Wednesday, March 4, 2009

ആരാധന-പ്രാർത്ഥന-ഉപാസന (2)

വിഷയാരാധന:
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു എന്ന് ഗീതയിലൂടെ ഒരു അവലോകനം നടത്തുകയാണ്.


ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ f ഭിജായതേ. (ഭ.ഗീ. 2:62)
[വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ഉണ്ടാകുന്നു, ആസക്തി നിമിത്തം കാമം ഉണ്ടാകുന്നു, കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു.]


ദൈവത്തേയോ ആത്മാവിനെയോ അല്ലെ ധ്യാനിക്കുക. വിഷയത്തെ ആരാധിക്കുന്നത് എങ്ങിയാണ്. ഈ വിഷയാരാധനയിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം.

ഭോഗവിഷയത്തിൽ ആസക്തിയുള്ളവന്റെ മനസ്സ് അതിനെ പ്രാപിക്കാനുള്ള സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞാൽ വിഷയവൃത്തിയിൽതന്നെ പൂർണ്ണമായി നിറഞ്ഞു നിൽക്കുകയും, അതിൽ നിന്നും ശ്രദ്ധ വേറൊന്നിലേയ്ക്കും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ അതിന്റെ പൂർത്തീകരണത്തിനുള്ള ധ്യാനമെന്നു പറയാം. ഒരു ഭക്തൻ ഈശ്വരനെ സ്നേഹിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ തന്നെ മുഴുകിയിരിക്കുകയും ചെയ്യുന്നത് എങ്ങിനെയാണോ, അതുപോലെതന്നെയാണ് പിശുക്കനായ ഒരാൾ തന്റെ ധനത്തെ ആത്മതുല്യം സ്നേഹിക്കുകയും അവന് ഒരു നിമിഷം പോലും അതിൽനിന്നും മനസ്സിനെ അകറ്റി നിർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്നത്. പക്ഷെ ഈശ്വരനിൽ പരായണനായിരിക്കുന്നതിനു പകരം ഭോഗവിഷയങ്ങളിൽ പരായണനായിരിക്കുന്നു. ഇത്തരം സ്വാർത്ഥമായ വിഷയങ്ങളിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക.

{പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക.}

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം. (ഭ.ഗീ.7:21)
[ഏതേത് ഭക്തൻ ഏതേത് രൂപത്തെ പൂജിക്കാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന് ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കി ചെയ്യുന്നു.]

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ. (ഭ.ഗീ.7:22)

[അവൻ ആ ശ്രദ്ധയോടുകൂടിയവനായിട്ട് അതിന്റെ ആരാധനത്തെ ചെയ്യാനാഗ്രഹിക്കുന്നു. അതിൽനിന്ന് എന്നാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ കാമങ്ങളെത്തന്നെ ലഭിക്കുകയും ചെയ്യുന്നു.]

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. (ഭ.ഗീ.7:23)
[അല്പബുദ്ധികളായ അവരുടെ ആ ഫലമാകട്ടെ നാശമുള്ളതായി ഭവിക്കുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെ പ്രാപിക്കുന്നു.]

(7:21)ൽ ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ (ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിക്കുന്നതിന്) എന്നു പറഞ്ഞിരിക്കുന്നതിന് ദേവതോപാസന എന്ന അർത്ഥം എടുത്താൽ ഭാരതീയ സാധനാ സമ്പ്രദായങ്ങളോട് നല്ല യോജിപ്പുണ്ടായിരിക്കും. ‘നടരാജഗുരു’ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ ഭാരതീയർക്ക് മാത്രം ചേരുന്ന ഇടുങ്ങിയ അർത്ഥം എടുക്കുന്നതിനു പകരം മനുഷ്യ വർഗ്ഗത്തിനാകെ യോജിക്കുന്ന കൂടുതൽ വ്യാപ്തിയുള്ള അർത്ഥം എടുക്കുന്നു. ഒരാൾ ദേവതോപാസന നടത്തുന്നതിൽ തല്പരനായിരിക്കുന്നതുപോലെയാണ് വേറൊരാൾ സാഹിത്യോപാസകനായിരിക്കുന്നത്. അതുപോലെ വേറൊരുവൻ ശാസ്ത്രഗവേഷണത്തിൽ പൂർണ്ണ ശ്രദ്ധയുമർപ്പിച്ച് അതിൽ നിരതനായിരിക്കുന്നു. വിപുലമായ അർത്ഥത്തിൽ അതിനെയെല്ലാം ഉപാസനകളായി കണക്കാക്കാം.

