Sunday, February 14, 2010

പത്രോസിന് തെറ്റ് പറ്റിയിട്ടില്ല.

[പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ എന്ന പോസ്റ്റിന് സജി എഴുതിയ വിശദീകരണത്തിൽ നിന്നും ആശയം സ്വീകരിച്ച് ബൈബിളുമായി ഗീതയിലൂടെ ഒരു യാത്ര. ഈ പോസ്റ്റ് വായിക്കുന്നതിനുമുമ്പ് ഇതിനു മുമ്പിലത്തെ പോസ്റ്റും, അതിലെ സജിയുടെ കമന്റും വായിക്കുക.]

വഴിതെറ്റി പോകുന്ന കുഞ്ഞാടുകൾക്ക് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജന്മരഹസ്യം. ജ്ഞാനം എങ്ങിനെ അനുഭവിക്കാം എന്നും ജ്ഞാനി എങ്ങിനെ മാർഗ്ഗദർശിയാകണമെന്നും ക്രിസ്തുവും കൃഷ്ണനും സ്വധർമ്മത്തിലൂടെ കാണിച്ചു കൊടുക്കുന്നു. ധർമ്മസംരക്ഷണമായിരുന്നു കൃഷ്ണാവതാരലക്ഷ്യം എന്നാണ് സങ്കല്പം.

യേശുദേവൻ ജ്ഞാനിയായ ഒരു ഗുരുവാണ്. അതുകൊണ്ടുതന്നെ ‘റബ്ബീ’ എന്ന സംബോധന തികച്ചും അർഹിക്കുന്നുണ്ട്. ബ്രഹ്മജ്ഞാനിയായ ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്നാണ് കൃഷ്ണനും അർജ്ജുനനോട് സംവദിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികമായ ചിന്തക്കും അതീതമായ മനസ്സിന്റെ ഗൂഢതലങ്ങളെ വെളിവാക്കിത്തരികയാണ് ഈ ഗുരു-ശിഷ്യ സംവാദത്തിലൂടെ.

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”. മനുഷ്യനെ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു യേശുദേവന്റെ കർമ്മം.

‘പരിത്രാണായ സാധൂനാം’ - ‘അഹം സംഭവാമി’ എന്നാണ് ഗീത പറയുന്നത്.

സാധുക്കളെ രക്ഷിക്കാനായി ആണ് യുഗം തോറും ഇങ്ങനെ സംഭവിക്കുന്നത്. ‘സാധുക്കൾ’ എന്നു പറയുന്നത്, അവശതയനുഭവിക്കുന്ന സഹായം ആവശ്യമായ വിഭാഗങ്ങളെയല്ല. ‘സാധുക്കൾ’ എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവൻ വെടിഞ്ഞും കർത്തവ്യമനുഷ്ടിക്കുന്നവർ. ജീവൻ വെടിയുക എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ശരീരം വെടിഞ്ഞും കർമ്മം ചെയ്യുക എന്നാണ്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം അനുഷ്ഠിക്കുമ്പോൾ മരിച്ചുപോകുമെന്നറിഞ്ഞാലും പിന്തിരിയാത്തവർ.

താൻ കൊല്ലപ്പെടുമെന്ന് യേശു പ്രവചിച്ചപ്പോൾ; അങ്ങിനെ സംഭവിക്കരുതേ എന്ന് പത്രോസ് പ്രാർത്ഥിക്കുന്നു. അതിന് യേശുവിന്റെ പ്രതികരണം : “നീ ദൈവത്തിന്റേതല്ല, മനുഷ്യരുടെതത്രെ കരുതുന്നത് “ എന്നായിരുന്നു. അതായത് പത്രോസ് ഇപ്പോഴും മനുഷ്യ കർമ്മബന്ധങ്ങളിൽ നിന്നും മോചനമില്ലാതെ അതിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു ജ്ഞാനിക്കു വേണ്ട ഗുണങ്ങൾ തികഞ്ഞിട്ടില്ല എന്ന് യേശു മനസ്സിലാക്കിയിരിക്കുന്നു.

