Thursday, April 21, 2011

എന്തുകൊണ്ട് രാമരാജ്യം.



കേട്ടുകേൾവിയുള്ള കഥകളിലൂടെ തത്ത്വങ്ങളുടെ ആവിഷ്ക്കരണവും സമർത്ഥനവുമാണ് ഇതിഹാസരചനയുടെ ധർമ്മം. ആലങ്കാരിക ഭാഷയിലാണ് ദർശനങ്ങളെല്ലാം എഴുതപ്പെട്ടിട്ടുള്ളത്. പുരാണേതിഹാസങ്ങൾ വേദാന്തപ്രകരണങ്ങളാണെങ്കിലും, കഥാരൂപത്തിലാകയാൽ അതിൽ അന്തർലീനമായിരിക്കുന്ന വേദാന്തരഹസ്യം മനസ്സിലാക്കാൻ കഥയുടെ അന്തരാർത്ഥം അറിഞ്ഞിരിക്കണം. ആചാര്യന്മാർ പലകാലങ്ങളിലായി ഈ രഹസ്യം ജനങ്ങൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

“മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതഃ”
(കാമമോഹിതരായിരിക്കുന്ന ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ കൊന്ന് പെൺപക്ഷിയെ ദുഃഖിപ്പിച്ചതുകൊണ്ട്, അല്ലയോ കാട്ടാളാ നീ നശിച്ചു പോ.)
അധർമ്മത്തിനെതിരെ ലോകത്ത് ആദ്യമായി ഇത്രയും തീവ്രമായി പ്രതികരിച്ചത് ഒരുപക്ഷെ വാല്മീകിയായിരിക്കാം. അത് രേഖപ്പെടുത്തിയത് രാമായണത്തിലും.
രാമായണകാവ്യം രചിക്കാനിടയായ സംഭവത്തെക്കുറിച്ചും ഒരു ഐതിഹ്യം നിലനില്ക്കുന്നുണ്ട്. ഒരിക്കൽ വാല്മീകിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയോട് വാല്മീകി ചോദിച്ചു:
“ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ”
അതിനുള്ള മറുപടിയായി നാരദൻ പറഞ്ഞു ; ‘എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ ഉണ്ടാകുക എന്നത് അസംഭവ്യമാണ്. എന്നാൽ ഏറക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മകൻ രാമനാണ്’. തുടർന്ന് രാമകഥ മുഴുവനും വാൽമീകിക്ക് വിസ്തരിച്ചു കൊടുക്കുകയും ചെയ്തു.

ഒരു ദിവസം തമസാനദിയിൽ സന്ധ്യാവന്ദനത്തിന് പോകുന്ന വാല്മീകി മഹർഷി, ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു വേടൻ അമ്പെയ്തു വീഴ്തുന്നതാണ് കണ്ടത്. ആൺപക്ഷി ചത്തുവീണപ്പോൾ, പെൺപക്ഷി സങ്കടം സഹിക്കാതെ ദയനീയമായി കരയുകയും ചിറകിട്ടടിക്കുകയും ചെയ്തു. ആ സാധു പക്ഷിയുടെ ദയനീയാവസ്ഥ കണ്ട് വാല്മീകി മഹർഷിയുടെ മനസ്സലിഞ്ഞു. അദ്ദേഹം അറിയാതെത്തന്നെ ഏതോ ദിവ്യശക്തിയാൽ പ്രചോതിതനായി ആ കാട്ടാളനെ ശപിക്കുന്ന തരത്തിലുള്ള ഒരു വാക്ക് നാവിൽനിന്നും പുറത്തു വന്നു. അതാണ് മുകളിൽ കൊടുത്തിരിക്കുന്ന ശ്ലോകം.

