Thursday, December 4, 2008

ബലി

ബലി എന്നു കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ വരുന്ന ബിംബം.

ചെറുപ്പം മുതൽ ഞാൻ കേട്ടിരുന്ന ബലിയുടെയും ബലിയുമായി ബന്ധപ്പെട്ട പദങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കിയത് ഒന്ന്‌ വിലയിരുത്തുകയാണ് ഇവിടെ.



ബലി - മഹാബലി - ബലിദാനം - ദിവ്യബലി - ഭൂതബലി - ജന്തുബലി - തുടങ്ങിയവ നമ്മുടെ മനസ്സിൽ എന്തെല്ലാം അബദ്ധധാരണകൾ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയ ചില വിശദീകരണങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

ബലിദാനം എന്നു പറയുന്നത്‌ സമർപ്പണമാണ്. നമ്മുടെ കടമകൾ ചെയ്യാനായി നമ്മളെ തന്നെ സമർപ്പിക്കുക. കൊന്നുകളയുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ കടമകൾ നിറവേറ്റാനുള്ള സമയം ഉണ്ടാവുകയില്ല. നമുക്ക്‌ എന്തെല്ലാം കടമകളുണ്ട്‌, ആരോടെല്ലാം ഉണ്ട് എന്നു നോക്കാം.

നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ മുമ്പിൽ വരുന്നതിന് അനേകം സഹായം വേണ്ടി വരുന്നുണ്ട്‌. കൃഷിക്കാ‍രൻ വിതയ്ക്കുന്ന വിത്തുകളും ഫലങ്ങളും വളർന്നു പുഷ്പിച്ച്‌ കായ്ച്ച്‌ ആഹാരമായിത്തീരുന്നതിന് സുര്യൻ ദിവസവും സൌരോർജ്ജം ഭൂമിയിലേയ്ക്കയക്കണം. കടലിൽ കിടക്കുന്ന വെള്ളം ആവിയായി, മേഘമായി, ആ മഴമേഘങ്ങളെ കാറ്റ്‌ കർഷകന്റെ ഭൂമിയിൽ കൊണ്ടുവന്നു മഴപെയ്യിക്കണം. വെള്ളം വീണ് ഭൂമിയിലെ രസങ്ങളും ധാതുക്കളും എല്ലാം ചെടിയുടെ വേരിൽ പ്രവേശിക്കവണ്ണം പാകമായി വരണം. വൃക്ഷലതാതികൾ ഋതുകാലത്ത്‌ പൂവിടണം, ശരത്കാലമാകുമ്പോഴേയ്ക്കും ഫലമൂലാദികൾ തരണം. കൃഷിചെയ്യാൻ കർഷകർ ഉണ്ടാവണം. യഥാസമയത്ത് വിളവെടുത്ത് കളപ്പുരയിലെത്തിക്കണം. വീണ്ടും വാഹനങ്ങളിൽ കയറ്റി വിദൂരത്തുള്ള വിപണികളിൽ എത്തിക്കണം. ആഹാരസമ്പാദനത്തിനുവേണ്ടി വീട്ടിലെ അംഗങ്ങൾ പണം സമ്പാദിച്ച്‌ ആഹാരസാധനങ്ങൾ അടുക്കളയിലെത്തിച്ചു കൊടുക്കണം. അത്‌ അത്യന്തം സ്നേഹത്തോടെ, കരുതലോടെ പ്രിയപ്പെട്ടവർ പാകം ചെയ്തു വിളമ്പിത്തരണം. അങ്ങനെ ഒരുപിടി അന്നം നാം കയ്യിലെടുക്കുമ്പോൾ അത്‌ എവിടെ നിന്നു വന്നു എന്നു ചോദിച്ചാൽ, ഒട്ടനേകം പേരുടെ പ്രയത്നഫലമായാണ് ആഹാരം നമ്മുടെ ഉള്ളിൽ എത്തുന്നത്‌ എന്നു നമുക്കു മനസ്സിലാകും. എല്ലാവരിൽ നിന്നും നാം ഇങ്ങോട്ട് സ്വീകരിക്കുകയായിരുന്നു. ഇനി അതിന്റെ പ്രതിഫലമായി, പോഷണം ലഭിച്ച്‌ ബലമുണ്ടായ നാം ലോകത്തിനു തിരിച്ച്‌ നമ്മുടെ ശക്തിയെ അങ്ങോട്ട്‌ സംഭാവന ചെയ്യണം. അപ്രകാരം ഒരു ഭാവനയുണ്ടാകുമ്പോഴാണ്‌ ഒരാൾ തന്നെ ലോകത്തിനായി ‘ബലിദാനം’ ചെയ്യാമെന്ന്‌ വിചാ‍രിക്കുന്നത്‌. കൊന്നുകളയുക എന്നല്ല ഇതിന് അർത്ഥം. ബന്ധപ്പെട്ടവരെയെല്ലാം തിരികെ ഓർക്കാൻ കഴിയുക, ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട്‌ കൃത്യമായി അറിയാൻ കഴിയുക. ഇതിന്റെ നിറവേറ്റലിനുവേണ്ടി തന്നെ ഉത്തരവാദിയാക്കുക. ഇപ്രകാരമുള്ള ഉത്തരവാദിത്വത്തോടെ, ഞാനിതു നിറവേറ്റേണ്ടവനാണ്, ഞാനേറ്റവും സ്നേഹിക്കുന്ന ഈ ജനങ്ങളോട്‌ എനിയ്ക്ക് വിധേയത്വമുണ്ട്‌ എന്ന്‌ ദൃഢമായി വിശ്വസിച്ചുകൊണ്ട്, ആ വിധേയത്വത്തിന്റെ നിറവേറലിനുവേണ്ടി രാത്രിയും പകലും ഊണിലും ഉറക്കത്തിലും തന്നെ തന്റെ സ്നേഹമൂർത്തിക്കായി അർപ്പണം ചെയ്യുവാൻ തീരുമാനിക്കുമ്പോൾ മനസ്സിനൊരു ചാഞ്ചല്യവും ഉണ്ടാകരുത്‌. പകുതി അർപ്പണബുദ്ധിയോടു‌കൂടിയല്ല തന്നെ തന്റെ സ്നേഹത്തിന്റെ അടയാളമാക്കുവാൻ തീരുമാനിക്കുന്നത്‌.

‘ബലി’ - ഹൈന്ദവ ആചാരങ്ങളിൽ ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ച്‌ യാഗസമയത്ത്‌ ചെയ്യുന്ന ഉപഹാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്‌. ദേവന്മാർക്ക്‌ കുരുതി നൽകൽ എന്നു പറയുന്നത് “ഭൂതബലി” യാണ്.

‘മഹാബലി’ - മഹാബലി ബലിയർപ്പിച്ചത്‌ അഹങ്കാരത്തിനെയാണ്. അഹങ്കാരത്തിൽ നിന്നും അഹംബോധത്തിലേയ്ക്കുണരാനുള്ള സമർപ്പണം.

‘ദിവ്യബലി’ - ദിവ്യബലി എന്ന ക്രിസ്തീയ ആചാരവും, യേശു സ്വന്തം ശരീരവും രക്തവും ശിഷ്യന്മാർക്ക് പങ്കുവെച്ചതാണെന്നു മനസ്സിലാക്കിയാൽ അബദ്ധമാകും. തന്റെ ജീവിതവും പ്രയത്നവും ശിഷ്യന്മാരിലൂടെ ജനങ്ങൾക്കായി സമർപ്പിക്കുകയാണ്‌ അദ്ദേഹവും ചെയ്തത്.

ഞാൻ വിശ്വസിക്കുന്ന ഈശ്വരചൈതന്യം അഹിംസാ വാദിയാണ്. വിചാരംകൊണ്ടോ, വാക്കുകൊണ്ടോ, കർമ്മം കൊണ്ടോ വേറൊരു ജീവിക്ക്‌ വേദനയുണ്ടാക്കാതിരിക്കുന്നതാണ് അഹിംസ. സ്രഷ്ടാവ്‌ തന്റെ സൃഷ്ടിയെ കൊന്ന്‌ അതിന്റെ രക്തവും മാംസവും തനിക്കുവേണ്ടി സമർപ്പിക്കാൻ കല്പിക്കുമെന്ന്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്. എല്ലാ തരം അഴുക്കുകളും നിറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ട ശരീരം ദൈവത്തിന് എന്തിനാണ്. എപ്പോഴും ഈശ്വരനിൽ ശ്രദ്ധയോടെയുള്ള ആത്മസമർപ്പണം ആണ് ദൈവത്തിന് ഹിതകരമായിട്ടുള്ളത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്‌. ‘വിവേകചൂഢാമണി’യിൽ, “നമിക്കുന്നവരുടെ ബന്ധുവായിട്ടുള്ള അല്ലയോ ഭഗവൻ, അങ്ങയുടെ ആത്മീയമാകുന്ന കണ്ണുകൊണ്ട്‌ എന്നെ ഉദ്ധരിച്ചാലും“ എന്നാണ് പറയുന്നത്‌.

ഹജ്ജ് കർമ്മത്തിലെ ഒരു പ്രധാന ആചാരമായ ജന്തുബലി ദൈവഹിതമായിട്ടാണ് അനുഷ്ഠിക്കുന്നത് എന്നു പറയുന്നു. ഖുർ‌ആനിൽ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ ഈ രണ്ട് ആയത്തുകൾ വായിച്ചു.

(22:36) ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട്‌ അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ ബലിയർപ്പിക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത്‌ നിങ്ങൾ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

(22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ.

Wednesday, November 26, 2008

"ഓം” ഹിന്ദു ആയപ്പോൾ



“ഓം“ സത്യവും മിഥ്യയും

അനിൽശ്രീയുടെ ‘സ്വകാര്യങ്ങൾ’ ലെ പോസ്റ്റിൽ ‘ഓം‘ നെക്കുറിച്ച്‌ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ വിശദീകരിക്കാൻ ഒരു കമന്റുകൊണ്ട് മതിയാവില്ല എന്നതിനാൽ ഇത്രയും (ചുരുക്കി ? ) എഴുതേണ്ടിവന്നു.


ഓംങ്കാരത്തെക്കുറിച്ച് ഞാൻ വായിച്ച ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.


ഏതു മന്ത്രവും തുടങ്ങുന്നത്‌ ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.



മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്‌.


മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, o - ഇങ്ങനെ നാലു മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന്‌ പറഞ്ഞിരിക്കുന്നു.



ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന്‌ വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്‌. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.




ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആ‍കാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത്‌ ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ്‌ എന്ന കല്പന.





ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത്‌ കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട്‌ ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന്‌ ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട്‌ ചേർന്ന്‌ അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത്‌ ആശയവിനിമയത്തിൽ കൂടിയാണ്. അത്‌ അബോധത്തിൽ നിന്ന്‌ ബോധത്തിലേയ്ക്ക് പൊന്തിവന്ന്‌ ആശയമായി പ്രകടമാകുന്നത്‌ സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.



ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന്‌ ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന്‌ ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്‌, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന്‌ ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്‌.



യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്‌, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന്‌ ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.



അനാഹതം, ആഹതം എന്ന്‌ നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന്‌ അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട്‌ കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത്‌ നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.



നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച്‌ 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട്‌ 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോ‌ടും ബന്ധപ്പെട്ടിരിക്കുന്നു.



നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട്‌ പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട്‌ അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട്‌ ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ്(microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യംകൊണ്ട്‌ വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്‌.




കുഞ്ഞുങ്ങളിൽ നിന്ന്‌ ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്‌.



അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്‌.




(അകാരമാമെഴുത്താദി-
യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും.)



ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്‌. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്‌.


ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:


ഛത്വാരി വാക്ക്‌ പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.



ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.



ഛാന്ദോഗ്യോപനിഷത്തിൽ :


ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃ



ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽ‌വാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.



ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച്‌ ഇതാ ഇങ്ങിനെ പറയുന്നു:


സർവ്വദ്വാരാണി സംയ‌മ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട്‌ മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച്‌ യോഗധാരണയനുഷ്ഠിച്ച്‌ ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട്‌ പോകുന്നത്‌ അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]



ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച്‌ അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം. അല്ലാതെ വിക്കി പറയുന്നപോലെ ‘അ’ ഋഗ്വേദത്തിൽനിന്നും, ‘ഉ’ യജുർവ്വേദത്തിൽനിന്നും, ‘മ’ സാമവേദത്തിൽനിന്നും എടുത്തിട്ടാണ് ‘ഓം’ എന്ന ഏകാക്ഷരം ഉണ്ടാക്കിയിട്ടുള്ളത്‌ എന്ന പ്രസ്താവനയിലെ തെറ്റിദ്ധാരണ മാറിക്കിട്ടും.



Monday, November 10, 2008

ആരാധന-പ്രാർത്ഥന-ഉപാസന.(1)

ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ.
തനിക്ക്‌ 3 തെറ്റു പറ്റി എന്ന്‌ ശങ്കരാചാര്യർ ഭഗവാനോട്‌ ക്ഷമാപണം ചെയ്യുന്നുണ്ട്‌.
രൂപമില്ലാത്ത അങ്ങയെ രൂപവല്‌ക്കരിച്ച്‌ ധ്യാനിച്ചു.
അനിർവ്വചനീയമായ അങ്ങയെ വാക്കുകൾകൊണ്ട്‌ സ്തുതിച്ചു.
അങ്ങയുടെ അന്തമായ വ്യാപ്തിയെ തീർത്ഥാടനത്തിലൂടെ പരിമിതപ്പെടുത്തി.

(കുടുബപരവും സാമൂഹികവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ളതാണ്‌ ആചാരാനുഷ്ഠാനങ്ങൾ. അത്‌ ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല.)
ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുവേണം ക്ഷേത്രദർശ്ശനം നടത്താൻ. അല്ലെങ്കിൽ കേവലം ശില മാത്രമാകും നമുക്ക്‌ ഭഗവാൻ. കല്ലിലും ഈശ്വരനുണ്ട്‌, പക്ഷെ ഈശ്വരൻ കല്ലല്ല എന്ന സത്യം അറിഞ്ഞിരിക്കണം. ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല ക്ഷേത്രത്തിൽ പോകേണ്ടത്‌. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്‌. ഈശ്വരനെ എന്നും ശിലയായി, ലോഹമായി ക്ഷേത്രവളപ്പിൽ തളച്ചിടണമെന്നാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. ഒരിക്കലും പ്രത്യക്ഷപ്പെടരുത്‌. അങ്ങനെ വിളിച്ചുകൊണ്ടിരിക്കണം. അതിലാണ്‌ മതത്തിന്റെ നിലനില്‌പ്‌. എല്ലാറ്റിലും ഈശ്വര ചൈതന്യം ഉണ്ടെന്ന്‌ അംഗീകരിക്കാൻ എല്ലാവർക്കും ഭയമാണ്‌. കുറെ ആഗ്രഹങ്ങളുണ്ട്‌. അതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ്. നമ്മുടെ ശ്രദ്ധ ഏതിലാണോ അതാണ്‌ നമ്മുടെ ഈശ്വരൻ. പൂർവ്വവാസനയാൽ ഓരോ ആഗ്രഹങ്ങളിൽ പെട്ടവർ ആ ദേവതകളെ പ്രാപിക്കുന്നു. അത്തരം ദേവതകളെ (ഇന്ദ്രിയവിഷയങ്ങളെ) ആശ്രയിക്കുന്നവർക്ക്‌ ഭഗവാൻതന്നെ അതിൽ ഇളകാത്ത ശ്രദ്ധയെ കൊടുക്കുന്നു. ആരാധിക്കുന്ന ദേവതയിൽ നിന്നും ഇഷ്ടപ്പെട്ട ഫലത്തെ ഭഗവാൻതന്നെ നൽകുന്നു. ഭഗവാനെ വേണ്ടവർക്ക്‌ ഭഗവാനെ കിട്ടും. ഭഗവാനിൽനിന്നും വേണ്ടവർക്ക്‌ അതും കിട്ടും. എന്നാൽ അല്‌പ ബുദ്ധികളായവർ, തന്റെ പ്രാർത്ഥനയാൽ നേടുന്ന (ഇന്ദ്രിയാനുഭൂതികളായ) അനുഭവങ്ങൾ നാശമുള്ളതാണ്‌ എന്ന് അറിയുന്നില്ല.

