Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Monday, May 30, 2011

വിഭൂതി



‘വിഭൂതി’  ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. വിഭൂതി എന്നാൽ, വിസ്തരിക്കാനുള്ളത്, മായകൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നൊക്കെയാണ് ആദ്ധ്യാത്മികമായ അർത്ഥം. പ്രപഞ്ചത്തെ നാമരൂപങ്ങളാക്കി പെരുപ്പിച്ച് കാണിക്കുന്നത് മായയാണ്. ‘വിഭൂതി’യ്ക്ക് ഐശ്വര്യം, ശക്തി, വലുപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നെല്ലാം അർത്ഥം കാണാം. പക്ഷെ ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾക്ക് ‘വിഭൂതി’ എന്നാൽ കഞ്ഞിവെള്ളത്തിൽ ഭസ്മം കുഴച്ച് ഉണക്കി ഗുളികയാക്കി ചില ദിവ്യന്മാർ ഭക്തന്മാർക്ക് കൊടുക്കുന്ന പൊടി മാത്രമാണ്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ‘വിഭൂതിയോഗം’ എന്താണെന്ന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ഒരു മതത്തിലെ വ്യവസ്ഥാപിതമായ താല്പര്യങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇവിടെ വിഭൂതിവർണ്ണന നടത്തിയിരിക്കുന്നത്. എക്കാലത്തും ലോകത്ത് എവിടെയും മനുഷ്യജാതിക്ക് പ്രിയങ്കരമായിരിക്കുന്ന അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ പരാമർശിക്കുന്നുണ്ട്.

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ.

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.

‘വിഭൂതി’ എന്താണെന്ന് ഒന്നുകൂടി വിശദമാക്കാം. ഒരു വൃക്ഷത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിന്റെ തടികൊണ്ടും, ഇലകൊണ്ടും, പൂവുകൊണ്ടും, ഫലംകൊണ്ടും ഒരു വൃക്ഷത്തെ അറിയുന്നു. അവയെല്ലാം വൃക്ഷത്തിന്റെ വിഭൂതികളാണ്. വൃക്ഷത്തിന്റെ ഈ വിഭൂതികൾ മാത്രമെ നമുക്ക് ഗോചരമായിട്ടുള്ളൂ. ഈശ്വരൻ അഗോചരനാണെങ്കിലും ഈശരന്റെ ഐശ്വര്യാദി അനന്ത കല്യാണഗുണങ്ങളെ നാം പ്രതിനിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന് ശരീരം എങ്ങനെയാണോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത. അതിൽ നമുക്ക് നിത്യപരിചയമുള്ള നിത്യകല്യാണഗുണങ്ങളെ ഇവിടെ വിഭൂതിയായി എടുത്തു പറയുന്നു.

സൃഷ്ടിക്ക് വെളിയിൽ സ്രഷ്ടാവിനെ വച്ചിരിക്കുന്നതിൽക്കൂടിയാണ് മതപരമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും പൌരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളർന്നു പടർന്നു കിടക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിജാലങ്ങളും ഒന്നുതന്നെയാണെന്ന് കരുതുന്നതാണ് കുറെകൂടി ഔചിത്യം എന്നാണ് ശങ്കരാചാര്യരുടെ വീക്ഷണം.

(യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിലെ വിഭൂതിയോഗത്തിൽ നിന്നുള്ള ചില വ്യാഖ്യാനങ്ങൾ ഇവിടെ പകർത്തുന്നു.)

“ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശിഃ” (ഭ.ഗീ. 10:21)

[ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു. പ്രകാശമുള്ളവയിൽ വളരെ രശ്മികളോടുകൂടിയ സൂര്യനാകുന്നു. മരുത്തുക്കളുടെയിടയിൽ മരീചിയും. നക്ഷത്രങ്ങളുടെ ഇടയിൽ (ഞാൻ)ചന്ദ്രനും ആകുന്നു.]
നമ്മുടെ സാധാരണയുള്ള അറിവനുസരിച്ച് ആദിത്യനും രവിയും ഒന്നുതന്നെയാണ്. പക്ഷെ ആദ്ധ്യാത്മിക ചിന്തയിൽ ഇതെല്ലാം വ്യത്യസ്തങ്ങളാണ്. 12 മാസങ്ങൾക്ക് സമമായ 12 സൂര്യന്മാരെപ്പറ്റി പൌരാണികന്മാർ പറഞ്ഞുപോരുന്നു. അവർ, വിഷ്ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാൻ, പൂഷാവ്, സവിതാവ്, മിത്രൻ, വരുണൻ, അംശൻ, ഭഗൻ എന്നിവരാണ്.

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണ് ‘ആദിത്യന്മാർ‘. സപ്തർഷികളിൽ ഒരാളാണ് ‘മരീചി’. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളും ‘മരീചി’യാണ്. കശ്യപന്റെ പിതാവും ഒരു മരീചിയാണ്. അതുപോലെ മരുത്തുക്കൾ ഇന്ദ്രന്റെ കൂടെയുള്ള ഒരു ദേവതാസമൂഹമാണെന്നും കഥകൾ ഉണ്ട്. ഇത്തരം കഥകൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. പൌരാണികമായ പ്രതീകങ്ങളെ ശാസ്ത്രബുദ്ധ്യാ നിരൂപണം ചെയ്ത് മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ആദിരൂപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ അർത്തവത്തായിത്തീരും.

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.

(തുടരും.---)

Wednesday, February 2, 2011

ആത്മാവ്



ആദ്ധ്യാത്മികത:



ആത്മാവിനെക്കുറിച്ച് പറയുന്നതിനുമുമ്പ് എന്താണ് ആദ്ധ്യാത്മികത എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.   മനുഷ്യന്റെ  വിശ്വാസത്തിൽ അധിഷ്ഠിതമായി വികസിച്ചു വന്ന മതബോധത്തിന് രണ്ടു  പ്രധാന മണ്ഡലങ്ങൾ ഉണ്ട്ഏതു മതഗ്രന്ഥം വായിച്ചാലും, ഏതു പ്രവാചകന്റെ വാക്കുകൾ  വിശകലനം ചെയ്താലും, ഏതു പുരോഹിതന്റെ പ്രഭാഷണം  ശ്രദ്ധിച്ചാലും, അവയിൽ ജീവിതത്തിന്റെ രണ്ടു വശങ്ങൾ സ്പർശിക്കുന്നുണ്ടെന്നു കാണാംഇവയെയാണ് ആദ്ധ്യാത്മികം, ആധിഭൌതികം എന്നു തരം തിരിച്ചു പറയാറുള്ളത്ഈ ലോകജീവിതത്തെസംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ മതങ്ങൾ വിശദീകരിക്കാറുണ്ട്അതിനെയെല്ലാം  ആധിഭൌതികാംശം എന്നു പറയുന്നു.    ഭൌതികസുഖങ്ങളുടെ പ്രസക്തി, അവയുടെ നശ്വരത്വം എന്നിവയെല്ലാം  മതം കൈകാര്യം ചെയ്യുന്ന ആധിഭൌതിക  വിഷയങ്ങളാണ്ഇവയ്ക്കെല്ലാം  ഹിന്ദുമതം ധർമ്മമെന്നാണ് പറയുന്നത്ഇതിൽ നിന്നും വ്യത്യസ്തമായി  മതത്തിന്റെ മാത്രം  ലോകമാണ് ആദ്ധ്യാത്മികമണ്ഡലം.  (സംഘടിത മതത്തിനോട് ചേരാത്ത  സനാതന ധർമ്മത്തിനെ മതം എന്നു വിശേഷിപ്പിക്കേണ്ടി  വന്നതിൽ ഖേദമുണ്ട്.)  ഭൌതിക താല്പര്യങ്ങളുടെ  അടിസ്ഥാനാധാരമായ ശരീരത്തിൽ നിന്നു ഭിന്നമായ ഒരു ഘടകവും അതിന്റെതായ ഒരു പരലോകവും ഉണ്ടെന്ന വിശ്വാസത്തിൽ ഊന്നുന്ന ചിന്തകളാണ് ആദ്ധ്യാത്മികമെന്നു  വ്യവഹരിക്കപ്പെടുന്നത്.
ആദ്ധ്യാത്മികതയെ വിശകലനം ചെയ്തു വരുമ്പോൾ അതിൽ അഞ്ച് വിഷയങ്ങൾ അന്തർഭവിച്ചിട്ടുള്ളതായി കാണാംഅത് - അത്മാവ്, ഈശ്വരൻ, ജീവാത്മപരമാത്മബന്ധം, പരലോകം, ഇഹപരബന്ധം എന്നിവയാണ്പ്രസ്ഥാനത്രയമെന്ന്  പ്രസിദ്ധി നേടിയ  ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത  എന്നിവയാണ് അദ്ധ്യാത്മികചിന്തയിൽ ഹിന്ദുവിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ


ആത്മാവ് :
ആദ്ധ്യാത്മിക ചിന്തകളുടെയെല്ലാം പ്രാരംഭഘടകം ജീവാത്മാവാണ്അങ്ങനെയൊന്നിനെ അംഗീകരിക്കാത്തപക്ഷം   ആദ്ധ്യാത്മിക ലോകത്തെ മറ്റു പ്രശ്നങ്ങൾക്കൊന്നും നിലനില്പില്ലഭൌതികവാദികൾ ആത്മാവിന്റെ അസ്തിത്വം അംഗീകരിക്കുന്നില്ലഅതേ സമയം ആത്മാവുണ്ടെന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നതാണ് മതങ്ങളുടെയെല്ലാം സമീപനംആത്മാവിൽ വിശ്വസിക്കാത്ത ഭൌതികവാദികൾ വേദകാലത്തുതന്നെ ഭാരതത്തിൽ ഉണ്ടായിരുന്നുഅവരെ ചാർവാകന്മാർ എന്നു വിളിച്ചു  പോന്നു.   പഞ്ചഭൂതങ്ങളിൽ ആകാശമൊഴികെയുള്ള തത്ത്വചതുഷ്ടയങ്ങളുടെ സമഞ്ജസസമ്മേളന ഫലമായുത്ഭവിക്കുന്ന ചൈതന്യമാണ് ജീവികളിൽ പ്രവർത്തിക്കുന്നതെന്ന് അവർ വാദിക്കുന്നുമദ്യത്തിന്  ഇരിക്കുന്തോറും സ്വാഭാവികമായി ലഹരി വരുന്നതുപോലെയാണ്   തത്ത്വമിശ്രണത്തിൽ ചൈതന്യത്തിന്റെ സ്വാഭാവികമായ ഉല്പത്തിയെന്ന് അവർ ഉദാഹരണവും നൽകുന്നുഈ ചൈതന്യം ജനിക്കുമ്പോൾ ജീവി പ്രവർത്തിക്കുന്നുനിലയ്ക്കുമ്പോൾ ജീവി മരിക്കുന്നു.
ഭാരതീയരുടെ ആറു ദർശനങ്ങളിൽ - ന്യായം, വൈശേഷികം, സാംഖ്യം, യോഗം, വേദാന്തംഇവയഞ്ചും ആത്മാവുണ്ടെന്നു  സമ്മതിക്കുന്നുപൂർവ്വമീമാംസയുടെ  പരമാചാര്യനായ ജൈമിനിയുടെ സൂത്രങ്ങളിൽ ശരീരഭിന്നമായ ഒരാത്മാവിനെക്കുറിച്ച് പറയുന്നില്ലെങ്കിലും  അതിന്റെ വ്യാഖ്യാനങ്ങളിൽ  ആത്മാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ട്.
ജൈനമതവും ആത്മാവിനെ സ്വീകരിക്കുന്നുണ്ട്എന്നാൽ ശ്രീബുദ്ധൻ ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൌനം പാലിക്കുന്നു. എങ്കിലും പുനർജന്മത്തിലുള്ള വിശ്വാസം അവർക്കും ഉണ്ട്.
സെമിറ്റിക് മതങ്ങളും ആത്മാവുണ്ടെന്നു വിശ്വസിക്കുന്നുപക്ഷെ അവയ്ക്കും  ഭാരതീയ മതങ്ങൾക്കും ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്ആത്മാവ് മനുഷ്യർക്കു മാത്രമുള്ളതാണെന്നാണ് അവരുടെ നിലപാട്സർവ്വചരാചരങ്ങൾക്കും  ആത്മാവുണ്ടെന്നാണ് ഹിന്ദുമതത്തിന്റെ സുനിശ്ചിതമായ അഭിപ്രായംഒരേ ആത്മാവ് പുല്ലിലും, പുഴുവിലും ജന്തുക്കളിലും കൂടിക്കടന്ന്  മനുഷ്യനിലെത്തുന്നുവെന്നുംപാപിയായ മനുഷ്യന്റെ ആത്മാവ് ചരാചരസചേതനങ്ങളിലൂടെ വീണ്ടും  ചാക്രികമായ ഗതി തുടരുന്നുവെന്നും ദൃഢമായി വിശ്വസിക്കുന്നു.  “സർവ ഭൂതസ്ഥമെന്നത്   ഹൈന്ദവദർശനത്തിൽ ആത്മാവിന്റെ സ്ഥിരം വിശേഷണമാണ്.
ആത്മാവുണ്ടോ എന്ന ചോദ്യത്തിന്  ഉണ്ടെന്ന് ആദ്ധ്യാത്മിക വാദികളും  ഇല്ലെന്ന് ഭൌതികവാദികളും തർക്കിക്കുന്നു. ജീവികളിലെല്ലാം സ്ഥൂലശരീരത്തിൽ നിന്നു വ്യത്യസ്തമായ ഒരു ശക്തി ഉണ്ടെന്നതിൽ ആർക്കും തർക്കമില്ലമരിക്കുമ്പോൾ ദേഹികൾ നിശ്ചലമാകുന്നത് ദേഹത്തിൽ നിന്ന് എന്തോ ഒന്ന് പൊയ്പ്പോയതുകൊണ്ടാണെന്ന് എല്ലാവരും അംഗീകരിക്കുന്നുഅതുകൊണ്ട് നൈതികന്യായമനുസരിച്ച്   സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് ആത്മാവുണ്ടെന്ന് തത്ക്കാലം അംഗീകരിക്കാംആംഗീകരിക്കാത്തവർക്ക് ഇവിടന്നങ്ങോട്ട് പ്രവേശനമില്ല.