സന്ധ്യാവന്ദനവും കാട്ടാളനെ ശപിക്കലും കഴിഞ്ഞ് വാല്മീകി ആശ്രമത്തിലെത്തുമ്പോഴേക്കും, വേദസ്വരൂപനായ ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാല്മീകിയുടെ ഈ ആദ്യശ്ലോകത്തിൽ ഒളിഞ്ഞു കിടക്കുന്ന രാമായണസാരത്തെ വിസ്തരിച്ച് ഉപന്യസിക്കാൻ നിർദ്ദേശിച്ച് വാല്മീകിയെ അനുഗ്രഹിച്ച് ബ്രഹ്മദേവൻ അന്തർദ്ധാനം ചെയ്തു. വാല്മീകി, സമാധിയിലൂടെ ലോകസംഗ്രഹത്തിനായി നിലകൊള്ളുന്ന ധർമ്മാനുഷ്ഠാനങ്ങൾ ദർശിച്ച് ശ്രീരാമോദന്തം, ലക്ഷ്മണോപദേശം, യോഗവാസിഷ്ഠം എന്നീ പേരുകളിൽ ഈ ഇതിഹാസകാവ്യത്തിലൂടെ പുറമെക്ക് പ്രകാശിപ്പിച്ചു.

വാല്മീകി നാരദനെയും, ബ്രഹ്മാവിനെയും കാണുന്നുണ്ട് ഈ       സംഭവത്തിൽ.   ‘നാരദൻ‘ എന്നു പറയുന്നത് ഒരു ആശയപ്രതിരൂപമാണ്. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ സാക്ഷിയാക്കി ഒരു കാവ്യം രചിക്കാനുള്ള വാല്മീകിയുടെ ആഗ്രഹം നിറവേറുന്നതിനുള്ള മാർഗ്ഗം ധ്യാനത്തിലൂടെ താനെ തെളിഞ്ഞു വന്നു. ആ ആഗ്രഹം സാധിച്ചതിന്റെ അനുഭൂതിൽ നിന്ന് നാരദനെ കണ്ടതായി ആലങ്കാരികമായി പറയുന്നു. അല്ലാതെ നാരായണ നാരായണ എന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു രസിക്കുന്ന ഹാസ്യകഥാകാരനല്ല നാരദൻ. അതുപോലെ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോഴും വാല്മീകിയുടെ മനസ്സിലെ ആഗ്രഹങ്ങൾ സഫലമായി എന്നാണ് അതിനർത്ഥം. പൌരാണികവും കാവ്യാത്മകവുമായ ഒരു വർണ്ണന മാത്രമാണത്. കാട്ടാളനെ ശപിക്കുന്നതിലൂടെ അതുവരെ ധ്യാനിച്ചുകൊണ്ടിരുന്ന രാമായണകഥയുടെ ആശയത്തിന് ഒരു തുടക്കം കിട്ടി എന്ന സംതൃപ്തി ലഭിച്ചു. നമ്മൾ ഓരോരുത്തരും ഉദ്ദേശിച്ച കാര്യം സഫലമാകുമ്പോൾ പറയുന്നതും ഇതുതന്നെയാണ്; ഈശ്വരൻ പ്രത്യക്ഷപ്പെട്ട് എല്ലാം സാധിച്ചു തന്നു.

ലോക ജീവിതത്തിൽ ഓരോരുത്തരും എങ്ങിനെയെല്ലാം പെരുമാറണം, എങ്ങിനെയെല്ലാം പ്രവർത്തിച്ചാൽ ശ്രേയസ്സുണ്ടാകും എന്നു തുടങ്ങി ഒരു രാജാവ് എന്തെല്ലാം അനുഷ്ഠിക്കണം, എന്തെല്ലാമാണ് ഒരു രാജാവിന്റെ കർത്തവ്യങ്ങൾ എന്നുള്ള ദാർശനികമായ തത്വങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്ന ഒരു ഗ്രന്ഥമാണ് രാമായണം. ലൌകികജീവിതത്തിലെ കർത്തവ്യങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് മറ്റു പുരാണേതിഹാസങ്ങളുടെയും ഉദ്ദേശം. ജനങ്ങളുടെ ഇടയിലുള്ള വ്യക്തിബന്ധങ്ങൾ - ജ്യേഷ്ഠനും അനുജനും, അച്ഛനും മകനും, അമ്മയും മകനും, ഭാര്യയും ഭർത്താവും, തമ്മിൽ എങ്ങനെയെല്ലാം പെരുമാറണമെന്ന് രാമായണകാവ്യത്തിൽ വ്യക്തമായി ഉപന്യസിച്ചിട്ടുണ്ട്. ആരുടെയെല്ലാം അപരാധത്തെ പൊറുക്കണം, ആരോടെല്ലാം പ്രതികാരം ചെയ്യണം, ബന്ധുവാര് ശത്രുവാര് എന്നെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