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്‌പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യന്തി മാമപി. (ഭ.ഗീ. 7:23)

പ്രകൃതിയിൽ ഏതിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം. കല്ലോ, മരമോ, അഗ്നിയോ, വെള്ളമോ, സൂര്യനോ, മണ്ണോ എന്തും. ഈശ്വരനിലേക്കെത്താൻ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമേത്‌ എന്നതല്ല, അതിലെത്ര ശ്രദ്ധയുണ്ട്‌ എന്നതാണ്‌ കാര്യം. ഏതെങ്കിലും ഭാവത്തിൽ (വിഗ്രഹത്തിൽ) ഈശ്വരനെ ആരാധിക്കുന്നത്‌ സഗുണാരാധനയാണ്‌. ഇങ്ങനെ വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത്‌ ആരുമില്ല.

ദേശീയ പതാകയിൽ ഒരു രാജ്യത്തെ ഉൾക്കൊള്ളിക്കുന്നു. കൊടിയിൽ പാർട്ടിയെ കാണുന്നു. പ്രാർത്ഥനയ്ക്കു പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങൾക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ നശിച്ചാലെന്താ എന്നു ചോദിക്കുന്നവർ കൊടി കീറിയാൽ തുണിയല്ലേ എന്നു കരുതുന്നില്ല.

പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാ‍രണങ്ങളുണ്ടാകും. പക്ഷെ, (-----) ഈ ചന്ദനത്തിരി കത്തിച്ചുകൊണ്ടുതന്നെ പ്രാർത്ഥിക്കണം എന്ന പരസ്യം കേട്ടിട്ടില്ലേ. അത്രേയുള്ളൂ ഈ വാണിജ്യതന്ത്രം!!!!!!

Monday, October 20, 2008

ബ്രഹ്മചര്യയും ഈശ്വരാരാധനയും

എന്താണ്‌ ബ്രഹ്മചര്യം?

പരമാർത്ഥത്തെ ജീവിതത്തിൽ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചര്യകൾ ഒരുവൻ അനുഷ്ഠിക്കണമോ അതെല്ലാം ചെയ്യുന്നത്‌ ബ്രഹ്മചര്യമാണ്‌. ബ്രഹ്മത്തിലേയ്ക്ക്‌ ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ്‌ ബ്രഹ്‌മചര്യം.

ഭഗവദ്ഗീതയിൽ ഇങ്ങനെ പറയുന്നുണ്ട്‌:

പ്രശാന്താത്മാ വിഗതഭീഃ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യമച്ചിത്തോ യുക്ത ആസീത മത്‌ പരഃ. (ഭ.ഗീ. 6:14)

ഭഗവദ്‌ ഗീതയിൽ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം അവിവാഹിതനായ വിദ്യാർത്ഥിയിലും, വിവാഹജീവിതം നയിക്കുന്ന ഗൃഹസ്ഥനിലും, വാനപ്രസ്ഥത്തിലേയ്ക്കു വിരമിച്ചവനിലും സന്ന്യാസിയിലും ഒരുപോലെ ഉണ്ടായിരിക്കേണ്ടതായ സത്യത്തിനോടുള്ള ഉൽക്കടമായ പ്രേമമാണ്‌. പരമസത്യമായ ബ്രഹ്മത്വത്തിലേയ്ക്ക്‌ സദാസമയവും അടുത്തുകൊണ്ടിരിക്കുവാൻ സഹായിക്കുന്ന മനോഭാവവും പെരുമാറ്റച്ചിട്ടയും മാത്രമാണ്‌. ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ്‌ ബ്രഹ്മചര്യമെങ്കിൽ ഗൃഹസ്ഥാശ്രമികൾക്ക്‌ ഈശ്വരാരാധന നടത്താൻ സാധിക്കില്ല.

തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്‌ പരായണാഃ
ഗച്ഛന്ത്യ പുനരാവൃത്തിം ജ്ഞാനനിർദ്ധൂതകല്‌മഷാഃ. (ഭ.ഗീ. 5:17)

ഇവിടെ ഈശ്വരദർശ്ശനം ഉണ്ടാകണമെങ്കിൽ എന്തെല്ലാം നിഷ്ഠകൾ ഉണ്ടായിരിക്കണം എന്നു പറയുന്നുണ്ട്‌. ഒന്നാമതായി പറഞ്ഞിരിക്കുന്നത്‌ ബുദ്ധിയെ ബ്രഹ്മത്തിൽ തന്നെ നിമഗ്നമാക്കി വെക്കണം എന്നാണ്‌. രണ്ടാമതായി ബ്രഹ്മത്തെത്തന്നെ ആത്മാവായി കരുതുക എന്നും. മൂന്നാമതായി ബ്രഹ്മത്തിൽ പരിപൂർണ്ണമായ നിഷ്ഠയുണ്ടായിരിക്കണം എന്നും. നാലാമത്തേതാകട്ടെ, ബ്രഹ്മത്തിൽ തന്നെ സമ്പൂർണ്ണമായും മുഴുകിയിരിക്കുക എന്ന അവസ്ഥയുമാണ്‌.

നാരായണഗുരു 'ദൈവദശക'ത്തിൽ ഇങ്ങനെ പറയുന്നു:

"ആഴമേറും നിൻമഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം."

ബ്രഹ്മനിഷ്ഠന്റെ ജീവിത മാതൃകയാണ്‌ ഇവിടെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്‌.

ആന്തരസമാധി പരിശീലിച്ച്‌ ഉള്ളിൽ ആത്മതത്ത്വം കണ്ടെത്തണം. ബാഹ്യസമാധി ശീലിച്ച്‌ പുറമെ പരമാത്മാവിനെ കാണണം. രണ്ടുമൊന്നാണെന്നറിഞ്ഞ്‌ അതായിത്തീരണം. സദാ സർവ്വത്ര ആനന്ദഘനമായി വർത്തിക്കണം. വ്യക്തിഗതമായ താല്‌പര്യങ്ങളിൽ നിന്നും സമൂഹത്തിന്റെയും പ്രകൃതിയുടെയും സമ്പൂർണ്ണസുഖത്തിന്‌ ഉതകുന്ന ജീവിതമാതൃകയിലേയ്ക്ക്‌ തന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വാക്കുകളെയും കൊണ്ടുവരണം. അപ്പോൾ മാത്രമെ നമ്മുടെ ജീവിതം നൈഷ്ഠികമായ ബ്രഹ്മചര്യമാണെന്നു പറയുവാൻ കഴിയുള്ളൂ. കേവലം അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.

Wednesday, October 8, 2008

“ദുർഗ്ഗ” എന്ന സങ്കല്പം




"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ്‌ സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്‌. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത്‌ എന്നാണ്‌. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്‌. നമ്മെ രക്ഷിക്കുന്ന വീട്‌, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്‌, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്‌.

നിത്യചൈതന്യയതിയുടെ ഒരു ലേഖനത്തിലെ ചില ഭാഗങ്ങൾ
(അത്‌ വായിക്കാത്തവർക്കുവേണ്ടി) ഇവിടെ പകർത്തുന്നു.

ദുർഗ്ഗ - അമ്മ

[ഗമനത്തെ നിരോധിക്കുവാനുള്ള തന്ത്രമാണ്‌ 'ദുർഗ്ഗം'. ബാഹ്യലോകത്തിൽ നിന്നും സൂക്ഷിക്കേണ്ടതും രക്ഷിക്കേണ്ടതും ആയതിനെ കോട്ടകെട്ടി രക്ഷിക്കുന്നു. ദുർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കുന്നത്‌ അമ്മയാണ്‌. അമ്മ ആദ്യം ഗർഭസ്ഥശിശുവായിരുന്നു. സൂതികാഗൃഹത്തിൽ പ്രസവിക്കപ്പെടുന്നു. അമ്മയുടെ, അമ്മയുടെ മടിയിലും കിടക്കയിലും തൊട്ടിലിലും ശൈശവം കഴിച്ചുകൂട്ടുന്നു. കുറച്ചുകൂടി വളർന്ന്‌ ബാലികയായിത്തീരുന്നു. പിന്നെ കുമാരി. അതുകഴിഞ്ഞ്‌ നവോഢ. പിന്നെ ഒരു ജീവിതകാലമത്രയും ഒരു പുരുഷന്റെ വാമഭാഗം അലങ്കരിക്കുന്ന വധുവായി, ധർമ്മചാരിയായ ഭർത്താവിന്റെ ധർമ്മപത്നിയായി ജീവിക്കുന്നു. ആ സമയത്ത്‌ ഗർഭിണിയാകുന്നു. അതിനുവേണ്ടി ദാമ്പത്യത്തിൽ പലപ്പോഴും ഗോപ്യമായ ജീവിതം വേണ്ടിവരുന്നു. അന്ത:പുരത്തിന്റെ പല രഹസ്യങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. മക്കളുടെ അമ്മയായിത്തീർന്നാൽ പിന്നെ കുടുംബരഹസ്യത്തിന്റെ സൂക്ഷിപ്പുകാരിയായിത്തീരുന്നു. ബന്ധുജനങ്ങളുടെ ഇടയിൽ ഈർഷ്യയുണ്ടാകാതിരിക്കാൻ പലരുടെയും മനോവിചാരത്തേയും പറഞ്ഞ വാക്കുകളേയും ചെയ്ത പ്രവൃത്തികളേയും കുടുംബക്ഷേമത്തിനുവേണ്ടി രഹസ്യമാക്കിവെയ്ക്കുന്നു. സ്വഭർത്താവിന്റെ പ്രിയാപ്രിയങ്ങളിൽ വന്നുകൂടുന്ന അപാകതകളെ മറ്റുള്ളവരുടെ മുമ്പിൽ ഘോഷിക്കാതെ സൗമ്യമായി തിരുത്താനുള്ള സൗകര്യങ്ങൾ നോക്കണം. കുടുംബത്തിന്റെ യശസ്സു മുതൽ പണം, പൊന്ന്‌ മുതലായ എല്ലാറ്റിനെയും സുരക്ഷിതമാക്കിവെയ്ക്കണം. ഇതെല്ലാം കൊണ്ട്‌ സാന്ദർഭികമായി അമ്മയ്ക്ക്‌ പലഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതായി വരും.

മൂകാംബിക - സരസ്വതി - ഭദ്രകാളി


മൗനമാണ്‌ അമ്മയുടെ മുഖ്യമായ ഭാഷ. അടിസ്ഥാനപരമായി അമ്മ ദുർഗ്ഗയായിരിക്കുന്നത്‌ മൗനഘനമായ ഒരു കോട്ട അദൃശ്യമായി നിർമ്മിച്ചു കൊണ്ടാണ്‌. അതിന്റെ ആവിഷ്ക്കാരം ജീവിതകാലമത്രയും തുടർന്നു കൊണ്ടുപോകേണ്ടതാണ്‌. അപ്പോൾ അമ്മ മൂകാംബികയാണ്‌. അമ്മ മൗനം ഭേദിക്കുമ്പോൾ വാണീദേവതയാണ്‌ - വഗ്‌ദേവിയായ സരസ്വതി. ബാഹ്യദൃഷ്ടികൊണ്ട്‌ കാണാൻ കഴിയാത്തതായ നദിയാണ്‌ സരസ്വതി. തന്റെ മകനോട്‌ എന്തു പറയണം, മകളോട്‌ എന്തു പറയണം, മരുമകനോട്‌ എങ്ങനെ പറയണം, മരുമകളോട്‌ എങ്ങനെ പറയണം, ഭർത്താവ്‌ എന്തറിയണം, അതിനോട്‌ എങ്ങനെ പ്രതികരിക്കണം, ഏത്‌ വാക്കേ പറയാവൂ, ഏത്‌ പറഞ്ഞുകൂടാ, അയൽക്കാരോട്‌ പ്രതികരിക്കേണ്ടത്‌ എങ്ങനെ, നാടിന്‌ ശ്രേയസ്സുവരുത്താൻ എന്തുചെയ്യണം. ദൈവസന്നിധിയിൽ ഉണർത്തിക്കേണ്ടത്‌ ഏത്‌, അത്‌ ഏത്‌ പ്രാർത്ഥനയായി പറയണം, മുതിർന്നവരോട്‌ എങ്ങനെ പെരുമാറണം, അതിഥിയെ എങ്ങനെ സ്വീകരിച്ച്‌ എവിടെവരെ വരാൻ അനുവദിക്കണം, ഗാർഹികമായ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അതിഥിയെ മാന്യമായി എവിടെയിരുത്തണം. ഇതെല്ലാം വിചാരിക്കാൻ ഓരോ അമ്മയും നിർബന്ധിതയായിത്തീരുന്നു. ഇതേപ്പറ്റി നാം അവഗാഢമായി ചിന്തിക്കുമ്പോൾ അമ്മ ഉളവാക്കുന്ന ദുർഗ്ഗത്തിന്റെ സങ്കീർണ്ണമായ സ്വഭാവം നമുക്ക്‌ മനസ്സിലാകും. എന്നാൽ എല്ലാ പ്രതീക്ഷകളേയും ധിക്കരിച്ചുകൊണ്ട്‌ അമ്മ കുടുംബത്തിനു ചുറ്റും, കുടുംബാംഗങ്ങൾക്ക്‌ ചുറ്റും മനസ്സുകൊണ്ട്‌ അടയാളപ്പെടുത്തിവെയ്ക്കുന്ന ലക്ഷ്മണവൃത്തങ്ങളുണ്ട്‌. അതിനെ ആരെങ്കിലും ധിക്കരിച്ചാൽ അമ്മയുടെ മട്ടുമാറും. ഭദ്രമായിരിക്കുന്നതിനെ തളർത്താൻ ശ്രമിക്കുന്നവരുടെ നേർക്ക്‌ ഈറ്റപ്പുലിയായി ചാടിവീഴും. ഏതു സ്ത്രീയ്ക്കായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും അവളിലിരിക്കുന്ന ഭദ്രകാളിയെ മറമാറ്റിക്കണിക്കേണ്ടിവരും.

ശ്രീദേവി

കുടുംബത്തിന്റെ ഐശ്വര്യം നിലനിറുത്തുന്നത്‌ അമ്മയാണ്‌. ആ നിലയ്ക്ക്‌ അവൾ സാക്ഷാൽ ശ്രീദേവിയാണ്‌. ഐശ്വര്യത്തിന്റെ മഹാപ്രകാശം. ശാലീനതയുടെ പേലവമായ സുഷമയെ അതിശയോക്തിയില്ലാതെ പ്രകൃതിയോട്‌ ഇണക്കി നിറുത്താൻ അമ്മയ്ക്കറിയാം.



