“ഓം“ സത്യവും മിഥ്യയും
അനിൽശ്രീയുടെ ‘സ്വകാര്യങ്ങൾ’ ലെ ഈ പോസ്റ്റിൽ ‘ഓം‘ നെക്കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ വിശദീകരിക്കാൻ ഒരു കമന്റുകൊണ്ട് മതിയാവില്ല എന്നതിനാൽ ഇത്രയും (ചുരുക്കി ? ) എഴുതേണ്ടിവന്നു.
ഓംങ്കാരത്തെക്കുറിച്ച് ഞാൻ വായിച്ച ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.
ഏതു മന്ത്രവും തുടങ്ങുന്നത് ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.
മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്.
മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, o - ഇങ്ങനെ നാലു മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന് പറഞ്ഞിരിക്കുന്നു.
ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന് വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.
ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആകാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത് ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന.
ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത് കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട് ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന് ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട് ചേർന്ന് അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത് ആശയവിനിമയത്തിൽ കൂടിയാണ്. അത് അബോധത്തിൽ നിന്ന് ബോധത്തിലേയ്ക്ക് പൊന്തിവന്ന് ആശയമായി പ്രകടമാകുന്നത് സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.
ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന് ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന് ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന് ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്.
യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന് ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.
അനാഹതം, ആഹതം എന്ന് നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന് അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട് കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത് നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.
നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച് 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട് 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോടും ബന്ധപ്പെട്ടിരിക്കുന്നു.
നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട് പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട് അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട് ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ്(microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യംകൊണ്ട് വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്.
കുഞ്ഞുങ്ങളിൽ നിന്ന് ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്.
അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്.
(അകാരമാമെഴുത്താദി-
യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും.)
ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്.
ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:
ഛത്വാരി വാക്ക് പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.
ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.
ഛാന്ദോഗ്യോപനിഷത്തിൽ :
“ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃ
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽവാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.
ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച് ഇതാ ഇങ്ങിനെ പറയുന്നു:
സർവ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട് മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച് യോഗധാരണയനുഷ്ഠിച്ച് ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട് പോകുന്നത് അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]
ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച് അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം. അല്ലാതെ വിക്കി പറയുന്നപോലെ ‘അ’ ഋഗ്വേദത്തിൽനിന്നും, ‘ഉ’ യജുർവ്വേദത്തിൽനിന്നും, ‘മ’ സാമവേദത്തിൽനിന്നും എടുത്തിട്ടാണ് ‘ഓം’ എന്ന ഏകാക്ഷരം ഉണ്ടാക്കിയിട്ടുള്ളത് എന്ന പ്രസ്താവനയിലെ തെറ്റിദ്ധാരണ മാറിക്കിട്ടും.
22 comments:
ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്.
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശന്തിയിലും മഗ്നമാകുന്നു.
പാര്‍ത്ഥന്‍
നന്ദി. അപ്പോഴും അവിടെ എനിക്കുണ്ടായ സംശയം നിലനില്‍ക്കുന്നു. ഓം എന്നത് ഹിന്ദുമതത്തിന്റെ ആവിര്‍ഭാവത്തോടെ ഉത്ഭവിച്ചതാണോ? അതോ അതി പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ സംഭാവന ആണോ?
ലളിതമായിപ്പറഞ്ഞാൽ,ശബ്ദതരംഗങ്ങളുടെ ഒരു പ്രത്യേക തരത്തിലുള്ള വിന്യാസം..
അതുച്ചരിയ്ക്കുന്നവരിലും,ചുറ്റിനുമുള്ള അന്തരീക്ഷത്തിലും ഉണ്ടാക്കുന്ന പ്രതിതരംഗങ്ങൾ..
