Wednesday, May 28, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം - 3)

അന്ധവിശ്വാസം
'അന്ധവിശ്വാസം' എന്ന് പറഞ്ഞ്‌ ആക്ഷേപിക്കുമ്പോള്‍ അതിനൊരു മാനദണ്ഡം വേണം. ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് പറയുകയാണെങ്കില്‍ "വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയാത്തതിലും സാര്‍വത്രികമായി പരീക്ഷണം നടത്താന്‍ കഴിയാത്തതിലും ഉള്ള വിശ്വാസം", എന്നത്‌ ഒരു പഴയ നിര്‍വ്വചനമാണ്‌. ഇവിടെ വിശദമാക്കാന്‍ ശ്രമിക്കുന്നത്‌ മതാധിഷ്ഠിതവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെയാണ്‌.

'ഭഗവദ്ഗീത' ഈ വിഷയത്തെ എങ്ങിനെ കാണുന്നുവെന്ന്‌ നോക്കാം.

അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്‌ കാമഹൈതുകം (16:8)

[ഈ ജഗത്‌, അസത്യവും ധാര്‍മ്മികമൂല്യമില്ലാത്തതും ഈശ്വരസാന്നിദ്ധ്യമില്ലാത്തതും ചിജ്ജഡപാരസ്പര്യമില്ലാത്തതും ആണെന്ന് ആസുരപ്രകൃതികളായ ജനങ്ങള്‍ പറയുന്നു. ഓരോ മനുഷ്യന്റെയും ആഗ്രഹവും ആവശ്യവും അനുസരിച്ചാണ്‌ എല്ലാം ഉണ്ടാകുന്നത്‌.]

ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോ/ല്‌പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ ക്ഷയായ ജഗതോ/ഹിതാഃ (16:9)

[ഇപ്രകാരമുള്ള വീക്ഷണത്തെ അവലംബിച്ചുകൊണ്ട്‌ മാനസികമായി ആത്മാവ്‌ നഷ്ടപ്പെട്ട ബുദ്ധിശൂന്യന്മാര്‍ അഹിതങ്ങളായ ഉഗ്രകര്‍മ്മങ്ങള്‍ ചെയ്തിട്ട്‌ ലോകത്തിന്റെ സര്‍വ്വനാശത്തിന്‌ കാരണക്കാരായിത്തീരുന്നു.]

കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാദ്ഗൃഹീത്വാ/സദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേ. (16:10)

[ഇത്തരക്കാര്‍, പൂര്‍ത്തീകരിക്കാനാവാത്ത ദംഭം, മാനം, മദം എന്നിവയെ ആശ്രയിച്ച്‌; അവിവേകം കൊണ്ട്‌, മനസ്സും ശരീരവും ശുദ്ധിവരുത്താത്തവരായിട്ട്‌ നല്ലതല്ലാത്ത ആഗ്രഹങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു.]

യഹൂദം, ക്രൈസ്തവം, ഇസ്ലാം എന്നീ ആസ്തിക മതങ്ങളിലും വൈഷ്ണവം, ശൈവം, ഗാണപത്യം, ശാക്തേയം, ജൈനം, ബൗദ്ധം എന്നീ മതങ്ങളിലും ദിവസവും ആചരിക്കേണ്ട പല കര്‍മ്മങ്ങളും അനുശാസിക്കുന്നുണ്ട്‌. എന്തെല്ലാം സദ്ഗുണങ്ങളോടുകൂടി ജീവിച്ചാലും അതാതു മതങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാത്തവരെ അവരുടെ അദ്ധ്യാത്മ നിഷ്ഠയില്‍ വൈകല്യമുള്ളവരായാണ്‌ എണ്ണിപ്പോരുന്നത്‌.

എല്ലാ ആസ്തിക മതാനുയായികളും ആത്മാവില്‍ വിശ്വസിക്കുന്നവരാണ്‌. ആത്മാവ്‌ നിത്യമാണെന്നും മരണാനന്തരം നിത്യജീവിതത്തിന്‌ അര്‍ഹരാണെന്നും വിശ്വസിക്കുന്നു. എന്നിട്ടും അവരവരുടെ മതാവലംബികളല്ലാത്തവരെ നിന്ദ്യരായിക്കാണുകയും വെറുക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നു.