ലക്ഷ്മി


ലക്ഷ്മി ധൂർത്തയല്ല. പാത്രമറിഞ്ഞും അധികാരിയായവർക്ക്‌ ഔദാര്യം കാട്ടേണ്ട സമയത്ത്‌ അതിന്‌ വിളംബം വരുത്താതെയും വിഭവങ്ങൾ ചൊരിയുമെങ്കിലും നാളെയെക്കൂടി കരുതലിലെടുക്കും. അമ്മയുടെ അഹങ്കാരം 'ഞാൻ' എന്നല്ല. 'ഞങ്ങൾ' എന്നും 'നാം' എന്നുമാണ്‌. അമ്മ ഇന്നലെയെ കാണുന്നത്‌ മാനവസംസ്കൃതിയുടെ ഉഷസ്സു മുതൽ ഇങ്ങോട്ടുള്ള ഇന്നലെയെയാണ്‌. അതുകൊണ്ട്‌ അവൾ ആചാരത്തെ മാനിക്കുന്നു. ദുരാചാരമാണെങ്കിൽ അവൾക്ക്‌ അതിനെ തിരുത്താനറിയാം. പ്രചരണകൗതുകത്തെക്കാൾ അമ്മയ്ക്കുള്ളത്‌ ആചരണസംസ്കാരമാണ്‌.


മഹിഷാസുരമർദ്ദിനി
അമ്മയ്ക്ക്‌ ഒരു പേരുണ്ട്‌, 'മഹിഷാസുരമർദ്ദിനി' എന്ന്‌. മനുഷ്യപുത്രന്മാരും പുത്രിമാരും ജനിച്ചുവരുമ്പോൾ തമസ്സിന്റെ സന്തതികളെപ്പോലെയാണ്‌ - വെറും കന്നുകാലികൾ. അവരെ രൂപാന്തരപ്പെടുത്തിവേണം സംസ്കാരത്തിന്റെ സംരക്ഷണത്തിന്‌ പോരുന്നവരാക്കുവാൻ. അമ്മയുടെ മർദ്ദനം, ഊക്കൻ ഗദയെടുത്ത്‌ തല അടിച്ചുപൊട്ടിച്ചല്ല. കരവാളുകൊണ്ട്‌ കഴുത്തുമുറിച്ചല്ല, കൂരമ്പ്‌ നെഞ്ചിൽ തറച്ചല്ല. അറിവില്ലാത്ത ചിത്രകാരന്മാരും വിഗ്രഹാവിഷ്കാരം ചെയ്യുന്നവരും ഒരുപക്ഷെ അങ്ങനെയൊക്കെ ചിത്രീകരിച്ചിട്ടുണ്ടാവാം. തന്റെ കുഞ്ഞ്‌ ചെയ്യേണ്ടാത്തത്‌ ചെയ്താൽ അമ്മ ഒരു മന്ദഹാസം കൊണ്ട്‌, ചുളിച്ചുള്ള ഒരു നോട്ടംകൊണ്ട്‌ കുഞ്ഞിൽനിന്നും ആ തിന്മയെ എന്നേക്കുമായി മാറ്റുന്നു. ആ സ്ഥാനത്ത്‌ നന്മചെയ്യാനുള്ള മാതൃക കാണിച്ചു കൊടുക്കുന്നു. കേവലം രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനോട്‌ അമ്മ, "മോളേ ഇവിടെ വരൂ, ഈ മഹത്മാവിന്റെ മുമ്പിൽ നംസ്കരിക്കൂ". "മോളേ, ചെറിയൊരു മൊന്ത വെള്ളം കൊണ്ടുവന്ന്‌ തുളസിയുടെ ചുവട്ടിലൊഴിക്കൂ" - എന്നൊക്കെ പറയുന്നത്‌ താൽക്കാലികമായ ഒരു ആവശ്യത്തിനുവേണ്ടിയല്ല, ആജീവനാന്തം കുഞ്ഞിൽ വളരേണ്ടുന്ന ഒരു ഭാവസർജ്ജനത്തിനു വേണ്ടിയാണ്‌.


ഇങ്ങനെ മധുരവും ആലോചനാമൃതവുമായ മർദ്ദനങ്ങളിൽകൂടിയാണ്‌ അമ്മ പോത്തുപോലുള്ള ഒരു അസുരസൃഷ്ടിയെ മനുഷ്യചരിത്രത്തിന്‌ എന്നും സമാരാധ്യമാക്കിത്തീർക്കാനായി തന്റെ അറിവിന്റെ വിരൽപാടുകൾ മക്കളുടെ ആത്മാവിൽ അടയാളപ്പെടുത്തിക്കൊടുക്കുന്നത്‌.



ദുർഗ്ഗയും പ്രകൃതിയും

മനുഷ്യരിൽ മാത്രമല്ല ദുർഗ്ഗ. ഒരു നെന്മണി എടുത്തുനോക്കിയാൽ അമ്മ അതിനെ ഉമികൊണ്ട്‌ പൊതിഞ്ഞുവെച്ചിരിക്കുന്നു. ഉമി ഒരു ദുർഗ്ഗമാണ്‌. കർഷകൻ ജലവും വളവും ഉള്ള മണ്ണിലിടുമ്പോൾ ആ ദുർഗ്ഗം തുറന്ന്‌ ആ നെന്മണിയിൽ അടക്കിവെച്ചിരിക്കുന്ന നെൽച്ചെടിയെ പുറത്തുവരുവാൻ അമ്മ അനുവദിക്കുന്നു. കർഷകനെക്കൊണ്ട്‌ അമ്മ നെൽപ്പാടത്തിന്‌ വരമ്പുകൾ വെപ്പിക്കുന്നു. ആവശ്യമുള്ളപ്പോൾ ജലം കൊടുക്കാനും ആവശ്യമുള്ളപ്പോൾ അത്‌ വാർന്നുപോകുവാനുമുള്ള ക്ഷേമപരിപാടികൾ ചെയ്യിക്കുന്നു. ഓരോ നെൽച്ചെടിയും കതിരുകൊണ്ടുവരുന്നതിന്‌ മുമ്പ്‌ ഗർഭിണിയാണ്‌. ഗർഭത്തിലിരിക്കുന്ന നെന്മണികളെ അരികൊണ്ടല്ല ആദ്യം നിറച്ചിരിക്കുന്നത്‌, പാലുവെച്ചാണ്‌- ശരിക്കും അമ്മയുടെ പാലുപോലെയുള്ള പാല്‌. അതിനെ ഉമികൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. കതിര്‌ പുറത്തു വന്ന്‌ വെയിലിലും മഴയിലും ആടിനിൽക്കുമ്പോൾ ഓരോ നെന്മണിക്കുമുണ്ട്‌ അമ്മയുടെ രക്ഷാകവചം.


നമ്മുടെ ഈ ശരീരം നിറയെ അതേ മാതിരി അമ്മ അവളുടെ രക്ഷാകവചം വെച്ചിട്ടുണ്ട്‌. ചർമ്മം ഒരു രക്ഷാകവചമാണ്‌. ചർമ്മത്തിന്റെ ഭാഗം തന്നെയാണ്‌ നഖം, മത്സ്യങ്ങൾക്കുള്ള ചെതുമ്പൽ, ആമയ്ക്കുള്ള തോട്‌, വ്യാഘ്‌റത്തിനും സിംഹത്തിനും പൂച്ചയ്ക്കുമുള്ള കൂർത്തുമൂർത്ത നഖങ്ങൾ, പക്ഷികളുടെ ചുണ്ടുകൾ- ഒക്കെ ഇതേ ദുർഗ്ഗത്തിന്റെ രൂപാന്തരങ്ങളാണ്‌. ഇത്രയും നല്ലൊരു പ്രതീകമായി അമ്മയിരിക്കുമ്പോൾ നാം അർത്ഥമറിയാതെ അനാചാരങ്ങൾക്ക്‌ ദുർഗ്ഗാസങ്കല്‌പത്തെത്തന്നെ ബലിയാടാക്കിയിരിക്കുന്നതാണ്‌ ഇന്നത്തെ ഭാരതത്തിന്റെ ഏറ്റവും ലജ്ജാകരമായിട്ടുള്ള അറിവില്ലായ്മ.]

Thursday, September 25, 2008

ദൈവത്തെത്തേടി-4

ഈശ്വരസാക്ഷാത്‌ക്കാരം:

ദൈവത്തെ കാണിച്ചുതരാമോ എന്ന ഭൗതിക വാദികളുടെ ബാലിശമായ ചോദ്യങ്ങള്‍ക്കും, ദൈവത്തെ കാണാനായി പുണ്യസ്ഥലങ്ങള്‍ തേടിയലയുന്നവര്‍ക്കും അതിനുള്ള ഉത്തരം കിട്ടില്ല എന്ന്‌ ഉറപ്പിച്ചു പറയാന്‍ വേദങ്ങളോ ഭൗതികാധിഷ്ഠിത കുനുഷ്ടുവാദങ്ങളോ ഒന്നും വായിക്കേണ്ടതില്ല.

ഈയടുത്ത്‌ ഓം നമഃശ്ശിവായ സീരിയലില്‍ അര്‍ദ്ധനാരീശ്വരരൂപം സംസാരിക്കുന്നതു കണ്ടപ്പോള്‍, അതിനോട്‌ യോജിക്കാന്‍ കഴിഞ്ഞില്ല. ‍ തെറ്റായ പ്രചരണം ദുരുദ്ദേശപരം തന്നെയല്ലെ. പണ്ട്‌ സായിപ്പ്‌ ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കി അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പിന്തുടര്‍ച്ചതന്നെയല്ലെ ഇത്തരം വ്യാഖ്യാനങ്ങളും.


അറിവിന്റെ ലോകത്ത്‌ ആത്മലാഭത്തിനു തടസ്സമായി വരുന്നത്‌ സംശയമാണ്‌. സംശയനിവൃത്തി വരുത്താതെ ആത്മലാഭം ഉണ്ടാവുകയില്ല. അതുകൊണ്ട്‌ എനിയ്ക്ക്‌ ആത്മബോധം ഉണ്ടാകണം അല്ലെങ്കില്‍ ഈശ്വര ദര്‍ശനം ലഭിക്കണം എന്നൊരാള്‍ ആഗ്രഹിച്ചാല്‍ അത്‌ ലഭിക്കുന്നത്‌ എങ്ങിനെയൊക്കെയാവാം എന്ന്‌ വെറുതെ ഒരു അന്വേഷണം.

"ജ്ഞാന സംച്ഛിന്ന സംശയം" ജ്ഞാനം കൊണ്ട്‌ സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നു തന്നെയാണ്‌ ഭഗവദ്‌ ഗീത പറയുന്നത്‌.

ആത്മലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്തെന്ന്‌ ഭഗവത്‌ ഗീത തന്നെ പറയുന്നുണ്ട്‌.

ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്‌പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശന്തിമചിരേണാധിഗച്ഛതി. (ഭ.ഗീ. 4:39)

[ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും, ആ ജ്ഞാനംതന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമെന്നു വിചാരിക്കുന്നവനും, ഇന്ദ്രിയങ്ങളെ യമനം ചെയ്തവനുമായ സാധകന്‌ ജ്ഞാനം ലഭിച്ചിട്ട്‌ പരമമായ ശാന്തിയെ വേഗത്തില്‍ പ്രാപിക്കുന്നു.]

ഇതിനോടുചേര്‍ത്ത്‌ ഈശാവാസ്യോപനിഷത്തിലെ ഈ ഗുരുദേവ തര്‍ജ്ജമയും ഓര്‍ക്കുന്നത്‌ ഉചിതമായിരിക്കും.
വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും.

സത്യത്തെ കേവലമായി യുക്തിചിന്തയ്ക്കറിയാന്‍ പറ്റുമോ? മനസ്സിനും വാക്കിനും ചെന്നെത്താന്‍ കഴിയാത്ത അനന്തമായ അഖണ്ഡബോധസത്യത്തെ യുക്തികൊണ്ടെങ്ങിനെ മനസ്സിലാക്കാന്‍ ‍ കഴിയും.
കഠോപനിഷത്തിന്റെ പ്രഖ്യാപനം നോക്കുക:

നായമാത്മാ പ്രവചനേനലഭ്യോ
നമേധയാന ബഹുനാശ്രുതേന
യമേവൈഷവൃണുതേതേനലഭ്യഃ
തസ്യൈഷ ആത്മാവിവൃണുതേ തനൂംസ്വാം.

[ഈ ആത്മാവ്‌ വേദപഠനം കൊണ്ടു കിട്ടുകയില്ല. ഗ്രന്ഥതാല്‌പര്യം ഗ്രഹിക്കാന്‍ കഴിയുന്ന ബുദ്ധികൊണ്ടും കിട്ടുകയില്ല. ഒരാള്‍ ഈ ആത്മാവിനെ പരമലക്ഷ്യമായി വരിക്കുമെങ്കില്‍ ആ സാധകന്‌ ആത്മാവിനെ കിട്ടുന്നതാണ്‌. അങ്ങനെയുള്ള സത്യാന്വേഷിക്ക്‌ ഈ ആത്മാവ്‌ മഹത്തും സര്‍വ്വവ്യാപ്തവുമായ തന്റെ സ്വരൂപം മറ മാറ്റിത്തെളിച്ചു കൊടുക്കും.]


ഇനി ഓരോരുത്തരും ആത്മാവിനെ എങ്ങിനെയെല്ലാം മനസ്സിലാക്കുന്നു എന്ന്‌ ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

ആശ്ചര്യവത്‌ പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്‌. (ഭ.ഗീ. 2:29)

[ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു. മറ്റുചിലര്‍ ഈ ആത്മാവിനെ അശ്ചര്യവസ്തുപോലെ പറയുന്നു. വേറെ ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും പറഞ്ഞാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.]

തീരെ അറിയപ്പെടാന്‍ കഴിയാത്തതാണ്‌ പരമാത്മാവ്‌ എങ്കില്‍ ബ്രഹ്മജ്ഞാനികള്‍ അത്‌ ഉണ്ട്‌ എന്ന്‌ സങ്കല്‍പിക്കുന്നതെങ്ങനെ? ഒരിക്കലും ലഭിക്കാത്ത അറിവിനുവേണ്ടി അന്വേഷണം നടത്തുന്നതെന്തിന്‌?

ഭഗവത്‌കൃപകൊണ്ട്‌ ഭഗവാന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതത്രയും അറിയും, ഒരു തുണ്ടെടുത്ത്‌ വിശ്ലേഷണം ചെയ്ത്‌ മണത്തും അളന്നും തൂക്കിയും നോക്കി ഉണ്ടാകുന്ന വസ്തുജ്ഞാനംപോലെ അറിയാവുന്നതല്ല അത്‌. ഏതൊരു ചേതനയുള്ള ജീവിയിലും ആത്മാവായി പ്രകാശിക്കുന്നത്‌ പരമാത്മാവിന്റെ സച്ചിദാനന്ദ സ്വരൂപം തന്നെയാകയാല്‍ പല അനുപാതത്തിലുള്ള അറിവുകള്‍ ജീവികള്‍ക്ക്‌ ഉണ്ടാകുന്നുവെന്ന്‌ പറയാം. എന്നാല്‍ പരമാത്മാവിനെപ്പറ്റി എല്ലാതരത്തിലും അറിയാന്‍ കഴിയുമെന്ന്‌ അവകാശപ്പെടുവാന്‍ കഴിയില്ല.


ആത്മാനുഭവത്തിന്റെ ഈ രഹസ്യങ്ങളൊക്കെ ഉള്ളില്‍ കണ്ടുകൊണ്ടാണ്‌ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌:

ഉലകവുമുള്ളതുമായ്കലര്‍ന്നു നില്‍ക്കും-
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്ങ്‌മനോഗോ-
ചരമിതിലെങ്ങുചരിച്ചിടും പ്രമാണം.

[ഉണ്ടായിമറയുന്ന പ്രപഞ്ചവും ഉണ്ടാകാത്തതും മറഞ്ഞതുമായ ബ്രഹ്മവും കൂടിക്കലര്‍ന്നു നില്‍ക്കുന്ന ഈ സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈരുദ്ധ്യം തന്നെയാണ്‌. ഇന്നവിധമെന്നു തീരുമാനിക്കാന്‍ കഴിയാത്തവണ്ണം വാക്കിനും മനസ്സിനും അപ്രാപ്യമായ ഈ സത്യത്തില്‍ പ്രത്യക്ഷാദിപ്രമാണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണ്‌?]

