Wednesday, June 17, 2009

ഒരു ജാതി ഒരു മതം - 3

ന്യായവൈശേഷിക ചിന്താ പദ്ധതികളിൽ കൂടെക്കൂടെ പ്രയോഗിച്ചു കാണാറുള്ള ‘ജാതി’ ഇന്ത്യയിലെ സാമൂഹികതയിൽ സാധാരണക്കാർ അർത്ഥമറിയാതെ ഉപയോഗിച്ചു പോരുന്ന ‘ജാതി’ എന്ന വ്യവഹാരത്തിനു തുല്യമല്ല. അത് സാമാന്യം, ജാതി, വ്യക്തി എന്ന അർത്ഥത്തിൽ മനസ്സിലാക്കുമ്പോഴേ പ്രസക്തിയുള്ളൂ. മനുഷ്യജാതിയിൽപ്പെട്ട രാമൻ, കൃഷ്ണൻ, സീത എന്നെല്ലാം പറയുന്നത് വ്യക്തികളാണ്.
ജീവികൾ എന്നു പറയുന്ന സാമാന്യത്തിൽ, പുലിവർഗ്ഗം, പശുവർഗ്ഗം, മനുഷ്യവർഗ്ഗം എന്നെല്ലാം പറയുന്നത് ജാതികളാണ്.
അങ്ങനെ പല വർഗ്ഗങ്ങൾ (ജാതികൾ) ചേർന്ന ജീവിവർഗ്ഗം. അല്ലാതെ ഇംഗ്ലീഷിൽ ‘കാസ്റ്റ്’ എന്നു പറയുന്ന അർത്ഥത്തിലല്ല ദർശനങ്ങളിൽ ‘ജാതി’ പ്രയോഗിച്ചിട്ടുള്ളത്. ഇംഗ്ലീഷുകാരന്റെ തർജ്ജമയും വിമർശനങ്ങളും വായിച്ച് ഇതിനെയെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് പലപ്പോഴും ദർശനങ്ങളിലെ വാക്കുകളെയും ആശയങ്ങളെയും തെറ്റിദ്ധരിക്കപ്പെടുന്നത്‌.
ജാതി (വർഗ്ഗം) = Caste
വർണ്ണം (ചാതുർവർണ്ണ്യം) = Colour
അതുപോലത്തന്നെ വർണ്ണശബ്ദത്തെ മനസ്സിലാക്കേണ്ടത് ശാരീരികമായ നിറത്തെ സംബന്ധിക്കുന്നതായിട്ടല്ല. അതുകൂടാതെ, മനസ്സിനെ സംബന്ധിച്ചാണെങ്കിൽ പോലും കോപിഷ്ഠനായിരിക്കുന്ന സമയത്തു മനസ്സിനെ ബാധിച്ചിരിക്കുന്ന വർണ്ണമല്ല ആഹ്ലാദചിത്തനായിരിക്കുമ്പോൾ മനസ്സിനുള്ള വർണ്ണം. അതുകൊണ്ട് വർണ്ണത്തിന്റെ പേരിൽ സാമൂഹികമായ വിഭജനം നടത്തുന്നത് അശാസ്ത്രീയമാണ്.

ജാതി എന്നത് ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയമാകയാൽ, നിഷ്പക്ഷമായ ശാസ്ത്രബുദ്ധിയോടുകൂടി സാമൂഹികജീവിതത്തിലെ
കാര്യകാരണകർത്തൃത്വങ്ങളോടുകൂടി മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്. ശാസ്ത്രസത്യത്തെ നേരിടേണ്ടത് ശാസ്ത്രസത്യം കൊണ്ടുതെന്നെ വേണം. അല്ലാതെ രാഷ്ടീയപ്രസക്തിയുള്ള വികാരാവേശം കൊണ്ടായിരിക്കരുത്‌.

ഭഗവദ് ഗീതയിൽ പരാമർശിക്കുന്ന വർണ്ണവ്യവസ്ഥയുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് നടരാജഗുരു പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.