മദ്ധ്യകാല യൂറോപ്പില്‍ ക്രിസ്തീയ വിശ്വാസമില്ല എന്ന കുറ്റം ആരോപിച്ച്‌ ജനങ്ങളെ ദണ്ഡനങ്ങള്‍ക്ക്‌ വിധേയരാക്കുകയും നിര്‍ദ്ദാക്ഷിണ്യം വധിക്കുകയും ചെയ്തിട്ടുണ്ട്‌. ഗലീലിയോയെപ്പോലുള്ള മഹന്മാരെപോലും ഒഴിവാക്കിയിട്ടില്ല. സെന്റ്‌ ഫ്രാന്‍സിസും കുരിശിന്റെ യോഹന്നാനും (സെന്റ്‌ ജോണ്‍ ഓഫ്‌ ദ ക്രോസ്‌) കത്തോലിക്ക സഭയില്‍ പെട്ടവരായിരുന്നിട്ടും സഭ തന്നെ നികൃഷ്ടമായ ദണ്ഡനത്തിനു വിധേയരാക്കി. മതവിരോധത്തിന്റെ പേരില്‍ നാസികള്‍ ലക്ഷക്കണക്കിന്‌ ജൂതരെ വിഷവാതകം കൊടുത്തു കൊന്നു. 'അനല്‍ ഹഖ്‌' എന്നു പറഞ്ഞതിന്‌ മന്‍സൂര്‍ ഹല്ലാജിനെ കഷണം കഷണമാക്കി തീയിലിട്ട്‌ ചാരം പുഴയിലൊഴുക്കി.

സ്നേഹനിധിയായ യേശുവിന്റെയും ദയാപരനായ അള്ളാഹുവിന്റെയും പേരില്‍ നടന്ന കുരിശുയുദ്ധത്തില്‍ ആയിരക്കണക്കിന്‌ നിരപരാധികള്‍ കൊല്ലപ്പെട്ടു.

ഇത്തരം ക്രൂരതകള്‍ ഒരു രാജ്യത്തിലോ ഒരു മതത്തിലോ മാത്രം ഒതുങ്ങുന്നതല്ല. ഏകദേശം 4000 വര്‍ഷത്തോളം ചാതുര്‍വര്‍ണ്ണ്യത്തിന്റെയും ജാതിയുടെയും പേരില്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും പാഴ്ക്കുണ്ടില്‍ തള്ളിയിടാനും ശിക്ഷിക്കാനുമാണ്‌ വൈദികരും ഭരണകര്‍ത്താക്കളും ചേര്‍ന്ന് കളമൊരുക്കിയത്‌.

സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന അമേരിക്കക്കാര്‍ ഡെമോക്രസിയാണോ സോഷ്യലിസമാണോ വലുതെന്ന് സ്ഥാപിക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങള്‍ ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന്‌ സ്വന്തം ജവാന്മാരുടെ മരണത്തിനിടയാക്കുകയും ചെയ്തു. വെറും സാങ്കല്‍പികമായ നന്മതിന്മകള്‍ തീരുമാനിക്കാന്‍ ഹിരോഷിമയിലേയ്ക്കും നാഗസാക്കിയിലേയ്ക്കും അണുബോംബയച്ചപ്പോള്‍ അമേരിക്കയിലെ ഏറ്റവും ഉന്നതന്മാരായ ക്രിസ്തീയ പുരോഹിതന്മാര്‍ ആ ബോംബുകളെ വാഴ്ത്തിയിട്ടാണ്‌ ജപ്പാനിലേക്കയച്ചത്‌.

മതവിശ്വാസങ്ങള്‍ക്കുമാത്രമല്ല ഇത്രയും ക്രൂരമായ അടഞ്ഞ ബുദ്ധിയുള്ളത്‌. രാഷ്ട്രീയമായ പ്രത്യയ ശാസ്ത്രങ്ങള്‍ ഏത്‌ അന്ധവിശ്വാസിയെയും തോല്‍പിക്കുന്നമാതിരി ഏകപക്ഷീയമാണ്‌. ഒരാശയം എല്ലാം തികഞ്ഞതാണെന്നു കരുതി അതില്‍ പെടാത്തതെല്ലാം അന്ധമാണെന്ന് പറയുന്നവരാണ്‌ ലോകത്തില്‍ അധികം പേരും.

(തുടരും.......)

7 comments:

പാര്‍ത്ഥന്‍ said...

'അന്ധവിശ്വാസം' എന്ന് പറഞ്ഞ്‌ ആക്ഷേപിക്കുമ്പോള്‍ അതിനൊരു മാനദണ്ഡം വേണം.
***********
പുതിയ പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വയം അന്ധമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്, ജനത്തിന് വിവേചനബിദ്ധി നഷ്ടപ്പെട്ട്റ്റുകൊണ്ടിരിക്കുകയാണ്...

വിശ്വാസങ്ങളെ അന്ധമായിക്കാണുന്നതിനുമപ്പുറം സത്യത്തെ തേടിയുള്ള യാത്ര ഇല്ലാതെ പോകുന്നു

കയ്യെഴുത്ത് said...