ബാഹ്യദൃഷ്ടികൾക്ക് ദൃശ്യമാകുന്ന ഈ സ്ഥൂലശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ആന്തരികശക്തിയാണ് ആത്മാവെന്നു പറഞ്ഞാൽആത്മാവിന് സരളമായ ഒരു നിർവചനമായിഎന്നാലും അത്ര ലളിതമായി പരിചയപ്പെടുത്താവുന്നതല്ല അതിന്റെ അസ്തിത്വാദികളെന്നു വ്യക്തമാണ്ആത്മാവെന്ന ശക്തി ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നുമല്ലെന്ന അറിവാണ്  ആത്മജ്ഞാനമെന്നാണ് കേനോപനിഷത്തിന്റെ  മറുപടിആത്മജ്ഞാനം  തീഷ്ണബുദ്ധികൾക്കുമാത്രം പ്രാപ്യമാകുന്നതാണെന്ന് കഠോപനിഷത്തും പ്രഖ്യാപിക്കുന്നുഅതുകൊണ്ട്ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”  (ഉണർന്നെഴുന്നേറ്റ് യോഗ്യന്മാരിൽ നിന്ന് ബോധമാർജ്ജിക്കൂ) എന്നാണ് കഠത്തിലെ ആഹ്വാനംഛാന്ദോഗ്യം ആത്മജ്ഞാനം നേടാനുള്ള ക്ലേശത്തെ ഒരുപാഖ്യാനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്ദേവേന്ദ്രനും വിരോചനനും ആത്മജ്ഞാനം നേടാൻ പ്രജാപതിയെ സമീപിച്ചുപ്രജാപതിയുടെ സമാധി ഭാഷകേട്ട് വിരോചനൻ ധരിച്ചത് ശരീരമാണ്  ആത്മാവെന്നാണ്അതുകൊണ്ട്  അദ്ദേഹം കൂടുതൽ അന്വേഷണം നടത്താതെ പിന്മാറിപക്ഷെ, ദേവേന്ദ്രന് വിശ്വാസം വന്നില്ലഅദ്ദേഹം പല പ്രാവശ്യം പ്രജാപതിയിൽ നിന്ന് ഉപദേശം തേടുകയും വീണ്ടും 101 വർഷം പഠിക്കുകയും ചെയ്തുഇതിൽ നിന്നും  നാം മനസ്സിലാക്കേണ്ടത്, ആത്മാവിനെക്കുറിച്ചുള്ള അറിവ് അത്ര ലളിതമായി ആർജ്ജിക്കാവുന്നതല്ലെന്നും അതിഗൂഢമാനണെന്നുമാണ്ബാലബുദ്ധികൾക്ക്   മനസ്സിലായില്ലെങ്കിൽ  കൂടുതൽ വ്യക്തമാക്കാൻ   വേറെ വഴിയൊന്നും  ആചാര്യന്മാർ പറഞ്ഞിട്ടില്ല.
ശരീരമാകുന്ന പുരത്തിന്റെ അധിപനാണ് ആത്മാവെന്നും, ആ അധിപന്റെ കീഴിൽ പ്രവർത്തിക്കുന്ന അധികാരികളാണ് പ്രാണൻ, ബുദ്ധി, മനസ്സ് തുടങ്ങിയവയെന്നും ഛാന്ദോഗ്യം  ഉദാഹരണം നൽകുന്നുണ്ട്
“ആത്മാനം രഥിനം വിദ്ധി
ശരീരം രഥ മേവ ച “
(എന്നാണ് കഠത്തിലെ വർണ്ണന.)
“ആത്മാവിനെ രഥിയെന്നറിക ശരീരം രഥമെന്നതും,
ബുദ്ധിയാം സാരഥി ധരിപ്പൂ മനമാം കടിഞ്ഞാണിനെ.
ഇന്ദ്രിയാശ്വങ്ങൾ കാണുന്നൂ വിഷയമാം ലക്ഷ്യങ്ങളെ,
ആത്മേന്ദ്രിയമനങ്ങൾ ചേർന്നാൽ ഭോക്താവതെന്നു മനീഷികൾ.”

പ്രവർത്തനക്ഷമമായ ശരീരത്തിലേക്ക്  ജീവാത്മാവ് കടന്നു ചെല്ലുകയല്ല ചെയ്യുന്നത്. അങ്ങിനെയാണെങ്കിൽ എവിടെനിന്നു വന്നു, അതിനെ പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, നമുക്ക് പുതിയ ഒരു ജീവാത്മാവിനെ സൃഷ്ടിക്കാൻ കഴിയാത്തതെന്തുകൊണ്ട്തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആത്മാവിന്റെ  അസ്തിത്വത്തോടു ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ്, ആത്മജ്ഞാനം ഗൂഢവും ദുർജ്ഞേയവുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്.
സെമിറ്റിക് മതത്തിൽ  ഒരു ശരീരം ഗർഭത്തിൽ  വളർന്നതിനുശേഷം ആത്മാവിനെ  അതിലേക്ക് പ്രവേശിപ്പിക്കുന്നതായി പറയുന്നുപിന്നീട് ആ  വ്യക്തി മരിക്കുമ്പോൾ അതിലുള്ള ആത്മാവ്    അന്ത്യദിനം വരെ  വിചാരണക്കായി കാത്തുകിടക്കുന്നുഅത്രയും കാലം ആ ആത്മാവ് എവിടെ കിടക്കുന്നു എന്നൊന്നും ചോദിച്ചേക്കരുത്.   കുഴിമാടത്തിൽ തന്നെയങ്കിൽ  കഷ്ടം തന്നെ.
 പുനർജന്മവിശ്വാസമുള്ള ഹിന്ദുക്കൾക്ക് ആത്മാവിന്റെ ഗതിവിഗതികൾ കൂടുതൽ സങ്കീർണ്ണമാണ്.   പരമാത്മാവിന്റെ ഒരംശം തന്നെയാണ് ജീവാത്മാവ് എന്നതുകൊണ്ട്  ജീവന്റെ ഉല്പത്തിയെക്കുറിച്ച്  പ്രത്യേകിച്ചൊന്നും എവിടെയും പറയുന്നില്ല. “മമൈവാംശോ ജീവലോകേജീവഭൂതഃ സനാതനഃ” (എന്റെ അംശംതന്നെയാണ് പ്രപഞ്ചത്തിലെ ജീവികളിലുള്ള സനാതനമായ ആത്മാവ്.)   ആത്മാവ് നശിക്കുന്നില്ലആത്മാവ് അനാദിയാണ്എങ്ങനെ ഉണ്ടായെന്നു നിശ്ചയിക്കാൻ കഴിയാത്തവയെക്കുറിച്ചാണ് ഹിന്ദുദർശനം അനാദിയെന്നു പറയുന്നത്അത് ഒരു  പരിമിതിയല്ലജീവന്റെ ഉല്പത്തി എന്ന്, എങ്ങനെയെന്നതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിനും വ്യക്തമായിട്ടൊന്നും പറയാൻ കഴിഞ്ഞിട്ടില്ലസെമിറ്റിക് മതങ്ങളിലാണെങ്കിൽ  ദൈവവചനത്തിന്റെ പിൻബലം മാത്രമെ ഉള്ളൂ.
ആത്മാവിന്റെ ഭൌതികബന്ധത്തെ നിലനിർത്തുന്ന ശക്തികൾപ്രാണൻ, ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയാണ്. ആത്മാവിന്റെ പ്രവർത്തനമേലദ്ധ്യക്ഷൻ പ്രാണൻ ആകുന്നു. അതിനുതാഴെ ബുദ്ധി, പിന്നെ മനസ്സ്, അതിനുതാഴെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും.    ഇതാണ് ആത്മാവിന്റെ ശരീര ഭരണസംവിധാനം.
ശാസ്ത്രങ്ങളിൽ മൂന്നു ശരീരങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്.  കാരണം,  സൂക്ഷ്മം, സ്ഥൂലം  എന്നിവയാണ് ശരീരത്തിന്റെ മൂന്ന് അവസ്ഥകൾ.   നാമരൂപാദികളുള്ള ബാഹ്യശരീരത്തെ സ്ഥൂലശരീരമെന്നു പറയുന്നുഅത് പഞ്ചഭൂതാത്മകമാണ്ഇതാണ് ശരീരത്തിന്റെ പ്രാധമിക തലംഈ സ്ഥൂലശരീരത്തിനു പിന്നിൽ ഒരു സൂക്ഷ്മ ശരീരമുണ്ട്മരണത്തിൽ സ്ഥൂലശരീരം വിട്ടുപോകുന്നത് ഈ സൂക്ഷ്മശരീരത്തോടുകൂടിയ ആത്മാവാണ്സൂക്ഷ്മശരീരത്തിനു പിന്നിൽ അതിന്റെ ബീജരൂപത്തിൽ ഒരു കാരണശരീരമുണ്ട്അത് പ്രളയകാലത്തിൽ പോലും നശിക്കുന്നില്ലഅതിൽ ജീവാത്മാവും വാസനാജന്യമായ സംസ്കാരവും മാത്രമെ ഉള്ളൂ.    പ്രളയത്തിനുശേഷം പ്രപഞ്ചം വീണ്ടും സൃഷ്ടിക്കപ്പെടുമ്പോൾ ഈ കാരണശരീരത്തിൽ നിന്ന് അതിന്റെ ബാഹ്യരൂപമായി പുതിയ സ്ഥൂലശരീരമുണ്ടാകുന്നു. സൂക്ഷ്മശരീരം കാരണ ശരീരത്തെ അപേക്ഷിച്ച്  സ്ഥൂലമാണ്.  എന്നാൽ ഭൌതിക ശരീരമെന്നു നാം പറയാറുള്ളതിനെ അപേക്ഷിച്ച് സൂക്ഷ്മമാകുന്നു.   അതിനാൽ ഇത് അതീന്ദ്രിയവും അതിയന്ത്രവുമാണ്.  ഇന്ദ്രിയങ്ങൾക്കതീതവും യന്ത്രങ്ങൾക്ക് അദൃശ്യവുമാണ്.  എന്നാൽ അന്തർമുഖ ധ്യാനവൃത്തികൊണ്ട് ഇതിനെ അനുഭൂതമാക്കാവുന്നതുമാണ്.
 വിശ്വാസത്തിൽ ഊന്നുന്നു എന്ന പരിമിതി ഒഴിവാക്കിയാൽ ജീവന്റെ ഈ സംസാരചംക്രമണം പഴുതില്ലാത്തവിധം  കോർത്തിണക്കിയിരിക്കുന്നു.