രാമനും ലക്ഷ്മണനും, ബാലിയും സുഗ്രീവനും, രാവണനും വിഭീഷണനും സഹോദരന്മാരാണ്. ഇതിൽ ആരുടെ സാഹോദര്യമാണ് ഐശ്വര്യപൂർണ്ണമായ ജീവിതത്തിന് സ്വീകരിക്കേണ്ടത് എന്ന് ആർക്കും ഉപദേശിച്ചുകൊടുക്കേണ്ട ആവശ്യം പോലും വരുന്നില്ല. സ്വന്തം മകനോടുള്ള കൈകേയിയുടെ സ്നേഹവും സ്വാർത്ഥതയും കാരണം, രാമന്റെ രാജ്യാധികാരം സൂത്രത്തിൽ തട്ടിയെടുത്ത് ഭരതനെ രാജാവായി വാഴിച്ചു. ഒരാൾക്ക് ഒന്നിലധികം ഭാര്യമാരിൽ മക്കളുണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് വ്യക്തമായിത്തന്നെ രാമന്റെ ഏകഭാര്യാവ്രതത്തെ വളരെയധികം പുകർകഴ്ത്തുന്നുണ്ട്. സീതയെ തട്ടിക്കൊണ്ടുപോയപ്പോഴും, ഉപേക്ഷിച്ചപ്പോഴും രാമൻ ബ്രഹ്മചാരിയായി ജീവിച്ചു. സീതയും അതുപോലത്തന്നെ രാമനിൽ മനസ്സുറപ്പിച്ച് ജീവിച്ചു. ‘താര’ സുഗ്രീവന്റെ ഭാര്യയായും, ബാലിയുടെ ഭാര്യയായും, എന്തിന് ബാലി മരിച്ചപ്പോൾ പൊട്ടിത്തെറിച്ച താര, പിറ്റെദിവസം മുതൽ വീണ്ടും സുഗ്രീവന്റെ ഭാര്യയായും ജീവിക്കുന്നതിലെ ചാപല്യം സീതയെ ഒട്ടും ബാധിക്കുന്നില്ല. രാമനും സുഗ്രീവനുമായുള്ള ഉടമ്പടിയിൽ, ബാലിയെക്കൊന്ന് സുഗ്രീവൻ വീണ്ടും രാജാവായപ്പോൾ, മദ്യത്തിലും അന്തപ്പുരത്തിലെ ഭാര്യമാരുമായുള്ള ആനന്ദത്തിലും മുഴുകി, രാമനോടുള്ള കടപ്പാട് മറന്നു പോകുന്നു. ഹനുമാനാണെങ്കിൽ സീതാദേവിയെ വീണ്ടെടുത്തതിനുശേഷമെ വിശ്രമമുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയുമാണ്. രാവണന്റെ സഹതാപം നേടാൻ, രാമനോടുള്ള വിവാഹാഭ്യർത്ഥനയാണ് തന്റെ മൂക്കും ചെവിയും മുറിയാൻ കാരണമായതെന്ന വസ്തുത മറച്ചു വെച്ച്, ലോകത്തിലെ ഏറ്റവും സുന്ദരിയായ സീതയെ നിനക്കുവേണ്ടി പിടിച്ചു കൊണ്ടുപോരാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് നുണ പറയുന്ന സഹോദരി-ശൂർപ്പണക. മൂന്നു ലോകങ്ങളിൽ നിന്നും സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുമ്പോഴും സീതയുടെ കാര്യത്തിലല്ലാതെ ഒരിക്കൽ പോലും എതിരഭിപ്രായം പറയാത്ത രാവണന്റെ ഭാര്യ- മണ്ഡോദരി. സ്ത്രീക്ക് മറ്റൊരു സ്ത്രീ തന്നെ ശത്രുവാകുന്ന അധാർമ്മികപ്രവർത്തികളുടെ നേർക്കാഴ്ചകൾ ഇവിടെ കാണാനാകും.