(7:22) ൽ ‘തസ്യാഃ ആരാധനം’ എന്നതിന് - ആ ദേവതയുടെ ആരാധനമെന്നും ചില വ്യാഖ്യാനങ്ങൾ കാണാം. മുകളിൽ പറഞ്ഞ പൂജയ്ക്ക് ഒരു മൂർത്തി വേണ്ടെന്നിരിക്കെ, ഇത് മൂർത്തീ പൂജയിലേയ്ക്കുള്ള ശ്രദ്ധതിരിക്കലാവാം. ലോകത്തു സംഭവിക്കുന്നതേതും നിയമയുക്തമായിട്ടേ വരികയുള്ളൂ. അതിലൊരു നിയമമാണ്, ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ഉറപ്പിക്കും എന്നുള്ളത്.

(7:23) ‘ദേവയജഃ’ (ദേവാരാധന്മാർ) - ജനങ്ങളിൽ ദൈവവിശ്വാസം തീരെ കുറഞ്ഞുപോയ ഇക്കാലത്ത്, സ്ഥിരമായി ഇഷ്ടദേവതയ്ക്ക് പൂജചെയ്യുന്നവർ വളരെ വിരളമാണ്. ദേവന്മാരെ ഭജിക്കുന്നവരെന്നും എന്നെ ഭജിക്കുന്നവരെന്നും പറയുമ്പോൾ, പ്രാർത്ഥിക്കാതെയും ദൈവത്തെ താത്ത്വികമായി തീരെ അറിയാതെയും കഴിയുന്ന അധികം പേരുടെയും കാര്യത്തിൽ ഗീതയുടെ കാഴ്ചപ്പാട് എന്താണെന്നു നോക്കാം.


ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഇവിടെ ദേവശബ്ദം കൊണ്ട് ഇന്ദ്രിയപ്രീതി ഉണ്ടാക്കുന്ന വിഷയം എന്നു മനസ്സിലാക്കണം. ചിത്രകാരന്മാർ, സംഗീതജ്ഞർ, നർത്തകർ ഇങ്ങനെ അനേകം പേർ ഇന്ദ്രിയ പ്രീതിക്കായി മുഴുവൻ സമയവും കൊടുക്കുന്നുണ്ട്. ഇവരെയും ദേവയജന്മാർ എന്നു പറയാം. എങ്ങനെയും ധനമുണ്ടാക്കണമെന്നു കരുതുന്നവർ പണത്തെ ഒരു വിഗ്രഹത്തെപോലെ കരുതി ആരാധിക്കുന്നു. കലാസൃഷ്ടി ചെയ്യണമെന്നു വിചാരിക്കുന്നവർ അതിൽ നിപുണന്മാരായിത്തീരുന്നു. ഭാര്യാപുത്രാദികൾ ഉണ്ടാകുന്നത് വലിയ നേട്ടമെന്നു കരുതുന്നവർക്കും അതൊക്കെ ലഭിക്കുന്നു. അതുകൊണ്ട് ‘ദേവയജഃ ദേവാൻ യാന്തി’ (ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു) എന്നു പറയുമ്പോൾ ലോകത്തിലെ 99% ആളുകളും ഇതിൽ ഉൾപ്പെടുന്നു.


ബാക്കിയുള്ള ഒരു ശതമാനം ജനങ്ങൾ ആത്മീയമായ ചിന്തകളുമായി കഴിഞ്ഞുകൂടുന്നവരാണ്. അതിൽ തന്നെ വളരെ കുറച്ചു പേർ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നു. അതിലുള്ളവരിൽ തന്നെ ചെറിയൊരു ശതമാനത്തിനു മാത്രമെ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ. ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.