌. ഒരുവന്‍ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു, മറ്റവന്‍ ജനത്തിന്റെ ആത്മാവിനെയും. രണ്ടുപേരും വഞ്ചകരാണ്‌; ചൂഷകരുമാണ്‌. ഇത്തരത്തില്‍ സ്വാര്‍ത്ഥമതികളായ ഇവര്‍ വേദത്തെയും അവരുടെ ചൂഷണത്തിന്റെ ഭാഗമായി ഒരു കാലത്ത്‌ ഉപയോഗിച്ചുവന്നിരുന്നു.

സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ഉരുവിട്ട്‌ അതിന്റെ പേരില്‍ മുതലെടുക്കുന്നവരെയാണ്‌ ഇവിടെ 'വേദവാദരതന്മാര്‍' എന്നു പറഞ്ഞിരുക്കുന്നത്‌. 'ചെകുത്താന്‍ വേദമോതുന്നു' എന്ന ക്രിസ്തീയവചനത്തിന്‌ സമാനമായി ഇതിനെ പരിഗണിക്കാം.

ചിലര്‍ ഭൂമിയിലെ സുഖഭോഗങ്ങള്‍ ലഭിക്കുന്നത്‌ ജീവിതത്തിന്റെ പരമോദ്ദേശ്യമായി കരുതുമ്പോള്‍ മറ്റുചിലര്‍ സ്വര്‍ഗ്ഗത്തില്‍ കിട്ടിയേക്കാവുന്ന സുഖാനുഭൂതികള്‍ സ്വപ്നം കണ്ടു നടക്കുന്നു. ഇത്‌ രണ്ടും ഗീതാചാര്യന്റെ വീക്ഷണത്തില്‍ ഒരുപോലെ നിന്ദ്യമാണ്‌. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവെച്ചുകൊണ്ട്‌ ഭോഗൈശ്വര്യങ്ങള്‍ കര്‍മ്മഫലമായി സിദ്ധിക്കും എന്നു കരുതി സങ്കീര്‍ണ്ണമായ യാഗാദി കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവരെയും 'ഗീത' സത്യസരണിയില്‍ നിന്നും വ്യതിചലിക്കുന്നവരായി കണക്കാക്കുന്നു.

Tuesday, May 20, 2008

സന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-1)

സന്യാസം

രണ്ട്‌ കള്ളസാമികളെ (അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവനെയും ഹിമവല്‍ഭദ്രാനന്ദയെയും) പോലിസ്‌ വലയില്‍ വീഴ്ത്തിയെന്നും ഇനിയുള്ള എല്ലാ സ്വാമിമാരെയും വലയിലാക്കണമെന്നും ഉല്‍ഘോഷിക്കുന്ന കുറെ വാര്‍ത്തകള്‍ നമ്മള്‍ എല്ലാവരും വായിച്ചു. ചില വാര്‍ത്തകളില്‍ ശുദ്ധമായ 'സംഘ്‌പരിവാര്‍' വിരോധം മാത്രം മുഴങ്ങിക്കേള്‍ക്കുന്നു. ഇതില്‍ ആക്ഷേപങ്ങളോടൊപ്പം കുറച്ചു വേറിട്ട അഭിപ്രായം കണ്ടത്‌ ഇവിടെയും ഇവിടെയും ഉണ്ട്‌.

ആരാധനാലയവും ആശുപത്രിയും അനാഥാലയവും പണിയാന്‍ ജട വളര്‍ത്തിയവരും താടി വളര്‍ത്തിയവരും തല വടിച്ചവരുമായ എല്ലാ ആസാമിമാര്‍ക്കും വിദേശ ഫണ്ടും വിദേശത്ത്‌ അടിച്ച ഇന്ത്യന്‍ കറന്‍സികളും ഒഴുകുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

എല്ലാവരോടുമായി ഒരു ചോദ്യം മാത്രം. സാധാരണക്കാരുടെ എത്ര ലക്ഷം രൂപ ഈ ആസാമിമാര്‍ തട്ടിയെടുത്തിട്ടുണ്ട്‌. 'സെറാഫിന്‍' എന്ന സ്ത്രീയില്‍ നിന്ന് വാങ്ങിയ തുകയില്‍ 25 ലക്ഷം ജ്യോതിഷ ഉപദേശത്തിനാണ്‌ അമൃതപൂര്‍ണ്ണാനന്ദ വകയിരുത്തിയിട്ടുള്ളത്‌. കച്ചവടത്തില്‍ പാര്‍ട്‌ണര്‍ ആക്കുകയും വ്യഭിചാരത്തിന്‌ കൂട്ടുനില്‌ക്കുകയും ചെയ്യുന്ന പരിഷകളെയാണ്‌ ഇവിടെ 'സാമികള്‍' എന്ന് അഭിസംബോധന ചെയ്യുന്നത്‌. തിരണ്ടിവാലുകൊണ്ട്‌ അടിക്കേണ്ടതും മുളകരച്ചു തേക്കേണ്ടതും ഇവര്‍ക്കു സ്തുതിഗീതം പാടുന്നവരെയല്ലെ.