ഒരു രാജാവ് നിർമമനായി എങ്ങനെ രാജ്യം ഭരിക്കണം എന്ന് നമുക്ക് കാണിച്ചു തരികയാണ് രാമായണവും മഹാഭാരതവും. ശ്രീരാമന്റെ സത്യനിഷ്ഠ, പ്രജാപരിപാലനം, ഏകപത്നീവ്രതം എന്നിവയിലൂടെ ഒരു ഉത്തമ പുരുഷനെ  ചിത്രീകരിക്കുകയാണ്  വാൽമീകി ചെയ്യുന്നത്പൌരാണികകാലത്ത് ‘ഭരണം’ എന്ന വാക്ക് ഉണ്ടായിരുന്നില്ല. രാജാവ് പ്രജാസംരക്ഷകനാണ്- പ്രജാപതി. പ്രജകളെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കുക എന്നതാണ് രാജാവിന്റെ പ്രധാന ധർമ്മം. ഭരണാധിപൻ ഇച്ഛാദ്വേഷങ്ങളില്ലാതെ കർമ്മം ചെയ്യണം. സ്വന്തമായ ഒരു വസ്തുവിലും (പുത്രൻ, മിത്രം, ധനം, അധികാരം) സംഗം ഇല്ലാതെ എന്തിനെയും എപ്പോൾ വേണമെങ്കിലും ത്യജിക്കാനുള്ള കഴിവ് ആണ് ജ്ഞാനിയായ ഒരു ഭരണാധിപന് ഉണ്ടായിരിക്കേണ്ടത്. അവിടെ മമതാബന്ധം പാടില്ല.

ഒരു പ്രത്യേക സാഹചര്യത്തിൽ ഭരതനെ രാജാവാക്കാനും ശ്രീരാമനെ 14 വർഷം കാട്ടിൽ അയയ്ക്കാനും ഉത്തരവിടുകയായിരുന്നു, ശ്രീരാമന്റെ പട്ടാഭിഷേകം തീരുമാനിച്ച ദിവസം കാലത്ത് ദശരഥൻ ചെയ്തത്. ശ്രീരാമൻ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അച്ഛനെ അനുസരിക്കുക മാത്രം ചെയ്തു. ഭരതനാകട്ടെ അവിഹിതമായി കിട്ടിയ രാജസിംഹാസനം സ്വീകരിച്ചില്ല. ദശരഥന്റെ മരണശേഷം എല്ലാവരുടെയും നിർബ്ബന്ധപ്രകാരം ശ്രിരാമന്റെ പകരക്കാരനായി അയോധ്യക്ക് പുറത്ത് നന്ദിഗ്രാമിൽ ഇരുന്നു ഭരണം നടത്തുക മാത്രമാണ് ഭരതൻ ചെയ്തത്. വനവാസവും രാവണവധവും കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ ഭരതൻ അധികാര കസേരയിൽ ഇരിക്കാതെ രാമന്റെ പകരക്കാരനായിമാത്രം രാജ്യം ഭരിച്ചു.

ഇന്നത്തെ ജനാധിപത്യ രാജ്യത്തിലെ ഏത് ഭരണകർത്താവാണ് തനിക്ക് അർഹതയില്ലാത്ത അധികാരത്തിനെ വേണ്ടെന്നു വെയ്ക്കുക. നമ്മുടെതല്ലാത്ത ഒന്നും മറ്റുള്ളവരിൽ നിന്നും സ്വീകരിക്കരുത്. അർഹതപ്പെട്ടതല്ലാത്തതിനെ നിഷേധിക്കുന്നത് അഹങ്കാരമല്ല, ധാർമ്മിക പ്രവർത്തിയാണ്. പുരാണങ്ങളിലെ ധർമ്മിഷ്ഠരായ രാജാക്കന്മാർ രാജാധികാരത്തെ എങ്ങിനെ സമീപിച്ചിരുന്നു എന്ന് നോക്കാം. ദുഷ്യന്തന്റെ മകൻ ഭരതന്റെ പേരിലാണ് ഇന്ന് ‘ഭാരതം’ അറിയപ്പെടുന്നത്. രാജാവാകാൻ യോഗ്യതയുള്ള ആരും തന്റെ ഒമ്പത് മക്കളിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതിനുശേഷം ‘ഭരദ്വാജ് ‘നെ ദത്തെടുത്ത് അടുത്ത അവകാശിയക്കുകയായിരുന്നു. ഭരദ്വാജിന്റെ മകൻ ‘ഹസ്തി’ ആണ് ഹസ്തിനപുരം ഭരണകേന്ദ്രമാക്കിയത്. അവിടന്നും കുറെ തലമുറകൾ കഴിഞ്ഞതിനുശേഷമാണ് ‘ശാന്തനു’ വരുന്നത്. ശാന്തനുവിന്റെ ജ്യേഷ്ഠൻ ‘ദേവപി’ യുടെ അംഗലക്ഷണങ്ങളിൽ, ശരീരത്തിൽ അശുഭകരമായ ഒരു വെളുത്ത അടയാളം ഉള്ളതുകൊണ്ട് സ്വയം അധികാരം ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യാൻ പോയതുകൊണ്ടാണ് ശാന്തനുവിന് ഹസ്തിനപുരത്തിന്റെ രാജാവാകാൻ കഴിഞ്ഞത്. ശാന്തനുവിന്റെ മകൻ ഗംഗാദത്തൻ രാജാധികാരം ഉപേക്ഷിച്ച് ഭീഷ്മശപഥം ചെയ്തങ്കിലും, അധർമ്മത്തോട് ജന്മനാലുള്ള ആഭിമുഖ്യം കൊട്ടാരത്തിലെ സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് രാജ്യം വിട്ടുപോകാൻ മനസ്സനുവദിച്ചില്ല. മഹാഭാരതകാലം മുതൽ അധികാരമോഹവും ധർമ്മച്യുതിയും ഭാരതത്തിൽ വളർന്നു വരുന്നതായി നമുക്ക് ദർശിക്കാവുന്നതാണ്. ധർമ്മം നിലനിർത്താൻ അർജ്ജുനനെ അടിസ്ഥാനമാക്കി സ്വാർത്ഥമോഹികളല്ലാത്ത കർമ്മശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഭഗവദ്ഗീതയിലൂടെ വ്യാസൻ ശ്രമിക്കുന്നുണ്ട്.

മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണന്റെ കഴിവുകൾ വിവരണാധീതമാണ്. ചെറുപ്പത്തിൽ തന്നെ, തന്റെ ജ്യേഷ്ഠൻ വൈശ്രവണന്റെ ആഢംബരങ്ങൾ കണ്ട്, എനിക്കും ഇതെല്ലാം സ്വന്തമാക്കണം എന്ന മോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ആളാണ് രാവണൻ. വേദപഠനവും തപസ്സുചെയ്ത് വരങ്ങളും നേടിയതിനുശേഷം, വൈശ്രവണന്റെ കൊട്ടാരം പിടിച്ചെടുക്കാൻ പടനയിക്കുകയാണ് രാവണൻ ആദ്യം ചെയ്തത്. സാത്വികനായ വൈശ്രവണൻ യുദ്ധത്തിന് നില്ക്കാതെ എല്ലാം ഉപേക്ഷിച്ച് കൈലാസത്തിൽ ചെന്ന് താമസിച്ചു. ലോകത്തുള്ള സകല വസ്തുക്കളും സ്വന്തമാക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നതായിരുന്നു രാവണന്റെ ഏറ്റവും വലിയ വിനോദം. കൂടാതെ എവിടെയെല്ലാം സുന്ദരികളായ സ്ത്രീകളുണ്ടോ അവരെയെല്ലാം പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. സീത ഇതുവരെ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയാണെന്നുള്ള ശൂർപ്പണഖയുടെ വാക്കുകേട്ടാണ് സീതയെ കട്ടുകൊണ്ടുപോയത്. അതോടെ മരണം ചോദിച്ചു വാങ്ങുകയും ചെയ്തു. ഭോഗാസക്തിയുടെ ഫലം മരണമാണ്.

ശ്രീരാമൻ അനേകം രാക്ഷസന്മാരെ വധിക്കുന്നുണ്ട്. അവസാനം രാവണനെയും. രാക്ഷസന്മാർ ഭോഗ വാസനയുള്ളവരാണ്. മറ്റുള്ളവരെ ഉപയോഗിച്ച് സ്വന്തം ജീവിതത്തെ ഭൌതിക സമൃദ്ധമാക്കുന്നവരാണവർ. രാക്ഷസന്മാർ തക്കതായ പ്രതിഫലം കൊടുക്കാതെ മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഭുജിക്കുന്നു. അതുകൊണ്ട് രാക്ഷസന്മാരെ നരഭോജികൾ എന്നും ആലങ്കാരികമായി പറയുന്നു. ഭരണ-വ്യവസായ രംഗത്തുള്ള ഈ രാക്ഷസന്മാർ ഇന്നും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്.