‘സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണംവ്രജ’

നീ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. നാനാത്വത്തിൽ നിന്നും ഏകത്വത്തിലേക്ക് വരുമ്പോൾ മാത്രമെ ആത്മസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ.

യേശു പറയുന്നു : “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.

എല്ലാ കുരിശും ഒഴിവാക്കി ഒരു മരക്കുരിശും എടുത്ത് യേശുവിന്റെ പിന്നാലെ ചെല്ലാൻ പറഞ്ഞതാണോ എന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അത്ര നിസ്സാരമായി കാണാവുന്നതല്ല ഈ കുരിശ്. ആത്മത്യാഗം എന്നു പറയുന്നത് ജീവൻ വെടിയലല്ല. ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട് അറിഞ്ഞ്, അതിന്റെ നിറവേറലിനുവേണ്ടി ഉത്തരവാദിത്തത്തോടെ ഊണിലും ഉറക്കത്തിലും, രാത്രിയും പകലും, തന്നെ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ തീരുമാനിക്കുമ്പോൾ മനസ്സിന് ചാഞ്ചല്യം ഉണ്ടാകരുത്‌.

ഒരു ജ്ഞാനി  ത്യജിക്കേണ്ടത് എന്തെല്ലാമാണ്.

“അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേനഛിത്വാ”.

വേരുറച്ചുപോയ ഈ സംസാരമാകുന്ന അശ്വത്ഥത്തെ  ബലപ്പെടുത്തിയ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് മുറിച്ചു കളയണം എന്നാണ് ഗീതാചാര്യൻ പറയുന്നത്.

ഈ ഭൂലോകത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യ ജീവിതത്തോട് അനുബന്ധമായിട്ടുള്ള കർമ്മത്തിന്റെ വേരുകൾ ദാക്ഷിണ്യമില്ലാതെ മുറിച്ചു കളയണം. എങ്കിൽ മാത്രമെ ബ്രഹ്മജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. ‘വൈരാഗ്യം’ എന്നാൽ, അനിത്യമായ വസ്തുവിനോടുള്ള വിരക്തി. പുത്രൻ, ധനം, മിത്രം എന്നിവയിലെല്ലാമുള്ള വിരക്തി. നിത്യമായ വസ്തു ഒന്നു മാത്രമെയുള്ളൂ. ആ വസ്തുവിനു നേരെ മനോബുദ്ധികളെ വ്യാപരിപ്പിക്കുന്ന ഭാവത്തെ ‘വൈരാഗ്യം’ എന്നു പറയാം.

‘വാൾ’ സാധാരണ കഥകളിൽ പ്രതികാരത്തിന്റെ പ്രതീകമാണ്. എന്നാൽ അദ്ധ്യാത്മഗ്രന്ഥങ്ങളിൽ അത് ബലിദാനത്തിന്റെ പ്രതീകമാണ്. പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്.

ഈ ബൈബിൾ വചനം വായിക്കൂ :

“ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത് “.

“എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും”.

ഗീതയിലെ ആശയം പോലെ, അസംഗമാകുന്ന വാളുകൊണ്ട് മനുഷ്യബന്ധങ്ങളെയും കർമ്മബന്ധങ്ങളെയും അറുത്തുകളയണം എന്ന ദൃഢമായ തീരുമാനം ഉണ്ടാകണം എന്നു തെന്നെയാണ് യേശു പ്രസ്താവിക്കുന്നത്.

ഇതെല്ലാം അസാദ്ധ്യമായ കാര്യങ്ങളല്ലെ എന്ന സംശയം ഉണ്ടാകാം. കർമ്മ ബന്ധങ്ങളിൽ ചുറ്റിവരിഞ്ഞു ജീവിക്കുന്നവർക്ക് ഒരിക്കലും സാദ്ധ്യമല്ല. പരമാത്മസത്യം അറിയാൻ ദൃഢനിശ്ചയം എടുത്തിട്ടുള്ളവർക്ക് അസാധ്യമായി ഒന്നുമില്ല.