"ചിലരുടെ പെരുമാറ്റച്ചിട്ടകളെയും മാനുഷികമായ സദ്ഗുണങ്ങളെയും ഉയർന്നതാണെന്ന് വിലയിരുത്തുന്നതിനായി വേറെ ചിലരുടേത് നിന്ദ്യവും നികൃഷ്ടവുമാണെന്ന്‌ പറയുന്ന ഒരു കീഴ്വഴക്കം ഇന്ത്യൻ ആദ്ധ്യാത്മികതയിൽ വന്നുകൂടി. തൽ‌ഫലമായി ജനതയെ തമ്മിൽത്തമ്മിൽ അടക്കുവാൻ കഴിയാത്തമാതിരിയുള്ള വിഭാഗീയതയിൽ തളച്ചിടാൻ കഴിഞ്ഞു. അതിനെയാണ് ഇന്ന് ജാതിവ്യവസ്ഥ എന്നു വിളിച്ചുപോരുന്നത്. ഇന്ത്യ ആദ്ധ്യാത്മിക മൂല്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു രാജ്യമായിരിക്കെ അവിടെ ഈ മാതിരിയുള്ള വിഭജനം ഉണ്ടായപ്പോൾ മനുഷ്യന് ഇതരജീവിവർഗ്ഗങ്ങളിൽനിന്നും ഉള്ള വ്യത്യാസത്തേക്കാൾ ജാതിവ്യത്യാസം കൂടുതൽ യാഥാർത്ഥ്യമായി തോന്നി. ചാതുർവർണ്ണ്യത്തെ മാത്രമല്ല ജാത്യാഭിമാനമായി ജനങ്ങൾ കൊണ്ടുനടന്നിരുന്നത്. ജാതിവ്യത്യാസത്തിന്റെ ഹൃദയസ്ഥാനത്തിരിക്കുന്ന ഒരു പ്രത്യേക ചേതോവികാരം ഉണ്ട്. അത് മനുഷ്യപ്രകൃതിയിലെ ഒരു തിന്മയായി ലോകത്തെവിടെയും കാണുവാൻ കഴിയും. വെള്ളക്കാരന്റെയും നീഗ്രോയുടെയും ഇടയിലുള്ള മനോഭാവത്തിൽ ഇതിനെ വിട്ടുവീഴ്ചയില്ലാത്ത ഒരു കാർക്കശ്യമായി കാണാം. ഒരു തത്ത്വത്തിലും അധിഷ്ഠിതമല്ലാതെ കേവലം മുൻ‌വിധിയെ മാത്രം ആധാരമാക്കിക്കൊണ്ട്‌ കീഴ്മേലുള്ള ശ്രേണികളെ സൃഷ്ടിച്ച് വ്യത്യാസത്തെ ദൃഢീകരിക്കുകയാണ് ഈ സ്വഭാവത്തിൽ നിന്നും സഹജമായുണ്ടാകുന്ന സാമൂഹികവ്യവസ്ഥ. ഇന്ത്യയിൽ ഈ വ്യവസ്ഥ രൂപം കൊണ്ടപ്പോൾ അത് കൂടുതൽ ഗൌരവമുള്ളതായി ഭവിച്ചു. ജാതിവ്യത്യാസത്തെ വ്യക്തമായി അനുശാസിക്കുന്ന ധർമ്മശാസ്ത്രങ്ങൾ ഇവിടെ ഉണ്ടായി. ഭാരതീയ ചരിത്രത്തിന്റെ ആദ്യകാലത്തുതന്നെ എഴുതി വച്ചിട്ടുള്ള മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി മുതലായവയെല്ലാം ജാതിയെ ഇന്ത്യക്കാരന്റെ ജീവിതത്തിൽ വലിയൊരു യാഥാർത്ഥ്യമാക്കുവാൻ ഇടയാക്കി. ഇന്ത്യയിലെ ആദിവാസികളുടെ നടുവിലേയ്ക്ക് കടന്നുവന്ന ആര്യന്മാരുടെ ഈ വിഭജനപ്രക്രിയ ചാതുർവർണ്ണ്യത്തെ കർശനമായി ജനങ്ങളിലടിച്ചേല്പിക്കുന്ന ഒരു സമ്പ്രദായമാക്കിത്തിർത്തു. അതിനുമുമ്പുതന്നെ ഇവിടെ നിലനിന്നിരുന്ന വിവിധ ജാതി സംഘങ്ങളെ ചാതുർവർണ്ണ്യത്തിന്റെ ഏതെങ്കിലുമൊരു കള്ളിയിൽ ഉൾപ്പെടുത്താൻ അവർക്കു കഴിഞ്ഞു".

