Sunday, June 14, 2009

ഒരു ജാതി ഒരു മതം - 1

ചിലജാതി കോമരങ്ങൾ ജാതി ചൊല്ലി തുള്ളുന്നത് ഇവിടെയും ഇവിടെയും കാണാം.
വിമർശിക്കുന്നത് പൌരാണിക ചാതുർവർണ്ണ്യത്തെയാണെന്ന്‌ സൂചിപ്പിക്കുന്നുണ്ടെങ്കിലും
നമുക്ക് അനുഭവവേദ്യമായ ജാതിചിന്തയെയാണ് എല്ലാവരും എടുത്തു പറയുന്നത്. ചാതുർവർണ്ണ്യത്തിന് നല്ല നിറം ഉണ്ടെങ്കിലും അത് അദൃശ്യമാണ്. ജാതി ചിന്തകൾ വളർന്നു വന്ന് തൊട്ടുകൂടായ്മയിലേയ്ക്കും വിഭാഗീയ ചിന്താഗതിയിലേയ്ക്കും എത്തിച്ചതിൽ ഭഗവത് ഗീതക്കാണോ, ഇതിഹാസങ്ങൾക്കാണോ, സ്മൃതികൾക്കാണോ, ബ്രാഹ്മണന്മാർക്കാണോ, ഫ്യൂഡൽ ഭരണ സമ്പ്രദായത്തിനാണോ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടാവുക? ഞാൻ വായിച്ച ചില കാര്യങ്ങൾ ഇവിടെ
കുറിക്കുന്നു. തർക്ക-വിതർക്കങ്ങൾ എനിയ്ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതിനുശേഷമാകുന്നതാവും ഉചിതം.

ജാതി ഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീർന്ന രാഷ്ട്രത്തിന് (പ്രത്യേകിച്ച് കേരളത്തിന്) ഗുരുദേവൻ നൽകിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ജാതിയുണ്ടെങ്കിൽ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഗുരുദേവന്റെ ഈ കൃതിയിൽ നിന്നും നിസ്സംശയമായ
മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാൾക്ക് ജാതിപിശാചിന്റെ പിടിയിൽ നിന്നും രക്ഷ കിട്ടും.

ജീവികളെ മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേർതിരിച്ചാൽ മനുഷ്യത്വാദി ജാതികളുണ്ടാകാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേർതിരിക്കുന്നത്‌ അത്യന്തം അശാസ്ത്രീയമാണെന്നാണ് ഗുരുദേവൻ വെളിപ്പെടുത്തി തരുന്നത്‌.

മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോfപിന.
[എപ്രകാ‍രമാണോ പശുവർഗ്ഗത്തിൽ‌പ്പെട്ട ജന്തുക്കൾക്ക്‌ ഗോവിന്റെ ഭാവം എന്ന അർത്ഥമുള്ള ഗോത്വം ജാതിയാണെന്ന്‌ തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത്‌ അതുപോലെ മനുഷ്യർക്ക് മനുഷ്യത്വമെന്നത്‌ ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ടു കിട്ടുന്നതായി
കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരും തന്നെ യാഥാർത്ഥ്യമെന്തെന്നറിയുന്നതേയില്ല.]

‘ജാതി’ എന്ന പദത്തിന് ജനനാലുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത്‌ എന്നു പറഞ്ഞാൽ മരണം വരെ വിട്ടുപോകാത്തത്‌ എന്നുമാണ് താല്പര്യം. ഈ അർത്ഥത്തിൽ ഒരു വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ വിട്ടുപോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിന് ഹേതു. അതിനെയാണ് താർക്കികന്മാരും മറ്റും ജാതി നിർണ്ണയഘടകമായി അംഗീകരിക്കുന്നത്‌. ആ നിലയിൽ മനുഷ്യന്റെ മനുഷ്യശരീരം ജനനാൽ ഉള്ളതും മരണംവരെ വിട്ടുപോകാതെ മനുഷ്യ ശരീരമായിത്തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും മനുഷ്യത്വമെന്ന ജാതി കൽ‌പ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നതുമായതുകൊണ്ട് അവയ്ക്കൊക്കെക്കുടി ഗോത്വം എന്ന ജാതി കൽ‌പ്പിച്ചിരിക്കുന്നതുപോലെ, ഇന്നു മനുഷ്യരുടെ ഇടയിൽ നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി ബന്ധപ്പെടുത്താവുന്ന
യാതൊരു യുക്തിയുമില്ല.