നമ്മള്‍ വഞ്ചിക്കപ്പെട്ടു എന്നു പറയേണ്ടിവരുന്നത്‌ നമ്മുടെ സ്വഭാവവിശേഷങ്ങളായ അജ്ഞത, അന്ധവിശ്വാസം, അഹങ്കാരം, അത്യാഗ്രഹം എന്നിവ മൂലമാണ്‌. ഇതിന്റെ ഫലം എന്തായാലും അനുഭവിക്കാതിരിക്കില്ല.

സന്ന്യാസി, യോഗി മുതലായ ജീവിത പാരമ്പര്യത്തിന്‌ ചില ചിട്ടകളും ജീവിതമൂല്യങ്ങളും ഉണ്ട്‌. കാഷായവേഷധാരികളായി ആശ്രമങ്ങളിലോ മഠങ്ങളിലോ കഴിയുന്ന ജടാധാരികളെ സന്ന്യാസികള്‍ എന്നു വിളിച്ചുപോരാറുണ്ട്‌. സന്ന്യാസ ദീക്ഷവാങ്ങി ബാഹ്യലക്ഷണങ്ങള്‍ കൊണ്ടുമാത്രം സന്ന്യാസി എന്ന പേരില്‍ ഹിന്ദുമതത്തിലും, ബുദ്ധമതത്തിലും, ജൈനമതത്തിലും, ക്രിസ്തുമതത്തിലും ആരാധ്യരായി കഴിയുന്നവരുണ്ട്‌. അവര്‍ക്ക്‌ സാമൂഹ്യസമ്മതിയുണ്ടെന്നല്ലാതെ അവരാരും ഭഗവത്ഗീത വിവക്ഷിക്കുന്ന നിത്യസന്ന്യാസിമാരല്ല. പിന്നെ 'ശങ്കരാചാര്യര്‍' പറയുന്ന മാതിരി "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന നിലയിലും സന്ന്യാസിമാരെ കാണാറുണ്ട്‌.
ഇനി 'ഭഗവദ്ഗീത' എന്തു പറയുന്നു എന്നു നോക്കാം.

ജ്ഞേയഃ സ നിത്യസന്ന്യാസീ യോ ന്‍ ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദോ ഹി മഹാബാഹോ സുഖം ബന്ധാത്‌ പ്രമുച്യതേ (5:3)

[ഒന്നിനെയും ആഗ്രഹിക്കാതെയും ഒന്നിനെയും ദ്വേഷിക്കാതെയും ഇരിക്കുന്നവന്‍ നിത്യസന്ന്യാസിയാണെന്ന് മനസ്സിലാക്കുക. അല്ലയോ അര്‍ജ്ജുന, രാഗദ്വേഷാദി ദ്വന്ദ്വങ്ങളില്ലാത്തവന്‍ സംസാരബന്ധത്തില്‍ നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു.]

ആത്മൗപമ്യേന സര്‍വ്വത്ര സമം പശ്യതി യോ //ര്‍ജ്ജുന
സുഖം വാ യദി വ ദുഃഖം സ യോഗീ പരമോ മതഃ (6:32)


[അല്ലയോ അര്‍ജ്ജുന, മറ്റുള്ളവരുടെ സുഖദു:ഖങ്ങള്‍ തന്റേതെന്നപോലെ തുല്യമായി കാണുന്ന യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം.]

Sunday, May 11, 2008

ജനനവും മരണവും

ചിജ്ജഡസംയോഗമാണ്‌ പ്രപഞ്ചം. പ്രപഞ്ചാനുഭവം ചിജ്ജഡങ്ങളുടെ സംയോഗമാണെങ്കില്‍ ഇവയുടെ സ്വരൂപമെന്താണ്‌.
ചിത്ത്‌ എന്താണ്‌? ജഡമെന്താണ്‌?

ചിത്ത്‌, ഉണ്ടാകാത്തതും നശിയ്ക്കാത്തതുമായ ശാശ്വത സത്തയാണ്‌.
ഉണ്ടായി നശിയ്ക്കുന്നതായി കാണപ്പെടുന്നതെല്ലാം ജഡമാണ്‌.

