Thursday, May 22, 2008

സന്ന്യാസം, പൗരോഹിത്യം, അന്ധവിശ്വാസം. (ഭാഗം-2)

പൗരോഹിത്യവും ചൂഷണവും.

ഉപനിഷത്‌ കാലത്തിനു മുമ്പുള്ള വൈദികര്‍, ഹിംസകൊണ്ടും അവിശുദ്ധമായ ആചാരങ്ങള്‍കൊണ്ടും യജ്ഞങ്ങള്‍ നടത്തി ദേവതകളെ പൂജിച്ചിരുന്ന കാലത്ത്‌, പ്രാഗ്‌ദ്രാവിഡരായ ഭാരതീയ നിവാസികള്‍ വേദത്തെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നു.

സാത്ത്വികരായ ഭാരതീയരുടെ സ്വാധീനം, അത്തരം ദൂഷിതമായിരിയ്ക്കുന്ന യജ്ഞങ്ങളെത്തന്നെ, പ്രതിരൂപാത്മകമായ അദ്ധ്യാത്മ രഹസ്യം വ്യാഖ്യാനിക്കുന്ന ഉപനിഷത്തുകളുടെ രചനയ്ക്ക്‌ കാരണമായി.


പില്‍ക്കാലത്ത്‌ ഓരോ വേദത്തെയും പുനഃപ്രവചനം ചെയ്തുകൊണ്ട്‌ എഴുതിയിട്ടുള്ള ഉപനിഷത്തുകളെ അതാതു വേദത്തിന്റെ അനുബന്ധമായി കരുതാനും, വേദം വേദാന്തം എന്ന വ്യത്യാസമില്ലാതെ വേദം എന്ന് എല്ലാറ്റിനെയും ചേര്‍ത്ത്‌ വിളിക്കാനും തുടങ്ങി. വേദവേദാന്തങ്ങളുടെ വ്യത്യാസം പുറത്തുകാട്ടാതെ ബ്രഹ്മവിദ്യയുടെ മഹിമ സ്മാര്‍ത്തന്മാരും അനുഭവിച്ചുപോന്നു. എന്നാല്‍ ഈ ഒളിച്ചുകളി ജ്ഞാനധാരയുടെ ശുദ്ധമായ ഒഴുക്കിനു വിഘാതം വരുത്തുന്നതായി മനസ്സിലാക്കിയതിനാലാണ്‌, ഭഗവത്ഗീതയില്‍ വേദത്തേയും വേദാന്തത്തേയും വേര്‍തിരിച്ച്‌ മനസ്സിലാക്കണമെന്ന്‌ പറഞ്ഞിരിയ്ക്കുന്നത്‌.

യാമിമാം പുഷ്പിതാം വചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതഃ പര്‍ത്ഥ നാന്യദസ്തീതി വാദിനഃ. (2:42)
കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതീം പ്രതി. (2:43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ. (2:44)

[അല്ലയോ അര്‍ജ്ജുന, വേദങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരും, വേദവിഹിതമായിട്ടുള്ളതിനേക്കാള്‍ അതീതമായ മറ്റൊന്നുമില്ലെന്നു പറയുന്നവരും, കാമത്താല്‍ നിറഞ്ഞിരിക്കുന്നവരും, വൈദികലക്ഷ്യമായ സ്വര്‍ഗ്ഗം തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായതെന്ന് കരുതുന്നവരുമായ അവിവേവികള്‍,
സുഖലോലുപമായ ഭോഗ്യവിഷയങ്ങള്‍ക്കുവേണ്ടി, സംസാരദുഃഖം പ്രദാനം ചെയ്യുന്ന നാനാതരം കര്‍മ്മങ്ങളെപ്പറ്റി, പുഷ്പിതമായ ഈ വാക്കുകളെ പറയുന്നുവോ ആ വാക്കുകളാല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരും, സുഖഭോഗങ്ങളിലും ഐശ്വര്യങ്ങളിലും ആസക്തിയുള്ളവരും ആയവര്‍ക്ക്‌ നിശ്ചയബുദ്ധി ആത്മശാന്തിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല.]

വേദത്തെ ഉപേക്ഷിക്കുവാന്‍ അസന്ദിഗ്ദ്ധമായിത്തന്നെ ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് കാണുന്നു. ഭാരതത്തിലെ ദാര്‍ശനികചരിത്രത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത്‌. പൗരോഹിത്യവും അതില്‍നിന്നുലഭിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രയോജനങ്ങളും വിട്ടുകളഞ്ഞിട്ട്‌ ശുദ്ധമായ ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വരുവാന്‍ ഇത്തരക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. പൗരോഹിത്യവും രാജകീയവാഴ്ചയും (ഇതിന്റെ ആധുനിക പതിപ്പും) അന്യോന്യം കൈകോര്‍ത്തു പിടിച്ചുകൊണ്ട്‌ ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവും പുരോഹിതനും ഒരേ മുട്ടയില്‍നിന്നും വിരിഞ്ഞുവന്ന രണ്ടു കഴുകന്മാരാണ്‌. ഒരുവന്‍ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു, മറ്റവന്‍ ജനത്തിന്റെ ആത്മാവിനെയും. രണ്ടുപേരും വഞ്ചകരാണ്‌; ചൂഷകരുമാണ്‌. ഇത്തരത്തില്‍ സ്വാര്‍ത്ഥമതികളായ ഇവര്‍ വേദത്തെയും അവരുടെ ചൂഷണത്തിന്റെ ഭാഗമായി ഒരു കാലത്ത്‌ ഉപയോഗിച്ചുവന്നിരുന്നു.

സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ഉരുവിട്ട്‌ അതിന്റെ പേരില്‍ മുതലെടുക്കുന്നവരെയാണ്‌ ഇവിടെ 'വേദവാദരതന്മാര്‍' എന്നു പറഞ്ഞിരുക്കുന്നത്‌. 'ചെകുത്താന്‍ വേദമോതുന്നു' എന്ന ക്രിസ്തീയവചനത്തിന്‌ സമാനമായി ഇതിനെ പരിഗണിക്കാം.

ചിലര്‍ ഭൂമിയിലെ സുഖഭോഗങ്ങള്‍ ലഭിക്കുന്നത്‌ ജീവിതത്തിന്റെ പരമോദ്ദേശ്യമായി കരുതുമ്പോള്‍ മറ്റുചിലര്‍ സ്വര്‍ഗ്ഗത്തില്‍ കിട്ടിയേക്കാവുന്ന സുഖാനുഭൂതികള്‍ സ്വപ്നം കണ്ടു നടക്കുന്നു. ഇത്‌ രണ്ടും ഗീതാചാര്യന്റെ വീക്ഷണത്തില്‍ ഒരുപോലെ നിന്ദ്യമാണ്‌. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവെച്ചുകൊണ്ട്‌ ഭോഗൈശ്വര്യങ്ങള്‍ കര്‍മ്മഫലമായി സിദ്ധിക്കും എന്നു കരുതി സങ്കീര്‍ണ്ണമായ യാഗാദി കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവരെയും 'ഗീത' സത്യസരണിയില്‍ നിന്നും വ്യതിചലിക്കുന്നവരായി കണക്കാക്കുന്നു.

3 comments:

പാര്‍ത്ഥന്‍ said...

ഏതു മതമെടുത്തുനോക്കിയാലും അതിലൊരു ജീവിതദര്‍ശനവും പെരുമാറ്റച്ചിട്ടയും കാണാം.
ദര്‍ശനം അവ്യക്തമോ മലിനമോ ആയിതുടങ്ങുമ്പോള്‍ ആചാരങ്ങള്‍ തലക്കനമുള്ളതായിത്തീരുന്നു.

ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളം കൃമികീടങ്ങളെ വളര്‍ത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തില്‍ ഗുണത്തിനു പകരം ദോഷത്തെ ചെയ്യുന്നവയായി പരിണമിക്കുന്നു.

പാര്‍ത്ഥന്‍ said...

എന്റെ പോസ്റ്റിലെ ഒരു ആശയം ഇന്നലെ കുമ്മനം രാജശേഖരന്‍ ഏഷ്യാനറ്റ്‌ ചാനലില്‍ പറഞ്ഞപ്പോള്‍, ഈ പൊതു സത്യം വിളിച്ചുപറയുന്നവര്‍ ഇനിയും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നി.
എന്റെ വരികള്‍ ..
പൗരോഹിത്യവും രാജകീയവാഴ്ചയും (ഇതിന്റെ ആധുനിക പതിപ്പും) അന്യോന്യം കൈകോര്‍ത്തു പിടിച്ചുകൊണ്ട്‌ ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവും പുരോഹിതനും ഒരേ മുട്ടയില്‍നിന്നും വിരിഞ്ഞുവന്ന രണ്ടു കഴുകന്മാരാണ്‌.

(കുമ്മനം പറഞ്ഞത്‌, രഷ്ട്രീയ നേതാക്കന്മാരും കപടസന്ന്യാസിമാരും തമ്മിലുള്ള രഹസ്യബന്ധം മറനീക്കി പുറത്തുകൊണ്ടുവരണം എന്നാണ്‌.)

kaithamullu : കൈതമുള്ള് said...

പാര്‍ത്ഥാ,
കമെന്റ് അടുത്ത ഭാഗം കൂടി വന്ന ശേഷം ഇടാമെന്ന് കരുതുന്നു.

(കുമ്മനം എന്തെങ്കിലും ആത്മാര്‍ത്ഥതതയോടെയാണീ വിളിച്ച് പറയുന്നത് എന്നെനിക്ക് തോന്നുന്നില്ല)