Thursday, December 24, 2009

അല്ലാ, അയാള് യുക്തിവാദിയാണോ ?




നവമ്പർ 20 ന് ദുബായിൽ ഡോ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം കേട്ട് മടങ്ങുമ്പോൾ സുഹൃത്തിന്റെ സംശയം ‘അയാള് യുക്തിവാദിയാണോ’ എന്ന്.


യുക്തിഭദ്രമായി (ശാസ്ത്രീയമായി അല്ല) ഒരാൾ ഒരു വിഷയത്തെക്കുറിച്ച് വിശദീകരിച്ചാൽ നമ്മുടെ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്ന അന്ധവിശ്വാസം അതിനെ ഉൾക്കൊള്ളാൻ തയ്യാറാവത്തതുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം എന്റെ സുഹൃത്തിന് ഉണ്ടായത് . യുക്തിവാദത്തെക്കുറിച്ച് പല ബ്ലോഗുകളിലും വന്നിട്ടുള്ള വിശദീകരണങ്ങൾ വായിച്ചിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം യുക്തിവാദം ജയിക്കണമെങ്കിൽ ആധുനികശാസ്ത്രത്തിന്റെ സാമാന്യവൽകരണം കൂടി ആവശ്യമായിക്കാണുന്നുണ്ട്. മനുഷ്യന്റെ ജീവിതത്തിലെ ഒരു കാര്യം ആധുനികശാസ്ത്രത്തിന്റെ കെമിസ്ട്രിയുമായി ചേരാതെ വരുമ്പോൾ അന്ധവിശ്വാസവും ദുരാചാരവും ആണെന്ന് സമർത്ഥിക്കുന്നതരത്തിലാണ് ഇന്ന് ആധുനികശാസ്ത്രജ്ഞന്മാർ ശാസ്ത്രത്തിനെ ഡിഫൈൻ ചെയ്തിട്ടുള്ളത്.

നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം ദൈവം തരും എന്ന ബാലിശമായ ഒരു വിശ്വാസത്തിൽ അധിഷ്ഠിതമാണ് ലോകത്തിലെ എല്ലാ മതങ്ങളും. അതിനെക്കാൾ ഉയർന്ന തലത്തിൽ ചിന്തിക്കാൻ ചില മതങ്ങൾ അനുവദിക്കുന്നുമില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഞണ്ടിനെ കൂട്ടത്തിലുള്ള ഞണ്ടുകൾ വലിച്ചു താഴെയിടുന്നതും, ഞണ്ടുകൾ രക്ഷപ്പെടാതിരിക്കാൻ പാത്രം മൂടിവെക്കുന്നതും ചിന്താശേഷി പണയം വെച്ച ജനസമൂഹത്തെ സൂചിപ്പിക്കുന്നു. ഹിന്ദുമതത്തിനെ പരാമർശിച്ചുകൊണ്ട് മുകളിൽ പറഞ്ഞ ഉദാഹരണം സൂചിപ്പിച്ച വിദ്വാൻ ഹിന്ദുമതത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തം.

ബൃഹദാരണ്യകോപനിഷത്ത് വായിക്കുന്നതിനിടയിൽ എന്നിലൂടെ കയറിപ്പോയ ഒരു മന്ത്രം ഇതാ.

(“ദിവശ്ചൈനമാദിത്യാച്ച ദൈവം മന ആവിശതി; തദ്വൈ ദൈവം മനോ യേനാനന്ദ്യേവ ഭവതി, അഥോ ന ശോചതി.“)

[ദ്യോവിൽ നിന്നും ആദിത്യനിൽ നിന്നും ദൈവമായ മനസ്സ് ഇവനെ ആവേശിക്കുന്നു. എപ്പോഴും ആനന്ദമുള്ളവനായിരിക്കുകയും ഒരിക്കലും ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നതുതന്നെയാണ് ദൈവമായ മനസ്സ്.]

ഇതു മനസ്സിലാക്കിയാൽ നമ്മുടെ കർമ്മത്തിന്റെ ഉത്തരവാദിയായ ദൈവം നമ്മൾ തന്നെയാണെന്നുവരും. അത് നമുക്ക് ഒളിച്ചോടാനുള്ള ഇടം ഇല്ലാതാക്കുന്നു. അക്കാരണം കൊണ്ടുതന്നെ അത് മനുഷ്യനിൽ ഭയം ജനിപ്പിക്കുന്നു.
നമ്മളെ നിയന്ത്രിക്കുന്ന ദൈവം നമ്മളിൽ നിന്നും അകന്ന് ദൂരെയായിരിക്കണം; ഭൂമിക്കും പ്രപഞ്ചത്തിനും മീതെയായിരിക്കണം എന്നത്, മതത്തിന്റെ നിർബ്ബന്ധമാണ്. അത് പുരോഹിതന്മാർക്ക് നമ്മളെ ചൂഷണം ചെയ്യാനുള്ള ഇടം ഒരുക്കിക്കൊടുക്കുകയും ചെയ്യും.

മനുഷ്യന്റെ ജീവിതത്തിൽ പുറത്തുള്ള വസ്തുക്കൾക്ക് (ശക്തികൾക്ക്) എത്രകണ്ട് സ്വാധീനമുണ്ട് എന്നതാണ് ജ്യോതിശാസ്ത്രത്തിലൂടെ ജ്യോതിഷം എന്ന വിഭാഗം കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയത ഒട്ടും ഇല്ലാത്ത ജ്യോതിഷപ്രവചനങ്ങളിൽ ജ്യോതിശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചായിരുന്നു ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.

ജോതിഷത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഗണിതം, ജ്യോതിശാസ്ത്രം, പ്രവചനം. ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയുന്ന ഗണിതവും ജ്യോതിശാസ്ത്രവും, ശാസ്ത്രം കൊണ്ട് വിവരിക്കാൻ കഴിയാത്ത പ്രവചനവും ചേർന്നതാണ് ഇന്ന് നമുക്ക് പരിചയമുള്ള ജ്യോതിഷം. അപ്പോൾ ജ്യോതിഷം ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരം നൽകും. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ ഗണിതവും ഗോളശാസ്ത്രവും ശാസ്ത്രീയമാണ്. പ്രവചനം ശാസ്ത്രീയമല്ല. അപ്പോൾ ജ്യോതിഷം ഒരു ശാസ്ത്രമല്ല എന്ന് പറയുന്നത് ശരിവെക്കേണ്ടി വരുന്നു. പക്ഷെ വേദകാലം തൊട്ട് പറഞ്ഞു പോരുന്ന, കല്പശാസ്ത്രം, ഛന്ദശാസ്ത്രം, തുടങ്ങി ഇപ്പോൾ കൈരേഖാശാസ്ത്രം, പക്ഷിശാസ്ത്രം എന്നിവയെല്ലാം ശാസ്ത്രം ചേർത്തു പറയുന്നു. അതുകൊണ്ടാവാം ആർഷസംസ്കാരത്തിന്റെ സംഭാവനകളെല്ലാം തന്നെ അശാസ്ത്രീയമാണെന്ന് പറയുന്നത്. അപ്പോൾ ഒരു സംശയം; ‘ശാസ്ത്രം’ എന്ന് സംസ്കൃതത്തിൽ പറയുന്നത്, നമ്മൾ ‘സയൻസ്’ എന്നു പറയുന്ന വാക്കിന്റെ അർത്ഥം തന്നെയാണോ സൂചിപ്പിക്കുന്നത്. നമ്മുടെ അറിവുകളെയല്ലാം സയൻസുകൊണ്ട് അളക്കാൻ ശ്രമിക്കുന്നിടത്താണ് നമുക്ക് അബദ്ധം പിണഞ്ഞത് എന്നു മനസ്സിലാകും, ശ്രദ്ധിച്ചു വിലയിരുത്തിയാൽ.

ശാസ്ത്രം (സംസ്കൃതം) - ശാസ്ത്രം എന്ന വാക്കിന്റെ അർത്ഥം മാർഗനിർദ്ദേശം നൽകുന്നത് എന്നാണ്. guides / instructs/ or directs the pathway എന്നീ വാക്കുകൾക്ക് സമാനമായ അർത്ഥമാണ് ശാസ്ത്രം എന്ന വാക്കിനുള്ളത്.
അങ്ങിനെ നോക്കിയാൽ ജ്യോതിഷം ഒരു ശാസ്ത്രമാണ് എന്നും, സയൻസ് അല്ല എന്നും പറയാം. ശാസ്ത്രീയമാണോ എന്നാണ് ചോദ്യമെങ്കിൽ, അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണെന്നും, പ്രവചനഭാഗം ശാസ്ത്രീയമല്ലെന്നും പറയാം. എങ്ങിനെ ജീവിക്കണം, ഏതു കാലഘട്ടത്തിലാണ് നല്ലത് സംഭവിക്കുക, ഏതു കാലഘട്ടത്തിലാണ് ദശ മാറുക, ആ സമയത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും, എന്നൊക്കെ അറിയാൻ ജ്യോതിഷം സഹായകമാണ്. സയൻസ് കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പ്രവചനത്തിൽ എങ്ങിനെയാണ് വിശ്വസിക്കുക.
അതിന് ഒരു ഉത്തരമേ എനിക്ക് പറയുവാനുള്ളൂ. സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത ഒരു സംഗതിക്ക് ജ്യോതിഷത്തിലൂടെ ഒരു ഉപദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രായോഗിക വശങ്ങൾ നമുക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കിയാൽ വിശ്വസിക്കുകയോ - വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.

എന്റെ ജ്യോതിഷത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും അനുഭവങ്ങളും ഇവിടെ പങ്കുവെക്കുന്നു, അടുത്ത പോസ്റ്റിൽ.

(തുടരും....)

Wednesday, December 16, 2009

ഈശ്വരന് ശപിക്കാൻ കഴിയുമോ ?

ഭാരതീയ ഈശ്വരസങ്കല്പത്തെക്കുറിച്ച് (15-12-2009)തിയതി അമൃത ടി.വി. യിലെ പൈതൃക സന്ദേശത്തിലൂടെ Dr.N.Gopalakrishnan സാർ ചെയ്ത പ്രഭാഷണം ഇവിടെ നിന്നും കേൾക്കാം.

(കേട്ടപ്പോൾ താല്പര്യം തോന്നി. ഇരുന്നു കേൾക്കാനുള്ള സമയം ഇല്ലായിരുന്നു. സൌകര്യം പോലെ കേൾക്കാൻ വേണ്ടി റെക്കോഡ് ചെയ്തു. അതുകൊണ്ട് തുടക്കം മുതൽ കിട്ടിയില്ല.)

Thursday, October 29, 2009

ധർമ്മം

മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.

നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. ധർമ്മാധർമ്മങ്ങൾ എന്തെന്നറിഞ്ഞാലേ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. അതിന് ആധികാരികമാക്കുന്നത് സ്മൃതികളോ നിയമസംഹിതകളോ അല്ല. പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ വസ്തുധർമ്മം ഉണ്ട്. പക്ഷെ മനുഷ്യൻ ശ്വാശ്വതമായ മൂല്യങ്ങളോട് സാമൂഹികതയെ ബന്ധപ്പെടുത്തി കാലദേശങ്ങൾക്കിണങ്ങുന്ന ധർമ്മസംസ്കാരം വളർത്തിയെടുക്കുന്നു. അതിനാൽ ‘ധർമ്മം’ സർവ്വലോകസത്യമായ ഒരു വസ്തുതയല്ല. അത് ലോകത്തിലെ നിയമസംഹിതക്കൊന്നും ഇണങ്ങിയില്ലെങ്കിലും നിർമ്മലമായ ബുദ്ധിയുള്ള ഒരാൾക്ക് ധർമ്മത്തെ അധർമ്മത്തിൽ നിന്നും വേർതിരിച്ചറിയാനാകും.

നാരായണഗുരു ‘ആത്മോപദേശശതക’ ത്തിൽ ധാർമ്മികതയുടെ സ്വരൂപം വർണ്ണിക്കുന്നത് ഇങ്ങനെയാണ്:
“പ്രിയപരന്റെയതെൻ പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.”

ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ?
ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത് കർമ്മത്തിനുള്ള പ്രേരണ.

സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം. വീടുകളിൽ യാചിച്ചു വരുന്നവർ ധർമ്മക്കാർ. അവർക്കു കൊടുക്കുന്ന ചില്ലിക്കാശ് ‘ധർമ്മം’ എന്ന അവസ്ഥയിലേക്ക് ധർമ്മം ചുരുങ്ങിപ്പോയിരിക്കുന്നു.
വർണ്ണാശ്രമധർമ്മങ്ങൾ ഭഗവദ് ഗീതയും മനുസ്മൃതിയും കൂടി ശൂദ്രന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു അതിക്രമം ആയിട്ടാണല്ലോ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ പകർത്തുന്നു.

ജൈമിനിയുടെ മീമാംസാദർശനം തുടങ്ങുന്നതുതന്നെ ധർമ്മത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ്. “അഥാ തോ ധർമ്മജിജ്ഞാസ”. ഞാൻ ആര്, ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇടം നൽകുന്ന സർവ്വസാധാരണമായ ഒന്ന് ബോധത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപകമായ അർത്ഥത്തിൽ ഇതിനെവേണം ‘ധർമ്മം‘ എന്നു പറയുവാൻ. “ജിജ്ഞാസക്ക് വിഷയമായിരിക്കുന്നത് ധർമ്മമാണ്”. ഒരു അന്വേഷണത്തിൽ നിന്നും അത് അന്വേഷകന് പ്രയോജനം ചെയ്യുന്നതാണ്, അല്ലെങ്കിൽ ദ്രോഹം ചെയ്യുന്നതാണ് എന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണം വളരെ തല്പര്യത്തോടെ മുമ്പോട്ടു കൊണ്ടുപോകും. താല്പര്യം ജനിപ്പിക്കുന്നില്ലെങ്കിൽ അത് അന്വേഷണ വിഷയമാകാതെ വിട്ടുകളയും.

ധർമ്മത്തിന് ജൈമിനി നൽകുന്ന നിർവ്വചനം, “ചോദനാ ലക്ഷണോfർത്ഥോ ധർമ്മഃ” എന്നാണ്. ചോദനയാണ് ധർമ്മത്തിന്റെ ലക്ഷണം. ഇന്ദ്രിയജന്യമായ അറിയിപ്പുകൊണ്ട് അഥവാ സംവേദനം കൊണ്ട് ഏതൊരു സവിശേഷതയെയാണ് എടുത്തു കാണിക്കുന്നത്, അതിനെയാണ് ലക്ഷണം എന്നു പറയുന്നത്.

“ആചാരപ്രഭവോ ധർമ്മഃ” - ആചാരങ്ങളിലൂടെയാണ് ധർമ്മം നിലനിൽക്കുന്നത്. എല്ലാ പൌരാണിക ഗ്രന്ഥങ്ങളിലും ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ആചാരങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. സദാചാരങ്ങളുടെ സമൂഹമാണ് ‘ധർമ്മം’.

ആചാരാല്ലഭിതേഹി ആയുഃ
ആചാരാ ദീപ്‌സതാ പ്രജാ
ആചാരാത് ധനമക്ഷയ്യ
മാ ചാരോ ഹന്ത്യ ലക്ഷണം.
ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.

കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സകല സത്കർമ്മങ്ങളെയും ധർമ്മമെന്ന പേരിൽ കർമ്മത്തിലുൾക്കൊള്ളിക്കുന്ന ദീർഘദൃഷ്ടിയോടുകൂടിയ കൃത്യമാണ് ആചാര്യ ജൈമിനി ചെയ്തു വെച്ചത്. ധർമ്മാചരണത്തിന് അനന്തരകാലത്ത് വർദ്ധിച്ച പ്രാധാന്യമുണ്ടായി. ധർമ്മത്തിലൂടെ കാമാർത്ഥങ്ങൾ സാധിച്ച് മോക്ഷത്തിലെത്താമെന്ന് പുരുഷാർത്ഥങ്ങളെ നിയമനം ചെയ്യുകയുമുണ്ടായി, പിൽകാലത്ത്. ജീവിതത്തിലെ ലക്ഷ്യം നേടുവാൻ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ധർമ്മാർത്ഥകാമമോക്ഷ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്തിനും ആദ്യം ശീലിക്കേണ്ടത് ധർമ്മം എന്ന ആചാരമാണ്. അതിനായി ‘സത്യം വദ’, ‘ധർമ്മം ചര’ എന്ന ജീവിത മന്ത്രം അനുഷ്ഠിക്കണം.

ഛാന്ദോഗ്യം ധർമ്മത്തിന് മൂന്നു സ്കന്ധങ്ങളുണ്ടെന്ന് പറയുന്നു. യജ്ഞാദികൾ, തപസ്സ്, ആശ്രമധർമ്മങ്ങൾ എന്നിവയാണവ. ഇവ മൂന്നും അനുഷ്ഠിക്കുന്നവർക്ക് പുണ്യലോകത്തിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

വർണ്ണത്തിന്റെയും ധർമ്മത്തിന്റെയും സൃഷ്ടാവ്:

തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ. ബൃഹദാരണ്യകോപനിഷത്തിലെ ഈ ദർശനമാണ് ചാതുർവർണ്ണ്യത്തിന്റെ ആവിർഭാവത്തിന് ശ്രദ്ധേയമായിരിക്കുന്നത്.
“ബ്രഹ്മണാ സൃഷ്ടാവർണ്ണാഃ കർമ്മാർത്ഥം”. ഈ ഘട്ടത്തിൽ വർണ്ണ വ്യവസ്ഥയിൽ ഉച്ചനീചസങ്കല്പമില്ലായിരുന്നു. ദേവനും ബ്രാഹ്മണനും ശുദ്രനും ബ്രഹ്മം തന്നെയാണ്.

പ്രജാപതി മുഖത്തുനിന്ന് അഗ്നിയെ സൃഷ്ടിച്ചതുപോലെ അഗ്നി ദേവതാകന്മാരായ ബ്രാഹ്മണരെയും സൃഷ്ടിച്ചു. ബ്രഹ്മം ഒറ്റക്കായിരുന്നതുകൊണ്ട് കർമ്മം ചെയ്യാൻ ശക്തമായില്ല. അതുകൊണ്ട് ബലത്തിനാശ്രയമായ ബാഹുക്കളിൽ നിന്ന് ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയനെയും സൃഷ്ടിച്ചു. എന്നിട്ടും ധനധാന്യസമ്പാദനത്തിന് ആളില്ലാതെ കർമ്മം അസാധ്യമായിത്തീർന്നു. അതുകൊണ്ട് ഉത്സാഹത്തിനാശ്രയമായ ഊരുക്കളിൽ നിന്ന് അഷ്ടവസുക്കൾ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന വൈശ്യനെയും സൃഷ്ടിച്ചു. എന്നിട്ടും കർമ്മം ചെയ്യുവാൻ സാധിച്ചില്ല. അതിനാൽ പാദങ്ങളിൽ നിന്ന് പൂഷാവെന്നു പറയുന്ന പൃഥിവീ ദേവതയെയും ശൂദ്രനെയും സൃഷ്ടിച്ചു.

