Thursday, November 25, 2010

വെളുത്ത വസ്ത്രം ധരിച്ച വിഷ്ണു.ത്രിമൂർത്തീസങ്കല്പത്തെക്കുറിച്ച് ഞാൻ എഴുതിയ വിശദീകരണങ്ങൾ ഹൈന്ദവ വിശ്വസങ്ങൾക്കെതിരാണെന്നും പറഞ്ഞ് ഉടൻ തന്നെ ഒരു ഹിന്ദു-സംരക്ഷകൻ അതിനെതിരായി ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : “ആര്യൻ ഗോത്രങ്ങളിൽ ഒന്നായിരുന്ന വിഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്”. അങ്ങനെ വിശ്വസിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഞാൻ ആ പോസ്റ്റിൽ വ്യത്യസ്തമായ ഒരു വ്യാഖ്യാനം ആണ് പറഞ്ഞത്; വിഷ്ണു സഹസ്രനാമം വിശദീകരിക്കലായിരുന്നില്ല ഉദ്ദേശം. എന്റെ പോസ്റ്റിൽ ശുക്ലം എന്നും വിഷ്ണു എന്നും കണ്ടപ്പോൾ, “ശുക്ലാംബരധരം വിഷ്ണും” എന്നു പറയുന്നത് ഇതാണല്ലെ എന്ന ഒരു ചോദ്യം. നീല നിറത്തിലുള്ള മഞ്ഞ വസ്ത്രമുടുത്ത വിഷ്ണുവിനെക്കുറിച്ച് ‘വെള്ളവസ്ത്രമുടുത്ത വിഷ്ണു’ എന്ന് അനാര്യന്റെ വിശദീകരണവും വന്നു. കൂടാതെ, സായ്കൃഷ്ണന്റെ ഇംഗ്ലീഷ് പരിഭാഷയും.

Shuklam means White.
"shuklambaradharam vishnum
Shashivarnam chaturbhujam
Prasanna vadanamdhyayet
Sarva vighnopashantaye"

meaning,

Attired in white and all-pervading,
O moon-hued, four-shouldered One
with smiling face so pleasing,
upon You we meditate
for removing all obstacles.

ഇതൊന്നും ഞാൻ ഉദ്ദേശിച്ചതല്ല, എന്നു മാത്രമല്ല ഇതൊന്നുമല്ല ഈ വിശദീകരണത്തിനു പിന്നിൽ ഉള്ളത് എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

എന്തുകാര്യം തുടങ്ങുമ്പോഴും അതിന്റെ ഒരു തുടക്കം എന്ന നിലയിൽ ഒരു പ്രാർത്ഥന എല്ലാവരും ചൊല്ലാറുണ്ട്. അത് ധ്യാനശ്ലോകമാകാം, ഗുരുവന്ദനമാകാം, പതാകവന്ദനമാകാം, അഭിവാദനങ്ങളോ മൌനപ്രാർത്ഥനയോ ആവാം. ഹൈന്ദവ ആചാരങ്ങളിൽ ധ്യാനശ്ലോകങ്ങളാണ് സാധാരണ എല്ലാറ്റിന്റെയും തുടക്കത്തിൽ ഉപയോഗിച്ച് കാണാറുള്ളത്. എല്ലാ വിഘ്നത്തിൽ നിന്നും ഉള്ള മോചനത്തിനുവേണ്ടി വിഘേനേശ്വരനെ പ്രാർത്ഥിക്കുന്നതാണ് കൂടുതലും സ്വീകരിച്ചു വരുന്നത്. അതുകൊണ്ടു തന്നെയാകണം വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കവും വിനായകനെ സ്തുതിച്ചുകൊണ്ടു തന്നെ തുടങ്ങിയത്.“ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം

പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).

 കുറച്ചു മുന്നോട്ട് പോയാൽ താഴെ പറയുന്ന വിഷ്ണുവിനെ സ്തുതിക്കുന്ന ശ്ലോകം കാണാം.
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗ‌മ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈക നാഥം.“

ശാന്തമായ ആകാ‍രത്തോടു കൂടിയവനും സർപ്പത്തിന്മേൽ ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങൾക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സർവ്വവ്യാപിയായിരിക്കുന്നവനും മേഘവർണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭർത്താവും താമരയിതൾ പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളിൽ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.

2 comments:

പാര്‍ത്ഥന്‍ said...

വിഷ്ണു സഹസ്രനാമത്തിൽ വിഘ്നേശ്വരൻ .

“ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “

അരുണ്‍/arun said...

ആ പ്രശ്നം അങ്ങനെ തീര്‍ന്നു.