ബൃഹദാരണ്യകം വളരെ  വ്യക്തമായി  ജീവാത്മാവിന്റെ  ചാക്രികതയെപ്പറ്റി  വിവരിക്കുന്നുണ്ട്. വിദ്യ അഭ്യസിച്ച് ഗർവ്വിഷ്ഠനായ ശ്വേതകേതുവിനോട്  ജ്ഞാനിയായ പ്രവാഹണൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്ജനങ്ങൾ മരിച്ചതിനുശേഷം വിഭിന്ന മാർഗ്ഗങ്ങളെ സ്വീകരിക്കുന്നതെങ്ങനെയെന്ന് നിനക്കറിയുമോ?   എങ്ങനെയാണ് അവർ വീണ്ടും ഈ ലോകത്തെ പ്രാപിക്കുന്നതെന്ന് നിനക്കറിയുമോഎന്തുകൊണ്ടാണ് പരലോകം വീണ്ടും വീണ്ടും മരിച്ചുപോകുന്ന അനേകം ജനങ്ങളെക്കൊണ്ട് നിറയാതിരിക്കുന്നത് എന്ന് നിനക്കറിയാമോ? – തുടങ്ങിയ  5 ചോദ്യങ്ങൾ ഉണ്ട്അതിനുള്ള മറുപടി ബൃ. 6.2.9 മുതൽ  6.2.16 വരെയുള്ള മന്ത്രങ്ങളിൽ വിവരിക്കുന്നുമുണ്ട്ഇതുപോലെയുള്ള സങ്കീർണ്ണമായ ചോദ്യവും അതിനുള്ള ഉത്തരവും ഏതെങ്കിലും സെമിറ്റിക് മതഗ്രന്ഥങ്ങളിൽ  വിവരിച്ചിട്ടുണ്ടെങ്കിൽ  അറിവുള്ളവർ വിശദീകരിക്കുക. അവിടെ ഗർഭപാത്രം മുതൽ ശ്മശാനം വരെയുള്ള  യാത്രയിൽ ഒതുങ്ങുന്നു  പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ  വിശേഷപ്പെട്ട  മനുഷ്യന്റെ ആത്മാവിന്റെ ഗതി.
(ബൃ.6.2.11) അല്ലയോ  ഗൌതമാ, ഈ ലോകം തന്നെ അഗ്നിയാകുന്നു. അതിന് പൃഥ്വിയാണ്  വിറക്‌അഗ്നി പുകയാകുന്നുരാത്രി ജ്വാലയാകുന്നുചന്ദ്രൻ കനലാകുന്നുനക്ഷത്രങ്ങൾ തീപ്പൊരികളാണ്ആ അഗ്നിയിൽ ദേവന്മാർ വ്യഷ്ടിയെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് അന്നമുണ്ടാകുന്നു.
ഇവിടെ ബ്രഹ്മാണ്ഡത്തെ ആകവെ എടുത്തുകൊണ്ട് ഒരു ആഹുതിയായി പറഞ്ഞതുപോലെ പിണ്ഡാണ്ഡത്തിൽ നടക്കുന്ന സർജനക്രിയയെയും യജ്ഞമായി പറയുന്നു:
(ബൃ.6.2.12) അല്ലയോ ഗൌതമാ, പുരുഷൻ അഗ്നിയാകുന്നുഅവന്റെ തുറന്ന വായ വിറകാകുന്നുവാക്ക് ജ്വാലയാകുന്നുകണ്ണ് തീക്കനലാകുന്നുചെവി തീപ്പൊരികളാകുന്നുഈ അഗ്നിയിൽ ദേവന്മാർ (ഇന്ദ്രിയങ്ങൾ) അന്നത്തെ ഹോമിക്കുന്നുആ ആഹുതിയിൽനിന്ന് ശുക്ലമുണ്ടാകുന്നു.
ബൃ.6.2.13,14)  അല്ലയോ ഗൌതമാസ്ത്രീ അഗ്നിയാകുന്നുഈ അഗ്നിയിൽ ദേവന്മാർ രേതസ്സിനെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് പുരുഷനുണ്ടാകുന്നുഅവൻ ആയുസ്സുള്ളിടത്തോളം കാലം ജീവിക്കുന്നുഅതിനുശേഷം അവൻ മരിക്കുമ്പോൾ അവനെ അഗ്നിയിലേക്കുതന്നെ കൊണ്ടുപോകുന്നു. അഗ്നിതന്നെ അവന് അഗ്നിയായി ഭവിക്കുന്നു. വിറകുതന്നെ വിറക്പുകതന്നെ പുക. തീജ്ജ്വാലതന്നെ ജ്വാലതീക്കനൽ തന്നെ കനൽതീപ്പൊരികൾ തന്നെ തീപ്പൊരി. ഈ അഗ്നിയിൽ ദേവന്മാർ പുരുഷന്മാരെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് ശോഭിക്കുന്ന നിറത്തോടുകൂടിയ  (സ്വർണ്ണവർണ്ണമുള്ള) പുരുഷനുണ്ടാകുന്നു.
പ്രകാശരൂപികളായി മാറുന്ന പുരുഷന്മാരിൽ ആര് എങ്ങനെ തിരിച്ചുവരുന്നു എന്ന് പറയുന്നു.
(ബൃ.6.2.16) യജ്ഞം കൊണ്ടും ദാനം കൊണ്ടും തപസ്സുകൊണ്ടും ലോകങ്ങളെ ജയിക്കുന്നവൻ ധൂമാദിദേവതയെ പ്രാപിക്കുന്നുധൂമത്തിൽ നിന്നും രാത്ര്യാഭിമാനി ദേവതയെയും അവിടെനിന്ന് കൃഷ്ണപക്ഷാഭിമാനിയെയും ദക്ഷിണായന  മാസങ്ങളെയും പ്രാപിച്ചിട്ട് പിതൃലോകത്തിലെത്തുന്നുപിന്നെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. (അമ്പിളിമാമനല്ല- സമഷ്ടിമനസ്സിന്റെ ഒരു മായികലോകം.) അവിടെവെച്ച് അന്നമായി മാറുന്നു. ( ചോറല്ല ‌– ലോകപോഷണത്തെ ഉളവാക്കുന്ന ജീവോർജ്ജം) സോമരസത്തെ പാനം ചെയ്യുന്നതുപോലെ ദേവന്മാർ അവിടെയെത്തിയിട്ടുള്ള ഈ പുരുഷന്മാരെ ഭക്ഷിക്കുന്നു (ഉപയോഗിക്കുന്നു).  അവരുടെ കർമ്മഫലം അവസാനിക്കുമ്പോൾ, ദേവന്മാർ അവരെ പ്രജകളാകുവാൻ യോഗ്യന്മാരാക്കി ആകാശത്തിൽ വിക്ഷേപിക്കുന്നുആകാശത്തിൽ നിന്ന് വായുവിലേക്കും  വായുവിൽ നിന്ന് മഴയിലേക്കും വന്നിട്ട് പ്രജയുടെ പ്രാഗ്രൂപമായ ലിംഗശരീരികൾ ഭൂമിയിൽ എത്തുന്നുഭൂമിയിൽ അവർ (അവർക്കിണങ്ങുന്ന മാതാപിതാക്കന്മാരുടെ) അന്നമായിത്തീരുന്നുഅവർ പിന്നെയും പുരുഷനാകുന്ന അഗ്നിയിൽ ഹോമിക്കപ്പെടുന്നു. പിന്നീട് സ്ത്രീയാകുന്ന അഗ്നിയിലുംഅവിടെനിന്നും  ലോകങ്ങളെ പ്രാപിക്കാനുള്ള കർമ്മങ്ങൾ ചെയ്യാനായി മാതൃയോനിയിൽനിന്നും പ്രജയായി  പ്രസവിക്കപ്പെടുന്നുജ്ഞാനകർമ്മങ്ങളുടെ ഫലമായി  ഉത്തരായണമാർഗ്ഗത്തിലുടെ പോകുവാനുള്ള അർഹത നേടുന്നതുവരെ ഇങ്ങനെ സംസാരത്തിൽ ചിറ്റിക്കൊണ്ടിരിക്കുന്നു.
ആത്മാവ് ഈ ഭൂമിയിൽ എങ്ങനെ ചുറ്റിത്തിരിയുന്നു എന്ന്   സൂക്ഷ്മമായി ചിന്തിച്ചാൽ മനസ്സിലാക്കാം എന്നു കരുതുന്നു.  ആത്മാവിന്റെ  വഴികളും സ്റ്റോപ്പുകളും വിശദീകരിക്കുകയാണെങ്കിൽ  പോസ്റ്റ് ഇനിയും   വിപുലീകരിക്കേണ്ടിവരും. 
ഇവിടെ ഇനി ഹൈന്ദവ വിശ്വാസത്തിലെ  സംശയങ്ങൾക്ക്  എന്തെങ്കിലും പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല.  മറ്റു മതങ്ങൾ  എന്തു പറയുന്നു എന്നറിയാൻ  താല്പര്യമുണ്ട്.



Monday, January 24, 2011

പുനർജന്മം


പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല. മരിക്കുന്നയാൾ അനിശ്ചിതദൈർഘ്യമുള്ള ഒരു അചേതനകാലസന്ധിക്കുശേഷം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയെന്നത് സംഭവിക്കുമെങ്കിൽ, മോക്ഷം നേടും വരെ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും കഴിഞ്ഞുകൂടാമെന്നതും സംഭാവ്യമാണ്.

പരമാത്മാവിൽ നിന്നും നേരിട്ട് ജനിക്കുന്ന ആദ്യത്തെ ഒരു ജീവാത്മാവിന് പരമാത്മാവിനു കല്പിച്ചിട്ടുള്ള ശുദ്ധിയുണ്ടായിരുന്നിരിക്കേണ്ടതല്ലെ. ആ ജീവി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിച്ചാൽ കളങ്കമില്ലാത്ത ഒരത്മാവായിരിക്കും അവസാനം ബാക്കിയാവുന്നത്. വിചാരണ, നരകം തുടങ്ങിയവയെല്ലാം പിന്നെന്തിന്.
ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ? ഹിന്ദുവിന്റെ ഈശ്വരനെ ഈ ആരോപണം സ്പർശിക്കുകയില്ല. ഹിന്ദുവിന്റെ പുനർജന്മസിദ്ധാന്തം ജഗന്നിയന്താവായ ഈശ്വരനെ ഒരു ദുരാരോപണത്തിൽ നിന്നും രക്ഷിച്ചു മാനിക്കുന്നുണ്ടെന്നുകൂടി സൂചിപ്പിക്കട്ടെ. ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്. നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. “ഉദ്ധരേദാത്മനാത്മാനം” (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ മുദ്രാവാക്യമാണ്.
പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്.

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്.

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്.
ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ?
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത്? ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
“പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം.”
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്റെ-പിതാവിന്റെ- ശരീരത്തിൽ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവർത്തിച്ചു.
ജന്മത്തിനു മുമ്പ് ജീവാത്മാവ് എവിടെ ആയിരുന്നു?
ഇതിനെപ്പറ്റി വിഭിന്ന സമൂഹങ്ങളിൽ വിഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ചിലർ അനാദിയാണ് ജീവാത്മാവെന്ന് അംഗീകരിക്കുന്നില്ല. ജീവാത്മാവ് ഉണ്ടാകുന്നതാണെന്നാണ് അവരുടെ മതം. എപ്പോൾ, എവിടെ, എവിടെനിന്ന് എന്നീ ചോദ്യങ്ങൾക്കൊന്നും സ്പഷ്ടമായ ഉത്തരം നൽകുകയില്ല. അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല. മാതാപിതാക്കളിൽ അങ്കുരിക്കുന്നതിനും വളരെ മുൻപിലേക്ക് അന്വേഷണം കൊണ്ടുപോകണം. ഒരു ഉദാഹരണം കൂടി : ഒരു വിദ്യാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു വിദ്യാർത്ഥികളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് പള്ളിക്കൂടത്തിൽ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ വിദ്യാലയത്തിന്റെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്.
മരണാനന്തരം:
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാം മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു. പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.

ശരീരം മൃതമാകുമ്പോൾ ജീവാത്മാവും കൂടെച്ചാകുമോ അതോ ശരീരം വിട്ട് വെളിയിൽ പോകുമോ? സാമാന്യ ജനങ്ങളുടെ സങ്കല്പവും വിശ്വാസവും മരണത്തെത്തുടർന്ന് ജീവാത്മാവ് ശരീരം വിട്ട് വെളിയിൽ എവിടെയോ പോകുന്നു എന്നാണ്. എന്നാൽ ദാർശനികർക്കിടയിലും ഇതിനെപ്പറ്റി അഭിപ്രായഭേദമുണ്ട്. ശരീരത്തിന്റെ അവയവങ്ങളും നാഡീ-മാംസ വ്യവസ്ഥകളും കൂടിച്ചേർന്ന യാന്ത്രികക്കൂടിന്റെ പേരാണ് ജീവാത്മാവെന്ന് അവരിൽ ചിലർ കരുതുന്നു. ആ കൂട്ടായ്മ വേർപ്പെട്ട് ഉടഞ്ഞു തകരുന്നതാണ് മരണമെന്നും പറയുന്നു. അപ്പോൾ മരണത്തോടെ ആത്മാവും ഇല്ലാതാകും. പ്രാചീന ചാർവകന്മാരായ നാസ്തികർ പറയും പോലെ “ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ”- [ചാരമായ ദേഹമുണ്ടോ തിരിച്ചു വരുന്നു.]