പ്രിയ പാര്‍ത്ഥന്‍,
താങ്കളെഴുതിയത് വായിച്ചു. നന്നായിരിക്കുന്നു. എഴുത്ത് ഇനിയും തുടരുക. മതം എന്ന വാക്കിന് കേവലം ആഭിപ്രായം എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. അതിനാല്‍ തന്നെ മതത്തിന് മതഭേതവുമുണ്ടാ‍യിരിക്കും.താങ്കള്‍ക്ക്‌ ഒരു അഭിപ്രായമുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക്‌ മറ്റൊരു അഭിപ്രായവുമുണ്ടായിരിക്കുമല്ലോ. തങ്ങളുടെ അഭിപ്രായത്തിനെതിരായ കാര്യങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുവാനോ സമീപിക്കുവാനോ സെമസ്റ്റിക്ക്‌ മതങ്ങള്‍ക്ക്‌ കഴിയാത്തതാണ് അവരുടെ ക്രൂരതകള്‍ക്ക്‌ അടിസ്ഥാനം. അതേ സമയം ഭാരതീയമായ ചിന്താധാരകള്‍ക്കെല്ലാം തന്നെ ഈ സഹിഷ്ണുതയുണ്ടായിരുന്നതാണ് ഇവിടെ ചാര്‍വക ദര്‍ശനങ്ങളും, അദ്വൈതവും, ദ്വൈതവും, തുടങ്ങി വ്യത്യസ്ഥ ചിന്താധാരകള്‍ ഒരുമിച്ചു പോകാന്‍ കാരണം.ഭഗവദ്‌ ഗീത മുഴുവന്‍ അര്‍ജുനനു ഉപദേശിച്ച ശേഷം കൃഷ്ണന്‍ പറഞ്ഞു “ഹേ, അര്‍ജ്ജുനാ ഈ പറഞ്ഞതു മുഴുവന്‍ എന്റെ മതമാണ്(അഭിപ്രായമാണ്) വിമര്‍ശനബുദ്ധിയോടെ ചിന്തിച്ചതിന് ശേഷം മാത്രം സ്വീകരിക്കുക.”അതിനാല്‍ തന്നെയാണ് ഹൈന്ദവ ജീവിത രീതികളെ അവയുടെ ആകെത്തുകയെ ധര്‍മ്മം എന്നു വിളിക്കുന്നത്. എക്കാലത്തും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥത്തില്‍ സനാതനം എന്നും കൂട്ടിച്ചേര്‍ത്ത് സനാതന ധര്‍മമം എന്നു വിളിക്കുന്നു. ധര്‍മ്മത്തിന്‌ ഭേദം ഒന്നേയുള്ളൂ അത് അധര്‍മ്മം മാത്രമാണ്. അതിനാല്‍ തന്നെ അതൊരിക്കലും മതമാകുന്നില്ല. അതിനു സഹിഷ്ണുതയോടെ എല്ലാറ്റിനേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. അതുകൊണ്‍ട്തന്നെ ലോകത്തില്‍ എവിടെയെല്ലാം മതത്തിന്റെ ക്രൂരതകള്‍ കൊണ്ട് ജനങ്ങള്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടൊ അവരെ ഭാരതം സ്വീകരിച്ചിട്ടുണ്ട്. അവര്‍ ഭാരതത്തിനെന്തുനല്‍കി എന്നത് മറ്റൊരു ചോദ്യം?

സസ്നേഹം
മിനീഷ്
mineeshvk@gmail.com

കാവലാന്‍ said...

സ്പഷ്ടമായി വിവരിച്ചിരിക്കുന്നു..... അഭിനന്ദനങ്ങള്‍.

കുറേ വരികള്‍ എടുത്തു പറയാനുണ്ട് എങ്കിലും,

"ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും പാഴ്ക്കുണ്ടില്‍ തള്ളിയിടാനും ശിക്ഷിക്കാനുമാണ്‌ വൈദികരും ഭരണകര്‍ത്താക്കളും ചേര്‍ന്ന് കളമൊരുക്കിയത്‌."

ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത് ഇതു തന്നെയാണെന്നാണ് തോന്നുന്നത്
ഏറ്റവും ഉന്നതമായ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട വിദ്യാഭ്യാസപ്രക്രിയ ലഭേച്ഛയോടെ വാണിജ്യതന്ത്രങ്ങളാല്‍ ഭരിയ്ക്കപ്പെടുന്നു.രാജ്യത്തേയും ജനത്തേയും സംരക്ഷിക്കേണ്ട ഭരണസംവിധാനം രാഷ്ട്രീയവ്യവസായത്തിന്റെ അതിപ്രസരത്താല്‍ കടമ മറന്നിരിക്കുന്നു.ചിന്തിക്കേണ്‍തും ഉണരേണ്ടതും ഓരോരുത്തരുമാണ് മതവും രാഷ്ട്രീയവും പുതപ്പിച്ച കട്ടിക്കമ്പിളിക്കുള്ളില്‍നിന്ന് പുറത്തു വന്ന് ഉണര്‍വോടെ കാണേണ്ടിയിരിക്കുന്നു ലോകത്തെ.