ആയിരക്കണക്കിൻ വർഷം പഴക്കമുണ്ട് ഓംങ്കാരത്തിൻ. അത്‘ഹൈന്ദവം’എന്നൊരു കൂട്ടിലൊതുക്കാതെ,ശാസ്ത്രീയമായി പഠിയ്ക്കാനും
മനസ്സിലാക്കാനുമാൺ ശ്രമിയ്ക്കേണ്ടത്.
അനില്‍ ശ്രീ, ഈ 'ഹിന്ദുമതം' എന്ന വാക്കു കൊണ്ട് എന്തിനെയാണ് നിര്‍ദ്ദേശിക്കുന്നത് എന്നൊന്ന് വ്യക്തമാക്കാമോ?
അമ്പലത്തില്‍പോയി പൂജാരിയെ കൊണ്ട് പൂജിപ്പിക്കുകയും , ജ്യോല്‍സ്യനെകണ്ട് ചരടു ജപിച്ചു കെട്ടുകയും ഒക്കെ ചെയ്യണം എന്നൊക്കെ പറയുന്ന കൂട്ടരെ ആണോ
good
x
പണിക്കര്‍ സാര്‍.
ഞാന്‍ കാണുന്ന ഹിന്ദുമതത്തില്‍ താങ്കള്‍ പറഞ്ഞ എല്ലാ ദുരാചാരങ്ങളും ഉണ്ട്. ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞ ഹിന്ദുമതം ഇന്ന് കാണുന്ന ഹിന്ദുമതമാണ്. പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് ദൈവങ്ങളുള്ള ഹിന്ദുമതം. പുരോഹിതന്മാര്‍ ഇടനിലക്കാരായി നിന്ന് പ്രാര്‍ത്ഥനകളും യാഗങ്ങളും അഷ്ടബന്ധ കലശവും, സപ്താഹവും, ഗണേശോത്സവവും, പൊങ്കാലയും നടത്തുന്ന ഹിന്ദുമതം.
അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിക്കുന്നു, എന്താണ് ഹിന്ദുമതം. ഞാന്‍ കാണുന്നതല്ലാത്ത ഹിന്ദുമതം എന്താണ് ? പൗരാണികമായി നമുക്കുണ്ടായിരുന്ന സംസ്കാരമാണോ ഹിന്ദുമതം? പലയിടത്തും പലതും വായിച്ചു. ഞാന്‍ ഒരു ഹിന്ദുമത വിശ്വാസിയാണ് എന്നൊരാള്‍ ഇന്ന് പറഞ്ഞാല്‍ എന്താണ് ശരിക്കും അതിന്റെ അര്‍ഥം. വിശദമായി എഴുതണമെന്നില്ല. താങ്കളുടേയോ മറ്റേതെങ്കിലുമോ ലിങ്ക് തന്നാലും മതി.
ഉപനിഷത്തുക്കളോ വേദങ്ങളോ ഒന്നും കണ്ടിട്ടുപോലുമില്ലാത്ത, ഹിന്ദുമത ചരിത്രമൊന്നും പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ 'ഹിന്ദുമത വിശ്വാസി'യാണ് ചോദിക്കുന്നത് എന്ന് കരുതി മാത്രം ഉത്തരം പറഞ്ഞാല്‍ മതി. കാരണം, നാലു തലയുള്ള ബ്രഹ്മാവിലും നാലു കൈയ്യുള്ള വിഷ്ണുവിലും നെറ്റിയില്‍ കണ്ണുള്ള ശിവനിലും, അതുപോലെ അതിഭാവുകത്വം നിറഞ്ഞ മറ്റു ദൈവങ്ങളിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍ എന്നു കൂടി ചേര്‍ക്കട്ടെ. ഇന്ന് ഭാരതത്തിലുള്ള ഹിന്ദുമതവിശ്വാസികളില്‍ തൊണ്ണൂറ് ശതമാനം ആള്‍ക്കാരും ഇതൊന്നും പഠിച്ചിട്ടല്ല ഹിന്ദുമതം പിന്തുടരുന്നത് എന്ന് ഞാന്‍ പറയണമെന്നില്ലല്ലോ.
