Wednesday, November 26, 2008

"ഓം” ഹിന്ദു ആയപ്പോൾ“ഓം“ സത്യവും മിഥ്യയും

അനിൽശ്രീയുടെ ‘സ്വകാര്യങ്ങൾ’ ലെ പോസ്റ്റിൽ ‘ഓം‘ നെക്കുറിച്ച്‌ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ വിശദീകരിക്കാൻ ഒരു കമന്റുകൊണ്ട് മതിയാവില്ല എന്നതിനാൽ ഇത്രയും (ചുരുക്കി ? ) എഴുതേണ്ടിവന്നു.


ഓംങ്കാരത്തെക്കുറിച്ച് ഞാൻ വായിച്ച ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.


ഏതു മന്ത്രവും തുടങ്ങുന്നത്‌ ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്‌.


മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, o - ഇങ്ങനെ നാലു മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന്‌ പറഞ്ഞിരിക്കുന്നു.ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന്‌ വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്‌. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.
ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആ‍കാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത്‌ ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ്‌ എന്ന കല്പന.

ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത്‌ കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട്‌ ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന്‌ ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട്‌ ചേർന്ന്‌ അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത്‌ ആശയവിനിമയത്തിൽ കൂടിയാണ്. അത്‌ അബോധത്തിൽ നിന്ന്‌ ബോധത്തിലേയ്ക്ക് പൊന്തിവന്ന്‌ ആശയമായി പ്രകടമാകുന്നത്‌ സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന്‌ ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന്‌ ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്‌, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന്‌ ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്‌.യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്‌, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന്‌ ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.അനാഹതം, ആഹതം എന്ന്‌ നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന്‌ അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട്‌ കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത്‌ നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച്‌ 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട്‌ 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോ‌ടും ബന്ധപ്പെട്ടിരിക്കുന്നു.നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട്‌ പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട്‌ അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട്‌ ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ്(microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യംകൊണ്ട്‌ വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്‌.
കുഞ്ഞുങ്ങളിൽ നിന്ന്‌ ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്‌.അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്‌.
(അകാരമാമെഴുത്താദി-
യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും.)ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്‌. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്‌.


ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:


ഛത്വാരി വാക്ക്‌ പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.ഛാന്ദോഗ്യോപനിഷത്തിൽ :


ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽ‌വാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച്‌ ഇതാ ഇങ്ങിനെ പറയുന്നു:


സർവ്വദ്വാരാണി സംയ‌മ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട്‌ മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച്‌ യോഗധാരണയനുഷ്ഠിച്ച്‌ ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട്‌ പോകുന്നത്‌ അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച്‌ അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം. അല്ലാതെ വിക്കി പറയുന്നപോലെ ‘അ’ ഋഗ്വേദത്തിൽനിന്നും, ‘ഉ’ യജുർവ്വേദത്തിൽനിന്നും, ‘മ’ സാമവേദത്തിൽനിന്നും എടുത്തിട്ടാണ് ‘ഓം’ എന്ന ഏകാക്ഷരം ഉണ്ടാക്കിയിട്ടുള്ളത്‌ എന്ന പ്രസ്താവനയിലെ തെറ്റിദ്ധാരണ മാറിക്കിട്ടും.Monday, November 10, 2008

ആരാധന-പ്രാർത്ഥന-ഉപാസന.(1)

ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ.
തനിക്ക്‌ 3 തെറ്റു പറ്റി എന്ന്‌ ശങ്കരാചാര്യർ ഭഗവാനോട്‌ ക്ഷമാപണം ചെയ്യുന്നുണ്ട്‌.
രൂപമില്ലാത്ത അങ്ങയെ രൂപവല്‌ക്കരിച്ച്‌ ധ്യാനിച്ചു.
അനിർവ്വചനീയമായ അങ്ങയെ വാക്കുകൾകൊണ്ട്‌ സ്തുതിച്ചു.
അങ്ങയുടെ അന്തമായ വ്യാപ്തിയെ തീർത്ഥാടനത്തിലൂടെ പരിമിതപ്പെടുത്തി.

