Tuesday, May 20, 2008

സന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-1)

സന്യാസം

രണ്ട്‌ കള്ളസാമികളെ (അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവനെയും ഹിമവല്‍ഭദ്രാനന്ദയെയും) പോലിസ്‌ വലയില്‍ വീഴ്ത്തിയെന്നും ഇനിയുള്ള എല്ലാ സ്വാമിമാരെയും വലയിലാക്കണമെന്നും ഉല്‍ഘോഷിക്കുന്ന കുറെ വാര്‍ത്തകള്‍ നമ്മള്‍ എല്ലാവരും വായിച്ചു. ചില വാര്‍ത്തകളില്‍ ശുദ്ധമായ 'സംഘ്‌പരിവാര്‍' വിരോധം മാത്രം മുഴങ്ങിക്കേള്‍ക്കുന്നു. ഇതില്‍ ആക്ഷേപങ്ങളോടൊപ്പം കുറച്ചു വേറിട്ട അഭിപ്രായം കണ്ടത്‌ ഇവിടെയും ഇവിടെയും ഉണ്ട്‌.

ആരാധനാലയവും ആശുപത്രിയും അനാഥാലയവും പണിയാന്‍ ജട വളര്‍ത്തിയവരും താടി വളര്‍ത്തിയവരും തല വടിച്ചവരുമായ എല്ലാ ആസാമിമാര്‍ക്കും വിദേശ ഫണ്ടും വിദേശത്ത്‌ അടിച്ച ഇന്ത്യന്‍ കറന്‍സികളും ഒഴുകുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

എല്ലാവരോടുമായി ഒരു ചോദ്യം മാത്രം. സാധാരണക്കാരുടെ എത്ര ലക്ഷം രൂപ ഈ ആസാമിമാര്‍ തട്ടിയെടുത്തിട്ടുണ്ട്‌. 'സെറാഫിന്‍' എന്ന സ്ത്രീയില്‍ നിന്ന് വാങ്ങിയ തുകയില്‍ 25 ലക്ഷം ജ്യോതിഷ ഉപദേശത്തിനാണ്‌ അമൃതപൂര്‍ണ്ണാനന്ദ വകയിരുത്തിയിട്ടുള്ളത്‌. കച്ചവടത്തില്‍ പാര്‍ട്‌ണര്‍ ആക്കുകയും വ്യഭിചാരത്തിന്‌ കൂട്ടുനില്‌ക്കുകയും ചെയ്യുന്ന പരിഷകളെയാണ്‌ ഇവിടെ 'സാമികള്‍' എന്ന് അഭിസംബോധന ചെയ്യുന്നത്‌. തിരണ്ടിവാലുകൊണ്ട്‌ അടിക്കേണ്ടതും മുളകരച്ചു തേക്കേണ്ടതും ഇവര്‍ക്കു സ്തുതിഗീതം പാടുന്നവരെയല്ലെ.

നമ്മള്‍ വഞ്ചിക്കപ്പെട്ടു എന്നു പറയേണ്ടിവരുന്നത്‌ നമ്മുടെ സ്വഭാവവിശേഷങ്ങളായ അജ്ഞത, അന്ധവിശ്വാസം, അഹങ്കാരം, അത്യാഗ്രഹം എന്നിവ മൂലമാണ്‌. ഇതിന്റെ ഫലം എന്തായാലും അനുഭവിക്കാതിരിക്കില്ല.