(തുടരും)

Monday, June 15, 2009

ഒരു ജാതി ഒരു മതം - 2

ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഗുരുദേവന്റെ ‘ജാതിനിർണ്ണയം’ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനു മുമ്പിലത്തെ പോസ്റ്റ്.
അതിന്റെ തുടർച്ചയായി പത്തു പദ്യങ്ങളുള്ള ‘ജാതിലക്ഷണം’ എന്ന കൃതിയിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
ഗുരുദേവന്റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു കൃതിയാണ് ‘ജാതിലക്ഷണം’.

പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയാർന്നൊത്തു കാണ്മതും.

ഓരോ ഇനത്തിനും മെയ്യുമോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും തണുവും നോക്കുമോർക്കണം.

[പരസ്പരം ആലിംഗനബദ്ധരായി സന്തത്യുല്പാദനം നടത്തുന്നവയെല്ലാം ഒരിനത്തിൽ പെടുന്നു. ആലിംഗനബദ്ധരാകാതെ സന്തത്യുല്പാദനം നടത്തുന്നവ മനുഷ്യജാതിയല്ല. ഈ ലോകത്ത് ഇണ ചേരുന്നതിൽ ഒരുമിക്കുന്നവയും ഒരു പ്രത്യേക വർഗ്ഗമായി കരുതപ്പെടാം. ഓരോ വർഗ്ഗത്തിലും ദേഹത്തിന്റെ ആകൃതിഭേദവും പ്രത്യേക രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കലും പ്രത്യേക തരത്തിലുള്ള ഗന്ധവും ഭക്ഷണരുചിയും ദേഹത്തിലെ ഊഷ്മാവും ശൈത്യവും പ്രത്യേകതരം നോട്ടവും ശ്രദ്ധിച്ചറിയേണ്ടതാണ്.]

ജാതിനിർണ്ണയത്തിനുതകുന്ന വ്യക്തമായ ഒരു ലക്ഷണമാണ് ഇണചേരുക എന്നത്‌. ഒരേ വർഗ്ഗത്തിൽ‌പ്പെട്ട സ്ത്രീപുരുഷന്മാരല്ലാതെ (ആൺ-പെൺ) ഒരിക്കലും സന്തത്യുല്പാദനത്തിനായി
ഇണചേരാറില്ല. ഇക്കാര്യത്തിൽ മനുഷ്യജാതിക്കൊരു പ്രത്യേകതകൂടിയുണ്ട്. പരസ്പരം ആലിംഗനബദ്ധരായി ഇണചേർന്നാണ് മനുഷ്യവർഗ്ഗം സന്തത്യുല്പാദനം നടത്തുന്നത്‌. മനുഷ്യരുടെ ഇടയിൽ ഈ ഇണചേരലിന് യാതൊരു പരസ്പര ഭേദവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഒരേ വർഗ്ഗമാണെന്നുള്ളതിനു മറ്റൊരു തെളിവും ആവശ്യമില്ല.