ജനനം, വളര്‍ച്ച, ക്ഷയം, നാശം ഇവയെല്ലാം ജഡത്തിന്റെ സ്വഭാവങ്ങളാണ്‌. ഒരു സ്വഭാവ പരിണാമവുമില്ലാതെ എന്നും ഒന്നുപോലെ വിലസുന്നതാണ്‌ ചിത്ത്‌.
നിരന്തരം പരിണമിയ്ക്കുന്നതും, ഒരിയ്ക്കലും പരിണമിയ്ക്കാത്തതുമായ രണ്ടു ഘടകങ്ങളുടെ കൂടിച്ചേരലാണ്‌ പ്രപഞ്ചം എന്ന്‌ അറിഞ്ഞാല്‍ത്തന്നെ സത്യവും അസത്യവും വേര്‍പിരിഞ്ഞുകിട്ടും.

ഉണ്ടാകാതെ, നശിയ്ക്കാതെ കാണപ്പെടുന്നത്‌ സത്യം.
ഉണ്ടായി നശിയ്ക്കുന്നത്‌ അസത്യം.

ഈ നിര്‍വ്വചനമനുസരിച്ച്‌, ജഡത്തിന്റെ വ്യാപ്തി ഏതുവരെയാകാം..

അതിസൂക്ഷ്മമായ ശക്തിസ്പന്ദനം വരെ 'ജഡം' എന്നാണ്‌ വേദാന്തം സിദ്ധാന്തിച്ചിട്ടുള്ളത്‌.

ചിജ്ജഡങ്ങള്‍ പാരസ്പര്യപ്പെട്ട്‌ ജീവന്‌ ശരീരത്തെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍, അനവധി വിയോഗങ്ങളില്‍ കൂടിയും, സംയോഗങ്ങളില്‍ക്കൂടിയും അതിന്‌ കടന്നുപോകേണ്ടതായിട്ടുണ്ട്‌.

ഓരോ വിയോഗത്തിലും മരണമുണ്ട്‌. ഓരോ സംയോഗത്തിലും ജനനമുണ്ട്‌.

ആദ്യത്തെ വിയോഗം, പിതൃശരീരത്തില്‍ നിന്നും ബീജത്തിനുണ്ടാവുന്നതാണ്‌.
ബീജം പിതാവിനെ വിട്ട്‌, മാതാവിന്റെ അണ്ഡാശയത്തിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നത്‌, പിതാവില്‍ നിന്നും മരണം പ്രാപിച്ചാണ്‌.
മാതാവില്‍ ജനനത്തെ സ്വീകരിയ്ക്കുകയും ചെയ്യുന്നു.
എല്ലാ വിയോഗങ്ങളും, ആഴത്തില്‍ ദു:ഖം ഉളവാക്കുന്നതാണ്‌.
അച്ഛനെ വിട്ടുപോകുന്നതായിരിയ്ക്കും ഒരു പ്രജയുടെ ആദ്യത്തെ ദു:ഖം. ബീജം അണ്ഡത്തില്‍ ഗര്‍ഭിതമായതിനുശേഷം, പ്രജ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പത്തുമാസം സുരക്ഷിതമായി വസിയ്ക്കുന്നു. പിന്നെ, അമ്മയോട്‌ വിട പറയേണ്ട ദിവസം, അമ്മയില്‍ നിന്നുള്ള വിയോഗം മാത്രമല്ല; പ്രജയുടെ മരണം കൂടിയാണ്‌.
പ്രജ മരിച്ചിട്ട്‌ ശിശു ജനിയ്ക്കുന്നു.
ബോധാവസ്ഥയില്‍ അല്ലെങ്കില്‍പ്പോലും, അബോധാവസ്ഥയില്‍ ഏറ്റവും വലിയ ആകാംക്ഷയും പ്രതിരോധപ്രവണതയും ഉണ്ടാക്കുന്ന നിമിഷമാണത്‌.
**********************************************************************************
ശ്രീനാരായണഗുരുദേവന്റെ "ചിജ്ജഡചിന്തനം" വായിച്ചപ്പോള്‍ ഭഗവദ്ഗീതയിലെ (13:8- ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യമനഹങ്കാര ഏവ ച ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം) എന്ന ഈ ശ്ലോകവുമായി അതിന്‌ ബന്ധമുണ്ടെന്നു തോന്നി. ചിജ്ജഡചിന്തനത്തിന്റെ ആമുഖവും ഗീതാശ്ലോകത്തിന്റെ വ്യാഖ്യാനവും ചേര്‍ന്നതാണ്‌ ഈ കുറിപ്പ്‌.

*********************************************************************************
വായനക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെട്ട കുറെ നല്ല സുഹൃത്തുക്കളാണ്‌ ബൂലോകത്തേയ്ക്ക്‌ കടന്നുവരാന്‍ എനിയ്ക്ക്‌ പ്രചോദനമായത്‌. ജീവിതാനുഭവങ്ങളില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളില്‍ ചിലത്‌ ഇവിടെ കുറിയ്ക്കുന്നു.
*********************************************************************************