ഭാരതീയരുടെ ഈശ്വരന്‍ വെറും വിശ്വാസമല്ല; സൂര്യതുല്യമായ പ്രത്യക്ഷാനുഭവമാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഭഗവത്‌ ഗീതയിലെതന്നെ പ്രഖ്യാപനം നോക്കുക.......

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവത്‌ ജ്ഞാനം പ്രകാശയതി തത്‌പരം. (ഭ.ഗീ. 5:16)

[ആര്‍ക്കൊക്കെ ആത്മതത്വത്തെ മറച്ചിരിക്കുന്ന അജ്ഞാനത്തെ, ജ്ഞാനം കൊണ്ട്‌ നശിപ്പിക്കന്‍ സാധിക്കുന്നുവോ, അവര്‍ക്ക്‌ ആ ജ്ഞാനം, ആദിത്യനെപ്പോലെ പരബ്രഹ്മസത്യത്തെ കാട്ടിക്കൊടുക്കുന്നു.]

ദൈവത്തെ കാണാം എന്നുള്ളതിന്‌ ഒരു അനുഭവമിതാ....

"ഈശ്വരനെ അങ്ങു കാണുന്നുണ്ടോ"? എന്ന്‌ നരേന്ദ്രന്‍ ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരോട്‌ ചോദിച്ചു. "കുഞ്ഞേ, നിന്നെ ഞാന്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തമായി ഈശ്വരനെ കാണുന്നു. നിനക്കാഗ്രഹമുണ്ടെങ്കില്‍ കാട്ടിത്തരികയും ചെയ്യാം". എന്നാണ്‌ പരമഹംസര്‍ മറുപടി കൊടുത്തത്‌.

പരമഹംസരെ പോലുള്ളവര്‍ക്ക്‌ ഇതൊരു നിമിത്തമായി കരുതി ജ്ഞാനം പകര്‍ന്ന്‌ ചിലപ്പോള്‍ പരബ്രഹ്മസത്യത്തെ കാണിച്ചുകൊടുക്കാന്‍ സാധിച്ചേക്കാം. അതിനു തെളിവാണല്ലോ - സ്വാമി വിവേകാനന്ദന്‍.


ഒരിക്കല്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ഭക്തനോട്‌ രമണമഹര്‍ഷി ഇങ്ങിനെ പറഞ്ഞു. "പുസ്തകജ്ഞാനത്തിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്‌, ഭ്രമണത്തിന്‌ മുഖ്യമായ ഒരു കാരണമാകുമെന്ന്‌ പൂര്‍വ്വികരായ സൂരികള്‍ പറയുന്നു. അത്‌ താങ്കളെ ലക്ഷ്യത്തിലെത്തിക്കില്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുകൊണ്ടും പണ്ഡിതനാകുന്നതുകൊണ്ടും നിങ്ങള്‍ക്ക്‌ പ്രശസ്തി കിട്ടും. പക്ഷെ മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു സാധകന്‌ അതുകൊണ്ട്‌ മനസ്സമാധാനം ഉണ്ടാവില്ല. ഒരു മുമുക്ഷു ശാസ്ത്രങ്ങളുടെ സാരം ഗ്രഹിച്ച്‌ വിണ്ടും വീണ്ടും അവയെ വായിക്കുന്നത്‌ ഉപേക്ഷിക്കണം. വായന ധ്യാനത്തിന്‌ വിരോധിയാണ്‌. ധാന്യമെടുത്ത്‌ തൊണ്ടുകളയുന്നതുപോലെ സാരം ഗ്രഹിച്ച ശാസ്ത്രം കളയണം. അനേകം ശാസ്ത്രങ്ങളും, മതങ്ങളും ഇവിടെ നിലവിലുണ്ട്‌. എല്ലാം വായിക്കാന്‍ ഒരു ജന്മംതന്നെ പോരാ, പിന്നെ അഭ്യാസത്തിന്‌ സമയമെവിടെ? വായിക്കുന്തോറും കൂടുതല്‍ വായിക്കാനുള്ള ആശ വരും. ഇതിന്റെ ഫലം മറ്റുള്ള പുസ്തകവായനക്കാരുമായി വെറുതെ ചര്‍ച്ചയാണ്‌. ഇങ്ങനെ നല്ല സമയമെല്ലാം കളഞ്ഞുകുളിക്കും. ഇത്‌ മുക്തിക്ക്‌ സഹായമല്ല. ഇവിടെവന്ന്‌ ആദ്യത്തെ രണ്ടുവര്‍ഷം ഞാനെന്തു പുസ്തകമാണ്‌ വായിച്ചത്‌? ആരുടെ പ്രസംഗം കേട്ടു? വെറുതെ സ്വസ്തമായി കണ്ണടച്ച്‌ നിശ്ചലനായിരുന്നു. അത്രതന്നെ."
(ശ്രീ രമണാശ്രമം പത്രാവലി, പത്രം-99)


(തുടരും........)

Thursday, July 17, 2008

ദൈവത്തെത്തേടി-3

സ്വാര്‍ത്ഥം.

ലോകത്ത്‌ എവിടെയുമുള്ള സാധാരണക്കാരന്റെ ദൈവസ്നേഹവും ഈശ്വരാരാധനയും പരിശോധിച്ചുനോക്കിയാല്‍ അതൊക്കെ താല്‌ക്കാലികമായ ഓരോ ലാഭത്തിനുവേണ്ടി സോപാധികമായ സങ്കല്‌പത്തിലിരിക്കുന്ന ഒരു ദേവതാപ്രതീകത്തോടുള്ള വിലയില്ലാത്ത പ്രാര്‍ത്ഥന ആണെന്നു കാണാം.
മൂന്നു വേദങ്ങളുടെയും വിധിപ്രകാരം യജ്ഞം നടത്തി സോമപാനംകൊണ്ട്‌ ശുദ്ധിയാക്കപ്പെട്ട സ്വര്‍ഗ്ഗകാമികള്‍ നടത്തുന്ന പൂജയും ആക്ഷേപാര്‍ഹമാണെന്ന്‌ ഭഗവദ്‌ഗീതയും പറയുന്നുണ്ട്‌.

'സൗന്ദര്യലഹരി' യിലും ഇതുപോലെ പ്രതിമകളോട്‌ പ്രാര്‍ത്ഥിക്കുന്നതിന്റെ നിഷ്‌പ്രയോജനത്തെപ്പറ്റി ഒരു ശ്ലോകം ഉണ്ട്‌. അത്‌ ഇപ്രകാരമാണ്‌.

"ത്വദന്യഃ പാണിഭ്യാമഭ്യവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത്‌ത്രാതും ദതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ! ലോകാനാം തവ ഹി ചരണാവേവ നിപുണൗ"

[ക്ഷേത്രത്തില്‍ ഉപാസനകള്‍ക്കായി വച്ചിരിക്കുന്ന ദേവതകളുടെ മൂര്‍ത്തികള്‍ 'ഭയപ്പെടേണ്ട' എന്നു പറയുന്നമാതിരിയും, 'വരം തരാം' എന്നു പറയുന്ന മാതിരിയും കൈകള്‍കൊണ്ട്‌ അഭിനയം കാണിക്കുന്നത്‌, ആളുകള്‍ക്ക്‌ പെട്ടെന്ന്‌ ഫലം ലഭിക്കുമെന്നു വിശ്വസിക്കുവാന്‍ ഇടവരുത്തുന്നു. എന്നാല്‍ സര്‍വ്വേശ്വരിയാകട്ടെ, ജീവജാലങ്ങള്‍ക്ക്‌ ക്ഷേമകരമായിട്ടുള്ളതിനെ അവര്‍ ചോദിക്കാതെതന്നെ കൊടുക്കുവാന്‍ തക്കവണ്ണം കാരുണ്യത്തോടുകൂടിയ സര്‍വ്വജ്ഞയാണ്‌‌, എന്നതാണ്‌ ഈ ശ്ലോകത്തിന്റെ സാരം. ]

വേദങ്ങളില്‍ പറയുന്നതുപോലെ ചെയ്യുന്നതുകൊണ്ടോ മതങ്ങളുടെ സഭാചട്ടങ്ങള്‍ അനുസരിച്ച്‌ ചെയ്യുന്നതുകൊണ്ടോ ഒരു കര്‍മ്മത്തിന്‌ താത്ത്വിക പ്രധാന്യം ഉണ്ടാകുന്നില്ല. മരിച്ചുപോയ ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാര്‍ത്തയും മേരിയും ഭക്തിപാരവശ്യത്തോടെ യേശുവിനോട്‌ ചെയ്യുന്ന പ്രാര്‍ത്ഥന ഒരു കാര്യലാഭത്തിനുവേണ്ടി മാത്രമുള്ളതാണ്‌. ദുശ്ശാസനന്‍ വസ്ത്രാക്ഷേപത്തിന്‌ മുതിരുമ്പോള്‍, സഭാമദ്ധ്യത്തില്‍ തന്നെ നഗ്നയാക്കി നിറുത്തരുതേ എന്ന്‌ കൃഷ്ണനോട്‌ ദ്രൗപതി ചെയ്യുന്ന പ്രാര്‍ത്ഥനയും താല്‌ക്കാലികമായ ഒരാപത്തിനെ നേരിടാന്‍ വേണ്ടി മാത്രമാണ്‌. അത്‌ വിധി പൂര്‍വ്വകമായിട്ടുള്ള പരമാര്‍ത്ഥ ദര്‍ശനമല്ല.

നമ്മളും സാധാരണ എന്തെല്ലാം സഫലീകരിക്കാനാണ്‌ പ്രാര്‍ത്ഥിക്കാറുള്ളത്‌. ഞാന്‍ പരീക്ഷയില്‍ പാസാകണേ. എനിയ്ക്ക്‌ നല്ല ഒരു ജോലി കിട്ടിയാല്‍ ഇത്രയും വഴിപാടുകള്‍ ചെയ്യാം. എനിയ്ക്ക്‌ ലോട്ടറി കിട്ടിയാല്‍ അതിന്റെ ഒരു ഓഹരി വഴിപാടും ഒരു ഓഹരി സേവന പ്രവര്‍ത്തനവും ചെയ്യാം. എന്റെ വീടു പണിയ്ക്കുള്ള പണം സ്വരൂപിക്കാന്‍ കഴിയണേ. അങ്ങിനെ ലിസ്റ്റ്‌ വലുതായി പോകുന്നു. പ്രാര്‍ത്ഥനയും ആഗ്രഹ സഫലീകരണത്തിനുശേഷം നന്ദിസൂചകമായുള്ള പ്രത്യുപകാരവും ചെയ്യുന്നതില്‍ വിഘ്നം വരുത്താതെയും ശ്രദ്ധിക്കുന്നുണ്ട്‌.


ലോകത്തില്‍ 99% ആളുകളും അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ വേണ്ടിമാത്രം വിധി പൂര്‍വ്വകം സങ്കല്‌പിച്ചിട്ടുള്ള ഒരു ദൈവതത്തോടാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. ആ ദൈവതത്തെ അന്യദേവത എന്നോ അന്ധവിശ്വാസത്താല്‍ മനുഷ്യമനസ്സുകൊണ്ട്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ള ദേവതയെന്നോ കരുതാവുന്നതാണ്‌.

പരമാര്‍ത്ഥതത്ത്വത്തെ മനസ്സിലാക്കാതെ ദേവതകളെ പൂജിക്കുന്നവരെയും ഇവിടെ പാപികളാക്കുന്നില്ല. ഈ ഗീതാ ശ്ലോകം നോക്കുക.

യേപ്യന്യദേവതാ ഭക്താ യജന്തേശ്രദ്ധയാന്വിതാഃ
തേ/പി മാമേവ കൗന്തേയ! യജന്ത്യവിധിപൂര്‍വകം. (ഭ.ഗീ. 9:23)
[അര്‍ജ്ജുന! ഏതൊരു ഭക്തനും ശ്രദ്ധയോടു കൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ, അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.]

അനന്യമായ ദൈവീക ചിന്തയെ ഉദാഹരിക്കുന്നതിനായി ഡോ. എസ്‌.രാധാകൃഷ്ണന്‍ സുപ്രസിദ്ധ സൂഫി ഭക്തയായ റാബിയ്യായുടെ സംഭാഷണം ഉദ്ധരിക്കുന്നു. അത്‌ ഇപ്രകാരമാണ്‌.
- നിങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ?
"തീര്‍ച്ചയായും".
- നിങ്ങള്‍ പിശാചിനെ വെറുക്കുന്നുണ്ടോ?
"ഞാന്‍ ദൈവസ്നേഹത്തില്‍ സര്‍വ്വത്ര ആമഗ്നയായിരിക്കുന്നതുകൊണ്ട്‌ എനിയ്ക്ക്‌ പിശാചിനെ വെറുക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു പ്രവാചകനെ കണ്ടു. പ്രവാചകന്‍ എന്നോടു ചോദിച്ചു: "നീ എന്നെ സ്നേഹിക്കുന്നുണ്ടോ?" ഞാന്‍ പറഞ്ഞു: "അല്ലയോ ദൈവദൂതാ, നിങ്ങളെ ആര്‍ക്കു സ്നേഹിക്കാതിരിക്കാന്‍ കഴിയും. എന്നാല്‍ എന്റെ ഹൃദയം പൂര്‍ണ്ണമായും ദൈവത്തില്‍ മഗ്നമായിരിക്കുന്നതിനാല്‍ എനിയ്ക്കു വേറൊന്നിനെയും സ്നേഹിക്കുവാനോ വെറുക്കുവാനോ അവസരം ലഭിക്കുന്നില്ല."

അസഹിഷ്ണുവായ ദൈവം

പഴയ നിയമത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാകുന്നു. ഞാനല്ലാതെ മറ്റുദേവന്മാര്‍ നിനക്കുണ്ടാവരുത്‌. ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത്‌. മുകളില്‍ സ്വര്‍ഗ്ഗത്തിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്‌." "നിന്റെ ദൈവമായ കര്‍ത്താവ്‌ നിരോധിച്ചിരിക്കുന്ന തരത്തില്‍ എന്തിന്റെയെങ്കിലും ആകൃതിയില്‍ കൊത്തുരൂപം ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക. വിഴുങ്ങുന്ന അഗ്നിയും അസഹിഷ്ണുവുമായ ദൈവമാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്‌".

യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന്‌ അസഹിഷ്ണുത (Jealous God‌) ഭൂഷണമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.

ശിക്ഷിക്കുന്ന ദൈവം.

പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക്‌ അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ്‌ ഖുര്‍ആനും ആരംഭിക്കുന്നത്‌. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു.

ഇനി ശിക്ഷയുടെ കാര്യത്തില്‍ നമ്മളും നമ്മളുടെ ഭാഗം ഭംഗിയായിത്തന്നെ ആചരിച്ചുപോരുന്നുണ്ട്‌. നീ ഗുണം പിടിക്കാതെ പോകട്ടെ. അവന്റെ തലയില്‍ ഇടിത്തീ വീഴും. എന്നെ ദ്രോഹിച്ചവനാണ്‌, അവന്‍ അതിന്റെ ഇരട്ടി അനുഭവിക്കും. ഇതിനൊക്കെ ഏതെങ്കിലും ദൈവനാമത്തില്‍ സത്യം സത്യം സത്യം എന്നും പറഞ്ഞ്‌ ബലപ്പെടുത്തിയിട്ടും ഉണ്ടാവും.