ഇതാണ് ആത്മാവിന്റെ അവസ്ഥയെങ്കിൽ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
പൂർവ്വികരായ മനീഷികളുടെ വാക്കുകളെല്ലാം തന്നെ തള്ളിക്കളയാനുള്ളതല്ല. ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കാം.
“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]
“ചരാചരവ്യപാശ്രയസ്തു സ്യാത് തദ് വ്യപദേശോ ഭക്തസ്തദ്ഭാവിത്വാത് “
[ചരാചരഭൂതങ്ങളിൽ ജനനമരണം കാണാറുള്ളത് ജീവനെ സംബന്ധിച്ച് പ്രധാനമല്ല. ഇന്നാരു മരിച്ച് ഇന്നാർക്ക് ജനിച്ചു എന്നത് ഉപചാരഭാഷയാണ്.]
“നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ”
[ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല. എന്തെന്നാൽ ശ്രുതിയൊന്നും അങ്ങനെ പറയുന്നില്ല. ശ്രുതിയിൽ ആത്മാവിന്റെ നിത്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.]
“ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.”
[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]
“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
“ന വാ അരേfഹം മോഹം ബ്രയീഭ്യവിനാശീ വാ അരേfയമാത്മാfനുച്ഛിത്തിധർമാ”
[യാജ്ഞവല്ക്യൻ മൈത്രേയിയോടു പറയുന്നു: എടോ! ഞാൻ വെറുതെ ഒന്നും പറയുകയില്ല. ഈ ആത്മാവ് നാശരഹിതമാണ്. അതിന്റെ ഖണ്ഡനം നടപ്പില്ല.]
അഖണ്ഡവസ്തു അവിനാശി ആയിരിക്കും. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ. സ്ഥൂലശരീരത്തിന്റെ വിനാശത്താൽ ആത്മാവ് നശിക്കുകയില്ല എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല.
പുനർജന്മം :
ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ലെന്ന് ഇതിനു മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും. ചിലർക്ക് ഈ ആശയം അസ്വീകാര്യമാണ്. അവർ ഉന്നയിക്കുന്ന ആക്ഷേപം ജീവാത്മാവിന്റെ ജ്ഞാനഗുണത്തെ സംബന്ധിച്ചാണ്. നവജാതശിശുവിന് ജ്ഞാനം ഒട്ടുമില്ലെന്നും, അത് പതുക്കെ വൃദ്ധിപ്രാപിക്കുന്നതുമാണെന്നതാണ് അവരുടെ ന്യായം. ഇതിലും അല്പം അബദ്ധമുണ്ട്. എത്ര ചെറിയ ശിശുവാണെങ്കിലും അല്പമെങ്കിലും ജ്ഞാനത്തിന്റെ അംശം ഉണ്ടായിരിക്കും. ചില ശാസ്ത്രജ്ഞർ നവജാത ശിശു അല്പം അനുഭവ പരിചയവുമായാണ് ജനിക്കുന്നത് എന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ആത്മാവ് എന്ന സംജ്ഞയെ തീരെ സ്വീകാര്യമല്ല. കുഞ്ഞുങ്ങൾ പഴയ സംസ്കാരത്തെയും കൂട്ടിയാണ് ജന്മമെടുക്കുന്നതെന്നു അംഗീകരിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരമാണുക്കൾക്ക് ഈ സംസ്കാരം കൊണ്ടുവരാനാവുകയില്ല എന്നാണ് പൌരാണികശാസ്ത്രം സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ മുലപ്പാൽ നുകരുവാനുള്ള വാസന, സ്മരണയെന്ന ജ്ഞാനം എന്നിവ ഭൌതികമല്ല, ആത്മസംബന്ധിതങ്ങളാണ്.

ജീവൻ അനാദിയും അമർത്യവുമാണെങ്കിൽ അതിനുണ്ടാകുന്ന ശരീരബന്ധം ആകസ്മികമോ സ്വാഭാവികമോ എന്നതാണ് അടുത്ത സംശയം. അനന്തകാലപ്രവാഹത്തിനിടെ ആയിരം വർഷം ജീവിക്കുന്ന ഒരു

ജീവിയുടെ ആയുസ്സും ക്ഷണികമാണ്. ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല. ചിലർക്ക് ജീവിതം രണ്ടുനാളേ ഉണ്ടായിരിക്കുകയുള്ളൂ. ചിലർ നാലോ നാല്പതോ എൺപതോ വർഷം ജീവിക്കും. അപൂർവ്വം പേർ എൺപതും കടക്കാറുണ്ട്. നിത്യസ്വർഗ്ഗം നിത്യനരകം എന്നിവ ധർമ്മാധർമ്മങ്ങൾ തിരിച്ചറിയാത്ത പ്രായത്തിൽ അറിവില്ലാതെ നന്മയോ തിന്മയോ ചെയ്ത കുട്ടിക്ക് ലഭിക്കുമെങ്കിൽ ആ വിശ്വാസം അബദ്ധജടിലമാണ്. മാനവബുദ്ധി സത്യാസത്യ നിർണയത്തിനായി ചമച്ചതാണെങ്കിൽ അത് ഒരിക്കലും അബദ്ധങ്ങളെ സ്വീകരിക്കുകയില്ല.

വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.

ചിലർ പുനർജന്മവിശ്വാസികളല്ല. ഇതിനൊരു തെളിവും പ്രമാണവും ഇല്ലെന്ന് അവർ പറയുന്നു. നിരവധി ഊഹാപോഹാ‍ധിഷ്ഠിതമായ വാദങ്ങൾ അവർ ഉന്നയിക്കാറുണ്ട്. ഒരു ബാലന് ഉണ്ടായിരുന്ന രൂപമോ സ്വഭാവമോ ജ്ഞാനമോ ഇച്ഛയോ പ്രവൃത്തികളോ വൃദ്ധാവസ്ഥയിലില്ല. പക്ഷേ ‘ഞാൻ‘ ഞാനല്ല എന്നു പറയുവാൻ ബാലനയിരുന്ന ‘ഞാൻ‘ വൃദ്ധാവസ്ഥയിലായാലും സാധ്യമല്ല. ബാലനായിരുന്ന ഞാനാണ് വൃദ്ധനായ ഞാൻ ആയത്. ഈ സ്മരണ ജീവിതത്തിൽ സദാ ഉണ്ടായിരിക്കും. ചെറുപ്പത്തിൽ കണ്ടത് വാർദ്ധക്യത്തിൽ ഓർക്കണമെങ്കിൽ ഓർക്കുന്നത് മാറ്റം വന്ന ശരീരമായിരിക്കില്ല. അതിനെ അധിവസിക്കുന്ന ആത്മാവാണെന്നത് സ്വതഃസിദ്ധമാകുന്നു. അതുകൊണ്ടാണ് ഒരുകാലത്തും ആളുകൾ പുനർജന്മത്തെ തീർത്തും നിരാകരിക്കാത്തത്.

ഓർമ്മയുടെ അഭാവമാണ് പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നുപോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. അതിനാൽ സ്മരണയുടെ അഭാവം ഏതെങ്കിലും ഇല്ലായ്മയുടെ കാരണമാകുകയില്ല. ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുകയില്ല. അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. കഴിഞ്ഞവർഷം ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ / സംഭവത്തിന്റെ അഭാവസൂചകമല്ല. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. ഓർമ്മയില്ല എന്ന കാരണത്താൽ നിഷേധിക്കേണ്ട കാര്യമില്ല എന്നു വ്യക്തമാക്കാനായിരുന്നു ഇത്രയും ശ്രമിച്ചത്.

പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കാവുന്ന ചില തെളിവുകൾ ഉണ്ടായിട്ടും ചിലർ അത് വിശ്വസിക്കുകയില്ല  എന്നു മാത്രമല്ല, ഞങ്ങളുടെ മതഗ്രന്ഥത്തിൽ  പറയാത്തതുകൊണ്ട്    അത്  വിശ്വസിക്കാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധിയും ഉണ്ട്.                                                            (1) രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ വെറ്റിയേറ്റു മരിച്ചുപോയ ജയിംസിന്റെ  ഓർമ്മകൾ  പുനർജനിച്ച  ‘ജയിംസ് ‘ ഓർക്കുന്നു.  വീഡിയോ  ഇവിടെയും ,  ഇവിടെയും -  വാർത്ത ഇവിടെയും.                                   (2)  Brian Weiss ന്റെ  ഭൂതകാല ജന്മസ്മരണകളെക്കുറിച്ചുള്ള  പരീക്ഷണത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ  ‘കാതറിൻ‘ എന്ന പെൺകുട്ടി  4000 വർഷത്തെ ഓർമ്മകൾ  മനശാസ്ത്ര വിശകലനത്തിലൂടെ വെളിപ്പെടുത്തി.  വാർത്ത  ഇവിടെ. വീഡിയോ ഇവിടെ.  ഇതുപോലുള്ള നിരവധി  വാർത്തകൾ ഉണ്ടായിട്ടും  ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലാണ് ചിലരെല്ലാം.

നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്. ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.
-----------------------------------------------------------------------
[ഇതിനു മുമ്പിലത്തെ “ഭ്രൂണശാസ്ത്രം  ഒരു ഭാരതീയ പഠനം” എന്ന പോസ്റ്റും അതിലെ ചില കമന്റുകളും വായിച്ചാൽ മാത്രമെ ഇങ്ങനെ ഒരു പോസ്റ്റ്  എന്തിന് എഴുതി എന്നു മനസ്സിലാവുകയുള്ളൂ.]

Tuesday, January 11, 2011

‘ഭ്രൂണശാസ്ത്രം‘ ഒരു ഭാരതീയ പഠനം

ജനിതകത്തെക്കുറിച്ച് അല്പം എഴുതാം എന്നു ചിന്തിച്ചത്, ഈ ശാസ്ത്രത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയെന്ന ധാരണയാലൊന്നുമല്ല. ജനിതകശാസ്ത്രസംബന്ധിയായ എന്റെ ചില സംശയങ്ങൾ പങ്കുവെക്കുക മാത്രമാണ് ഉദ്ദേശിച്ചത്. ജനിതകശാസ്ത്രം ഇന്ന് ‘സ്റ്റെംസെൽ‘ പരീക്ഷണങ്ങളിലൂടെ കൃത്രിമ അവയവങ്ങൾ (ശരീരഭാഗങ്ങൾ) സൃഷ്ടിക്കാനുള്ള പരിക്ഷണം വരെ എത്തി നിൽക്കുന്നു. അത് പ്രതീക്ഷക്കനുസരിച്ച് പരീക്ഷണശാലയിൽ നിന്നും ജനങ്ങളിലേക്കെത്തിയാൽ മനുഷ്യസമൂഹത്തിന് വലിയ നേട്ടമായിരിക്കും.

നമ്മുടെ  കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്.  സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ   രണ്ടു കോശങ്ങളിലെയും  23 വീതം ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന്   23 ജോഡിയുടെ  പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ  ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.)   അതിൽ ഒരു ജീവന് പ്രജയായി വളരുവാൻ വേണ്ട പാരമ്പര്യഗുണങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കും. ഈ ക്രോമസോമുകളുടെ തിരഞ്ഞെടുപ്പ് ആർക്കും ഇടപെടാനാവാത്തവിധം സങ്കീർണ്ണമായതിനാലാവാം അതിൽ ഒരു ദൈവീക പരിവേഷം പൌരാണികർ ചാർത്തിക്കൊടുത്തത്. ഒരു കോശത്തിലെ ക്രോമസോം കോംബിനേഷൻ 8 മില്ല്യൺ (2^23) (8,388,604) ആണെന്ന് ആധുനികശാസ്ത്രം പറയുന്നു. പിതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ അതുപോലെ മാതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ. അങ്ങനെ ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയത്ത് ഒരു പ്രജയുടെ സൃഷ്ടിയിൽ ആ പ്രജയുടെ തിരഞ്ഞെടുപ്പിന് 64 ട്രില്ല്യൺ സാധ്യതകൾ ഉണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ ഒരു ശരീരത്തിന് പാരമ്പര്യമായി ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെയെല്ലാം വന്നുചേരുന്നു എന്ന് തീരുമാനിക്കാൻ ആധുനികശാസ്ത്രത്തിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഈശ്വരവിശ്വാസി ദൈവീകം എന്നു പറയുന്നിടത്ത്, ഭൌതികവാദി യാദൃശ്ചികം എന്നു പറയും അത്രമാത്രം.