മനുഷ്യബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളുണ്ടായിട്ടും, രാത്രിയിൽ തന്റെ പിതാവിനെയും, കപിലവസ്തുവിന്റെ ചെങ്കോലിനെയും, അന്തഃപുരത്തിലെ സുന്ദരികളെയും, പൂർണ്ണഗർഭിണിയായ ഭാര്യയെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് പോകുന്നതിനെ, സിദ്ധാർത്ഥന്റെ ഏറ്റവും ധാർമ്മികമായ കർമ്മമായി ബുദ്ധമതം പ്രശംസിക്കുന്നു.

നാണു ആശാനിൽ നിന്നും, ശ്രീനാരായണ ഗുരുദേവനിലേക്കുള്ള യാത്രയിൽ, ഭാര്യയെയും, അച്ഛനെയും, അമ്മയെയും ബന്ധിപ്പിക്കുന്ന വേരുകൾ അസംഗനായി അറുത്തു കളഞ്ഞാണ് ഒരു മൂന്നാം യാമത്തിൽ അദ്ദേഹവും യാത്ര തുടങ്ങിയത്.

മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരം എന്ന യുദ്ധത്തിലേക്കിറങ്ങിയത്, ഭഗവദ്ഗീതയിൽ നിന്നും ‘സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും സമമായിക്കണ്ട്, നിഷ്കാമകർമ്മം ചെയ്യണം എന്ന തത്ത്വത്തെ അംഗീകരിച്ചുകൊണ്ടാണ്.

‘രാഗ ഭയ ക്രോധം‘ ഇല്ലാത്ത അവസ്ഥയാണ് ബ്രഹ്മജ്ഞാനിയുടേത്. ആ വ്യക്തി പരംപൊരുളിന്റെ അനിഷേധ്യമായ ആനന്ദത്തെ എപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു. അഭയമാണ് ബ്രഹ്മസ്വരൂപം.

നിയമം കൊണ്ടോ, അധികാരം കൊണ്ടോ, ശാരീരിക ശക്തികൊണ്ടോ നമ്മെ ഉപദ്രവിക്കാൻ  ഒരു വ്യക്തിക്ക്  സാധിക്കും എന്ന തോന്നലിൽ നിന്നുമാണ് ഭയം ജനിക്കുന്നത്. ഈശ്വരചൈതന്യം ഉള്ളിലുണ്ടെന്ന് അറിയുന്ന വ്യക്തിക്ക് നിർഭയാവസ്ഥയാണ് ഉണ്ടാവുക. കൊന്നുകളയാമെന്നല്ലാതെ അങ്ങനെയുള്ള വ്യക്തിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല.

യേശുക്രിസ്തുവും ഇതുതന്നെ പറയുന്നുണ്ട്. (മത്തായി 10:28) ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട. ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.

(കുറിപ്പ് : ദൈവത്തെ ഭയപ്പെടേണ്ടതുണ്ട് എന്ന സെമിറ്റിക് മത സങ്കല്പവും ആനന്ദസ്വരൂപനായ പരമേശ്വരനെ / പരബ്രഹ്മസ്വരൂപത്തെ ഭയപ്പെടേണ്ടതില്ല എന്ന അദ്ദ്വൈതസങ്കല്പവും പരസ്പരവിരുദ്ധമായി തോന്നാമെങ്കിലും പരമാത്മസത്യത്തെ അറിഞ്ഞ ജ്ഞാനിക്ക് ഭയമെന്ന അവസ്ഥ ഉണ്ടാകുന്നില്ല എന്ന സത്യം എപ്പോഴും നിലനിൽക്കുന്നു.)

10 comments:

പാര്‍ത്ഥന്‍ said...

പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്.

Appu Adyakshari said...