സന്ന്യാസി, യോഗി മുതലായ ജീവിത പാരമ്പര്യത്തിന്‌ ചില ചിട്ടകളും ജീവിതമൂല്യങ്ങളും ഉണ്ട്‌. കാഷായവേഷധാരികളായി ആശ്രമങ്ങളിലോ മഠങ്ങളിലോ കഴിയുന്ന ജടാധാരികളെ സന്ന്യാസികള്‍ എന്നു വിളിച്ചുപോരാറുണ്ട്‌. സന്ന്യാസ ദീക്ഷവാങ്ങി ബാഹ്യലക്ഷണങ്ങള്‍ കൊണ്ടുമാത്രം സന്ന്യാസി എന്ന പേരില്‍ ഹിന്ദുമതത്തിലും, ബുദ്ധമതത്തിലും, ജൈനമതത്തിലും, ക്രിസ്തുമതത്തിലും ആരാധ്യരായി കഴിയുന്നവരുണ്ട്‌. അവര്‍ക്ക്‌ സാമൂഹ്യസമ്മതിയുണ്ടെന്നല്ലാതെ അവരാരും ഭഗവത്ഗീത വിവക്ഷിക്കുന്ന നിത്യസന്ന്യാസിമാരല്ല. പിന്നെ 'ശങ്കരാചാര്യര്‍' പറയുന്ന മാതിരി "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന നിലയിലും സന്ന്യാസിമാരെ കാണാറുണ്ട്‌.
ഇനി 'ഭഗവദ്ഗീത' എന്തു പറയുന്നു എന്നു നോക്കാം.

ജ്ഞേയഃ സ നിത്യസന്ന്യാസീ യോ ന്‍ ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദോ ഹി മഹാബാഹോ സുഖം ബന്ധാത്‌ പ്രമുച്യതേ (5:3)

[ഒന്നിനെയും ആഗ്രഹിക്കാതെയും ഒന്നിനെയും ദ്വേഷിക്കാതെയും ഇരിക്കുന്നവന്‍ നിത്യസന്ന്യാസിയാണെന്ന് മനസ്സിലാക്കുക. അല്ലയോ അര്‍ജ്ജുന, രാഗദ്വേഷാദി ദ്വന്ദ്വങ്ങളില്ലാത്തവന്‍ സംസാരബന്ധത്തില്‍ നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു.]

ആത്മൗപമ്യേന സര്‍വ്വത്ര സമം പശ്യതി യോ //ര്‍ജ്ജുന
സുഖം വാ യദി വ ദുഃഖം സ യോഗീ പരമോ മതഃ (6:32)


[അല്ലയോ അര്‍ജ്ജുന, മറ്റുള്ളവരുടെ സുഖദു:ഖങ്ങള്‍ തന്റേതെന്നപോലെ തുല്യമായി കാണുന്ന യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം.]

11 comments:

പാര്‍ത്ഥന്‍ said...

മുണ്ഡനം ചെയ്തതുകൊണ്ടോ ജടചൂടിയായിരിക്കുന്നതുകൊണ്ടോ രുദ്രാക്ഷമണിയുന്നതുകൊണ്ടോ കാഷായാംബരധാരിയായിരിക്കുന്നതുകൊണ്ടോ ഒരുവന്‍ സന്ന്യാസിയായിത്തീരുന്നില്ല. അവന്‍ സന്ന്യസിക്കുന്നത്‌ തിന്മയെയും തെറ്റിനെയും അസത്യത്തെയും ഇരുളിനെയും വെറുപ്പിനെയുമാണ്‌.

അനു said...

ഒരുവഴിക്ക് ഈ വിഭാഗത്തോടുള്ള എതിര്‍പ്പ്...

മറുവഴിക്ക് ഹിന്ദുസമൂഹം കൂടി അപമാനിതരാകുന്ന അവസ്ഥ..

നന്നായി.. നല്ല ഭാഷയില്‍ ഈ വിഷയം കൈകാര്യം ചെയ്തല്ലോ..

അഭിലാഷങ്ങള്‍ said...

പാര്‍ത്ഥാ, നന്നായി.
വിഷയം കാലികപ്രസക്തം.

വേദങ്ങളും, ഉപനിഷത്തുക്കളും മാനവസമൂഹത്തിന് കാണിച്ചുതന്ന സന്യാസിവര്യന്മാരുടെ യഥാര്‍ത്ഥ രൂപത്തിനും ഭാവത്തിനും കര്‍മ്മത്തിനും ധര്‍മ്മത്തിനും യശസ്സിനുമൊക്കെ അപകീര്‍ത്തിയുണ്ടാക്കുവാന്‍ നാടുമുഴുവന്‍ ‘സ്വാ‍മി പലപല ചൈതന്യ’മാര്‍ തിങ്ങിനിറയുന്ന ഈ വേളയില്‍ ‘സന്യാസം’ എന്ന വിഷയം ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെ.