(കുടുബപരവും സാമൂഹികവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ളതാണ്‌ ആചാരാനുഷ്ഠാനങ്ങൾ. അത്‌ ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല.)
ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുവേണം ക്ഷേത്രദർശ്ശനം നടത്താൻ. അല്ലെങ്കിൽ കേവലം ശില മാത്രമാകും നമുക്ക്‌ ഭഗവാൻ. കല്ലിലും ഈശ്വരനുണ്ട്‌, പക്ഷെ ഈശ്വരൻ കല്ലല്ല എന്ന സത്യം അറിഞ്ഞിരിക്കണം. ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല ക്ഷേത്രത്തിൽ പോകേണ്ടത്‌. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്‌. ഈശ്വരനെ എന്നും ശിലയായി, ലോഹമായി ക്ഷേത്രവളപ്പിൽ തളച്ചിടണമെന്നാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. ഒരിക്കലും പ്രത്യക്ഷപ്പെടരുത്‌. അങ്ങനെ വിളിച്ചുകൊണ്ടിരിക്കണം. അതിലാണ്‌ മതത്തിന്റെ നിലനില്‌പ്‌. എല്ലാറ്റിലും ഈശ്വര ചൈതന്യം ഉണ്ടെന്ന്‌ അംഗീകരിക്കാൻ എല്ലാവർക്കും ഭയമാണ്‌. കുറെ ആഗ്രഹങ്ങളുണ്ട്‌. അതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ്. നമ്മുടെ ശ്രദ്ധ ഏതിലാണോ അതാണ്‌ നമ്മുടെ ഈശ്വരൻ. പൂർവ്വവാസനയാൽ ഓരോ ആഗ്രഹങ്ങളിൽ പെട്ടവർ ആ ദേവതകളെ പ്രാപിക്കുന്നു. അത്തരം ദേവതകളെ (ഇന്ദ്രിയവിഷയങ്ങളെ) ആശ്രയിക്കുന്നവർക്ക്‌ ഭഗവാൻതന്നെ അതിൽ ഇളകാത്ത ശ്രദ്ധയെ കൊടുക്കുന്നു. ആരാധിക്കുന്ന ദേവതയിൽ നിന്നും ഇഷ്ടപ്പെട്ട ഫലത്തെ ഭഗവാൻതന്നെ നൽകുന്നു. ഭഗവാനെ വേണ്ടവർക്ക്‌ ഭഗവാനെ കിട്ടും. ഭഗവാനിൽനിന്നും വേണ്ടവർക്ക്‌ അതും കിട്ടും. എന്നാൽ അല്‌പ ബുദ്ധികളായവർ, തന്റെ പ്രാർത്ഥനയാൽ നേടുന്ന (ഇന്ദ്രിയാനുഭൂതികളായ) അനുഭവങ്ങൾ നാശമുള്ളതാണ്‌ എന്ന് അറിയുന്നില്ല.

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്‌പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യന്തി മാമപി. (ഭ.ഗീ. 7:23)

പ്രകൃതിയിൽ ഏതിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം. കല്ലോ, മരമോ, അഗ്നിയോ, വെള്ളമോ, സൂര്യനോ, മണ്ണോ എന്തും. ഈശ്വരനിലേക്കെത്താൻ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമേത്‌ എന്നതല്ല, അതിലെത്ര ശ്രദ്ധയുണ്ട്‌ എന്നതാണ്‌ കാര്യം. ഏതെങ്കിലും ഭാവത്തിൽ (വിഗ്രഹത്തിൽ) ഈശ്വരനെ ആരാധിക്കുന്നത്‌ സഗുണാരാധനയാണ്‌. ഇങ്ങനെ വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത്‌ ആരുമില്ല.

ദേശീയ പതാകയിൽ ഒരു രാജ്യത്തെ ഉൾക്കൊള്ളിക്കുന്നു. കൊടിയിൽ പാർട്ടിയെ കാണുന്നു. പ്രാർത്ഥനയ്ക്കു പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങൾക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ നശിച്ചാലെന്താ എന്നു ചോദിക്കുന്നവർ കൊടി കീറിയാൽ തുണിയല്ലേ എന്നു കരുതുന്നില്ല.

പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാ‍രണങ്ങളുണ്ടാകും. പക്ഷെ, (-----) ഈ ചന്ദനത്തിരി കത്തിച്ചുകൊണ്ടുതന്നെ പ്രാർത്ഥിക്കണം എന്ന പരസ്യം കേട്ടിട്ടില്ലേ. അത്രേയുള്ളൂ ഈ വാണിജ്യതന്ത്രം!!!!!!