ആധുനികശാസ്ത്രം കണ്ടെത്തുന്നതിനും മുമ്പ്, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നുള്ള പ്രചരണങ്ങളും അതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറെ വർഷങ്ങളായി ബ്ലോഗ് ലോകത്തുണ്ട്. ഒരു ജീവി രൂപപ്പെടുമ്പോൾ എപ്പോഴാണ് അതിന് ജീവൻ ഉത്ഭവിക്കുന്നത് എന്ന വിഷയത്തിൽ ‘ഡോക്കിൻസ് നിരൂപണ‘ ത്തിലെ പോസ്റ്റിൽ ഒരു ചർച്ച കാണാനിടയായി. ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവൻ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം. ആധുനികശാസ്ത്രം അറിയുന്നവർ പറയുന്നത് ബീജവും അണ്ഡവും കൂടിച്ചേരുമ്പോൾ ജീവൻ ഉത്ഭവിക്കുന്നു എന്നാണ്.

തെറിച്ചു വീഴുന്ന ഒരു തുള്ളിയിൽ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യൻ ജനിക്കുന്നത് എന്ന് ഖുർആൻ പറയുന്നു. അത് ഗർഭപാത്രത്തിൽ ഒരു മംസപിണ്ഡമായി വളരാൻ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിർബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികർത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.

ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഭാരതത്തിലെ “മന്ദബുദ്ധികളായ സംസ്കൃതഗോത്രവർഗ്ഗക്കാർ” (അനാര്യനോട് കടപ്പാട്) പണ്ടെഴുതിക്കൂട്ടിയ വിവരക്കേടുകൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ചരകനും സുശ്രുതനും പകർന്നു തന്ന അറിവുകളിൽ ചിലത് ഇവിടെ പകർത്തിവെക്കാനുള്ള ശ്രമമാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി യോജിക്കാത്ത പലതും കാണും. ശാസ്ത്രം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ് എന്ന തത്ത്വം നിലനിൽക്കുമ്പോൾ തന്നെ, പഴയതിനെയെല്ലാം പുനർനിവ്വചിക്കേണ്ടതിനുപകരം അടിച്ചാക്ഷേപിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഇന്ന് ലഭ്യമായ ആയുർവ്വേദഗ്രന്ഥങ്ങളൊന്നും ബ്രഹ്മാവ് മുകളിൽ നിന്നും ഇറക്കിക്കൊടുത്തതാണെന്ന് ജ്ഞാനികളായ ഒരാളും വിശ്വസിക്കുന്നുണ്ടാവില്ല. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാകപ്പെട്ടുവന്നതാവാനുള്ള സാധ്യത തെളിഞ്ഞുകിടക്കുമ്പോൾ മാറ്റത്തെ ഉൾക്കൊള്ളാൻ അതിന് വിഷമവും കാണില്ല.

എല്ലാവിധത്തിലുള്ള ആനന്ദങ്ങളെക്കാളും ആഴത്തിൽ അനുഭവപ്പെടുന്നത് രതിസുഖമാണ്. രതിസുഖത്തിനുവേണ്ടിമാത്രമായിട്ടല്ല ദാമ്പത്യജീവിതം എന്ന് കരുതിയിരുന്ന ഭാരതീയ ഋഷിമാരുടെ ഉപദേശങ്ങൾ ഈ വിഷയത്തിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരാൻ നിമിത്തമായിട്ടുണ്ട്.

രതിക്രീഡയിലൂടെ ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു എന്നു ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അതിനുമുമ്പ്, അത് എന്തിനുവേണ്ടി എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കവികൾ കൂടിയായ ഋഷിമാർ ആലങ്കാരികമായ ഭാഷയിലാണ് ഈ പാഠങ്ങൾ പറഞ്ഞു തരുന്നത്. ഉപനിഷത്തിൽ എല്ലാ സർജ്ജനപ്രക്രിയകളെയും യജ്ഞമായിട്ടാണ് കരുതുന്നത്.

ആരാണോ പ്രജാതിയായറിഞ്ഞ് (ഉത്പാദനശക്തി) പ്രാണനെ ഉപാസിക്കുന്നത്, അവൻ സന്തതിയെക്കൊണ്ട് അഭിവൃദ്ധിയെ പ്രാപിക്കുന്നു. രേതസ്സ് തന്നെയാണ് പ്രജാതി. ദേഹം ശരീരമായി പ്രവർത്തിക്കുന്നത് അതിൽ പ്രാണന്റെ ആവാസം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്.

ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘സ്ഥാലീപാകവിധിപ്രകാരം വേണ്ടുന്ന സംസ്കാരം അനുഷ്ഠിച്ചതിനുശേഷം ശയനത്തിൽ (ബൃ. 6:4:20) മന്ത്രം ചൊല്ലി, ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാരാകണം എന്ന തീരുമാനത്തോടെയാണ് ദമ്പതികൾ മൈഥുനത്തിൽ ഏർപ്പെടേണ്ടതെന്ന് ഉപനിഷത് വ്യക്തമാക്കുന്നു.

ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. അപ്രകാരം അണ്ഡത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ, നനവുതട്ടിയ ഭൂമിയിൽ വീണ ഒരു വിത്തിൽ ഉറങ്ങിക്കിടക്കുന്ന ബീജമുണരുന്നതുപോലെ ജീവശക്തി ഉണർന്ന് തനിക്ക് ഉതകുന്നതായ ഒരു ശരീരത്തെ പിതൃബീജത്തിലും മാതൃബീജത്തിലും (അണ്ഡം) ഇരിക്കുന്ന കരുക്കളെ ചേർത്തിണക്കി ഒരു ശരീരത്തെ ആവിഷ്കരിക്കുന്നു.

‘എംബ്രിയോളജി’ എന്ന പാശ്ചാത്യ ഭ്രൂണശാസ്ത്രത്തിൽ വളരെ വിദഗ്ദമായ രീതിയിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഇന്ന് പല അത്ഭുതങ്ങളും ഈ വിഷയത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വാസ്തവം പറഞ്ഞാൽ നമ്മൾതന്നെയാണ് നമ്മുടെ സ്രഷ്ടാക്കൾ. അച്ഛന്റെയും അമ്മയുടെയും സ്റ്റോർ‌റൂമിൽ വേണ്ടതും വെണ്ടാത്തതുമായ പലതും അവരുടെ ക്രോമസോമുകളിൽ ചുരുട്ടിവെച്ചിട്ടുണ്ട്. അതിനിടയിൽ ചെന്നുപെടുന്ന ജീവൻ ബോധമോ ബുദ്ധിയോ വിവേകമോ ഒന്നും ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ ആർജിച്ച സംസ്കാരത്തിന്റെ കാന്തശക്തിയിൽ വേഗമിണങ്ങുന്ന കരുക്കളെ ഇണക്കിയെടുക്കുന്നു എന്നുമാത്രം. അതിനെ യാദൃശ്ചികമോ യാന്ത്രികമോ അല്ലാതാക്കുന്നതിനാണ് ഈശ്വരൻ കൂടി ബീജാണ്ഡസങ്കലനത്തിൽ ഒരു പങ്കാളിയാണെന്ന് പറഞ്ഞുപോരുന്നത്.

സാരംഗദേവന്റെ ‘സംഗീതരത്നാകരത്തിൽ’ നാദശ്രവണവും അതിലൂടെ വളരുന്ന സംസ്കാരവും വിവരിക്കുന്നതിനു മുമ്പ് ശരീരോത്പത്തിയും ഭ്രൂണശാസ്ത്രവും പറഞ്ഞു തുടങ്ങുന്നുണ്ട്. ചരകസംഹിതയെയും സുശ്രുതസംഹിതയെയും അവലംഭിച്ചാണ് ഗർഭത്തിന്റെ വൃത്തിക്രമം അദ്ദേഹം വിവരിച്ചിരിക്കുന്നത്.

ശുക്ലശോണിത സംയോഗത്താൽ ഭൂണം ഉണ്ടാകുന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല എന്ന വ്യാഖ്യാനം കാണാനിടയായി. ആ വരിമാത്രം വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ബീജം അണ്ഡവുമായി സംയോജിക്കുന്നതിനെ പലയിടത്തും ആർത്തവത്തിൽ കലർന്ന്, ബീജവുമായി ചേർന്ന്, രക്തത്തിൽ കലർന്ന് എന്നെല്ലാം കാണുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാവാതെ വാക്കിൽ മാത്രം പിടിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ ദോഷൈകദൃക്കുകൾക്ക് ഇത് ധാരാളം മതിയാകും.

ചരകസംഹിതയിലെ ‘ശാരീരസ്ഥാനത്തിലും’ ഇന്ദ്രിയസ്ഥാനത്തിലും’ (ഖുഡ്ഡീകാ ഗർഭാവക്രാന്തി ശാരീരം, മഹതീ ഗർഭാവക്രാന്തി ശാരീരം എന്നീ അദ്ധ്യായങ്ങളിൽ) ഗർഭാധാനത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ശുക്ലദോഷങ്ങളില്ലാത്ത പുരുഷനും, യോനിശോണിതദോഷങ്ങളൊന്നുമില്ലാത്ത സ്ത്രീയും, സ്ത്രീയുടെ ഋതുസ്നാനാനന്തരം ഇണചേരുമ്പോൾ ഗർഭാശയത്തിന്റെ ഉള്ളിൽ വച്ച് ശുക്ലശോണിതങ്ങൾ തമ്മിൽ കലരുകയും ആ ശുക്ലശോണിത സംയോഗത്തിൽ ഉൾപ്പെടുന്ന ബീജത്തിൽ മനസ്സിന്റെ പ്രവർത്തനത്തോടുകൂടിയ ജീവൻ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ ഗർഭം ഉണ്ടാകുന്നു.

പാശ്ചാത്യ ജനിതകശാസ്ത്രത്തിൽ പറയുന്നതുപോലെ മാതാപിതാക്കളിൽനിന്നുമാത്രം വരുന്ന ഒരു സങ്കരസൃഷ്ടിയല്ല ജീവൻ എന്ന് ചരകൻ വിശദമാക്കുന്നുണ്ട്. കുറച്ച് മാതാപിതാക്കന്മാരുടെ ജീവന്റെ ഇഷ്ടത്തിനനുസരിച്ചും, കുറച്ച് പൂർവജന്മാർജിത കർമ്മവശാലും, കുറച്ച് മനോബുദ്ധീന്ദ്രിയാദികളുടെ ശക്തിക്കനുസരിച്ചും ഗർഭത്തിന്റെ പ്രവർത്തനം ഉണ്ടാകുന്നു എന്ന് അദ്ദേഹം കരുതുന്നു. സുഖദുഃഖങ്ങൾക്ക് കർത്താവ് ആത്മാവല്ലാതെ മറ്റാരുമല്ല എന്ന് ചരകൻ അഭിപ്രായപ്പെടുന്നു. ഗർഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗർഭത്തിൽ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്. ആത്മജന്യമായി എന്തെല്ലാം ഉണ്ടാകുന്നു എന്ന് ചരകൻ പറയുന്നു: കർമ്മാനുസാരം ലഭിച്ചിട്ടുള്ള യോനിയിൽ ഉള്ള ജനനം, ആയുസ്സ്, ആത്മജ്ഞാനം, മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ, അപാനൻ, പ്രേരണ, ശരീരധാരണ, ആകൃതിഭേദം, സ്വരഭേദം, വർണ്ണഭേദം, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, ചേതന, ധൃതി, ബുദ്ധി, സ്മൃതി, അഹങ്കാരം, പ്രയത്നം എന്നീ ഭാവങ്ങളെയെല്ലാം ചേർത്ത് ഒരു വ്യക്തിയുടെ ലക്ഷണത്തെ ആവിഷ്കരിക്കുന്നത് പൂർവികമായ ജന്മത്തിന്റെ തുടർച്ചയെന്നതുപോലെയാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിക്കുന്ന ഗുണത്രയങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെയും പൂർവജന്മത്തിൽ നിന്നും വരുന്നതായി കണക്കാക്കുന്നു.

