Monday, May 30, 2011

വിഭൂതി‘വിഭൂതി’  ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. വിഭൂതി എന്നാൽ, വിസ്തരിക്കാനുള്ളത്, മായകൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നൊക്കെയാണ് ആദ്ധ്യാത്മികമായ അർത്ഥം. പ്രപഞ്ചത്തെ നാമരൂപങ്ങളാക്കി പെരുപ്പിച്ച് കാണിക്കുന്നത് മായയാണ്. ‘വിഭൂതി’യ്ക്ക് ഐശ്വര്യം, ശക്തി, വലുപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നെല്ലാം അർത്ഥം കാണാം. പക്ഷെ ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾക്ക് ‘വിഭൂതി’ എന്നാൽ കഞ്ഞിവെള്ളത്തിൽ ഭസ്മം കുഴച്ച് ഉണക്കി ഗുളികയാക്കി ചില ദിവ്യന്മാർ ഭക്തന്മാർക്ക് കൊടുക്കുന്ന പൊടി മാത്രമാണ്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ‘വിഭൂതിയോഗം’ എന്താണെന്ന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ഒരു മതത്തിലെ വ്യവസ്ഥാപിതമായ താല്പര്യങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇവിടെ വിഭൂതിവർണ്ണന നടത്തിയിരിക്കുന്നത്. എക്കാലത്തും ലോകത്ത് എവിടെയും മനുഷ്യജാതിക്ക് പ്രിയങ്കരമായിരിക്കുന്ന അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ പരാമർശിക്കുന്നുണ്ട്.

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ.

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.

‘വിഭൂതി’ എന്താണെന്ന് ഒന്നുകൂടി വിശദമാക്കാം. ഒരു വൃക്ഷത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിന്റെ തടികൊണ്ടും, ഇലകൊണ്ടും, പൂവുകൊണ്ടും, ഫലംകൊണ്ടും ഒരു വൃക്ഷത്തെ അറിയുന്നു. അവയെല്ലാം വൃക്ഷത്തിന്റെ വിഭൂതികളാണ്. വൃക്ഷത്തിന്റെ ഈ വിഭൂതികൾ മാത്രമെ നമുക്ക് ഗോചരമായിട്ടുള്ളൂ. ഈശ്വരൻ അഗോചരനാണെങ്കിലും ഈശരന്റെ ഐശ്വര്യാദി അനന്ത കല്യാണഗുണങ്ങളെ നാം പ്രതിനിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന് ശരീരം എങ്ങനെയാണോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത. അതിൽ നമുക്ക് നിത്യപരിചയമുള്ള നിത്യകല്യാണഗുണങ്ങളെ ഇവിടെ വിഭൂതിയായി എടുത്തു പറയുന്നു.

സൃഷ്ടിക്ക് വെളിയിൽ സ്രഷ്ടാവിനെ വച്ചിരിക്കുന്നതിൽക്കൂടിയാണ് മതപരമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും പൌരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളർന്നു പടർന്നു കിടക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിജാലങ്ങളും ഒന്നുതന്നെയാണെന്ന് കരുതുന്നതാണ് കുറെകൂടി ഔചിത്യം എന്നാണ് ശങ്കരാചാര്യരുടെ വീക്ഷണം.

(യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിലെ വിഭൂതിയോഗത്തിൽ നിന്നുള്ള ചില വ്യാഖ്യാനങ്ങൾ ഇവിടെ പകർത്തുന്നു.)

“ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശിഃ” (ഭ.ഗീ. 10:21)

[ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു. പ്രകാശമുള്ളവയിൽ വളരെ രശ്മികളോടുകൂടിയ സൂര്യനാകുന്നു. മരുത്തുക്കളുടെയിടയിൽ മരീചിയും. നക്ഷത്രങ്ങളുടെ ഇടയിൽ (ഞാൻ)ചന്ദ്രനും ആകുന്നു.]
നമ്മുടെ സാധാരണയുള്ള അറിവനുസരിച്ച് ആദിത്യനും രവിയും ഒന്നുതന്നെയാണ്. പക്ഷെ ആദ്ധ്യാത്മിക ചിന്തയിൽ ഇതെല്ലാം വ്യത്യസ്തങ്ങളാണ്. 12 മാസങ്ങൾക്ക് സമമായ 12 സൂര്യന്മാരെപ്പറ്റി പൌരാണികന്മാർ പറഞ്ഞുപോരുന്നു. അവർ, വിഷ്ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാൻ, പൂഷാവ്, സവിതാവ്, മിത്രൻ, വരുണൻ, അംശൻ, ഭഗൻ എന്നിവരാണ്.

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണ് ‘ആദിത്യന്മാർ‘. സപ്തർഷികളിൽ ഒരാളാണ് ‘മരീചി’. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളും ‘മരീചി’യാണ്. കശ്യപന്റെ പിതാവും ഒരു മരീചിയാണ്. അതുപോലെ മരുത്തുക്കൾ ഇന്ദ്രന്റെ കൂടെയുള്ള ഒരു ദേവതാസമൂഹമാണെന്നും കഥകൾ ഉണ്ട്. ഇത്തരം കഥകൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. പൌരാണികമായ പ്രതീകങ്ങളെ ശാസ്ത്രബുദ്ധ്യാ നിരൂപണം ചെയ്ത് മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ആദിരൂപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ അർത്തവത്തായിത്തീരും.

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.

(തുടരും.---)