നല്ല ലേഖനം ..... എങ്കിലും “പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്..” ഈ പറഞ്ഞ സ്റ്റേറ്റ്മെന്റിനോട് യോജിക്കാനാവുന്നില്ല. കാരണം ലേഖനത്തിൽ തന്നെയുണ്ട്. ലൂക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം 9 വാക്യം 23 ൽ ഇങ്ങനെവായിക്കാം “ഒരുവൻ എന്നെ അനുഗമിക്കാൻ ഇശ്ചിച്ചാൽ അവൻ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ”. ഇവിടെ എന്നെ എന്നവാക്ക് പ്രത്യേകം ശ്രദ്ധിക്കുക. ഇതിനർത്ഥം ദൈവത്തോടുള്ള ആത്മബന്ധത്തിനായി ലൌകികമായ എല്ലാം ത്യജിച്ച് ദൈവത്തെ അനുഗമിക്ക എന്നാണ്. പത്രോസ് ചെയ്തത് ദൈവത്തെ അനുഗമിക്കാനായി, ദൈവത്തോട് താദാമ്യം പ്രാപിക്കുവാനായി സ്വന്തം ഗുരുവിനെ തള്ളിപ്പറയുകയല്ലായിരുന്നു. സ്വയം ജീവരക്ഷക്കായാണ് തള്ളിപ്പറഞ്ഞത്. ഈ ഗുരു ഒരു മനുഷ്യഗുരു അല്ലെന്നതും ശ്രദ്ധിക്കുക - മനുഷ്യനായി അവതരിച്ച ദൈവമാണ് യേശു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. അങ്ങനെനോക്കുമ്പോൾ ഈ തള്ളിപ്പറയലിനെ പരിത്യാഗം എന്നു വിശേഷിപ്പിക്കുവാനാകുന്നില്ല.

പാര്‍ത്ഥന്‍ said...

@ അപ്പൂ:
വ്യഖ്യാനങ്ങളെ തിരുത്തുകയല്ല ഇവിടെ ചെയ്യുന്നത്. ഗീതയിൽ പറയുന്ന തത്ത്വം വേണമെങ്കിൽ പത്രോസിനും ലൌകികബന്ധങ്ങളിൽ നിന്നുള്ള മോചനത്തിന് ഉദാഹരണമാക്കാം. ആ രീതിയിൽ വ്യാഖ്യാനിക്കാനും സാധിക്കും. അതുകൊണ്ടാണ് ചില പ്രത്യക്ഷ ഉദാഹരണങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. പത്രോസിന് ഏറ്റവും കൂടുതൽ മാനസിക സംഘർഷം ഉണ്ടായ സമയമായിരിക്കും ആ സഭയിൽ വെച്ചുണ്ടായ സംഭവങ്ങൾ. കുടുംബബന്ധങ്ങളെ അതിനുമുമ്പുതന്നെ ഛേദിച്ചിട്ടുണ്ടായിരിക്കണം. ഹിന്ദു സന്ന്യാസിമാർ ദീക്ഷ സ്വീകരിക്കുമ്പോൾ ആത്മപിണ്ഡം വെക്കുക എന്ന ഒരു ചടങ്ങുകൂടി നടത്താറുണ്ട്.

ഭഗവദ്‌ഗീതയിൽ കൃഷ്ണൻ അവസാനം പറയുന്ന ഒരു ശ്ലോകമുണ്ട്.
“വിമൃശ്യൈ തദശേഷേണ യഥേഛസി തഥാ കുരു”.
ഞാൻ ഗുരുവോ സർവ്വേശ്വരൻ തന്നെയോ ആവട്ടെ. നീ ഭയപ്പെടേണ്ട. നീ എന്നെ വിമർശിച്ചോളൂ. എന്ന നിരുപാധികമായ സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്.

സജി said...