പുരുഷശരീരത്തിൽ ശുക്ലത്തിൽ കലർന്നിരിക്കുന്ന നവജീവനും സ്ത്രീയോനിയിൽ പ്രജാസൃഷ്ടിക്കായി കാത്തിരിക്കുന്ന അണ്ഡവും അയസ്കാന്തങ്ങളെപ്പോലെ അന്യോന്യാകർഷണമുള്ളതാകയാൽ സ്ത്രീപുരുഷന്മാരുടെ ഇടയിൽ മൈഥുനാസക്തി ഉണ്ടായി. രതിക്രീഡയിൽ ശുക്ലം ആർത്തവത്തിൽ കലർന്ന് പുരുഷബീജം അണ്ഡത്തെ പ്രാപിക്കുന്നു. ആദ്യത്തെ മാസത്തിൽ നിരന്തരമായി വികാസത്തെ പ്രപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ‘കല്ലം’ എന്നു പറയുന്നു. ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാർക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാൻ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല. രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്

മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു. പഞ്ചഭൂതങ്ങളിൽ അത്യന്തം സൂക്ഷ്മമായ ആകാശം മുതൽ പൃഥ്വിവരെയുള്ള ഭൂതവികാരം അനുസരിച്ച്, ആകാശത്തിന്റെ വികാരങ്ങളായ ശബ്ദം, ശ്രോത്രം, ലഘുതാ, വിവേകം എന്നിവയുടെ സൂക്ഷ്മഭാവങ്ങൾ ആദ്യം ഉണ്ടാകുന്നു. പിന്നെ വായുവിന്റെ വികാരങ്ങളായ സ്പർശേന്ദ്രിയം, രൂക്ഷത, പ്രേരണ, ധാതുരചന, ശരീരചേഷ്ടകൾ എന്നിവ ആവിർഭവിക്കുന്നു. അഗ്നിയുടെ വികാരമായ രൂപം, ദർശനേന്ദ്രിയം, പ്രകാശം, ജഠരാഗ്നി, ഉഷ്ണം എന്നിവയുണ്ടാകുന്നു. ജലത്തിന്റെ വികാരങ്ങളാ‍യ രസം, രസന, ശീതളത, മൃദുത്വം, സ്നിഗ്ദ്ധത, ക്ലേദം എന്നിവയുടെ സാധ്യതകൾ നിലവിൽ വരുന്നു. ഭൂമിയുടെ വികാരങ്ങളായ ഗന്ധം, ഘ്രാണം, കനം, സ്ഥിരത, മൂർത്തിത്വം എന്നിവയുണ്ടാകുന്നു. നാലാമത്തെ മാസത്തിൽ അംഗപ്രത്യംഗങ്ങളെല്ലാം കൂടുതൽ സ്പഷ്ടമായി ഭ്രൂണം പ്രജയായി മാറുമ്പോഴേക്കും ആ ശരീരത്തിന്റെ വൃത്തികളെ മുഴുവൻ ബാധിക്കുന്ന മനസ്സ് ജീവന്റെ പ്രത്യേക സ്വഭാവമായി വരുന്നു. അഞ്ചാമത്തെ മാസം‌മുതൽ സ്വപ്നവൃത്തിയെന്നതുപോലെ കുഞ്ഞിന് ഉണ്ടായി മറയുന്ന പ്രജ്ഞ അനുഭവമായിത്തീരും. ആറാമത്തെ മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖങ്ങൾ, തലമുടി, അവയവങ്ങൾ എല്ലാം കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ഏഴാമത്തെ മാസം എല്ലാ അവയവങ്ങളും പൂർത്തിയായതിനുശേഷം ഇരു കൈകൾകൊണ്ടും കാതിന്റെ ദ്വാരങ്ങൾ അടച്ച് തല കാലുകളുടെയിടയിൽ ഒതുക്കിവെച്ചുകൊണ്ട് കിടക്കുന്ന ശിശു അസ്വതന്ത്രത അനുഭവിച്ചു തുടങ്ങുന്നു. താൻ പൂർവജന്മത്തിൽ അനുഭവിച്ച പലമാതിരി ദുഃഖങ്ങളെ ഓർക്കുകയും സ്വാതന്ത്ര്യം ഇച്ഛിക്കുകയും ചെയ്യുന്നു. എട്ടാം മാസത്തിൽ ത്വക്ക് പൂർണ്ണത പ്രാപിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിനിടയിൽ സഞ്ചരിക്കുന്ന ഓജസ്സ് ജീവന് ശക്തിപകർന്നുകൊടുക്കുന്ന ഒരു വസ്തുവാണ്. അതിന്റെ സങ്കലനം പൂർണ്ണമാകുന്നതിനു മുൻപ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് മരിച്ചുപോകുകയോ അല്പായുസുള്ളതാവുകയോ ചെയ്യുന്നു. ഒൻപതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു. അതോടെ പ്രസവം നടക്കുന്നു

മാതൃഹൃദയത്തിലുണ്ടാകുന്ന ആനന്ദം തന്നെയാണ് ഗർഭസ്ഥശിശുവിന്റെയും ആനന്ദം. മാതാവിലും ശിശുവിലും ഉണ്ടായിരിക്കുന്ന ഹൃദയസ്പന്ദനത്തിന്റെ ഐക്യമാണ് അതിനു കാരണമായിരിക്കുന്നത്. അതുകൊണ്ട് ഗർഭിണിയായിരിക്കുന്ന സ്ത്രീയുടെ ഹിതങ്ങളെ മറ്റുള്ളവർ ആദരിക്കുകയും ആ ഹിതങ്ങളെ സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. മാതാവിൽകൂടി ശിശുവിനു ലഭിക്കുന്ന വൈകാരികവും വൈചാരികവും ശാരീരികവുമായ ആഘാതങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ വൈകല്യങ്ങൾ ഉണ്ടാക്കുവാനിടയുണ്ട്. ഗർഭിണി ഏതു സാഹചര്യത്തിൽ ജീവിക്കുന്നുവോ ആ സാഹചര്യം കുഞ്ഞിന്റെ സ്വഭാവത്തിൽ സവിശേഷതകൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അഭിമന്യു ഗർഭത്തിൽ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാൽ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

സുശ്രുതന്റെ ‘ഗർഭാവക്രാന്തി ശാരീരത്തിൽ’ ഗർഭസ്ഥശിശുവിന് പിതാവിൽനിന്നുണ്ടായിവരുന്നതും മാതാവിൽനിന്നുണ്ടായിവരുനതും രസത്തിൽ നിന്നുണ്ടായിവരുന്നതും ആത്മാവിൽനിന്നുണ്ടായിവരുന്നതും സത്വഗുണത്തിൽ നിന്നുണ്ടാകുന്നതും സ്വന്തമായുണ്ടാകുന്നതുമായ ശരീരലക്ഷണങ്ങൾ പറഞ്ഞിരിക്കുന്നു.

1. അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.

2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം.

3. രസത്തിൽനിന്നുണ്ടാകുന്നത് :- ശരീരപുഷ്ടി, ബലം, വർണ്ണം, നിലനില്പ്, നാശം മുതലായവ.

4. ആത്മാവിൽനിന്നും വരുന്നത് :- പതിനൊന്ന് ഇന്ദ്രിയങ്ങൾ, ജ്ഞാനം, വിജ്ഞാനം, ആയുസ്, സുഖം, ദുഃഖം.

5. സത്വഗുണത്തിൽ നിന്നുണ്ടായിവരുന്നത് :- ദയ, ദാനം, ക്ഷമ, സത്യം, ധർമ്മം, ഈശ്വരവിശ്വാസം, ജ്ഞാനം, ബുദ്ധിശക്തി, ഓർമ്മ, ധാരണാശക്തി, ദൃഢത മുതലായവ.

6. സ്വന്തമായുണ്ടാകുന്നത് :- വീര്യം, ആരോഗ്യം, ബലം, കാന്തി, ധാരണാശക്തി.

ആധുനികശാസ്ത്രം ഇതിനെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താൻ ഇന്ന് പര്യാപ്തമാണ്. അതുകൊണ്ട് പൌരാണികമായ ശരീരശാസ്ത്രത്തിന്റെ ഈ നിഗമനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു നിരിക്ഷണം നടത്താൻ പൌരാണികകാലത്ത് സാധ്യമല്ല എന്ന നിഷേധക്കുറിപ്പിനെങ്കിലും ഈ ഗ്രന്ഥങ്ങൾ സഹായകമാകും.

ഭഗവദ്‌ഗീതയിലെ ചില ശ്ലോകങ്ങൾ പകർത്തി ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കട്ടെ.

വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹീ.
[മനുഷ്യൻ എപ്രകാരം പഴയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോ, അപ്രകാരംതന്നെ ദേഹത്തോടുകൂടിയ ആത്മാവ് ജീർണ്ണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയതായ ശരീരങ്ങളെ പ്രാപിക്കുന്നു.]

ഒറ്റനോട്ടത്തിൽ ജനിക്കുന്നു മരിക്കുന്നു വീണ്ടും ജനിക്കുന്നു എന്നു തോന്നുന്ന ചാക്രികതയായി ഇതിനെ മനസ്സിലാക്കുമ്പോൾ, ജനിതകശാസ്ത്രം പറയുന്നതുപോലെ ശാരീരികമായ പാരമ്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ജനനമരണങ്ങളായി ഇതിനെ തെറ്റിദ്ധരിച്ചേക്കാം. ആത്മാവ് തിരിയെ എത്തി ശരീരത്തെ എടുക്കുന്നു എന്നതിനെക്കാൾ പ്രധാനം, തന്നിൽ (ജീവാത്മാവിൽ) വന്നു നിക്ഷിപ്തമാകുന്ന ജഡഭാവത്തെ ആത്മാവ് തള്ളിക്കളയുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പരിശുദ്ധമായ ആത്മാവിന് നവദ്വാരങ്ങളിലൂടെയും അഴുക്ക് പുറംതള്ളുന്ന ഒരു ശരീരത്തിനെ എത്രകാലം സഹിക്കാനാവും.

ശരീരം യദവാപ്നോതി യച്ചാപ്യുത് ക്രമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർഗ്ഗന്ധാനി വാശയാത്.
[ഈശ്വരൻ യാതൊരു ശരീരത്തെ പ്രാപിക്കുന്നുവോ ഏതൊന്നിനെ വിട്ടുപോവുകയും ചെയ്യുന്നുവോ അപ്പോൾ കാറ്റ് പുഷ്പത്തിൽ നിന്ന് ഗന്ധങ്ങളെയെന്നപൊലെ, ഇന്ദ്രിയാകർഷണ രൂപമായ ജീവന്റെ വാസനകളെ സ്വീകരിച്ചുകൊണ്ടു തന്നെ പോകുന്നു.]

ഇവിടെ ഈശ്വരൻ ജനിക്കുന്നു എന്നു പറയുന്നതായി തോന്നുന്നില്ലേ. അത് സെമിറ്റിക് മതങ്ങളിലെ ‘ഗോഡ്’ ആണ് ഈ ഈശ്വരൻ എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ്. പരമാണുമുതൽ ബ്രഹ്മാണ്ഡംവരെ സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരിക്കുന്ന സാർവത്രികമായ തത്ത്വമാണ് ഇവിടത്തെ ഈശ്വരൻ. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല. ജീവശരീരത്തിൽ നിന്നും ജീവനെ പിൻ‌വലിക്കുമ്പോൾ ആ ശരീരത്തിൽ വസിച്ചിരിക്കുന്ന ജീവി ഏതെല്ലാം ഗുണധർമ്മങ്ങളോടെ ഏതെല്ലാം സംസ്കാരത്തെ ആർജ്ജിച്ചുവോ, ആ സംസ്കാരത്തിന്റെ സാരാംശത്തെ, പുഷ്പത്തിന്റെ ഗന്ധത്തെ വായു എന്നപോലെ, ഈശ്വരൻ തന്നോടൊപ്പം കൊണ്ടുപോകുന്നു. ഇവിടെ ആത്മാവിനെത്തന്നെയാണ് ഈശ്വരൻ എന്നു പറഞ്ഞിരിക്കുന്നത്.

ഓരോ ജീവിക്കും ശാരീരികസത്തയോടു സംബന്ധമുള്ള (ജനിതകമായി ലഭിക്കുന്നത്) ഒരു വ്യക്തിത്വമുണ്ട്. അതുപോലെ തന്നെ പൂർവ്വികമായ കർമ്മപ്രവാഹമുള്ള അദ്ധ്യാത്മമായ ഒരു വ്യക്തിത്വവുമുണ്ട്. ഇതിനെ രണ്ടിനെയും ചേർത്താണ് ഭാരതീയ ശാസ്ത്രങ്ങളിൽ ശരീരോല്പത്തിയെക്കുറിച്ച് വിവരിക്കുന്നത്. പാശ്ചാത്യർ ശാരീരികമായ ഭൂതഭൌതികത മാത്രമെ പഠന വിഷയമാക്കിയിട്ടുള്ളൂ എന്നുമാത്രം.