ഒരു ‘യഥാര്‍ത്ഥ സന്യാസി‘ എങ്ങിനെയുള്ള ആളായിരിക്കണമെന്ന് ഭഗവത് ഗീതയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സന്യാസി ‘സ്ഥിതപ്രജ്ഞന്‍‘ ആയിരിക്കണം. ബ്രഹ്മനിഷ്ഠ് കൈവരിച്ച സിദ്ധപുരുഷനെയാണല്ലോ സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നത്.

ഗീതയില്‍ സാംഖ്യയോഗത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ വ്യക്തമാക്കുന്ന പോലെ:

“ദുഃഖേഷു അനുദ്വിഗ്നമനഃ
സുഖേഷു വിഗതസ്‌പൃഹഃ
വിതരാഗഭയ ക്രോധഃ
സ്ഥിതധീര്‍ മുനിരുച്യതേ”

സുഖങ്ങളില്‍ ഒട്ടും ആഗ്രഹമില്ലാത്തവനും, ദുഖഃങ്ങളില്‍ അചഞ്ചലമായ മനസ്സോടുകൂടിയവനും, രാഗമോ (Attachment), ഭയമോ, ക്രോധമോ അശേഷം ഇല്ലാത്തവനുമായ മുനിയെ സ്ഥിതപ്രജ്ഞന്‍ എന്ന് പറയാം. ഒരു യഥാര്‍ത്ഥ യോഗിക്ക് വേണ്ട ഗുണഗണങ്ങളുടെ ഒരു ശതമാനമെങ്കിലും (1%), ഇന്ന് സമൂഹത്തില്‍ കാണുന്ന കള്ള സന്യാസിമാര്‍ അനുവര്‍ത്തിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

(‘ക്രോധം” തീരെയില്ലാത്ത ഒരു ‘ഹിമവല്‍ സന്യാസി’യാണല്ലോ നിറതോക്കുമായി നിയമപാലകരുടെ തട്ടകത്തില്‍ കയറി താണ്ഡവമാടിയത്.. ആ-സാമി കീ ജയ്.. നല്ല ബെസ്റ്റ് സ്വാമി!)

ഗീതയില്‍ തന്നെ ധ്യാനയോഗത്തില്‍ വ്യക്തമാക്കുന്നത് പോലെ:

“അനാശ്രിതഃ കര്‍മഫലം
കാര്യം കര്‍മ കരോതി യഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്‍ ന ചാക്രിയഃ“

‘കര്‍മ്മഫലം‘ ആഗ്രഹിക്കാതെ കര്‍ത്തവ്യകര്‍മ്മത്തെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ സന്യാസിയും യോഗിയും. ഈ പോസ്റ്റില്‍ ജ്യോതിഷ ഉപദേശത്തിന് 25 ലക്ഷം പ്രതിഫലം വാങ്ങിയ ആ ‘സാമി’ ‘കര്‍മ്മഫലം ചോദിച്ചുവാങ്ങി‘യതായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

“നഹ്യ സംന്യസ്തസങ്കല്‍‌പോ
യോഗീ ഭവതി കശ്‌ചന“

ഇത് മറ്റൊരു പ്രധനകാര്യം, അതായത്, ചഞ്ചലമായ മനസ്സിന്റെയുള്ളില്‍ രൂപപ്പെടുന്ന മനോവ്യാപാരങ്ങളാണ് ‘സങ്കല്പങ്ങള്‍‘ (Desire for Self Satisfaction), അത് പൂര്‍ണ്ണമായി ഉപേക്ഷിക്കാത്ത ഒരുവനും യഥാര്‍ത്ഥ സന്യാസിയായിത്തീരുന്നില്ല.

ഈ കലികാലത്തില്‍ നമുക്കുചുറ്റും കാണുന്ന എല്ലാ കള്ളസന്യാസിമാരുടെയും ‘സങ്കല്പങ്ങളില്‍‘, സ്വത്തും, പണവും, തട്ടിപ്പും വഞ്ചനയും, എല്ലാവിധ സുഖസൌകര്യങ്ങളും നിറഞ്ഞ ജീവിതവുമൊക്കെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത.