(മനുഷ്യനെ കൊന്നു തിന്നിരുന്ന ആളുകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചില ആധുനിക കൾട്ട് വിശ്വാസികൾ മനുഷ്യനെ കൊന്ന് തിന്നുന്നതിന്റെ വീഡിയോ കാണാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും സാമാന്യ വല്ക്കരിക്കാവുന്ന പ്രവർത്തിയല്ല. അതിനെ ചില മാനസിക രോഗലക്ഷണമായി മാത്രം കാണേണ്ടതാണ്. ലോകത്തിലെ ഒരു ജീവി വർഗ്ഗവും ആതേ വർഗ്ഗത്തിലുള്ളതിനെ കൊന്ന് ഭക്ഷിക്കുന്നില്ല. പ്രകൃതി നിയമം അങ്ങിനെയിരിക്കെ മനുഷ്യനുമാത്രം മനുഷ്യനെ കൊന്നു തിന്നുന്ന ജന്മവാസന ഉണ്ടാകുന്നതെങ്ങിനെ?)

ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ പാർട്ടി എന്ന് നമ്മുടെ ജനാധിപത്യരാജ്യത്ത് ജനങ്ങളെ വേർതിരിച്ചു കാണുന്ന സർവ്വസമത്വദർശനം കണ്ട് രാവണൻ പോലും അത്ഭുതപ്പെടുന്നുണ്ടാവും. രാമായണകാലത്തിനുശേഷം മഹാഭാരതത്തിലേക്ക് വരുമ്പോൾ, എന്റെയും നിന്റെയും എന്ന വിഭാഗീയത വളരെയധികം പ്രകടമാകുന്നു. ഗീതയിലെ ആദ്യശ്ലോകത്തിൽ തന്നെ എന്റെ മക്കളും, പാണ്ഡൂന്റെ മക്കളും എന്ന ധ്വനി, ഇന്നത്തെ രാഷ്ട്രീയത്തിന്റെ തനി പകർപ്പാണ്. എന്റെ ആളുകൾ, എന്റെ പാർട്ടി – എന്നു പറയുമ്പോൾ; എതിർ ഭാഗത്ത് ഒരു ശത്രുവിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ധൃതരാഷ്ട്രർക്ക് കണ്ണ്‌ കാണില്ല എന്നത് അക്ഷരാർത്ഥത്തിൽ മാത്രം എടുത്താൽ പോര. നഷ്ടപ്പെട്ട ആത്മീയതയെയാണ് ഈ അന്ധത സൂചിപ്പിക്കുന്നത്. അതുപോലെ അധർമ്മതിമിരം ബാധിച്ച രാജാവിനെയും ധൃതരാഷ്ട്രർ (രാഷ്ട്രത്തെ ധരിക്കുന്നവൻ / ഭരിക്കുന്നവൻ) പ്രതിനിധാനം ചെയ്യുന്നു. അതിനാൽ മക്കളോടുള്ള അന്ധമായ സ്നേഹത്താൽ അവർ ചെയ്യുന്ന അധാർമ്മിക പ്രവർത്തികളെ കണ്ടില്ലെന്നു നടിക്കുന്ന അച്ഛനെയും ഇവിടെ നമുക്ക് കാണിച്ചു തരുന്നു. ‘ദുര്യോധനൻ’ ധനം ദുർവ്യയം ചെയ്യുന്നവനാണ്; ‘ദുശ്ശാസനൻ’ തെറ്റായ ശാസനകൾ പുറപ്പെടുവിക്കുന്നവനും. ദുര്യോധനൻ ചെയ്തിരുന്ന അധർമ്മങ്ങളെ മഹാഭാ‍രതത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വയംവര പന്തലിൽ ചെന്ന് അവിടെ പ്രശ്നങ്ങളുണ്ടാക്കി കന്യകയെ പിടിച്ചുകൊണ്ടു പോരുക, സ്വകാര്യ സ്വത്ത് സമ്പാദിക്കുക, തന്റെതല്ലാത്ത രാജ്യം കൈവശം വെയ്ക്കുക, സാമന്തന്മാരിൽ നിന്നും നിർബ്ബന്ധമായി പാരിതോഷികങ്ങൾ ആവശ്യപ്പെടുക, ഉദ്ദ്യോഗസ്ഥന്മാർക്ക് പാരിതോഷികങ്ങൾ നൽകി സ്വന്തം കുറ്റകൃത്യങ്ങൾ മറച്ചു വെയ്ക്കുക, ഇങ്ങനെ നിരവധി രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ദുര്യോധനനും കൂട്ടരും ചെയ്തു പോന്നിരുന്നു.