ഭഗവദ്ഗീതയിൽ ആത്മാവ് മാത്രമാണ് ജീവിയായി ജനിക്കുന്നത് എന്ന സങ്കല്പം മാത്രമാണുള്ളത് എന്നായിരിക്കും എല്ലാവരും ധരിച്ചു വശായിരിക്കുന്നത്. ദേഹിയെ സംബന്ധിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ജനിതകശാസ്ത്രം കണ്ടുപിടിക്കുന്നതിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

യത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവ്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന.
[അല്ലയോ അർജ്ജുന, അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദേഹിക്ക് സിദ്ധമായിരുന്ന ആ ബുദ്ധിയോടുള്ള സംയോഗം ലഭിക്കുന്നു. അനന്തരം പിന്നെയും സമ്യക്-ദർശനസിദ്ധിക്കായിക്കൊണ്ട് യത്നിക്കുകയും ചെയ്യുന്നു.]

‘പൌർവ്വദേഹികം’ എന്നത് ഭൌതികശാസ്ത്രപ്രകാരം വ്യാഖ്യാനിക്കുമ്പോൾ വ്യക്തിയുടെ പരമ്പരയെ സംബന്ധിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ പരമ്പരാപ്രധാനമായ ഗുണധർമ്മങ്ങളെല്ലാം സാരവത്തായ രീതിയിൽ പുരുഷബീജത്തിലും സ്ത്രീയുടെ അണ്ഡത്തിലും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. (ഇവയെ ഉൾക്കൊള്ളുന്നത് ക്രോമസോമുകളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.) ഒരു ഭൂണം വളർന്ന് പുതിയ ജീവനായിട്ടു പുറത്തു വരുമ്പോൾ അതിൽ വാസനാരൂപത്തിലിരിക്കുന്ന പ്രവണതകളും പ്രേരണകളും ചേഷ്ടാശൈലിയും ആ ദേഹത്തിന്റെ ഉല്പത്തിക്ക് കാരണമായ പൂർവ്വദേഹികളോട് സംബന്ധപ്പെട്ടിരിക്കുന്നതായി പറയാം.

പൂർവ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ f പിസഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർത്തതേ.
[അവശനായിരുന്നാലും അവൻ നേരത്തെ ചെയ്തിട്ടുള്ള അഭ്യാസത്താൽ തന്നെ ആകർഷിക്കപ്പെടുന്നു. യോഗത്തെ അറിയാനാഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കും.]

വ്യഷ്ടിഗതമായ ജീവിതത്തിന്റെ ഒരംശം മാത്രമെ നാം കാണുന്നുള്ളൂ എന്നാണ് ഗീതാമതം. ഈ ജീവനിൽ കാണപ്പെടുന്നതായ വ്യക്തിത്വം പൊടുന്നനെ ഉണ്ടായതല്ലെന്നും, അതു പൊടുന്നനെ അവസാനിക്കുന്നില്ലെന്നും, അതിൽ ഒരിക്കൽ ആർജ്ജിച്ച അറിവും കഴിവും ശാരീരികമായ അവശതകൊണ്ടു മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും ഗീത സിദ്ധാന്തിക്കുന്നു.

പുനർജന്മസിദ്ധാന്തം പ്രാസംഗികമായി പലപ്പോഴും വരുന്നുണ്ട് എങ്കിലും, സൂക്ഷിച്ചു നോക്കുമ്പോൾ ഭഗവദ്ഗീത സാധാരണ അർത്ഥത്തിൽ പുനർജന്മത്തെ പിൻ‌താങ്ങുന്നില്ല എന്നു കാണാം. ജനിച്ചതൊക്കെ മരിക്കുകയും, മരിച്ചതൊക്കെ ജനിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോഴും ഇത് മനുഷ്യന്റെ മാത്രം തലമുറകളായി ലഭിക്കുന്ന പുനർജന്മമാണെന്നു കരുതിയാൽ അത് അന്ധവിശ്വാസമാകും. കഴിഞ്ഞ മഴക്കാലത്ത് മരിച്ചുപോയ മുത്തച്ഛൻ ഇതാ കാക്കയായി വന്നിരിക്കുന്നു. കണ്ടില്ലേ എന്തിഷ്ടത്തോടെയാണ് ബലിച്ചോറ് തിന്നുന്നത്. അതുപോലെ എന്റെ പേരക്കുട്ടി എന്റെ അച്ഛന്റെ പോലത്തന്നെ. ആ ഭാവവും ദേഷ്യവും എല്ലാം അതുപോലത്തന്നെ. അങ്ങനെയൊരു പുനർജന്മത്തെക്കുറിച്ചല്ല ഗീതയിലെ പരാമർശം. ചിജ്ജഡങ്ങൾ അന്യോന്യം കലർന്നു പല ജീവഭാവങ്ങൾ രൂപം കൊള്ളുന്നു. അതുകൊണ്ട് ജീവന്റെ ചാക്രികമായ പരിണാമത്തെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്.

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരംതപ.
[അല്ലയോ അർജ്ജുന, എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട്. അവയെ എല്ലാം ഞാൻ അറിയുന്നു. അർജ്ജുന, നീ അറിയുന്നില്ല.]
കൃഷ്ണൻ പരമാത്മാവും, അർജ്ജുനൻ ജീവാത്മാവും ആണെന്നു വ്യവഹരിക്കുകയും, ആ ജീവാത്മപരമാത്മാക്കളുടെ ഏകത പ്രസിദ്ധവുമാണ്. എങ്കിലും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന് മായ സ്വാധീനമാണ്. വ്യഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന അർജ്ജുനനെ മായ സ്വാധീനം ചെയ്യുന്നു. മായയുടെ സ്വാധീനമാണ് ശുദ്ധമായ ജ്ഞാനത്തെ മറയ്ക്കുന്നത്.

ഇങ്ങനെ പറയുമ്പോൾ മനസ്സിലാവുന്നില്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം. ഭഗവദ്‌ഗീതയിൽ മരണത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവിൽ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൌരഭ്യസമാനമായ സൂക്ഷ്മസ്വരൂപം മരണസമയത്ത് ഈശ്വരൻ തന്നിലേക്കുതന്നെ സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിർഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താൽത്തന്നെയാണ്. അതുകൊണ്ട് പൂർവ്വികമായ തന്റെ എല്ലാ കല്പനകളെയും ഈശ്വരൻ എന്ന നിലയ്ക്ക് ഭഗവാൻ അറിയുന്നുണ്ട്. എന്നാൽ ആ കല്പനയിൽ മാറിമാറി വരുന്ന ജീവാത്മാവ് മാത്രമായ അർജ്ജുനന് അത് അറിയാൻ കഴിയുന്നില്ല.

ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ പരമാത്മാവിനെക്കുറിച്ചു തന്നെയാണോ എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. എങ്കിലും എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി ചിത്രീകരിക്കാം എന്നതിനുള്ള സൂചനയായി ഇതിനെ കണക്കാക്കാം.

(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)

[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരത‌മ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]

Saturday, November 6, 2010

വൈദിക ദേവതകൾ




ദൈവവും ഈശ്വരനും  എങ്ങിനെ  ഉത്ഭവിച്ചു എന്നുള്ള അന്വേഷണം ഇവിടെ നിന്നും തുടങ്ങിയിരുന്നു.  ഇപ്പോൾ വൈദിക ദേവതകളെക്കുറിച്ചും  ഈശ്വരന്റെ തത്ത്വങ്ങൾ, സങ്കല്പങ്ങൾ വിഭൂതികൾ എന്നിവയെക്കുറിച്ചും  എനിക്ക് മനസ്സിലായത് ഇവിടെ പങ്കുവെക്കാൻ ശ്രമിക്കുകയാണ്.

ഹൈന്ദവ ദർശനങ്ങളിൽ  വിവിധ തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ ഉണ്ട്.   മറ്റു സെമിറ്റിക് മതവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും,  ഏകേശ്വര സങ്കല്പവും  വേദങ്ങളിൽ കാണുന്നുണ്ട്.  ദൈവത്തിനെ കണ്ടെത്താനുള്ള  ജ്ഞാനികളുടെ  അന്വേഷണങ്ങളിൽ,  ദ്വൈതദർശനത്തിൽ നിന്നും  ഉയർന്ന്  അദ്വൈതദർശനത്തിൽ  എത്തിനിൽക്കുന്നു;  ഭാരതീയ  ഈശ്വരസങ്കല്പം.   എല്ലാം ഒന്നായിക്കാണാനുള്ള  അറിവ്  സാമാന്യ ജനങ്ങൾക്കില്ലാത്തതുകൊണ്ട്   ഇന്നും   അനേക-മത-ദൈവ  വിശ്വാസം എല്ലായിടത്തും  നിലനിൽക്കുന്നു. 

 മുപ്പത്തുമുക്കോടി  ദൈവങ്ങളുള്ളതിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിട്ടുള്ളത് ത്രിമൂർത്തികൾക്കാണ്.  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരിൽ തന്നെ  ആർക്കാണ് ഏറ്റവും പ്രാധാന്യം  എന്നു ചോദിച്ചാൽ ഒരു ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കും.  മഹേശ്വരനെ സംഹാരശക്തിയായി കാണുമ്പോൾ തന്നെ ശിവന്റെയും പരാശക്തിയുടെയും സങ്കലനത്തിലൂടെയാണ് ജഗത് രൂപീകരണം നടന്നത് എന്ന  തത്ത്വവും നിലനിൽക്കുന്നു. വിശ്വപ്രപഞ്ചത്തിന്റെ മൂലകാരണം ജഡചേതനകളുടെ അന്യോന്യമുള്ള ആശ്ലേഷണമാണ്.  പ്രപഞ്ചത്തിന്റെ മൂലകാരണം ശിവനും, ശക്തിസ്വരൂപിണിയായ ദേവി പ്രപഞ്ചവുമാണ്.  ശിവശക്തി സംയോഗത്താലാണ് ഗജാനനായ ഗണേശന്റെ ജനനം സംഭവിച്ചത്.   ഗജം ജഗത്തിന്റെ വിപര്യയ രൂപവുമാണ്.  ജഗത്തിലെ  ഭൌതികമായ ഐശ്വര്യങ്ങൾ ഒരു  മനുഷ്യനെയും ആത്യന്തികമായി തൃപ്തിപ്പെടുത്തുകയില്ല.  ശിവപ്രാപ്തികൊണ്ടേ തൃപ്തിയടയൂ.  ശിവൻ മംഗളം നൽകുന്ന ശങ്കരനാണ്.”

വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്.  അവർ  8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്.  ബ്രഹദാരണ്യകോപനിഷത്തിൽ  303 എന്നും, 3003 എന്നും (ത്രയശ്ച ത്രീ ശതാ, ത്ര്യശ്ച ത്രീ ച സഹസ്രേതി)  കാണാം.  ചില ഋഗ്വേദസൂക്തങ്ങളിൽ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്നു.  ശതങ്ങൾ, സഹസ്രങ്ങൾ എന്നെല്ലാം പറയുന്നത് അനന്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ  പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന   വിരാട്പുരുഷന്റെ അവയവങ്ങളുടെ  കൃത്യമായ സംഖ്യയാവാൻ സാധ്യതയില്ല.  അങ്ങിനെയായാൽ  വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.

ഇതെല്ലാം സങ്കല്പങ്ങളും തത്ത്വങ്ങളും  ആണെന്നു പറയാൻ ശ്രമിച്ചാൽ, പിന്നെ ആരെല്ലാമാണ് 80 കോടി ജനങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ എന്ന ചോദ്യമായി.  അതുമാത്രമല്ല, അയോദ്ധ്യയിൽ പോയാൽ ദൈവത്തെ  കാണാൻ കഴിയും എന്നുള്ള നിർദ്ദേശം പോലും ഒരു ഹിന്ദു എന്ന് അവകാശപ്പെടുന്ന സുഹൃത്തിൽ നിന്നും വന്നു.  എന്തുകൊണ്ടോ പാൽകടലിൽ പോയി നോക്കാൻ  പറഞ്ഞില്ല.  അതുകൊണ്ട് എന്റെ അന്വേഷണം പാൽകടലിൽ നിന്നാവാം എന്നു തീരുമാനിച്ചു.

(തുടരും)

Monday, October 11, 2010

കാളി തത്ത്വം




ഭാരതത്തിലെ ഈശ്വരസങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.

മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കുന്നു.

ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.   ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

(  ദുർഗ്ഗ എന്ന അമ്മയെക്കുറിച്ച് പഴയ ഒരു പോസ്റ്റ് .)

Sunday, February 14, 2010

പത്രോസിന് തെറ്റ് പറ്റിയിട്ടില്ല.

[പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ എന്ന പോസ്റ്റിന് സജി എഴുതിയ വിശദീകരണത്തിൽ നിന്നും ആശയം സ്വീകരിച്ച് ബൈബിളുമായി ഗീതയിലൂടെ ഒരു യാത്ര. ഈ പോസ്റ്റ് വായിക്കുന്നതിനുമുമ്പ് ഇതിനു മുമ്പിലത്തെ പോസ്റ്റും, അതിലെ സജിയുടെ കമന്റും വായിക്കുക.]

