Sunday, February 14, 2010

പത്രോസിന് തെറ്റ് പറ്റിയിട്ടില്ല.

[പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ എന്ന പോസ്റ്റിന് സജി എഴുതിയ വിശദീകരണത്തിൽ നിന്നും ആശയം സ്വീകരിച്ച് ബൈബിളുമായി ഗീതയിലൂടെ ഒരു യാത്ര. ഈ പോസ്റ്റ് വായിക്കുന്നതിനുമുമ്പ് ഇതിനു മുമ്പിലത്തെ പോസ്റ്റും, അതിലെ സജിയുടെ കമന്റും വായിക്കുക.]

വഴിതെറ്റി പോകുന്ന കുഞ്ഞാടുകൾക്ക് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജന്മരഹസ്യം. ജ്ഞാനം എങ്ങിനെ അനുഭവിക്കാം എന്നും ജ്ഞാനി എങ്ങിനെ മാർഗ്ഗദർശിയാകണമെന്നും ക്രിസ്തുവും കൃഷ്ണനും സ്വധർമ്മത്തിലൂടെ കാണിച്ചു കൊടുക്കുന്നു. ധർമ്മസംരക്ഷണമായിരുന്നു കൃഷ്ണാവതാരലക്ഷ്യം എന്നാണ് സങ്കല്പം.

യേശുദേവൻ ജ്ഞാനിയായ ഒരു ഗുരുവാണ്. അതുകൊണ്ടുതന്നെ ‘റബ്ബീ’ എന്ന സംബോധന തികച്ചും അർഹിക്കുന്നുണ്ട്. ബ്രഹ്മജ്ഞാനിയായ ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്നാണ് കൃഷ്ണനും അർജ്ജുനനോട് സംവദിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികമായ ചിന്തക്കും അതീതമായ മനസ്സിന്റെ ഗൂഢതലങ്ങളെ വെളിവാക്കിത്തരികയാണ് ഈ ഗുരു-ശിഷ്യ സംവാദത്തിലൂടെ.

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”. മനുഷ്യനെ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു യേശുദേവന്റെ കർമ്മം.

‘പരിത്രാണായ സാധൂനാം’ - ‘അഹം സംഭവാമി’ എന്നാണ് ഗീത പറയുന്നത്.

സാധുക്കളെ രക്ഷിക്കാനായി ആണ് യുഗം തോറും ഇങ്ങനെ സംഭവിക്കുന്നത്. ‘സാധുക്കൾ’ എന്നു പറയുന്നത്, അവശതയനുഭവിക്കുന്ന സഹായം ആവശ്യമായ വിഭാഗങ്ങളെയല്ല. ‘സാധുക്കൾ’ എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവൻ വെടിഞ്ഞും കർത്തവ്യമനുഷ്ടിക്കുന്നവർ. ജീവൻ വെടിയുക എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ശരീരം വെടിഞ്ഞും കർമ്മം ചെയ്യുക എന്നാണ്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം അനുഷ്ഠിക്കുമ്പോൾ മരിച്ചുപോകുമെന്നറിഞ്ഞാലും പിന്തിരിയാത്തവർ.

താൻ കൊല്ലപ്പെടുമെന്ന് യേശു പ്രവചിച്ചപ്പോൾ; അങ്ങിനെ സംഭവിക്കരുതേ എന്ന് പത്രോസ് പ്രാർത്ഥിക്കുന്നു. അതിന് യേശുവിന്റെ പ്രതികരണം : “നീ ദൈവത്തിന്റേതല്ല, മനുഷ്യരുടെതത്രെ കരുതുന്നത് “ എന്നായിരുന്നു. അതായത് പത്രോസ് ഇപ്പോഴും മനുഷ്യ കർമ്മബന്ധങ്ങളിൽ നിന്നും മോചനമില്ലാതെ അതിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു ജ്ഞാനിക്കു വേണ്ട ഗുണങ്ങൾ തികഞ്ഞിട്ടില്ല എന്ന് യേശു മനസ്സിലാക്കിയിരിക്കുന്നു.

