Monday, July 7, 2008

ദൈവത്തെത്തേടി-2

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍......ലോകത്തില്‍ കാണുന്ന ദുഃഖിതരെ നോക്കിയാല്‍, മിക്കവരുടെയും ദുഃഖത്തിന്‌ മൂലകാരണം; ഞാന്‍, എന്റെ, എന്നെ എന്നിങ്ങനെയുള്ള അഭിമാനബോധത്തിലുണ്ടാകുന്ന ക്ഷതം ആണെന്നു കാണാം. ജീവിതം കേവലം സുഖാന്വേഷണത്തിനുവേണ്ടി മാത്രമുള്ളതല്ല. അനിവാര്യമായ കര്‍മ്മത്തേയും തത്ത്വബോധത്തോടുകൂടി ചെയ്യുമ്പോള്‍ ആ
കര്‍മ്മം കര്‍മ്മയോഗമായിത്തീരും.

"ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച്‌ ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം" എന്നാണ്‌ ഡോ.എസ്സ്‌.രാധാകൃഷ്ണന്‍ പറയുന്നത്‌.

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍, പരമേശ്വരന്‍, പരബ്രഹ്മം എന്നൊക്കെ പറയുന്ന തത്ത്വത്തിനെക്കുറിച്ച്‌ പലതരത്തിലുള്ള വ്യാഖാനങ്ങള്‍ വായിച്ചു. അതില്‍ ചിലത്‌ ഇവിടെ കുറിച്ചുവെയ്ക്കുന്നു. ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്‌. കൂടുതല്‍ എന്തെങ്കിലും അറിവുള്ളവര്‍ ഇവിടെ ചേര്‍ത്തുവെച്ചാല്‍ ഉപകാരപ്രദമായിരിക്കും.

ദൈവം.ദ്യോവില്‍ നിറഞ്ഞുകവിഞ്ഞു നില്‌ക്കുന്നതിനെയാണ്‌ 'ദൈവം' എന്ന പേരുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ദൈവം ആകാശത്തില്‍ സര്‍വ്വത്ര നിറഞ്ഞ്‌ ആകാശത്തെയും കവിഞ്ഞു നില്‌ക്കുന്നു. അങ്ങിനെയണെങ്കില്‍ ആകാശത്തെയും നിറഞ്ഞു കവിയുന്ന ദൈവമെന്ന ഈ അത്ഭുത വസ്തുവിന്റെ സ്വരൂപമെന്താണ്‌. നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ്‌ ദൈവം. നാമരൂപങ്ങളില്‍പെട്ട്‌ ഖണ്ഡങ്ങളായി തോന്നുന്ന അറിവുകളാണ്‌ പ്രപഞ്ചദൃശ്യങ്ങള്‍.

ദിവ്‌ ധാതുവില്‍ നിന്നാണ്‌ ദേവശബ്ദം ഉണ്ടായിട്ടുള്ളത്‌. "ദിവ്‌" എന്ന പദത്തിന്‌ പ്രകാശം, വെളിച്ചം എന്നൊക്കെയാണ്‌ അര്‍ത്ഥം കാണുന്നത്‌. സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ വെളിച്ചമില്ലെങ്കില്‍ നീലാകാശം തന്നെയില്ല. വെളിച്ചത്തെ 'ദിവ്‌' എന്നു വിളിക്കുന്നു. അതുകൊണ്ട്‌ ദര്‍ശനീയമായ പ്രതിഭാസങ്ങളെയും ദൈവീമയമെന്നു പറയാം.

"ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ"[ഗുണപ്രധാനമായ ദൈവീ പ്രകൃതിയായിരിക്കുന്ന എന്റെ ഈ മായ അതിക്രമിക്കാന്‍ പ്രയാസം തന്നെ.]
ഇവിടെ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ്‌ പറയുന്നത്‌. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ്‌ 'മായ'. പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ അതില്ലെന്ന്‌ പറയാനും കഴിയില്ല. നീല നിറമുള്ള ആകാശവിതാനം തലയ്ക്കു മുകളില്‍ കാണാം. വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്‌. സത്യത്തില്‍ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത്‌ നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ ഈ ജഗദ്വിലാസം പ്രാതിഭാസികമായിട്ടുള്ളതാണെന്നു (യഥാര്‍ത്ഥമല്ലാത്തത്‌ ) പറയാം. പ്രതിഭാസത്തിനുള്ള ഹേതുവിനെയാണ്‌ ഇവിടെ പ്രകൃതിയെന്നു വിശേഷിപ്പിക്കുന്നത്‌.

ഈശ്വരന്‍.
പരമാണു മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരുന്നു ഭരിക്കുന്ന ആദ്യന്തവിഹിതമായ സാര്‍വ്വത്രികതയെയാണ്‌ ഈശ്വരന്‍ എന്നു വിളിക്കുന്നത്‌.   സാമൂഹികവും  മതപരവുമായ  ഒരു  സംജ്ഞയല്ല ഈശ്വരന്‍.  വേറൊരു തരത്തിൽ പറയുകയാണെങ്കിൽ, ബ്രഹ്മത്തിന്റെ സഗുണാവസ്ഥയെ ഈശ്വരൻ എന്നു പറയുന്നു. പ്രപഞ്ചത്തിലെ പരിണാമങ്ങൾക്ക് കാരണമായ ‘ശക്തി’യെ ഈശ്വരൻ എന്നു വിളിക്കുന്നു. നിർഗുണബ്രഹ്മം ഒരു കർമ്മവും ചെയ്യുന്നില്ല. ഈശ്വരന് കർമ്മം ഉണ്ട്.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]

"God is a personification of impersonal fact" - Bertrand Russell ന്റെ ഈ വരികളാണ്‌ ചെറുപ്പത്തില്‍ എന്നെ ആകര്‍ഷിച്ച ദൈവത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല വ്യാഖ്യാനം. അന്ന് ഭഗവദ്‌ ഗീതയെ അവഗണിച്ചിരുന്നതുകൊണ്ട്‌, ഇത്‌ ഗീതയിലെ മുകളില്‍ എഴുതിയ ശ്ലോകത്തിന്റെ ആശയമാണെന്ന്‌ മനസ്സിലാക്കിയിരുന്നില്ല.

ഭഗവാന്‍.ഐശ്വര്യസ്യ സമഗ്രസ്യ, ധര്‍മ്മസ്യ യശസഃ ശ്രിയഃ,
വൈരാഗ്യസ്യാഥ മോക്ഷസ്യ, ഷണ്ണാം ഭഗ ഇതീംഗനാ.

[സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്‌, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച്‌ ചേര്‍ന്നതാണ്‌ ഭഗം. അതുകൊണ്ട്‌ ഇത്രയുമുള്ളയാളാണ്‌ 'ഭഗവാന്‍'. ഈ സമ്പൂര്‍ണ്ണതകളെല്ലാം തികഞ്ഞ്‌ കാണപ്പെടുന്ന വസ്തുവാണ്‌ 'ഭഗവാന്‍'.]
ഭഗവാന്റെ മറ്റൊരു നിര്‍വ്വചനം കൂടി ...

ഉത്‌പത്തിം പ്രളയം ചൈവ
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാമവിദ്യാം ച
സവാച്യോ ഭഗ വാനിതി.
[പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിര്‍ഭാവം, തിരോഭാവം, വിദ്യ, അവിദ്യ ഇവ വ്യക്തമായി അറിയുന്ന ആളാണ്‌ 'ഭഗവാന്‍'.]
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്‌ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അറിയാനാണ്‌ ഗുരുദേവന്‍ പറയുന്നത്‌. ഗുരുദേവനെപ്പോലെ, ദൈവത്തെ കണ്ടറിഞ്ഞവര്‍ക്ക്‌ ദൈവം ഭഗവാനാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ദൈവത്തെ കണ്ടറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഗുരുദേവന്‍ ഭഗവാനേ എന്ന്‌ സംബോധന ചെയ്തിരിക്കുന്നത്‌.