@യേശു പറയുന്നു : “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.
എല്ലാ കുരിശും ഒഴിവാക്കി ഒരു മരക്കുരിശും എടുത്ത് യേശുവിന്റെ പിന്നാലെ ചെല്ലാൻ പറഞ്ഞതാണോ എന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അത്ര നിസ്സാരമായി കാണാവുന്നതല്ല ഈ കുരിശ്. ആത്മത്യാഗം എന്നു പറയുന്നത് ജീവൻ വെടിയലല്ല.

ആദ്യം തന്നെ ഈ വാചകങ്ങള്‍ക്ക് ഒരു സല്യൂട്ട്!

ഇനി വിഷയത്തിലേക്ക്.

പാര്‍ത്ഥന്‍,
ബൈബിള്‍ വളരെ കൃത്യമായ ഒരു ആശയം മുന്‍പോട്ടു വയ്ക്കുന്നുണ്ട്. ബൈബിളിന്റെ മുഴുവന്‍ വാക്യങ്ങളും ആ ആശയത്തെ സപ്പോര്‍ട്ടു ചെയ്യുകയോ, വിശദീകരിക്കുക്കയോ ചെയ്യുന്നു. അങ്ങിനെ സമഗ്രമായി കാണാതെ, ഓരോരൊ വാചകങ്ങള്‍ മാത്രമായി കോണ്ടക്സ്റ്റില്‍ നിന്നും എടുത്തു പരിശോധിച്ചാല്‍ അതു ബൈബിള്‍ വിശകലം ആകുന്നില്ല.
എല്ലാ മത ഗ്രന്ഥങ്ങള്‍ തമ്മിലും ധാരാളം സാമ്യങ്ങള്‍, പൊതുവായ ഇടം ഒക്കെ ഉണ്ട്. പക്ഷേ, അതുകൊണ്ട് ഒന്നു മറ്റൊന്നു ആകുന്നില്ല.

@വഴിതെറ്റി പോകുന്ന കുഞ്ഞാടുകൾക്ക് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജന്മരഹസ്യം.

ഒരിക്കലും അല്ല പാര്‍ത്ഥന്‍. ക്രിസ്തു പറഞ്ഞു, “നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ കടക്കുകയില്ല എന്നു സത്യമായിട്ടും നിങ്ങളോടു പറയുന്നു” എന്ന്. പിതാവിനോടുള്ള ഒരു കൊച്ചു കുഞ്ഞിന്റെ ഡിപ്പെന്‍ഡസി അതാണ് മനുഷ്യനില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. ഒരു അപരിചിതന്‍ കൊച്ചു കുഞ്ഞിനെ ഒന്നു പിച്ചിയാല്‍ തിരിച്ചു ഉപദ്രവിക്കാനാകാതെ ദയനീയമായി പിതാവിനെ നോക്കുന്ന അവസ്ഥയുണ്ടല്ലോ, അതാണ് ബബിളിന്റെ വിവക്ഷയിലുള്ള വിശ്വാസ ജീവിതം.

അടുത്ത നിമിഷം എന്തു സംഭവിക്കും എന്നു നിശ്ചയമില്ലാതെ മനക്കോട്ടകെട്ടി നെട്ടോട്ടം ഓടുന്ന മനുഷ്യന്‍. എന്നാല്‍ സര്‍വ്വവും അറിയുന്ന, സഹായത്തിനായി തയ്യറായി ‘ഞാന്‍ വാതില്‍ ആകുന്നു‘ എന്നു പറഞ്ഞുകൊണ്ട് കൈ വിരിച്ചു നില്‍ക്കുന്ന ദൈവം- ഇവിടെയാണ് ശിശുവിനെപ്പോലെയുള്ള കീഴടങ്ങലിന്റെ പ്രസക്തി.ഒരു കൊടു കാട്ടില്‍ വഴിയറിയാതെ അലയുന്ന ഒരാള്‍ക്ക് വനത്തിലെ മുഴുവന്‍ വഴിയും അറിയാവുന്ന ഒരാള്‍ മുന്നില്‍ പെടുമ്പോള്‍ ഉണ്ടാകാവുന്ന ഒരു ഡിപ്പെന്‍ഡന്‍സിയ്ണ്ടല്ലോ അതാണിവിടെ പറയുന്നത്.