അനുഗ്രഹവും വിധിയും

മനുഷ്യന്റെ ഭയവും പ്രത്യാശയും ലോകത്തെ ഭരിക്കുന്ന നിയാമക ശക്തിയില്‍ ആരോപിച്ച്‌ ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടുമുതല്‍തന്നെ നമ്മുടെ പൂര്‍വ്വികര്‍ കരുതിപോന്നിരുന്നു. നമ്മള്‍ മലയാളത്തില്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചുവരുന്ന 'ദൈവ'മെന്ന വാക്കിന്റെ അര്‍ത്ഥംപോലും അങ്ങിനെയായിട്ടുണ്ട്‌. ജീവിതത്തില്‍ സന്തോഷകരമായ അനുഭവത്തെ ഉണ്ടാക്കുമ്പോള്‍ മനുഷ്യന്‍ അതിനെ 'ദയാപരനായ ദൈവം', "ദൈവാനുഗ്രഹം" എന്നെല്ലാം പറയുന്നു. അത്‌ അസന്തുഷ്ടിയിലേയ്ക്ക്‌ നമ്മെ നയിക്കുമ്പോള്‍ നാം അതിനെ 'വിധി' എന്നു പറയുന്നു.

എല്ലാ മതങ്ങളിലും ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവന്‍, അദ്ദേഹം, അവിടുന്ന്‌, തമ്പുരാന്‍, സ്വാമി, പോറ്റി എന്നിങ്ങനെ ഒരു മനുഷ്യ വ്യക്തിയെപ്പറ്റി പ്രത്യേകിച്ചും ഒരു പുരുഷ വ്യക്തിയെപറ്റി പറയുന്ന ഭാവനയാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. ഇത്‌ ഇംഗ്ലീഷില്‍ 'Anthropomorphism' എന്നു പറയുന്ന മനുഷ്യവല്‍ക്കരണത്തിന്റെ വളരെ മോശപ്പെട്ട ഉദാഹരണമായി കണക്കാക്കാം.

യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട്‌ അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്‌ ദൈവനിന്ദയാണ്‌. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ്‌ സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ്‌ പരിഗണിക്കുന്നത്‌.

ക്രിസ്തുവിന്റെ അനുയായികള്‍ യേശുവിന്റെ വാക്കിനെ മുറുകെ പിടിച്ചിരിക്കുന്നു. 'എന്നില്‍ കൂടിയല്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ ആരും പ്രവേശിക്കുന്നില്ല' എന്നതിനെ പ്രമാണമാക്കിക്കൊണ്ട്‌ അവര്‍ ഇതര മതവിശ്വാസികളെയെല്ലാം പുറം ജാതിക്കാരായി എണ്ണുന്നു. പുറം ജാതിക്കാരന്റെ ദൈവം അന്യദേവതയാണ്‌.

ഏകനായ സത്യദൈവത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനും വിട്ടുവീഴ്ചയില്ല. അതുകൊണ്ട്‌ ഇസ്ലാമിക ദൃഷ്ടിയില്‍ യേശുവിനെയും മറ്റും ദൈവമായി കരുതുന്നത്‌ ദൈവനിന്ദയാണ്‌.

എന്നാല്‍, ഭഗവദ്‌ ഗീതയില്‍ പരമാത്മസ്വരൂപത്തിന്‌ നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ്‌ പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന്‌ മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല.

അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം. (ഭ.ഗീ. 9:11)
[ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു.]

ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്‌
പ്രഭവഃ പ്രലയസ്ഥാനം നിധാനം ബീജമവ്യയം. (ഭ.ഗീ. 9:18)
[ജ്ഞാനംകൊണ്ട്‌ പ്രാപിക്കപ്പെടുന്നതായ 'ഗതി'യും, ഭരിക്കുന്നവനും യജമാനനും, സാക്ഷിയും, എല്ലാറ്റിന്റെയും ഇരിപ്പിടവും, ആശ്രയവും, പ്രത്യുപകാരം ഇച്ഛിക്കാതെ ഉപകാരം ചെയ്യുന്ന മിത്രവും, സൃഷ്ടികര്‍ത്താവും , എല്ലാറ്റിനേയും വിലയിപ്പിക്കുന്നവനും, ആധാരവും, നിക്ഷേപവും, നാശമില്ലാത്ത ബീജവും ഞാന്‍ തന്നെയാകുന്നു.]

മനുഷ്യരുടെ ഇടയില്‍ ഈശ്വര വിശ്വാസികളെയും, കടുത്ത നിരീശ്വര വാദികളെയും, ഈശ്വരനെ സംബന്ധിച്ച്‌ ഉദാസീനരായിട്ടുള്ളവരെയും കാണാം. ഈശ്വര വിശ്വാസികളില്‍തന്നെ ദുഷ്ടദേവതകളെ അശുദ്ധവും ക്രൂരവുമായ പൂജാവിധികള്‍കൊണ്ട്‌ ആരാധിക്കുന്നവരുണ്ട്‌. പവിത്രമായ ദൈവിക ഭാവനയോടുകൂടി പരിശുദ്ധമായ ആരാധന നടത്തുന്നവരുമുണ്ട്‌. പരംപൊരുളിനെ വാക്കിനും മനസ്സിനും അതീതമായ സത്യമെന്നറിഞ്ഞ്‌ ഒരു ആരാധനയും നടത്താതെ ബ്രഹ്മനിഷ്ഠരായിക്കഴിയുന്നവരുണ്ട്‌. ഇത്രയും ഭിന്നമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഈശ്വരാരാധന നടത്തുന്നവരെല്ലാം ഭഗവാന്റെ മാര്‍ഗ്ഗം തന്നെയാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും, അവരുടെ ഭാവനയ്ക്ക്‌ അനുയോജ്യമായ രീതിയില്‍ ഭഗവാന്‍ ഓരോരുത്തരെയും അനുഗ്രഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ താത്വികമായി അതിനെ അപഗ്രഥിച്ചു നോക്കേണ്ടതാണ്‌.

(തുടരും.....)

Monday, July 7, 2008

ദൈവത്തെത്തേടി-2

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍......ലോകത്തില്‍ കാണുന്ന ദുഃഖിതരെ നോക്കിയാല്‍, മിക്കവരുടെയും ദുഃഖത്തിന്‌ മൂലകാരണം; ഞാന്‍, എന്റെ, എന്നെ എന്നിങ്ങനെയുള്ള അഭിമാനബോധത്തിലുണ്ടാകുന്ന ക്ഷതം ആണെന്നു കാണാം. ജീവിതം കേവലം സുഖാന്വേഷണത്തിനുവേണ്ടി മാത്രമുള്ളതല്ല. അനിവാര്യമായ കര്‍മ്മത്തേയും തത്ത്വബോധത്തോടുകൂടി ചെയ്യുമ്പോള്‍ ആ
കര്‍മ്മം കര്‍മ്മയോഗമായിത്തീരും.

"ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച്‌ ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം" എന്നാണ്‌ ഡോ.എസ്സ്‌.രാധാകൃഷ്ണന്‍ പറയുന്നത്‌.

ദൈവം, ഈശ്വരന്‍, ഭഗവാന്‍, പരംപൊരുള്‍, പരമേശ്വരന്‍, പരബ്രഹ്മം എന്നൊക്കെ പറയുന്ന തത്ത്വത്തിനെക്കുറിച്ച്‌ പലതരത്തിലുള്ള വ്യാഖാനങ്ങള്‍ വായിച്ചു. അതില്‍ ചിലത്‌ ഇവിടെ കുറിച്ചുവെയ്ക്കുന്നു. ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്‌. കൂടുതല്‍ എന്തെങ്കിലും അറിവുള്ളവര്‍ ഇവിടെ ചേര്‍ത്തുവെച്ചാല്‍ ഉപകാരപ്രദമായിരിക്കും.

ദൈവം.ദ്യോവില്‍ നിറഞ്ഞുകവിഞ്ഞു നില്‌ക്കുന്നതിനെയാണ്‌ 'ദൈവം' എന്ന പേരുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ദൈവം ആകാശത്തില്‍ സര്‍വ്വത്ര നിറഞ്ഞ്‌ ആകാശത്തെയും കവിഞ്ഞു നില്‌ക്കുന്നു. അങ്ങിനെയണെങ്കില്‍ ആകാശത്തെയും നിറഞ്ഞു കവിയുന്ന ദൈവമെന്ന ഈ അത്ഭുത വസ്തുവിന്റെ സ്വരൂപമെന്താണ്‌. നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ്‌ ദൈവം. നാമരൂപങ്ങളില്‍പെട്ട്‌ ഖണ്ഡങ്ങളായി തോന്നുന്ന അറിവുകളാണ്‌ പ്രപഞ്ചദൃശ്യങ്ങള്‍.

ദിവ്‌ ധാതുവില്‍ നിന്നാണ്‌ ദേവശബ്ദം ഉണ്ടായിട്ടുള്ളത്‌. "ദിവ്‌" എന്ന പദത്തിന്‌ പ്രകാശം, വെളിച്ചം എന്നൊക്കെയാണ്‌ അര്‍ത്ഥം കാണുന്നത്‌. സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ വെളിച്ചമില്ലെങ്കില്‍ നീലാകാശം തന്നെയില്ല. വെളിച്ചത്തെ 'ദിവ്‌' എന്നു വിളിക്കുന്നു. അതുകൊണ്ട്‌ ദര്‍ശനീയമായ പ്രതിഭാസങ്ങളെയും ദൈവീമയമെന്നു പറയാം.

"ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ"[ഗുണപ്രധാനമായ ദൈവീ പ്രകൃതിയായിരിക്കുന്ന എന്റെ ഈ മായ അതിക്രമിക്കാന്‍ പ്രയാസം തന്നെ.]
ഇവിടെ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ്‌ പറയുന്നത്‌. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ്‌ 'മായ'. പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ അതില്ലെന്ന്‌ പറയാനും കഴിയില്ല. നീല നിറമുള്ള ആകാശവിതാനം തലയ്ക്കു മുകളില്‍ കാണാം. വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്‌. സത്യത്തില്‍ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത്‌ നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ ഈ ജഗദ്വിലാസം പ്രാതിഭാസികമായിട്ടുള്ളതാണെന്നു (യഥാര്‍ത്ഥമല്ലാത്തത്‌ ) പറയാം. പ്രതിഭാസത്തിനുള്ള ഹേതുവിനെയാണ്‌ ഇവിടെ പ്രകൃതിയെന്നു വിശേഷിപ്പിക്കുന്നത്‌.

ഈശ്വരന്‍.
പരമാണു മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരുന്നു ഭരിക്കുന്ന ആദ്യന്തവിഹിതമായ സാര്‍വ്വത്രികതയെയാണ്‌ ഈശ്വരന്‍ എന്നു വിളിക്കുന്നത്‌.   സാമൂഹികവും  മതപരവുമായ  ഒരു  സംജ്ഞയല്ല ഈശ്വരന്‍.  വേറൊരു തരത്തിൽ പറയുകയാണെങ്കിൽ, ബ്രഹ്മത്തിന്റെ സഗുണാവസ്ഥയെ ഈശ്വരൻ എന്നു പറയുന്നു. പ്രപഞ്ചത്തിലെ പരിണാമങ്ങൾക്ക് കാരണമായ ‘ശക്തി’യെ ഈശ്വരൻ എന്നു വിളിക്കുന്നു. നിർഗുണബ്രഹ്മം ഒരു കർമ്മവും ചെയ്യുന്നില്ല. ഈശ്വരന് കർമ്മം ഉണ്ട്.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]

"God is a personification of impersonal fact" - Bertrand Russell ന്റെ ഈ വരികളാണ്‌ ചെറുപ്പത്തില്‍ എന്നെ ആകര്‍ഷിച്ച ദൈവത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല വ്യാഖ്യാനം. അന്ന് ഭഗവദ്‌ ഗീതയെ അവഗണിച്ചിരുന്നതുകൊണ്ട്‌, ഇത്‌ ഗീതയിലെ മുകളില്‍ എഴുതിയ ശ്ലോകത്തിന്റെ ആശയമാണെന്ന്‌ മനസ്സിലാക്കിയിരുന്നില്ല.

ഭഗവാന്‍.ഐശ്വര്യസ്യ സമഗ്രസ്യ, ധര്‍മ്മസ്യ യശസഃ ശ്രിയഃ,
വൈരാഗ്യസ്യാഥ മോക്ഷസ്യ, ഷണ്ണാം ഭഗ ഇതീംഗനാ.

[സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്‌, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച്‌ ചേര്‍ന്നതാണ്‌ ഭഗം. അതുകൊണ്ട്‌ ഇത്രയുമുള്ളയാളാണ്‌ 'ഭഗവാന്‍'. ഈ സമ്പൂര്‍ണ്ണതകളെല്ലാം തികഞ്ഞ്‌ കാണപ്പെടുന്ന വസ്തുവാണ്‌ 'ഭഗവാന്‍'.]
ഭഗവാന്റെ മറ്റൊരു നിര്‍വ്വചനം കൂടി ...

ഉത്‌പത്തിം പ്രളയം ചൈവ
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാമവിദ്യാം ച
സവാച്യോ ഭഗ വാനിതി.
[പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിര്‍ഭാവം, തിരോഭാവം, വിദ്യ, അവിദ്യ ഇവ വ്യക്തമായി അറിയുന്ന ആളാണ്‌ 'ഭഗവാന്‍'.]
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്‌ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അറിയാനാണ്‌ ഗുരുദേവന്‍ പറയുന്നത്‌. ഗുരുദേവനെപ്പോലെ, ദൈവത്തെ കണ്ടറിഞ്ഞവര്‍ക്ക്‌ ദൈവം ഭഗവാനാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ദൈവത്തെ കണ്ടറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഗുരുദേവന്‍ ഭഗവാനേ എന്ന്‌ സംബോധന ചെയ്തിരിക്കുന്നത്‌.

പരംപൊരുള്‍ / പരമാത്മാവ്‌ ....
പരംപൊരുള്‍ ഒരു വസ്തുവല്ല. അതിനു സദൃശമായി അത്‌ മാത്രമെയുള്ളൂ. എല്ലാറ്റിനെയും അത്‌ അറിയുകയും അറിയിക്കുകയും ചെയുന്നുവെങ്കിലും അതിനെ അറിയുവാന്‍ ഒരു ജ്ഞാതാവില്ല.

"ദൈവം അനേകത്തിലൊന്നല്ല. പിന്നെയോ, എല്ലാ മാറ്റങ്ങളുടെയും പിന്നില്‍ മാറാതെ നില്‍ക്കുന്ന ഒന്നും, എല്ലാ ചലനത്തിന്റെയും അക്ഷുബ്ധമായ മദ്ധ്യബിന്ദുവും ആണെന്നാണ്‌" - ഡോ. എസ്‌. രാധാകൃഷ്ണന്‍ പറയുന്നത്‌.

ശ്വേതാശ്വതരോപനിഷത്തില്‍ ഇങ്ങിനെ പറയുന്നു.

