Sunday, November 28, 2010

ത്രിമൂർത്തികളെ വീണ്ടും സൃഷ്ടിക്കുന്നവർ    


മുകളിൽ ചേർത്തിട്ടുള്ള കമന്റുകൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. അതിന്റെ ഒരു കൂട്ടായ്മ എന്തെന്നു വച്ചാൽ, എതിർക്കുക; അതിനു കഴിഞ്ഞില്ലെങ്കിൽ വെറുതെയെങ്കിലും കളിയാക്കുക. എന്തിനാണെന്നു ചിന്തിച്ചാൽ, അതിന്റെ അടിവേരുകൾ കിടക്കുന്നത് അങ്ങ് ദൂരെയാണെന്നു കാണാം. അന്ധമായ വിശ്വാസങ്ങളല്ല ഹൈന്ദവ ഈശ്വരവിശ്വാസം എന്ന് പറയുവാൻ ശ്രമിച്ചപ്പോഴാണ് ഈ പ്രതികരണം. ഇതു വേണ്ടെന്നു വെച്ച് ഏതെങ്കിലും ആചരങ്ങളെക്കുറിച്ചോ അമ്പലങ്ങളെക്കുറിച്ചോ എഴുതിയാൽ ഈ പ്രതികരണം വേറെ തരത്തിലാവും. ശബരിമലയിൽ പൊന്നമ്പലമേട്ടിലെ ദീപം കത്തിക്കൽ, നിരവധി ഹിന്ദു സംഘടനകളുടെ വിമർശനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ നിർത്തലാക്കാത്തത് എന്നു ചോദിച്ചാൽ വേറെ തരത്തിലാവും മറുപടി. പൂർവ്വകാല ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും വിഴുപ്പുകൾ പേറിയാലും എന്തെല്ലാം അധിക്ഷേപങ്ങൾ ഉണ്ടായാലും ഇന്ന് ഒരു ജനത ‘ഹിന്ദു’ എന്ന ലേബലിൽ ഇവിടെ ജീവിക്കുന്നുണ്ട്. ഇനിയെങ്കിലും അപകർഷതാബോധത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കാൻ ഒരു കൈത്തിരി കൊളുത്താൻ ശ്രമിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല. ഹിന്ദുക്കളുടെ ആത്മീയചിന്തയുടെ തലം ഉയർന്നാൽ അതിന്റെ ദോഷം ഹിന്ദുക്കളുടെ പുരോഹിതന്മാർക്കും മറ്റു ചൂഷകർക്കുമെന്നപോലെ ഹൈന്ദവേതര മതവിശ്വാസികൾക്കും കൂടിയാണ്.

(അല്പം ചരിത്രം)

ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ വൈദികരും ഭരണകർത്താക്കളും ചേർന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും നടന്നിരുന്ന ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചരിത്ര വസ്തുതയാണ്. അതിനുശേഷം നീണ്ടകാലത്തെ വിദേശാ‍ധിപത്യത്തിന്റെ ഫലമായി ആത്മീയമായും സാമൂഹികമായും വളരെയധികം പിന്നിലായിരിക്കുന്നത് ഇന്നത്തെ ഭാരതത്തിലെ ‘ഹിന്ദുക്കൾ‘ എന്നു പറയുന്ന അതേ ജനവിഭാഗം തന്നെയാണ്. വിദേശരാജ്യങ്ങളുമായി ഭാരതത്തിന് കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മതത്തിന്റെ അധിനിവേശം ആദ്യമായുണ്ടാകുന്നത് 7-ആം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെയാണ്. അവർ കേരളത്തിൽ വന്ന് കച്ചവടം ചെയ്യുകയും, ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, അടുത്ത ബന്ധുക്കളെ മതം മാറ്റുകയും ചെയ്തു. നമ്മുടെ രാജാക്കന്മാർ അവർക്ക് പള്ളി പണിതുകൊടുക്കുകയും, അങ്ങിനെ നിരുപദ്രവമായ രീതിയിൽ ഇസ്ലാമിൽ ‘മാപ്പിള’മാർ എന്ന നാമധേയത്തൊടുകൂടി ഒരു സമൂഹം മലബാർ ഭാഗത്ത് വളർന്നു വരികയും ചെയ്തു. 8-ആം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ ഖാസിം ‘സിന്ധ്’ (ഇപ്പോൾ പാകിസ്ഥാനിൽ) പിടിച്ചെടുത്തുകൊണ്ടാണ് ആദ്യമായി അധികാരം സ്ഥാപിക്കുന്ന അധിനിവേശത്തിന് തുടക്കമിട്ടത്. 10-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയും, 12-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗോറിയും ആടക്കമുള്ളവരുടെ നിരവധി ആക്രമണത്തിന് ഭാരതം സാക്ഷിയായി. 16-ആം നൂറ്റാണ്ടിൽ (1526ൽ) ഡൽഹി പിടിച്ചടക്കിക്കൊണ്ട് ബാബർ മുഗൾ സാമ്രാജ്യത്തിന്റെ തറക്കല്ലിട്ടു. (ഇത് വടക്കുനിന്നുള്ള ആക്രമണം).