“ആരുരുക്ഷോര്‍മുനേര്‍‌യോഗം
കര്‍മകാരണമുച്യതേ
യോഗാരൂഡസ്യ തസ്യൈവ
ശമഃ കാരണമുച്യതേ“

സന്യാസം(യോഗം) ആരോഹണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മുനിക്ക് “നിഷ്‌കാമകര്‍മ്മവും“, സന്യാസത്തില്‍ ആരൂഡനായ ആള്‍ക്ക് “കാമക്രോധാദികള്‍ ഇല്ലാത്ത അവസ്ഥ“യായ ശമവും! എന്നാണ് വിവക്ഷ. അങ്ങിനെയിരിക്കെ ഇന്ന് നാട്ടില്‍കാണുന്ന (കള്ള)സ്വാമിമാരുടെ പേരില്‍ നിത്യവും ലൈംഗീകപീഢനത്തിന്റെ കഥകളും പരാതികളുമായി പെണ്‍കുട്ടികള്‍ രംഗത്ത് വരുന്ന കാഴ്ചയാണ് നാം കാണ്ടുകൊണ്ടിരിക്കുന്നത്. അശരണരായ പെണ്‍‌കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍ക്കുക എന്ന നല്ല ‘കര്‍മ്മ‘ത്തിന്റെ മറവില്‍, അവരെത്തന്നെ കാമപൂര്‍ത്തീകരണത്തിനായി ഉപയോഗിക്കുന്ന വെറും യന്ത്രങ്ങളായി മാറ്റിയ അമൃതചൈതന്യയെപോലുള്ളവര്‍ സത്യത്തില്‍ കളങ്കിതമാക്കിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ബ്രഹ്മനിഷ്ഠകൈവരിച്ച് സമൂഹത്തില്‍ നന്മകള്‍ മാത്രം ചെയ്തുവരുന്ന യഥാര്‍ത്ഥ സന്യാസി സമൂഹത്തിന്റെ യശസ്സിനെയാണ്. ആ കളങ്കം മാറ്റണമെങ്കില്‍ സമൂഹത്തില്‍ ഇന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സസുഖം വാഴുന്ന കാഷായവേഷമണിഞ്ഞ കള്ളന്മാരെ ജനം തിരിച്ചറിയണം. നല്ലത് മാത്രം തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടായാല്‍, കാവിചുറ്റിയ എന്ത് കണ്ടാലും കൈകൂപ്പി, കൈയ്യില്‍ ദക്ഷിണയുമായി അവരെ സമീപിക്കുന്ന പ്രവണത ഒരു പരിധിവരെയെങ്കിലും അവസാനിപ്പിക്കാന്‍ കഴിയും.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും, ഇത്തരം ആസാമിമാര്‍, അഥവാ ‘സ്വമി ഫ്രോഡാനന്ദചൈത്രന്യ‘ മാര്‍ പിടിക്കപ്പെടുമ്പോള്‍, കാഷായവസ്ത്രമണിഞ്ഞ സര്‍വ്വരും ഫ്രോഡുകള്‍ ആണ് എന്ന രീതിയിലുള്ള കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതായും കാണുന്നു. അതും സമൂഹത്തിന് ഒരിക്കലും നന്മ ചെയ്യില്ല...

അതിമഹത്തരമായ ഒരു സംസ്കാരം കാത്തുസൂക്ഷിച്ചുപോരുന്ന ഭാരതഭൂമിയിലെ ഒരോ മണ്‍‌തരിക്കും, നല്ലതുമാത്രം സ്വീകരിക്കാന്‍ കഴിയുമാറാകട്ടെ.. അതുപോലെ സാക്ഷരരും സംസ്കാരസമ്പന്നരുമായ കേരളീയജനതയ്ക്കും നന്മകള്‍ മാത്രം തിരിച്ചറിയുവാനും സ്വീകരിക്കാനും കഴിയുമാറാകട്ടെ എന്ന ‘അഭിലാഷങ്ങളുമായി’..... ഞാന്‍ വിടവാങ്ങട്ടെ..