ധർമ്മാധർമ്മങ്ങളെ വിശകലനം ചെയ്ത് പെട്ടെന്ന് ധമ്മം നിശ്ചയിക്കാൻ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവർക്ക് എപ്പോഴും കഴിയണം. ആശാപാശങ്ങളില്ലാത്ത ഒരു യോഗിക്ക് മാത്രമെ പെട്ടെന്ന് ധാർമ്മികമായ ഒരു കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് രാജാക്കന്മാർ ജ്ഞാനികളായ ഋഷിമാരുടെ അഭിപ്രായത്തിനെ മാനിച്ചിരുന്നത്. സന്ന്യാസിക്ക് വികാരങ്ങളല്ല; ചിന്തകളാണ് ഉള്ളത്. നമുക്ക് വികാരങ്ങളാണ് സ്ഥായിയായിട്ടുള്ളത്. വികാരത്തിനടിപ്പെട്ട് ധർമ്മം തീരുമാനിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് അർജ്ജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞത്. ഇനി ഒരു അർജ്ജുനനും അങ്ങിനെ പ്രവർത്തിക്കരുതെന്നാണ് ഗീതയിലൂടെ ഭഗവാൻ ആഗ്ര ഹിക്കുന്നത്. അതിനുവേണ്ടി അർജ്ജുനനെ ആധാരമാക്കിക്കൊണ്ട് ഭാരതത്തിലെ സകല ഭരണവർഗ്ഗത്തെയും ധർമ്മം പ്രവർത്തിക്കുന്നതിനായി ഭഗവാൻ ഉൽബോധിപ്പിക്കുന്നു.

സർവ്വസങ്കല്പസന്ന്യാസത്തിൽ നിന്നാണ് യഥാർത്ഥമായ സംസ്കാരം ഉണ്ടാകുന്നത് എന്നാണ് പൌരാണികമായ നിശ്ചയം. സങ്കല്പങ്ങളിലെ താല്പര്യം ഇല്ലാതായാൽ കർമ്മങ്ങളിൽ താല്പര്യമില്ലാതെയാകും. സ്വന്തം പ്രവർത്തികളിൽ താല്പര്യം ഇല്ലാതെ വരുമ്പോൾ, അങ്ങനെയുള്ളയാൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും. അങ്ങിനെ ഓരോ വ്യക്തിയും അന്യന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന ധർമ്മാധിഷ്ഠിതമായ ഒരു സമത്വരാഷ്ട്രരാഷ്ട്രീയത്തിന്റെ സങ്കല്പം സംജാതമാകും. ഇതാണ് സന്ന്യാസത്തിന്റെ പിന്നിലെ പ്രായോഗിക രാഷ്ട്രീയം. നിസ്വാർത്ഥമായ സമൂഹ-രാഷ്ട്ര സേവനം.