ഒരു വർഗ്ഗത്തിൽ വിട്ടുപോകാതെ തുടർന്ന് നിൽക്കുന്ന സ്വഭാവമേതാണോ അതാണ് വർഗ്ഗലക്ഷണം. പരിതഃസ്ഥിതിമൂലം വന്നുചേർന്നതോ പിന്നീട് വിട്ടുമാറാവുന്നതോ ആയ യാതൊരു സ്വഭാവവും വർഗ്ഗലക്ഷണമായി അംഗീകരിക്കാൻ പാടില്ല. ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്‌.
വർഗ്ഗമേതെന്നു വിളിച്ചറിയിക്കുന്ന ശരീരം തന്നെ ഒരുവന്റെ ജാതി ഏതാണെന്നറിയിച്ചു തരുന്നതുകൊണ്ട് ചിന്താശക്തിയും കാഴ്ചശക്തിയുമുള്ളവർ ജാതിയേതാണെന്നൊരിക്കലും ആരോടും ചോദിയ്ക്കയില്ല. അപ്പോൾ ആരെങ്കിലും ജാതി ചോദിച്ചാൽ അയാൾക്ക് ചിന്താ ശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നർത്ഥം. അഥവാ ചിന്തിച്ചും കണ്ടും അറിയാൻ കഴിയാത്ത കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന്‌ അയാളെ വീർപ്പുമുട്ടിക്കുന്നു എന്നറിയേണ്ടതാണ്.

കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്‌.


(തുടരും)

Sunday, June 14, 2009

ഒരു ജാതി ഒരു മതം - 1

ചിലജാതി കോമരങ്ങൾ ജാതി ചൊല്ലി തുള്ളുന്നത് ഇവിടെയും ഇവിടെയും കാണാം.
വിമർശിക്കുന്നത് പൌരാണിക ചാതുർവർണ്ണ്യത്തെയാണെന്ന്‌ സൂചിപ്പിക്കുന്നുണ്ടെങ്കിലും
നമുക്ക് അനുഭവവേദ്യമായ ജാതിചിന്തയെയാണ് എല്ലാവരും എടുത്തു പറയുന്നത്. ചാതുർവർണ്ണ്യത്തിന് നല്ല നിറം ഉണ്ടെങ്കിലും അത് അദൃശ്യമാണ്. ജാതി ചിന്തകൾ വളർന്നു വന്ന് തൊട്ടുകൂടായ്മയിലേയ്ക്കും വിഭാഗീയ ചിന്താഗതിയിലേയ്ക്കും എത്തിച്ചതിൽ ഭഗവത് ഗീതക്കാണോ, ഇതിഹാസങ്ങൾക്കാണോ, സ്മൃതികൾക്കാണോ, ബ്രാഹ്മണന്മാർക്കാണോ, ഫ്യൂഡൽ ഭരണ സമ്പ്രദായത്തിനാണോ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടാവുക? ഞാൻ വായിച്ച ചില കാര്യങ്ങൾ ഇവിടെ
കുറിക്കുന്നു. തർക്ക-വിതർക്കങ്ങൾ എനിയ്ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതിനുശേഷമാകുന്നതാവും ഉചിതം.

ജാതി ഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീർന്ന രാഷ്ട്രത്തിന് (പ്രത്യേകിച്ച് കേരളത്തിന്) ഗുരുദേവൻ നൽകിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ജാതിയുണ്ടെങ്കിൽ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഗുരുദേവന്റെ ഈ കൃതിയിൽ നിന്നും നിസ്സംശയമായ
മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാൾക്ക് ജാതിപിശാചിന്റെ പിടിയിൽ നിന്നും രക്ഷ കിട്ടും.

ജീവികളെ മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേർതിരിച്ചാൽ മനുഷ്യത്വാദി ജാതികളുണ്ടാകാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേർതിരിക്കുന്നത്‌ അത്യന്തം അശാസ്ത്രീയമാണെന്നാണ് ഗുരുദേവൻ വെളിപ്പെടുത്തി തരുന്നത്‌.

മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോfപിന.
[എപ്രകാ‍രമാണോ പശുവർഗ്ഗത്തിൽ‌പ്പെട്ട ജന്തുക്കൾക്ക്‌ ഗോവിന്റെ ഭാവം എന്ന അർത്ഥമുള്ള ഗോത്വം ജാതിയാണെന്ന്‌ തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത്‌ അതുപോലെ മനുഷ്യർക്ക് മനുഷ്യത്വമെന്നത്‌ ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ടു കിട്ടുന്നതായി
കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരും തന്നെ യാഥാർത്ഥ്യമെന്തെന്നറിയുന്നതേയില്ല.]

‘ജാതി’ എന്ന പദത്തിന് ജനനാലുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത്‌ എന്നു പറഞ്ഞാൽ മരണം വരെ വിട്ടുപോകാത്തത്‌ എന്നുമാണ് താല്പര്യം. ഈ അർത്ഥത്തിൽ ഒരു വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ വിട്ടുപോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിന് ഹേതു. അതിനെയാണ് താർക്കികന്മാരും മറ്റും ജാതി നിർണ്ണയഘടകമായി അംഗീകരിക്കുന്നത്‌. ആ നിലയിൽ മനുഷ്യന്റെ മനുഷ്യശരീരം ജനനാൽ ഉള്ളതും മരണംവരെ വിട്ടുപോകാതെ മനുഷ്യ ശരീരമായിത്തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും മനുഷ്യത്വമെന്ന ജാതി കൽ‌പ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നതുമായതുകൊണ്ട് അവയ്ക്കൊക്കെക്കുടി ഗോത്വം എന്ന ജാതി കൽ‌പ്പിച്ചിരിക്കുന്നതുപോലെ, ഇന്നു മനുഷ്യരുടെ ഇടയിൽ നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി ബന്ധപ്പെടുത്താവുന്ന
യാതൊരു യുക്തിയുമില്ല.

“ജാതി നിർണ്ണയം”
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ.

ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം.

നരജാതിയിൽ നിന്നത്രെ പിറന്നീടുന്നു വിപ്രനും
പറയന്താനുമെന്തുള്ളതന്തരം നരജാതിയിൽ?

പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവർത്ത കന്യയിൽ.

ഇല്ലജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

(5 പദ്യങ്ങളുള്ള ഈ കൃതിയുടെ വ്യാഖ്യാനം എല്ലാവർക്കും അറിയാമെങ്കിലും, ഒരു ചെറിയ വിവരണം നൽകാം എന്നു കരുതുന്നു.)
[മനുഷ്യന് ജാതിയൊന്നേയുള്ളൂ. മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ , ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ , ആകൃതി ഒന്നേയുള്ളൂ , ഈ മനുഷ്യവർഗ്ഗത്തിൽ ഭേദം ഒന്നും തന്നെ കൽ‌പ്പിക്കാനില്ല.

മനുഷ്യന്റെ സന്താന പരമ്പര മനുഷ്യവർഗ്ഗത്തിൽ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്‌. ഇതാലോചിച്ചാൽ മനുഷ്യവർഗ്ഗം മുഴുവൻ ഒരു ജാതിയിലുള്ളതാണെന്ന്‌ വ്യക്തമായി തീരുമാനിക്കാം.

ബ്രാഹ്മണനും പറയനും മനുഷ്യവർഗ്ഗത്തിൽ നിന്നു തന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യ വർഗ്ഗത്തിൽ ഭേദം എന്താണുള്ളത്‌.

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരായ പറച്ചിയിൽ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിൽ ജനിച്ചതായും കാണുന്നു.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത്‌ ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ചു ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്. ജനിക്കുമ്പോൾ അജ്ഞരായ കുട്ടികളായിത്തന്നെയാണ് സകലരും ജനിക്കുന്നത്‌. വളരുന്നതോടെയാണ് ഗുണകർമ്മങ്ങൾ വേർതിരിയുന്നത്‌. ഉത്തമഗുണകർമ്മങ്ങളുള്ള മഹത്തുക്കൾ പലപ്പോഴും താണ കുടുബങ്ങളിലും വർഗ്ഗങ്ങളിലുമാണധികവും ജനിക്കുന്നത്‌. മനുഷ്യന്റെ ഗുണകർമ്മ മാഹാത്മ്യങ്ങൾ ഒരേ
ജന്മത്തിൽ തന്നെ മാറിവരാവുന്നതേയുള്ളൂ. അതുകൊണ്ട് ജന്മത്തെ ആസ്പദമാക്കിയുള്ള എല്ലാ വേർതിരിവുകളും കൃത്രിമങ്ങളും സ്വാർത്ഥ പ്രേരിതങ്ങളുമാണ്.