ഓഫ് ടോപ്പിക്ക്:

പാര്‍ത്ഥാ, സീരിയസ്സായി വല്ലതും എഴുതിയാലും അതിന്റെ അടിയില്‍ അല്പം ‘ജഗപൊക’ കുത്തിക്കയറ്റാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല. ശീലമായിപ്പോയി. :-) അതോണ്ട്, ഒരു ചോദ്യം ചോദിക്കാം.

ചോദ്യം:(കള്ള)സ്വാമിമാര്‍ ഏത് കോഴ്സ് പാസായാണ് സന്യാസിയാകുന്നത്?

അറിയാമോ? ഇല്ല അല്ലേ?

ഉത്തരം: അത് ഒരു Three Year കോഴ്സ് ആണ്.
കോഴ്സിന്റെ പേര്: ‘ബാച്ചിലര്‍ ഓഫ് സന്യാ-സി’

സിലബസ്സ്:

ഒന്നാം വര്‍ഷം: “സന്യ-എ“

വിഷയം: വഞ്ചന, കള്ളപ്പണം സ്വരൂപിക്കല്‍, ആളുകളെ വശീകരിക്കല്‍, ബ്ലാക്ക് മണികൊണ്ട് അളവറ്റ സ്വത്ത് വാങ്ങിക്കൂട്ടല്‍, ആശ്രമം പണിയലും അതിന്റെ വെബ്സൈറ്റ് ഉണ്ടാക്കലും, ശിഷ്യസമ്പാദനം & പ്രചരണം

രണ്ടാം വര്‍ഷം: “സന്യ-ബി”

വിഷയം: ലൈംഗീകപീഢനം, നീലച്ചിത്രനിര്‍മ്മാണം, ലൈസന്‍സുള്ള തോക്ക് സമ്പാദിക്കല്‍ തുടങ്ങി എല്ലാ വിധ ‘ഡിങ്കോള്‍ഫി കാ സുഡാല്ഫി‘കളും..

മൂന്നാം വര്‍ഷം: “സന്യ-സി”

വിഷയം: സന്യ-A യും, സന്യ-B യും പാസായാല്‍ പിന്നെ ഫൈനല്‍ ഇയര്‍, “സന്യ-സി”! സമൂഹത്തിലെ ഉന്നതരെ ചാക്കിലാക്കുകയാണ് പ്രധാന വിഷയം. ‘കര്‍മ്മ’ങ്ങളില്‍ അവരെക്കൂടെ പങ്കെടുപ്പിച്ച് മാധ്യമശ്രദ്ധ നേടുക എന്നതാണ് മൂന്നാം വര്‍ഷത്തെ പ്രധാന പ്രോജക്റ്റ്. ഉന്നതരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായാല്‍ പ്രത്യേക മാര്‍ക്ക് ഉണ്ട്, കേട്ടോ. ഇങ്ങനെയൊക്കെ ആയാല്‍ ‘SANYA-C‘ എന്ന ത്രീ ഇയര്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാം...

കലികാലം...! ശംഭോ മഹാദേവാ.....!!!

:-)

കുഞ്ഞന്‍ said...

പാര്‍ത്ഥന്‍ മാഷെ..

നല്ലൊരു പോസ്റ്റ്..

എത്ര അപബോധം ഉണ്ടാക്കിയാലും എന്നെ തല്ലേണ്ട അമ്മാവ ഞാന്‍ നന്നാവൂലാ എന്ന് പറയുന്ന ഞാനടക്കമുള്ള സമൂഹം..!

അടുത്ത ഭാഗവും ഉടനെ പോസ്റ്റുക.

അഭിലാഷിന്റെ അഭിപ്രായവും നന്നും പോസ്റ്റിന് കൂടുതല്‍ തിളക്കവും നല്‍കുന്നു.