അനില്‍ശ്രീ പറയുന്നതിനെ ആണ് 'ഹിന്ദുമതം' എന്ന പദം കൊണ്ടു വ്യവഹരിക്കുന്നത് എങ്കില്‍ അനില്‍ശ്രീ പറഞ്ഞതും, AK പറഞ്ഞതും ഒക്കെ ശരിയാണെന്നു സമ്മതിക്കാമെന്നു ഞാന്‍ സമ്മതിക്കാം.
"ഇന്ന് ഭാരതത്തിലുള്ള ഹിന്ദുമതവിശ്വാസികളില്‍ തൊണ്ണൂറ് ശതമാനം ആള്‍ക്കാരും ഇതൊന്നും പഠിച്ചിട്ടല്ല ഹിന്ദുമതം പിന്തുടരുന്നത് എന്ന് ഞാന്‍ പറയണമെന്നില്ലല്ലോ."
അനില്‍ ശ്രീ,പിന്നെ തകരാറിന്റെ കാരണവും പറഞ്ഞതു കൊണ്ട് അതു വിശദീകരിക്കുന്നില്ല
പഠിക്കേണ്ടിയിരുന്നത് പഠിക്കേണ രീതിയില്‍ പഠിച്ചിരുന്നു എങ്കില്‍ ഈപ്രശ്നം ഉണ്ടാവില്ലായിരുന്നു
പര്‍ത്ഥന്‍,
വായിച്ചു, പലവട്ടം.
നന്ദി.
""ഓം” ഹിന്ദു ആയപ്പോള്‍"... ഈ തലക്കെട്ട്?
പഠിക്കേണ്ടിയിരുന്നത് പഠിക്കേണ രീതിയില്‍ പഠിച്ചിരുന്നു എങ്കില്‍ ഈപ്രശ്നം ഉണ്ടാവില്ലായിരുന്നു
ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഹിന്ദുമതവിശ്വാസി എവിടെ നിന്നാണ് ഇത് പഠിക്കേണ്ടത് ? അല്ലെങ്കില്‍, എവിടെയാണ് ഇതെല്ലാം പഠിപ്പിക്കുന്നത്? എന്റെ അറിവില്‍ എന്റെ നാട്ടിലൊന്നും ഈ പറഞ്ഞതൊന്നും എങ്ങും 'സാധാരണ'ക്കാരെ പഠിപ്പിക്കുന്ന സ്ഥലമില്ല. യൂണിവേഴ്സിറ്റിയുടെയോ കോളേജുകളുടെയോ കാര്യമൊന്നുമല്ല ഞാന്‍ പറയുന്നത്.
അപ്പോള്‍ പിന്നെ പഠിക്കേണ്ടത് പഠിക്കേണ്ടപോലെ പഠിക്കാത്തവരാണ് കൂടുതല്‍ എന്നാണ് ഞാന്‍ പറഞ്ഞതും.
നല്ല പോസ്റ്റ്!
അനില്‍ശ്രീ അതല്ലേ, കാരണവും അനില്‍ശ്രീ തന്നെ പറഞ്ഞതുകൊണ്ട് എന്നു ഞാന്‍ പറഞ്ഞത്.
good post
പാര്‍ത്ഥന്‍ വായിച്ചു.ഓം എന്നാല്‍ എല്ലാത്തിന്‍റെയും ആവിര്‍ഭവമാണന്ന് കേട്ടിരിക്കുന്നു.സത്യമല്ലേ?
അനില്‍ശ്റീ....
പഠിക്കാത്തതും പഠിക്കാന്‍ ശ്രമിക്കാത്തതും താങ്കള്‍ നിലനില്‍ക്കുന്ന (നിലനിന്നിരുന്ന) വ്യവസ്ഥിതികളുടെ തെറ്റ്!!
