പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അഖണ്ഡസത്യബോധത്തെ ത്രിമൂർത്തികളിൽ ഒതുക്കാൻ ശ്രമിക്കുന്നതു തന്നെ സാഹസമാണ്. എങ്കിലും ആധുനിക ശാസ്ത്രശാഖ വികസിക്കുന്നതിനും മുമ്പുതന്നെ ഇതിന്റെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. ആധുനികന്റെ കണ്ടുപിടുത്തങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങൾക്ക് മാറ്റം വരുത്തേണ്ട വേദവാക്യങ്ങൾ എല്ലാം തന്നെ തള്ളിക്കളയേണ്ടതാണ്. അത് സനാതനം ആവുകയില്ല. ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ത്രിമൂർത്തികളെക്കുറിച്ച് ബാഹ്യമായി മാത്രം സ്പർശിച്ചുപോയതുകൊണ്ടാവാം ചില ആധുനിക വ്യാഖ്യാതാക്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒന്നുകൂടി വിശദമാക്കാം എന്നു തീരുമാനിച്ചു. പലയിടത്തുനിന്നും വായിച്ച വ്യാഖ്യാനങ്ങൾ എല്ലാം ഇവിടെ ചേർത്തിട്ടുണ്ട്. ആവർത്തന വിരസത ഉണ്ടായിരിക്കും. ഇതെല്ലാം വായിച്ചിട്ടും ഹിന്ദുവിന്റെ അജ്ഞതയെ പരിപോഷിപ്പിക്കാൻ തന്നെയാണ് ആധുനിക ചിന്തകന്മാരുടെ ശ്രമം എങ്കിൽ, നാലു തലയുള്ള ബ്രഹ്മാവിനെയും അനന്തശായിയായ വിഷ്ണുവിനെയും വീണ്ടും വ്യക്തമാക്കിത്തരുമെന്നു പ്രതീക്ഷിക്കുന്നു. മനുഷ്യനാണല്ലൊ എല്ലാ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്.
ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഗാലക്സിവരെ എല്ലാറ്റിനെയും നിയതമായ മാർഗ്ഗങ്ങളിൽ ഒരിക്കലും വഴിതെറ്റാതെ അതിന്റെ ഭ്രമണപഥങ്ങളിൽ കൂടി നയിച്ചു കൊണ്ടിരിക്കുന്നത് വിശ്വത്തിന്റെ ഊനമില്ലാത്ത ഒരു ഓർമ്മയാണ്. എല്ലാറ്റിനെയും നിലനിർത്തുന്ന ആ ഓർമ്മയെ (അഖണ്ഡസത്യബോധം) വിഷ്ണു എന്നു വിളിക്കാം. വിഷ്ണു ഓർമ്മയുടെ ദേവനാണ്, ശിവൻ മറവിയുടെയും (ലയം).
വ്യാവഹാരികലോകത്തിന്റെ ഘടനയും രചനാവൈശിഷ്ട്യവും പ്രാതിഭാസികമായി തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് കവികൾ കൂടിയായിരുന്ന ഋഷികൾ സംസൃഷ്ടമായ എല്ലാറ്റിന്റെയും പിതാവായി ഒരു പ്രജാപതിയെ സങ്കല്പിക്കുകയുണ്ടായി. നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന മുഖത്തോടുകൂടിയ ബ്രഹ്മദേവൻ സാർവ്വത്രികമായ മനസ്സിന്റെ ആലങ്കാരികമായ ഒരു ഭാവനയാണ്. നാലു വേദങ്ങൾ ആ ബ്രഹ്മദേവന്റെ മുഖങ്ങളിൽ നിന്നും വന്നു എന്നുള്ളത് പുരാണ കഥകളിലുള്ള സങ്കല്പമാണ്. അപ്രകാരം കരുതുന്നത് സഹൃദയനായ ഒരു മനുഷ്യന്റെ സരസതയെന്നു കരുതുന്നതാണ് അന്ധവിശ്വാസമെന്നു പറയുന്നതിനെക്കാൾ നല്ലത്.