അഭിലാഷ് സ്വാമിയുടെ സന്യാസിയുടെ നിര്‍വ്വചനം വളരെ രസകരമായി.. എനിക്കൊരു സന്ദേഹം ഇത്ര ഗഹനമായി അഭിലാഷ് ഇത് പറയണമെങ്കില്‍, തീര്‍ച്ചയായും ഒരു സ്വാമിയാകാനുള്ള തയ്യാറെടുപ്പുകള്‍ അഭിലാഷ് നടത്തുന്നുണ്ട് (തമാശയാണേ)

പാര്‍ത്ഥന്‍ said...

അമന്റുകള്‍ എഴുതിയ അമ്പിളി ശിവനും, അഭിലാഷിനും, കുഞ്ഞനും വളരെ വളരെ നന്ദിയുണ്ട്‌. കുറച്ചു പേര്‍ക്കെങ്കിലും ഇതുകൊണ്ട്‌ ഗുണമുണ്ടായാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഇത്‌ വായിച്ചു പോയവര്‍ക്കെല്ലാം നന്ദി.
അഭിലാഷേ, പോസ്റ്റിനേക്കാള്‍ വലിയ വിശദീകരണത്തോടുകൂടിയ ഈ കമന്റ്‌ സ്വന്തമായി പോസ്റ്റാക്കാമായിരുന്നില്ലേ. സന്ന്യാസത്തെക്കുറിച്ച്‌ ഗീതയില്‍തന്നെ ഇനിയും ശ്ലോകങ്ങളുണ്ട്‌. പോസ്റ്റിന്‌ നീളം കൂട്ടേണ്ട എന്നു കരുതിയാണ്‌.

സുല്‍ |Sul said...

സന്യാസത്തെക്കുറിച്ച് കൂടുതലായറിയാന്‍ ഈ ലേഖനം ഉപകാരപ്പെടുമെന്നു കരുതട്ടെ.

അമ്പിളി ശിവന്‍ പറയുന്ന രീതിയില്‍ ഹിന്ദു സമൂഹം മുഴുവന്‍ അപമാനിതരാകേണ്ട ഒരു കാര്യവും ഈ പ്രശ്നത്തില്‍ ഇല്ലെന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. എല്ലാ സമൂഹങ്ങളിലും കാണും ഇത്തരം കണ്ണില്‍ കരടുകള്‍ എന്നറിയാത്തവര്‍ ആരാണുള്ളത്?

ഓടോ : സാമിയാണോ സ്വാമിയാണൊ ശരി?

അഭീ: സന്യാ-സി ക്ഷ പിടിച്ചുട്ടോ.

-സുല്‍

ഉപാസന || Upasana said...

Pപ്രിയ പാര്‍ത്ഥന്‍,

നന്നായി ഈ ഓര്‍മിപ്പിക്കല്‍.
സാമിവേട്ട അരങ്ങ് തകര്‍ക്കുന്ന ഈ വേളയില്‍ ഈ വേറിട്ട ശബ്ദത്തിന് ഒരു കൂപ്പുകൈ.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

പാര്‍ത്ഥന്‍ said...

സുല്‍ - നന്ദി. സാമി എന്നും സ്വാമി എന്നും പറയും. ഇവിടെ സാമിയെന്ന് എഴുതിയ സ്ഥലത്ത്‌ 'ആ-സാമി' എന്നു വായിക്കണം. അല്ലാത്തിടത്ത്‌ 'സ്വാമി' എന്ന പ്രയോഗം തന്നെ ഉത്തമം.
--------
ഉപാസന, അഭിപ്രായത്തിന്‌ നന്ദി.

Avanthika said...