എന്നിട്ടും അവൻ കർമ്മം ചെയ്യാൻ ശക്തനായില്ല. അതുകൊണ്ട് ബ്രഹ്മം പ്രശസ്തരൂപമായ ധർമ്മത്തെ സൃഷ്ടിച്ചു. അതിനാധാരമായി അവസാനം സത്യത്തെയും സൃഷ്ടിച്ചു. ആ ധർമ്മം എന്നു പറയുന്നത് സത്യം തന്നെയാകുന്നു. അതിനാൽ സത്യം പറയുന്നവനെപ്പറ്റി ധർമ്മം പറയുന്നുവെന്നു പറയുന്നു. അതുകൊണ്ട് സമുദായത്തിലെ ധർമ്മവ്യവസ്ഥയുടെ സംസ്ഥാപകനും ബ്രഹ്മം തന്നെ.

നമ്മുടെ കർമ്മത്തിന് രണ്ടു തലങ്ങളുണ്ട്. താഴ്ന്ന തലത്തിൽ സുഖപ്രാപ്തിയാണ് ലക്ഷ്യം. ഉയർന്ന തലത്തിൽ ഈശ്വരാർപ്പിതമായ പ്രവൃത്തികളോ നിഷ്കാമവും പരാർത്ഥവുമായ കർമ്മങ്ങളോ ആണുണ്ടാവുക. ഈ ഉയർന്ന തലത്തെ ഉദ്ദേശിച്ചാണ് ‘യോഗ’മെന്ന് ഭഗവദ് ഗീത പറയുന്നത്. ഈ ഉന്നത തലത്തെ നിവൃത്തിമാർഗ്ഗമെന്നും അനവതതലത്തെ പ്രവൃത്തിമാർഗ്ഗമെന്നും പറഞ്ഞു വരുന്നു. ഈ ലോകജീവിതമെന്ന മായാബന്ധനത്തിൽനിന്നും മുക്തി നേടുവാനുള്ള ആത്മീയജീവിതമാണ് നിവൃത്തിമാർഗ്ഗം. മറിച്ച് സുഖദുഃഖമിശ്രമായ ലൌകിക ബന്ധനങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുന്ന പ്രവർത്തനങ്ങളുടേതാണ് പ്രവൃത്തിമാർഗ്ഗം. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഒരു കാര്യം. ആ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കുന്നതിൽ നമുക്കു കിട്ടിയിട്ടുള്ള മുജ്ജന്മവാസനാനുസൃതമായ ജീവിതത്തിനും അപ്രധാനമായ ഒരു പങ്കുണ്ട്. അതിന്റെ കരുത്തിനനുസരിച്ചിരിക്കും നമ്മുടെ പ്രയത്നത്തിന്റെ വിജയാപജയങ്ങൾ. പക്ഷെ, നാം നമ്മുടെ പങ്കു നിർവ്വഹിക്കുവാൻ സന്നദ്ധരാകണം. വിജയപ്രാപ്തി നീണ്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.

Thursday, October 1, 2009

മനുസ്മൃതിയുടെ സ്ഥാനം :

ആർഷ സംസ്കാരത്തിൽ മനുസ്മൃതിക്ക് എത്രകണ്ട് പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ഭാരതത്തിലെ ആദ്ധ്യാത്മിക-ദാർശനിക ഗ്രന്ഥങ്ങളെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ മനുസ്മൃതിയാണ് ഭാരതീയ സംസ്കൃതിയുടെ ആധാരശില എന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.

വേദങ്ങൾ:
വേദസംഹിതകളെ പൊതുവായി നാലായി തിരിച്ചിട്ടുണ്ട്. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്.

ഋഗ്വേദം:
വേദങ്ങളിലെ പ്രമുഖസ്ഥാനം ഋഗ്വേദത്തിനാണ്. 10,552 വരികൾ 64 അദ്ധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
യജുർവ്വേദം:
ഇതിൽ ശുക്ലയജുർവ്വേദം എന്ന പദ്യങ്ങൾ മാത്രമുള്ളതും, കൃഷ്ണയജുർവ്വേദം എന്ന പദ്യവും ഗദ്യവും കൂടിച്ചേർന്നതുമായ രണ്ട് വിഭാഗങ്ങൾ ഉണ്ട്.
സാമവേദം:
ഋഗ്വേദമന്ത്രവും യജുർവ്വേദമന്ത്രവും ദേവന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി യാഗസമയത്ത് ചൊല്ലാനായി സാമഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ മൂന്ന് വേദങ്ങളും ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളതുകൊണ്ട് ‘വേദത്രയം’ എന്ന് അറിയപ്പെടുന്നു.
അഥർവ്വവേദം:
വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ഇതിൽ രോഗചികിത്സ, കൃഷി, ഗോസംരക്ഷണം, തുടങ്ങിയ ഭൌതിക കാര്യങ്ങളാണ് വിവരിക്കുന്നത്. കൂടാതെ രാജ്യകാര്യങ്ങളെ സംബന്ധിച്ച് - രാജാധികാരം, ശത്രുനാശനം, വിജയം തുടങ്ങിയ കാര്യങ്ങളും വിവരിക്കുന്നു.

ബ്രാഹ്മണങ്ങൾ:
ഗദ്യരൂപത്തിൽ എഴുതിയിട്ടുള്ള വേദമന്ത്രങ്ങളിലെ ക്രിയാഭാഗങ്ങളാണ് ബ്രാഹ്മണങ്ങൾ.

ആരണ്യകം:
ഗ്രഹസ്ഥാശ്രമം കഴിഞ്ഞ് വാനപ്രസ്ഥ കാലഘട്ടത്തിൽ യാഗങ്ങൾ നടത്തുമ്പോൾ അവിടത്തെ പരിമിതികൾക്കനുസരിച്ച് എങ്ങിനെ യാഗങ്ങൾ നടത്താം എന്ന് അതിൽ വിവരിക്കുന്നു.

ഉപനിഷത്തുക്കൾ:
ബ്രഹ്മജ്ഞാനം നൽകുകയെന്ന ഒരേ ഒരു ലക്ഷ്യത്തോടെ രചിക്കപ്പെട്ടിരിക്കുന്ന ഉൽകൃഷ്ടകൃതികളാണ് ഉപനിഷത്തുക്കൾ
പ്രധാനമായ 108 ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ തന്നെ അതിപ്രധാനമായ 10 ഉപനിഷത്തുക്കളെ ദശോപനിഷത്തുക്കൾ എന്നു പറയുന്നു.
ബ്രഹ്മസൂത്രം :
ബ്രഹ്മസൂത്രത്തിന്റെ ആധാരശിലകൾ ഉപനിഷത്തുക്കൾ ആണ്. ദുർഗ്രഹരചനാരീതിയിലുള്ള ഉപനിഷത്തുക്കളെ മനസ്സിലാക്കുന്നതിനും അവയുടെ ആത്യന്തികസന്ദേസങ്ങൾ വേർതിരിച്ചെടുത്തു വ്യഖ്യാനിക്കുന്നതിനും ബ്രഹ്മസൂത്രത്തിന്റെ രചനയിലൂടെയാണ് സാധിച്ചത്.

പുരാണങ്ങൾ:
ധാർമ്മികമൂല്യങ്ങൾ ഒരു വ്യക്തിയിൽ നിന്ന് തലമുറകളിലേയ്ക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ട കൃതികളാണ് പുരാണങ്ങൾ. 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും ഉണ്ട്.

ഇതിഹാസങ്ങൾ:
രാമായണവും മഹാഭാരതവും ആണ് ഇതിഹാസങ്ങൾ. രാമായണം ആദ്യകാവ്യം എന്നും അറിയപ്പെടുന്നു. അന്നോളം നിലവിലുള്ള ധർമ്മശാസ്ത്രങ്ങളുടെ പ്രായോഗിക വശങ്ങൾ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ് അവതാരങ്ങളെന്നു വിശ്വസിക്കുന്ന രാമനും കൃഷ്ണനും.

ദർശനങ്ങൾ:
ന്യായശാസ്ത്രം (ഗൌതമമഹർഷി), വൈശേഷികം (കണാദമഹർഷി), സാംഖ്യദർശനം (കപിലമഹർഷി), യോഗശാസ്ത്രം (പതഞ്ജലി), മീമാംസ (ജൈമിനി), വേദാന്തം (ബാദരായണൻ). ഇവ ഷഡ്‌ദർശനങ്ങൾ എന്ന് അറിയപ്പെടുന്നു.

വേദാംഗങ്ങൾ:
വേദാംഗങ്ങളെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, ജ്യോതിഷം.)


ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം:
വേദത്തിലെ ശ്ലോകങ്ങളെ, വാക്കുകളെ, അക്ഷരങ്ങളെ തമ്മിൽ ചേർക്കുമ്പോഴുള്ള നിയമങ്ങൾ എപ്രകാരമാണ് സാഹിത്യത്തെ സമ്പുഷ്ടമാക്കുന്നത് എന്ന് കാണിക്കുന്ന അതിപ്രധാനമായ ഗ്രന്ഥസമുച്ചയങ്ങളാണ് ഇവയെല്ലാം.

കല്പശാസ്ത്രം:
ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെക്കുറിച്ചും യാഗകർമ്മങ്ങളെക്കുറിച്ചും ഒരു രാജ്യത്തിലെ ധാർമ്മിക നിയമങ്ങളെക്കുറിച്ചും വിശദമാക്കുന്നു. ശ്രൌതസൂത്രം, ശുൽബസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിനെ കല്പശാസ്ത്രം എന്നു പറയുന്നു. (ഉദാ : ആപസ്തംബ ശ്രൌതസൂത്രം, ആപസ്തംബ ശൂൽബസുത്രം, ആപസ്തംബ ഗൃഹ്യസൂത്രം, ആപസ്തംബ ധർമ്മസൂത്രം എന്നിവ ചേർന്ന ‘ആപസ്തംബ കല്പശാസ്ത്രം’ )
ഇതിൽ ആപസ്തംബ/ഗൌതമ/വസിഷ്ഠ/ബൌദ്ധായന-കല്പശാസ്ത്രം പ്രാധാന്യമർഹിക്കുന്നു.

ശ്രൌതസൂത്രം:
അശ്വമേധയാഗം, പുത്രകാമേഷ്ടിയാഗം,അതിരാത്രയാഗം, സോമയാഗം തുടങ്ങിയ യാഗകർമ്മങ്ങൾ എപ്രകാരമാണ് നടത്തേണ്ടത് എന്നും, അതിനുവേണ്ട മന്ത്രതന്ത്രാദികളും ചേർത്തു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രൌതസൂത്രം.
ശുൽബസൂത്രം:
യാഗകർമ്മങ്ങൽക്കുവേണ്ടി തയ്യറാക്കുന്ന സ്ഥലത്തിന്റെയും യാഗകുണ്ഡത്തിന്റെയും യാഗശാലയുടെയും അളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഗ്രന്ഥഭാഗത്തിനെ ശുൽബസൂത്രം എന്നു പറയുന്നു.
ഗൃഹ്യസൂത്രം :
ഒരു ഗൃഹസ്ഥൻ വിവാഹത്തിനുശേഷം അനുഷ്ഠിക്കേണ്ട സമഗ്രമായ യജ്ഞകർമ്മങ്ങൾ, ആചാരങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു.
ധർമ്മസൂത്രം :
ഒരു രാജ്യത്ത് ധാർമ്മികമൂല്യങ്ങൾ നിലനിർത്താൻ ആചരിക്കേണ്ട എല്ലാവിധ ധാർമ്മിക നിയമങ്ങളും വിവരിക്കുന്നതാണ് ധർമ്മസൂത്രങ്ങൾ. വ്യക്തികളുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ധർമ്മസൂത്രങ്ങൾ ‘സ്മൃതികൾ’ എന്നും അറിയപ്പെടുന്നു.
യാജ്ഞവൽക്യസ്മൃതി, വിഷ്ണുസ്മൃതി, വ്യാസസ്മൃതി, വസിഷ്ഠസ്മൃതി, കാത്ത്യായനസ്മൃതി, മനുസ്മൃതി തുടങ്ങിയവ കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള അനേകം ധർമ്മസൂത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ജോതിഷം :
ഇതിലെ പ്രധാന ഭാഗം ഗണിതമാണ്. അതിൽ അസ്ടോണമി എന്ന ഗോളശാസ്ത്രവും കാലക്രിയാഭാഗവും ഉൾപ്പെടുന്നു. ജോതിശാസ്ത്രം എന്ന ഗണിത വിഭാഗത്തിൽ അന്ധവിശ്വാസം തീരെയില്ല. പക്ഷെ നിമിത്തം, പ്രശ്നം, ജാതകം തുടങ്ങിയ ഭാഗങ്ങൾ വിശ്വസിക്കണോ തള്ളിക്കളയണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്. ഭാവിപ്രവചങ്ങൾ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് നന്മയുടെയോ ശരിയുടെയോ എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.
ഉപവേദങ്ങൾ :
ധനുർവ്വേദം, ഗന്ധർവ്വവേദം, ആയുർവ്വേദം, സ്ഥാപത്യവേദം (തച്ചുശാസ്ത്രം) തുടങ്ങിയവ അതിൽ പെടുന്നു.

(അവലംബം : www.iish.org)

Monday, September 28, 2009

മനുവിന്റെ ക്രൂരകൃത്യങ്ങൾ

നിങ്ങൾ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികൾ സ്മൃതികൾ ധർമ്മസൂത്രങ്ങൾ
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.

ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.

സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”

വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.

ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (ഇവിടെയും - ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.

മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ “ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.

വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:

[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]



ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.

മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :

മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”

(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)

മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ “ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.

മനുസ്മൃതിയുടെ കാലഘട്ടം:
മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)

ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)

വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.

ആരാണ് മനുസൃതി എഴുതിയ മനു:

വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:

* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]

The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.

എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.

ശാസ്ത്ര തത്ത്വങ്ങളാ‍ണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.

ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.

നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.

ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.

*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർ‌യുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.

മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.

ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.


പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.

ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.

മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.

(തുടരും)

Monday, September 14, 2009

ഒരു ജാതി ഒരു മതം - 5

ഹൈന്ദവ സംസ്കാരത്തെ എന്നും ലജ്ജിപ്പിക്കേണ്ട ഒരു വസ്തുതയാണ് സ്മാർത്തന്മാർ അസ്പൃശ്യതയെ ന്യായീകരിക്കാൻ ശ്രമിച്ചു എന്നുള്ളത്. ഇന്ന് കേരളത്തിൽ ഒരു പരിധിവരെ സമൂഹത്തെയോ ജാതിയെയോ അടിസ്ഥാനപ്പെടുത്തിയുള്ള ‘അയിത്തം’ എന്ന ദുരാചാരം ഇല്ലാതായിട്ടുണ്ടെങ്കിലും, വടക്കെ ഇന്ത്യയിൽ ഇപ്പോഴും പലയിടത്തും ദളിതരോടുള്ള പെരുമാറ്റത്തിലെ ജീർണ്ണത നിലനിൽക്കുന്നു. ഇന്ന് നിലനിൽക്കുന്നത് ജാതിവ്യത്യാസത്താൽ ഉണ്ടായിട്ടുള്ള ഉച്ചനീചത്വങ്ങളാണ്. ഈ ജാതി വ്യത്യാസത്തെ വർണ്ണാശ്രമധർമ്മങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് കോലാഹലങ്ങൾ അധികവും കണ്ടുവരുന്നത്.

എന്നു മുതലാണ് ജാതിയും ജാതിവ്യത്യാസവും ഉണ്ടായത് എന്നു അന്വേഷിക്കുകയാണ് ഇവിടെ. എന്റെ പരിമിതമായ അറിവിലും സൌകര്യങ്ങളിലുമാണ് ഇതെഴുതുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളിലൂടെ ഈ ലേഖനം പൂർണ്ണതയിലെത്തിക്കുവാൻ കഴിയുമെന്ന് കരുതുന്നു.

ആദിമ മനുഷ്യർക്ക് ജാതി എന്ന ചിന്ത ഉണ്ടായിരിക്കാൻ സാധ്യതയില്ല. മനുഷ്യൻ സംഘം ചേർന്നു ജീവിക്കാൻ തുടങ്ങിയതുമുതൽ ജീവിതാവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയുമായി മല്ലിടേണ്ടി വന്നിട്ടുണ്ട്. ഒരു സമൂഹത്തിന്റെ വളർച്ചയിൽ അന്വേഷണവും കീഴടക്കലും അവകാശം സ്ഥാപിക്കലും ഉണ്ടായിരിക്കും. സാംസ്കാരികമായി വളർന്ന സമൂഹങ്ങൾ ഒരു നേതാവിന്റെ കീഴിൽ ജീവിക്കാൻ തുടങ്ങി. ഈ അവസരത്തിൽ കർമ്മതാല്പര്യത്തെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും അവരുടെ കർമ്മങ്ങളിൽ താല്പര്യമുള്ളവരായിട്ടുണ്ടാകും. ഈ നേതാവിന്റെ (മൂപ്പന്റെ) പരമ്പര പിന്നീട് ചില ആചാരങ്ങളുടെ ചട്ടക്കൂടുകളുള്ള ഗോത്രങ്ങളായി അറിയപ്പെടാൻ തുടങ്ങി. സംസ്കാരത്തിന്റെയും ഭാഷയുടെയും വളർച്ചയിൽ ജനങ്ങളുടെ ഓരോ തൊഴിലിനോടും ബന്ധപ്പെട്ട കർമ്മത്തിന്റെ പ്രാവീണ്യത്തിൽ അതിനോട് ബന്ധപ്പെടുത്തിയ ‘ജാതി‘ എന്ന് അറിയപ്പെടാൻ തുടങ്ങി.
ഇന്ന് ഒരു ജാതിപ്പേർ കേൾക്കുമ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന തൊഴിൽ ആണ് ആദ്യം മനസ്സിൽ തെളിയുക. പണ്ട് ഒരു ഗ്രാമം പൂർണ്ണമായും സ്വയം പര്യാപ്തമായിരുന്നു. ഓരോ ഗ്രാമത്തിലും ആ ഗ്രാമത്തിനുവേണ്ട വിഭവങ്ങൾ അവിടെത്തന്നെ ഉണ്ടായിരിക്കും. ഒരു ഗ്രാമത്തലവന്റെ കീഴിൽ എല്ലാവരും സഹകരണത്തോടെ ജീവിച്ചു പോന്നിരുന്നു എന്നുവേണം കരുതാൻ. എല്ലാ ഗ്രാമങ്ങളിലും അവിടെത്തെ മനുഷ്യർക്കുവേണ്ട സൌകര്യങ്ങൾ ഒരുക്കാൻ നാട്ടുവൈദ്യനും, ആശാരിയും, കൊല്ലനും, തട്ടാനും, മൂശാരിയും, അമ്പട്ടനും ഉണ്ടായിരുന്നു. ഗ്രാമവാസികൾ ഈ കുലത്തൊഴിൽ അനുഷ്ഠിക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ അടുത്ത കാലം വരെ ഈ വ്യവസ്ഥകളെല്ലാം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഒരു പ്രസവം നടന്നാൽ 90 ദിവസം വരെ ആ അമ്മയെയും കുഞ്ഞിനെയും പരിചരിക്കാനുള്ള അവകാശം നാട്ടിലെ മണ്ണാത്തിക്കാണ്. അവർ അലക്കിക്കൊണ്ടു വന്ന മുണ്ട് ഉടുത്താലേ വാലായ്മ തീരുകയുള്ളൂ എന്ന അന്ധവിശ്വാസം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി മരിച്ചാൽ അടിയന്തിര ദിവസം നാട്ടിലെ അമ്പട്ടൻ വന്ന് മുടിവെട്ടി ചാണകവെള്ളം തെളിച്ചാലെ വാലായ്മ പോകുകയുള്ളൂ. എന്താ ഇത് വെള്ളരിക്കാ പട്ടണമോ എന്നു ചോദിക്കാവുന്ന ഒരു ആചാരം. എന്നും ആ ജാതിവ്യവസ്ഥയിലെ സഹകരണത്തിനെ ജനങ്ങൾ മാനിച്ചിരുന്നു.