അങ്ങിനെ ദൈവത്തിന്റെ പ്ലാനിനു കീഴടങ്ങുമ്പോള്‍ നമ്മുടെ ആര്‍ജ്ജിത ജ്ഞാനം നിശ്ചയമായും നമ്മെ വിലക്കും. അതിനെതിരെ സഞ്ചരിക്കുവാന്‍ ഒരു വില കൊടുക്കേണ്ടി വരും, സ്വന്ത ബുദ്ധിയും അറിവും മാറ്റിവച്ചു ദൈവത്തെ അനുസരിക്കുമ്പോല്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന പെയിന്‍ ഉണ്ടല്ലോ, അതാണ് മുകളില്‍ പറഞ്ഞ കുരിശ്. ആ കുരിശും എടുക്കാതെ ക്രിസ്തുവിനെ അനുഗമിക്കാന്‍ പറ്റില്ല.

(പ്രേഷിത പ്രവര്‍ത്തനങ്ങക്ക് വേണ്ടി പലരും അമേരിക്കയിലേക്കു പോകുമ്പോല്‍ ഈ മിക്കവാറും ഈ കുരിശു എടുക്കേണ്ടി വരില്ല. പക്ഷേ നോര്‍ത്ത് ഇന്‍ഡ്യയിലെ പിന്നോക്ക ജില്ലയിലേക്കു പോകുമ്പോല്‍ ഈ കുരിശു എടുക്കേണ്ടി വരും.എന്താണ് കുരിശെന്നും ആരാണ് ക്രിസ്തുവിനെ പിന്തുടരുന്നതു എന്നു ഇതില്‍ നിന്നും ഊഹിക്കാമല്ലോ?)

ആത്മജ്ഞാനം എന്ന പദപ്രയോഗം പോലും ക്രിസ്ത്യാനിത്വത്തിലില്ല.


(ബാക്കി പിന്നെ എഴുതാം..)

★ Shine said...
This comment has been removed by the author.
★ Shine said...

ഈ post ഞാൻ വായിച്ചു. comparison always brings enmity എന്നാണു എന്റെ വിശ്വാസം. അതുകൊണ്ടു തന്നെ, നല്ലൊരു ഉദ്ദേശ്യത്തിലാണെങ്കിൽപോലും, അതിനു മുതിരാതിരിക്കുന്നതല്ലേ നല്ലത്‌? അതും, മനുഷ്യരെ വിഡ്ഢികളാക്കാനും, ചൂഷണം ചെയ്യാനും മതവികാരങ്ങൾ അപകടകരമാം വിധം ഉപയോഗിക്കാപെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌? അല്ലെങ്കിൽതന്നെ മതങ്ങൾക്കെന്തിനു മനുഷ്യനേക്കാൾ പ്രാധാന്യം നൽകണം?

സജി said...

പിന്നെ, പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതിനെപറ്റി ( ഇതൊക്കെ ഒരു വിശ്വാസിയുടെ വേര്‍ഷനാണു കെട്ടോ. ഒറ്റയടിക്കു വിഴുങ്ങാന് മറ്റുള്ളവര്‍ക്കു പറ്റണമെന്നില്ല)

തലേ ദിവസം രാത്രി യേശു ഗദ്ശമെന ഗാറ്ഡനില് വച്ച്, അടുത്ത ദിവസം വരാനിരിക്കുന്ന ആപത്തുളെപ്പറ്റി ശിഷ്യന്മാരോടു പറയുന്നു. എല്ലാവരും തന്നെ ഉപേക്ഷിക്കുമെന്നു പറഞ്ഞപ്പോള് പത്രോസ് എടുത്തു ചാടി പറഞ്ഞു, “ മരിച്ചാലും ഞാന് നിന്നെ ഉപേക്ഷിക്കില്ല” ഇതു കേട്ടപ്പോള് യേശു ഉള്ളില് ചിരിച്ചു കാണണം. യേശു പറഞ്ഞു,” നാളെ നീ എന്നെ മൂന്നു വട്ടം തള്ളിപ്പറയുന്നതിനു മുന്പേ കോഴി കൂകുകയില്ല!!”