പാര്‍ത്ഥന്‍ജി വളരെ പ്രസക്തമായ ഒരു വിഷയം അതിലേറെ ലളിതമായി അവതരിപ്പിച്ചതിനു താങ്കള്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഒന്നൊ രണ്ടൊ ആത്മീയ വ്യാപാരികളുടെ ദുഷ്ചെയ്തികള്‍ നിമിത്തം, ഭാരതീയ ആത്മീയതയുടെ വെളിച്ചം ലോകത്തിനു പകര്‍ന്നു നല്‍കിയ ശ്രീ സ്വാമി വിവേകാനന്ദനെയും ശ്രീ ശങ്കരാചാര്യരെയും പോലുള്ള സന്യാസി ശ്രേഷ്ടന്‍മാരെ പോലും പരസ്യമായി പുലഭ്യം പറഞ്ഞു നടക്കുന്ന വലരെ അപകടകരമായ രീതിയിലേയ്ക്ക്‌ കര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. വാമചാരികളായ മറ്റ്‌ ചിലരോ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി ഭരതീയ സന്യാസിപരമ്പരയിലെ ശ്രേഷ്ടങ്ങളായ പല ആശയങ്ങളെയും അവയുടെ പ്രചാരകന്‍മാരായി ജീവിതം ഉഴിഞ്ഞു വെച്ച്‌ സമൂഹത്തിണ്റ്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന പുണ്യാത്മക്കളേയും അതിക്രൂരമായി നെരിടാന്‍ ഉറച്ച്‌ മുന്നോട്ട്‌ വരുന്നു. ഇത്‌ അനീതിയാണു, ഈ പ്രവണത നന്നല്ല എന്നു ആരെങ്കിലും പറയാന്‍ ശ്രമിച്ചാലൊ, അവരെ വര്‍ഗ്ഗീയ കോമരങ്ങള്‍ എന്ന ഒമന പേരു നല്‍കി സംഘടിതമായി നേരിടുന്ന ഒരു അവസ്ത ഇന്ന്‌ ഭൂലോകത്ത്‌ മാത്രമല്ല ബൂലോകത്തും വളരെ പ്രകടമായി കാണുന്നുണ്ട്‌.

തുടര്‍ന്നും എഴുതുക. എലാവിധ ഭാവുകങ്ങളും നേരുന്നു. ആശംസകള്‍.

ഹരിയണ്ണന്‍@Hariyannan said...

ഈ ദുര്‍വ്വാസാവ് കോപം ഹോള്‍സെയിലാക്കിയ ആളല്ലാരുന്നോ?

ഇടക്കിടക്ക് ഇന്ദ്രന്‍സ് അയച്ചുകൊടുക്കുന്ന ഉര്‍വശി,മേനക,രംഭ ഇത്യാദിനടികളുമായിച്ചേര്‍ന്ന് നീലപ്പടത്തിന്റെ കേസും കാസറ്റുമില്ലാത്തവരും കുറവല്ലേ?

ഭക്തിയോടെ കടത്തുകടത്താന്‍ വന്ന കന്യകയെ മേഘമല്‍ഹാറുണ്ടാക്കി പീഢിപ്പിച്ചവരുമില്ലേ?

ഇപ്പോഴത്തെ സാമിമാര്‍ക്ക് സന്യാസമെന്നാല്‍ ഈ കഥയുടെ ഉപരിപ്ലവമായ “അനുഭവം” മാത്രമാണെന്നുതോന്നുന്നു!

പാര്‍ത്ഥന്‍ said...

അവന്തിക, ഹരിയണ്ണന്‍ - നന്ദി.
പക്ഷെ, ഹരിയണ്ണന്റെ ഈ കമന്റ്‌
(ഇത്യാദിനടികളുമായിച്ചേര്‍ന്ന് നീലപ്പടത്തിന്റെ കേസും കാസറ്റുമില്ലാത്തവരും കുറവല്ലേ?) ഉള്‍ക്കൊള്ളാനാവുന്നില്ല. വിശദീകരണം വല്ലതും ?

പിന്നെ ഒരു സത്യമുള്ളത്‌, ഈ ഉര്‍വ്വശി രംഭമാര്‍ ഒന്നൊരുങ്ങിവന്ന്‌ പഞ്ചബാണമെയ്താല്‍ ഒരുസന്ന്യാസിയും അതില്‍ നിന്ന്‌ രക്ഷപ്പെടില്ല, തീര്‍ച്ച.

ബി.പി. യുള്ളതുകൊണ്ട്‌ നമ്മളൊക്കെ രക്ഷപ്പെടും. ബ്രഹ്മചാരികളല്ലാത്ത സന്ന്യാസിമാര്‍ക്ക്‌ ആ പ്രശ്നം ഇല്ലല്ലോ.