Thursday, July 17, 2008

ദൈവത്തെത്തേടി-3

സ്വാര്‍ത്ഥം.

ലോകത്ത്‌ എവിടെയുമുള്ള സാധാരണക്കാരന്റെ ദൈവസ്നേഹവും ഈശ്വരാരാധനയും പരിശോധിച്ചുനോക്കിയാല്‍ അതൊക്കെ താല്‌ക്കാലികമായ ഓരോ ലാഭത്തിനുവേണ്ടി സോപാധികമായ സങ്കല്‌പത്തിലിരിക്കുന്ന ഒരു ദേവതാപ്രതീകത്തോടുള്ള വിലയില്ലാത്ത പ്രാര്‍ത്ഥന ആണെന്നു കാണാം.
മൂന്നു വേദങ്ങളുടെയും വിധിപ്രകാരം യജ്ഞം നടത്തി സോമപാനംകൊണ്ട്‌ ശുദ്ധിയാക്കപ്പെട്ട സ്വര്‍ഗ്ഗകാമികള്‍ നടത്തുന്ന പൂജയും ആക്ഷേപാര്‍ഹമാണെന്ന്‌ ഭഗവദ്‌ഗീതയും പറയുന്നുണ്ട്‌.

'സൗന്ദര്യലഹരി' യിലും ഇതുപോലെ പ്രതിമകളോട്‌ പ്രാര്‍ത്ഥിക്കുന്നതിന്റെ നിഷ്‌പ്രയോജനത്തെപ്പറ്റി ഒരു ശ്ലോകം ഉണ്ട്‌. അത്‌ ഇപ്രകാരമാണ്‌.

"ത്വദന്യഃ പാണിഭ്യാമഭ്യവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത്‌ത്രാതും ദതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ! ലോകാനാം തവ ഹി ചരണാവേവ നിപുണൗ"

[ക്ഷേത്രത്തില്‍ ഉപാസനകള്‍ക്കായി വച്ചിരിക്കുന്ന ദേവതകളുടെ മൂര്‍ത്തികള്‍ 'ഭയപ്പെടേണ്ട' എന്നു പറയുന്നമാതിരിയും, 'വരം തരാം' എന്നു പറയുന്ന മാതിരിയും കൈകള്‍കൊണ്ട്‌ അഭിനയം കാണിക്കുന്നത്‌, ആളുകള്‍ക്ക്‌ പെട്ടെന്ന്‌ ഫലം ലഭിക്കുമെന്നു വിശ്വസിക്കുവാന്‍ ഇടവരുത്തുന്നു. എന്നാല്‍ സര്‍വ്വേശ്വരിയാകട്ടെ, ജീവജാലങ്ങള്‍ക്ക്‌ ക്ഷേമകരമായിട്ടുള്ളതിനെ അവര്‍ ചോദിക്കാതെതന്നെ കൊടുക്കുവാന്‍ തക്കവണ്ണം കാരുണ്യത്തോടുകൂടിയ സര്‍വ്വജ്ഞയാണ്‌‌, എന്നതാണ്‌ ഈ ശ്ലോകത്തിന്റെ സാരം. ]

വേദങ്ങളില്‍ പറയുന്നതുപോലെ ചെയ്യുന്നതുകൊണ്ടോ മതങ്ങളുടെ സഭാചട്ടങ്ങള്‍ അനുസരിച്ച്‌ ചെയ്യുന്നതുകൊണ്ടോ ഒരു കര്‍മ്മത്തിന്‌ താത്ത്വിക പ്രധാന്യം ഉണ്ടാകുന്നില്ല. മരിച്ചുപോയ ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാര്‍ത്തയും മേരിയും ഭക്തിപാരവശ്യത്തോടെ യേശുവിനോട്‌ ചെയ്യുന്ന പ്രാര്‍ത്ഥന ഒരു കാര്യലാഭത്തിനുവേണ്ടി മാത്രമുള്ളതാണ്‌. ദുശ്ശാസനന്‍ വസ്ത്രാക്ഷേപത്തിന്‌ മുതിരുമ്പോള്‍, സഭാമദ്ധ്യത്തില്‍ തന്നെ നഗ്നയാക്കി നിറുത്തരുതേ എന്ന്‌ കൃഷ്ണനോട്‌ ദ്രൗപതി ചെയ്യുന്ന പ്രാര്‍ത്ഥനയും താല്‌ക്കാലികമായ ഒരാപത്തിനെ നേരിടാന്‍ വേണ്ടി മാത്രമാണ്‌. അത്‌ വിധി പൂര്‍വ്വകമായിട്ടുള്ള പരമാര്‍ത്ഥ ദര്‍ശനമല്ല.