സ വിശ്വകൃദ്‌ വിശ്വവിദാത്മയോനിര്‍-
ജ്ഞഃകാലകാരോഗുണീ സര്‍വ്വവിദ്യഃ
പ്രധാനക്ഷേത്രജ്ഞപതിര്‍ഗുണേശഃ
സംസാരമോക്ഷ സ്ഥിതിബന്ധഹേതുഃ.
[ആ പരമാത്മാവ്‌ ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്തെയും ശരിക്കറിയുന്നവനും, മറ്റൊരു കാരണവുമില്ലാതെ സ്വയം ജനിച്ചവനും, സര്‍വ്വജ്ഞനും, കാലത്തെക്കൂടി പ്രവര്‍ത്തിപ്പിക്കുന്നവനും, ഗുണയുക്തനും, സര്‍വ്വവിദ്യകള്‍ക്കും ആശ്രയസ്ഥാനവും, ക്ഷേത്രം എന്നും ക്ഷേത്രജ്ഞന്‍ എന്നും പറയുന്ന പ്രകൃത പുരുഷന്മാര്‍ക്ക്‌ നാഥനും, സത്ത്വരജസ്തമോ ഗുണങ്ങള്‍ക്ക്‌ നിയാമകനും, ഈ സംസാരത്തിന്റെ നിലനില്‍പിനും അതില്‍ നിന്നുള്ള മോക്ഷത്തിനും കാരണഭൂതനുമാകുന്നു.]
(കടപ്പാട്‌ : യതിയുടെ ലേഖനങ്ങള്‍, ജി.ബാലകൃഷ്ണന്‍ നായരുടെ ഗുരുദേവകൃതികളുടെ വ്യാഖ്യാനം, ഡോ.എസ്സ്‌.രാധാകൃഷ്ണന്‍, ഭഗവദ്‌ ഗീതാ വ്യാഖ്യാനങ്ങള്‍.)

(തുടരും.....)

Thursday, June 12, 2008

ദൈവത്തെത്തേടി-1

എന്റെ ദൈവം
ഞാനും എന്റെ ദൈവങ്ങളെ അന്വേഷിക്കുകയാണ്‌. ദൈവങ്ങളോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇല്ലാത്ത ഒന്നിനെക്കുറിച്ചുള്ള അന്വേഷണമാണെന്ന്‌ യുക്തിവാദികളും പറയുന്നുണ്ട്‌. മനുഷ്യനാണ്‌ ലോക രചനയിലെ സൃഷ്ടാവ്‌ എന്ന് ഭൗതികവാദികളും സമര്‍ത്ഥിക്കുന്നു. ശൂന്യാകാശത്ത്‌ കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ ഭൂമിയിലെ മനുഷ്യനെ നിലനിര്‍ത്തിപ്പോരുന്നത്‌ എന്നോക്കെ ഞാനും ചോദിച്ചിരുന്നു. എല്ലാം കണ്ടും കേട്ടും കൂട്ടിയും കിഴിച്ചും ചിന്തിച്ചും നോക്കുമ്പോള്‍ ഒന്നും നേര്‍രേഖയില്‍ ചെന്ന് അവസാനിക്കുന്നില്ല. എവിടെയൊക്കെയോ ശൂന്യത അനുഭവപ്പെടുന്നു.

ഉണ്ട്‌ എന്ന് തെളിയിക്കാന്‍ കഴിയാത്തതും ഇല്ല എന്ന് പറഞ്ഞ്‌ നിഷേധിക്കാനാവാത്തതുമായ എന്തോ ആണ്‌ ഈ ദൈവ സാന്നിദ്ധ്യം എന്ന് ചില തത്ത്വചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനുള്ള ഒരു ഉദ്ദേശവും ഇവിടെ ഇല്ല.

ദൈവം, ഈശ്വരന്‍ തുടങ്ങിയ നാമങ്ങള്‍ ഹിന്ദു ധര്‍മ്മ വിശ്വാസികളായ മലയാളികള്‍ ഉരുവിടുന്നത്‌ ഏതെങ്കിലും മൂര്‍ത്തികളെയോ അവതാരങ്ങളെയോ രൂപത്തെയോ പ്രധിനിധീകരിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ ചിന്തകള്‍. മുപ്പത്തിമുക്കോടി ദൈവങ്ങളെ കല്ലിലും മരത്തിലും കൊത്തിവെച്ച്‌ ആരാധിക്കുന്ന വേദക്കാരല്ലെ നിങ്ങളെന്ന പരിഹാസ്യമായ ചോദ്യം കേള്‍ക്കുമ്പോള്‍ അല്‍പം ജാള്യത തോന്നിയിരുന്നു. അങ്ങിനെയാണ്‌ ഈ അന്വേഷണം തുടങ്ങിയത്‌.

മുപ്പത്തിമുക്കോടി ദൈവങ്ങള്‍.

കോടിക്കണക്കിന്‌ ദൈവങ്ങള്‍ എന്നുപറയുമ്പോള്‍, ഓരോരുത്തര്‍ക്കും ഓരോ ദൈവം, അതോ ഒരോരുത്തരുടെ ചുമലിലും രണ്ടു ദൈവങ്ങള്‍ മാലഖമാര്‍ക്കു പകരമായി സ്ഥിരമായി ഇരിക്കുന്നുണ്ടാവുമോ. ഇന്ന് ഇന്ത്യയില്‍ ഏകദേശം 115 കോടി ജനങ്ങളുണ്ട്‌. അതില്‍ 80% ഹിന്ദുക്കളും. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ ജനന നിരക്ക്‌ 22.22/1000 ആണ്‌. 'മാല്‍തുഷ്യന്‍ തിയറിയും' പറയുന്നത്‌, ജനങ്ങളുടെ വംശ വര്‍ദ്ധനവ്‌ 'ജ്യോമട്രിക്ക്‌ പ്രോഗ്രഷനില്‍' ആണെന്നാണ്‌. വേദകാലത്ത്‌ നമ്മുടെ നാട്ടില്‍ (പഴയ ഭാരതത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍) എത്ര കോടി ജനങ്ങളുണ്ടായിരുന്നു. ആര്‍ക്കും അത്ര ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എത്രയെങ്കിലും ആവട്ടെ.

മനുഷ്യന്റെ മനസ്സിലെ കര്‍മ്മചോദനകള്‍ക്ക്‌ ദൈവീകമായതും മാനുഷീകമായതും ആസുരീയമായതുമായ മൂന്ന് അവസ്ഥകള്‍ ഉണ്ട്‌. അത്‌ സാധാരണ വ്യക്തികളില്‍ ഒരേ അനുപാതത്തിലായിരിക്കുമ്പോള്‍ 1/3 ദൈവീകഭാവവും, 1/3 മാനുഷീകഭാവവും, 1/3 ആസുരീകഭാവവും ഉണ്ടായിരിക്കും. അത്‌ ഏകദേശം 33.33% ആയതുകൊണ്ട്‌ 33.33/100 ഭാഗം (കോടി) [അതായത്‌ 1/3 ഭാഗം] സാത്ത്വികമായ ദൈവീകമായ ഗുണം സ്വന്തം ആത്മാവില്‍ തന്നെയിരിക്കുന്നു. അതാണ്‌ ഇപ്പോള്‍ പറഞ്ഞു വരുന്ന മുപ്പത്തിമുക്കോടി ദൈവങ്ങള്‍.

വേദങ്ങളിൽ 33 ദേവതകളെക്കുറിച്ച് പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്. ഈ ദേവതകൾ 33 കോടികളിലേക്ക് (പ്രകൃതിയിലെ ദിശകളിലേക്ക്) 33 ഭാവങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് സങ്കല്പിക്കുന്നത്.

ഓരോ ഗുണങ്ങളുടെയും കര്‍ത്താവിനെക്കുറിച്ച്‌ ഭഗവദ്‌ ഗീത എന്താണ്‌ നമ്മോട്‌ പറയുന്നത്‌ എന്നു നോക്കാം.

മുക്തസങ്ങ്‌ഗോ / നഹംവാദീ ധൃത്യുത്സാഹ സമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍ നിര്‍വികാരഃ കര്‍ത്താ സാത്ത്വിക ഉച്യതേ. (18:26)
[കര്‍മ്മഫലത്തിലുള്ള ആസക്തി ഉപേക്ഷിച്ചവനും, താന്‍ കര്‍ത്താവാണെന്നു സിദ്ധാന്തിക്കാന്‍ ശ്രമിക്കാത്തവനും, ചെയ്യാന്‍ തുടങ്ങിയ കാര്യം ദൃഢനിശ്ചയത്തോടും ഉത്സാഹത്തോടും ചെയ്യുന്ന സ്വഭാവത്തോടു കൂടിയവനും, പ്രയോജനമുണ്ടായാലും ഇല്ലെങ്കിലും മനസ്സിളകാത്തവനുമായ കര്‍ത്താവ്‌ സാത്ത്വികന്‍ അന്ന്‌ പറയപ്പെടുന്നു.]
രാഗീ കര്‍മ്മഫലപ്രേപ്സൂര്‍ ലുബ്ധോ ഹിംസാത്മകോ / ശുചിഃ
ഹര്‍ഷശോകാന്വിതഃ കര്‍ത്താ രാജസഃ പരികീര്‍ത്തിതഃ. (18:27)
[കര്‍മ്മത്തിന്റെ ഫലത്തെ ആഗ്രഹിക്കുന്നവന്‍, ലുബ്ധന്‍, അന്യന്‌ പീഡ ചെയ്യുവാന്‍ മടിയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, ലാഭമുണ്ടാകുമ്പോള്‍ അതിയായി ആഹ്ലാദിക്കുകയും നഷ്ടമുണ്ടാകുമ്പോള്‍ അതിയായി വ്യസനിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന കര്‍ത്താവ്‌ രാജസനെന്ന്‌ കീര്‍ത്തിക്കപ്പെടുന്നു.]
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്‌കൃതികോലസഃ
വിഷാദീ ദീര്‍ഘസൂത്രീ ച കര്‍ത്താ താമസ ഉചത്യേ. (18:28)

[യുക്തിരഹിതമായ മനസ്സോടുകൂടിയവനും, പ്രാകൃതനും, വണക്കമില്ലാത്തവനും, ശാഠ്യംപിടിക്കുന്നവനും, അന്യന്റെ ജീവിതമാര്‍ഗ്ഗം നശിപ്പിക്കുന്നവനും, അലസനും, വിഷാദിയും, എപ്പോഴും മറ്റുള്ളവര്‍ക്ക്‌ ദ്രോഹം ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിക്കുന്നവനും ആയ കര്‍ത്താവ്‌ താമസന്‍ എന്നു പറയപ്പെടുന്നു.]
(തുടരും.......)

Saturday, May 31, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-4)

അന്ധവിശ്വാസവും ആചാരങ്ങളും


ഗുണത്രയങ്ങളില്‍ തമോഗുണം കൂടുതലായിട്ടുള്ളവര്‍ പരുഷമായ വാക്കുകള്‍ മുതല്‍ terrorism വരെയുള്ള ദുഷ്‌പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട്‌ ലോകത്ത്‌ നാശത്തിന്‌ കാരണക്കാരാകുന്നു എന്ന്‌ ഭ.ഗീ. 16:8,9,10 എന്നീ ശ്ലോകങ്ങളിലൂടെ സൂചന തരുന്നുണ്ട്‌.
ജീവന്റെ സമതുലിതാവസ്ഥയെ നിലനിറുത്താന്‍ കഴിയുമ്പോഴാണ്‌ പ്രകൃതിയുടെ ഗുണങ്ങളെ 'ത്രിഗുണങ്ങള്‍' എന്നു വിളിക്കുന്നത്‌. അത്‌ ഇല്ലാതെ വരുമ്പോള്‍ അവ ഗുണങ്ങളല്ല, ദോഷങ്ങളായാണ്‌ പരിഗണിക്കുന്നത്‌.

ആസുരപ്രകൃതം അധികമുള്ളവര്‍ മതങ്ങളിലെ ആചാരങ്ങളുടെ ഭാഗമായും ആത്മീയതയുടെ ഭാഗമായും ശരീരത്തിന്‌ ദണ്ഡനമേല്‍പിച്ച്‌ ചെയ്തുവരുന്ന പ്രവര്‍ത്തികളെ ആസുരീയം എന്നുതന്നെയാണ്‌ ഗീത സൂചിപ്പിക്കുന്നത്‌.

അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോജനാഃ
ദംഭാഹങ്കാരസംയുക്താഃ കാമരാഗബലാന്വിതാഃ . (17:5)

കര്‍ശയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃ ശരീരസ്ഥം താന്‍ വിദ്ധ്യാസുരനിശ്ചയാന്‍. (17:6)

[ദംഭം അഹങ്കാരം ഇവയോരുകൂടിയവരും, കാമരാഗങ്ങളുടെ ബലത്തോടുകൂടിയവരും, ആത്മചൈതന്യം സ്ഫുരിക്കാത്തവരുമായവര്‍; ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ഭൂതസമൂഹത്തെയും, ഉള്ളിലുള്ള സൂക്ഷ്മ ശരീരത്തിലിരിക്കുന്ന എന്നെയും (പരമാത്മാവിനെ) പീഡിപ്പിച്ച്‌ ശാസ്ത്രത്തിനു യോജിക്കാത്ത രീതിയില്‍ ഘോരമായ തപസ്സിനെ അനുഷ്ഠിക്കുമ്പോള്‍, അവരെ ആസുരബുദ്ധികളെന്നുതന്നെ നീ അറിഞ്ഞുകൊള്ളണം.]

ഇവിടെ പറയുന്ന ആസുരപ്രകൃതം ഉള്ളവര്‍ ഇന്ത്യയില്‍ കാണപ്പെടുന്ന കപടഭക്തന്മാര്‍ മാത്രമല്ല. അദ്ധ്യാത്മത്തിന്റെ മുഖംമൂടികളണിഞ്ഞ്‌ സാധാരണ ജനത്തിനു പിടികിട്ടാത്ത പല സിദ്ധികളും ഉള്ളതുപോലെ നടിച്ചു മനുഷ്യരെ ചതിക്കുന്നവര്‍ ലോകത്ത്‌ എല്ലാ രാജ്യത്തും എല്ലാ മതത്തിലും നമുക്കു കാണുവാന്‍ കഴിയും. അവര്‍ സത്യത്തെ മാനിക്കാത്തവരായതുകൊണ്ട്‌ ബാഹ്യത്തില്‍ മാത്രമെ വിശ്വസിക്കുന്നുള്ളൂ. ഒരു ശാസ്ത്രത്തിനും യോജിക്കാത്ത തപസ്സനുഷ്ഠിച്ച്‌ അവരുടെ അസാദ്ധ്യശക്തികളെ മറ്റുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാന്‍ ശ്രമിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ പരിപാവനമായ ജീവിതത്തെ ഭാഗവതത്തില്‍നിന്നും ഏഴു ദിവസം ഇടമുറിയാതെ പാടിക്കേള്‍പ്പിക്കുന്ന ചില ഭാഗവതന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ആ ഏഴു ദിവസവും ജലപാനം ചെയ്യുന്നില്ല എന്നാണ്‌ എല്ലാവരെയും ധരിപ്പിച്ചിരുന്നത്‌. ആര്‍ക്കും പ്രയോജനം ചെയ്യാത്ത ഘോരമായ ഈ തപോവൃത്തി കണ്ട്‌ അനേകം സാധുക്കള്‍ ഇവരുടെ കാല്‍ക്കല്‍ വീണു നമസ്ക്കരിക്കുകയും കാണിക്ക നിക്ഷേപിക്കുകയും ചെയ്തിരുന്നു.

മദ്ധ്യകാലംവരെയുള്ള ക്രിസ്തീയ ചരിത്രത്തില്‍, മുള്ളുകള്‍ തറച്ചിട്ടുള്ള മേല്‍വസ്ത്രം ധരിച്ച്‌ അതിന്റെ വേദന സഹിച്ചുകൊണ്ട്‌ പാപമോചനത്തിനുവേണ്ടി ചില ക്രിസ്തീയ സന്ന്യാസിമാര്‍ അവരെ സ്വയം ദണ്ഡിപ്പിച്ചിരുന്നു. 'സെന്റ്‌ ജോണ്‍ ഒഫ്‌ ദി ക്രോസ്സ്‌' മുതലായവരെ സഭയിലുള്ളവരെല്ലാം ചേര്‍ന്ന്‌ തിരണ്ടിവാലുകൊണ്ടും മറ്റും ചെകുത്താനെ പുറത്താക്കാനായി തോളെല്ലുവരെ അടിച്ചു പൊട്ടിച്ചിട്ടുള്ളതായി പറയുന്നുണ്ട്‌. അപസ്മാര രോഗം ഉള്ള കുട്ടികളില്‍ നിന്നും ചെകുത്താനെ പുറത്താക്കുന്നതിനായി ചില പുരോഹിതന്മാര്‍ ഘോരമായ ദണ്ഡനങ്ങളും ആഭിചാരങ്ങളും ചെയ്തുപോരുന്നുണ്ട്‌.