1498ൽ വാസ്കോഡഗാമ കോഴിക്കോട് എത്തുകയും, സാമൂതിരിയുമായുള്ള ഉടമ്പടിപ്രകാരം കച്ചവടത്തിനായി സ്ഥലം കൊടുക്കുകയും ചെയ്തു. ഭാരതീയന്റെ ക്ഷമയെ ചൂഷണം ചെയ്ത് 1510 ൽ ഗോവ പിടിച്ചടക്കുകയും അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്തു. 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ കോളനികൾ സ്ഥാപിച്ചു. അതിനുശേഷം 1608ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും, 1615ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തിക്കാൻ മുഗൾ രാജാവായ ജഹാംഗീർ അനുമതി നൽകുകയും ചെയ്തു. ഇന്ത്യയിൽ മുഴുവൻ കമ്പനി തുടങ്ങി അധികാരം കയ്യിലൊതുക്കി. 1777ൽ മറാത്താ യുദ്ധത്തിൽ തന്ത്രപൂർവ്വം ബ്രിട്ടീഷുകാർ പങ്കെടുത്തതു മുതൽ പിന്നീട് എല്ലാ സാമ്രാജ്യങ്ങളും അവരുടെ അധീനതയിലായി.

12 നൂറ്റാണ്ടിന്റെ വിദേശാ‍ധിപത്യം കൊണ്ട് ലോകത്തിലെ പ്രബലമായ രണ്ടു മതങ്ങൾക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയായിരുന്നു ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഇവിടത്തെ ജനങ്ങൾ ചെയ്തുകൊണ്ടിരുന്നത്. ഈ വിദേശാധിപത്യത്തിനിടയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഹിന്ദു മഹാരാ‍ജാക്കന്മാർ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. എങ്കിലും ചരിത്രം എടുത്തുനോക്കിയാൽ കാണുന്നത്, ‘സവർണ്ണരാജാക്കന്മാർ‘ കൊണ്ടാടിയിരുന്ന ചാതുർവർണ്ണ്യവും ജാതിവ്യവസ്ഥയും മൂലം അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്.   കൂടാതെ, വിദേശാധിപത്യങ്ങൾ ഭാരതത്തിൽ ചെയ്ത ക്രൂരതകളെ മറയ്ക്കാനായി നേട്ടങ്ങളുടെ ചരിത്രങ്ങൾ എത്രവേണമെങ്കിലും ലഭ്യവുമാണ്.


ത്രിമൂർത്തികൾ സങ്കല്പങ്ങളാണെന്നു പറഞ്ഞപ്പോഴാണ് ആധുനിക ചിന്തകന്മാരുടെ അസഹിഷ്ണുത വെളിയിൽ വന്നത്. അവർ കേട്ടിട്ടുള്ളതും സ്വയംകൃതവുമായ കഥകൾ പൊടിപ്പും തൊങ്ങലും കൂട്ടി പ്രചരിപ്പിക്കുമ്പോൾ മാത്രമെ ഹിന്ദുത്വത്തിനെ ഇകഴ്ത്താനും പാർത്ഥനെ കളിയാക്കാനുമുള്ള വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയുകയുള്ളൂ. പാടിപ്പതിഞ്ഞ ശീലം മാറ്റാൻ കഴിയാത്തതുകൊണ്ടാകാം മാറ്റി ചിന്തിക്കാനുള്ള അവസരം കാണാതെപോകുന്നത്. ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ബോധം നിലനിർത്തിയാലെ വിമർശിക്കാനും ലേഖനം എഴുതാനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ. കലക്കവെള്ളത്തിൽ നിന്നും കിട്ടുന്ന വിഭവത്തിന് മാ‍ർക്കറ്റ് കിട്ടുന്നതും ഒരു കാരണമായിരിക്കാം. ഇക്കൂട്ടരെല്ലാം അവശവിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പുരോഗമനാശയങ്ങളുമായിട്ടാണ് വരുന്നതെന്നു തോന്നും ഇവരുടെ കമൻന്ുകൾ വായിച്ചാൽ . പക്ഷെ ആശയങ്ങൾ ഒന്നും കാണാറില്ല.