നമ്മളും സാധാരണ എന്തെല്ലാം സഫലീകരിക്കാനാണ്‌ പ്രാര്‍ത്ഥിക്കാറുള്ളത്‌. ഞാന്‍ പരീക്ഷയില്‍ പാസാകണേ. എനിയ്ക്ക്‌ നല്ല ഒരു ജോലി കിട്ടിയാല്‍ ഇത്രയും വഴിപാടുകള്‍ ചെയ്യാം. എനിയ്ക്ക്‌ ലോട്ടറി കിട്ടിയാല്‍ അതിന്റെ ഒരു ഓഹരി വഴിപാടും ഒരു ഓഹരി സേവന പ്രവര്‍ത്തനവും ചെയ്യാം. എന്റെ വീടു പണിയ്ക്കുള്ള പണം സ്വരൂപിക്കാന്‍ കഴിയണേ. അങ്ങിനെ ലിസ്റ്റ്‌ വലുതായി പോകുന്നു. പ്രാര്‍ത്ഥനയും ആഗ്രഹ സഫലീകരണത്തിനുശേഷം നന്ദിസൂചകമായുള്ള പ്രത്യുപകാരവും ചെയ്യുന്നതില്‍ വിഘ്നം വരുത്താതെയും ശ്രദ്ധിക്കുന്നുണ്ട്‌.


ലോകത്തില്‍ 99% ആളുകളും അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ വേണ്ടിമാത്രം വിധി പൂര്‍വ്വകം സങ്കല്‌പിച്ചിട്ടുള്ള ഒരു ദൈവതത്തോടാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. ആ ദൈവതത്തെ അന്യദേവത എന്നോ അന്ധവിശ്വാസത്താല്‍ മനുഷ്യമനസ്സുകൊണ്ട്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ള ദേവതയെന്നോ കരുതാവുന്നതാണ്‌.

പരമാര്‍ത്ഥതത്ത്വത്തെ മനസ്സിലാക്കാതെ ദേവതകളെ പൂജിക്കുന്നവരെയും ഇവിടെ പാപികളാക്കുന്നില്ല. ഈ ഗീതാ ശ്ലോകം നോക്കുക.

യേപ്യന്യദേവതാ ഭക്താ യജന്തേശ്രദ്ധയാന്വിതാഃ
തേ/പി മാമേവ കൗന്തേയ! യജന്ത്യവിധിപൂര്‍വകം. (ഭ.ഗീ. 9:23)
[അര്‍ജ്ജുന! ഏതൊരു ഭക്തനും ശ്രദ്ധയോടു കൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ, അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.]