ഹിന്ദുമതത്തിലെ ദിവ്യന്മാര്‍ എന്നഭിമാനിക്കുന്ന ചില തന്ത്രിമാര്‍ പുത്രലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിനും ചിലതരം ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്നതായി കേള്‍ക്കാറുണ്ട്‌. നിധികണ്ടെത്തുന്നതിനായി കുഞ്ഞുങ്ങളെ പിടിച്ചുകൊന്ന്‌ അവരുടെ ഹൃദയവും കണ്ണുമെല്ലാം ചൂഴ്‌ന്നെടുക്കുന്നതായി ഈ ആധുനിക യുഗത്തിലും കേള്‍ക്കുന്നുണ്ട്‌. മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ശൂലം കുത്തല്‍, ഗരുഡത്തൂക്ക്‌, തീക്കനലിലൂടെയുള്ള നടത്തം എന്നിവയും നമുക്കറിയാവുന്ന അനാചാരങ്ങളാണ്.


നോമ്പുകാലത്ത്‌ പകല്‍ ആഹാരം കഴിക്കാതിരിക്കുന്ന വൃതം സ്വീകരിച്ചിട്ടുള്ള ചില ഭക്തന്മാര്‍ വെള്ളം കുടിക്കുന്നില്ലെന്നു മാത്രമല്ല ഉമിനീര്‍പോലും തുപ്പിക്കളയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പ്രായപൂര്‍ത്തിയോടു ബന്ധപ്പെട്ട ഉത്സവങ്ങള്‍ നടത്തുമ്പോള്‍ ഇരുമ്പുകമ്പി തീയിലിട്ട്‌ പഴുപ്പിച്ച്‌ ശരീരത്തില്‍ പൊള്ളിക്കാറുണ്ട്‌. തന്‍പ്രമാണിത്വം കാണിക്കാന്‍ ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്തവരാണ്‌ ഇതെല്ലാം ചെയ്യുന്നത്‌.

അതുകൊണ്ടാണ്‌ അശാസ്ത്രീയവും ഘോരവുമായ തപസ്സുചെയ്യുന്നവര്‍ എന്ന്‌ ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത്‌. അവര്‍ ദംഭന്മാരും അഹങ്കാരികളുമാണ്‌. അവരുടെ പ്രധാന പ്രേരണകള്‍ കാമവും ക്രോധവുമാണ്‌. അത്‌ അവര്‍ക്ക്‌ ആസുരീരമായ ശക്തി നല്‍കുന്നു.

കര്‍മ്മഫലത്തില്‍ ഉണ്ടായിരിക്കുന്ന ഈ മാതിരി തെറ്റായ വിശ്വാസത്തെ ഉന്മൂലനം ചെയ്യണമെന്നു കരുതിയാണ്‌ ഭഗവദ്‌ ഗീതയില്‍ പല ശ്ലോകങ്ങളിലും വൈദിക കര്‍മ്മങ്ങളിലെ അനാചാരങ്ങളെ പുനഃപ്രവചനം ചെയ്തിട്ടുള്ളത്‌.

പ്രാകൃതികമായ മായയ്ക്കു നിഷേധാത്മകമായ ശക്തികളുണ്ട്‌. സത്യത്തെ മറയ്ക്കുക, ധര്‍മ്മത്തെ അപ്രാപ്യമാക്കുക എല്ലാം അതില്‍പ്പെടുന്നു. അതുകൊണ്ടാണ്‌ ഇവിടെ ഘോരമായ തപസ്സു ചെയ്യുന്നതിനുള്ള ശക്തി, കാമരാഗ ബലങ്ങളില്‍നിന്നും വരുന്നു എന്നു പറയുന്നത്‌. അവിടെ ദുഷ്കര്‍മ്മത്തിന്റെ കാരകത്വം ഇരിക്കുന്നത്‌ പ്രകൃതിയിലാണ്‌, ഈശ്വരനിലല്ല.

Wednesday, May 28, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം - 3)

അന്ധവിശ്വാസം
'അന്ധവിശ്വാസം' എന്ന് പറഞ്ഞ്‌ ആക്ഷേപിക്കുമ്പോള്‍ അതിനൊരു മാനദണ്ഡം വേണം. ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് പറയുകയാണെങ്കില്‍ "വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയാത്തതിലും സാര്‍വത്രികമായി പരീക്ഷണം നടത്താന്‍ കഴിയാത്തതിലും ഉള്ള വിശ്വാസം", എന്നത്‌ ഒരു പഴയ നിര്‍വ്വചനമാണ്‌. ഇവിടെ വിശദമാക്കാന്‍ ശ്രമിക്കുന്നത്‌ മതാധിഷ്ഠിതവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെയാണ്‌.

'ഭഗവദ്ഗീത' ഈ വിഷയത്തെ എങ്ങിനെ കാണുന്നുവെന്ന്‌ നോക്കാം.

അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്‌ കാമഹൈതുകം (16:8)

[ഈ ജഗത്‌, അസത്യവും ധാര്‍മ്മികമൂല്യമില്ലാത്തതും ഈശ്വരസാന്നിദ്ധ്യമില്ലാത്തതും ചിജ്ജഡപാരസ്പര്യമില്ലാത്തതും ആണെന്ന് ആസുരപ്രകൃതികളായ ജനങ്ങള്‍ പറയുന്നു. ഓരോ മനുഷ്യന്റെയും ആഗ്രഹവും ആവശ്യവും അനുസരിച്ചാണ്‌ എല്ലാം ഉണ്ടാകുന്നത്‌.]

ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോ/ല്‌പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ ക്ഷയായ ജഗതോ/ഹിതാഃ (16:9)

[ഇപ്രകാരമുള്ള വീക്ഷണത്തെ അവലംബിച്ചുകൊണ്ട്‌ മാനസികമായി ആത്മാവ്‌ നഷ്ടപ്പെട്ട ബുദ്ധിശൂന്യന്മാര്‍ അഹിതങ്ങളായ ഉഗ്രകര്‍മ്മങ്ങള്‍ ചെയ്തിട്ട്‌ ലോകത്തിന്റെ സര്‍വ്വനാശത്തിന്‌ കാരണക്കാരായിത്തീരുന്നു.]

കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാദ്ഗൃഹീത്വാ/സദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേ. (16:10)

[ഇത്തരക്കാര്‍, പൂര്‍ത്തീകരിക്കാനാവാത്ത ദംഭം, മാനം, മദം എന്നിവയെ ആശ്രയിച്ച്‌; അവിവേകം കൊണ്ട്‌, മനസ്സും ശരീരവും ശുദ്ധിവരുത്താത്തവരായിട്ട്‌ നല്ലതല്ലാത്ത ആഗ്രഹങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു.]

യഹൂദം, ക്രൈസ്തവം, ഇസ്ലാം എന്നീ ആസ്തിക മതങ്ങളിലും വൈഷ്ണവം, ശൈവം, ഗാണപത്യം, ശാക്തേയം, ജൈനം, ബൗദ്ധം എന്നീ മതങ്ങളിലും ദിവസവും ആചരിക്കേണ്ട പല കര്‍മ്മങ്ങളും അനുശാസിക്കുന്നുണ്ട്‌. എന്തെല്ലാം സദ്ഗുണങ്ങളോടുകൂടി ജീവിച്ചാലും അതാതു മതങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാത്തവരെ അവരുടെ അദ്ധ്യാത്മ നിഷ്ഠയില്‍ വൈകല്യമുള്ളവരായാണ്‌ എണ്ണിപ്പോരുന്നത്‌.

എല്ലാ ആസ്തിക മതാനുയായികളും ആത്മാവില്‍ വിശ്വസിക്കുന്നവരാണ്‌. ആത്മാവ്‌ നിത്യമാണെന്നും മരണാനന്തരം നിത്യജീവിതത്തിന്‌ അര്‍ഹരാണെന്നും വിശ്വസിക്കുന്നു. എന്നിട്ടും അവരവരുടെ മതാവലംബികളല്ലാത്തവരെ നിന്ദ്യരായിക്കാണുകയും വെറുക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നു.

മദ്ധ്യകാല യൂറോപ്പില്‍ ക്രിസ്തീയ വിശ്വാസമില്ല എന്ന കുറ്റം ആരോപിച്ച്‌ ജനങ്ങളെ ദണ്ഡനങ്ങള്‍ക്ക്‌ വിധേയരാക്കുകയും നിര്‍ദ്ദാക്ഷിണ്യം വധിക്കുകയും ചെയ്തിട്ടുണ്ട്‌. ഗലീലിയോയെപ്പോലുള്ള മഹന്മാരെപോലും ഒഴിവാക്കിയിട്ടില്ല. സെന്റ്‌ ഫ്രാന്‍സിസും കുരിശിന്റെ യോഹന്നാനും (സെന്റ്‌ ജോണ്‍ ഓഫ്‌ ദ ക്രോസ്‌) കത്തോലിക്ക സഭയില്‍ പെട്ടവരായിരുന്നിട്ടും സഭ തന്നെ നികൃഷ്ടമായ ദണ്ഡനത്തിനു വിധേയരാക്കി. മതവിരോധത്തിന്റെ പേരില്‍ നാസികള്‍ ലക്ഷക്കണക്കിന്‌ ജൂതരെ വിഷവാതകം കൊടുത്തു കൊന്നു. 'അനല്‍ ഹഖ്‌' എന്നു പറഞ്ഞതിന്‌ മന്‍സൂര്‍ ഹല്ലാജിനെ കഷണം കഷണമാക്കി തീയിലിട്ട്‌ ചാരം പുഴയിലൊഴുക്കി.

സ്നേഹനിധിയായ യേശുവിന്റെയും ദയാപരനായ അള്ളാഹുവിന്റെയും പേരില്‍ നടന്ന കുരിശുയുദ്ധത്തില്‍ ആയിരക്കണക്കിന്‌ നിരപരാധികള്‍ കൊല്ലപ്പെട്ടു.

ഇത്തരം ക്രൂരതകള്‍ ഒരു രാജ്യത്തിലോ ഒരു മതത്തിലോ മാത്രം ഒതുങ്ങുന്നതല്ല. ഏകദേശം 4000 വര്‍ഷത്തോളം ചാതുര്‍വര്‍ണ്ണ്യത്തിന്റെയും ജാതിയുടെയും പേരില്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും പാഴ്ക്കുണ്ടില്‍ തള്ളിയിടാനും ശിക്ഷിക്കാനുമാണ്‌ വൈദികരും ഭരണകര്‍ത്താക്കളും ചേര്‍ന്ന് കളമൊരുക്കിയത്‌.

സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന അമേരിക്കക്കാര്‍ ഡെമോക്രസിയാണോ സോഷ്യലിസമാണോ വലുതെന്ന് സ്ഥാപിക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങള്‍ ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന്‌ സ്വന്തം ജവാന്മാരുടെ മരണത്തിനിടയാക്കുകയും ചെയ്തു. വെറും സാങ്കല്‍പികമായ നന്മതിന്മകള്‍ തീരുമാനിക്കാന്‍ ഹിരോഷിമയിലേയ്ക്കും നാഗസാക്കിയിലേയ്ക്കും അണുബോംബയച്ചപ്പോള്‍ അമേരിക്കയിലെ ഏറ്റവും ഉന്നതന്മാരായ ക്രിസ്തീയ പുരോഹിതന്മാര്‍ ആ ബോംബുകളെ വാഴ്ത്തിയിട്ടാണ്‌ ജപ്പാനിലേക്കയച്ചത്‌.

മതവിശ്വാസങ്ങള്‍ക്കുമാത്രമല്ല ഇത്രയും ക്രൂരമായ അടഞ്ഞ ബുദ്ധിയുള്ളത്‌. രാഷ്ട്രീയമായ പ്രത്യയ ശാസ്ത്രങ്ങള്‍ ഏത്‌ അന്ധവിശ്വാസിയെയും തോല്‍പിക്കുന്നമാതിരി ഏകപക്ഷീയമാണ്‌. ഒരാശയം എല്ലാം തികഞ്ഞതാണെന്നു കരുതി അതില്‍ പെടാത്തതെല്ലാം അന്ധമാണെന്ന് പറയുന്നവരാണ്‌ ലോകത്തില്‍ അധികം പേരും.

(തുടരും.......)

Thursday, May 22, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-2)

പൗരോഹിത്യവും ചൂഷണവും.

ഉപനിഷത്‌ കാലത്തിനു മുമ്പുള്ള വൈദികര്‍, ഹിംസകൊണ്ടും അവിശുദ്ധമായ ആചാരങ്ങള്‍കൊണ്ടും യജ്ഞങ്ങള്‍ നടത്തി ദേവതകളെ പൂജിച്ചിരുന്ന കാലത്ത്‌, പ്രാഗ്‌ദ്രാവിഡരായ ഭാരതീയ നിവാസികള്‍ വേദത്തെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നു.

സാത്ത്വികരായ ഭാരതീയരുടെ സ്വാധീനം, അത്തരം ദൂഷിതമായിരിയ്ക്കുന്ന യജ്ഞങ്ങളെത്തന്നെ, പ്രതിരൂപാത്മകമായ അദ്ധ്യാത്മ രഹസ്യം വ്യാഖ്യാനിക്കുന്ന ഉപനിഷത്തുകളുടെ രചനയ്ക്ക്‌ കാരണമായി.


പില്‍ക്കാലത്ത്‌ ഓരോ വേദത്തെയും പുനഃപ്രവചനം ചെയ്തുകൊണ്ട്‌ എഴുതിയിട്ടുള്ള ഉപനിഷത്തുകളെ അതാതു വേദത്തിന്റെ അനുബന്ധമായി കരുതാനും, വേദം വേദാന്തം എന്ന വ്യത്യാസമില്ലാതെ വേദം എന്ന് എല്ലാറ്റിനെയും ചേര്‍ത്ത്‌ വിളിക്കാനും തുടങ്ങി. വേദവേദാന്തങ്ങളുടെ വ്യത്യാസം പുറത്തുകാട്ടാതെ ബ്രഹ്മവിദ്യയുടെ മഹിമ സ്മാര്‍ത്തന്മാരും അനുഭവിച്ചുപോന്നു. എന്നാല്‍ ഈ ഒളിച്ചുകളി ജ്ഞാനധാരയുടെ ശുദ്ധമായ ഒഴുക്കിനു വിഘാതം വരുത്തുന്നതായി മനസ്സിലാക്കിയതിനാലാണ്‌, ഭഗവത്ഗീതയില്‍ വേദത്തേയും വേദാന്തത്തേയും വേര്‍തിരിച്ച്‌ മനസ്സിലാക്കണമെന്ന്‌ പറഞ്ഞിരിയ്ക്കുന്നത്‌.