ഇതിനെക്കാൾ നല്ലത് മുസ്ലീം പ്രചാരകരാണ് എന്നു തോന്നുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളായ “ഹൈന്ദവത ധർമ്മവും ദർശനവും“ – എം.എം.അക്ബർ, “ദേവദർശനം“ – ശിഹാബുദ്ദീൻ ആരാബ്രം, “ബ്രഹ്മസൂത്രം ദ്വൈതമോ അദ്ദ്വൈതമോ” – എൻ.എം.ഹുസ്സൈൻ എന്നീ ബൃഹത്തായ കൃതികൾ ഹിന്ദുക്കളെ നേർവഴിക്ക് നയിക്കാനല്ലാതെ വേറെന്തിനാണ്. ഹൈന്ദവ വിശ്വാസികളായ പുരോഗമനക്കാർ കാണേണ്ടതുതന്നെയാണ് ഈ സംരഭം. പൌരാണിക കഥകളിലെ നവീന വ്യാഖ്യാനങ്ങളിലൂടെ കലക്കി ചാടിക്കുന്ന മീനുകൾക്കുള്ള വലകളാണ് മുകളിൽ സൂചിപ്പിച്ച കൃതികൾ. അവർക്കുവേണ്ടി വിടുപണി ചെയ്യുന്ന ആധുനിക വ്യാഖ്യാതാക്കൾ എന്റെ ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ കോരിത്തരിക്കുന്നു.

വ്യക്തിപരമായ കളിയാക്കൽ മാറ്റിവെച്ച്, ലേഖനത്തിനെ കളിയാക്കിയവർക്ക് അവരുടെ ശരികൾ എന്താണെന്ന് പറയാനുള്ള ധാർമ്മികമായ ഉത്തരവാദിത്ത്വമുണ്ട്. വിഷ്ണു ഓർമ്മയല്ല, ശിവൻ ലയമല്ല എന്നൊക്കെ പറയുന്നവർ അവർക്ക് കൂടുതൽ ശരിയെന്ന് തോന്നുന്ന ഭാഷ്യം എന്തെന്ന് വ്യക്തമാ‍ക്കുന്നില്ല. അത് വ്യക്തമാക്കിയാൽ യുക്തിഭദ്രമല്ലാത്ത അവരുടെ യുക്തിവാദത്തിന് നിലനില്പില്ലാതാകുമോ?

Thursday, November 25, 2010

വെളുത്ത വസ്ത്രം ധരിച്ച വിഷ്ണു.ത്രിമൂർത്തീസങ്കല്പത്തെക്കുറിച്ച് ഞാൻ എഴുതിയ വിശദീകരണങ്ങൾ ഹൈന്ദവ വിശ്വസങ്ങൾക്കെതിരാണെന്നും പറഞ്ഞ് ഉടൻ തന്നെ ഒരു ഹിന്ദു-സംരക്ഷകൻ അതിനെതിരായി ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : “ആര്യൻ ഗോത്രങ്ങളിൽ ഒന്നായിരുന്ന വിഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്”. അങ്ങനെ വിശ്വസിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഞാൻ ആ പോസ്റ്റിൽ വ്യത്യസ്തമായ ഒരു വ്യാഖ്യാനം ആണ് പറഞ്ഞത്; വിഷ്ണു സഹസ്രനാമം വിശദീകരിക്കലായിരുന്നില്ല ഉദ്ദേശം. എന്റെ പോസ്റ്റിൽ ശുക്ലം എന്നും വിഷ്ണു എന്നും കണ്ടപ്പോൾ, “ശുക്ലാംബരധരം വിഷ്ണും” എന്നു പറയുന്നത് ഇതാണല്ലെ എന്ന ഒരു ചോദ്യം. നീല നിറത്തിലുള്ള മഞ്ഞ വസ്ത്രമുടുത്ത വിഷ്ണുവിനെക്കുറിച്ച് ‘വെള്ളവസ്ത്രമുടുത്ത വിഷ്ണു’ എന്ന് അനാര്യന്റെ വിശദീകരണവും വന്നു. കൂടാതെ, സായ്കൃഷ്ണന്റെ ഇംഗ്ലീഷ് പരിഭാഷയും.