അനന്യമായ ദൈവീക ചിന്തയെ ഉദാഹരിക്കുന്നതിനായി ഡോ. എസ്‌.രാധാകൃഷ്ണന്‍ സുപ്രസിദ്ധ സൂഫി ഭക്തയായ റാബിയ്യായുടെ സംഭാഷണം ഉദ്ധരിക്കുന്നു. അത്‌ ഇപ്രകാരമാണ്‌.
- നിങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ?
"തീര്‍ച്ചയായും".
- നിങ്ങള്‍ പിശാചിനെ വെറുക്കുന്നുണ്ടോ?
"ഞാന്‍ ദൈവസ്നേഹത്തില്‍ സര്‍വ്വത്ര ആമഗ്നയായിരിക്കുന്നതുകൊണ്ട്‌ എനിയ്ക്ക്‌ പിശാചിനെ വെറുക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു പ്രവാചകനെ കണ്ടു. പ്രവാചകന്‍ എന്നോടു ചോദിച്ചു: "നീ എന്നെ സ്നേഹിക്കുന്നുണ്ടോ?" ഞാന്‍ പറഞ്ഞു: "അല്ലയോ ദൈവദൂതാ, നിങ്ങളെ ആര്‍ക്കു സ്നേഹിക്കാതിരിക്കാന്‍ കഴിയും. എന്നാല്‍ എന്റെ ഹൃദയം പൂര്‍ണ്ണമായും ദൈവത്തില്‍ മഗ്നമായിരിക്കുന്നതിനാല്‍ എനിയ്ക്കു വേറൊന്നിനെയും സ്നേഹിക്കുവാനോ വെറുക്കുവാനോ അവസരം ലഭിക്കുന്നില്ല."

അസഹിഷ്ണുവായ ദൈവം

പഴയ നിയമത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാകുന്നു. ഞാനല്ലാതെ മറ്റുദേവന്മാര്‍ നിനക്കുണ്ടാവരുത്‌. ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത്‌. മുകളില്‍ സ്വര്‍ഗ്ഗത്തിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്‌." "നിന്റെ ദൈവമായ കര്‍ത്താവ്‌ നിരോധിച്ചിരിക്കുന്ന തരത്തില്‍ എന്തിന്റെയെങ്കിലും ആകൃതിയില്‍ കൊത്തുരൂപം ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക. വിഴുങ്ങുന്ന അഗ്നിയും അസഹിഷ്ണുവുമായ ദൈവമാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്‌".

യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന്‌ അസഹിഷ്ണുത (Jealous God‌) ഭൂഷണമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.

ശിക്ഷിക്കുന്ന ദൈവം.

പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക്‌ അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ്‌ ഖുര്‍ആനും ആരംഭിക്കുന്നത്‌. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു.

ഇനി ശിക്ഷയുടെ കാര്യത്തില്‍ നമ്മളും നമ്മളുടെ ഭാഗം ഭംഗിയായിത്തന്നെ ആചരിച്ചുപോരുന്നുണ്ട്‌. നീ ഗുണം പിടിക്കാതെ പോകട്ടെ. അവന്റെ തലയില്‍ ഇടിത്തീ വീഴും. എന്നെ ദ്രോഹിച്ചവനാണ്‌, അവന്‍ അതിന്റെ ഇരട്ടി അനുഭവിക്കും. ഇതിനൊക്കെ ഏതെങ്കിലും ദൈവനാമത്തില്‍ സത്യം സത്യം സത്യം എന്നും പറഞ്ഞ്‌ ബലപ്പെടുത്തിയിട്ടും ഉണ്ടാവും.

അനുഗ്രഹവും വിധിയും

മനുഷ്യന്റെ ഭയവും പ്രത്യാശയും ലോകത്തെ ഭരിക്കുന്ന നിയാമക ശക്തിയില്‍ ആരോപിച്ച്‌ ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടുമുതല്‍തന്നെ നമ്മുടെ പൂര്‍വ്വികര്‍ കരുതിപോന്നിരുന്നു. നമ്മള്‍ മലയാളത്തില്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചുവരുന്ന 'ദൈവ'മെന്ന വാക്കിന്റെ അര്‍ത്ഥംപോലും അങ്ങിനെയായിട്ടുണ്ട്‌. ജീവിതത്തില്‍ സന്തോഷകരമായ അനുഭവത്തെ ഉണ്ടാക്കുമ്പോള്‍ മനുഷ്യന്‍ അതിനെ 'ദയാപരനായ ദൈവം', "ദൈവാനുഗ്രഹം" എന്നെല്ലാം പറയുന്നു. അത്‌ അസന്തുഷ്ടിയിലേയ്ക്ക്‌ നമ്മെ നയിക്കുമ്പോള്‍ നാം അതിനെ 'വിധി' എന്നു പറയുന്നു.