യാമിമാം പുഷ്പിതാം വചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതഃ പര്‍ത്ഥ നാന്യദസ്തീതി വാദിനഃ. (2:42)
കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതീം പ്രതി. (2:43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ. (2:44)

[അല്ലയോ അര്‍ജ്ജുന, വേദങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരും, വേദവിഹിതമായിട്ടുള്ളതിനേക്കാള്‍ അതീതമായ മറ്റൊന്നുമില്ലെന്നു പറയുന്നവരും, കാമത്താല്‍ നിറഞ്ഞിരിക്കുന്നവരും, വൈദികലക്ഷ്യമായ സ്വര്‍ഗ്ഗം തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായതെന്ന് കരുതുന്നവരുമായ അവിവേവികള്‍,
സുഖലോലുപമായ ഭോഗ്യവിഷയങ്ങള്‍ക്കുവേണ്ടി, സംസാരദുഃഖം പ്രദാനം ചെയ്യുന്ന നാനാതരം കര്‍മ്മങ്ങളെപ്പറ്റി, പുഷ്പിതമായ ഈ വാക്കുകളെ പറയുന്നുവോ ആ വാക്കുകളാല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരും, സുഖഭോഗങ്ങളിലും ഐശ്വര്യങ്ങളിലും ആസക്തിയുള്ളവരും ആയവര്‍ക്ക്‌ നിശ്ചയബുദ്ധി ആത്മശാന്തിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല.]

വേദത്തെ ഉപേക്ഷിക്കുവാന്‍ അസന്ദിഗ്ദ്ധമായിത്തന്നെ ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് കാണുന്നു. ഭാരതത്തിലെ ദാര്‍ശനികചരിത്രത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത്‌. പൗരോഹിത്യവും അതില്‍നിന്നുലഭിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രയോജനങ്ങളും വിട്ടുകളഞ്ഞിട്ട്‌ ശുദ്ധമായ ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വരുവാന്‍ ഇത്തരക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. പൗരോഹിത്യവും രാജകീയവാഴ്ചയും (ഇതിന്റെ ആധുനിക പതിപ്പും) അന്യോന്യം കൈകോര്‍ത്തു പിടിച്ചുകൊണ്ട്‌ ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവും പുരോഹിതനും ഒരേ മുട്ടയില്‍നിന്നും വിരിഞ്ഞുവന്ന രണ്ടു കഴുകന്മാരാണ്‌. ഒരുവന്‍ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു, മറ്റവന്‍ ജനത്തിന്റെ ആത്മാവിനെയും. രണ്ടുപേരും വഞ്ചകരാണ്‌; ചൂഷകരുമാണ്‌. ഇത്തരത്തില്‍ സ്വാര്‍ത്ഥമതികളായ ഇവര്‍ വേദത്തെയും അവരുടെ ചൂഷണത്തിന്റെ ഭാഗമായി ഒരു കാലത്ത്‌ ഉപയോഗിച്ചുവന്നിരുന്നു.

സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ഉരുവിട്ട്‌ അതിന്റെ പേരില്‍ മുതലെടുക്കുന്നവരെയാണ്‌ ഇവിടെ 'വേദവാദരതന്മാര്‍' എന്നു പറഞ്ഞിരുക്കുന്നത്‌. 'ചെകുത്താന്‍ വേദമോതുന്നു' എന്ന ക്രിസ്തീയവചനത്തിന്‌ സമാനമായി ഇതിനെ പരിഗണിക്കാം.

ചിലര്‍ ഭൂമിയിലെ സുഖഭോഗങ്ങള്‍ ലഭിക്കുന്നത്‌ ജീവിതത്തിന്റെ പരമോദ്ദേശ്യമായി കരുതുമ്പോള്‍ മറ്റുചിലര്‍ സ്വര്‍ഗ്ഗത്തില്‍ കിട്ടിയേക്കാവുന്ന സുഖാനുഭൂതികള്‍ സ്വപ്നം കണ്ടു നടക്കുന്നു. ഇത്‌ രണ്ടും ഗീതാചാര്യന്റെ വീക്ഷണത്തില്‍ ഒരുപോലെ നിന്ദ്യമാണ്‌. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവെച്ചുകൊണ്ട്‌ ഭോഗൈശ്വര്യങ്ങള്‍ കര്‍മ്മഫലമായി സിദ്ധിക്കും എന്നു കരുതി സങ്കീര്‍ണ്ണമായ യാഗാദി കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവരെയും 'ഗീത' സത്യസരണിയില്‍ നിന്നും വ്യതിചലിക്കുന്നവരായി കണക്കാക്കുന്നു.

Tuesday, May 20, 2008

സന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-1)

സന്യാസം

രണ്ട്‌ കള്ളസാമികളെ (അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവനെയും ഹിമവല്‍ഭദ്രാനന്ദയെയും) പോലിസ്‌ വലയില്‍ വീഴ്ത്തിയെന്നും ഇനിയുള്ള എല്ലാ സ്വാമിമാരെയും വലയിലാക്കണമെന്നും ഉല്‍ഘോഷിക്കുന്ന കുറെ വാര്‍ത്തകള്‍ നമ്മള്‍ എല്ലാവരും വായിച്ചു. ചില വാര്‍ത്തകളില്‍ ശുദ്ധമായ 'സംഘ്‌പരിവാര്‍' വിരോധം മാത്രം മുഴങ്ങിക്കേള്‍ക്കുന്നു. ഇതില്‍ ആക്ഷേപങ്ങളോടൊപ്പം കുറച്ചു വേറിട്ട അഭിപ്രായം കണ്ടത്‌ ഇവിടെയും ഇവിടെയും ഉണ്ട്‌.

ആരാധനാലയവും ആശുപത്രിയും അനാഥാലയവും പണിയാന്‍ ജട വളര്‍ത്തിയവരും താടി വളര്‍ത്തിയവരും തല വടിച്ചവരുമായ എല്ലാ ആസാമിമാര്‍ക്കും വിദേശ ഫണ്ടും വിദേശത്ത്‌ അടിച്ച ഇന്ത്യന്‍ കറന്‍സികളും ഒഴുകുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

എല്ലാവരോടുമായി ഒരു ചോദ്യം മാത്രം. സാധാരണക്കാരുടെ എത്ര ലക്ഷം രൂപ ഈ ആസാമിമാര്‍ തട്ടിയെടുത്തിട്ടുണ്ട്‌. 'സെറാഫിന്‍' എന്ന സ്ത്രീയില്‍ നിന്ന് വാങ്ങിയ തുകയില്‍ 25 ലക്ഷം ജ്യോതിഷ ഉപദേശത്തിനാണ്‌ അമൃതപൂര്‍ണ്ണാനന്ദ വകയിരുത്തിയിട്ടുള്ളത്‌. കച്ചവടത്തില്‍ പാര്‍ട്‌ണര്‍ ആക്കുകയും വ്യഭിചാരത്തിന്‌ കൂട്ടുനില്‌ക്കുകയും ചെയ്യുന്ന പരിഷകളെയാണ്‌ ഇവിടെ 'സാമികള്‍' എന്ന് അഭിസംബോധന ചെയ്യുന്നത്‌. തിരണ്ടിവാലുകൊണ്ട്‌ അടിക്കേണ്ടതും മുളകരച്ചു തേക്കേണ്ടതും ഇവര്‍ക്കു സ്തുതിഗീതം പാടുന്നവരെയല്ലെ.

നമ്മള്‍ വഞ്ചിക്കപ്പെട്ടു എന്നു പറയേണ്ടിവരുന്നത്‌ നമ്മുടെ സ്വഭാവവിശേഷങ്ങളായ അജ്ഞത, അന്ധവിശ്വാസം, അഹങ്കാരം, അത്യാഗ്രഹം എന്നിവ മൂലമാണ്‌. ഇതിന്റെ ഫലം എന്തായാലും അനുഭവിക്കാതിരിക്കില്ല.

സന്ന്യാസി, യോഗി മുതലായ ജീവിത പാരമ്പര്യത്തിന്‌ ചില ചിട്ടകളും ജീവിതമൂല്യങ്ങളും ഉണ്ട്‌. കാഷായവേഷധാരികളായി ആശ്രമങ്ങളിലോ മഠങ്ങളിലോ കഴിയുന്ന ജടാധാരികളെ സന്ന്യാസികള്‍ എന്നു വിളിച്ചുപോരാറുണ്ട്‌. സന്ന്യാസ ദീക്ഷവാങ്ങി ബാഹ്യലക്ഷണങ്ങള്‍ കൊണ്ടുമാത്രം സന്ന്യാസി എന്ന പേരില്‍ ഹിന്ദുമതത്തിലും, ബുദ്ധമതത്തിലും, ജൈനമതത്തിലും, ക്രിസ്തുമതത്തിലും ആരാധ്യരായി കഴിയുന്നവരുണ്ട്‌. അവര്‍ക്ക്‌ സാമൂഹ്യസമ്മതിയുണ്ടെന്നല്ലാതെ അവരാരും ഭഗവത്ഗീത വിവക്ഷിക്കുന്ന നിത്യസന്ന്യാസിമാരല്ല. പിന്നെ 'ശങ്കരാചാര്യര്‍' പറയുന്ന മാതിരി "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന നിലയിലും സന്ന്യാസിമാരെ കാണാറുണ്ട്‌.
ഇനി 'ഭഗവദ്ഗീത' എന്തു പറയുന്നു എന്നു നോക്കാം.

ജ്ഞേയഃ സ നിത്യസന്ന്യാസീ യോ ന്‍ ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദോ ഹി മഹാബാഹോ സുഖം ബന്ധാത്‌ പ്രമുച്യതേ (5:3)

[ഒന്നിനെയും ആഗ്രഹിക്കാതെയും ഒന്നിനെയും ദ്വേഷിക്കാതെയും ഇരിക്കുന്നവന്‍ നിത്യസന്ന്യാസിയാണെന്ന് മനസ്സിലാക്കുക. അല്ലയോ അര്‍ജ്ജുന, രാഗദ്വേഷാദി ദ്വന്ദ്വങ്ങളില്ലാത്തവന്‍ സംസാരബന്ധത്തില്‍ നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു.]

ആത്മൗപമ്യേന സര്‍വ്വത്ര സമം പശ്യതി യോ //ര്‍ജ്ജുന
സുഖം വാ യദി വ ദുഃഖം സ യോഗീ പരമോ മതഃ (6:32)


[അല്ലയോ അര്‍ജ്ജുന, മറ്റുള്ളവരുടെ സുഖദു:ഖങ്ങള്‍ തന്റേതെന്നപോലെ തുല്യമായി കാണുന്ന യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം.]

Sunday, May 11, 2008

ജനനവും മരണവും

ചിജ്ജഡസംയോഗമാണ്‌ പ്രപഞ്ചം. പ്രപഞ്ചാനുഭവം ചിജ്ജഡങ്ങളുടെ സംയോഗമാണെങ്കില്‍ ഇവയുടെ സ്വരൂപമെന്താണ്‌.
ചിത്ത്‌ എന്താണ്‌? ജഡമെന്താണ്‌?

ചിത്ത്‌, ഉണ്ടാകാത്തതും നശിയ്ക്കാത്തതുമായ ശാശ്വത സത്തയാണ്‌.
ഉണ്ടായി നശിയ്ക്കുന്നതായി കാണപ്പെടുന്നതെല്ലാം ജഡമാണ്‌.

ജനനം, വളര്‍ച്ച, ക്ഷയം, നാശം ഇവയെല്ലാം ജഡത്തിന്റെ സ്വഭാവങ്ങളാണ്‌. ഒരു സ്വഭാവ പരിണാമവുമില്ലാതെ എന്നും ഒന്നുപോലെ വിലസുന്നതാണ്‌ ചിത്ത്‌.
നിരന്തരം പരിണമിയ്ക്കുന്നതും, ഒരിയ്ക്കലും പരിണമിയ്ക്കാത്തതുമായ രണ്ടു ഘടകങ്ങളുടെ കൂടിച്ചേരലാണ്‌ പ്രപഞ്ചം എന്ന്‌ അറിഞ്ഞാല്‍ത്തന്നെ സത്യവും അസത്യവും വേര്‍പിരിഞ്ഞുകിട്ടും.

ഉണ്ടാകാതെ, നശിയ്ക്കാതെ കാണപ്പെടുന്നത്‌ സത്യം.
ഉണ്ടായി നശിയ്ക്കുന്നത്‌ അസത്യം.

ഈ നിര്‍വ്വചനമനുസരിച്ച്‌, ജഡത്തിന്റെ വ്യാപ്തി ഏതുവരെയാകാം..

അതിസൂക്ഷ്മമായ ശക്തിസ്പന്ദനം വരെ 'ജഡം' എന്നാണ്‌ വേദാന്തം സിദ്ധാന്തിച്ചിട്ടുള്ളത്‌.

ചിജ്ജഡങ്ങള്‍ പാരസ്പര്യപ്പെട്ട്‌ ജീവന്‌ ശരീരത്തെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍, അനവധി വിയോഗങ്ങളില്‍ കൂടിയും, സംയോഗങ്ങളില്‍ക്കൂടിയും അതിന്‌ കടന്നുപോകേണ്ടതായിട്ടുണ്ട്‌.

ഓരോ വിയോഗത്തിലും മരണമുണ്ട്‌. ഓരോ സംയോഗത്തിലും ജനനമുണ്ട്‌.

ആദ്യത്തെ വിയോഗം, പിതൃശരീരത്തില്‍ നിന്നും ബീജത്തിനുണ്ടാവുന്നതാണ്‌.
ബീജം പിതാവിനെ വിട്ട്‌, മാതാവിന്റെ അണ്ഡാശയത്തിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നത്‌, പിതാവില്‍ നിന്നും മരണം പ്രാപിച്ചാണ്‌.
മാതാവില്‍ ജനനത്തെ സ്വീകരിയ്ക്കുകയും ചെയ്യുന്നു.
എല്ലാ വിയോഗങ്ങളും, ആഴത്തില്‍ ദു:ഖം ഉളവാക്കുന്നതാണ്‌.
അച്ഛനെ വിട്ടുപോകുന്നതായിരിയ്ക്കും ഒരു പ്രജയുടെ ആദ്യത്തെ ദു:ഖം. ബീജം അണ്ഡത്തില്‍ ഗര്‍ഭിതമായതിനുശേഷം, പ്രജ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പത്തുമാസം സുരക്ഷിതമായി വസിയ്ക്കുന്നു. പിന്നെ, അമ്മയോട്‌ വിട പറയേണ്ട ദിവസം, അമ്മയില്‍ നിന്നുള്ള വിയോഗം മാത്രമല്ല; പ്രജയുടെ മരണം കൂടിയാണ്‌.
പ്രജ മരിച്ചിട്ട്‌ ശിശു ജനിയ്ക്കുന്നു.
ബോധാവസ്ഥയില്‍ അല്ലെങ്കില്‍പ്പോലും, അബോധാവസ്ഥയില്‍ ഏറ്റവും വലിയ ആകാംക്ഷയും പ്രതിരോധപ്രവണതയും ഉണ്ടാക്കുന്ന നിമിഷമാണത്‌.
**********************************************************************************
ശ്രീനാരായണഗുരുദേവന്റെ "ചിജ്ജഡചിന്തനം" വായിച്ചപ്പോള്‍ ഭഗവദ്ഗീതയിലെ (13:8- ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യമനഹങ്കാര ഏവ ച ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം) എന്ന ഈ ശ്ലോകവുമായി അതിന്‌ ബന്ധമുണ്ടെന്നു തോന്നി. ചിജ്ജഡചിന്തനത്തിന്റെ ആമുഖവും ഗീതാശ്ലോകത്തിന്റെ വ്യാഖ്യാനവും ചേര്‍ന്നതാണ്‌ ഈ കുറിപ്പ്‌.

*********************************************************************************
വായനക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെട്ട കുറെ നല്ല സുഹൃത്തുക്കളാണ്‌ ബൂലോകത്തേയ്ക്ക്‌ കടന്നുവരാന്‍ എനിയ്ക്ക്‌ പ്രചോദനമായത്‌. ജീവിതാനുഭവങ്ങളില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളില്‍ ചിലത്‌ ഇവിടെ കുറിയ്ക്കുന്നു.
*********************************************************************************