(മുഖത്തു നിന്നും ഉത്ഭവിക്കുന്നതും, മുകളിൽ നിന്നും ഇറക്കിക്കൊടുക്കുന്നതും യാഥാർത്ഥ്യമല്ലെന്ന് ഇതെഴുതിയ ഋഷിമാർക്ക് വ്യക്തമായി അറിയാമായിരുന്നു. ആധുനിക വ്യാഖ്യാതാക്കൾ മന്ദബുദ്ധികളായി ജനിക്കുന്നവരായിരിക്കും എന്ന് അവർ കരുതിക്കാണില്ല.)
ഈ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിൽ നിന്നും ഉത്ഭവിച്ചു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പക്ഷെ ഭാരതത്തിലെ “മന്ദബുദ്ധികളായ ഗോത്രവർഗ്ഗക്കാർ“ കുറച്ചുകൂടി സൂക്ഷ്മമായി ഈ സത്യം കണ്ടെത്തിയിട്ടുണ്ട്. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സത്വരജസ്തമസ്സുകളുടെ (ത്രിഗുണങ്ങളുടെ) സാമ്യാവസ്ഥയാണ് ‘അവ്യക്തം‘. രജസ്സിന്റെ ചലനം കൊണ്ട് ഈ ‘അവ്യക്തത‘ നഷ്ടമാവുകയും മൂലപ്രകൃതിയിൽ നിന്നും ഒരു വികൃതിയുണ്ടായി, ബുദ്ധിയും (അറിവ്) അഹങ്കാരവും പഞ്ചതന്മാത്രകളും, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കർമ്മേന്ദ്രിയങ്ങളും, പഞ്ചമഹാഭൂതങ്ങളും ഉരുത്തിരിഞ്ഞുവന്നു.
ഗുണത്രയങ്ങൾ ഒന്നിച്ചിരിക്കുമ്പോഴും അതിൽ ഒരു ഗുണം അധികമായി വർത്തിക്കും. അതിനാൽ ത്രിഗുണങ്ങളെ വീണ്ടും മുമ്മൂന്ന് ഭാഗങ്ങളാക്കി ആകെ ഒമ്പത് ഭാഗങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇതിൽ സത്ത്വത്തിൽ സത്ത്വഗുണം പ്രധാനമാകുമ്പോൾ വിഷ്ണുവും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ ബ്രഹ്മാവും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ രുദ്രനും ഉണ്ടായി എന്ന് സങ്കൽപ്പം.
ചാക്രികമായ പ്രപഞ്ചസൃഷ്ടിയുടെ ഘടനയും രചനാവിലാസവും വ്യവഹാരത്തിൽ കൊണ്ടുവരാൻ ഉതകുന്ന വിജ്ഞാനത്തെയും അനുസ്മരണപ്രക്രിയയെയും ദേവതാരൂപം നൽകി വിഷ്ണു എന്നു വിളിക്കുന്നു. പാൽകടലിൽ സർപ്പത്തെ മെത്തയാക്കി മനുഷ്യരൂപത്തിൽ കിടന്നുറങ്ങുന്ന ചതുർഭുജനായ ഒരു ദേവനാണ് വിഷ്ണു എന്ന് സങ്കല്പിക്കുമ്പോൾ അത് തികച്ചും ബാലിശമായ ഒരു ചിത്രകഥയിലെ സങ്കല്പമായേ ആധുനികന് തോന്നുകയുള്ളൂ. നേരെമറിച്ച് കോടാനുകോടി ജീവരൂപങ്ങളിൽകൂടി കടന്നുപോകുമ്പോഴും, ജീനുകളുടെ സുനിശ്ചിതമായ പൂർവ്വാർജ്ജിതമായ വാസനയെ നിലനിർത്തുന്ന ഓർമ്മയുടെ നിയതസത്യമായ പ്രതീകമായാണ് ആ ദർശനത്തെ മനസ്സിലാക്കേണ്ടത്.
