Thursday, September 25, 2008

ദൈവത്തെത്തേടി-4

ഈശ്വരസാക്ഷാത്‌ക്കാരം:

ദൈവത്തെ കാണിച്ചുതരാമോ എന്ന ഭൗതിക വാദികളുടെ ബാലിശമായ ചോദ്യങ്ങള്‍ക്കും, ദൈവത്തെ കാണാനായി പുണ്യസ്ഥലങ്ങള്‍ തേടിയലയുന്നവര്‍ക്കും അതിനുള്ള ഉത്തരം കിട്ടില്ല എന്ന്‌ ഉറപ്പിച്ചു പറയാന്‍ വേദങ്ങളോ ഭൗതികാധിഷ്ഠിത കുനുഷ്ടുവാദങ്ങളോ ഒന്നും വായിക്കേണ്ടതില്ല.

ഈയടുത്ത്‌ ഓം നമഃശ്ശിവായ സീരിയലില്‍ അര്‍ദ്ധനാരീശ്വരരൂപം സംസാരിക്കുന്നതു കണ്ടപ്പോള്‍, അതിനോട്‌ യോജിക്കാന്‍ കഴിഞ്ഞില്ല. ‍ തെറ്റായ പ്രചരണം ദുരുദ്ദേശപരം തന്നെയല്ലെ. പണ്ട്‌ സായിപ്പ്‌ ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കി അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പിന്തുടര്‍ച്ചതന്നെയല്ലെ ഇത്തരം വ്യാഖ്യാനങ്ങളും.


അറിവിന്റെ ലോകത്ത്‌ ആത്മലാഭത്തിനു തടസ്സമായി വരുന്നത്‌ സംശയമാണ്‌. സംശയനിവൃത്തി വരുത്താതെ ആത്മലാഭം ഉണ്ടാവുകയില്ല. അതുകൊണ്ട്‌ എനിയ്ക്ക്‌ ആത്മബോധം ഉണ്ടാകണം അല്ലെങ്കില്‍ ഈശ്വര ദര്‍ശനം ലഭിക്കണം എന്നൊരാള്‍ ആഗ്രഹിച്ചാല്‍ അത്‌ ലഭിക്കുന്നത്‌ എങ്ങിനെയൊക്കെയാവാം എന്ന്‌ വെറുതെ ഒരു അന്വേഷണം.

"ജ്ഞാന സംച്ഛിന്ന സംശയം" ജ്ഞാനം കൊണ്ട്‌ സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നു തന്നെയാണ്‌ ഭഗവദ്‌ ഗീത പറയുന്നത്‌.

ആത്മലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്തെന്ന്‌ ഭഗവത്‌ ഗീത തന്നെ പറയുന്നുണ്ട്‌.

ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്‌പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശന്തിമചിരേണാധിഗച്ഛതി. (ഭ.ഗീ. 4:39)

[ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും, ആ ജ്ഞാനംതന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമെന്നു വിചാരിക്കുന്നവനും, ഇന്ദ്രിയങ്ങളെ യമനം ചെയ്തവനുമായ സാധകന്‌ ജ്ഞാനം ലഭിച്ചിട്ട്‌ പരമമായ ശാന്തിയെ വേഗത്തില്‍ പ്രാപിക്കുന്നു.]

ഇതിനോടുചേര്‍ത്ത്‌ ഈശാവാസ്യോപനിഷത്തിലെ ഈ ഗുരുദേവ തര്‍ജ്ജമയും ഓര്‍ക്കുന്നത്‌ ഉചിതമായിരിക്കും.
വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും.

സത്യത്തെ കേവലമായി യുക്തിചിന്തയ്ക്കറിയാന്‍ പറ്റുമോ? മനസ്സിനും വാക്കിനും ചെന്നെത്താന്‍ കഴിയാത്ത അനന്തമായ അഖണ്ഡബോധസത്യത്തെ യുക്തികൊണ്ടെങ്ങിനെ മനസ്സിലാക്കാന്‍ ‍ കഴിയും.
കഠോപനിഷത്തിന്റെ പ്രഖ്യാപനം നോക്കുക:

നായമാത്മാ പ്രവചനേനലഭ്യോ
നമേധയാന ബഹുനാശ്രുതേന
യമേവൈഷവൃണുതേതേനലഭ്യഃ
തസ്യൈഷ ആത്മാവിവൃണുതേ തനൂംസ്വാം.