‘സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണംവ്രജ’

നീ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. നാനാത്വത്തിൽ നിന്നും ഏകത്വത്തിലേക്ക് വരുമ്പോൾ മാത്രമെ ആത്മസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ.

യേശു പറയുന്നു : “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.

എല്ലാ കുരിശും ഒഴിവാക്കി ഒരു മരക്കുരിശും എടുത്ത് യേശുവിന്റെ പിന്നാലെ ചെല്ലാൻ പറഞ്ഞതാണോ എന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അത്ര നിസ്സാരമായി കാണാവുന്നതല്ല ഈ കുരിശ്. ആത്മത്യാഗം എന്നു പറയുന്നത് ജീവൻ വെടിയലല്ല. ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട് അറിഞ്ഞ്, അതിന്റെ നിറവേറലിനുവേണ്ടി ഉത്തരവാദിത്തത്തോടെ ഊണിലും ഉറക്കത്തിലും, രാത്രിയും പകലും, തന്നെ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ തീരുമാനിക്കുമ്പോൾ മനസ്സിന് ചാഞ്ചല്യം ഉണ്ടാകരുത്‌.

ഒരു ജ്ഞാനി  ത്യജിക്കേണ്ടത് എന്തെല്ലാമാണ്.

“അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേനഛിത്വാ”.

വേരുറച്ചുപോയ ഈ സംസാരമാകുന്ന അശ്വത്ഥത്തെ  ബലപ്പെടുത്തിയ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് മുറിച്ചു കളയണം എന്നാണ് ഗീതാചാര്യൻ പറയുന്നത്.

ഈ ഭൂലോകത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യ ജീവിതത്തോട് അനുബന്ധമായിട്ടുള്ള കർമ്മത്തിന്റെ വേരുകൾ ദാക്ഷിണ്യമില്ലാതെ മുറിച്ചു കളയണം. എങ്കിൽ മാത്രമെ ബ്രഹ്മജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. ‘വൈരാഗ്യം’ എന്നാൽ, അനിത്യമായ വസ്തുവിനോടുള്ള വിരക്തി. പുത്രൻ, ധനം, മിത്രം എന്നിവയിലെല്ലാമുള്ള വിരക്തി. നിത്യമായ വസ്തു ഒന്നു മാത്രമെയുള്ളൂ. ആ വസ്തുവിനു നേരെ മനോബുദ്ധികളെ വ്യാപരിപ്പിക്കുന്ന ഭാവത്തെ ‘വൈരാഗ്യം’ എന്നു പറയാം.

‘വാൾ’ സാധാരണ കഥകളിൽ പ്രതികാരത്തിന്റെ പ്രതീകമാണ്. എന്നാൽ അദ്ധ്യാത്മഗ്രന്ഥങ്ങളിൽ അത് ബലിദാനത്തിന്റെ പ്രതീകമാണ്. പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്.

ഈ ബൈബിൾ വചനം വായിക്കൂ :

“ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത് “.

“എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും”.

ഗീതയിലെ ആശയം പോലെ, അസംഗമാകുന്ന വാളുകൊണ്ട് മനുഷ്യബന്ധങ്ങളെയും കർമ്മബന്ധങ്ങളെയും അറുത്തുകളയണം എന്ന ദൃഢമായ തീരുമാനം ഉണ്ടാകണം എന്നു തെന്നെയാണ് യേശു പ്രസ്താവിക്കുന്നത്.

ഇതെല്ലാം അസാദ്ധ്യമായ കാര്യങ്ങളല്ലെ എന്ന സംശയം ഉണ്ടാകാം. കർമ്മ ബന്ധങ്ങളിൽ ചുറ്റിവരിഞ്ഞു ജീവിക്കുന്നവർക്ക് ഒരിക്കലും സാദ്ധ്യമല്ല. പരമാത്മസത്യം അറിയാൻ ദൃഢനിശ്ചയം എടുത്തിട്ടുള്ളവർക്ക് അസാധ്യമായി ഒന്നുമില്ല.