Shuklam means White.
"shuklambaradharam vishnum
Shashivarnam chaturbhujam
Prasanna vadanamdhyayet
Sarva vighnopashantaye"

meaning,

Attired in white and all-pervading,
O moon-hued, four-shouldered One
with smiling face so pleasing,
upon You we meditate
for removing all obstacles.

ഇതൊന്നും ഞാൻ ഉദ്ദേശിച്ചതല്ല, എന്നു മാത്രമല്ല ഇതൊന്നുമല്ല ഈ വിശദീകരണത്തിനു പിന്നിൽ ഉള്ളത് എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

എന്തുകാര്യം തുടങ്ങുമ്പോഴും അതിന്റെ ഒരു തുടക്കം എന്ന നിലയിൽ ഒരു പ്രാർത്ഥന എല്ലാവരും ചൊല്ലാറുണ്ട്. അത് ധ്യാനശ്ലോകമാകാം, ഗുരുവന്ദനമാകാം, പതാകവന്ദനമാകാം, അഭിവാദനങ്ങളോ മൌനപ്രാർത്ഥനയോ ആവാം. ഹൈന്ദവ ആചാരങ്ങളിൽ ധ്യാനശ്ലോകങ്ങളാണ് സാധാരണ എല്ലാറ്റിന്റെയും തുടക്കത്തിൽ ഉപയോഗിച്ച് കാണാറുള്ളത്. എല്ലാ വിഘ്നത്തിൽ നിന്നും ഉള്ള മോചനത്തിനുവേണ്ടി വിഘേനേശ്വരനെ പ്രാർത്ഥിക്കുന്നതാണ് കൂടുതലും സ്വീകരിച്ചു വരുന്നത്. അതുകൊണ്ടു തന്നെയാകണം വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കവും വിനായകനെ സ്തുതിച്ചുകൊണ്ടു തന്നെ തുടങ്ങിയത്.“ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം

പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).

 കുറച്ചു മുന്നോട്ട് പോയാൽ താഴെ പറയുന്ന വിഷ്ണുവിനെ സ്തുതിക്കുന്ന ശ്ലോകം കാണാം.
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗ‌മ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈക നാഥം.“

ശാന്തമായ ആകാ‍രത്തോടു കൂടിയവനും സർപ്പത്തിന്മേൽ ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങൾക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സർവ്വവ്യാപിയായിരിക്കുന്നവനും മേഘവർണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭർത്താവും താമരയിതൾ പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളിൽ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.

Friday, November 19, 2010

ത്രിമൂർത്തികൾ വീണ്ടും

പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അഖണ്ഡസത്യബോധത്തെ ത്രിമൂർത്തികളിൽ ഒതുക്കാൻ ശ്രമിക്കുന്നതു തന്നെ സാഹസമാണ്. എങ്കിലും ആധുനിക ശാസ്ത്രശാഖ വികസിക്കുന്നതിനും മുമ്പുതന്നെ ഇതിന്റെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. ആധുനികന്റെ കണ്ടുപിടുത്തങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങൾക്ക് മാറ്റം വരുത്തേണ്ട വേദവാക്യങ്ങൾ എല്ലാം തന്നെ തള്ളിക്കളയേണ്ടതാണ്. അത് സനാതനം ആവുകയില്ല. ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ത്രിമൂർത്തികളെക്കുറിച്ച് ബാഹ്യമായി മാത്രം സ്പർശിച്ചുപോയതുകൊണ്ടാവാം ചില ആധുനിക വ്യാഖ്യാതാക്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒന്നുകൂടി വിശദമാക്കാം എന്നു തീരുമാനിച്ചു. പലയിടത്തുനിന്നും വായിച്ച വ്യാഖ്യാനങ്ങൾ എല്ലാം ഇവിടെ ചേർത്തിട്ടുണ്ട്. ആവർത്തന വിരസത ഉണ്ടായിരിക്കും. ഇതെല്ലാം വായിച്ചിട്ടും ഹിന്ദുവിന്റെ അജ്ഞതയെ പരിപോഷിപ്പിക്കാൻ തന്നെയാണ് ആധുനിക ചിന്തകന്മാരുടെ ശ്രമം എങ്കിൽ, നാലു തലയുള്ള ബ്രഹ്മാവിനെയും അനന്തശാ‍യിയായ വിഷ്ണുവിനെയും വീണ്ടും വ്യക്തമാക്കിത്തരുമെന്നു പ്രതീക്ഷിക്കുന്നു. മനുഷ്യനാണല്ലൊ എല്ലാ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്.


ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഗാലക്സിവരെ എല്ലാറ്റിനെയും നിയതമായ മാർഗ്ഗങ്ങളിൽ ഒരിക്കലും വഴിതെറ്റാതെ അതിന്റെ ഭ്രമണപഥങ്ങളിൽ കൂടി നയിച്ചു കൊണ്ടിരിക്കുന്നത് വിശ്വത്തിന്റെ ഊനമില്ലാത്ത ഒരു ഓർമ്മയാണ്. എല്ലാറ്റിനെയും നിലനിർത്തുന്ന ആ ഓർമ്മയെ (അഖണ്ഡസത്യബോധം) വിഷ്ണു എന്നു വിളിക്കാം. വിഷ്ണു ഓർമ്മയുടെ ദേവനാണ്, ശിവൻ മറവിയുടെയും (ലയം).


വ്യാവഹാരികലോകത്തിന്റെ ഘടനയും രചനാവൈശിഷ്ട്യവും പ്രാതിഭാസികമായി തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് കവികൾ കൂടിയായിരുന്ന ഋഷികൾ സംസൃഷ്ടമായ എല്ലാറ്റിന്റെയും പിതാവായി ഒരു പ്രജാപതിയെ സങ്കല്പിക്കുകയുണ്ടായി. നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന മുഖത്തോടുകൂടിയ ബ്രഹ്മദേവൻ സാർവ്വത്രികമായ മനസ്സിന്റെ ആലങ്കാരികമായ ഒരു ഭാവനയാണ്. നാലു വേദങ്ങൾ ആ ബ്രഹ്മദേവന്റെ മുഖങ്ങളിൽ നിന്നും വന്നു എന്നുള്ളത് പുരാണ കഥകളിലുള്ള സങ്കല്പമാണ്. അപ്രകാരം കരുതുന്നത് സഹൃദയനായ ഒരു മനുഷ്യന്റെ സരസതയെന്നു കരുതുന്നതാണ് അന്ധവിശ്വാസമെന്നു പറയുന്നതിനെക്കാൾ നല്ലത്.


(മുഖത്തു നിന്നും ഉത്ഭവിക്കുന്നതും, മുകളിൽ നിന്നും ഇറക്കിക്കൊടുക്കുന്നതും യാഥാർത്ഥ്യമല്ലെന്ന് ഇതെഴുതിയ ഋഷിമാർക്ക് വ്യക്തമായി അറിയാമായിരുന്നു. ആധുനിക വ്യാഖ്യാതാക്കൾ മന്ദബുദ്ധികളായി ജനിക്കുന്നവരായിരിക്കും എന്ന് അവർ കരുതിക്കാണില്ല.)

ഈ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിൽ നിന്നും ഉത്ഭവിച്ചു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പക്ഷെ ഭാരതത്തിലെ “മന്ദബുദ്ധികളായ ഗോത്രവർഗ്ഗക്കാർ“ കുറച്ചുകൂടി സൂക്ഷ്മമായി ഈ സത്യം കണ്ടെത്തിയിട്ടുണ്ട്. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ.      സത്വരജസ്തമസ്സുകളുടെ (ത്രിഗുണങ്ങളുടെ) സാമ്യാവസ്ഥയാണ് ‘അവ്യക്തം‘. രജസ്സിന്റെ ചലനം കൊണ്ട് ഈ ‘അവ്യക്തത‘ നഷ്ടമാവുകയും മൂലപ്രകൃതിയിൽ നിന്നും ഒരു വികൃതിയുണ്ടായി, ബുദ്ധിയും (അറിവ്) അഹങ്കാരവും പഞ്ചതന്മാത്രകളും, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കർമ്മേന്ദ്രിയങ്ങളും, പഞ്ചമഹാഭൂതങ്ങളും ഉരുത്തിരിഞ്ഞുവന്നു.

