Monday, June 15, 2009

ഒരു ജാതി ഒരു മതം - 2

ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഗുരുദേവന്റെ ‘ജാതിനിർണ്ണയം’ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനു മുമ്പിലത്തെ പോസ്റ്റ്.
അതിന്റെ തുടർച്ചയായി പത്തു പദ്യങ്ങളുള്ള ‘ജാതിലക്ഷണം’ എന്ന കൃതിയിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
ഗുരുദേവന്റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു കൃതിയാണ് ‘ജാതിലക്ഷണം’.

പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയാർന്നൊത്തു കാണ്മതും.

ഓരോ ഇനത്തിനും മെയ്യുമോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും തണുവും നോക്കുമോർക്കണം.

[പരസ്പരം ആലിംഗനബദ്ധരായി സന്തത്യുല്പാദനം നടത്തുന്നവയെല്ലാം ഒരിനത്തിൽ പെടുന്നു. ആലിംഗനബദ്ധരാകാതെ സന്തത്യുല്പാദനം നടത്തുന്നവ മനുഷ്യജാതിയല്ല. ഈ ലോകത്ത് ഇണ ചേരുന്നതിൽ ഒരുമിക്കുന്നവയും ഒരു പ്രത്യേക വർഗ്ഗമായി കരുതപ്പെടാം. ഓരോ വർഗ്ഗത്തിലും ദേഹത്തിന്റെ ആകൃതിഭേദവും പ്രത്യേക രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കലും പ്രത്യേക തരത്തിലുള്ള ഗന്ധവും ഭക്ഷണരുചിയും ദേഹത്തിലെ ഊഷ്മാവും ശൈത്യവും പ്രത്യേകതരം നോട്ടവും ശ്രദ്ധിച്ചറിയേണ്ടതാണ്.]

ജാതിനിർണ്ണയത്തിനുതകുന്ന വ്യക്തമായ ഒരു ലക്ഷണമാണ് ഇണചേരുക എന്നത്‌. ഒരേ വർഗ്ഗത്തിൽ‌പ്പെട്ട സ്ത്രീപുരുഷന്മാരല്ലാതെ (ആൺ-പെൺ) ഒരിക്കലും സന്തത്യുല്പാദനത്തിനായി
ഇണചേരാറില്ല. ഇക്കാര്യത്തിൽ മനുഷ്യജാതിക്കൊരു പ്രത്യേകതകൂടിയുണ്ട്. പരസ്പരം ആലിംഗനബദ്ധരായി ഇണചേർന്നാണ് മനുഷ്യവർഗ്ഗം സന്തത്യുല്പാദനം നടത്തുന്നത്‌. മനുഷ്യരുടെ ഇടയിൽ ഈ ഇണചേരലിന് യാതൊരു പരസ്പര ഭേദവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഒരേ വർഗ്ഗമാണെന്നുള്ളതിനു മറ്റൊരു തെളിവും ആവശ്യമില്ല.

ഒരു വർഗ്ഗത്തിൽ വിട്ടുപോകാതെ തുടർന്ന് നിൽക്കുന്ന സ്വഭാവമേതാണോ അതാണ് വർഗ്ഗലക്ഷണം. പരിതഃസ്ഥിതിമൂലം വന്നുചേർന്നതോ പിന്നീട് വിട്ടുമാറാവുന്നതോ ആയ യാതൊരു സ്വഭാവവും വർഗ്ഗലക്ഷണമായി അംഗീകരിക്കാൻ പാടില്ല. ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്‌.
വർഗ്ഗമേതെന്നു വിളിച്ചറിയിക്കുന്ന ശരീരം തന്നെ ഒരുവന്റെ ജാതി ഏതാണെന്നറിയിച്ചു തരുന്നതുകൊണ്ട് ചിന്താശക്തിയും കാഴ്ചശക്തിയുമുള്ളവർ ജാതിയേതാണെന്നൊരിക്കലും ആരോടും ചോദിയ്ക്കയില്ല. അപ്പോൾ ആരെങ്കിലും ജാതി ചോദിച്ചാൽ അയാൾക്ക് ചിന്താ ശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നർത്ഥം. അഥവാ ചിന്തിച്ചും കണ്ടും അറിയാൻ കഴിയാത്ത കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന്‌ അയാളെ വീർപ്പുമുട്ടിക്കുന്നു എന്നറിയേണ്ടതാണ്.

കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്‌.


(തുടരും)

7 comments:

പാര്‍ത്ഥന്‍ said...

ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്‌.

കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന്‌
ഒരാളെ വീർപ്പുമുട്ടിക്കുമ്പോഴാണ് അങ്ങിനെ ചോദിക്കുന്നത്‌.

Anonymous said...

~~~കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്‌.~~~

ഇത് പ്രസക്തമാണ്.. കാരണം മേല്‍ജാതി എന്നാ ഹുങ്കും താഴ്ന്ന ജാതി എന്നാ അപകര്‍ഷതാബോധം നല്‍കിയ ഹുങ്കും ഒരേ പോലെ അപകടം ആകുന്നു..
ഈ രണ്ടു വിഭാഗത്തില്‍ പെടുന്നവരെയും നിരുല്‍സാഹപ്പെടുത്തുക എന്നത് മാത്രമാണ് ഒരു സാധാരണ പൌരനു ചെയ്യാന്‍ കഴിയുക... അതെങ്കിലും നാം ചെയ്യാന്‍ മുന്നോട്ടു വരിക..

ദുഖകരമായ വസ്തുത ജാതി പറഞ്ഞു രാഷ്ട്രീയം കളിക്കുന്നവര്‍ അവരുടെ ആശയം എന്തെന്ന് പോലും വെളിപ്പെടുത്തുന്നില്ല.. ആശയം അത്ര മോശപ്പെട്ടത്‌ തന്നെ എന്നവര്‍ക്കുകൂടി അറിവുണ്ട്.. അവര്‍ക്ക് അവരുടെ കാര്യം സാധിക്കുക.. എത്ര അധാര്‍മിക മാര്‍ഗത്തിലൂടെ ആയാലും..

പാര്‍ഥന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...

സനാതന ഹിന്ദു said...

i think it is now harijans to understand, who is misusing them & for what. If they cant do that, the cast system n their inferiority complex can last 4 ever.

fighing is not the solution, thats all i can say.

പാമരന്‍ said...

ഒരു 'ജാതി' മതം! :)

Chau Han said...

നമ്മള്‍ ഒഴികെ ആരും സംവരണം ആവശ്യപ്പെടുന്നില്ലെങ്കില്‍, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

സംവരണം: സ്റ്റഡി ക്ലാസ്

ഗൗരിനാഥന്‍ said...

aaru angeekarikkunnu ithokke, mathramalla keralathilum, mattulladathum jaathi branth valarukayanu..

shine അഥവാ കുട്ടേട്ടൻ said...

സമൂഹത്തിൽ അന്തസ്സോടെ തല ഉയർത്തി നിൽക്കാൻ പണവും, പാണ്ഡിത്യവും, പദവിയും ഇല്ലാതാകുമ്പോൾ പറയാൻ ചില പഴയ "സവർണ്ണർക്കും", ഇതെല്ലാം പാദസേവ ചെയ്തു നേടിയെടുക്കാൻ പഠിച്ച ചില പുതിയ "സവർണ്ണർക്കും" , അവർണന്റെ മുന്നിൽ നിവർന്നു നിൽകാൻ ഉണ്ടായ പുതിയ രീതിയാണു ഇന്നത്തെക്കാലത്തു ജാതി പറച്ചിൽ.. വിവരമുള്ളവർ - അവർണ്ണനായാലും, സവർണ്ണനായാലും - ഇന്നതു പറയാറില്ല..