മനുഷ്യനെയും അവന്റെ സംസ്കാരത്തെയും കുറിച്ച് നമുക്ക് അറിയാൻ കഴിയുന്നത് പുരാതന ഗ്രന്ഥങ്ങളിലുടെയും ശിലാലിഖിതങ്ങളിലൂടെയും ആണ്. ഭാരതത്തിലെ പൌരാണിക ഗ്രന്ഥം വേദങ്ങളാണ്. അതിനുശേഷമാണ് ബ്രാഹ്മണങ്ങളും ഇതിഹാസങ്ങളും എല്ലാം ഉണ്ടായത്.

വേദങ്ങളിൽ പ്രപഞ്ചസത്യത്തെക്കുറിച്ച് വിവരിക്കുമ്പോൾ അതിൽ മനുഷ്യൻ എന്ന ഘടകത്തെക്കുറിച്ച് സ്വാഭാവികമായും പരാമർശിക്കുന്നുണ്ടെന്നല്ലാതെ, മനുഷ്യനെയോ സമൂഹത്തെയോ കുറിച്ചുള്ള കഥകളോ സംഭവങ്ങളോ അതിൽ കാര്യമായി പരാമർശിക്കുന്നില്ല. ഇതിഹാസങ്ങളിലും പുരാണങ്ങളിലുമാണ് മനുഷ്യന്റെ കഥകൾ പറയുന്നത്. ആദ്യകാവ്യമെന്ന് അറിയപ്പെടുന്ന വാത്മീകി രാമായണത്തിൽ വിവിധ ജാതികളെയും വർണ്ണാശ്രമധർമ്മങ്ങളെയും കുറിച്ച് നിരവധി വിവരണങ്ങൾ ഉണ്ട്. അയോദ്ധ്യാകാണ്ഡത്തിൽ തൊഴിലിനോട് ബന്ധപ്പെട്ട 88 ജാതികളെക്കുറിച്ച് പറയുന്നുണ്ട്. കാട്ടുനിവാസികളായിരുന്ന വാനരന്മാരായിരുന്നു ശ്രീരാമന്റെ ഏറ്റവും അടുത്ത സഹായികൾ. അവർക്ക് അസ്പൃശ്യതയുള്ളതായി വിവരണമൊന്നും ഇല്ല. അയിത്തക്കാരൻ എന്നു വിളിക്കാവുന്ന ഒരാളായിരുന്നു ശ്രീരാമനെ കടത്തുവഞ്ചിയിൽ കൊണ്ടുപോയത്. ‘മാനിഷാദാ’ എന്നു പറഞ്ഞല്ലെ രാമായണം തുടങ്ങുന്നതുതന്നെ. എടാ കാട്ടാളാ നീ ദൂരെ പോ എന്ന് അവിടെ പറയുന്നില്ല എന്നാണ് എനിയ്ക്ക് മനസ്സിലായിട്ടുള്ളത്.

ചാതുർവർണ്ണ്യത്തിന് പൂർണ്ണമായ ആധിപത്യമുണ്ടായിരുന്ന കാലത്താണ് ‘മഹാഭാരത’ രചന നടന്നിട്ടുള്ളത്. അതിൽ കർണ്ണൻ സൂതപുത്രനാണ്. കൃഷ്ണൻ യാദവനും. അവരെ രാജസൂയത്തിൽ ക്ഷത്രിയരായി അംഗീകരിക്കുന്നില്ല. പക്ഷെ തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ല. പണ്ഡിതശ്രേഷ്ഠനായ വിദുരരെ ശൂദ്രനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ദുര്യോധനൻ അംഗരാജാവാക്കിയതോടെ കർണ്ണന്റെ പദവി ഉയർന്നു. ശിശുപാലവധത്തിനുശേഷം ക്ഷത്രിയർക്കുമാത്രം അവകാശപ്പെട്ട രാജസൂയത്തിന് കൃഷ്ണനെയും ക്ഷണിക്കുകയുണ്ടായി. ചാതുർവർണ്ണ്യം തൊഴിൽ വിഭജനകാര്യത്തിലല്ലാതെ സമുദായത്തിലെ ഉച്ചനീചത്വത്തിന് അടിസ്ഥാനമായിരുന്നില്ല എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. ശൂദ്രനായ വിദുരർക്ക് മഹാഭാരതത്തിൽ ഉന്നതസ്ഥാനം ലഭിച്ചിരുന്നു. ദുര്യോധനന്റെ വിരുന്നുപേക്ഷിച്ച് ശ്രീകൃഷ്ണൻ വിദുരരുടെ ശൂദ്രഭക്ഷണം കഴിച്ചിരുന്നു.

ധർമ്മം / കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ചാതുർവർണ്ണ്യം തൊഴിൽ വിഭജനമെന്ന നിലയിൽ നിന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമായി അധഃപതിച്ചത് പിന്നീട് എപ്പോഴോ സ്വാർത്ഥമതികളായ മനുഷ്യന്റെ കൈകളിലേയ്ക്ക് ഭരണം വന്നതിനുശേഷമാവണം. മഹാഭാരതത്തിൽ ദുർഭരണത്തിന്റെ മൂർത്തീഭാവമായ ദുര്യോധനൻ പോലും ജാതി-വർണ്ണ വ്യവസ്ഥയിലെ അസ്പൃശ്യത കാര്യമായെടുത്തിട്ടില്ല. എങ്കിലും അക്കാലത്ത് ജനങ്ങൾ ചാതുർവർണ്ണ്യത്തിലും ജാതിധർമ്മത്തിലും അറിയുറച്ച് വിശ്വസിച്ചിരുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അധർമ്മബാധകൊണ്ട് ജാതിക്കലർപ്പുണ്ടാകുമെന്നും, വർണ്ണസങ്കരം കുലത്തിന് നാശമുണ്ടാക്കുമെന്നുമുള്ള സാധാരണ ജനത്തിന്റെ സംശയം അർജ്ജുനനിലൂടെ ചോദിക്കുന്നത്.

അക്കാലത്തെ ചില മഹത് വ്യക്തികളുടെ ജനനത്തെക്കുറിച്ചും ഒന്നു നോക്കാം.
വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരുള്ള പറച്ചിയിൽ നിന്നും ജനിച്ചതായിട്ടാണ് പറയുന്നത്. വേദങ്ങളെ ചിട്ടപ്പെടുത്തിയ വേദവ്യാസൻ ജനിച്ചത് മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിലും. പരാശരന്റെയും വ്യാസന്റെയും ഒപ്പം നിൽക്കാവുന്ന ബ്രാഹ്മണരോ സത്യദർശികളോ അപൂർവ്വമായിരുന്നു. വേദകാലത്തുതന്നെ ഇത്തരം കഥകൾ പ്രസിദ്ധമായിരിക്കുമ്പോൾ മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത് ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ച് ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്.

മഹാഭാരതകാലത്ത് ജാതിവ്യവസ്ഥ ഒട്ടുംതന്നെ പ്രബലമായിരുന്നില്ല എന്നു കരുതാൻ യുധിഷ്ഠിരൻ പറയുന്നതായ ഈ വരികൾ ധാരാളം മതിയാകും. “നാനാജാതിയിൽ പെട്ട സ്ത്രീകളിലും പുരുഷന്മാർ സന്തതികളെ ഉല്പാദിപ്പിക്കുന്നു. അതുകൊണ്ട് ആരുടെയും ജാതി നിശ്ചയിക്കുക സാധ്യമല്ല. ഓരോരുത്തരുടെയും പെരുമാറ്റച്ചിട്ട കണ്ട് അയാളുടെ സ്വഭാവം നിർണ്ണയിക്കുകയേ നിവൃത്തിയുള്ളൂ” എന്നാണ് ഡോ.എസ്.രാധാകൃഷ്ണൻ പറയുന്നത്. കുരങ്ങത്തിയെയും പാമ്പിനെയും വരെ കല്ല്യാണം കഴിച്ചവരായിരുന്നു മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എന്ന് ‘ഗുരുകുലത്തിൽ’ ഉമേഷ്ജി (അതിശയോക്തിയാണ്) എഴുതിയിരുന്നു. സ്വാർത്ഥമതികളായ ഭരണാധികാരികൾ മനുസ്മൃതിയിൽ കൃത്രിമം കാട്ടി ധർമ്മശാസ്ത്രത്തിന് പുതിയമുഖങ്ങൾ ചമയ്ക്കാൻ തുടങ്ങിയതുകൊണ്ടാണ് ഭഗവദ് ഗീതയിൽ ഒമ്പതാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാം ശ്ലോകം ഉണ്ടായത് എന്നാണ് പണ്ഡിതന്മാർ പറയുന്നത്.


“ശുചം ആദ്രവതി ഇതി ശൂദ്രഃ” എന്നാണ് ശൂദ്രശബ്ദത്തിന്റെ വ്യുല്പത്തി. അതനുസരിച്ച് ദുഃഖത്തിനു പിന്നാലെ പോകുന്നവനാണ് ശൂദ്രൻ. അത് ഒരു ജാതിയെ കുറിക്കുന്നതാകണമെന്നില്ല. ജ്ഞാനപ്രാപ്തി ലക്ഷ്യമാക്കിയുള്ള കർമ്മം ഹൃദയ ശുദ്ധീകരനത്തിനു സഹായിക്കും. കർമ്മങ്ങൾ വർണ്ണാശ്രമധർമ്മങ്ങൾക്കനുസൃതമായാണ് അനുഷ്ഠിക്കേണ്ടത്. ശൂദ്രന്മാർക്ക് ആശ്രമധർമ്മങ്ങൾ വിധിച്ചിട്ടില്ല. വേദങ്ങളിൽ ശൂദ്രന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രഹ്മസൂത്രത്തിൽ ശൂദ്രന് വേദാധികാരം ഇല്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് ബാദരായണന്റെ ഒരു കൃത്രിമം ആയിരുന്നു. അതിന് അദ്ദേഹം സ്മൃതികളെ കൂട്ടുപിടിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ആശ്രമങ്ങളൊന്നുമില്ലാത്തവർക്കും ബ്രഹ്മജ്ഞാനമാകാമെന്ന് ബ്രഹ്മസൂത്രത്തിൽ തന്നെ സിദ്ധാന്തിക്കുന്നുണ്ട്. സ്ത്രീകളും വേദാധികാരമില്ലാത്തവരാണ്. പക്ഷെ ഉപനിഷത്തുക്കളിലെ മൈത്രേയിയും ഗാർഗിയും ബ്രഹ്മജ്ഞാനം നേടിയവരായിരുന്നു. ശങ്കരാചാര്യരും വിദുരർ തുടങ്ങിയവരെ ചൂണ്ടിക്കാണിച്ച് ഈ സിദ്ധാന്തത്തിന്റെ വികലതയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

28 ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു എന്ന് www.iish.org സാക്ഷ്യപ്പെടുത്തുന്നു. ചില വിക്കി സൈറ്റിൽ 40 എണ്ണം ഉണ്ടെന്നും പറയുന്നുണ്ട്.
മനുസ്മൃതി അടക്കമുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആചാരങ്ങളും അതിൽ തെറ്റു വന്നാൽ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളും ആണ് അധികവും ഉള്ളത്. കുറ്റവാളികൾക്കുള്ള ശിക്ഷകളും അതിൽ ഉൾപ്പെടുന്നു . പിന്നീട് സ്മൃതികളുടെ മറവിൽ ശൂദ്രദണ്ഡനത്തിനുവേണ്ടിമാത്രം എഴുതിച്ചേർത്ത അന്യായമായ ശിക്ഷാവിധികളാണ് ആർഷസംസ്കാരത്തിന് കളങ്കം ചാർത്തിയ ദുരാചാരങ്ങൾ. പൌരാണിക കാലത്തെക്കാൾ ആധുനിക കാലത്തിലാണ് അതിന്റെ ദോഷം കൂടുതൽ രൂക്ഷമായത്. ശൂദ്രന്മാർ മേൽജാതിക്കാർ നടക്കുന്ന വഴികളിൽ നടക്കാൻ പാടില്ലെന്നും, തുപ്പാൻ പാടില്ലെന്നും ഉള്ള നിയമങ്ങൾ മനുസ്മൃതിയിൽ പോലും കാണുന്നില്ല.

ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ‘കാളിദാസൻ’ ചോദിച്ചിരുന്നു, “ക്ഷേത്രങ്ങൾ എന്നാണ് ഉണ്ടായത്, ആധുനിക കാലത്താണോ’?

ബ്രാഹ്മണമേധാവിത്വവും താന്ത്രികവിധികളും ഭരണവും ഒരേ കുടക്കീഴിൽ വന്ന കാലഘട്ടത്തിലാവണം അയിത്താചാരങ്ങൾ കൂടുതൽ തീവ്രമായത് എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. രാമായണത്തിൽ ആരും ക്ഷേത്രദർശനം നടത്തിയിരുന്നതായി കാണുന്നില്ല. സേതുബന്ധനത്തിനുമുമ്പ് ശ്രീരാമൻ ശിവനെ ഒന്നു പ്രാർത്ഥിക്കാനായി അവിടെയെല്ലാം തിരഞ്ഞു. മരുന്നിനുപോലും ഒരു ക്ഷേത്രം കാണാഞ്ഞ് കടപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് അത്യാവശ്യം വേണ്ട കാര്യങ്ങൾ
പറയുകയാണുണ്ടായത്. മഹാഭാരതത്തിലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഒരു ചന്ദനക്കുറിയും തൊട്ടുമടങ്ങുന്ന കാമുകീകാമുകന്മാരെപ്പറ്റി ഒന്നും പറയുന്നില്ല. വടക്കൻ പാട്ടു സിനിമകളിൽ അങ്കത്തിനുപോകുന്നതിനുമുമ്പ് ലോകനാർകാവിലോ തൃപ്പങ്കോട്ടപ്പന്റെയടുത്തോ പോയി അനുഗ്രഹം വാങ്ങുന്ന ചടങ്ങുകൾ കാണാറുണ്ട്. മഹാഭാരതയുദ്ധത്തിനുപോകുന്ന രാജാക്കന്മാരാരും ഒരു ക്ഷേത്രത്തിൽ പോയി കുങ്കുമവും തൊട്ട് കുരുക്ഷേത്രത്തിലേയ്ക്ക് പോയതായി അറിവില്ല. പക്ഷെ ദുര്യോധനാദികളും പാണ്ഡവരും അവരുടെ മാതാവിന്റെ അടുത്തുപോയി അനുഗ്രഹം വാങ്ങി എന്നു വിശദമായി പറയുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ BC3000 നും മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു പറയുന്നു. ആധുനിക ചരിത്ര പണ്ഡിതന്മാർ BC1000 വർഷം മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു തെളിവുകൾ നിരത്തി പറയുന്നു. വേദിക് കാലത്തിനുശേഷം ബ്രിട്ടീഷുകാർ വരെ ഭാരതത്തിൽ ഫ്യൂഡൽ ഭരണവും അധിനിവേശഭരണവും ആയിരുന്നു. അതിൽ ഫ്യൂഡൽ ഭരണകാലമായിരിക്കും ക്ഷേത്രങ്ങളുടെ സുവർണ്ണകാലം. കേരളത്തിലെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ ബുദ്ധമതക്കാരെ ആട്ടിയോടിച്ച് അവരുടെ വിഹാരങ്ങൾ ബ്രാഹ്മണന്മാർ ക്ഷേത്രങ്ങളാക്കി മാറ്റി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അത് ശരിയാണെങ്കിൽ കേരളത്തിലെ ക്ഷേത്രാചാരങ്ങൾക്ക് 10-ആം നൂറ്റാണ്ടിനുശേഷമുള്ള ചരിത്രമേ പറയാനുള്ളൂ. “ ബുദ്ധമതം അതുവരെ നേടിയിരുന്ന നല്ല കാര്യങ്ങളെല്ലാം ഉൾക്കൊണ്ട് ഹിന്ദുമത പുനരുദ്ധാരണം ശക്തിപ്രാപിച്ചു. വിഷ്ണുവും സുബ്രഹ്മണ്യനും ശാസ്താവുമെല്ലാം ഹൈന്ദവീകരിച്ച ബുദ്ധവിഗ്രഹങ്ങളാണ്. ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ് ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടിട്ടുള്ള ദേവീദേവ വിഗ്രഹങ്ങൾ, ഉത്സവങ്ങൾ, ആറാട്ടുകൾ, എന്നിവയെല്ലാം.” (മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. കെ.സുഗതന്റെ ‘ബുദ്ധനും നാണുഗുരുവും‘ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്.)


ഓരോ രാജ്യത്തും രൂപം കൊള്ളുന്ന സാമുദായികതയിൽ ശാസ്ത്രീയമല്ലാത്ത ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഭാരതത്തിൽ അത് അതിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലായിരുന്നു എന്നുമാത്രം. ലോകത്തിൽ പല രാജ്യങ്ങളിലും ഈ അയിത്തവും മനുസ്മൃതിയിൽ പറയുന്ന രീതിയിലുള്ള ശിക്ഷാവിധികളും നിലനിന്നിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

“ഇത്രദൂരം നടന്നു ഞാനിന്നീ-
കത്തുമാതപ ജ്വാലയീ;
ഹാ, തളർന്നു ഞാൻ ദാഹത്താൽപ്പരം,
ശീതളസ്വച്ഛമിജ്ജലം
തെല്ലെനിക്കെടുത്തേകുവാൻ സ്നേഹ-
ശാലിനി, കനിഞ്ഞാലും നീ.”

“ആരു നീ, യൊരുജൂതനല്ലയോ?
ഞാനഹോജലം നൽകയോ?
ജൂതരും ഹാ, സമേരിയാക്കാരും
ജാതിയിലെന്തന്തരം!
നീ കുടിപ്പതു ഞായമോ ഞാനി-
ന്നേകുകിൽപ്പോലു, മിജ്ജലം?”
(പാവുണ്ണി തൈക്കാടിന്റെ ഒരു ചെറിയ കവിതയിലെയാണിത്.)
ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ “ദാഹിക്കുന്നു ഭഗിനി …. എന്ന കവിതയുടെ ചുവടുപിടിച്ചാണെങ്കിലും, ഇവ തമ്മിലുള്ള ഒരു സാമ്യം കാണിക്കാൻ വേണ്ടി മാത്രം കോപ്പി ചെയ്തതാണ്.

ക്രിസ്തുദേവന്റെ കാലത്ത് ജൂതരും സമേരിയക്കാരും തമ്മിൽ യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. ജൂതന്മാർ ഉന്നത ജാതിക്കാരായിരുന്നു. സമേരിയവംശക്കാരിൽ നിന്ന് ദാഹജലം പോലും അവർ വാങ്ങുമായിരുന്നില്ല.