പരംപൊരുള്‍ / പരമാത്മാവ്‌ ....
പരംപൊരുള്‍ ഒരു വസ്തുവല്ല. അതിനു സദൃശമായി അത്‌ മാത്രമെയുള്ളൂ. എല്ലാറ്റിനെയും അത്‌ അറിയുകയും അറിയിക്കുകയും ചെയുന്നുവെങ്കിലും അതിനെ അറിയുവാന്‍ ഒരു ജ്ഞാതാവില്ല.

"ദൈവം അനേകത്തിലൊന്നല്ല. പിന്നെയോ, എല്ലാ മാറ്റങ്ങളുടെയും പിന്നില്‍ മാറാതെ നില്‍ക്കുന്ന ഒന്നും, എല്ലാ ചലനത്തിന്റെയും അക്ഷുബ്ധമായ മദ്ധ്യബിന്ദുവും ആണെന്നാണ്‌" - ഡോ. എസ്‌. രാധാകൃഷ്ണന്‍ പറയുന്നത്‌.

ശ്വേതാശ്വതരോപനിഷത്തില്‍ ഇങ്ങിനെ പറയുന്നു.

സ വിശ്വകൃദ്‌ വിശ്വവിദാത്മയോനിര്‍-
ജ്ഞഃകാലകാരോഗുണീ സര്‍വ്വവിദ്യഃ
പ്രധാനക്ഷേത്രജ്ഞപതിര്‍ഗുണേശഃ
സംസാരമോക്ഷ സ്ഥിതിബന്ധഹേതുഃ.
[ആ പരമാത്മാവ്‌ ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്തെയും ശരിക്കറിയുന്നവനും, മറ്റൊരു കാരണവുമില്ലാതെ സ്വയം ജനിച്ചവനും, സര്‍വ്വജ്ഞനും, കാലത്തെക്കൂടി പ്രവര്‍ത്തിപ്പിക്കുന്നവനും, ഗുണയുക്തനും, സര്‍വ്വവിദ്യകള്‍ക്കും ആശ്രയസ്ഥാനവും, ക്ഷേത്രം എന്നും ക്ഷേത്രജ്ഞന്‍ എന്നും പറയുന്ന പ്രകൃത പുരുഷന്മാര്‍ക്ക്‌ നാഥനും, സത്ത്വരജസ്തമോ ഗുണങ്ങള്‍ക്ക്‌ നിയാമകനും, ഈ സംസാരത്തിന്റെ നിലനില്‍പിനും അതില്‍ നിന്നുള്ള മോക്ഷത്തിനും കാരണഭൂതനുമാകുന്നു.]
(കടപ്പാട്‌ : യതിയുടെ ലേഖനങ്ങള്‍, ജി.ബാലകൃഷ്ണന്‍ നായരുടെ ഗുരുദേവകൃതികളുടെ വ്യാഖ്യാനം, ഡോ.എസ്സ്‌.രാധാകൃഷ്ണന്‍, ഭഗവദ്‌ ഗീതാ വ്യാഖ്യാനങ്ങള്‍.)

(തുടരും.....)

10 comments:

പാര്‍ത്ഥന്‍ said...

"God is a personification of impersonal fact" - Bertrand Russell ന്റെ ഈ വരികളാണ്‌ ചെറുപ്പത്തില്‍ എന്നെ ആകര്‍ഷിച്ച ദൈവത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല വ്യാഖ്യാനം.
പക്ഷെ, ഇത്‌ ഭഗവദ്‌ ഗീതയിലെ ആശയമാണെന്ന്‌ ഞാന്‍ പറയുന്നില്ല. നിങ്ങള്‍ വായിച്ചു നോക്കുക.

വല്യമ്മായി said...

ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച്‌ ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം

അതെ എല്ലാ കര്‍മ്മങ്ങളും ആരാധന തന്നെയാണ്.ലൗകികജീവിതത്തിലെ ഒരോ കടമയും ആരാധനായായി തന്നെയാണ് ഇസ്ലാം മതത്തിലും കാണുന്നത്.