(തുടരും)

Tuesday, June 2, 2009

പുരാണവും മ്ലേച്ഛന്മാരും

പുരാണങ്ങൾ:

“പുരാണമിത്യേവ നഃ സാധുസർവ്വം”.
പുരാണങ്ങൾ എപ്പോഴും സാധുവായിരിക്കണമെന്നില്ല. അതുകൊണ്ട് പുരാണങ്ങൾ എഴുതിയ ഋഷിമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
“വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിർന്നതു പാരമാർത്ഥ്യം”.

വിജ്ഞാനമുണ്ടാക്കുവാനും വൈരാഗ്യമുണ്ടാക്കുവാനുമാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. വേദങ്ങളിലെ ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർക്ക് അതെല്ലാം മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിമാത്രമാണ് കഥാരൂപത്തിലുള്ള പുരാണങ്ങൾ. അതിലെ സന്ദേശം മാത്രമാണ് ഉൾക്കൊള്ളേണ്ടത്.
ഭവിഷ്യപുരാണത്തിലും ഹൈന്ദവ വേദങ്ങളിലും ആദംനബിയെക്കുറിച്ചും, മുഹമ്മദ്നബിയെക്കുറിച്ചും വ്യക്തമായ സൂചനകളുണ്ടെന്ന് ബീമാപള്ളിയും അതുപോലുള്ള ചില പ്രചരണകേന്ദ്രങ്ങളും അവകാശപ്പെടുന്നു. അതുമാത്രമല്ല, മുഗൾ ചക്രവർത്തിമാരെക്കുറിച്ചും, ബ്രിട്ടീഷ് രജ്ഞിയെക്കുറിച്ചും, എന്തിന് അവരുടെ കൽക്കത്തയിലെ കമ്പനിയെക്കുറിച്ചുപോലും ഈ പറയുന്ന ഭവിഷ്യപുരാണത്തിൽ ഉണ്ട്. ഈ ഭവിഷ്യപുരാണം എഴുതിയ ഋഷിമാരെ സമ്മതിക്കണം.

മ്ലേച്ഛന്മാർ :

മ്ലേച്ഛന്മാർ എന്നാൽ മുസ്ലീംങ്ങൾ ആണോ? ബീമാപള്ളിയിൽ - മുഹമ്മദുനബിയെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ പലയിടത്തും വ്യക്തമായി സൂചനയുണ്ടെന്നു പറയുന്ന ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരു സ്ഥലത്തും അവർ മുസ്ലീം ആണെന്നു പറഞ്ഞിട്ടില്ല. എങ്കിലും അത് മുസ്ലീം മതത്തെക്കുറിച്ചാണെന്നായിരുന്നു വാദം. ‘മുസൈലൈനവൻ’ എന്ന (സംസ്കൃത പദം ???) പദത്തിനു പോലും മുസ്ലീംങ്ങൾ എന്ന അർത്ഥം അവിടെ കൊടുത്തു കണ്ടില്ല. എങ്കിലും ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ‘മ്ലേച്ഛന്മാർ’ വരാൻ പോകുന്ന പ്രവാചകനായ മുഹമ്മദുനബിയിലും അള്ളാഹുവിലും വിശ്വസിക്കുന്നവരെക്കുറിച്ചാണെന്നാണ് സമർത്ഥിക്കുന്നത്‌. അതിനെ വിമർശിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മ്ലേച്ഛന്മാർ ആരാണ് എന്ന അന്വേഷണത്തിൽ കണ്ടെത്തിയവരെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ.
മ്ലേച്ഛ = അപരിഷ്കൃതമായ, അനാര്യമായ, ഭ്രഷ്ടനായ.
മ്ലേച്ഛൻ = അപരിഷ്കൃതൻ, പാപി, കുറ്റക്കാരൻ.
മ്ലേച്ഛം = സംസ്കൃതം ഒഴികെയുള്ള ഭാഷ, വിദേശഭാഷ.
ആര്യൻ = ആര്യവർഗ്ഗത്തിൽ പെട്ടവൻ, ദൂരെനിന്നും പോന്നവൻ, ശ്രേഷ്ഠൻ.