പ്രപഞ്ചത്തിന്റെ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയപ്പോൾ അത് ബ്രഹ്മാവ് എന്ന നാലു തലയുള്ള പ്രതീകമായി. വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉത്ഭവിച്ച പത്മത്തിൽ ഉദയം ചെയ്തവനാണ് ബ്രഹ്മാവ് എന്നു സങ്കല്പം. തികച്ചും ശാസ്ത്രീയമായ (ആധുനികശാസ്ത്രം അല്ല) ആശയങ്ങളെ ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായമാകുന്നതിനു പകരം, കഥകളായിട്ടേ തോന്നുകയുള്ളൂ. അതുകൊണ്ട് പൌരാണികമായ കാവ്യാലങ്കാരഭാഷകളിൽ ഗൂഢമായിരിക്കുന്ന സത്യങ്ങൾ ശാസ്ത്രഭാഷയിൽ പുനഃപ്രവചനം ചെയ്യേണ്ടിയിരിക്കുന്നു.
ത്രിഗുണങ്ങൾ എങ്ങനെ ത്രിദോഷങ്ങളാകും എന്ന് ആയുർവ്വേദത്തിന്റെ വീക്ഷണത്തിലൂടെ ഇങ്ങനെ പറയുന്നു :- പഞ്ചവായുക്കളിലെ പ്രബലമായ മൂന്നു വായുക്കൾ - വായു, അഗ്നി, ജലം – എന്ന മൂന്നു ഭൂതങ്ങളുടെ സ്വഭാവങ്ങളോടുകൂടി ശ്ലേഷ്മപിത്തവാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി നമ്മുടെ ശരീരത്തിൽ പ്രകാശിക്കുന്നു. ഈ ധാതുക്കളിൽ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികർത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകർത്താവായും, ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം (കഫം) സംഹാരകർത്താവായും പ്രവർത്തിയ്ക്കുന്നു.
ഗുണത്രയത്തെ പ്രകൃതിയുടെ അടിസ്ഥാനപരമായ വസ്തുരചനക്കുള്ള മാതൃകകളായിട്ടാണ് പറഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ ഗുണങ്ങളെ ഗുണങ്ങളെന്നു വിളിക്കേണ്ടത് അവയ്ക്ക്, ജീവന്റെ സമതുലിതയെ നിലനിറുത്തുവാൻ കഴിയുമ്പോഴാണ്. അത് കഴിയാതെ വരുമ്പോൾ അവ ഗുണങ്ങളല്ല, ദോഷങ്ങളാണ്.
8 comments:
വേദങ്ങൾ ബ്രഹ്മദേവന്റെ മുഖങ്ങളിൽ നിന്നും വന്നു എന്നുള്ളത് പുരാണ കഥകളിലുള്ള സങ്കല്പമാണ്. അപ്രകാരം കരുതുന്നത് സഹൃദയനായ ഒരു മനുഷ്യന്റെ സരസതയെന്നു കരുതുന്നതാണ് അന്ധവിശ്വാസമെന്നു പറയുന്നതിനെക്കാൾ നല്ലത്.
(മുഖത്തു നിന്നും ഉത്ഭവിക്കുന്നതും, മുകളിൽ നിന്നും ഇറക്കിക്കൊടുക്കുന്നതും യാഥാർത്ഥ്യമല്ലെന്ന് ഇതെഴുതിയ ഋഷിമാർക്ക് വ്യക്തമായി അറിയാമായിരുന്നു.)
Very good post Parthan.
പാര്‍ത്ഥാ നല്ല ലേഖനം ഇഷ്ടപ്പെട്ടു
പക്ഷെ ഇതൊക്കെ ഇവിടെ പറയുന്നത് ഇതൊക്കെ വായിക്കുന്ന സാധാരണക്കാരെ ഉദ്ദേശിച്ചായാല്‍ മതി.
ചില ആധുനികവ്യാഖ്യാതാക്കള്ക്കു വേണ്ടി ആകാതിരിക്കുന്നതാണു നല്ലത് .
കാരണം അവര്‍ക്കറിയാഞ്ഞല്ല അവര്‍ അറിയില്ല എന്നു നടിക്കുകയാണ്.