എല്ലാ മതങ്ങളിലും ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവന്‍, അദ്ദേഹം, അവിടുന്ന്‌, തമ്പുരാന്‍, സ്വാമി, പോറ്റി എന്നിങ്ങനെ ഒരു മനുഷ്യ വ്യക്തിയെപ്പറ്റി പ്രത്യേകിച്ചും ഒരു പുരുഷ വ്യക്തിയെപറ്റി പറയുന്ന ഭാവനയാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. ഇത്‌ ഇംഗ്ലീഷില്‍ 'Anthropomorphism' എന്നു പറയുന്ന മനുഷ്യവല്‍ക്കരണത്തിന്റെ വളരെ മോശപ്പെട്ട ഉദാഹരണമായി കണക്കാക്കാം.

യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട്‌ അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്‌ ദൈവനിന്ദയാണ്‌. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ്‌ സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ്‌ പരിഗണിക്കുന്നത്‌.

ക്രിസ്തുവിന്റെ അനുയായികള്‍ യേശുവിന്റെ വാക്കിനെ മുറുകെ പിടിച്ചിരിക്കുന്നു. 'എന്നില്‍ കൂടിയല്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ ആരും പ്രവേശിക്കുന്നില്ല' എന്നതിനെ പ്രമാണമാക്കിക്കൊണ്ട്‌ അവര്‍ ഇതര മതവിശ്വാസികളെയെല്ലാം പുറം ജാതിക്കാരായി എണ്ണുന്നു. പുറം ജാതിക്കാരന്റെ ദൈവം അന്യദേവതയാണ്‌.

ഏകനായ സത്യദൈവത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനും വിട്ടുവീഴ്ചയില്ല. അതുകൊണ്ട്‌ ഇസ്ലാമിക ദൃഷ്ടിയില്‍ യേശുവിനെയും മറ്റും ദൈവമായി കരുതുന്നത്‌ ദൈവനിന്ദയാണ്‌.

എന്നാല്‍, ഭഗവദ്‌ ഗീതയില്‍ പരമാത്മസ്വരൂപത്തിന്‌ നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ്‌ പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന്‌ മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല.

അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം. (ഭ.ഗീ. 9:11)
[ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു.]

ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്‌
പ്രഭവഃ പ്രലയസ്ഥാനം നിധാനം ബീജമവ്യയം. (ഭ.ഗീ. 9:18)
[ജ്ഞാനംകൊണ്ട്‌ പ്രാപിക്കപ്പെടുന്നതായ 'ഗതി'യും, ഭരിക്കുന്നവനും യജമാനനും, സാക്ഷിയും, എല്ലാറ്റിന്റെയും ഇരിപ്പിടവും, ആശ്രയവും, പ്രത്യുപകാരം ഇച്ഛിക്കാതെ ഉപകാരം ചെയ്യുന്ന മിത്രവും, സൃഷ്ടികര്‍ത്താവും , എല്ലാറ്റിനേയും വിലയിപ്പിക്കുന്നവനും, ആധാരവും, നിക്ഷേപവും, നാശമില്ലാത്ത ബീജവും ഞാന്‍ തന്നെയാകുന്നു.]