അത് പഠിപ്പിക്കാന്‍ അഥവാ ആരെങ്കിലും മുന്നോട്ടിറങ്ങിയാല്‍ തന്നെ അവന്‍ പിന്നെ സംഘപരിവാര്‍ ആയില്ലേ....
അവനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം ചെയ്യില്ലേ..., മറുചേരിയിലിരുന്ന് നിരീശ്വരവാദം പഠിപ്പിക്കില്ലേ,
താങ്കളുള്‍പ്പെടുന്ന 'മതേതര' സമൂഹം
സ്വന്തം മതത്തിന്റെ മൂല്യങ്ങളെയും നന്മകളെയും കുറിച്ച് പഠിക്കാതെ,
വ്യാഖ്യാനത്തിലെ പഴുതുകളില്‍ പതിയിരിക്കുന്ന പഴുതാരകളെ പിടിച്ച്
പുറം ലോകത്തില്‍ പ്രദര്‍ശിപ്പിക്കുന്ന താങ്കളെയോര്‍ത്തു സഹതപിക്കാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ...
പൗരോഹിത്യ കടുമ്പിടുത്തങ്ങളോ, നിയതമായ അടിച്ചേല്പ്പിക്കലോ ഇല്ലാതെ,
സ്വയംഭൂവായ ഒരു അമൂല്യസംഹിതകളുടെ കലവറയാണത് സനാതനധര്‍മ്മം!!!
താങ്കളുടെ കാഴ്ച്ചപ്പാടനുസരിച്ച് താങ്കള്‍ക്കതിനെ കരിവാരിത്തേക്കാം...
അതിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാം....
ആരും താങ്കള്‍ക്കെതിരെ 'ഹത്ഫ' പുറപ്പെടുവിക്കില്ല....
പാര്‍ത്ഥന്‍, നന്ദി, നല്ല ശ്രമങ്ങള്‍ക്ക്..
അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന കപടബുദ്ധിജീവികള്‍ക്ക്
ഉത്തരം നല്‍കി താങ്കളുടെ വിലയേറിയ സമയം നശിപ്പിക്കരുത്
തുടരുക ഇത്തരം നല്ല ശ്രമങ്ങള്‍....
കൌടില്യന്‍
താങ്കള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷേ ഉദ്ദേശം ശുദ്ധമായിരിക്കണം. ഇവിടെ ആരും ആരെയും കരിവാരിത്തേച്ചില്ല. പക്ഷേ ഇന്ന് ഹിന്ദു മതത്തില്‍ നടക്കുന്നത് ഇതല്ല എന്ന് സധൈര്യം പറയാന്‍ താങ്കള്‍ക്ക് പറ്റുമോ? സംഘപരിവാര്‍ പഠിപ്പിക്കുന്നതും ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ തന്നെ. ഞാന്‍ പറഞ്ഞ നാലു തലയുള്ള ദൈവങ്ങളെ പറ്റി. അതാണോ ഹിന്ദുമതം?
പിന്നെ ഇവിടെയും എന്റെ പോസ്റ്റിലും ഇതൊന്നും ചര്‍ച്ച ചെയ്തില്ല. ഓം എന്റെ വിഷയമേ ആയിരുന്നില്ല. മലേഷ്യയില്‍ പുറപ്പെടുവിച്ച ഒരു ഫത്വയെ പറ്റിയായിരുന്നു ആ പോസ്റ്റ്. അതിന്റെ ബാക്കിയായാണ് പാര്‍ത്ഥന്‍ ഈ പോസ്റ്റ് ഇട്ടതെന്ന് മാത്രം.
അപ്പോഴും പണിക്കര്‍ സാറിന്റെ ചോദ്യത്തിനു പകരമായാണ് ഞാന്‍ ഇന്നത്തെ ഹിന്ദുമതത്തിലെ കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹവും അത് ശരിവക്കുന്നതു പോലെ തോന്നി (അല്ലെങ്കില്‍ അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞേനെ...)