[ഈ ആത്മാവ്‌ വേദപഠനം കൊണ്ടു കിട്ടുകയില്ല. ഗ്രന്ഥതാല്‌പര്യം ഗ്രഹിക്കാന്‍ കഴിയുന്ന ബുദ്ധികൊണ്ടും കിട്ടുകയില്ല. ഒരാള്‍ ഈ ആത്മാവിനെ പരമലക്ഷ്യമായി വരിക്കുമെങ്കില്‍ ആ സാധകന്‌ ആത്മാവിനെ കിട്ടുന്നതാണ്‌. അങ്ങനെയുള്ള സത്യാന്വേഷിക്ക്‌ ഈ ആത്മാവ്‌ മഹത്തും സര്‍വ്വവ്യാപ്തവുമായ തന്റെ സ്വരൂപം മറ മാറ്റിത്തെളിച്ചു കൊടുക്കും.]


ഇനി ഓരോരുത്തരും ആത്മാവിനെ എങ്ങിനെയെല്ലാം മനസ്സിലാക്കുന്നു എന്ന്‌ ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

ആശ്ചര്യവത്‌ പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്‌. (ഭ.ഗീ. 2:29)

[ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു. മറ്റുചിലര്‍ ഈ ആത്മാവിനെ അശ്ചര്യവസ്തുപോലെ പറയുന്നു. വേറെ ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും പറഞ്ഞാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.]

തീരെ അറിയപ്പെടാന്‍ കഴിയാത്തതാണ്‌ പരമാത്മാവ്‌ എങ്കില്‍ ബ്രഹ്മജ്ഞാനികള്‍ അത്‌ ഉണ്ട്‌ എന്ന്‌ സങ്കല്‍പിക്കുന്നതെങ്ങനെ? ഒരിക്കലും ലഭിക്കാത്ത അറിവിനുവേണ്ടി അന്വേഷണം നടത്തുന്നതെന്തിന്‌?

ഭഗവത്‌കൃപകൊണ്ട്‌ ഭഗവാന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതത്രയും അറിയും, ഒരു തുണ്ടെടുത്ത്‌ വിശ്ലേഷണം ചെയ്ത്‌ മണത്തും അളന്നും തൂക്കിയും നോക്കി ഉണ്ടാകുന്ന വസ്തുജ്ഞാനംപോലെ അറിയാവുന്നതല്ല അത്‌. ഏതൊരു ചേതനയുള്ള ജീവിയിലും ആത്മാവായി പ്രകാശിക്കുന്നത്‌ പരമാത്മാവിന്റെ സച്ചിദാനന്ദ സ്വരൂപം തന്നെയാകയാല്‍ പല അനുപാതത്തിലുള്ള അറിവുകള്‍ ജീവികള്‍ക്ക്‌ ഉണ്ടാകുന്നുവെന്ന്‌ പറയാം. എന്നാല്‍ പരമാത്മാവിനെപ്പറ്റി എല്ലാതരത്തിലും അറിയാന്‍ കഴിയുമെന്ന്‌ അവകാശപ്പെടുവാന്‍ കഴിയില്ല.


ആത്മാനുഭവത്തിന്റെ ഈ രഹസ്യങ്ങളൊക്കെ ഉള്ളില്‍ കണ്ടുകൊണ്ടാണ്‌ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌:

ഉലകവുമുള്ളതുമായ്കലര്‍ന്നു നില്‍ക്കും-
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്ങ്‌മനോഗോ-
ചരമിതിലെങ്ങുചരിച്ചിടും പ്രമാണം.

[ഉണ്ടായിമറയുന്ന പ്രപഞ്ചവും ഉണ്ടാകാത്തതും മറഞ്ഞതുമായ ബ്രഹ്മവും കൂടിക്കലര്‍ന്നു നില്‍ക്കുന്ന ഈ സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈരുദ്ധ്യം തന്നെയാണ്‌. ഇന്നവിധമെന്നു തീരുമാനിക്കാന്‍ കഴിയാത്തവണ്ണം വാക്കിനും മനസ്സിനും അപ്രാപ്യമായ ഈ സത്യത്തില്‍ പ്രത്യക്ഷാദിപ്രമാണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണ്‌?]

ഭാരതീയരുടെ ഈശ്വരന്‍ വെറും വിശ്വാസമല്ല; സൂര്യതുല്യമായ പ്രത്യക്ഷാനുഭവമാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഭഗവത്‌ ഗീതയിലെതന്നെ പ്രഖ്യാപനം നോക്കുക.......