അവര്‍ക്കതുകൊണ്ട് വയറ്റു പിഴപ്പു നടക്കുന്നുണ്ടാകാം എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത്?
പഞ്ചതന്ത്രം കഥകള്‍ സാരോപദേശകഥകളാണ്.
വല്ല ആടിന്റെയ്യും കുറുക്കന്റെയുമൊക്കെ സംഭാഷണങ്ങള്‍ വച്ച് കഥ പറഞ്ഞുകഴിയുമ്പോള്‍ “ഇതില്‍ നിന്ന് എന്തുമനസ്സിലായി?” എന്നൊരു ചോദ്യമുണ്ടാവും.പണ്ടൊക്കെ കുട്ടികള്‍ക്ക് എന്തൊക്കെയോ അതില്‍ നിന്ന് മനസ്സിലായിരുന്നുവെന്ന് തോന്നുന്നു.
ഇന്ന് പിള്ളാരുപറയും, “അച്ഛാ, പറ്റിക്കാന്‍ നോക്കണ്ട, ആടും പട്ടിയുമൊന്നും മലയാളം പറയില്ലല്ലോ!” എന്ന്.
കഥയായിപ്പറഞ്ഞതെന്തിനായിരുന്നുവെന്ന് പറയാന്‍ പിന്നെയും നൂറുകഥകള്‍,ചര്‍ച്ചകള്‍..
:)
"വ്യാവഹാരികലോകത്തിന്റെ ഘടനയും രചനാവൈശിഷ്ട്യവും പ്രാതിഭാസികമായി തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് കവികൾ കൂടിയായിരുന്ന ഋഷികൾ സംസൃഷ്ടമായ എല്ലാറ്റിന്റെയും പിതാവായി ഒരു പ്രജാപതിയെ സങ്കല്പിക്കുകയുണ്ടായി"
സങ്കല്പങ്ങളെ അതായികാണുന്നതില് പരാജയപ്പെടുമ്പോഴല്ലേ അന്ധവിശ്വാസം ജനിക്കുന്നത്? അതിന്റെ കാനലില്‍ തലമുറകള്‍ വളര്‍ച്ച മുരടിച്ചു പോവുകയും ചെയ്യുന്നു.പ്രതീകത്തിലൂടെ പ്രത്യക്ഷവത്കരണം നടത്തുന്നതൊക്കെ കൊള്ളാം അതുള്‍കൊള്ളാനാവുന്നവര്‍ക്ക് മാത്രം എന്നാണ് എനിക്കു തോന്നുന്നത്.
"പ്രതീകത്തിലൂടെ പ്രത്യക്ഷവത്കരണം നടത്തുന്നതൊക്കെ കൊള്ളാം അതുള്‍കൊള്ളാനാവുന്നവര്‍ക്ക് മാത്രം എന്നാണ് എനിക്കു തോന്നുന്നത്.
"
അപ്പൊ അതായിരിക്കുമോ അല്ലാത്തവന് കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയാണ് നല്ലത് എന്നാര്‍ക്കെങ്കിലും തോന്നിയത്
പാര്‍ത്ഥ, ദാ ഇതൂടെ വായിക്കൂ….
അശ്വമേധം എന്ന കുതിരബലിയും അതിനോടനുബന്ധിച്ച് നടത്തുന്ന വിചിത്രവും അപഹാസ്യവുമായ ആചാരങ്ങളും.
മുക്കുവന്, പാര്ത്ഥന് നിങ്ങള്‍ക്കു വേറേ പണിയൊന്നും ഇല്ലെ
മുകളില്‍ കൊടുത്ത പോസ്റ്റില്നിങ്ങള് ഇട്ട കമന്റ് മറുമൊഴിയില്‍ കണ്ടു
ഇതൊക്കെ വായിക്കുന്ന നേരം കൊണ്ട് മറ്റ് എന്തെല്ലാം ചെയ്യാം.
ങാ ഇനി പോയി കണ്ണും കയ്യും കഴുക് ആ അമേധ്യത്തിന്റെ ചൊറിച്ചില്‍ എങ്കിലും പോട്ടെ
Post a Comment