പൗരോഹിത്യ കടുമ്പിടുത്തങ്ങളോ, നിയതമായ അടിച്ചേല്പ്പിക്കലോ ഇല്ലാതെ,
സ്വയംഭൂവായ ഒരു അമൂല്യസംഹിതകളുടെ കലവറയാണത് സനാതനധര്‍മ്മം!!!
ആ സനാധനധര്‍മ്മം എവിടെയാണ് പഠിപ്പിക്കുന്നതെന്നാണ് ഞാന്‍ ചോദിച്ചത്. എനിക്കേതായാലും അത് അപ്പാടെ പഠിക്കാന്‍ അവസരം കിട്ടിയിട്ടില്ല. എന്റെ നാട്ടിലും ആരും അത് പഠിച്ചിട്ടില്ല. പിന്നെ എവിടെ കരിവാരിത്തേച്ചു എന്നാണ് താങ്കള്‍ ഉദ്ദേശിച്ചത്?
ഓ.ടോ
പാര്‍ത്ഥന്‍, ഏതായാലും എന്നെ ആ "കപടബുദ്ധിജീവികളുടെ" കൂട്ടത്തില്‍ കൂട്ടണ്ട. പിന്നെ ഈ പോസ്റ്റ് എനിക്ക് വേണ്ടിയോ കപടബുദ്ധിജീവികള്‍ക്കോ വേണ്ടിയാണെന്ന് കൗടില്യന് തോന്നുന്നെങ്കില്‍ അതെന്റെ കുറ്റമല്ല, പാര്‍ത്ഥന്‍.
വായിച്ചവർക്കെല്ലാം എന്റെ സന്തോഷം അറിയിക്കുന്നു. ഒരു ചർച്ച കൊണ്ടു തീരുന്ന വിഷയമല്ലാത്തതുകൊണ്ടാണ് കമന്റുകളിൽ ഇടപെടാതിരുന്നത്.
അനിൽശ്രീയുടെ ആദ്യത്തെ ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ. ‘ഓം’ താങ്കൾ സൂചിപ്പിച്ച ഹൈന്ദവ സംസ്കാരത്തിന്റെ ആവിർഭാവത്തിനും മുമ്പുള്ളതാണെന്നാണ് അതിനെക്കുറിച്ചുള്ള വായനയിൽ നിന്നും മനസ്സിലായത്.
പൌരാണിക/ഉപനിഷത് കാലത്തെ മഹർഷിമാർ
ദാർശനികരാണ്. അക്ഷരമായ പ്രണവം ഏകാക്ഷരമാണെന്ന് നമുക്ക് കാണിച്ചുതന്നിട്ടുള്ളത് മതങ്ങൾക്ക് രൂപം കൊടുക്കാത്ത ആ താടിക്കാരാണ്.
അനിൽശ്രീയുടെ പോസ്റ്റിൽ , ബഷീർ വെള്ളറക്കാടിന്റെ ഈ കമന്റിൽ (ഓം) അന്ധമായ ഒരു ദൈവാരാധനയുടെ ഭാഗമണെന്ന ഒരു സൂചന പരോക്ഷമായെങ്കിലും ഉണ്ട്.
[ബഷീര്‍ വെള്ളറക്കാട് / pb said...
ഓം / ഓംകാരം ശ്വസന പ്രക്രിയക്ക് ഉതകുന്ന ഒരു വാക്ക് എന്നതിലുപരി ആരാധനയുടെ ഭാഗമായി ഉപയോഗിക്കുന്നതാണെന്നാണ് എന്റെ അറിവ്.]
ഒരു ശ്രുതി പോലും മനുഷ്യശരീരത്തിലെ ഓരോ ധാതുക്കളോടും എങ്ങിനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്ന ശാസ്ത്ര സത്യം നമുക്ക് പൌരാണികകാലത്തുതന്നെ അറിവുള്ളതാണ്.