ഗുണത്രയങ്ങൾ ഒന്നിച്ചിരിക്കുമ്പോഴും അതിൽ ഒരു ഗുണം അധികമായി വർത്തിക്കും. അതിനാൽ ത്രിഗുണങ്ങളെ വീണ്ടും മുമ്മൂന്ന് ഭാഗങ്ങളാക്കി ആകെ ഒമ്പത് ഭാഗങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇതിൽ സത്ത്വത്തിൽ സത്ത്വഗുണം പ്രധാനമാകുമ്പോൾ വിഷ്ണുവും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ ബ്രഹ്മാവും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ രുദ്രനും ഉണ്ടായി എന്ന് സങ്കൽ‌പ്പം.


ചാക്രികമായ പ്രപഞ്ചസൃഷ്ടിയുടെ ഘടനയും രചനാവിലാസവും വ്യവഹാരത്തിൽ കൊണ്ടുവരാൻ ഉതകുന്ന വിജ്ഞാനത്തെയും അനുസ്മരണപ്രക്രിയയെയും ദേവതാരൂപം നൽകി വിഷ്ണു എന്നു വിളിക്കുന്നു. പാൽകടലിൽ സർപ്പത്തെ മെത്തയാക്കി മനുഷ്യരൂപത്തിൽ കിടന്നുറങ്ങുന്ന ചതുർഭുജനായ ഒരു ദേവനാണ് വിഷ്ണു എന്ന് സങ്കല്പിക്കുമ്പോൾ അത് തികച്ചും ബാലിശമായ ഒരു ചിത്രകഥയിലെ സങ്കല്പമായേ ആധുനികന് തോന്നുകയുള്ളൂ. നേരെമറിച്ച് കോടാനുകോടി ജീവരൂപങ്ങളിൽകൂടി കടന്നുപോകുമ്പോഴും, ജീനുകളുടെ സുനിശ്ചിതമായ പൂർവ്വാർജ്ജിതമായ വാസനയെ നിലനിർത്തുന്ന ഓർമ്മയുടെ നിയതസത്യമായ പ്രതീകമായാണ് ആ ദർശനത്തെ മനസ്സിലാക്കേണ്ടത്.       

പ്രപഞ്ചത്തിന്റെ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയപ്പോൾ അത് ബ്രഹ്മാവ് എന്ന നാലു തലയുള്ള പ്രതീകമായി. വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉത്ഭവിച്ച പത്മത്തിൽ ഉദയം ചെയ്തവനാണ് ബ്രഹ്മാവ് എന്നു സങ്കല്പം. തികച്ചും ശാസ്ത്രീയമായ (ആധുനികശാസ്ത്രം അല്ല) ആശയങ്ങളെ ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായമാകുന്നതിനു പകരം, കഥകളായിട്ടേ തോന്നുകയുള്ളൂ. അതുകൊണ്ട് പൌരാണികമായ കാവ്യാലങ്കാരഭാഷകളിൽ ഗൂഢമായിരിക്കുന്ന സത്യങ്ങൾ ശാസ്ത്രഭാഷയിൽ പുനഃപ്രവചനം ചെയ്യേണ്ടിയിരിക്കുന്നു.


ത്രിഗുണങ്ങൾ എങ്ങനെ ത്രിദോഷങ്ങളാകും എന്ന് ആയുർവ്വേദത്തിന്റെ വീക്ഷണത്തിലൂടെ ഇങ്ങനെ പറയുന്നു :- പഞ്ചവായുക്കളിലെ പ്രബലമായ മൂന്നു വായുക്കൾ - വായു, അഗ്നി, ജലം – എന്ന മൂന്നു ഭൂതങ്ങളുടെ സ്വഭാവങ്ങളോടുകൂടി ശ്ലേഷ്മപിത്തവാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി നമ്മുടെ ശരീരത്തിൽ പ്രകാശിക്കുന്നു. ഈ ധാതുക്കളിൽ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികർത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകർത്താവായും, ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം (കഫം) സംഹാരകർത്താവായും പ്രവർത്തിയ്ക്കുന്നു.

ഗുണത്രയത്തെ പ്രകൃതിയുടെ അടിസ്ഥാനപരമായ വസ്തുരചനക്കുള്ള മാതൃകകളായിട്ടാണ് പറഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ ഗുണങ്ങളെ ഗുണങ്ങളെന്നു വിളിക്കേണ്ടത് അവയ്ക്ക്, ജീവന്റെ സമതുലിതയെ നിലനിറുത്തുവാൻ കഴിയുമ്പോഴാണ്. അത് കഴിയാതെ വരുമ്പോൾ അവ ഗുണങ്ങളല്ല, ദോഷങ്ങളാണ്.                  