മനുഷ്യരുടെ ഇടയില്‍ ഈശ്വര വിശ്വാസികളെയും, കടുത്ത നിരീശ്വര വാദികളെയും, ഈശ്വരനെ സംബന്ധിച്ച്‌ ഉദാസീനരായിട്ടുള്ളവരെയും കാണാം. ഈശ്വര വിശ്വാസികളില്‍തന്നെ ദുഷ്ടദേവതകളെ അശുദ്ധവും ക്രൂരവുമായ പൂജാവിധികള്‍കൊണ്ട്‌ ആരാധിക്കുന്നവരുണ്ട്‌. പവിത്രമായ ദൈവിക ഭാവനയോടുകൂടി പരിശുദ്ധമായ ആരാധന നടത്തുന്നവരുമുണ്ട്‌. പരംപൊരുളിനെ വാക്കിനും മനസ്സിനും അതീതമായ സത്യമെന്നറിഞ്ഞ്‌ ഒരു ആരാധനയും നടത്താതെ ബ്രഹ്മനിഷ്ഠരായിക്കഴിയുന്നവരുണ്ട്‌. ഇത്രയും ഭിന്നമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഈശ്വരാരാധന നടത്തുന്നവരെല്ലാം ഭഗവാന്റെ മാര്‍ഗ്ഗം തന്നെയാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും, അവരുടെ ഭാവനയ്ക്ക്‌ അനുയോജ്യമായ രീതിയില്‍ ഭഗവാന്‍ ഓരോരുത്തരെയും അനുഗ്രഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ താത്വികമായി അതിനെ അപഗ്രഥിച്ചു നോക്കേണ്ടതാണ്‌.

(തുടരും.....)

Monday, July 7, 2008

ദൈവത്തെത്തേടി-2

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍......ലോകത്തില്‍ കാണുന്ന ദുഃഖിതരെ നോക്കിയാല്‍, മിക്കവരുടെയും ദുഃഖത്തിന്‌ മൂലകാരണം; ഞാന്‍, എന്റെ, എന്നെ എന്നിങ്ങനെയുള്ള അഭിമാനബോധത്തിലുണ്ടാകുന്ന ക്ഷതം ആണെന്നു കാണാം. ജീവിതം കേവലം സുഖാന്വേഷണത്തിനുവേണ്ടി മാത്രമുള്ളതല്ല. അനിവാര്യമായ കര്‍മ്മത്തേയും തത്ത്വബോധത്തോടുകൂടി ചെയ്യുമ്പോള്‍ ആ
കര്‍മ്മം കര്‍മ്മയോഗമായിത്തീരും.

"ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച്‌ ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം" എന്നാണ്‌ ഡോ.എസ്സ്‌.രാധാകൃഷ്ണന്‍ പറയുന്നത്‌.

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍, പരമേശ്വരന്‍, പരബ്രഹ്മം എന്നൊക്കെ പറയുന്ന തത്ത്വത്തിനെക്കുറിച്ച്‌ പലതരത്തിലുള്ള വ്യാഖാനങ്ങള്‍ വായിച്ചു. അതില്‍ ചിലത്‌ ഇവിടെ കുറിച്ചുവെയ്ക്കുന്നു. ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്‌. കൂടുതല്‍ എന്തെങ്കിലും അറിവുള്ളവര്‍ ഇവിടെ ചേര്‍ത്തുവെച്ചാല്‍ ഉപകാരപ്രദമായിരിക്കും.

ദൈവം.ദ്യോവില്‍ നിറഞ്ഞുകവിഞ്ഞു നില്‌ക്കുന്നതിനെയാണ്‌ 'ദൈവം' എന്ന പേരുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ദൈവം ആകാശത്തില്‍ സര്‍വ്വത്ര നിറഞ്ഞ്‌ ആകാശത്തെയും കവിഞ്ഞു നില്‌ക്കുന്നു. അങ്ങിനെയണെങ്കില്‍ ആകാശത്തെയും നിറഞ്ഞു കവിയുന്ന ദൈവമെന്ന ഈ അത്ഭുത വസ്തുവിന്റെ സ്വരൂപമെന്താണ്‌. നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ്‌ ദൈവം. നാമരൂപങ്ങളില്‍പെട്ട്‌ ഖണ്ഡങ്ങളായി തോന്നുന്ന അറിവുകളാണ്‌ പ്രപഞ്ചദൃശ്യങ്ങള്‍.