(തരംഗത്തിന്റെ ആവൃത്തിയാണ് നാദം. ഈ ആവൃത്തിയാൽ പ്രപഞ്ചത്തിൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയയ്ക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന.)
തികച്ചും ശാസ്ത്രീയമായ ആശയങ്ങളെ ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായകമാകുന്നതിനു പകരം കള്ളക്കഥകളായിട്ടേ തോന്നുകയുള്ളൂ. അതാണ് ആർഷസംസ്കാരത്തിന്റെ ഇന്നത്തെ ശാപം.
Nandi.. Arivu pankuvechathinu.. Abhiprangalode yojippo viyojippo parayanulla arivenikkilla. Athukondu Mangalangal.
പാര്‍ത്ഥന്‍, ഇത്രയും വിശദമായെഴുതിയ
പോസ്റ്റിനു ആദ്യം നന്ദി പറയട്ടെ.....
പൂര്‍വ്വികര്‍ സദുദ്ദേശത്തോടെ പിന്‍ തലമുറക്ക് കൈമാറിയതാണ് പുരാണങ്ങളും ഉപനിഷത്കളും.
ഒരു പക്ഷെ അന്ന് ഈ പറഞ്ഞപോലെ പലജാതിയും പലമതവും
പലഭഷയും പലചിന്തയും
പലവ്യാഖ്യാനവും ഉണ്ടാവുമെന്ന്
മനസാ വാചാ കര്‍മ്മണാ
അവര്‍ ഓര്‍ത്തു കാണില്ല.
♫ ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരംബ്രഹ്മ
തസ്മൈ ശ്രി ഗുരവേ നമഃ ♫
ഓം.
ഓം എന്നത് മൂന്നു മാത്രകള്‍ ചേര്‍ന്നതാണ്. "ആ" "ഉ" "അം".
ഇതില്‍ "ആ" എന്നത് പൂര്‍ണ ബോധത്തോടെയുള്ള അവസ്ഥ അതായതു എന്നതിനെയും തന്നെ ഇന്ദ്രിയം കൊണ്ടു തിരിച്ചറിയാവുന്ന അവസ്ഥ..മനസ്സും ഇതില്‍ പെടും.
രണ്ടാം മാത്രയായ "ഉ" എന്നത് ഉള്ളറകള്‍ ദൃശ്യമാവുന്ന സ്വപ്നമാണ്. മൂന്നാം മാത്രയായ അം എന്നത് ഗാഡ നിദ്രയും.. ഇതില്‍ മനുഷ്യന് ഒന്നിനെയും പറ്റി അറിവ് ഉണ്ടായിരിക്കില്ല.. മൂന്നാം അവസ്ഥയില്‍ മോഹങ്ങളോ അഹം എന്ന ചിന്തകളും ഉണ്ടായിരിക്കില്ല.
എന്നാല്‍ പരമമയതും വിഷിഷ്ടമായതും ആയ നാലാം അവസ്ഥയില്‍ ഉള്ളറകള്‍ മാത്രം ദൃശ്യമായതോ ഉപരിപ്ലവമായ അറിവുകള്‍ ദൃശ്യമായതോ അല്ലെങ്കില്‍ രണ്ടും ദൃശ്യമായതോ ബോധമനസ്സിനെ മാത്രം നിയന്ത്രിക്കാന്‍ പറ്റുന്നതോ അല്ലങ്കില്‍ ഉപബോധമനസ്സില്‍ മാത്രം നിയന്ത്രണം ഉള്ളതോ അല്ലാത്ത വിശിഷ്ട അവസ്ഥയില്‍ ഒന്നും കാണുവാന്‍ ആഗ്രഹിക്കാത്ത ഒന്നും ഗ്രഹിക്കുവാന്‍ ആഗ്രഹിക്കാത്ത ഒന്നും പ്രാപിക്കുവാന്‍ ആഗ്രഹിക്കാത്ത ഒന്നും നേടാന്‍ ആഗ്രഹിക്കാത്ത ഒന്നിനോടും അത്യാര്‍ത്തി ഇല്ലാത്ത കാരണം എല്ലാത്തിന്‍റെയും സാരം ഉള്‍ക്കൊണ്ട പരമപ്രധാനമായ നാലാം അവസ്ഥ (തൂരിയാവസ്ഥ) പക്ഷെ പരമമായാ ശാന്തതയാണ് പ്രതിപാദിക്കുന്നത്..