Tuesday, November 9, 2010

ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?

ഒരു ചർച്ചക്കിടയിൽ ‘ചിന്തകൻ’ എന്ന ബ്ലോഗർ ഒരിക്കൽ എന്നോട് ചോദിച്ചു, “ബ്രഹ്മാവല്ലെങ്കിൽ പിന്നെ ആരാ നിങ്ങളുടെ സ്രഷ്ടാവ്” എന്ന്. അതായത് സെമിറ്റിക് മതങ്ങളിലെ ദൈവത്തെപ്പോലെ ഒരാൾ ഇവിടെയും ഇരുന്ന് സൃഷ്ടി കർമ്മം ചെയ്യണം, എന്നാലേ വേദങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഏകദൈവത്തെ സാക്ഷ്യപ്പെടുത്താൻ അവർക്ക് കഴിയുകയുള്ളൂ. ഇതുതന്നെ വേദാന്തത്തിൽ പറയുന്ന ബ്രഹ്മസങ്കല്പവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ബഹുദൈവവിശ്വാസികൾക്കും പരിഭ്രമം ഉണ്ടാക്കും. അതുവരെ വിശ്വസിച്ചുപോന്നിരുന്ന, നമ്മളെ സൃഷ്ടിക്കുന്ന ബ്രഹ്മാവും, പരിപാലിക്കുന്ന വിഷ്ണുവും, സംഹരിക്കുന്ന/ലയിപ്പിക്കുന്ന ശിവനും ഇല്ലാത്ത ആത്മീയ മണ്ഡലം തന്നെ അവർക്ക് അപരിചിതമാണ്. വിശ്വസിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടായേക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. ഇവിടെ വേദങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ വിമർശിക്കുന്ന ഭൌതികവാദികൾ ഈ ഭയത്തിൽ നിന്നും മോചിതരാകാൻ സാമാന്യ ജനങ്ങൾക്ക് ഒരു നിർദ്ദേശവും കൊടുക്കുന്നുമില്ല.

പാൽക്കടൽ അനങ്ങാതെ കിടക്കാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായി. എന്ത് പാല്, ആരുടെ പാല് എന്നൊന്നും ചോദിക്കരുത്. അനക്കമില്ലാത്തതുകൊണ്ട് പാടകെട്ടി ദുർഗന്ധം ഒഴുകിവരുന്നുണ്ടോ. ദേവാസുരന്മാർ ഒരിക്കൽ കലക്കി വെടിപ്പാക്കിയതിനുശേഷം ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല. പുതിയ അവതാരങ്ങൾ വരാതിരുന്നതുകൊണ്ടാവാം, അനങ്ങാതെ ഒരേ കിടപ്പുതന്നെയാണ്. കുളിക്കാത്തതുകൊണ്ടാവാം പൊക്കിൾകുഴിയിൽ ചളികെട്ടി അതിൽ നിന്നും താമര വളർന്നു വന്നിട്ടുണ്ട്. അതിലാണ് ചതുർമുഖനായ ബ്രഹ്മാവിന്റെ ഇരിപ്പ്.

വൈകുണ്ഠനാഥനായ ശ്രീമൻ നരായണനെ ഒന്നു വൃത്തിയാക്കിയെടുക്കാം. മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത് (വികസിക്കുന്നത്) . പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ്  (വികാസം)  കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്.

Saturday, November 6, 2010

വൈദിക ദേവതകൾ
ദൈവവും ഈശ്വരനും  എങ്ങിനെ  ഉത്ഭവിച്ചു എന്നുള്ള അന്വേഷണം ഇവിടെ നിന്നും തുടങ്ങിയിരുന്നു.  ഇപ്പോൾ വൈദിക ദേവതകളെക്കുറിച്ചും  ഈശ്വരന്റെ തത്ത്വങ്ങൾ, സങ്കല്പങ്ങൾ വിഭൂതികൾ എന്നിവയെക്കുറിച്ചും  എനിക്ക് മനസ്സിലായത് ഇവിടെ പങ്കുവെക്കാൻ ശ്രമിക്കുകയാണ്.