“ജാതി നിർണ്ണയം”
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ.

ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം.

നരജാതിയിൽ നിന്നത്രെ പിറന്നീടുന്നു വിപ്രനും
പറയന്താനുമെന്തുള്ളതന്തരം നരജാതിയിൽ?

പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവർത്ത കന്യയിൽ.

ഇല്ലജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

(5 പദ്യങ്ങളുള്ള ഈ കൃതിയുടെ വ്യാഖ്യാനം എല്ലാവർക്കും അറിയാമെങ്കിലും, ഒരു ചെറിയ വിവരണം നൽകാം എന്നു കരുതുന്നു.)
[മനുഷ്യന് ജാതിയൊന്നേയുള്ളൂ. മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ , ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ , ആകൃതി ഒന്നേയുള്ളൂ , ഈ മനുഷ്യവർഗ്ഗത്തിൽ ഭേദം ഒന്നും തന്നെ കൽ‌പ്പിക്കാനില്ല.

മനുഷ്യന്റെ സന്താന പരമ്പര മനുഷ്യവർഗ്ഗത്തിൽ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്‌. ഇതാലോചിച്ചാൽ മനുഷ്യവർഗ്ഗം മുഴുവൻ ഒരു ജാതിയിലുള്ളതാണെന്ന്‌ വ്യക്തമായി തീരുമാനിക്കാം.

ബ്രാഹ്മണനും പറയനും മനുഷ്യവർഗ്ഗത്തിൽ നിന്നു തന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യ വർഗ്ഗത്തിൽ ഭേദം എന്താണുള്ളത്‌.

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരായ പറച്ചിയിൽ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിൽ ജനിച്ചതായും കാണുന്നു.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത്‌ ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ചു ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്. ജനിക്കുമ്പോൾ അജ്ഞരായ കുട്ടികളായിത്തന്നെയാണ് സകലരും ജനിക്കുന്നത്‌. വളരുന്നതോടെയാണ് ഗുണകർമ്മങ്ങൾ വേർതിരിയുന്നത്‌. ഉത്തമഗുണകർമ്മങ്ങളുള്ള മഹത്തുക്കൾ പലപ്പോഴും താണ കുടുബങ്ങളിലും വർഗ്ഗങ്ങളിലുമാണധികവും ജനിക്കുന്നത്‌. മനുഷ്യന്റെ ഗുണകർമ്മ മാഹാത്മ്യങ്ങൾ ഒരേ
ജന്മത്തിൽ തന്നെ മാറിവരാവുന്നതേയുള്ളൂ. അതുകൊണ്ട് ജന്മത്തെ ആസ്പദമാക്കിയുള്ള എല്ലാ വേർതിരിവുകളും കൃത്രിമങ്ങളും സ്വാർത്ഥ പ്രേരിതങ്ങളുമാണ്.

(തുടരും)

8 comments:

പാര്‍ത്ഥന്‍ said...

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ.

കേരളം ജാതിപ്പിശാചിന്റെ ബാധ നിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചു മാറ്റാൻ ശ്രീനാരായണഗുരുദേവൻ അവതരിച്ചത്‌.

അപ്പു said...

പാർത്ഥേട്ടാ, വായിച്ചു. കൂടുതൽ വായനക്കായി കാത്തിരിക്കുന്നു.

കാന്താരിക്കുട്ടി said...

ഗുരുദേവൻ പറഞ്ഞ്ത ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണു.പക്ഷേ ഗുരുദേവന്റെ ഇപ്പോളത്തെ അനുയായികൾ പറയുന്നതെന്താണു.ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിച്ച് ശക്തരാകാൻ.നല്ല ലേഖനം .