മനുഷ്യബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളുണ്ടായിട്ടും, രാത്രിയിൽ തന്റെ പിതാവിനെയും, കപിലവസ്തുവിന്റെ ചെങ്കോലിനെയും, അന്തഃപുരത്തിലെ സുന്ദരികളെയും, പൂർണ്ണഗർഭിണിയായ ഭാര്യയെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് പോകുന്നതിനെ, സിദ്ധാർത്ഥന്റെ ഏറ്റവും ധാർമ്മികമായ കർമ്മമായി ബുദ്ധമതം പ്രശംസിക്കുന്നു.

നാണു ആശാനിൽ നിന്നും, ശ്രീനാരായണ ഗുരുദേവനിലേക്കുള്ള യാത്രയിൽ, ഭാര്യയെയും, അച്ഛനെയും, അമ്മയെയും ബന്ധിപ്പിക്കുന്ന വേരുകൾ അസംഗനായി അറുത്തു കളഞ്ഞാണ് ഒരു മൂന്നാം യാമത്തിൽ അദ്ദേഹവും യാത്ര തുടങ്ങിയത്.

മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരം എന്ന യുദ്ധത്തിലേക്കിറങ്ങിയത്, ഭഗവദ്ഗീതയിൽ നിന്നും ‘സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും സമമായിക്കണ്ട്, നിഷ്കാമകർമ്മം ചെയ്യണം എന്ന തത്ത്വത്തെ അംഗീകരിച്ചുകൊണ്ടാണ്.

‘രാഗ ഭയ ക്രോധം‘ ഇല്ലാത്ത അവസ്ഥയാണ് ബ്രഹ്മജ്ഞാനിയുടേത്. ആ വ്യക്തി പരംപൊരുളിന്റെ അനിഷേധ്യമായ ആനന്ദത്തെ എപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു. അഭയമാണ് ബ്രഹ്മസ്വരൂപം.

നിയമം കൊണ്ടോ, അധികാരം കൊണ്ടോ, ശാരീരിക ശക്തികൊണ്ടോ നമ്മെ ഉപദ്രവിക്കാൻ  ഒരു വ്യക്തിക്ക്  സാധിക്കും എന്ന തോന്നലിൽ നിന്നുമാണ് ഭയം ജനിക്കുന്നത്. ഈശ്വരചൈതന്യം ഉള്ളിലുണ്ടെന്ന് അറിയുന്ന വ്യക്തിക്ക് നിർഭയാവസ്ഥയാണ് ഉണ്ടാവുക. കൊന്നുകളയാമെന്നല്ലാതെ അങ്ങനെയുള്ള വ്യക്തിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല.

യേശുക്രിസ്തുവും ഇതുതന്നെ പറയുന്നുണ്ട്. (മത്തായി 10:28) ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട. ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.

(കുറിപ്പ് : ദൈവത്തെ ഭയപ്പെടേണ്ടതുണ്ട് എന്ന സെമിറ്റിക് മത സങ്കല്പവും ആനന്ദസ്വരൂപനായ പരമേശ്വരനെ / പരബ്രഹ്മസ്വരൂപത്തെ ഭയപ്പെടേണ്ടതില്ല എന്ന അദ്ദ്വൈതസങ്കല്പവും പരസ്പരവിരുദ്ധമായി തോന്നാമെങ്കിലും പരമാത്മസത്യത്തെ അറിഞ്ഞ ജ്ഞാനിക്ക് ഭയമെന്ന അവസ്ഥ ഉണ്ടാകുന്നില്ല എന്ന സത്യം എപ്പോഴും നിലനിൽക്കുന്നു.)