ബുദ്ധമതത്തിൽ ജാതിവ്യവസ്ഥയില്ല എന്നാണ് പൊതുവെ കേൾക്കുന്നത്. ലഡാക്കിലെ Garba (the smiths), Mon (musician) and Beda ജാതിയിൽ പെട്ടവർക്ക് മറ്റുള്ളവർ വെള്ളവും ഭക്ഷണവും അവർ ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൊടുക്കുകയില്ല. ലഡാക്കിലെ തന്നെ ഷിയ മുസ്ലീമുകൾ ബുദ്ധമതക്കാരുടെ പക്കൽ നിന്നും ഭക്ഷണം കഴിക്കില്ല. മുസ്ലീങ്ങൾക്ക് ബുദ്ധമതക്കാർ തൊട്ടുകൂടാത്തവരും ബുദ്ധമതക്കാർക്ക് അവരുടെ ഇടയിൽ തന്നെയുള്ള ദളിതർ തൊട്ടുകൂടാത്തവരും ആണ്.

ചില രാജ്യങ്ങളിലെ ജാതി വ്യത്യാസങ്ങൾ പൊതു അറിവിലേയ്ക്കായി മാത്രം കോപ്പി ചെയ്തതാണ് താഴെ കൊടുത്തിട്ടുള്ളത്. പൂർണ്ണമായ വായനയ്ക്ക് ഇവിടെ നോക്കുക.
Japan
Feudal Japan hierarchy and Burakumin The two main castes in Japan were samurai and peasants. Only the samurai caste was allowed to bear arms. A samurai had a right to kill any peasant whom he felt was disrespectful.
Korea
The Baekjeong were an "untouchable" outcaste group of Korea, often compared with the burakumin of Japan and the dalits of India and Nepal. The term baekjeong itself means "a butcher,"
Caste in Hawaiʻi
Kauwa, the outcast or slave class. They are believed to have been war captives, or the descendants of war captives. Marriage between higher castes and the kauwa was strictly forbidden. The kauwa worked for the chiefs and were often used as human sacrifices at the luakini heiau.

West Africa
The Osu caste system in Nigeria and southern Cameroon, can be traced back to an indigenous religious belief system, practiced within the Igbo nation. It is the belief of many Igbo traditionalists that the Osus are people historically owned by deities, and are therefore considered to be a 'living sacrifice', an outcaste, untouchable and sub-human
Yemen
In Yemen there exists a further caste, the Al-Akhdam who are kept as perennial manual workers through practices that mirror untouchability.[19] A traditional saying in the region goes: "Clean your plate if it is touched by a dog, but break it if it's touched by a Khadem."[

ജാതിവർണ്ണവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങൾ ആരും വിമർശിക്കാതെ എല്ലാം സഹിച്ച് കഴിയുകയായിരുന്നോ ഭാരതത്തിലെ ജനങ്ങൾ എന്നു ചോദിക്കാം. ഇക്കാര്യത്തിൽ ശ്രീബുദ്ധനാണ് ഒരു വിപ്ലവാത്മകമായ മുന്നേറ്റം ഉണ്ടാക്കാനായത്. അദ്ദേഹം അന്ത്യജന്മാരെ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്തു. ശൈവമതത്തിലെയും വൈഷ്ണവമതത്തിലെയും ഭക്തന്മാരും മനുഷ്യന്റെ സമത്വത്തിനുവേണ്ടി വാദിച്ചിട്ടുള്ളവരാണ്. ചൈതന്യന്റെ ശിഷ്യന്മാരിൽ ഹിന്ദുക്കളും മുസ്ലീംങ്ങളും കൊള്ളക്കാരും വേശ്യകൾ പോലും ഉണ്ടായിരുന്നു. ഗാന്ധിജിയും ദളിതർക്കുവേണ്ടി പ്രവർത്തിച്ചെങ്കിലും ജാതീയത സാമൂഹിക ജീവിതത്തിൽ ഒളിച്ചിരുന്നതല്ലാതെ നിർമ്മാർജ്ജനം ചെയ്യപ്പെടുകയുണ്ടായില്ല. ഗുരുദേവനും ജാതിപ്പിശാചിനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും അതിനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാതെ പോയി.

മനുഷ്യന്മാർക്കിടയിൽ മാത്രമാണോ ഈ ജാതി വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. ഉറുമ്പുകളുടെയും തേനീച്ചകളുടെയും സാമൂഹിക ജീവിത ചക്രങ്ങൾ നിരീക്ഷിച്ചവർ പറയുന്നത്, ആ ചെറുജീവികളുടെ ഇടയിലും രാജ്ഞിയും പടയാളിയും തൊഴിലാളിയും മടിയന്മാരും ചേർന്നുള്ള ഒരു വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ്. ചിലപ്പോൾ ഭഗവദ് ഗീതയും മനുസ്മൃതിയും ആയിരിക്കാം ആ ജീവികളുടെ ആത്മീയ-നിയമ ഗ്രന്ഥങ്ങൾ.

കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത്. അത് പ്രകൃതി നിയമമാണ്. പക്ഷെ അഹങ്കാരത്താൽ വിവേകശൂന്യരായ നമുക്ക് അത് അംഗീകരിക്കാനാവുന്നില്ലെന്നുമാത്രം.

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർമ്മാണി സർവ്വശഃ
അഹങ്കാര വിമൂഢാത്മാ കർത്താഹമിതി മന്യതേ.
(ഭ.ഗീ. 3:27)
[പ്രകൃതിയുടെ ഗുണങ്ങളാൽ ആണ് സർവ്വപ്രകാരത്തിലുമുള്ള കർമ്മങ്ങൾ ചെയ്യപ്പെടുന്നത്.]

ലോകത്തിലെല്ലായിടത്തും തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു എന്നു മാത്രമല്ല ഇപ്പോഴും ഈ വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ് അത് അവസാനിപ്പിക്കാനായി ലോകരാജ്യങ്ങളിലെ പ്രധാനികൾ സംഘടിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന ഈ വാർത്തയിൽ നിന്നും മനസ്സിലാവുന്നത്. ഒരു നല്ല നാളെക്കുവേണ്ടി നമുക്കും പ്രാർത്ഥിക്കാം.

“ലോകാ സമസ്തഃ സുഖിനോ ഭവന്തു”

Monday, September 7, 2009

ഒരു ജാതി ഒരു മതം - 4

ഭാരതത്തിൽ ജാതിയെയും വർണ്ണത്തെയും കൂട്ടികലർത്തി രണ്ടും തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് ഇന്ന് വിമർശിച്ചുകൊണ്ടിരിക്കുന്നത്. ജാതിമതവർണ്ണനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവർപോലും സ്വന്തം കാര്യം വരുമ്പോൾ ജാത്യാധിഷ്ഠിതമായിത്തന്നെ ചുരുങ്ങിപ്പോകും. ജാതിമതങ്ങൾ വേണ്ട എന്ന് ഒരു യാഥാസ്തിതികനും പറയുമെന്നും തോന്നുന്നില്ല. പുരോഗമനവാദികളാണെങ്കിലോ സംവരണ കോലാഹലങ്ങൾ വരുമ്പോൾ അവരുടെ ജാതിയും വർണ്ണവും തെളിഞ്ഞു കാണുകയും ചെയ്യും.
‘ചാതുർവർണ്ണ്യം മയാസൃഷ്ടം’ എന്ന ഗീതാ വാക്യവും മനുസ്മൃതിയിലെ വർണ്ണാടിസ്ഥാനത്തിലുള്ള ഉച്ഛനീചത്ത്വങ്ങളുമാണ് ലോകത്ത് ജാതി ചിന്തകൾ വളർന്നു വരാൻ കാരണം എന്ന ഒരു അപഖ്യാതി ഇപ്പോൾ ചിന്താശേഷി കുറഞ്ഞവരിൽ അപകർഷതാബോധം വളർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.

‘സവർണ്ണമേധാവിത്ത്വം’ ഇന്ന് എവിടെയും കേൾക്കുന്ന ഒരു പ്രയോഗമാണ്. സവർണ്ണൻ എന്നാൽ ഒരു വർണ്ണത്തിൽ അല്ലെങ്കിൽ ജാതിയിൽ പെട്ടത് എന്നാണ് നിഘണ്ടുവിൽ അർത്ഥം കാണുന്നത്. വർണ്ണവ്യവസ്ഥയിൽ പെട്ടത് എന്നാൽ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടുന്നത് എന്ന അർത്ഥം വരുന്നുണ്ട്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന നാലു വർണ്ണത്തിലും പെട്ടവരെത്തന്നെയല്ലെ സവർണ്ണർ എന്ന് വിളിക്കുന്നത്. അപ്പോൾ അവർണ്ണർ എന്നു പറയുന്നത് ഈ വർണ്ണ വ്യവസ്ഥയിൽ പെടാത്തവരെയാണ്. സവർണ്ണൻ അവർണ്ണൻ എന്നുള്ള സാമൂഹികമായ വിവക്ഷ അപഹാസ്യമായ ദുരാചാരത്തെയും മിഥ്യാഭിമാനത്തെയും ചുറ്റിപ്പറ്റി ഉണ്ടായതാണ്. എല്ലാ മനുഷ്യരും ജനിക്കുന്നത് അവർണ്ണരായിട്ടാണ്. കാലാന്തരത്തിൽ കർമ്മം കൊണ്ട് വർണ്ണമുള്ളവരായിത്തീരുന്നു. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വർണ്ണാതീതമായ സച്ചിദാനന്ദത്തെ പ്രാപിക്കുക എന്നുള്ളതാണ്. വർണ്ണവ്യവസ്ഥയിൽതന്നെ തളച്ചിടപ്പെട്ട ഒരാൾ സംസ്കാരരൂപേണ ഉള്ളിൽ കലർന്നു കിടക്കുന്ന വർണ്ണത്തെ ആവുന്നത്ര ഇല്ലാതാക്കി വർണ്ണാതീതനാവുന്നതാണ് നാം സന്ന്യാസിയിൽ കാണുന്നത്. അതുകൊണ്ട് സന്ന്യാസിവര്യൻ ഒരു വർണ്ണത്തിലും പെടാത്ത ആളാണ്. സർവ്വസംഗപരിത്യാഗികളായ ഋഷീശ്വരന്മാരും വർണ്ണാതീതരാണ് എന്നു മനസ്സിലാകും.

ഭഗവദ് ഗീതയിലെ ‘ചാതുർവർണ്ണ്യ’ വിവരണത്തിന്റെ വെളിച്ചത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരെ മനഃശാസ്ത്രപരിഗണന വച്ചു നോക്കുന്നപക്ഷം അങ്ങനെയുള്ള വ്യക്തിത്വമാതൃകകൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കാണാവുന്നതാണ്. ഒരു സർവ്വകലാശാലാ പ്രൊഫസറെയും ചുമട്ടുതൊഴിലാളിയെയും ആർച്ച്ബിഷപ്പിനെയും അദ്ദേഹത്തിന്റെ സഭയിൽപ്പെട്ട നിരക്ഷരനായ ഒരു മുക്കുവനെയും മനുഷ്യനെന്ന നിലയിൽ ഒന്നായി കാണാൻ കഴിയുമെങ്കിലും സാമൂഹിക തലത്തിൽ അവർക്ക് തുല്യമായ സ്ഥാനം കൊടുക്കാൻ കഴിയാതെപോകും. അതുകൊണ്ട് അദ്ധ്യാത്മജീവിതത്തിൽ മുഴുകിയിരിക്കുന്നവരെയും ഭരണതന്ത്രജ്ഞന്മാരെയും കച്ചവടക്കാരെയും കൂലിപ്പണി എടുക്കുന്നവരെയും വേർതിരിച്ചു കാണുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കിലായാലും ആധുനിക സോഷ്യലിസ്റ്റ് രാജ്യത്തിലായാലും “സനാതന കോളനിയിലായാലും” ഒരുപോലെത്തന്നെയാണ്.

സമൂഹത്തിലെപ്പോഴും ഇപ്രകാരമുള്ള വിഭജനങ്ങളുണ്ടായിട്ടുണ്ട്; ഉണ്ടായിരിക്കുകയും ചെയ്യും. സാമൂഹികവ്യവസ്ഥ വെറും ആദർശങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിലവിൽ വന്നിട്ടുള്ളത്. ശാരീരികവും മാനസികവും സാംസ്കാരികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളും മുൻവിധികളും കീഴ്വഴക്കങ്ങളും അതിൽ കലർന്നു കിടക്കുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാലും ഏർപ്പെട്ടിരിക്കുന്ന കർമ്മങ്ങളുടെ സവിശേഷതയാലും ഒരുവൻ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആയിത്തിർന്നാൽ ആ വ്യക്തിത്വമാതൃകയ്ക്ക് ചേരുന്ന ഗുണദോഷങ്ങൾ അനുഭവിക്കേണ്ടിവരും. സാമാന്യത്തെയും വിശേഷത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിയന്താവായ ഈശ്വരന്റെ നിശ്ചയത്തിൽ പെടുന്നതാണെങ്കിലും ഒരുവൻ ഒരു പ്രത്യേക വർണ്ണമുള്ളവനായിത്തീരുന്നത് ദൈവനിയോഗത്താലല്ല. അവന്റെ ശ്രദ്ധ ധൃതി, രുചി മുതലായവയാലാണ്. പുരാണങ്ങളിൽ ഈ വ്യവസ്ഥയെ സൂചിപ്പിക്കുന്ന പല കഥകളും ഉണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ച വ്യക്തി സത്യസാക്ഷാൽകാരംകൊണ്ട് ബ്രാഹ്മണനായിത്തീർന്നതിനാൽ രാജ്യഭരണത്തിന് അവകാശിയല്ലാതായിട്ടുണ്ട്. ശ്രീബുദ്ധൻ രാജ്യം ഉപേക്ഷിച്ചാണ് ആത്മസാക്ഷാൽക്കാരത്തിനിറങ്ങിത്തിരിച്ചത്.

വർണ്ണവ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ന്യായീകരണം ഉണ്ടെങ്കിലും കർമ്മ സവിശേഷതയിലൂടെയല്ലാതെ ജന്മനാൽതന്നെ ഓരോരുത്തരും തലമുറകളിലൂടെ വർണ്ണവ്യവസ്ഥയ്ക്ക് വിധേയമായി ജീവിക്കേണ്ടി വരുന്നു എന്നത് നമ്മുടെ സാമൂഹികനീതിയായി മാറിക്കഴിഞ്ഞു. ഓരോരുത്തരും സഹജമായ ഗുണദോഷങ്ങളനുസരിച്ചാണ് ജീവിക്കുന്നത് എന്നത് വാസ്തവമാണെങ്കിലും, താമസപ്രകൃതിയുള്ള ഒരാൾ ബ്രഹ്മണജാതിയിലോ ക്ഷത്രിയജാതിയിലോ വന്നുപിറന്നാൽ അയാളുടെ അടിസ്ഥാനപരമായ ദോഷങ്ങളെ കുറെയൊക്കെ സമൂഹം കല്പിച്ചുകൊടുക്കുന്ന മേന്മകൊണ്ട് മൂടിവയ്ക്കാൻ കഴിയുന്നുണ്ട്. ഈ വ്യവസ്ഥിതിക്ക് നമ്മൾ തന്നെയാണ് ഉത്തരവാദി. ധർമ്മാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വർണ്ണവ്യവസ്ഥയെ ന്യായീകരിച്ച ഋഷിവര്യന്മാരെയല്ല കുറ്റപ്പെടുത്തേണ്ടത്. പൂർവ്വികമായ കർമ്മവിധേയത്വംകൊണ്ടോ ജനിതകമായ കാരണങ്ങളാലോ ഒരു വ്യക്തി ശൂദ്രനായോ മറ്റേതെങ്കിലും വിഭാഗത്തിലോ ജനിച്ചാലും സത്യസാക്ഷാത്കാരംകൊണ്ട് ശാരീരികമായ കുറവിനെ അതിജീവിക്കാൻ സാധിക്കുമെന്നാണ് ഭഗവദ് ഗീത നമുക്ക് കാണിച്ചു തരുന്നത്.

ആധുനിക ജനിതക ശാസ്ത്രത്തിലും ഇപ്രകാരമുള്ള സ്ഥായിയായ ഭാവങ്ങൾ തലമുറകളിൽകൂടി കടന്നുപോകുന്നത് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ആതേപ്പറ്റി കാര്യമായ അറിവ് മനുഷ്യന് ഉണ്ടായിട്ടും ജനിതകം കൊണ്ട് മനുഷ്യന്റെ ബുദ്ധിവിശേഷത്തിലോ പെരുമാറ്റച്ചിട്ടയിലോ വരുന്ന തകരാറുകൾ ഒഴിവാക്കാൻ കഴിയുന്നില്ല. ജനിതകസംബന്ധമായ വൈകല്യം ഇപ്പോൾ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾതന്നെ കണ്ടുപിടിക്കാൻ കഴിയുമെങ്കിലും പ്രതിവിധിയുടെ കാര്യത്തിൽ നാം ഇപ്പോഴും നിസ്സഹായരാണ്. ജീവികൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിലുള്ള നീതിയും നീതികേടുമൊന്നും പ്രകൃതിക്ക് ഒരു പ്രശനമല്ല. ശാസ്ത്രത്തിൽ വരുമ്പോൾ അതെല്ലാം എല്ലാവർക്കും സമ്മതമാണെങ്കിലും ഗീതപോലുള്ള ഒരു ഗ്രന്ഥത്തിൽ വരുമ്പോൾ അതിനെ മനുഷ്യദ്രോഹപരമായി എണ്ണി പുസ്തകം കത്തിച്ചുകളയാൻ ആഹ്വാനം ചെയ്യും.

കർമ്മശേഷിയേയും കർമ്മതാല്പര്യത്തെയും വ്യക്തിത്വലക്ഷണമായി കണക്കാക്കിയാണ് വർണ്ണങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്. അങ്ങിനെ നോക്കുമ്പോൾ ഒരു കർമ്മവും ചെയ്യാൻ കഴിവ് ഇല്ലാത്തവരെയും, അതിനു മനസ്സ് വരാത്തവരെയും ‘അവർണ്ണർ’ എന്ന് വിളിക്കാം. അല്ലാതെ ജാതിയുടെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ഉച്ചനീചത്വങ്ങൾ സൃഷ്ടിച്ച് അതിലെ ഉയർന്ന കുലത്തിലുള്ളവർ സവർണ്ണരെന്നും നീച കുലത്തിലുള്ളവർ അവർണ്ണരെന്നും പറയുന്നത് വർണ്ണവ്യവസ്ഥയ്ക്ക് യോചിക്കുന്നതല്ല. ഇത്തരത്തിൽ ഇന്ത്യയിൽ കാണുന്ന നൂറുകണക്കിനുള്ള ജാതികളെ ശാസ്ത്രീയമായ തത്ത്വത്തിൽ ഉൾപ്പെടുത്തുന്നതിനുപകരം മതം വളർത്തിയെടുത്തിട്ടുള്ള ഒരു അസംബന്ധമായെണ്ണിയാൽ മതി. ഇന്ത്യയിലെ ജാതിവർണ്ണവ്യവസ്ഥയിൽ സാമൂഹികമായ ജാതിവിഭജനം മാത്രമല്ല, അതിൽ ഉച്ചനീചത്വങ്ങളും ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് ആഢ്യന് അടിയാനെ ഭരിക്കുവാനും ചൂഷണം ചെയ്യുവാനും ഈ വ്യവസ്ഥിതി സഹായകമായിട്ടുണ്ട്. അതിനെ അശാസ്ത്രീയവും അന്യായവുമായി കണക്കിലെടുത്തു തള്ളിക്കളയേണ്ടതുതന്നെയാണ്.