ആര്യശബ്ദം :- ഭാരതഖണ്ഡത്തിൽ വൈദികമത പ്രവർത്തകന്മാരായ ബ്രാഹ്മണാദി സകല ജാതികൾക്കുമുള്ള ഒരു പൊതു പേരായി പുരാണേതിഹാസങ്ങളിൽ ആര്യശബ്ദം പ്രയോഗിച്ചിട്ടുണ്ട്. ഈ വൈദിക കർമ്മങ്ങൾ ചെയ്യുന്നവരെ ‘മ്ലേച്ഛൻ’ എന്ന അർത്ഥത്തിലും (അദ്വൈതകാലത്താകണം) വളരെ അപൂർവ്വമായി ആര്യശബ്ദംകൊണ്ട് സൂചിപ്പിച്ചിരുന്നു. സ്വർഗ്ഗപ്രാപ്തി മാത്രം ലക്ഷ്യമാക്കിയുള്ള കർമ്മങ്ങൾ ചെയ്യുന്നതുകൊണ്ടായിരിക്കണം അങ്ങനെ ഒരു പരാമർശം ഉള്ളത്‌.
(ഇത്രയും നിഖണ്ഡുവിൽ നിന്നും കിട്ടിയതാണ്.)

ഉച്ച-നീചത്വങ്ങൾ:
* ആദ്യകാലങ്ങളിൽ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാത്തവരെ മ്ലേച്ഛന്മാരെന്നു കരുതിയിരുന്നു. അവരുടെ സ്വന്തം മഹിമയിൽ അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
**എന്നാൽ ഗ്രീക്കുകാർ ഗ്രീക്കുകാരല്ലാത്തവരെയെല്ലാം ‘ബാർബേറിയൻസ് ‘ എന്നു വിളിച്ചിരുന്നു.
***ജർമ്മനിദേശത്തു ജീവിച്ചിരുന്നവരെപ്പറ്റി റോമൻ ജനറലായ ക്വന്റില്യൻ വാറസ്‌ ഇങ്ങനെ പറഞ്ഞു. “ശരിയാണ്, അവരും മനുഷ്യരാണ്. എന്നാൽ മനുഷ്യരുടെതുപോലുള്ള ശബ്ദവും അവയവങ്ങളും അവർക്കുണ്ടെന്നല്ലാതെ മാനുഷികമായതൊന്നും അവരിലില്ല”.
****മോണ്ട്സ്ക്യൂ നീഗ്രോകളെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “ദൈവത്തെപ്പോലെ സർവ്വജ്ഞനായ ഒരു സൃഷ്ടാവ്‌ മരണമില്ലാത്ത ഒരാത്മാവിനെ തികച്ചും കറുത്ത ഒരു ശരീരത്തിൽ നിവേശിപ്പിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഇവരും മനുഷ്യജീവികളാണെന്ന്‌ വിശ്വസിക്കുവാൻ സാധ്യമല്ല”.

ലോകത്തെല്ലായിടത്തും ഓരോ തരത്തിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. ചിലർ പറയുന്നപോലെ അത് ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ടുപിടിത്തമൊന്നുമല്ലെന്ന്‌ അല്പം ചരിത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ അത് കുറച്ചുകൂടി തീവ്രമായിരുന്നു എന്നത് നിഷേധിക്കാനാവില്ല.