ഹൈന്ദവ ദർശനങ്ങളിൽ  വിവിധ തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ ഉണ്ട്.   മറ്റു സെമിറ്റിക് മതവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും,  ഏകേശ്വര സങ്കല്പവും  വേദങ്ങളിൽ കാണുന്നുണ്ട്.  ദൈവത്തിനെ കണ്ടെത്താനുള്ള  ജ്ഞാനികളുടെ  അന്വേഷണങ്ങളിൽ,  ദ്വൈതദർശനത്തിൽ നിന്നും  ഉയർന്ന്  അദ്വൈതദർശനത്തിൽ  എത്തിനിൽക്കുന്നു;  ഭാരതീയ  ഈശ്വരസങ്കല്പം.   എല്ലാം ഒന്നായിക്കാണാനുള്ള  അറിവ്  സാമാന്യ ജനങ്ങൾക്കില്ലാത്തതുകൊണ്ട്   ഇന്നും   അനേക-മത-ദൈവ  വിശ്വാസം എല്ലായിടത്തും  നിലനിൽക്കുന്നു. 

 മുപ്പത്തുമുക്കോടി  ദൈവങ്ങളുള്ളതിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിട്ടുള്ളത് ത്രിമൂർത്തികൾക്കാണ്.  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരിൽ തന്നെ  ആർക്കാണ് ഏറ്റവും പ്രാധാന്യം  എന്നു ചോദിച്ചാൽ ഒരു ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കും.  മഹേശ്വരനെ സംഹാരശക്തിയായി കാണുമ്പോൾ തന്നെ ശിവന്റെയും പരാശക്തിയുടെയും സങ്കലനത്തിലൂടെയാണ് ജഗത് രൂപീകരണം നടന്നത് എന്ന  തത്ത്വവും നിലനിൽക്കുന്നു. വിശ്വപ്രപഞ്ചത്തിന്റെ മൂലകാരണം ജഡചേതനകളുടെ അന്യോന്യമുള്ള ആശ്ലേഷണമാണ്.  പ്രപഞ്ചത്തിന്റെ മൂലകാരണം ശിവനും, ശക്തിസ്വരൂപിണിയായ ദേവി പ്രപഞ്ചവുമാണ്.  ശിവശക്തി സംയോഗത്താലാണ് ഗജാനനായ ഗണേശന്റെ ജനനം സംഭവിച്ചത്.   ഗജം ജഗത്തിന്റെ വിപര്യയ രൂപവുമാണ്.  ജഗത്തിലെ  ഭൌതികമായ ഐശ്വര്യങ്ങൾ ഒരു  മനുഷ്യനെയും ആത്യന്തികമായി തൃപ്തിപ്പെടുത്തുകയില്ല.  ശിവപ്രാപ്തികൊണ്ടേ തൃപ്തിയടയൂ.  ശിവൻ മംഗളം നൽകുന്ന ശങ്കരനാണ്.”

വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്.  അവർ  8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്.  ബ്രഹദാരണ്യകോപനിഷത്തിൽ  303 എന്നും, 3003 എന്നും (ത്രയശ്ച ത്രീ ശതാ, ത്ര്യശ്ച ത്രീ ച സഹസ്രേതി)  കാണാം.  ചില ഋഗ്വേദസൂക്തങ്ങളിൽ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്നു.  ശതങ്ങൾ, സഹസ്രങ്ങൾ എന്നെല്ലാം പറയുന്നത് അനന്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ  പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന   വിരാട്പുരുഷന്റെ അവയവങ്ങളുടെ  കൃത്യമായ സംഖ്യയാവാൻ സാധ്യതയില്ല.  അങ്ങിനെയായാൽ  വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.

ഇതെല്ലാം സങ്കല്പങ്ങളും തത്ത്വങ്ങളും  ആണെന്നു പറയാൻ ശ്രമിച്ചാൽ, പിന്നെ ആരെല്ലാമാണ് 80 കോടി ജനങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ എന്ന ചോദ്യമായി.  അതുമാത്രമല്ല, അയോദ്ധ്യയിൽ പോയാൽ ദൈവത്തെ  കാണാൻ കഴിയും എന്നുള്ള നിർദ്ദേശം പോലും ഒരു ഹിന്ദു എന്ന് അവകാശപ്പെടുന്ന സുഹൃത്തിൽ നിന്നും വന്നു.  എന്തുകൊണ്ടോ പാൽകടലിൽ പോയി നോക്കാൻ  പറഞ്ഞില്ല.  അതുകൊണ്ട് എന്റെ അന്വേഷണം പാൽകടലിൽ നിന്നാവാം എന്നു തീരുമാനിച്ചു.

(തുടരും)