കമ്മ്യൂണിസ്റ്റു സിദ്ധാന്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള വർഗ്ഗരഹിതമായ സമുദായം ഉണ്ടായാൽ ചാതുർവർണ്ണ്യം ഇല്ലാതെയാകുമോ? ഇല്ല എന്നു തന്നെയാണ് അതിന്റെ സാമൂഹികനീതിയിൽ നിന്നും മനസ്സിലാകുന്നത്. വർഗ്ഗരഹിതമായ സമുദായത്തെ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരും ബുദ്ധിജീവികൾ, പട്ടാളക്കാർ, തൊഴിലാളിവിദഗ്ദർ, തൊഴിലാളികൾ എന്ന് അവരുടെ സമുദായത്തെ നാലായി തരംതിരിച്ചു നിർത്തിയാണ് സാമൂഹിക ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കൃഷിഗൌരക്ഷയവാണിജ്യം, വൈശ്യകർമ്മ സ്വഭാവജം
പരിചര്യാത്മകം കർമ്മ ശൂദ്രസ്യാപി സ്വഭാവജം.
(ഭ.ഗീ. 18:44)

[കൃഷി ഗോരക്ഷ വാണിജ്യം ഇവ സ്വാഭാവികമായ വൈശ്യന്മാരുടെ കർമ്മമാകുന്നു. ശുശ്രൂഷയാകുന്ന കർമ്മം ശൂദ്രനും സ്വാഭാവികമാകുന്നു.]

വാസ്തവത്തിൽ ശൂദ്രന് ഇവിടെ കൊടുത്തിരിക്കുന്ന സ്ഥാനമാണ് ഏറ്റവും ഉയർന്നത്. സാമൂഹികമായ നന്മയുടെ ഏറ്റവും അടിത്തട്ടിൽ ഇരിക്കുന്ന അനിവാര്യമായ സേവനത്തെയാണ് ഇവിടെ ശൂദ്രന്റെ താല്പര്യമായി പറഞ്ഞിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദന്മാർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ പരിചര്യാത്മകമായ സേവനമില്ലെങ്കിൽ മനുഷ്യവർഗ്ഗത്തിന് ഒരു ദിവസം പോലും ക്ഷേമമുള്ളവരായിരിക്കാൻ കഴിയുകയില്ല. എന്നിട്ടും സാമൂഹികമായ മൂല്യങ്ങളെ വിലയിരുത്തുന്ന ഈ ഗീതാശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്നവർ സേവനത്തിന്റെ ശ്രേഷ്ഠതയെ നിന്ദ്യമാക്കി പറയുന്നത് അത്ഭുതം തന്നെ. ഗീതയെപ്പോലുള്ള ഒരു ശാസ്ത്രത്തെ പണ്ഡിതന്മാർ ഉപയോഗിക്കേണ്ടത് സാമൂഹികവ്യവസ്ഥയിൽ വരുന്ന അയുക്തവും അശാസ്ത്രീയവുമായ ധാരണകളെ തിരുത്തുന്നതിനുവേണ്ടിയാണ്. അതിനുപകരം തെറ്റായ ഉദ്ധരണികൾ കൊണ്ടും വ്യാഖ്യാനം കൊണ്ടും പണ്ഡിതന്മാരായി നടിക്കുന്നവർപോലും അന്ധവിശ്വാസത്തെയും തെറ്റിദ്ധാരണയെയും ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

Wednesday, June 17, 2009

ഒരു ജാതി ഒരു മതം - 3

ന്യായവൈശേഷിക ചിന്താ പദ്ധതികളിൽ കൂടെക്കൂടെ പ്രയോഗിച്ചു കാണാറുള്ള ‘ജാതി’ ഇന്ത്യയിലെ സാമൂഹികതയിൽ സാധാരണക്കാർ അർത്ഥമറിയാതെ ഉപയോഗിച്ചു പോരുന്ന ‘ജാതി’ എന്ന വ്യവഹാരത്തിനു തുല്യമല്ല. അത് സാമാന്യം, ജാതി, വ്യക്തി എന്ന അർത്ഥത്തിൽ മനസ്സിലാക്കുമ്പോഴേ പ്രസക്തിയുള്ളൂ. മനുഷ്യജാതിയിൽപ്പെട്ട രാമൻ, കൃഷ്ണൻ, സീത എന്നെല്ലാം പറയുന്നത് വ്യക്തികളാണ്.
ജീവികൾ എന്നു പറയുന്ന സാമാന്യത്തിൽ, പുലിവർഗ്ഗം, പശുവർഗ്ഗം, മനുഷ്യവർഗ്ഗം എന്നെല്ലാം പറയുന്നത് ജാതികളാണ്.
അങ്ങനെ പല വർഗ്ഗങ്ങൾ (ജാതികൾ) ചേർന്ന ജീവിവർഗ്ഗം. അല്ലാതെ ഇംഗ്ലീഷിൽ ‘കാസ്റ്റ്’ എന്നു പറയുന്ന അർത്ഥത്തിലല്ല ദർശനങ്ങളിൽ ‘ജാതി’ പ്രയോഗിച്ചിട്ടുള്ളത്. ഇംഗ്ലീഷുകാരന്റെ തർജ്ജമയും വിമർശനങ്ങളും വായിച്ച് ഇതിനെയെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് പലപ്പോഴും ദർശനങ്ങളിലെ വാക്കുകളെയും ആശയങ്ങളെയും തെറ്റിദ്ധരിക്കപ്പെടുന്നത്‌.
ജാതി (വർഗ്ഗം) = Caste
വർണ്ണം (ചാതുർവർണ്ണ്യം) = Colour
അതുപോലത്തന്നെ വർണ്ണശബ്ദത്തെ മനസ്സിലാക്കേണ്ടത് ശാരീരികമായ നിറത്തെ സംബന്ധിക്കുന്നതായിട്ടല്ല. അതുകൂടാതെ, മനസ്സിനെ സംബന്ധിച്ചാണെങ്കിൽ പോലും കോപിഷ്ഠനായിരിക്കുന്ന സമയത്തു മനസ്സിനെ ബാധിച്ചിരിക്കുന്ന വർണ്ണമല്ല ആഹ്ലാദചിത്തനായിരിക്കുമ്പോൾ മനസ്സിനുള്ള വർണ്ണം. അതുകൊണ്ട് വർണ്ണത്തിന്റെ പേരിൽ സാമൂഹികമായ വിഭജനം നടത്തുന്നത് അശാസ്ത്രീയമാണ്.

ജാതി എന്നത് ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയമാകയാൽ, നിഷ്പക്ഷമായ ശാസ്ത്രബുദ്ധിയോടുകൂടി സാമൂഹികജീവിതത്തിലെ
കാര്യകാരണകർത്തൃത്വങ്ങളോടുകൂടി മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്. ശാസ്ത്രസത്യത്തെ നേരിടേണ്ടത് ശാസ്ത്രസത്യം കൊണ്ടുതെന്നെ വേണം. അല്ലാതെ രാഷ്ടീയപ്രസക്തിയുള്ള വികാരാവേശം കൊണ്ടായിരിക്കരുത്‌.

ഭഗവദ് ഗീതയിൽ പരാമർശിക്കുന്ന വർണ്ണവ്യവസ്ഥയുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് നടരാജഗുരു പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.

"ചിലരുടെ പെരുമാറ്റച്ചിട്ടകളെയും മാനുഷികമായ സദ്ഗുണങ്ങളെയും ഉയർന്നതാണെന്ന് വിലയിരുത്തുന്നതിനായി വേറെ ചിലരുടേത് നിന്ദ്യവും നികൃഷ്ടവുമാണെന്ന്‌ പറയുന്ന ഒരു കീഴ്വഴക്കം ഇന്ത്യൻ ആദ്ധ്യാത്മികതയിൽ വന്നുകൂടി. തൽ‌ഫലമായി ജനതയെ തമ്മിൽത്തമ്മിൽ അടക്കുവാൻ കഴിയാത്തമാതിരിയുള്ള വിഭാഗീയതയിൽ തളച്ചിടാൻ കഴിഞ്ഞു. അതിനെയാണ് ഇന്ന് ജാതിവ്യവസ്ഥ എന്നു വിളിച്ചുപോരുന്നത്. ഇന്ത്യ ആദ്ധ്യാത്മിക മൂല്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു രാജ്യമായിരിക്കെ അവിടെ ഈ മാതിരിയുള്ള വിഭജനം ഉണ്ടായപ്പോൾ മനുഷ്യന് ഇതരജീവിവർഗ്ഗങ്ങളിൽനിന്നും ഉള്ള വ്യത്യാസത്തേക്കാൾ ജാതിവ്യത്യാസം കൂടുതൽ യാഥാർത്ഥ്യമായി തോന്നി. ചാതുർവർണ്ണ്യത്തെ മാത്രമല്ല ജാത്യാഭിമാനമായി ജനങ്ങൾ കൊണ്ടുനടന്നിരുന്നത്. ജാതിവ്യത്യാസത്തിന്റെ ഹൃദയസ്ഥാനത്തിരിക്കുന്ന ഒരു പ്രത്യേക ചേതോവികാരം ഉണ്ട്. അത് മനുഷ്യപ്രകൃതിയിലെ ഒരു തിന്മയായി ലോകത്തെവിടെയും കാണുവാൻ കഴിയും. വെള്ളക്കാരന്റെയും നീഗ്രോയുടെയും ഇടയിലുള്ള മനോഭാവത്തിൽ ഇതിനെ വിട്ടുവീഴ്ചയില്ലാത്ത ഒരു കാർക്കശ്യമായി കാണാം. ഒരു തത്ത്വത്തിലും അധിഷ്ഠിതമല്ലാതെ കേവലം മുൻ‌വിധിയെ മാത്രം ആധാരമാക്കിക്കൊണ്ട്‌ കീഴ്മേലുള്ള ശ്രേണികളെ സൃഷ്ടിച്ച് വ്യത്യാസത്തെ ദൃഢീകരിക്കുകയാണ് ഈ സ്വഭാവത്തിൽ നിന്നും സഹജമായുണ്ടാകുന്ന സാമൂഹികവ്യവസ്ഥ. ഇന്ത്യയിൽ ഈ വ്യവസ്ഥ രൂപം കൊണ്ടപ്പോൾ അത് കൂടുതൽ ഗൌരവമുള്ളതായി ഭവിച്ചു. ജാതിവ്യത്യാസത്തെ വ്യക്തമായി അനുശാസിക്കുന്ന ധർമ്മശാസ്ത്രങ്ങൾ ഇവിടെ ഉണ്ടായി. ഭാരതീയ ചരിത്രത്തിന്റെ ആദ്യകാലത്തുതന്നെ എഴുതി വച്ചിട്ടുള്ള മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി മുതലായവയെല്ലാം ജാതിയെ ഇന്ത്യക്കാരന്റെ ജീവിതത്തിൽ വലിയൊരു യാഥാർത്ഥ്യമാക്കുവാൻ ഇടയാക്കി. ഇന്ത്യയിലെ ആദിവാസികളുടെ നടുവിലേയ്ക്ക് കടന്നുവന്ന ആര്യന്മാരുടെ ഈ വിഭജനപ്രക്രിയ ചാതുർവർണ്ണ്യത്തെ കർശനമായി ജനങ്ങളിലടിച്ചേല്പിക്കുന്ന ഒരു സമ്പ്രദായമാക്കിത്തിർത്തു. അതിനുമുമ്പുതന്നെ ഇവിടെ നിലനിന്നിരുന്ന വിവിധ ജാതി സംഘങ്ങളെ ചാതുർവർണ്ണ്യത്തിന്റെ ഏതെങ്കിലുമൊരു കള്ളിയിൽ ഉൾപ്പെടുത്താൻ അവർക്കു കഴിഞ്ഞു".

(തുടരും)

Monday, June 15, 2009

ഒരു ജാതി ഒരു മതം - 2

ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഗുരുദേവന്റെ ‘ജാതിനിർണ്ണയം’ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനു മുമ്പിലത്തെ പോസ്റ്റ്.
അതിന്റെ തുടർച്ചയായി പത്തു പദ്യങ്ങളുള്ള ‘ജാതിലക്ഷണം’ എന്ന കൃതിയിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
ഗുരുദേവന്റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു കൃതിയാണ് ‘ജാതിലക്ഷണം’.

പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയാർന്നൊത്തു കാണ്മതും.

ഓരോ ഇനത്തിനും മെയ്യുമോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും തണുവും നോക്കുമോർക്കണം.

[പരസ്പരം ആലിംഗനബദ്ധരായി സന്തത്യുല്പാദനം നടത്തുന്നവയെല്ലാം ഒരിനത്തിൽ പെടുന്നു. ആലിംഗനബദ്ധരാകാതെ സന്തത്യുല്പാദനം നടത്തുന്നവ മനുഷ്യജാതിയല്ല. ഈ ലോകത്ത് ഇണ ചേരുന്നതിൽ ഒരുമിക്കുന്നവയും ഒരു പ്രത്യേക വർഗ്ഗമായി കരുതപ്പെടാം. ഓരോ വർഗ്ഗത്തിലും ദേഹത്തിന്റെ ആകൃതിഭേദവും പ്രത്യേക രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കലും പ്രത്യേക തരത്തിലുള്ള ഗന്ധവും ഭക്ഷണരുചിയും ദേഹത്തിലെ ഊഷ്മാവും ശൈത്യവും പ്രത്യേകതരം നോട്ടവും ശ്രദ്ധിച്ചറിയേണ്ടതാണ്.]

ജാതിനിർണ്ണയത്തിനുതകുന്ന വ്യക്തമായ ഒരു ലക്ഷണമാണ് ഇണചേരുക എന്നത്‌. ഒരേ വർഗ്ഗത്തിൽ‌പ്പെട്ട സ്ത്രീപുരുഷന്മാരല്ലാതെ (ആൺ-പെൺ) ഒരിക്കലും സന്തത്യുല്പാദനത്തിനായി
ഇണചേരാറില്ല. ഇക്കാര്യത്തിൽ മനുഷ്യജാതിക്കൊരു പ്രത്യേകതകൂടിയുണ്ട്. പരസ്പരം ആലിംഗനബദ്ധരായി ഇണചേർന്നാണ് മനുഷ്യവർഗ്ഗം സന്തത്യുല്പാദനം നടത്തുന്നത്‌. മനുഷ്യരുടെ ഇടയിൽ ഈ ഇണചേരലിന് യാതൊരു പരസ്പര ഭേദവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഒരേ വർഗ്ഗമാണെന്നുള്ളതിനു മറ്റൊരു തെളിവും ആവശ്യമില്ല.

ഒരു വർഗ്ഗത്തിൽ വിട്ടുപോകാതെ തുടർന്ന് നിൽക്കുന്ന സ്വഭാവമേതാണോ അതാണ് വർഗ്ഗലക്ഷണം. പരിതഃസ്ഥിതിമൂലം വന്നുചേർന്നതോ പിന്നീട് വിട്ടുമാറാവുന്നതോ ആയ യാതൊരു സ്വഭാവവും വർഗ്ഗലക്ഷണമായി അംഗീകരിക്കാൻ പാടില്ല. ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്‌.
വർഗ്ഗമേതെന്നു വിളിച്ചറിയിക്കുന്ന ശരീരം തന്നെ ഒരുവന്റെ ജാതി ഏതാണെന്നറിയിച്ചു തരുന്നതുകൊണ്ട് ചിന്താശക്തിയും കാഴ്ചശക്തിയുമുള്ളവർ ജാതിയേതാണെന്നൊരിക്കലും ആരോടും ചോദിയ്ക്കയില്ല. അപ്പോൾ ആരെങ്കിലും ജാതി ചോദിച്ചാൽ അയാൾക്ക് ചിന്താ ശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നർത്ഥം. അഥവാ ചിന്തിച്ചും കണ്ടും അറിയാൻ കഴിയാത്ത കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന്‌ അയാളെ വീർപ്പുമുട്ടിക്കുന്നു എന്നറിയേണ്ടതാണ്.

കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്‌.


(തുടരും)

Sunday, June 14, 2009

ഒരു ജാതി ഒരു മതം - 1

ചിലജാതി കോമരങ്ങൾ ജാതി ചൊല്ലി തുള്ളുന്നത് ഇവിടെയും ഇവിടെയും കാണാം.
വിമർശിക്കുന്നത് പൌരാണിക ചാതുർവർണ്ണ്യത്തെയാണെന്ന്‌ സൂചിപ്പിക്കുന്നുണ്ടെങ്കിലും
നമുക്ക് അനുഭവവേദ്യമായ ജാതിചിന്തയെയാണ് എല്ലാവരും എടുത്തു പറയുന്നത്. ചാതുർവർണ്ണ്യത്തിന് നല്ല നിറം ഉണ്ടെങ്കിലും അത് അദൃശ്യമാണ്. ജാതി ചിന്തകൾ വളർന്നു വന്ന് തൊട്ടുകൂടായ്മയിലേയ്ക്കും വിഭാഗീയ ചിന്താഗതിയിലേയ്ക്കും എത്തിച്ചതിൽ ഭഗവത് ഗീതക്കാണോ, ഇതിഹാസങ്ങൾക്കാണോ, സ്മൃതികൾക്കാണോ, ബ്രാഹ്മണന്മാർക്കാണോ, ഫ്യൂഡൽ ഭരണ സമ്പ്രദായത്തിനാണോ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടാവുക? ഞാൻ വായിച്ച ചില കാര്യങ്ങൾ ഇവിടെ
കുറിക്കുന്നു. തർക്ക-വിതർക്കങ്ങൾ എനിയ്ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതിനുശേഷമാകുന്നതാവും ഉചിതം.

ജാതി ഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീർന്ന രാഷ്ട്രത്തിന് (പ്രത്യേകിച്ച് കേരളത്തിന്) ഗുരുദേവൻ നൽകിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ജാതിയുണ്ടെങ്കിൽ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഗുരുദേവന്റെ ഈ കൃതിയിൽ നിന്നും നിസ്സംശയമായ
മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാൾക്ക് ജാതിപിശാചിന്റെ പിടിയിൽ നിന്നും രക്ഷ കിട്ടും.

ജീവികളെ മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേർതിരിച്ചാൽ മനുഷ്യത്വാദി ജാതികളുണ്ടാകാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേർതിരിക്കുന്നത്‌ അത്യന്തം അശാസ്ത്രീയമാണെന്നാണ് ഗുരുദേവൻ വെളിപ്പെടുത്തി തരുന്നത്‌.

മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോfപിന.
[എപ്രകാ‍രമാണോ പശുവർഗ്ഗത്തിൽ‌പ്പെട്ട ജന്തുക്കൾക്ക്‌ ഗോവിന്റെ ഭാവം എന്ന അർത്ഥമുള്ള ഗോത്വം ജാതിയാണെന്ന്‌ തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത്‌ അതുപോലെ മനുഷ്യർക്ക് മനുഷ്യത്വമെന്നത്‌ ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ടു കിട്ടുന്നതായി
കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരും തന്നെ യാഥാർത്ഥ്യമെന്തെന്നറിയുന്നതേയില്ല.]