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവത്‌ ജ്ഞാനം പ്രകാശയതി തത്‌പരം. (ഭ.ഗീ. 5:16)

[ആര്‍ക്കൊക്കെ ആത്മതത്വത്തെ മറച്ചിരിക്കുന്ന അജ്ഞാനത്തെ, ജ്ഞാനം കൊണ്ട്‌ നശിപ്പിക്കന്‍ സാധിക്കുന്നുവോ, അവര്‍ക്ക്‌ ആ ജ്ഞാനം, ആദിത്യനെപ്പോലെ പരബ്രഹ്മസത്യത്തെ കാട്ടിക്കൊടുക്കുന്നു.]

ദൈവത്തെ കാണാം എന്നുള്ളതിന്‌ ഒരു അനുഭവമിതാ....

"ഈശ്വരനെ അങ്ങു കാണുന്നുണ്ടോ"? എന്ന്‌ നരേന്ദ്രന്‍ ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരോട്‌ ചോദിച്ചു. "കുഞ്ഞേ, നിന്നെ ഞാന്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തമായി ഈശ്വരനെ കാണുന്നു. നിനക്കാഗ്രഹമുണ്ടെങ്കില്‍ കാട്ടിത്തരികയും ചെയ്യാം". എന്നാണ്‌ പരമഹംസര്‍ മറുപടി കൊടുത്തത്‌.

പരമഹംസരെ പോലുള്ളവര്‍ക്ക്‌ ഇതൊരു നിമിത്തമായി കരുതി ജ്ഞാനം പകര്‍ന്ന്‌ ചിലപ്പോള്‍ പരബ്രഹ്മസത്യത്തെ കാണിച്ചുകൊടുക്കാന്‍ സാധിച്ചേക്കാം. അതിനു തെളിവാണല്ലോ - സ്വാമി വിവേകാനന്ദന്‍.


ഒരിക്കല്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ഭക്തനോട്‌ രമണമഹര്‍ഷി ഇങ്ങിനെ പറഞ്ഞു. "പുസ്തകജ്ഞാനത്തിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്‌, ഭ്രമണത്തിന്‌ മുഖ്യമായ ഒരു കാരണമാകുമെന്ന്‌ പൂര്‍വ്വികരായ സൂരികള്‍ പറയുന്നു. അത്‌ താങ്കളെ ലക്ഷ്യത്തിലെത്തിക്കില്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുകൊണ്ടും പണ്ഡിതനാകുന്നതുകൊണ്ടും നിങ്ങള്‍ക്ക്‌ പ്രശസ്തി കിട്ടും. പക്ഷെ മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു സാധകന്‌ അതുകൊണ്ട്‌ മനസ്സമാധാനം ഉണ്ടാവില്ല. ഒരു മുമുക്ഷു ശാസ്ത്രങ്ങളുടെ സാരം ഗ്രഹിച്ച്‌ വിണ്ടും വീണ്ടും അവയെ വായിക്കുന്നത്‌ ഉപേക്ഷിക്കണം. വായന ധ്യാനത്തിന്‌ വിരോധിയാണ്‌. ധാന്യമെടുത്ത്‌ തൊണ്ടുകളയുന്നതുപോലെ സാരം ഗ്രഹിച്ച ശാസ്ത്രം കളയണം. അനേകം ശാസ്ത്രങ്ങളും, മതങ്ങളും ഇവിടെ നിലവിലുണ്ട്‌. എല്ലാം വായിക്കാന്‍ ഒരു ജന്മംതന്നെ പോരാ, പിന്നെ അഭ്യാസത്തിന്‌ സമയമെവിടെ? വായിക്കുന്തോറും കൂടുതല്‍ വായിക്കാനുള്ള ആശ വരും. ഇതിന്റെ ഫലം മറ്റുള്ള പുസ്തകവായനക്കാരുമായി വെറുതെ ചര്‍ച്ചയാണ്‌. ഇങ്ങനെ നല്ല സമയമെല്ലാം കളഞ്ഞുകുളിക്കും. ഇത്‌ മുക്തിക്ക്‌ സഹായമല്ല. ഇവിടെവന്ന്‌ ആദ്യത്തെ രണ്ടുവര്‍ഷം ഞാനെന്തു പുസ്തകമാണ്‌ വായിച്ചത്‌? ആരുടെ പ്രസംഗം കേട്ടു? വെറുതെ സ്വസ്തമായി കണ്ണടച്ച്‌ നിശ്ചലനായിരുന്നു. അത്രതന്നെ."
(ശ്രീ രമണാശ്രമം പത്രാവലി, പത്രം-99)


(തുടരും........)