ഇതുപോലുള്ള ആഴത്തിലുള്ള വായനകളില്‍ നിന്ന് മനസ്സിലാക്കാം എല്ലാ മതത്തിന്റേയും സത്ത ഒന്നാണെന്ന്.

തുടരുക.

ബഷീര്‍ വെള്ളറക്കാട്‌ said...

>> ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച്‌ ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം <<

yes
ദൈവ വിശ്വാസം എന്നാല്‍ ഒളിച്ചോട്ടമല്ല.

സലാഹുദ്ദീന്‍ said...

ആ പരമാത്മാവ്‌ ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്തെയും ശരിക്കറിയുന്നവനും, മറ്റൊരു കാരണവുമില്ലാതെ സ്വയം ജനിച്ചവനും, സര്‍വ്വജ്ഞനും, കാലത്തെക്കൂടി പ്രവര്‍ത്തിപ്പിക്കുന്നവനും, ഗുണയുക്തനും, സര്‍വ്വവിദ്യകള്‍ക്കും ആശ്രയസ്ഥാനവും, ക്ഷേത്രം എന്നും ക്ഷേത്രജ്ഞന്‍ എന്നും പറയുന്ന പ്രകൃത പുരുഷന്മാര്‍ക്ക്‌ നാഥനും, സത്ത്വരജസ്തമോ ഗുണങ്ങള്‍ക്ക്‌ നിയാമകനും, ഈ സംസാരത്തിന്റെ നിലനില്‍പിനും അതില്‍ നിന്നുള്ള മോക്ഷത്തിനും കാരണഭൂതനുമാകുന്നു

വളരെയധികം നന്ദി .. പാര്‍ത്ഥന്‍ താങ്കള്‍ക്ക് ..

വേദങ്ങളള്‍ക്കെല്ലാം ദൈവത്തെകുറിച്ചുള്ള വീക്ഷണം ഒന്നാണെന്ന എന്റെ വിശ്വാസം ഒന്ന് കൂടി ബലപ്പെട്ടു.

G.manu said...

വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്‌. സത്യത്തില്‍ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത്‌ നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്‌

again a sparking post..

pls keep going mashe

തണല്‍ said...

ചേട്ടായീ,
അറിവുകള്‍ക്ക് ഒത്തിരി നന്ദി!

kaithamullu : കൈതമുള്ള് said...

- ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ്‌ പറയുന്നത്‌. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ്‌ 'മായ'.
---
പരമാണു മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരുന്നു ഭരിക്കുന്ന ആദ്യന്തവിഹിതമായ സാര്‍വ്വത്രികതയെയാണ്‌ ഈശ്വരന്‍ എന്നു വിളിക്കുന്നത്‌. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല
ഈശ്വരന്‍.
---
സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്‌, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച്‌ ചേര്‍ന്നതാണ്‌ ഭഗം. അതുകൊണ്ട്‌ ഇത്രയുമുള്ളയാളാണ്‌ 'ഭഗവാന്‍'.
--

വായിച്ചാല്‍ മാത്രം പോരാ ചിന്തിപ്പിക്കാന്‍ കൂടി പ്രേരിപ്പിക്കുന്നതാവണം പോസ്റ്റ് എന്ന് ചിന്തിക്കുന്ന പാര്‍ത്ഥനു നന്ദി!

ശെഫി said...

വിജ്ഞാനപ്രദം പാർത്ഥൻ , തുടരുക

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു.
എന്നെങ്കിലും സമയം കിട്ടിയാല്‍ ദയവായി ആത്മാവ് എന്തെന്ന് എഴുതണെ..
തത്വമസ്സി.
അത് നീ ആകുന്നു.
ആത്മാവോ ദൈവമോ?

പാര്‍ത്ഥന്‍ said...

ഇവിടെ വന്ന്‌ വായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും നന്ദി. ഇതിന്റെ അടുത്ത ഭാഗം ഇവിടെ പോസ്റ്റിയിട്ടുണ്ട്‌.