ദിവ്‌ ധാതുവില്‍ നിന്നാണ്‌ ദേവശബ്ദം ഉണ്ടായിട്ടുള്ളത്‌. "ദിവ്‌" എന്ന പദത്തിന്‌ പ്രകാശം, വെളിച്ചം എന്നൊക്കെയാണ്‌ അര്‍ത്ഥം കാണുന്നത്‌. സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ വെളിച്ചമില്ലെങ്കില്‍ നീലാകാശം തന്നെയില്ല. വെളിച്ചത്തെ 'ദിവ്‌' എന്നു വിളിക്കുന്നു. അതുകൊണ്ട്‌ ദര്‍ശനീയമായ പ്രതിഭാസങ്ങളെയും ദൈവീമയമെന്നു പറയാം.

"ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ"[ഗുണപ്രധാനമായ ദൈവീ പ്രകൃതിയായിരിക്കുന്ന എന്റെ ഈ മായ അതിക്രമിക്കാന്‍ പ്രയാസം തന്നെ.]
ഇവിടെ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ്‌ പറയുന്നത്‌. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ്‌ 'മായ'. പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ അതില്ലെന്ന്‌ പറയാനും കഴിയില്ല. നീല നിറമുള്ള ആകാശവിതാനം തലയ്ക്കു മുകളില്‍ കാണാം. വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്‌. സത്യത്തില്‍ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത്‌ നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ ഈ ജഗദ്വിലാസം പ്രാതിഭാസികമായിട്ടുള്ളതാണെന്നു (യഥാര്‍ത്ഥമല്ലാത്തത്‌ ) പറയാം. പ്രതിഭാസത്തിനുള്ള ഹേതുവിനെയാണ്‌ ഇവിടെ പ്രകൃതിയെന്നു വിശേഷിപ്പിക്കുന്നത്‌.

ഈശ്വരന്‍.
പരമാണു മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരുന്നു ഭരിക്കുന്ന ആദ്യന്തവിഹിതമായ സാര്‍വ്വത്രികതയെയാണ്‌ ഈശ്വരന്‍ എന്നു വിളിക്കുന്നത്‌.   സാമൂഹികവും  മതപരവുമായ  ഒരു  സംജ്ഞയല്ല ഈശ്വരന്‍.  വേറൊരു തരത്തിൽ പറയുകയാണെങ്കിൽ, ബ്രഹ്മത്തിന്റെ സഗുണാവസ്ഥയെ ഈശ്വരൻ എന്നു പറയുന്നു. പ്രപഞ്ചത്തിലെ പരിണാമങ്ങൾക്ക് കാരണമായ ‘ശക്തി’യെ ഈശ്വരൻ എന്നു വിളിക്കുന്നു. നിർഗുണബ്രഹ്മം ഒരു കർമ്മവും ചെയ്യുന്നില്ല. ഈശ്വരന് കർമ്മം ഉണ്ട്.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]

"God is a personification of impersonal fact" - Bertrand Russell ന്റെ ഈ വരികളാണ്‌ ചെറുപ്പത്തില്‍ എന്നെ ആകര്‍ഷിച്ച ദൈവത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല വ്യാഖ്യാനം. അന്ന് ഭഗവദ്‌ ഗീതയെ അവഗണിച്ചിരുന്നതുകൊണ്ട്‌, ഇത്‌ ഗീതയിലെ മുകളില്‍ എഴുതിയ ശ്ലോകത്തിന്റെ ആശയമാണെന്ന്‌ മനസ്സിലാക്കിയിരുന്നില്ല.

ഭഗവാന്‍.ഐശ്വര്യസ്യ സമഗ്രസ്യ, ധര്‍മ്മസ്യ യശസഃ ശ്രിയഃ,
വൈരാഗ്യസ്യാഥ മോക്ഷസ്യ, ഷണ്ണാം ഭഗ ഇതീംഗനാ.

[സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്‌, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച്‌ ചേര്‍ന്നതാണ്‌ ഭഗം. അതുകൊണ്ട്‌ ഇത്രയുമുള്ളയാളാണ്‌ 'ഭഗവാന്‍'. ഈ സമ്പൂര്‍ണ്ണതകളെല്ലാം തികഞ്ഞ്‌ കാണപ്പെടുന്ന വസ്തുവാണ്‌ 'ഭഗവാന്‍'.]
ഭഗവാന്റെ മറ്റൊരു നിര്‍വ്വചനം കൂടി ...