മറ്റു മൂന്നു അവസസ്ഥകളും "ഓം" എന്നതിനെ പറ്റി പറയുമ്പോള്‍ നാലാം അവസ്ഥ ഓം എന്നതിനെക്കാള്‍ മഹത്തരം ആണോ എന്ന ശങ്ക ഉണ്ടാവാം.. എന്നാല്‍ ഓം എന്നതില്‍ നിന്നൊരു കിഴിച്ചില്‍ മാത്രമാണ് നാലാം അവസ്ഥ...ഗൌഡ പാദരാണ് ആദ്യം മാണ്ഡുക്യാ ഉപനിഷത്തിനു ഒരു നിര്‍വചനം എഴുതിയത്..ശ്രീ ശങ്കരാചാര്യര്‍ ഇതിനെ പരാമര്‍ശിക്കുന്നതിനു വളരെ മുമ്പ്. ആ വിശദീകരണത്തിന് മാണ്ഡുക്യാ കാരിക എന്നതായിരുന്നു പേര്‍..അദ്വൈത വേദന്തത്തിനു ആദ്യത്തെ നിര്‍വചനം ഇതായിരുന്നു..
പിന്നീട് ശ്രീ.ശങ്കരാചാര്യര്‍ മാണ്ഡുക്യാ ഉപനിഷത്തിനു നിര്‍വചനവും അതോടൊപ്പം ഗൌഡ പാദരുടെ കാരികയ്ക്കും നിര്‍വചനം കൊടുക്കുകയും രണ്ടും ഒന്നില്‍ സമന്യയിക്കുകയും ചെയ്തു.
ഉപലബ്ധി,ആദര്‍ശവാദം,ദുരന്തം,സത്യം,യാഥാര്‍ത്ഥ്യം എന്നിവയെ പറ്റിയാണ് ഗൌഡപാദര്‍ നിര്‍വചനം നടത്തിയത്.നാലാം അവസ്ഥയായ തൂരിയയെ ഒഴിവാക്കുകയും അത് ബ്രാഹ്മണര്‍ക്കായി അവശേഷിപ്പിക്കുകയും ചെയ്തു.ഗാഡനിദ്രയിലും അതീന്ദ്രിയമായബോധമനസ്സിലും സാധാരണ വസ്തുക്കളെപറ്റി അറിവുണ്ടായിരിക്കില്ല..എന്നാല്‍ ഗാഡനിദ്രയില്‍ ഇതടങ്ങിയിരിക്കും. അതിനെപറ്റി അറിവുണ്ടാകില്ല എന്ന് മാത്രം..
എന്നാല്‍ അതീന്ദ്രിയനിദ്രയിലോ ബോധത്തിലോ ഈ അടങ്ങിയിരിക്കുന്ന കാര്യത്തിനെയും(വസ്തുക്കളേയും) പറ്റി അറിവുണ്ടാകും എന്ന് സാരം.ഒരാള്‍ വാക്കുകളാല്‍ നിര്‍വചിക്കുവാനാവാത്ത ധ്യാനത്തിലൂടെ മാത്രം കൈവരിക്കുവാനാവുന്ന തൂരിയ അവസ്ഥയും അതിലൂടെ തന്നിലെ ഞാന്‍ എന്നതെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ അനുഭവമാത്രമായ കേവലം ഭൌതികലോകവാസത്തില്‍ മുഴുകയില്ലെന്നു സാരം.
Post a Comment