‘ജാതി’ എന്ന പദത്തിന് ജനനാലുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത്‌ എന്നു പറഞ്ഞാൽ മരണം വരെ വിട്ടുപോകാത്തത്‌ എന്നുമാണ് താല്പര്യം. ഈ അർത്ഥത്തിൽ ഒരു വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ വിട്ടുപോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിന് ഹേതു. അതിനെയാണ് താർക്കികന്മാരും മറ്റും ജാതി നിർണ്ണയഘടകമായി അംഗീകരിക്കുന്നത്‌. ആ നിലയിൽ മനുഷ്യന്റെ മനുഷ്യശരീരം ജനനാൽ ഉള്ളതും മരണംവരെ വിട്ടുപോകാതെ മനുഷ്യ ശരീരമായിത്തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും മനുഷ്യത്വമെന്ന ജാതി കൽ‌പ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നതുമായതുകൊണ്ട് അവയ്ക്കൊക്കെക്കുടി ഗോത്വം എന്ന ജാതി കൽ‌പ്പിച്ചിരിക്കുന്നതുപോലെ, ഇന്നു മനുഷ്യരുടെ ഇടയിൽ നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി ബന്ധപ്പെടുത്താവുന്ന
യാതൊരു യുക്തിയുമില്ല.

“ജാതി നിർണ്ണയം”
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ.

ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം.

നരജാതിയിൽ നിന്നത്രെ പിറന്നീടുന്നു വിപ്രനും
പറയന്താനുമെന്തുള്ളതന്തരം നരജാതിയിൽ?

പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവർത്ത കന്യയിൽ.

ഇല്ലജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

(5 പദ്യങ്ങളുള്ള ഈ കൃതിയുടെ വ്യാഖ്യാനം എല്ലാവർക്കും അറിയാമെങ്കിലും, ഒരു ചെറിയ വിവരണം നൽകാം എന്നു കരുതുന്നു.)
[മനുഷ്യന് ജാതിയൊന്നേയുള്ളൂ. മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ , ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ , ആകൃതി ഒന്നേയുള്ളൂ , ഈ മനുഷ്യവർഗ്ഗത്തിൽ ഭേദം ഒന്നും തന്നെ കൽ‌പ്പിക്കാനില്ല.

മനുഷ്യന്റെ സന്താന പരമ്പര മനുഷ്യവർഗ്ഗത്തിൽ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്‌. ഇതാലോചിച്ചാൽ മനുഷ്യവർഗ്ഗം മുഴുവൻ ഒരു ജാതിയിലുള്ളതാണെന്ന്‌ വ്യക്തമായി തീരുമാനിക്കാം.

ബ്രാഹ്മണനും പറയനും മനുഷ്യവർഗ്ഗത്തിൽ നിന്നു തന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യ വർഗ്ഗത്തിൽ ഭേദം എന്താണുള്ളത്‌.

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരായ പറച്ചിയിൽ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിൽ ജനിച്ചതായും കാണുന്നു.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത്‌ ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ചു ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്. ജനിക്കുമ്പോൾ അജ്ഞരായ കുട്ടികളായിത്തന്നെയാണ് സകലരും ജനിക്കുന്നത്‌. വളരുന്നതോടെയാണ് ഗുണകർമ്മങ്ങൾ വേർതിരിയുന്നത്‌. ഉത്തമഗുണകർമ്മങ്ങളുള്ള മഹത്തുക്കൾ പലപ്പോഴും താണ കുടുബങ്ങളിലും വർഗ്ഗങ്ങളിലുമാണധികവും ജനിക്കുന്നത്‌. മനുഷ്യന്റെ ഗുണകർമ്മ മാഹാത്മ്യങ്ങൾ ഒരേ
ജന്മത്തിൽ തന്നെ മാറിവരാവുന്നതേയുള്ളൂ. അതുകൊണ്ട് ജന്മത്തെ ആസ്പദമാക്കിയുള്ള എല്ലാ വേർതിരിവുകളും കൃത്രിമങ്ങളും സ്വാർത്ഥ പ്രേരിതങ്ങളുമാണ്.

(തുടരും)

Tuesday, June 2, 2009

പുരാണവും മ്ലേച്ഛന്മാരും

പുരാണങ്ങൾ:

“പുരാണമിത്യേവ നഃ സാധുസർവ്വം”.
പുരാണങ്ങൾ എപ്പോഴും സാധുവായിരിക്കണമെന്നില്ല. അതുകൊണ്ട് പുരാണങ്ങൾ എഴുതിയ ഋഷിമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
“വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിർന്നതു പാരമാർത്ഥ്യം”.

വിജ്ഞാനമുണ്ടാക്കുവാനും വൈരാഗ്യമുണ്ടാക്കുവാനുമാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. വേദങ്ങളിലെ ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർക്ക് അതെല്ലാം മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിമാത്രമാണ് കഥാരൂപത്തിലുള്ള പുരാണങ്ങൾ. അതിലെ സന്ദേശം മാത്രമാണ് ഉൾക്കൊള്ളേണ്ടത്.
ഭവിഷ്യപുരാണത്തിലും ഹൈന്ദവ വേദങ്ങളിലും ആദംനബിയെക്കുറിച്ചും, മുഹമ്മദ്നബിയെക്കുറിച്ചും വ്യക്തമായ സൂചനകളുണ്ടെന്ന് ബീമാപള്ളിയും അതുപോലുള്ള ചില പ്രചരണകേന്ദ്രങ്ങളും അവകാശപ്പെടുന്നു. അതുമാത്രമല്ല, മുഗൾ ചക്രവർത്തിമാരെക്കുറിച്ചും, ബ്രിട്ടീഷ് രജ്ഞിയെക്കുറിച്ചും, എന്തിന് അവരുടെ കൽക്കത്തയിലെ കമ്പനിയെക്കുറിച്ചുപോലും ഈ പറയുന്ന ഭവിഷ്യപുരാണത്തിൽ ഉണ്ട്. ഈ ഭവിഷ്യപുരാണം എഴുതിയ ഋഷിമാരെ സമ്മതിക്കണം.

മ്ലേച്ഛന്മാർ :

മ്ലേച്ഛന്മാർ എന്നാൽ മുസ്ലീംങ്ങൾ ആണോ? ബീമാപള്ളിയിൽ - മുഹമ്മദുനബിയെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ പലയിടത്തും വ്യക്തമായി സൂചനയുണ്ടെന്നു പറയുന്ന ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരു സ്ഥലത്തും അവർ മുസ്ലീം ആണെന്നു പറഞ്ഞിട്ടില്ല. എങ്കിലും അത് മുസ്ലീം മതത്തെക്കുറിച്ചാണെന്നായിരുന്നു വാദം. ‘മുസൈലൈനവൻ’ എന്ന (സംസ്കൃത പദം ???) പദത്തിനു പോലും മുസ്ലീംങ്ങൾ എന്ന അർത്ഥം അവിടെ കൊടുത്തു കണ്ടില്ല. എങ്കിലും ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ‘മ്ലേച്ഛന്മാർ’ വരാൻ പോകുന്ന പ്രവാചകനായ മുഹമ്മദുനബിയിലും അള്ളാഹുവിലും വിശ്വസിക്കുന്നവരെക്കുറിച്ചാണെന്നാണ് സമർത്ഥിക്കുന്നത്‌. അതിനെ വിമർശിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മ്ലേച്ഛന്മാർ ആരാണ് എന്ന അന്വേഷണത്തിൽ കണ്ടെത്തിയവരെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ.
മ്ലേച്ഛ = അപരിഷ്കൃതമായ, അനാര്യമായ, ഭ്രഷ്ടനായ.
മ്ലേച്ഛൻ = അപരിഷ്കൃതൻ, പാപി, കുറ്റക്കാരൻ.
മ്ലേച്ഛം = സംസ്കൃതം ഒഴികെയുള്ള ഭാഷ, വിദേശഭാഷ.
ആര്യൻ = ആര്യവർഗ്ഗത്തിൽ പെട്ടവൻ, ദൂരെനിന്നും പോന്നവൻ, ശ്രേഷ്ഠൻ.

ആര്യശബ്ദം :- ഭാരതഖണ്ഡത്തിൽ വൈദികമത പ്രവർത്തകന്മാരായ ബ്രാഹ്മണാദി സകല ജാതികൾക്കുമുള്ള ഒരു പൊതു പേരായി പുരാണേതിഹാസങ്ങളിൽ ആര്യശബ്ദം പ്രയോഗിച്ചിട്ടുണ്ട്. ഈ വൈദിക കർമ്മങ്ങൾ ചെയ്യുന്നവരെ ‘മ്ലേച്ഛൻ’ എന്ന അർത്ഥത്തിലും (അദ്വൈതകാലത്താകണം) വളരെ അപൂർവ്വമായി ആര്യശബ്ദംകൊണ്ട് സൂചിപ്പിച്ചിരുന്നു. സ്വർഗ്ഗപ്രാപ്തി മാത്രം ലക്ഷ്യമാക്കിയുള്ള കർമ്മങ്ങൾ ചെയ്യുന്നതുകൊണ്ടായിരിക്കണം അങ്ങനെ ഒരു പരാമർശം ഉള്ളത്‌.
(ഇത്രയും നിഖണ്ഡുവിൽ നിന്നും കിട്ടിയതാണ്.)

ഉച്ച-നീചത്വങ്ങൾ:
* ആദ്യകാലങ്ങളിൽ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാത്തവരെ മ്ലേച്ഛന്മാരെന്നു കരുതിയിരുന്നു. അവരുടെ സ്വന്തം മഹിമയിൽ അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
**എന്നാൽ ഗ്രീക്കുകാർ ഗ്രീക്കുകാരല്ലാത്തവരെയെല്ലാം ‘ബാർബേറിയൻസ് ‘ എന്നു വിളിച്ചിരുന്നു.
***ജർമ്മനിദേശത്തു ജീവിച്ചിരുന്നവരെപ്പറ്റി റോമൻ ജനറലായ ക്വന്റില്യൻ വാറസ്‌ ഇങ്ങനെ പറഞ്ഞു. “ശരിയാണ്, അവരും മനുഷ്യരാണ്. എന്നാൽ മനുഷ്യരുടെതുപോലുള്ള ശബ്ദവും അവയവങ്ങളും അവർക്കുണ്ടെന്നല്ലാതെ മാനുഷികമായതൊന്നും അവരിലില്ല”.
****മോണ്ട്സ്ക്യൂ നീഗ്രോകളെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “ദൈവത്തെപ്പോലെ സർവ്വജ്ഞനായ ഒരു സൃഷ്ടാവ്‌ മരണമില്ലാത്ത ഒരാത്മാവിനെ തികച്ചും കറുത്ത ഒരു ശരീരത്തിൽ നിവേശിപ്പിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഇവരും മനുഷ്യജീവികളാണെന്ന്‌ വിശ്വസിക്കുവാൻ സാധ്യമല്ല”.

ലോകത്തെല്ലായിടത്തും ഓരോ തരത്തിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. ചിലർ പറയുന്നപോലെ അത് ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ടുപിടിത്തമൊന്നുമല്ലെന്ന്‌ അല്പം ചരിത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ അത് കുറച്ചുകൂടി തീവ്രമായിരുന്നു എന്നത് നിഷേധിക്കാനാവില്ല.

Wednesday, May 6, 2009

വേദങ്ങളെ ഉപേക്ഷിക്കണോ ?

വേദങ്ങൾ - സത്യവേദങ്ങൾ:
ഇതുവരെ കേട്ടതും കേൾക്കാനിരിക്കുന്നതും (വേദങ്ങൾ) ഉപേക്ഷിക്കാൻ ഭഗവാൻ - ഭവവദ് ഗീതയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിലർ നെറ്റി ചുളിക്കും. എങ്കിലും ഇത് പറയാതെ പോകുന്നത് ഉചിതമല്ല. വരികളിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥതലങ്ങളെ പൂർണ്ണമായും മനസ്സിലാക്കാതെയും മനസ്സിലാക്കിയാൽതന്നെ പുരോഹിതവർഗ്ഗത്തിന് അത് ദോഷം ചെയ്യുന്നതിനാലും ഇതെല്ലാം നമ്മൾ അറിയാതെ പോയതാണ്.

ശാസ്ത്രത്തെ പൊതുവെ ‘സ്മൃതി’ എന്നും ‘ശ്രുതി”എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ‘സ്മൃതി’ എന്നു പറയുന്നത്, അനുഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഓർമ്മിക്കുന്നതാണ്. ‘ശ്രുതി’ ഗുരുമുഖത്തുനിന്നും നേരിട്ടു കേൾക്കുന്നതും വേദോപനിഷത്തുകളിലെ പരാമർശങ്ങളായി വരുന്നതുമായ നിത്യസത്യങ്ങളാണ്. അതിന് ഒരു കാലവും മാറ്റം വരാനിടയില്ല. 3000 ബി.സി. യിൽ സംഗതമായിരുന്നത് ഇപ്പോൾ സംഗതമല്ല. എന്നാൽ അത് ആകപ്പാടെ അപ്രസക്തവുമല്ല. അതുകൊണ്ട് ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കുമ്പോൾ അതിന്റെ സാംഗത്യത്തെപ്പറ്റി വിചാരം ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം അനുഭവങ്ങൾ അഹങ്കാരജന്യമല്ലെന്നു ബോദ്ധ്യമാകുന്നതിന് ഗുരുവിന്റെ ഉപദേശത്തോടും ശാസ്ത്രത്തിന്റെ ശാസനയോടും അതു പൊരുത്തപ്പെട്ടു പോകുന്നു എന്ന നിശ്ചയം വേണം. ജീവിതത്തിൽ വേണ്ടുന്ന അച്ചടക്കം പാലിക്കാത്തവന് അദ്ധ്യാത്മമായ ഉൽക്കർഷം ഉണ്ടാവുകയില്ല. അച്ചടക്കം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ, ശിക്ഷണം വേണമെന്നർത്ഥം. ശിഷ്യനാണ് ശിക്ഷണം ലഭിക്കുന്നത്‌. ശിക്ഷണത്തിനായി ഗുരു പറഞ്ഞു കൊടുക്കുന്നത് ശാസ്ത്രമാണ്.

കേട്ടതും - കേൾക്കപ്പെടേണ്ടതും വേദമാണ്. വേദം ത്രിഗുണാത്മകമാണ്. അതിനെ ഉപേക്ഷിച്ചിട്ട് ഗുണാതീതനായിത്തീരണമെന്നാണ് ഭഗവാൻ അർജ്ജുനനെ ഉപദേശിച്ചത്‌. കർമ്മത്തിനു കാരണമായ ധർമ്മത്തെ പ്രതിപാദിക്കുന്നത് വേദവും, കർമ്മനിവൃത്തിയുണ്ടാക്കുന്ന ബ്രഹ്മത്തെ പ്രതിപാദിക്കുന്നത്‌ വേദാന്തവും ആണ്. കർമ്മപ്രധാനമായ വേദം ആശാപാശങ്ങളെ ഉണ്ടാക്കുന്നതാണ്. ഇതിൽ നിന്നും പിന്തിരിയുന്നതാണ് ‘നിർവ്വേദം’.

ഓരോ പുതിയ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്. ഭാരതീയരുടെ വേദം സ്വർഗ്ഗപ്രാപ്തി ലക്ഷ്യമായിക്കരുതിയെങ്കിൽ ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾകൊണ്ടു നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നു. യഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്‌. ദൈവരാജ്യവും പറുദീസയും ഒന്നല്ല. മോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

സ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാം. വൈദികകർമ്മങ്ങൾ ആഗ്രഹങ്ങളെ വർദ്ധിപ്പിച്ച് നമ്മളെ അവസാനമില്ലാത്ത കർമ്മബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതുകൊണ്ടാണ് ഇനി കേൾക്കാനിരിക്കുന്ന വേദങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നു (ഭഗവദ് ഗീതയിൽ) പറഞ്ഞിരിക്കുന്നത്‌.  (ഭഗവദ്‌ ഗീതയ്ക്ക് ശേഷം വന്ന വേദങ്ങൾ, ബൈബിളും, ഖുർ‌ആനും ആണ്.)
---------------------------------------------------------------------------------
ശ്രുതികൾ : വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ.
സ്മൃതികൾ : ഉപനിഷത്തുക്കൾക്കു ശേഷമുള്ള സകല പ്രാമാണിക ഹൈന്ദവഗ്രന്ഥങ്ങളും സ്മൃതികളാണ്.
സൂത്രഗ്രന്ഥങ്ങൾ, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവ.

Saturday, April 18, 2009

മത്സരം.

എവിടെ നോക്കിയാലും മത്സരം. ജീവിതത്തിന്റെ ഓരോ മാത്രയിലും മത്സരം. ഒരു വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ നോക്കൂ. അമ്മായിയമ്മയും മരുമക്കളും തമ്മിൽ മത്സരം. ഏതെങ്കിലും ജോലി ആരാണ് വേഗം ചെയ്തു തീർക്കുന്നത് എന്നുള്ള മത്സരമല്ല. ആരുടെ അഹങ്കാരമാണ്, അധികാരമാണ് മുന്നിലെത്തുന്നത് എന്നുള്ള മത്സരമാണ്. അതുമൂലം ഒരു പണിയും നടക്കില്ല. ഫലമോ, കുടുംബ കലഹം.

ചെറുപ്പം മുതലേ കുട്ടികളെ ഏറ്റവും മുന്നിലെത്താൻ നമ്മൾ മത്സരിപ്പിക്കുന്നു. ക്ലാസിൽ ഒന്നാമനാവാൻ, ഓട്ടത്തിൽ ഒന്നാമനാവാൻ, ആദ്യം ജോലികിട്ടാൻ (അർഹതപ്പെട്ടതല്ലെങ്കിലും), പേരും പ്രശസ്തിയും ലഭിക്കാൻ. എല്ലാറ്റിന്റെ പിന്നിലും സ്വാർത്ഥം എന്ന വികാരമാണ് നമ്മളെ നയിക്കുന്നത്.

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെ പറയേണ്ടി വരും. മത്സരം ഏറ്റവും ചീത്തയായിട്ടുള്ളതിനെയാണ് പ്രകടമാക്കുന്നത് . വിദ്വേഷമാണ് മത്സരത്തിൽ നിന്നും ഉണ്ടാകുന്നത്‌. മത്സരത്തിൽ പങ്കെടുക്കുന്നവർ പരാജയപ്പെട്ടാൽ, ജയിച്ചവനോട് വിദ്വേഷം ജനിക്കും. അപ്പോഴാവും ഒരു വക്കീലിന്റെ പ്രവേശനം. ഇതിനെ നമുക്കു ചോദ്യം ചെയ്യണം. അതിനുള്ള വകുപ്പുണ്ട്. പിന്നെ കേസായി, കോടതിയായി, വിചാരണയായി. അതു കൂടാതെ ഈ വിദ്വേഷം സ്വയം പീഠിപ്പിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരും. സ്കൂൾ യുവജനോത്സവങ്ങളിൽ പരാജയപ്പെട്ടെന്നറിയുമ്പോൾ ചിലങ്ക വലിച്ചെറിയലും ശപിക്കലും പലപ്പോഴും പ്രകടമാകാറുണ്ട്. എന്തിന് കുട്ടികളെ പറയുന്നു, അന്തർദ്ദേശീയ ടെന്നീസ് മത്സരങ്ങളിൽ അമർഷം പ്രകടിപ്പിക്കാൻ റാക്കറ്റ് വലിച്ചെറിയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായതിനെ ഉത്ഭവിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മത്സരവേദികൾ.

ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്. പൊതുജനസേവന തല്പരരായ നേതാക്കന്മാർ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ അവിഹിതമായ കൂട്ടുകെട്ടിലൂടെയും നികൃഷ്ടമായ മാർഗ്ഗങ്ങളിലൂടെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു.

ഏതെങ്കിലും മാറ്റം കൊണ്ടുവരാനാണെങ്കിൽ അത് മത്സരം കൊണ്ട് സാധിക്കില്ല. മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അതായത് സ്വരൂപമോ സ്വഭാവമോ സ്വന്തമായില്ലാത്ത മനസ്സിൽ. മനസ്സെന്നു പറയുന്ന ഒരു പ്രത്യേക വസ്തു എവിടെയും നിലനിൽക്കുന്നില്ല. മനുഷ്യർ തമ്മിൽ തമ്മിൽ പരസ്പരസ്നേഹവും, സാഹോദര്യവും, സഹകരണവും വളർത്തിയെടുക്കുമ്പോൾ അവിടെ അനിർവ്വചനീയമായ ഒരു അറിവ്‌ ഉണ്ടാകും. ആ അറിവ് നമ്മളെ നന്മയിലേയ്ക്ക് നയിക്കട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

'ജയ് ഹിന്ദ് '

Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ:

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.

ശരത്തിനെ അനുകരിച്ച് യേശുദാസ് സംസാരിച്ചത് ശരിയായില്ല എന്ന് അഖിലേഷിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ആ അഭിപ്രായത്തോട് എന്റെ വിയോചിപ്പ് വഴികാട്ടിയിൽ കുറിച്ചിട്ടു.

Wednesday, March 4, 2009

ആരാധന-പ്രാർത്ഥന-ഉപാസന (2)

വിഷയാരാധന:
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു എന്ന് ഗീതയിലൂടെ ഒരു അവലോകനം നടത്തുകയാണ്.


ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ f ഭിജായതേ. (ഭ.ഗീ. 2:62)
[വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ഉണ്ടാകുന്നു, ആസക്തി നിമിത്തം കാമം ഉണ്ടാകുന്നു, കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു.]


ദൈവത്തേയോ ആത്മാവിനെയോ അല്ലെ ധ്യാനിക്കുക. വിഷയത്തെ ആരാധിക്കുന്നത് എങ്ങിയാണ്. ഈ വിഷയാരാധനയിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം.

ഭോഗവിഷയത്തിൽ ആസക്തിയുള്ളവന്റെ മനസ്സ് അതിനെ പ്രാപിക്കാനുള്ള സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞാൽ വിഷയവൃത്തിയിൽതന്നെ പൂർണ്ണമായി നിറഞ്ഞു നിൽക്കുകയും, അതിൽ നിന്നും ശ്രദ്ധ വേറൊന്നിലേയ്ക്കും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ അതിന്റെ പൂർത്തീകരണത്തിനുള്ള ധ്യാനമെന്നു പറയാം. ഒരു ഭക്തൻ ഈശ്വരനെ സ്നേഹിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ തന്നെ മുഴുകിയിരിക്കുകയും ചെയ്യുന്നത് എങ്ങിനെയാണോ, അതുപോലെതന്നെയാണ് പിശുക്കനായ ഒരാൾ തന്റെ ധനത്തെ ആത്മതുല്യം സ്നേഹിക്കുകയും അവന് ഒരു നിമിഷം പോലും അതിൽനിന്നും മനസ്സിനെ അകറ്റി നിർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്നത്. പക്ഷെ ഈശ്വരനിൽ പരായണനായിരിക്കുന്നതിനു പകരം ഭോഗവിഷയങ്ങളിൽ പരായണനായിരിക്കുന്നു. ഇത്തരം സ്വാർത്ഥമായ വിഷയങ്ങളിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക.

{പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക.}

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം. (ഭ.ഗീ.7:21)
[ഏതേത് ഭക്തൻ ഏതേത് രൂപത്തെ പൂജിക്കാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന് ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കി ചെയ്യുന്നു.]

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ. (ഭ.ഗീ.7:22)

[അവൻ ആ ശ്രദ്ധയോടുകൂടിയവനായിട്ട് അതിന്റെ ആരാധനത്തെ ചെയ്യാനാഗ്രഹിക്കുന്നു. അതിൽനിന്ന് എന്നാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ കാമങ്ങളെത്തന്നെ ലഭിക്കുകയും ചെയ്യുന്നു.]

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. (ഭ.ഗീ.7:23)
[അല്പബുദ്ധികളായ അവരുടെ ആ ഫലമാകട്ടെ നാശമുള്ളതായി ഭവിക്കുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെ പ്രാപിക്കുന്നു.]

(7:21)ൽ ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ (ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിക്കുന്നതിന്) എന്നു പറഞ്ഞിരിക്കുന്നതിന് ദേവതോപാസന എന്ന അർത്ഥം എടുത്താൽ ഭാരതീയ സാധനാ സമ്പ്രദായങ്ങളോട് നല്ല യോജിപ്പുണ്ടായിരിക്കും. ‘നടരാജഗുരു’ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ ഭാരതീയർക്ക് മാത്രം ചേരുന്ന ഇടുങ്ങിയ അർത്ഥം എടുക്കുന്നതിനു പകരം മനുഷ്യ വർഗ്ഗത്തിനാകെ യോജിക്കുന്ന കൂടുതൽ വ്യാപ്തിയുള്ള അർത്ഥം എടുക്കുന്നു. ഒരാൾ ദേവതോപാസന നടത്തുന്നതിൽ തല്പരനായിരിക്കുന്നതുപോലെയാണ് വേറൊരാൾ സാഹിത്യോപാസകനായിരിക്കുന്നത്. അതുപോലെ വേറൊരുവൻ ശാസ്ത്രഗവേഷണത്തിൽ പൂർണ്ണ ശ്രദ്ധയുമർപ്പിച്ച് അതിൽ നിരതനായിരിക്കുന്നു. വിപുലമായ അർത്ഥത്തിൽ അതിനെയെല്ലാം ഉപാസനകളായി കണക്കാക്കാം.

(7:22) ൽ ‘തസ്യാഃ ആരാധനം’ എന്നതിന് - ആ ദേവതയുടെ ആരാധനമെന്നും ചില വ്യാഖ്യാനങ്ങൾ കാണാം. മുകളിൽ പറഞ്ഞ പൂജയ്ക്ക് ഒരു മൂർത്തി വേണ്ടെന്നിരിക്കെ, ഇത് മൂർത്തീ പൂജയിലേയ്ക്കുള്ള ശ്രദ്ധതിരിക്കലാവാം. ലോകത്തു സംഭവിക്കുന്നതേതും നിയമയുക്തമായിട്ടേ വരികയുള്ളൂ. അതിലൊരു നിയമമാണ്, ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ഉറപ്പിക്കും എന്നുള്ളത്.

(7:23) ‘ദേവയജഃ’ (ദേവാരാധന്മാർ) - ജനങ്ങളിൽ ദൈവവിശ്വാസം തീരെ കുറഞ്ഞുപോയ ഇക്കാലത്ത്, സ്ഥിരമായി ഇഷ്ടദേവതയ്ക്ക് പൂജചെയ്യുന്നവർ വളരെ വിരളമാണ്. ദേവന്മാരെ ഭജിക്കുന്നവരെന്നും എന്നെ ഭജിക്കുന്നവരെന്നും പറയുമ്പോൾ, പ്രാർത്ഥിക്കാതെയും ദൈവത്തെ താത്ത്വികമായി തീരെ അറിയാതെയും കഴിയുന്ന അധികം പേരുടെയും കാര്യത്തിൽ ഗീതയുടെ കാഴ്ചപ്പാട് എന്താണെന്നു നോക്കാം.


ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഇവിടെ ദേവശബ്ദം കൊണ്ട് ഇന്ദ്രിയപ്രീതി ഉണ്ടാക്കുന്ന വിഷയം എന്നു മനസ്സിലാക്കണം. ചിത്രകാരന്മാർ, സംഗീതജ്ഞർ, നർത്തകർ ഇങ്ങനെ അനേകം പേർ ഇന്ദ്രിയ പ്രീതിക്കായി മുഴുവൻ സമയവും കൊടുക്കുന്നുണ്ട്. ഇവരെയും ദേവയജന്മാർ എന്നു പറയാം. എങ്ങനെയും ധനമുണ്ടാക്കണമെന്നു കരുതുന്നവർ പണത്തെ ഒരു വിഗ്രഹത്തെപോലെ കരുതി ആരാധിക്കുന്നു. കലാസൃഷ്ടി ചെയ്യണമെന്നു വിചാരിക്കുന്നവർ അതിൽ നിപുണന്മാരായിത്തീരുന്നു. ഭാര്യാപുത്രാദികൾ ഉണ്ടാകുന്നത് വലിയ നേട്ടമെന്നു കരുതുന്നവർക്കും അതൊക്കെ ലഭിക്കുന്നു. അതുകൊണ്ട് ‘ദേവയജഃ ദേവാൻ യാന്തി’ (ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു) എന്നു പറയുമ്പോൾ ലോകത്തിലെ 99% ആളുകളും ഇതിൽ ഉൾപ്പെടുന്നു.


ബാക്കിയുള്ള ഒരു ശതമാനം ജനങ്ങൾ ആത്മീയമായ ചിന്തകളുമായി കഴിഞ്ഞുകൂടുന്നവരാണ്. അതിൽ തന്നെ വളരെ കുറച്ചു പേർ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നു. അതിലുള്ളവരിൽ തന്നെ ചെറിയൊരു ശതമാനത്തിനു മാത്രമെ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ. ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.

Tuesday, February 24, 2009

ശിവശക്തിത്വം


ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്‌,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്‌. കപിലന്റേതുപോലുള്ള  പ്രകൃതിശാസ്ത്രപഠനങ്ങളിൽ 
 അ‍റിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്‌, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട്‌ ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട്‌ ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക്‌ ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന്‌ അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത്‌ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്‌, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.

ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആ‍ധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാ‍പദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ്‌ എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:

ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;

[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]


പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്‌. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.



പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.



(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)

Tuesday, February 17, 2009

ആദ്യത്തെ ദൈവം.

ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യൻ ദൈവത്തിനെയോ. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യകർത്താക്കൾക്കൊന്നും അതിനു കഴിയുന്നും ഇല്ല.

ആധുനികനും പാശ്ചാത്യ ഋഷിയുമായ കാറൽ മാർക്സ്‌ ‘മൂലധനം‘ എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ രണ്ട്‌ ആവശ്യങ്ങളെപ്പറ്റിയാണ്‌ ചിന്തിച്ചത്‌. ഒന്ന്, ശരീരത്തിന്റെ ആവശ്യം; രണ്ട്‌, മനസ്സിന്റെ ആവശ്യം. ശരീരത്തിന്റെ ആവശ്യത്തെ അദ്ദേഹം പ്രതീകാത്മകമായി 'വിശപ്പ്‌' എന്നു വിളിച്ചു. വിശപ്പ്‌ ഒരു ആത്യന്തികമായ ആവശ്യമാണ്‌. അതുണ്ടാകുന്ന സമയത്തൊക്കെ നിറവേറലുണ്ടായില്ലെങ്കിൽ സകല ജീവജാലങ്ങൾക്കും ജീവിതം അസാദ്ധ്യമായിവരും. പണ്ടുപണ്ട്‌ ഭാരതത്തിലുണ്ടായിരുന്ന ഋഷിമാർക്കും ഇതേ സങ്കല്പം തന്നെയാണ്‌ ഉണ്ടായിരുന്നത്‌ എന്നു പയുമ്പോൾ, Das Capital വായിച്ചിട്ടായിരിക്കും എന്നു തോന്നും. ഇത്‌ അതിനും മുമ്പുള്ള കാര്യം തന്നെയാണ്‌. ഒന്നു വിശദമാക്കാം.

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ. മധുവിലായാലും മലത്തിലായാലും കൊതിയോടെ അതിൽ വിശപ്പടക്കാൻ ചെന്നിരിക്കുന്ന ഈച്ച. ഈച്ചയെ നാക്കെത്തിപ്പിടിക്കുന്ന തവള. വലിയ വായ്‌ തുറന്ന്‌ തവളയെ പിടിക്കുന്ന പാമ്പ്‌. പാമ്പിനെ കൊത്തിക്കൊണ്ടു പറന്നു പോകുന്ന പ്രാപിടിയൻ. അതിനെ കണ്ടിട്ട്‌ വായിൽ വെള്ളമൂറുന്ന വേടൻ. ഇങ്ങനെ വിശ്വം മുഴുവൻ അഗ്നിയായിരിക്കുന്ന ആ വിശപ്പാണ്‌ ജീവന്റെ യോനി, എന്ന്‌ പ്രാക്‌ വൈദികരായ പൂർവ്വികർ പറയുന്നതു കേട്ട്‌ ആര്യബ്രാഹ്മണൻ അതിന്‌ സംസ്കൃതത്തിൽ ഒരു പേരുകൊടുത്തു - ‘വൈശ്വാനരൻ‘.


അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം. (ഭ.ഗീ. 15:14)
[ഞാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ചു വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ, അപാനൻ എന്നീ വായുക്കളോടു ചേർന്ന് നാലുതരമായി ആഹാരത്തെ പചിക്കുന്നു.]
അരൂപിയായ പരമാത്മാവുതന്നെ വൈശ്വാനരനായി അന്നപാനാദികളെ ഭുജിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. അരൂപിയായ വിശ്വേശ്വരൻ ആഹാരം കഴിക്കുന്നു. ഇതാണ് ഗീത പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾ പറയുന്നത്.

എന്താണ്‌ ചതുർവിധത്തിലുള്ള അന്നം?
ഗന്ധരൂപവും, രസരൂപവും, തേജോരൂപവും, സ്പർശരൂപവും എന്നു ചിലർ എണ്ണുന്നു. ചവച്ചുതിന്നാവുന്നത്‌ (ചർവ്യം) കടിച്ചുതിന്നാവുന്നത്‌ (ഖാദ്യം) കുടിക്കാവുന്നത്‌ (പേയം) നക്കിത്തിന്നാവുന്നത്‌ (ലേഹ്യം) എന്നു വേ‍റെ ചിലർ പയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നത്‌, പ്രാണനെ പോഷിപ്പിക്കുന്നത്‌, മനസ്സിനെ പോഷിപ്പിക്കുന്നത്‌, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത്‌ എന്നും ചതുർവിധമായ അന്നത്തെപ്പറ്റി പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചോദിതമായ ആവശ്യം (demand ) എന്നതിനെയാണ്‌ വൈശ്വാനരന്റെ വിശപ്പായി പറയുന്നത്‌. അതിന്റെ നിവേറ്റലാണ്‌ (supply ) ചതുർവിധമായ അന്നത്തിൽ കൊടുത്തിരിക്കുന്നത്‌. ചതുർയുഗങ്ങളിൽക്കൂടി സംഭവിക്കുന്ന പ്രഭവപ്രലയനം എടുത്തുനോക്കിയാൽ ചാക്രികമായിട്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. ഇതു വലിയ ഒരു രചനാരഹസ്യമാണ്‌. മനുഷ്യാദ്ധ്വാനത്തിലൂടെ അവൻ ഉൽപാദകനായി ഉപഭോഗവസ്തുക്കളെ ഉണ്ടാക്കുന്നു. ഭോക്താവായി, ഉൽപന്നമായതിനെയെല്ലാം അനുഭവിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
.
സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ എപ്രകാരം സങ്കീർണ്ണമായിരിക്കുന്നു എന്നതാണ്‌ ഗുരുദേവനും സമർത്ഥിക്കുന്നത്‌.

ആദ്യമൊന്നും ജീവരൂപങ്ങൾക്ക് കണ്ണോ, നമുക്കുള്ളതുപോലെ സങ്കീർണ്ണമായ മസ്തിഷ്കമോ ഉണ്ടായിരുന്നില്ല. ഒരു ബാക്റ്റീരിയയോ അമീബയോ പോഷണം നൽകുന്ന ഏതിന്റെയെങ്കിലും മുകളിൽക്കൂടി നിരങ്ങിപ്പോയാൽ മതി വിശപ്പു തീരും. മനുഷ്യനു വിശന്നാൽ എന്തു ചെയ്യും. വിശക്കുമ്പോൾ ഒരു നല്ല കവിതയെഴുതി വായിച്ചാലോ, ഒരു പാട്ടു കേട്ടാലോ, ചിത്രം വരച്ചാലോ പോര. ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്‌ഋഷി പേരിട്ടു. നിറവേറലിനേക്കാൾ വിശപ്പ് മുറുകി വന്നപ്പോൾ അന്വേഷണത്തിന്റെ ആധിക്യം കൂടി. ഗുണമുള്ളതും വിഷമുള്ളതും, പ്രിയമായതും ഹിതമായതും തിരിച്ചറിയുക എന്നത് മുഖ്യ പരിപാടിയായി. ഏതു രസങ്ങളുടെ പിന്നാലെ പോയാൽ അത് വ്യക്തിയുടെ ആകെ നന്മക്ക് ഉതകുന്നതാകും അല്ലെങ്കിൽ നാശകരമാകും എന്നുള്ള അന്വേഷണം ജീവിതത്തിന് മൂല്യമുണ്ടാക്കി.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്ന ഈ ഭൌതിക പ്രപഞ്ചത്തിൽ ഓരോ വിഷയവും നമ്മുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. അവയൊക്കെ ‘വിതർക്കങ്ങൾ‘ എന്നു പറയുന്നു. ബോധത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഇതൊക്കെ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണ് കണ്ണ് കൂടുതൽ തുറന്നു നോക്കി പരിശോധിക്കുന്നത്. കാതു കൂർപ്പിച്ചു കേൾക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടുന്നത്. പിന്നെയും പിന്നെയും തൊട്ടുനോക്കുന്നത്. ചിലപ്പോൾ തൊട്ടാൽ പോര. ഒന്നു തടവണം. അതുകൊണ്ടും മതിയാവുന്നില്ല. കെട്ടിപ്പിടിക്കണം. കൊതിയടങ്ങുന്നില്ല. ഒന്ന് ഉമ്മവയ്ക്കണം. അത്രയും ആയാൽ വൈശ്വാനരന്റെ വിശപ്പടക്കേണ്ടുന്നതിനായ് അടുത്ത പ്രജയുടെ ഉത്പാദനത്തിനുള്ള സമയമായി. പിന്നെ സുരതമായി. സുരതത്തിന്റെ അന്തിമദശയിൽ പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? വിശപ്പാളികളായ ലക്ഷക്കണക്കിന് ബീജങ്ങൾ സ്ത്രീയിലെ അണ്ഡത്തെ തേടി ഓടുകയാണ്. വിശക്കുന്നവർക്ക് മുഴുവൻ ആഹാരം പ്രകൃതി കരുതി വച്ചിട്ടില്ല. പലരെയും വിളിക്കുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നതോ വളരെ കുറച്ചുമാത്രം. അങ്ങനെ ഗർഭപാത്രത്തിലെ അണ്ഡത്തിലേയ്ക്ക് പ്രവേശിക്കുവാനോടുന്ന അനേക ലക്ഷങ്ങളിൽ ഒരുവനുമാത്രം വാതിൽ തുറന്നു കിട്ടുന്നു. ഇണകളുടെ ഈ മൈഥുനവേളയിൽ സ്ത്രീപുരുഷന്മാർ എല്ലാ അഹന്തയും ശരീരബോധവും മറന്ന് സ്ത്രീയിൽ പുരുഷനും, പുരുഷനിൽ സ്ത്രീയും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഗർഭത്തിൽ ബീജാധാനം ലഭിച്ച അണ്ഡം വിശപ്പ് മാറിയതുപോലെ പ്രശാന്തമായി കുറച്ചു നേരത്തേയ്ക്ക് സുഷുപ്തിയിൽ ലയിക്കുന്നു. ഇവിടെയാണ് യോഗി അതായത് ‘നോർമൽ പേഴ്സൺ’ അവന്റെ ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്. തൽക്കാലം നമുക്ക് അതിനെ വിതർക്കത്തിൽ നിന്നും ഉണ്ടാകുന്ന സമാധി എന്ന പേരിൽ ‘സവിതർക്കസമാധി’ എന്നു വിളിക്കാം.