സാമൂഹികമായ സമത്വം ഭൌതികാധിഷ്ഠിതമായ രാഷ്ട്രീയത്തിൽ ഉണ്ടാവുകയില്ല. ഭൌതികവാദതത്വശാസ്ത്രം ജഢത്തിന് പ്രാധാന്യം നല്കിക്കൊണ്ടാണ് നിലനില്ക്കുന്നത്. ഭൌതികവാദത്തിൽ നിന്നും സ്വേച്ഛാധിപതികൾ ഉണ്ടാകും. ഞാനാണ് സർവ്വശക്തൻ, ഞാനാണ് ദൈവം എന്ന ചിന്ത ഉണ്ടാകും. ‘ഹിരണ്യായനമഃ’ എന്ന് ജപിക്കണം (പ്രകീർത്തിക്കണം) എന്നു പറയും. ജനനം കൊണ്ടും, ആകൃതികൊണ്ടും, അവയവങ്ങളുടെ പ്രവർത്തനം കൊണ്ടും ലോകത്തെ ജനങ്ങളെല്ലാം ഒരുപോലെയാണ്. പക്ഷെ അവകാശങ്ങളിലും അധികാരങ്ങളിലും സമത്വം ഉണ്ടെന്നു പറയുന്നത് സങ്കല്പം മാത്രമാണ്. ഒരു രാജ്യത്തിന് ലഭിച്ചിട്ടുള്ള പ്രകൃതി വിഭവങ്ങളിലെല്ലാം ജനങ്ങൾക്ക് തുല്യ അധികാരം ഉണ്ട് എന്നതാണ് ഈ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപനിഷത്തുക്കൾ ഈ ദർശനത്തിന് എതിരാ‍ണ്. ‘ഈശാവാസ്യം ഇദം സർവ്വം’ എന്നാണ് ഭാരതീയ ദർശനങ്ങൾ ഉദ്ഘോഷിക്കുന്നത്‌. മനുഷ്യന് പ്രകൃതിയുടെ മേലോ, ഭൂമിയുടെ മേലോ ഒരു അവകാശവും ഇല്ല. അതൊന്നും മനുഷ്യൻ ഉണ്ടാക്കിയതല്ല. നമുക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യം മാത്രമെ ഉള്ളൂ. അത് പൂർണ്ണ സ്വാതന്ത്ര്യം അല്ല. ഞാനും നീയും ഉള്ളിടത്ത് – ദ്വൈതം ഉള്ളിടത്ത് പാരതന്ത്ര്യം ഉണ്ടായിരിക്കും. അദ്വൈതം മാത്രമാണ് പാരതന്ത്ര്യത്തിന് പരിഹാരമായിട്ടുള്ളത്. ദ്വൈതം ഉള്ളിടത്ത്, ചിന്തിക്കുന്നത് ഒന്നും, പ്രവർത്തിക്കുന്നത് വേറൊന്നും ആയിരിക്കും. അദ്വൈതത്തിൽ ചിന്തയും പ്രവർത്തിയും ഒന്നുതന്നെയാണ്. രഹസ്യങ്ങൾ ഉണ്ടായിരിക്കില്ല. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നത് ഒരേ ചൈതന്യമാണെന്ന ബോധമാണ് സമത്വദർശനം. നിർമ്മമനായ ഒരു സന്ന്യാസിക്കു മാത്രമെ പക്ഷപാതമില്ലാതെ കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ.

അനീതി കാണുന്നിടത്ത് പ്രതികരിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. അഹിംസയെ ഇന്ന് തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. അഹിംസ എന്നാൽ സഹിഷ്ണുതയല്ല. സഹിഷ്ണുത നമ്മുടെ ദൌർബല്യം പ്രകടമാക്കുന്നു. വിദേശികളോട് കാണിച്ച ആഥിത്യമര്യാദ നമ്മുടെ ദൌർബല്യം കൊണ്ടുണ്ടായതാണ്. അതു തന്നെയാണ് നമ്മുടെ രാഷ്ട്രത്തിനു സംഭവിച്ച അധഃപതനത്തിന്റെ കാരണവും. വിദേശികളോടുള്ള ദൌർബല്യം ഇന്നും നമ്മുടെ നാടിനെ അടിമത്തിൽ തന്നെ നിലനിർത്തുന്നു. അധർമ്മത്തിനെ അധർമ്മം കൊണ്ടു തന്നെയാണ് നേരിടേണ്ടത്. സൌ‌മ്യമായി പെരുമാറുന്നത് മിഥ്യാചാരമാണ്. അവിടെ സാംസ്കാരികമായി പെരുമാറുമ്പോൾ നമ്മുടെ ഭീരുത്വം പ്രകടമാകുന്നു. സംസ്കാരം എന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറലല്ല. പ്രശ്നങ്ങളിൽ ഇടപെട്ട് ധാർമ്മികമായി പരിഹരിക്കുന്നതിനെയാണ് സംസ്കാരം എന്നു പറയുന്നത്. അടി കൊടുക്കേണ്ടിടത്ത് അടി കൊടുക്കുക തന്നെ വേണം. അത് വാക്കുകൊണ്ടായാലും പ്രവർത്തികൊണ്ടായാലും. അതിനുള്ള ആർജ്ജവം പൊതുജനങ്ങളിലും ഭരണകർത്താക്കളിലും ഉണ്ടാവണം. സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള ചിന്ത മാറ്റി എന്റെ രാഷ്ട്രം സിന്ദാബാദ് എന്ന് ഉൾക്കൊള്ളാൻ സാധിക്കണം.