ഉത്‌പത്തിം പ്രളയം ചൈവ
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാമവിദ്യാം ച
സവാച്യോ ഭഗ വാനിതി.
[പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിര്‍ഭാവം, തിരോഭാവം, വിദ്യ, അവിദ്യ ഇവ വ്യക്തമായി അറിയുന്ന ആളാണ്‌ 'ഭഗവാന്‍'.]
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്‌ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അറിയാനാണ്‌ ഗുരുദേവന്‍ പറയുന്നത്‌. ഗുരുദേവനെപ്പോലെ, ദൈവത്തെ കണ്ടറിഞ്ഞവര്‍ക്ക്‌ ദൈവം ഭഗവാനാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ദൈവത്തെ കണ്ടറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഗുരുദേവന്‍ ഭഗവാനേ എന്ന്‌ സംബോധന ചെയ്തിരിക്കുന്നത്‌.

പരംപൊരുള്‍ / പരമാത്മാവ്‌ ....
പരംപൊരുള്‍ ഒരു വസ്തുവല്ല. അതിനു സദൃശമായി അത്‌ മാത്രമെയുള്ളൂ. എല്ലാറ്റിനെയും അത്‌ അറിയുകയും അറിയിക്കുകയും ചെയുന്നുവെങ്കിലും അതിനെ അറിയുവാന്‍ ഒരു ജ്ഞാതാവില്ല.

"ദൈവം അനേകത്തിലൊന്നല്ല. പിന്നെയോ, എല്ലാ മാറ്റങ്ങളുടെയും പിന്നില്‍ മാറാതെ നില്‍ക്കുന്ന ഒന്നും, എല്ലാ ചലനത്തിന്റെയും അക്ഷുബ്ധമായ മദ്ധ്യബിന്ദുവും ആണെന്നാണ്‌" - ഡോ. എസ്‌. രാധാകൃഷ്ണന്‍ പറയുന്നത്‌.

ശ്വേതാശ്വതരോപനിഷത്തില്‍ ഇങ്ങിനെ പറയുന്നു.

സ വിശ്വകൃദ്‌ വിശ്വവിദാത്മയോനിര്‍-
ജ്ഞഃകാലകാരോഗുണീ സര്‍വ്വവിദ്യഃ
പ്രധാനക്ഷേത്രജ്ഞപതിര്‍ഗുണേശഃ
സംസാരമോക്ഷ സ്ഥിതിബന്ധഹേതുഃ.
[ആ പരമാത്മാവ്‌ ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്തെയും ശരിക്കറിയുന്നവനും, മറ്റൊരു കാരണവുമില്ലാതെ സ്വയം ജനിച്ചവനും, സര്‍വ്വജ്ഞനും, കാലത്തെക്കൂടി പ്രവര്‍ത്തിപ്പിക്കുന്നവനും, ഗുണയുക്തനും, സര്‍വ്വവിദ്യകള്‍ക്കും ആശ്രയസ്ഥാനവും, ക്ഷേത്രം എന്നും ക്ഷേത്രജ്ഞന്‍ എന്നും പറയുന്ന പ്രകൃത പുരുഷന്മാര്‍ക്ക്‌ നാഥനും, സത്ത്വരജസ്തമോ ഗുണങ്ങള്‍ക്ക്‌ നിയാമകനും, ഈ സംസാരത്തിന്റെ നിലനില്‍പിനും അതില്‍ നിന്നുള്ള മോക്ഷത്തിനും കാരണഭൂതനുമാകുന്നു.]
(കടപ്പാട്‌ : യതിയുടെ ലേഖനങ്ങള്‍, ജി.ബാലകൃഷ്ണന്‍ നായരുടെ ഗുരുദേവകൃതികളുടെ വ്യാഖ്യാനം, ഡോ.എസ്സ്‌.രാധാകൃഷ്ണന്‍, ഭഗവദ്‌ ഗീതാ വ്യാഖ്യാനങ്ങള്‍.)

(തുടരും.....)