ചുരിക്കിപ്പറഞ്ഞാൽ സകലതിലും നിറഞ്ഞു നിൽക്കുന്നതായിട്ടുള്ള ഒരു വിശപ്പുണ്ട്. ആ വിശപ്പാണ് വൈശ്വാനരൻ. ബൃഹദാരണ്യകോപനിഷത്തിൽ തുറന്ന വായോടു കൂടിയ വൈശ്വാനരൻ എന്ന അഗ്നിയെ ജീവന്റെ മുന്നോടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഛാന്ദോഗ്യോപനിഷത്തിലും വൈശ്വാനരാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

[അവലംബം : ഭവവദ്‌ഗീത, ഗുരുദേവകൃതികൾ, ഉപനിഷദ് വ്യാഖ്യാനം, യതിയുടെ ലേഖനം.]


Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

(കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം. "പിറവി” മാസികയിൽ - ഡിസമ്പർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. )

ഇതിലെ പോയാൽ ‘വഴികാട്ടി’ യിലെ (മതത്തിന്റെ യുക്തി; യുക്തിയുടെ മതം:)പോസ്റ്റ് വായിക്കാം.

Monday, February 9, 2009

‘ആമേൻ’

ഞാൻ കേട്ടതും വായിച്ചതുമായ ‘ആമേൻ’ എന്ന പദത്തിനെക്കുറിച്ച് ഒരു വിവരണം ആയിരുന്നു ഇതിനു മുൻപിലത്തെ പോസ്റ്റ്. അതിലെ വിവരണങ്ങളുടെ ആധികാരികതയെക്കുറിച്ച് ഒന്നു വിശദീകരിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്.നമ്മൾ എന്തു വായിക്കുന്നുവോ അത് മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും ഭാഷാപരിജ്ഞാനവും ചിന്താധാരയും അനുസരിച്ചായിരിക്കും.

ഞാൻ വടക്കെ കിണറ്റിലെ വെള്ളം മാത്രമല്ല കുടിക്കാറുള്ളത്‌. അറബിക്കടലിലെയും, പുഴയിലെയും, ചതുപ്പിലെയും ഓടയിലെയുംവെള്ളം രുചിച്ചു നോക്കും. ഏതു ചളിയിൽ നിന്നാണ് ചെന്താമരയുടെ സുഗന്ധം പരക്കുന്നത് എന്നന്വേഷിക്കും. ഉപയോഗശൂന്യമായി അഴുക്കു നിറഞ്ഞു കിടക്കുന്ന കിണറ്റിലെ വെള്ളം, അത് എന്റെ അച്ഛൻ കുഴിച്ചതാണെന്നും പറഞ്ഞ് കോരിക്കുടിക്കണം എന്ന നിർബ്ബന്ധം എന്റെ ശീലങ്ങളിലോ ആചാരങ്ങളിലോ ഇല്ല.

‘തഥാസ്തു’ എഴുതാനായി താഴെ കൊടുത്തിരിക്കുന്നതെല്ലാം സഹായകമായിട്ടുണ്ട്.
* Semantic - ശബ്ദാർത്ഥങ്ങളുടെ ഭാഷാശാസ്ത്രീയ പഠനം.
* Synonyms - സമാനാ‍ർത്ഥക പദം.
* Etymology - പദങ്ങളുടെ വ്യുല്പത്തിയെയും ചരിത്രത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം. (നിരുക്തം)
* ഭഗവദ് ഗീത - പ്രധാനമായും യതിയുടെ വ്യാഖ്യാനം.
* ക്രൈസ്തവ വിശ്വാസികളായ സുഹൃത്തുക്കൾ.
* വിളക്കിലെ ‘ആമീൻ’ (പോസ്റ്റ്)
* സി.കെ. യുടെ (മരിക്കുന്ന ദൈവങ്ങൾ ഭരിക്കുന്ന അർദ്ധദൈവങ്ങൾ) ലെ പോസ്റ്റുകൾ.

മുകളിൽ കാണിച്ചിരിക്കുന്ന വിക്കി ലിങ്കുകളിൽ നോക്കിയാൽ വാക്കുകളുടെ കാലദേശഭാഷാ വ്യത്യാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ലോകത്തിലെ ഏതൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തുന്ന പ്രക്രിയയിൽ വാക്കിന്റെ അർത്ഥവും രൂപവും മാറാതെനിലനിൽക്കുന്ന ഒരേ ഒരു വാക്ക്‌ ‘ആമേൻ’ ആണെന്ന് ഒരു ക്വിസ്സ് മത്സരത്തിൽ കേട്ടിരുന്നു. ഈജിപ്തിൽ പ്രചാരത്തിലിരുന്ന ‘ഹിബ്രു’ ഭാഷയിൽ ആണ് ‘ആമേൻ’ എന്ന പദം ഉത്ഭവിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അത് പല ഭാഷകളിലേയ്ക്കും തർജ്ജമ ചെയ്തു പ്രയോഗിക്കുമ്പോഴും, അതിന്റെ അർത്ഥത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനും മാറ്റമുണ്ടായിരുന്നില്ല. ഇപ്പോഴുള്ള അവസാനത്തെ സെമിറ്റിക് മതമായ ഇസ്ലാമിലേയ്ക്ക് വന്നപ്പോഴും ‘ആമീൻ’ ഉപയോഗിക്കുന്ന സ്ഥലവും സന്ദർഭവും മാറ്റമില്ലാതെത്തന്നെ നിലനിൽക്കുന്നു. പക്ഷെ, അവിടെ പുരോഹിതനോട് സമ്മതം പറയുന്നതിനുപകരം (ആദ്യകാലത്ത് ഇസ്ലാം പുരോഹിതമതമല്ലായിരുന്നു) നേരിട്ട്‌ അള്ളാഹുവിനോട് ആവശ്യപ്പെടുകയാണ് എന്നുള്ള ഒരു വ്യത്യാസം മാത്രമെയുള്ളൂ. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവം ഇറങ്ങിവന്ന്‌ പറയുകയൊന്നും വേണ്ട. വിക്കി തന്നെ ധാരാളം.

മതത്തിലെ ദർശനങ്ങൾ അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടി നിൽക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാ‍ലാന്തരത്തിൽ ഗുണത്തിനു പകരം ദോഷമുള്ളതായി പരിണമിക്കുന്നു. വേദങ്ങളിൽ മനുഷ്യദ്രോഹപരമായിട്ടുള്ള വല്ല നിർദ്ദേശവും കാണുകയാണെങ്കിൽ സംശയരഹിതമായിത്തന്നെ അതിനെ ത്യജിക്കേണ്ടതാണ്. ഈ വസ്തുത സോദാഹരണം ‘വേദാധികാര നിരൂപണ‘ ത്തിൽ ചട്ടമ്പിസ്വാമികൾ അതിശക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ശബ്ബത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബ്ബത്ത് എന്ന്‌ യേശുക്രിസ്തു അരുളിചെയ്തിരിക്കുന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഓരോ ഭാഷയിലും ഉള്ള വാക്കുകൾ നാം പഠിക്കുമ്പോൾ, ശബ്ദാക്ഷരങ്ങളെ വച്ചുകൊണ്ടാണ് സർവ്വവും സംരചിച്ചിട്ടുള്ളത് എന്നുമനസ്സിലാകും. ചില വാക്കുകളുടെ അർത്ഥപരിണാമങ്ങളും കാലദേശ വ്യത്യാസങ്ങളും ഒന്നു പരിചയപ്പെടാം.

സൃഷ്ടി, ക്രിയ എന്ന വാക്കിനോടു ബന്ധപ്പെട്ടതാണ്. സംസ്കൃതത്തിലെ ക്രിയയും, ലത്തീൻ ഭാഷയിലെ (creon) ക്രിയോൺ എന്ന വാക്കും അന്യോന്യം ബന്ധമുള്ളതാണ്. ക്രിയയോടു ബന്ധപ്പെട്ടതാണ് കർമ്മവും, ക്രമവും.

സംസ്കൃതത്തിലെ ‘ഹുത’ ശബ്ദവും ഇംഗ്ലീഷിലെ 'God' എന്നു പറയുന്ന ഈശ്വര നാമവും തമ്മിൽ സാമ്യം തോന്നുന്നില്ലേ.

‘ലിംഗ’ ശബ്ദത്തിൽ നിന്നുമാണ് ‘language' എന്ന വാക്കുണ്ടായിട്ടുള്ളത്‌ എന്നും കേട്ടിട്ടുണ്ട്.

ഇതുപോലെ കലാന്തരത്തിൽ വാക്കുകളുടെ അർത്ഥങ്ങൾക്കും മാറ്റം വരുന്നുണ്ട്. പൌരാണിക സംസ്കൃത ഗ്രന്ഥങ്ങളിലെ ചില വാക്കുകളുടെ അർത്ഥങ്ങൾക്കും പരിണാമം സംഭവിച്ചിട്ടുണ്ട്. അതുവെച്ചാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ദുർവ്യാഖ്യാനങ്ങൾക്ക് ആധികാരികത കൊടുക്കുന്നത്‌.
നമുക്ക് ഇപ്പോൾ പരിചയമുള്ള ഒരു വാക്ക് പരിശോധിക്കാം.

‘ചെത്ത്’ എന്ന വാക്ക് എല്ലാവർക്കും പരിചയം കാണും. - ചെത്ത്, കള്ളുചെത്തുക, പുല്ലുചെത്തുക തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് “ചെത്ത്” എന്നു പറയുമ്പോൾ, സൂപ്പർ, സൌന്ദര്യമുള്ളത് എന്നെല്ലാം ആണ് അർത്ഥം തോന്നിപ്പിക്കുന്നത്‌.

Saturday, January 31, 2009

“തഥാസ്തു”

“ആമേൻ“

“so be it“

“തഥാസ്തു“

“അങ്ങിനെയായിരിക്കട്ടെ”

“ഓം“

“ഉം“

“അങ്ങനത്തന്നെ“

ഈ പറഞ്ഞതെല്ലാം ഒരേ അർത്ഥം തന്നെ.


“നാഥാ നീ ഇത്‌ സ്വീകരിക്കേണമേ“ (എന്ന് ഇവിടെയും വായിച്ചു.)


“വിളക്കിലെ“ ‘ആമീൻ‘ എന്ന പോസ്റ്റിൽ അവസാനം എഴുതിയിട്ടുള്ളത്‌ ഇങ്ങനെയാണ്.

[“ആമീനിന്റെ വിഷയത്തിൽ ജൂതന്മാർ നിങ്ങളോട്‌ അസൂയ ഉള്ളത്പോലെ മറ്റൊന്നിലും അവർ നിങ്ങളോട്‌ അസൂയ വെക്കുന്നില്ല അതിനാൽ നിങ്ങൾ ആമീൻ വർദ്ധിപ്പിക്കുക(ഇബ്നു മാജ:). കൂട്ട്‌ പ്രാർത്ഥനയുടെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. കൂട്ട്‌ പ്രാർത്ഥനക്ക്‌ തടസം നിൽക്കുന്നവർ അറിഞ്ഞോ അറിയാതെ ജൂതന്മാരെ സന്തോഷിപ്പിക്കുകയാണെന്ന് തിരിച്ചറിയുമല്ലോ“]

മുസ്ലീംങ്ങൾ “ആമീൻ” എന്നു പറയുന്നതിന് ജൂതന്മാർക്ക് അസൂയയുണ്ടോ?


ആമീൻ അന്വേഷിച്ചൊരു യാത്ര.


യഹൂദരും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പ്രാർത്ഥനയുടെ അവസാനം ആമീൻ / ആമേൻ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്‌.

സെമിറ്റിക്‌ മതങ്ങളുടെ ആദിവേദമായ പഴയ നിയമത്തിലെ ദൈവത്തിന്, പേരുപോലും നൽകുവാൻ കഴിയുകില്ല എന്നു മനസ്സിലാക്കിയിട്ടും ദൈവത്തെ ധ്വനിമയമായി വരുന്ന ശബ്ദത്തോട് സദൃശനാക്കി. അങ്ങനെ മനുഷ്യമനസ്സിനു സത്യം വെളിപ്പെടുത്തിക്കൊടുക്കുന്ന ഉപാധിയായി ദൈവത്തിന്റെ വാക്കിനെ കണ്ടു. ക്രിസ്ത്യാനികൾ ആ വാക്കിന് തങ്ങളോടൊപ്പം ജീവിക്കുന്ന ഒരു സ്നേഹസമ്പന്നനും കാരുണ്യമൂർത്തിയും സത്യധർമ്മനുമായ മനുഷ്യന്റെ രൂപം നൽകി. ആ സങ്കല്പത്തിൽ അവരുടെ രക്ഷകനെ നിത്യ വർത്തമാനത്തിലെ ഈശ്വരീയ സാന്നിദ്ധ്യമാക്കി. ഇസ്ലാമിൽ ദൈവത്തെ അനുപമേയനെന്നു സങ്കല്പിച്ച്‌ ‘ലാ ഇലാഹ്‌ ഇല്ലല്ല’ എന്ന് ഉൽഘോഷണം ചെയ്തെങ്കിലും ഈശ്വരൻ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനേക്കാളും അധികം അവനോടു ചേർന്നിരിക്കുന്ന സത്യമാണെന്ന്‌ ആനുഭൂതികമായി പറയുന്നു.



ദൈവത്തിന്റെ പേരു പറയാൻ വയ്യാത്തതുകൊണ്ട്, യഹൂദന്മാർ നാലു വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങളെടുത്ത്‌ YHVH എന്നൊരു വാക്കുണ്ടാക്കി. എന്നാലും ആരും ‘യഹോവ’ എന്നു പറഞ്ഞുകൂടാ. അത്‌ ദൈവനിന്ദയാണ്.

ദൈവം തന്റെ പേരിലെ നാലക്ഷരം കൊണ്ടാണ് ലോകത്തെ മുഴുവൻ സൃഷ്ടിച്ചത്‌ എന്ന്‌ യഹൂദന്മാർ പറയുന്നു. അതായത്, ‘YHVH' , ‘ആമേൻ’ , ‘അ‌ഉ‌മം’ , ‘അൽ-ലാഹ്‌‘ , ‘യഹ്‌വ-ഹ്‌‘ ഇതെല്ലാം നാലു മാത്രകൾ കൊണ്ടുണ്ടാക്കിയിട്ടുള്ള വാക്കുകളാണ്.


ദൈവം അക്ഷരത്തിനും അതീതനാണെന്ന്‌ എല്ലാ മതങ്ങളും സങ്കല്പിക്കുന്നു. പരമമായിട്ടുള്ളതിനെ ആദ്യകാലം മുതലേ മനുഷ്യൻ ഉച്ചരിക്കാൻപോലും ഭയപ്പെട്ടിരുന്നു. ഈശ്വരൻ വാക്കുകൊണ്ടു പഠിപ്പിക്കുന്നു എന്ന ആശയം വരുന്നതിനുമുമ്പേ അവന്റെ ഭാഷ മൌനമാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു.



മൂന്നു കാലത്തിലും ഉണ്ടായിരിക്കുന്നതെല്ലാം ഓങ്കാരത്തിൽനിന്നും വന്നിട്ടുള്ളതാണ് എന്ന്‌ ഉപനിഷത്തുക്കൾ (മാണ്ഡൂക്യം, ചാന്ദോഗ്യം) പറയുന്നു. ഓങ്കാരത്തിനും ഒരു ജന്മമുണ്ട്‌. ‘ഓം‘ മൌനത്തിൽനിന്നും ആവിർഭവിച്ചു മൌനത്തിൽ തിരോഭവിക്കുന്നു (ഐതരേയം).

ചാന്ദോഗ്യോപനിഷത്തിൽ ‘ഓം’കാരത്തെ അനുജ്ഞാവാക്യം എന്നാണ് പറയുന്നത്‌. (അനുജ്ഞാനം = അനുവാദം, കല്പന). യഹൂദൻ ‘ആമേൻ’ എന്നു പറയുമ്പോൾ ‘അങ്ങനെയായിരിക്കട്ടെ’ എന്നു സമ്മതിക്കുകയാണ്. സംസ്കൃതത്തിൽ ‘ഓം’ എന്നു പറയുമ്പോഴും ‘ശരി’ ഞാൻ സമ്മതിക്കുന്നു എന്നർത്ഥം. മലയാളത്തിലും സംഭാഷണം ശ്രദ്ധിക്കുന്നയാൾ ‘ഉം - ഉം’ എന്നു മൂളി സമ്മതിക്കുന്നു. എന്തിനു പറയുന്നു പഴയ കാലത്ത്‌ നീണ്ട മുദ്രാവാക്യം വിളിക്കുമ്പോൾ ‘അങ്ങനത്തന്നെ’ എന്നല്ലെ കോറസ്സ് ഏറ്റുപറഞ്ഞിരുന്നത്‌.


ഈജിപ്റ്റുകാർ പേരു കൊടുക്കാൻ വയ്യാത്തതായ പരമ പുരുഷനെ പേരുചൊല്ലി വിളിക്കുന്നതിനു പകരം മുഖ്യ പുരോഹിതൻ ദൈവത്തിന്റെ അടയാളം കാണിക്കുമ്പോൾ ‘ആമേൻ’ എന്നു മാത്രം പറഞ്ഞിരുന്നു. അവർ പിന്നീട്‌ ഉഷസ്സിൽ ലോകത്തെ വെളിവാക്കിത്തരുന്ന ദൈവത്തെ ‘അൽ റാ ആമേൻ’ എന്നു വിളിച്ചു. ആമേൻ എന്നു പറഞ്ഞാൽ അറിയപ്പെടാത്തത്‌ എന്നാണ് അവിടെ അർത്ഥം സൂചിപ്പിക്കുന്നത്. അത്‌ ബുദ്ധമതത്തിലെ ശൂന്യത എന്നു സങ്കല്പിക്കുന്നതിനോട് സമമാണ്. എന്നാൽ എബ്രായ ഭാഷയിൽ വന്നപ്പോഴേയ്ക്കും ‘ആമേൻ’ പരമാർത്ഥത്തിനു തുല്യമായി. സുനിശ്ചിതമായത്‌, വിശ്വസനീയമായത്‌ എന്ന അർത്ഥമായി. പൌരോഹിത്യത്തിൽ ഈ വാക്കിനു പ്രാധാന്യം വന്നപ്പോൾ മുഖ്യ പുരോഹിതനോടു വിശ്വാസികൾ സമ്മതം മൂളുന്നതിനു “ആമേൻ” എന്നു പറഞ്ഞു തുടങ്ങി.

‘ആമീന്റെ’ കാര്യത്തിൽ യഹൂദരെ പാരമ്പര്യ വൈരികളാക്കാൻ ഇതിൽ കൂടുതൽ ഒന്നും കണ്ടെത്താനായില്ല. എന്തെങ്കിലും കൂടുതൽ അറിയുന്നവർ ഇവിടെ പങ്കുവെയ്ക്കുമല്ലോ.