വഴിതെറ്റി പോകുന്ന കുഞ്ഞാടുകൾക്ക് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജന്മരഹസ്യം. ജ്ഞാനം എങ്ങിനെ അനുഭവിക്കാം എന്നും ജ്ഞാനി എങ്ങിനെ മാർഗ്ഗദർശിയാകണമെന്നും ക്രിസ്തുവും കൃഷ്ണനും സ്വധർമ്മത്തിലൂടെ കാണിച്ചു കൊടുക്കുന്നു. ധർമ്മസംരക്ഷണമായിരുന്നു കൃഷ്ണാവതാരലക്ഷ്യം എന്നാണ് സങ്കല്പം.

യേശുദേവൻ ജ്ഞാനിയായ ഒരു ഗുരുവാണ്. അതുകൊണ്ടുതന്നെ ‘റബ്ബീ’ എന്ന സംബോധന തികച്ചും അർഹിക്കുന്നുണ്ട്. ബ്രഹ്മജ്ഞാനിയായ ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്നാണ് കൃഷ്ണനും അർജ്ജുനനോട് സംവദിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികമായ ചിന്തക്കും അതീതമായ മനസ്സിന്റെ ഗൂഢതലങ്ങളെ വെളിവാക്കിത്തരികയാണ് ഈ ഗുരു-ശിഷ്യ സംവാദത്തിലൂടെ.

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”. മനുഷ്യനെ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു യേശുദേവന്റെ കർമ്മം.

‘പരിത്രാണായ സാധൂനാം’ - ‘അഹം സംഭവാമി’ എന്നാണ് ഗീത പറയുന്നത്.

സാധുക്കളെ രക്ഷിക്കാനായി ആണ് യുഗം തോറും ഇങ്ങനെ സംഭവിക്കുന്നത്. ‘സാധുക്കൾ’ എന്നു പറയുന്നത്, അവശതയനുഭവിക്കുന്ന സഹായം ആവശ്യമായ വിഭാഗങ്ങളെയല്ല. ‘സാധുക്കൾ’ എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവൻ വെടിഞ്ഞും കർത്തവ്യമനുഷ്ടിക്കുന്നവർ. ജീവൻ വെടിയുക എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ശരീരം വെടിഞ്ഞും കർമ്മം ചെയ്യുക എന്നാണ്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം അനുഷ്ഠിക്കുമ്പോൾ മരിച്ചുപോകുമെന്നറിഞ്ഞാലും പിന്തിരിയാത്തവർ.

താൻ കൊല്ലപ്പെടുമെന്ന് യേശു പ്രവചിച്ചപ്പോൾ; അങ്ങിനെ സംഭവിക്കരുതേ എന്ന് പത്രോസ് പ്രാർത്ഥിക്കുന്നു. അതിന് യേശുവിന്റെ പ്രതികരണം : “നീ ദൈവത്തിന്റേതല്ല, മനുഷ്യരുടെതത്രെ കരുതുന്നത് “ എന്നായിരുന്നു. അതായത് പത്രോസ് ഇപ്പോഴും മനുഷ്യ കർമ്മബന്ധങ്ങളിൽ നിന്നും മോചനമില്ലാതെ അതിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു ജ്ഞാനിക്കു വേണ്ട ഗുണങ്ങൾ തികഞ്ഞിട്ടില്ല എന്ന് യേശു മനസ്സിലാക്കിയിരിക്കുന്നു.

‘സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണംവ്രജ’

നീ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. നാനാത്വത്തിൽ നിന്നും ഏകത്വത്തിലേക്ക് വരുമ്പോൾ മാത്രമെ ആത്മസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ.

യേശു പറയുന്നു : “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.

എല്ലാ കുരിശും ഒഴിവാക്കി ഒരു മരക്കുരിശും എടുത്ത് യേശുവിന്റെ പിന്നാലെ ചെല്ലാൻ പറഞ്ഞതാണോ എന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അത്ര നിസ്സാരമായി കാണാവുന്നതല്ല ഈ കുരിശ്. ആത്മത്യാഗം എന്നു പറയുന്നത് ജീവൻ വെടിയലല്ല. ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട് അറിഞ്ഞ്, അതിന്റെ നിറവേറലിനുവേണ്ടി ഉത്തരവാദിത്തത്തോടെ ഊണിലും ഉറക്കത്തിലും, രാത്രിയും പകലും, തന്നെ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ തീരുമാനിക്കുമ്പോൾ മനസ്സിന് ചാഞ്ചല്യം ഉണ്ടാകരുത്‌.

ഒരു ജ്ഞാനി  ത്യജിക്കേണ്ടത് എന്തെല്ലാമാണ്.

“അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേനഛിത്വാ”.

വേരുറച്ചുപോയ ഈ സംസാരമാകുന്ന അശ്വത്ഥത്തെ  ബലപ്പെടുത്തിയ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് മുറിച്ചു കളയണം എന്നാണ് ഗീതാചാര്യൻ പറയുന്നത്.

ഈ ഭൂലോകത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യ ജീവിതത്തോട് അനുബന്ധമായിട്ടുള്ള കർമ്മത്തിന്റെ വേരുകൾ ദാക്ഷിണ്യമില്ലാതെ മുറിച്ചു കളയണം. എങ്കിൽ മാത്രമെ ബ്രഹ്മജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. ‘വൈരാഗ്യം’ എന്നാൽ, അനിത്യമായ വസ്തുവിനോടുള്ള വിരക്തി. പുത്രൻ, ധനം, മിത്രം എന്നിവയിലെല്ലാമുള്ള വിരക്തി. നിത്യമായ വസ്തു ഒന്നു മാത്രമെയുള്ളൂ. ആ വസ്തുവിനു നേരെ മനോബുദ്ധികളെ വ്യാപരിപ്പിക്കുന്ന ഭാവത്തെ ‘വൈരാഗ്യം’ എന്നു പറയാം.

‘വാൾ’ സാധാരണ കഥകളിൽ പ്രതികാരത്തിന്റെ പ്രതീകമാണ്. എന്നാൽ അദ്ധ്യാത്മഗ്രന്ഥങ്ങളിൽ അത് ബലിദാനത്തിന്റെ പ്രതീകമാണ്. പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്.

ഈ ബൈബിൾ വചനം വായിക്കൂ :

“ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത് “.

“എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും”.

ഗീതയിലെ ആശയം പോലെ, അസംഗമാകുന്ന വാളുകൊണ്ട് മനുഷ്യബന്ധങ്ങളെയും കർമ്മബന്ധങ്ങളെയും അറുത്തുകളയണം എന്ന ദൃഢമായ തീരുമാനം ഉണ്ടാകണം എന്നു തെന്നെയാണ് യേശു പ്രസ്താവിക്കുന്നത്.

ഇതെല്ലാം അസാദ്ധ്യമായ കാര്യങ്ങളല്ലെ എന്ന സംശയം ഉണ്ടാകാം. കർമ്മ ബന്ധങ്ങളിൽ ചുറ്റിവരിഞ്ഞു ജീവിക്കുന്നവർക്ക് ഒരിക്കലും സാദ്ധ്യമല്ല. പരമാത്മസത്യം അറിയാൻ ദൃഢനിശ്ചയം എടുത്തിട്ടുള്ളവർക്ക് അസാധ്യമായി ഒന്നുമില്ല.

മനുഷ്യബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളുണ്ടായിട്ടും, രാത്രിയിൽ തന്റെ പിതാവിനെയും, കപിലവസ്തുവിന്റെ ചെങ്കോലിനെയും, അന്തഃപുരത്തിലെ സുന്ദരികളെയും, പൂർണ്ണഗർഭിണിയായ ഭാര്യയെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് പോകുന്നതിനെ, സിദ്ധാർത്ഥന്റെ ഏറ്റവും ധാർമ്മികമായ കർമ്മമായി ബുദ്ധമതം പ്രശംസിക്കുന്നു.

നാണു ആശാനിൽ നിന്നും, ശ്രീനാരായണ ഗുരുദേവനിലേക്കുള്ള യാത്രയിൽ, ഭാര്യയെയും, അച്ഛനെയും, അമ്മയെയും ബന്ധിപ്പിക്കുന്ന വേരുകൾ അസംഗനായി അറുത്തു കളഞ്ഞാണ് ഒരു മൂന്നാം യാമത്തിൽ അദ്ദേഹവും യാത്ര തുടങ്ങിയത്.

മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരം എന്ന യുദ്ധത്തിലേക്കിറങ്ങിയത്, ഭഗവദ്ഗീതയിൽ നിന്നും ‘സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും സമമായിക്കണ്ട്, നിഷ്കാമകർമ്മം ചെയ്യണം എന്ന തത്ത്വത്തെ അംഗീകരിച്ചുകൊണ്ടാണ്.

‘രാഗ ഭയ ക്രോധം‘ ഇല്ലാത്ത അവസ്ഥയാണ് ബ്രഹ്മജ്ഞാനിയുടേത്. ആ വ്യക്തി പരംപൊരുളിന്റെ അനിഷേധ്യമായ ആനന്ദത്തെ എപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു. അഭയമാണ് ബ്രഹ്മസ്വരൂപം.

നിയമം കൊണ്ടോ, അധികാരം കൊണ്ടോ, ശാരീരിക ശക്തികൊണ്ടോ നമ്മെ ഉപദ്രവിക്കാൻ  ഒരു വ്യക്തിക്ക്  സാധിക്കും എന്ന തോന്നലിൽ നിന്നുമാണ് ഭയം ജനിക്കുന്നത്. ഈശ്വരചൈതന്യം ഉള്ളിലുണ്ടെന്ന് അറിയുന്ന വ്യക്തിക്ക് നിർഭയാവസ്ഥയാണ് ഉണ്ടാവുക. കൊന്നുകളയാമെന്നല്ലാതെ അങ്ങനെയുള്ള വ്യക്തിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല.

യേശുക്രിസ്തുവും ഇതുതന്നെ പറയുന്നുണ്ട്. (മത്തായി 10:28) ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട. ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.

(കുറിപ്പ് : ദൈവത്തെ ഭയപ്പെടേണ്ടതുണ്ട് എന്ന സെമിറ്റിക് മത സങ്കല്പവും ആനന്ദസ്വരൂപനായ പരമേശ്വരനെ / പരബ്രഹ്മസ്വരൂപത്തെ ഭയപ്പെടേണ്ടതില്ല എന്ന അദ്ദ്വൈതസങ്കല്പവും പരസ്പരവിരുദ്ധമായി തോന്നാമെങ്കിലും പരമാത്മസത്യത്തെ അറിഞ്ഞ ജ്ഞാനിക്ക് ഭയമെന്ന അവസ്ഥ ഉണ്ടാകുന്നില്ല എന്ന സത്യം എപ്പോഴും നിലനിൽക്കുന്നു.)

Saturday, January 30, 2010

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ ?

മഹാപുരോഹിതന്റെ വസതിയിൽ കൂടിനിന്നവർ പത്രോസിന്റെ അടുത്തുവന്ന് മൂന്നാമതും ചോദിച്ചു ;

“നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ, സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലൊ”.

ഉടൻ തന്നെ പത്രോസ് : “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി”.    ഉടനെ കോഴി കൂകി.

കോഴികൂകും മുമ്പെ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രോസ് ഓർത്തു. പുറത്തുപോയി അതി ദുഃഖത്തോടെ കരഞ്ഞു.

പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.


കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.



പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .



“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പൂർണ്ണവിശ്വാസത്തോടെ യേശു പറഞ്ഞ അതേ പത്രോസ്.



പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.



[ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്കും എന്നെപ്പോലെ ചില സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും പറയാനുണ്ടാകും. ചില ബൈബിൾ വ്യാഖ്യാനങ്ങൾ കമന്റിലൂടെ ലഭിച്ചതിനുശേഷം അതുകൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർത്തീകരിക്കണമെന്നുണ്ട്. അനുഗ്രഹിക്കുക.]

Sunday, January 17, 2010

ജീവവൃക്ഷം

മരം, മല, പുഴ എന്നിവയിൽ ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മരം തന്നെയെന്ന് ഉറപ്പിച്ച് പറയാം. മരം ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മരത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധുനിക ലോകം സമ്മേളനം നടത്തിയ വാർത്തകൾ കേട്ടിട്ടായിരുന്നില്ല.
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.

കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.

[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]

ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.



ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.

അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.

കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.

വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.




ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.

പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.

എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:

(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]

കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:

[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]

വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.

(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]

[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]


ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.

ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.

മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.

വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.

“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.


(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)