പത്രോസ് ഈ പരീക്ഷയില് തോല്ക്കും എന്ന് അറിഞ്ഞിട്ടു യേശു എന്തിനു അനുവദിച്ചു? What is the purpose of failure? .

മനുഷ്യന്റെ കഴിവുകേട് മനസിലാക്കുക എന്നതു തന്നെ. ഇത്ര നിസാരനാണെന്നു തിരിച്ചരിവ് ഉണ്ടാകുന്നവനു മാത്രമേ ദൈവാശ്രയം ഉണ്ടാകുകയുള്ളൂ.

ബുദ്ധിജീവികള്‍ക്കു ദൈവത്തെ പിടികിട്ടാത്തതു ഇതുകൊണ്ടായിരിക്കാം.

തുല്യ പ്രാധാന്യ്മുള്ള മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. പരാജയപ്പെട്ടവനു മറ്റൊരു പരാജിതനെ മനസിലാക്കാനും ഉള്‍ക്കൊള്ളനും കഴിയും. ശിഷ്ടമുള്ള പത്രോസിന്റെ ജീവിതത്തില് എന്തു തരം തെറ്റു ചെയ്തവനേയും ക്ഷമിക്കുവാന് പത്രോസിനു കഴിഞ്ഞിരുന്നു. കാരണം ഏതു തരത്തില് നോക്കിയാലും പത്രോസ് മറ്റേതൊരു പാപിയേക്കാളും അധമനായിരുന്നു.

ക്രിസ്തിയ ജീവത്തിന്റെ ജീവന് അതാണ്,’ മറ്റുള്ളവര് തന്നേക്കാള് ശ്രേഷ്ഠന് എന്നു കരുതുക”

ദൈവം മനുഷ്യനെ പരാജയപ്പെടാന് അനുവദിക്കും, പിന്നെയും പിന്നെയും- അവന്റ്റെ നിസാരത്വവും, നിസ്സഹായതയും ബോധ്യപ്പെടും വരെ. പത്രോസ് അതിരാവിലെ
കരഞ്ഞതുപോലെ കരയും വരെ. പക്ഷേ പിന്നീടുള്ള യാത്രയുണ്ടല്ലോ, that is the victorious Christian life. In other word, walking with God!

ഇതൊക്കെയാണ് പാര്ത്ഥന് പത്രോസിന്റെ തള്ളിപറയലിനു പിന്നിലുള്ള ആത്മീയ വശം.!

Unknown said...

Ok well, Dear


പ്രവൃത്തി വിവരണത്തിന്‌ അനുയോജ്യമായ ഒരു തലക്കെട്ട്‌ ഉണ്ടായിരിക്കണം

ജോലിയെ സംബന്ധിച്ച ചുമതലകളും ഉത്തരവാദീത്വങ്ങളും വ്യക്തമാക്കണം


സമയകുറവ്‌ ഉണ്ടാകുവാന്‍ പാടുളളതല്ല


മാനദണ്ഡങ്ങള്‍ സൂചിപ്പിക്കണം

Salim PM said...

മതങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം അഭിനന്ദനമര്‍‍ഹിക്കുന്നു. എല്ലാ മതങ്ങളും ദൈവികമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് സന്തോഷദായകമാണീ പ്രവൃത്തി. എല്ലാവിധ ഭാവുകങ്ങളും

sajan jcb said...

സജി അച്ചായന്‍ എല്ലാം ഭംഗിയായി വിശദീകരിച്ചിട്ടുണ്ട് ... മുമ്പ്‌ എപ്പോഴോ എഴുതിയ ഒരു ബ്ലോഗ്‌ കൊടുക്കുന്നു.