ഓടോ; എവിടെ!
ഏറ്റവും നല്ലത് എന്തെന്നാല്‍ എല്ലാം നന്നായി നടക്കുന്നു എന്നുചിന്തിക്കുന്നതാണ് അതിനിടയില്‍ ഇല്ല ചിലതൊന്നും ശരിയല്ല എന്നു ചിന്തിക്കുന്നത് കുറേയേറെ തലവേദന തരുന്നു.

മുരളി മേനോന്‍ (Murali Menon) said...

നല്ല ശ്രമം. ഭാവുകങ്ങള്‍!! പക്ഷെ ഒന്നോര്‍ക്കണം, എല്ലാ മലയാളികളും ബുദ്ധിജീവികളാണ്. അവരുടെ ബുദ്ധിയെ തോണ്ടുന്ന ഒന്നിനേയും സഹിക്കാനുള്ള കരുത്ത് അവനില്ല, ജാഗ്രതൈ!!!

NB: മതങ്ങളും, പ്രവാചകരുമൊക്കെ ഉണ്ടാവുന്നതിനു മുമ്പ് മനുഷ്യര്‍ കൂട്ടമായ് ജീവിച്ചിരുന്നു. പ്രകൃതിശക്തികളായിരുന്നു അവരുടെ ദൈവം. എന്നുവെച്ചാല്‍ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം അവനെ ഭയപ്പെടുത്തുന്ന ഏതൊരു വസുതുവിനേയും അവന്‍ ആരാധനയോടെ കണ്ടു. അപ്പോള്‍ പിന്നെ ഇന്ന് മനുഷ്യന്‍ വെട്ടിമരിക്കുന്നത് എന്തിനുവേണ്ടിയാണ്?

എന്റെ വിശ്വാസം വളരെ ലളിതമാണ്. ഒരുവന്റെ വിശ്വാസം അവനെ തുണയ്ക്കുമെങ്കില്‍ അത് അവന്‍ ആചരിക്കട്ടെ, പക്ഷെ അത് മറ്റൊരുത്തന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാ‍കരുത്. എനിക്ക് പാടാനിഷ്ടം ഇപ്പോഴും വയലാറിന്റെ വരികളാണ്.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും, മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു, മനസ്സു പങ്കു വെച്ചു”

G.manu said...

ബൂലോകത്തിനഭിമാനമായ ബ്ലോഗ്.
കനപ്പെട്ട ലേഖനങ്ങളുമായി യാത്ര തുടരൂ മാഷേ..


(ദൈവങ്ങളും, മതങ്ങളും ഇല്ലാത്തെ ഒരു ലോകം ഉണ്ടായുരുന്നെങ്കില്‍..കുറെ ചോരച്ചൊരിച്ചില്‍ ഒഴിവായേനെ)

അമ്പിളി ശിവന്‍ said...

മനു പറഞ്ഞതിനോടു ഞാനും യോജിക്കുന്നു.

ദൈവങ്ങളും മതങ്ങളുമില്ലാത്ത, അതിരുകളും സിംഹാസനങ്ങളുമില്ലാത്ത ഒരു ലോകമുണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു...

ഏതു ജാതിയായാലും മതമായാലും കണ്ണീരിനും ചോരക്കും എന്താണ് വ്യത്യാസം. ലോകത്തെ ഏറ്റവും കളങ്കമറ്റ വസ്തു കുട്ടികളുടെ കണ്ണുകളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവിടെയുണ്ടോ ജാതിക്കും മതത്തിനും സ്ഥാനം.

അവിടെ മുതല്‍ തന്നെ വിഷം കുത്തിവച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു തലമുറയേ ഓര്‍ത്തു ദുഃഖിക്കുന്നു. വരും നാളുകള്‍ നന്മ പ്രകാശിക്കുമെന്ന് പ്രത്യാശിക്കുന്നു.

മനുഷ്യന്‍ മനുഷ്യനേക്കളധികം ഈ ലോകത്തു പ്രസക്തിയില്ലാത്ത ദൈവങ്ങളേക്കൂറിച്ച് ആലോചിക്കുന്നതെന്തിനാണെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. അവിടെ നിന്ന് കാര്യമായ പ്രതികരണമൊന്നും ലഭിക്കാതെ വരുമ്പോഴാണ് മനുഷ്യ ദൈവങ്ങളെ ആശ്രയിക്കുന്നത്. അവനവന്‍റെ കര്‍മ്മം വീഴ്ച വരുത്താതെ നിര്‍വ്വഹിക്കുകയാണ് ദൈവഹിതമെന്ന്

പാര്‍ത്ഥാ... ഉപദേശം കിട്ടിയവനല്ലേ..

ഉപദേശിക്കൂ...