സത said...

പാര്‍ഥന്‍,

ഗുരു വചനങ്ങളെ അവഗണിച്ച് ജാതി പറയണം എന്നതാണ് പുതിയ വചനം. അപ്പോള്‍ താങ്കള്‍ വരച്ച വര വെള്ളത്തിലായി എന്ന് പറയാനും ആള്‍ക്കാര്‍ ഉണ്ടാകും! പിന്നെ, ആദ്യത്തെ ലിങ്കിലെ പോസ്റ്റ്‌ വളരെ സ്വാഗതാര്‍ഹവും അതിലെ ചില കമെന്റുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്‌ എന്ന് പറയുന്നതാവും ശരി. എന്തായാലും ജാതി പറയുന്നവര്‍ ഇന്ന് രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ജാതി ഇല്ലാതാക്കുകയല്ല വേണ്ടത്, മറിച്ച് വോട്ടുകള്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.. അപ്പോള്‍ ഈ തീക്കളി തുടരും.. മാന്യന്മാര്‍ ആ വഴി പോകാതിരിക്കുകയാവും നല്ലത് എന്ന് തോന്നുന്നു..

Manoj മനോജ് said...

അങ്ങിനെ പറഞ്ഞ നാരായണ ഗുരുവിനെ ഇന്ന് ദൈവമാക്കി അമ്പലമുണ്ടാക്കി പൂജിക്കുന്നു!!! ഇനിയും അമ്പലങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുമെന്ന് “ജൂനിയര്‍ നടേശനാശാന്‍”....

ഒരു ജാതി ഒരു മതം ഒരു ദൈവം മനുജന് എന്ന ആശയത്തോടെ സോദരത്വേന വാഴുന്ന ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? എവിടെ അത് “സിമന്റ് നാണുവിന്റെ” വെറും സ്വപ്നങ്ങള്‍ മാത്രം.... ഇന്ന് മതവും ജാതിയും ഉപജാതിയും വേണം... വോട്ടിനായി... അതിനാല്‍ തന്നെ മതവും ജാതിയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യം നേരിടേണ്ടി വരിക രാഷ്ട്രീയ പാര്‍ട്ടികളെയായിരിക്കും...

G.manu said...

ജാതി പിശാച് സമൂഹത്തെ വെറുതെ വിടാന്‍ ഇനി എത്ര് നൂറ്റാണ്ട് കാത്തിരിക്കണം??

സനാതന ഹിന്ദു said...

its high time to stop playing politics with fire.. but who will stop it?

ചന്തു said...

ഗുരുവുന്റെ വചനങ്ങള്‍ ഇന്നു മതം മാറ്റാനുള്ള
ആയുധമായി ഉപയോഗിക്കുന്നു എന്ന ഖേദകരമായ
സത്യം കൂടെ പറഞ്ഞുകൊള്ളട്ടെ. വെള്ളാപ്പള്ളിതന്നെ ഇവിടെ ഒരു ക്ഷേത്രത്തില്‍ വന്നപ്പോള്‍ പറഞ്ഞതാണ് “ഇപ്പോള്‍ ഒരുതരം പുതിയ ക്രിസ്ത്യാനികള്‍ കൂടെ ഉണ്ട്. ഈഴവ ക്രിസ്ത്യാനി.” പക്ഷേ അതു തടയാന്‍ അവര്‍ എന്തു ചെയ്തു എന്നിടത്താണ് നിരാശ. കഴിഞ്ഞ ഇലക്ഷന് ബി.ജെ.പിയ്ക്ക് പോയിട്ട് ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യ്തോളൂ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കി. ഗുരുദേവന്‍ പറഞ്ഞത് മുഴുവനായി ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. നന്ദി. ഞാന്‍ ഇതു പഠിക്കുകയാണ് ആദ്യത്തെ 2 വരി മാത്യം പറഞ്ഞു തങ്കള്‍ മതത്തിനതീതരാണ് എന്ന് കരുതാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍.