Thursday, September 25, 2008

ദൈവത്തെത്തേടി-4

ഈശ്വരസാക്ഷാത്‌ക്കാരം:

ദൈവത്തെ കാണിച്ചുതരാമോ എന്ന ഭൗതിക വാദികളുടെ ബാലിശമായ ചോദ്യങ്ങള്‍ക്കും, ദൈവത്തെ കാണാനായി പുണ്യസ്ഥലങ്ങള്‍ തേടിയലയുന്നവര്‍ക്കും അതിനുള്ള ഉത്തരം കിട്ടില്ല എന്ന്‌ ഉറപ്പിച്ചു പറയാന്‍ വേദങ്ങളോ ഭൗതികാധിഷ്ഠിത കുനുഷ്ടുവാദങ്ങളോ ഒന്നും വായിക്കേണ്ടതില്ല.

ഈയടുത്ത്‌ ഓം നമഃശ്ശിവായ സീരിയലില്‍ അര്‍ദ്ധനാരീശ്വരരൂപം സംസാരിക്കുന്നതു കണ്ടപ്പോള്‍, അതിനോട്‌ യോജിക്കാന്‍ കഴിഞ്ഞില്ല. ‍ തെറ്റായ പ്രചരണം ദുരുദ്ദേശപരം തന്നെയല്ലെ. പണ്ട്‌ സായിപ്പ്‌ ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കി അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പിന്തുടര്‍ച്ചതന്നെയല്ലെ ഇത്തരം വ്യാഖ്യാനങ്ങളും.


അറിവിന്റെ ലോകത്ത്‌ ആത്മലാഭത്തിനു തടസ്സമായി വരുന്നത്‌ സംശയമാണ്‌. സംശയനിവൃത്തി വരുത്താതെ ആത്മലാഭം ഉണ്ടാവുകയില്ല. അതുകൊണ്ട്‌ എനിയ്ക്ക്‌ ആത്മബോധം ഉണ്ടാകണം അല്ലെങ്കില്‍ ഈശ്വര ദര്‍ശനം ലഭിക്കണം എന്നൊരാള്‍ ആഗ്രഹിച്ചാല്‍ അത്‌ ലഭിക്കുന്നത്‌ എങ്ങിനെയൊക്കെയാവാം എന്ന്‌ വെറുതെ ഒരു അന്വേഷണം.

"ജ്ഞാന സംച്ഛിന്ന സംശയം" ജ്ഞാനം കൊണ്ട്‌ സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നു തന്നെയാണ്‌ ഭഗവദ്‌ ഗീത പറയുന്നത്‌.

ആത്മലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്തെന്ന്‌ ഭഗവത്‌ ഗീത തന്നെ പറയുന്നുണ്ട്‌.

ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്‌പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശന്തിമചിരേണാധിഗച്ഛതി. (ഭ.ഗീ. 4:39)

[ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും, ആ ജ്ഞാനംതന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമെന്നു വിചാരിക്കുന്നവനും, ഇന്ദ്രിയങ്ങളെ യമനം ചെയ്തവനുമായ സാധകന്‌ ജ്ഞാനം ലഭിച്ചിട്ട്‌ പരമമായ ശാന്തിയെ വേഗത്തില്‍ പ്രാപിക്കുന്നു.]

ഇതിനോടുചേര്‍ത്ത്‌ ഈശാവാസ്യോപനിഷത്തിലെ ഈ ഗുരുദേവ തര്‍ജ്ജമയും ഓര്‍ക്കുന്നത്‌ ഉചിതമായിരിക്കും.
വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും.

സത്യത്തെ കേവലമായി യുക്തിചിന്തയ്ക്കറിയാന്‍ പറ്റുമോ? മനസ്സിനും വാക്കിനും ചെന്നെത്താന്‍ കഴിയാത്ത അനന്തമായ അഖണ്ഡബോധസത്യത്തെ യുക്തികൊണ്ടെങ്ങിനെ മനസ്സിലാക്കാന്‍ ‍ കഴിയും.
കഠോപനിഷത്തിന്റെ പ്രഖ്യാപനം നോക്കുക:

നായമാത്മാ പ്രവചനേനലഭ്യോ
നമേധയാന ബഹുനാശ്രുതേന
യമേവൈഷവൃണുതേതേനലഭ്യഃ
തസ്യൈഷ ആത്മാവിവൃണുതേ തനൂംസ്വാം.

[ഈ ആത്മാവ്‌ വേദപഠനം കൊണ്ടു കിട്ടുകയില്ല. ഗ്രന്ഥതാല്‌പര്യം ഗ്രഹിക്കാന്‍ കഴിയുന്ന ബുദ്ധികൊണ്ടും കിട്ടുകയില്ല. ഒരാള്‍ ഈ ആത്മാവിനെ പരമലക്ഷ്യമായി വരിക്കുമെങ്കില്‍ ആ സാധകന്‌ ആത്മാവിനെ കിട്ടുന്നതാണ്‌. അങ്ങനെയുള്ള സത്യാന്വേഷിക്ക്‌ ഈ ആത്മാവ്‌ മഹത്തും സര്‍വ്വവ്യാപ്തവുമായ തന്റെ സ്വരൂപം മറ മാറ്റിത്തെളിച്ചു കൊടുക്കും.]


ഇനി ഓരോരുത്തരും ആത്മാവിനെ എങ്ങിനെയെല്ലാം മനസ്സിലാക്കുന്നു എന്ന്‌ ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

ആശ്ചര്യവത്‌ പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്‌. (ഭ.ഗീ. 2:29)

[ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു. മറ്റുചിലര്‍ ഈ ആത്മാവിനെ അശ്ചര്യവസ്തുപോലെ പറയുന്നു. വേറെ ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും പറഞ്ഞാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.]

തീരെ അറിയപ്പെടാന്‍ കഴിയാത്തതാണ്‌ പരമാത്മാവ്‌ എങ്കില്‍ ബ്രഹ്മജ്ഞാനികള്‍ അത്‌ ഉണ്ട്‌ എന്ന്‌ സങ്കല്‍പിക്കുന്നതെങ്ങനെ? ഒരിക്കലും ലഭിക്കാത്ത അറിവിനുവേണ്ടി അന്വേഷണം നടത്തുന്നതെന്തിന്‌?

ഭഗവത്‌കൃപകൊണ്ട്‌ ഭഗവാന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതത്രയും അറിയും, ഒരു തുണ്ടെടുത്ത്‌ വിശ്ലേഷണം ചെയ്ത്‌ മണത്തും അളന്നും തൂക്കിയും നോക്കി ഉണ്ടാകുന്ന വസ്തുജ്ഞാനംപോലെ അറിയാവുന്നതല്ല അത്‌. ഏതൊരു ചേതനയുള്ള ജീവിയിലും ആത്മാവായി പ്രകാശിക്കുന്നത്‌ പരമാത്മാവിന്റെ സച്ചിദാനന്ദ സ്വരൂപം തന്നെയാകയാല്‍ പല അനുപാതത്തിലുള്ള അറിവുകള്‍ ജീവികള്‍ക്ക്‌ ഉണ്ടാകുന്നുവെന്ന്‌ പറയാം. എന്നാല്‍ പരമാത്മാവിനെപ്പറ്റി എല്ലാതരത്തിലും അറിയാന്‍ കഴിയുമെന്ന്‌ അവകാശപ്പെടുവാന്‍ കഴിയില്ല.


ആത്മാനുഭവത്തിന്റെ ഈ രഹസ്യങ്ങളൊക്കെ ഉള്ളില്‍ കണ്ടുകൊണ്ടാണ്‌ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌:

ഉലകവുമുള്ളതുമായ്കലര്‍ന്നു നില്‍ക്കും-
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്ങ്‌മനോഗോ-
ചരമിതിലെങ്ങുചരിച്ചിടും പ്രമാണം.

[ഉണ്ടായിമറയുന്ന പ്രപഞ്ചവും ഉണ്ടാകാത്തതും മറഞ്ഞതുമായ ബ്രഹ്മവും കൂടിക്കലര്‍ന്നു നില്‍ക്കുന്ന ഈ സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈരുദ്ധ്യം തന്നെയാണ്‌. ഇന്നവിധമെന്നു തീരുമാനിക്കാന്‍ കഴിയാത്തവണ്ണം വാക്കിനും മനസ്സിനും അപ്രാപ്യമായ ഈ സത്യത്തില്‍ പ്രത്യക്ഷാദിപ്രമാണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണ്‌?]

ഭാരതീയരുടെ ഈശ്വരന്‍ വെറും വിശ്വാസമല്ല; സൂര്യതുല്യമായ പ്രത്യക്ഷാനുഭവമാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഭഗവത്‌ ഗീതയിലെതന്നെ പ്രഖ്യാപനം നോക്കുക.......

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവത്‌ ജ്ഞാനം പ്രകാശയതി തത്‌പരം. (ഭ.ഗീ. 5:16)

[ആര്‍ക്കൊക്കെ ആത്മതത്വത്തെ മറച്ചിരിക്കുന്ന അജ്ഞാനത്തെ, ജ്ഞാനം കൊണ്ട്‌ നശിപ്പിക്കന്‍ സാധിക്കുന്നുവോ, അവര്‍ക്ക്‌ ആ ജ്ഞാനം, ആദിത്യനെപ്പോലെ പരബ്രഹ്മസത്യത്തെ കാട്ടിക്കൊടുക്കുന്നു.]

ദൈവത്തെ കാണാം എന്നുള്ളതിന്‌ ഒരു അനുഭവമിതാ....

"ഈശ്വരനെ അങ്ങു കാണുന്നുണ്ടോ"? എന്ന്‌ നരേന്ദ്രന്‍ ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരോട്‌ ചോദിച്ചു. "കുഞ്ഞേ, നിന്നെ ഞാന്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തമായി ഈശ്വരനെ കാണുന്നു. നിനക്കാഗ്രഹമുണ്ടെങ്കില്‍ കാട്ടിത്തരികയും ചെയ്യാം". എന്നാണ്‌ പരമഹംസര്‍ മറുപടി കൊടുത്തത്‌.

പരമഹംസരെ പോലുള്ളവര്‍ക്ക്‌ ഇതൊരു നിമിത്തമായി കരുതി ജ്ഞാനം പകര്‍ന്ന്‌ ചിലപ്പോള്‍ പരബ്രഹ്മസത്യത്തെ കാണിച്ചുകൊടുക്കാന്‍ സാധിച്ചേക്കാം. അതിനു തെളിവാണല്ലോ - സ്വാമി വിവേകാനന്ദന്‍.


ഒരിക്കല്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ഭക്തനോട്‌ രമണമഹര്‍ഷി ഇങ്ങിനെ പറഞ്ഞു. "പുസ്തകജ്ഞാനത്തിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്‌, ഭ്രമണത്തിന്‌ മുഖ്യമായ ഒരു കാരണമാകുമെന്ന്‌ പൂര്‍വ്വികരായ സൂരികള്‍ പറയുന്നു. അത്‌ താങ്കളെ ലക്ഷ്യത്തിലെത്തിക്കില്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുകൊണ്ടും പണ്ഡിതനാകുന്നതുകൊണ്ടും നിങ്ങള്‍ക്ക്‌ പ്രശസ്തി കിട്ടും. പക്ഷെ മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു സാധകന്‌ അതുകൊണ്ട്‌ മനസ്സമാധാനം ഉണ്ടാവില്ല. ഒരു മുമുക്ഷു ശാസ്ത്രങ്ങളുടെ സാരം ഗ്രഹിച്ച്‌ വിണ്ടും വീണ്ടും അവയെ വായിക്കുന്നത്‌ ഉപേക്ഷിക്കണം. വായന ധ്യാനത്തിന്‌ വിരോധിയാണ്‌. ധാന്യമെടുത്ത്‌ തൊണ്ടുകളയുന്നതുപോലെ സാരം ഗ്രഹിച്ച ശാസ്ത്രം കളയണം. അനേകം ശാസ്ത്രങ്ങളും, മതങ്ങളും ഇവിടെ നിലവിലുണ്ട്‌. എല്ലാം വായിക്കാന്‍ ഒരു ജന്മംതന്നെ പോരാ, പിന്നെ അഭ്യാസത്തിന്‌ സമയമെവിടെ? വായിക്കുന്തോറും കൂടുതല്‍ വായിക്കാനുള്ള ആശ വരും. ഇതിന്റെ ഫലം മറ്റുള്ള പുസ്തകവായനക്കാരുമായി വെറുതെ ചര്‍ച്ചയാണ്‌. ഇങ്ങനെ നല്ല സമയമെല്ലാം കളഞ്ഞുകുളിക്കും. ഇത്‌ മുക്തിക്ക്‌ സഹായമല്ല. ഇവിടെവന്ന്‌ ആദ്യത്തെ രണ്ടുവര്‍ഷം ഞാനെന്തു പുസ്തകമാണ്‌ വായിച്ചത്‌? ആരുടെ പ്രസംഗം കേട്ടു? വെറുതെ സ്വസ്തമായി കണ്ണടച്ച്‌ നിശ്ചലനായിരുന്നു. അത്രതന്നെ."
(ശ്രീ രമണാശ്രമം പത്രാവലി, പത്രം-99)


(തുടരും........)

26 comments:

പാര്‍ത്ഥന്‍ said...

ഈശ്വരസാക്ഷാല്‌ക്കാരത്തിനായി അലഞ്ഞപ്പോള്‍ ഒന്നു മനസ്സിലായി, അമ്പലങ്ങളിലോ പ്രാര്‍ത്ഥനാലയങ്ങളിലോ ഈശ്വരന്‍ ഇരിക്കുന്നില്ല എന്ന സത്യം.

പിന്നെ എവിടെയാണ്‌????????

"അറിവാണ്‌ ആത്മാവ്‌. എന്നാല്‍ അറിവില്‍ത്തന്നെ അറിവില്ലായ്മയും ഇരിക്കുന്നു. ശരീരത്തിന്‌ രോഗവും ബലഹീനതയും വരുന്നതുപോലെയാണ്‌ അറിവില്‍ അറിവില്ലായ്മ ആരോപിതമായി വരുന്നത്‌. തെറ്റിദ്ധാരണ പോയി ധാരണ വരുന്നതുതന്നെ ജ്ഞാനം. ആ ജ്ഞാനം തന്നെയാണ്‌ ആത്മാവ്‌. ആനന്ദമാണ്‌ ആത്മാവിന്റെ സ്വരൂപലക്ഷണം. ആത്മാവും ബ്രഹ്മവും രണ്ടല്ല. എപ്പോള്‍ ആനന്ദം നിരതിശയമായും നിരപേക്ഷമായും അതിരറ്റതായുമിരിക്കുന്നുവോ അപ്പോള്‍ ബ്രഹ്മസാക്ഷാല്‍ക്കാരമായി."
(യതിയുടെ വാക്കുകള്‍ക്ക്‌ കടപ്പാട്‌.)

സൂരജ് :: suraj said...

"പുസ്തകജ്ഞാനത്തിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്‌, ഭ്രമണത്തിന്‌ മുഖ്യമായ ഒരു കാരണമാകുമെന്ന്‌ പൂര്‍വ്വികരായ സൂരികള്‍ പറയുന്നു. അത്‌ താങ്കളെ ലക്ഷ്യത്തിലെത്തിക്കില്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുകൊണ്ടും പണ്ഡിതനാകുന്നതുകൊണ്ടും നിങ്ങള്‍ക്ക്‌ പ്രശസ്തി കിട്ടും. പക്ഷെ മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു സാധകന്‌ അതുകൊണ്ട്‌ മനസ്സമാധാനം ഉണ്ടാവില്ല. ഒരു മുമുക്ഷു ശാസ്ത്രങ്ങളുടെ സാരം ഗ്രഹിച്ച്‌ വിണ്ടും വീണ്ടും അവയെ വായിക്കുന്നത്‌ ഉപേക്ഷിക്കണം. വായന ധ്യാനത്തിന്‌ വിരോധിയാണ്‌. ധാന്യമെടുത്ത്‌ തൊണ്ടുകളയുന്നതുപോലെ സാരം ഗ്രഹിച്ച ശാസ്ത്രം കളയണം. അനേകം ശാസ്ത്രങ്ങളും, മതങ്ങളും ഇവിടെ നിലവിലുണ്ട്‌. എല്ലാം വായിക്കാന്‍ ഒരു ജന്മംതന്നെ പോരാ, പിന്നെ അഭ്യാസത്തിന്‌ സമയമെവിടെ? വായിക്കുന്തോറും കൂടുതല്‍ വായിക്കാനുള്ള ആശ വരും. ഇതിന്റെ ഫലം മറ്റുള്ള പുസ്തകവായനക്കാരുമായി വെറുതെ ചര്‍ച്ചയാണ്‌. ഇങ്ങനെ നല്ല സമയമെല്ലാം കളഞ്ഞുകുളിക്കും. ഇത്‌ മുക്തിക്ക്‌ സഹായമല്ല. ഇവിടെവന്ന്‌ ആദ്യത്തെ രണ്ടുവര്‍ഷം ഞാനെന്തു പുസ്തകമാണ്‌ വായിച്ചത്‌? ആരുടെ പ്രസംഗം കേട്ടു? വെറുതെ സ്വസ്തമായി കണ്ണടച്ച്‌ നിശ്ചലനായിരുന്നു. അത്രതന്നെ."


എക്സലന്റ് !

അങ്ങനെ സ്വസ്ഥമായി കണ്ണടച്ച് നിശ്ചലമായി ധ്യാനിച്ചു ധ്യാനിച്ച് നാം എന്തെല്ലാം കണ്ടെത്തി... പേപ്പർ ക്ലിപ്പ് മുതൽ ഇത് ടൈപ്പ് ചെയ്യാനുള്ള ടാവുൾട് സോഫ്റ്റ് വെയർ വരെ !
ഹൊ!

ഓ, അതൊന്നും ‘മുക്തി’മാർഗ്ഗങ്ങളല്ലല്ലൊ :)
രമണമഹർഷിമാരെക്കൊണ്ട് ഇരിക്കാനും നിൽകാനും വയ്യ!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ആധ്യാത്മികജ്ഞാനത്തിന്‌ ആരാണ്‌ യോഗ്യന്‍?

കഠോപനിഷത്തില്‍ നചികേതസ്സിനെ പോലെയുള്ളവര്‍.
ഇഹലോകജീവിതത്തില്‍ തൃപ്തിവന്നവര്‍.
ഐഹികമായ കാര്യങ്ങള്‍ നശ്വരമാണെന്ന്‌ മനസ്സിലാക്കിയവര്‍.
അത്തരക്കാര്‍ക്കുള്ളതാണ്‌ അധ്യാത്മശാസ്ത്രം. അതുകൊണ്ടാണ്‌ ആ ചോദ്യം ചോദിച്ചപ്പോള്‍ യമന്‍ നചികേതസ്സിനോട്‌ അതു തനിക്കറിയില്ല എന്നു പോലും പറഞ്ഞിട്ട്‌ ഐഹികസുഖങ്ങളെ കാട്ടി പ്രലോഭിപ്പിക്കുന്നത്‌.

അതേ കാരണം കൊണ്ടു തന്നെയാണ്‌ വേദാന്തം എന്ന പേരില്‍ അത്‌ വേദങ്ങളുടെ അന്ത്യഭാഗം,ആണ്‌ എന്നു പറയുന്നത്‌ - അപക്വമതികള്‍ക്കുള്ളതല്ല എന്ന്‌.

പ്രിയ സൂരജ്‌ താങ്കളുടെ വാദം താങ്കളെകുറിച്ച്‌ ആദ്യം ഉണ്ടായിരുന്ന അഭിപ്രായത്തെ വ്യത്യാസപ്പെടുത്തുന്നുവോ എന്നൊരു സംശയം.

അല്ല എന്റെ അഭിപ്രായത്തിന്‌ എന്തു വില അല്ലേ?
തുടര്‍ന്നുകൊള്ളൂ. താങ്കളുടെ നിലവാരത്തില്‍ തന്നെ

സൂരജ് :: suraj said...

"പ്രിയ സൂരജ്‌ താങ്കളുടെ വാദം താങ്കളെകുറിച്ച്‌ ആദ്യം ഉണ്ടായിരുന്ന അഭിപ്രായത്തെ വ്യത്യാസപ്പെടുത്തുന്നുവോ എന്നൊരു സംശയം...
അല്ല എന്റെ അഭിപ്രായത്തിന്‌ എന്തു വില അല്ലേ?
തുടര്‍ന്നുകൊള്ളൂ. താങ്കളുടെ നിലവാരത്തില്‍ തന്നെ "


പ്രിയ പണിക്കർ മാഷേ,

ആർക്കും ആരെയും കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. കാരണം അഭിപ്രായങ്ങൾ ഓരോരുത്തരുടേയും മസ്തിഷ്കത്തിന്റെ നൈമിഷിക ഉൽ‌പ്പന്നങ്ങൾ മാത്രം :)

എന്താണ് അവിദ്യ, എന്താണ് വിദ്യ എന്ന് അങ്ങ് വിവരിച്ച പോസ്റ്റ് ഞാനായിട്ട് ഓർമ്മിപ്പിക്കേണ്ടതില്ലല്ലൊ:

അറിവിന്റെ ഓരോ പടിയും തൊട്ട് താഴെയുള്ള പടിയെ ‘അവിദ്യ’യാക്കുന്നു. ആത്മജ്ഞാനം എന്ന അന്തിമ പീഠത്തിലേക്കുള്ള പടികൾ എത്രയുണ്ടെന്ന് അതിൽ നിന്നു തന്നെ സുവ്യക്തമാണ് . ആറ്റത്തിന്റെയും ഉപാണുതലത്തിലേയും ഉർജ്ജ/ദ്രവ്യ കണങ്ങൾ മുതൽ വിശാലപ്രപഞ്ചത്തിലെ സ്ഥലകാലത്തിന്റെ മേയ്ട്രിക്സ് വരെയുള്ളതിനെ കുറിച്ചുള്ള അറിവിന്റെ വ്യാപ്തി എത്രയാണെന്ന് മനുഷ്യ ബുദ്ധികൊണ്ട് ഊഹിക്കാൻ പോലും ആവില്ല. ഓരോ നൂലും ഇഴപിരിച്ചു നോക്കുമ്പോൾ വിദ്യയുടെ ഓരോ പടിയും അവിദ്യയായി മാറുന്നതു കാണാം - പരന്ന ഭൂമി ഗോളമാണെന്നറിയുന്നതുപോലെ, ചാന്ദ്രപ്രകാശം സൌരോർജ്ജത്തിന്റെ പ്രതിഫലനമാണെന്നറിയുന്നതു പോലെ, വികാരങ്ങളും ബോധവും ഹൃദയത്തിലല്ല മസ്തിഷ്കത്തിലാണെന്ന് അറിയുന്നതുപോലെ, ഗുരുത്വാകർഷണം വെറുമൊരു ബലമല്ല മറിച്ച് സ്പേസിന്റെ വക്രതയാലുളവാകുന്നതാണെന്ന അറിവു പോലെ, ഉപാണുലോകത്ത് കിറുകൃത്യമായ ഒരു സ്ഥാനവും മൊമെന്റവും എന്നിച്ചു വരില്ല ഏതെങ്കിലുമൊന്ന് കൃത്യമാകുമ്പോൾ മറ്റേതിൽ അമൂർത്തതവരും എന്ന അറിവു പോലെ.... അങ്ങനെയങ്ങനെ കോടി മനുഷ്യജന്മങ്ങളെടുത്താലും കയറിത്തീരാത്ത വിദ്യയുടെ പടവുകൾ എത്ര ! എങ്കിലും നാം ചെറു ചുവടുകൾ വച്ച് നീങ്ങുന്നു.

മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു ‘സാധകന്’ അറിവു കൊണ്ട് മനസ്സമാധാനം ഉണ്ടാവില്ലെങ്കിൽ അയാൾ സത്യജിജ്ഞാസുവുമല്ല ആത്മജ്ഞാനത്തിന്റെ സാധകനുമല്ല. കാരണം താൻ കടന്നു പോയ വിദ്യയുടെ ഒരു പടവ് അവിദ്യയായി മാറുമ്പോഴുള്ള ആ മനസമാധാനക്കേടാണ് സത്യജിജ്ഞാസുവിന്റെ ഒന്നാം ലക്ഷണം. ആ പടവ് എന്നത് ഭഗവദ് ഗീത വായിച്ചു സാരം ഗ്രഹിക്കുന്നതായാലും ശരി കമ്പ്യൂട്ടറിൽ ഒരു രാസകണികയുടെ ഘടന വിശകലനം ചെയ്യുന്നതായാലും ശരി.

എന്നാൽ പേപ്പർക്ലിപ്പ് മുതൽ ആണവനിലയം വരെ അങ്ങനെ വികസിക്കുന്ന ജ്ഞാനം ‘ഇഹലോക’ത്തെക്കുറിച്ചും ‘മായാ’രൂപങ്ങളെക്കുറിച്ചുമാണെന്നും അത് ലൌകികതയിലും സംസാരസാഗരത്തിലും മനുഷ്യനെ ആഴ്ത്താൻ മാത്രമേ ഉതകൂ എന്നും ചിലർ ജൽ‌പ്പിക്കുന്നു. ജനനം മുതൽ മരണം വരെ മനുഷ്യൻ പ്രപഞ്ചത്തെയും പ്രകൃതിയേയും കുറിച്ച് ആർജിക്കുന്ന ഓരോ തുണ്ട് അറിവും ആത്യന്തികമായി അവനവനെ അറിയുന്നതിലേക്കുള്ള ഓരോ പടവാണെന്ന് ഈ കൂട്ടർ മനസിലാക്കില്ല.ഐഹികജീവിതം അവസാനിപ്പിച്ച് ഒരിടത്ത് കുത്തിയിരുന്ന് ‘അകത്തോട്ട് നോക്കി’യാലാണ് ആത്മജ്ഞാനത്തിലേക്കുള്ള ‘കുറുക്കുവഴി’ എന്ന് പുലമ്പിക്കൊണ്ട് മനുഷ്യനെ അറിവിൽ നിന്നും അകറ്റുന്നു. ആ അറിവില്ലായ്മയെ ചൂഷണം ചെയ്തു വേണമല്ലൊ ഇത്തരം വിജ്ഞാനവൈരികൾക്ക് പിഴച്ചു പോകാൻ. അതിനവർ വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും സിദ്ധാന്തങ്ങളും ചമയ്ക്കുന്നു, ജനതയെ ബൌദ്ധികമായി വന്ധ്യംകരിക്കുന്നു. ലോകത്തിന്റെ വിജ്ഞാന തലസ്ഥാനമായി ജ്വലിക്കേണ്ടുന്ന നമുടെ രാജ്യം കഷ്ടിച്ച് 67% സാക്ഷരരുള്ള ഇടമായിരിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ

[ഇത്രയുമെഴുതിയത് ആത്മസാക്ഷാത്കാരത്തെ കുറിച്ചുള്ള എന്റെ ‘നിലവാര’ത്തിലുള്ള ചിന്തകൾ. ഞാൻ ‘വ്യാഖ്യാനങ്ങളി’ലല്ല പ്രായോഗികമായി ഇതിനൊക്കെ എന്തു സംഭവിച്ചു,എന്ത് സംഭവിക്കുന്നു എന്ന് മാത്രം നോക്കുന്ന മായാമോഹിതനായ ഒരു ഐഹിക ജീവിയാണ്. ഈ വഴിയേ പോയാലാണ് ‘പടികൾ’ കയറുന്നതിന് ഒരർത്ഥം ഉണ്ടാകുക എന്ന് വിശ്വസിക്കുന്നവൻ :)) എല്ലാം വിശ്വാസങ്ങളുടെ പ്രശ്നമാണല്ലൊ.]

കാവലാന്‍ said...

വിദ്യ എന്നത് ശാസ്ത്രജ്ഞാനമാണെന്നും,അതല്ല ആത്മജ്ഞാനമാണെന്നും ധരിക്കുന്നവരുണ്ടല്ലോ.
തിരിച്ചറിവുകളില്‍ നിന്ന് ശാസ്ത്രജ്ഞാനി ആത്മാന്വേഷണത്തിലേയ്ക്കും,ആത്മജ്ഞാനി ശാസ്ത്രാന്വേഷണത്തിലേയ്ക്കും നടന്നു പോവുന്നതും നമുക്കറിയാവുന്ന കാര്യങ്ങള്‍.ആത്മാന്വേഷണം എന്നത് ഒരു രോഗമാണെന്നു ഒന്നാമന്‍ വിലയിരുത്തുന്നെങ്കില്‍ അത് അയാള്‍ക്ക് ശരിയായിരിക്കാം എന്ന അറിവ്
രണ്ടാമനുണ്ടെങ്കില്‍ സംഘര്‍ഷം ഒഴിവായേക്കാം.

പാര്‍ത്ഥന്‍, താങ്കള്‍ തുടരുക.....

സൂരജ്,....
അവഹേളനം എന്നത് അറിവുപകരുന്നതിനു പകരം അടിസ്ഥാന രഹിതമായ അധരവ്യായാമത്തിനു മാത്രം,അല്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ക്കു മാത്രമേ ഉപകരിക്കൂ എന്നു തോന്നുന്നു.നിന്ദ എന്നത് ഏതൊന്നിനും നേരെ ആര്‍ക്കും ചെയ്യാവുന്നൊരു ചെറിയ (വലിയ) കാര്യമാണെന്നു കരുതുന്നു,അതു ശാസ്ത്രത്തിനെതിരെയും, ആധ്യാത്മീകതയ്ക്കെതിരെയും ഒരേ പോലെ എറിയാവുന്നൊരു കല്ല്.

"ഐഹികജീവിതം അവസാനിപ്പിച്ച് ഒരിടത്ത് കുത്തിയിരുന്ന് ‘അകത്തോട്ട് നോക്കി’യാലാണ് ആത്മജ്ഞാനത്തിലേക്കുള്ള ‘കുറുക്കുവഴി’ എന്ന് പുലമ്പിക്കൊണ്ട് മനുഷ്യനെ അറിവിൽ നിന്നും അകറ്റുന്നു. ആ അറിവില്ലായ്മയെ ചൂഷണം ചെയ്തു വേണമല്ലൊ ഇത്തരം വിജ്ഞാനവൈരികൾക്ക് പിഴച്ചു പോകാൻ."

ഏതുകര്‍മ്മാനുഷ്ഠാനവും ഈശ്വരാര്‍പ്പണമായി ഫല,ലാഭേച്ഛയില്ലാതെ ചെയ്യുന്നവന്‍ സദ്ഗതി പ്രാപിക്കുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്.അപ്പോള്‍ മൊട്ടു സൂചിയുണ്ടാക്കമ്പോള്‍ ലാഭേച്ഛയേക്കാള്‍ അതിന്റെ പരിപൂര്‍ണ്ണതയില്‍ മാത്രം ശ്രദ്ധിക്കുന്നവനായിരിക്കും ഏറ്റവും നല്ലത് ഉണ്ടാക്കാനാവുക.

വിജ്ഞാന വൈരികള്‍ എല്ലാ മേഖലയിലുമുണ്ടല്ലോ,ഏറ്റവും കൂടുതല്‍ ചികിത്സയുള്ളത് ഒരിക്കലും മാറാത്ത അസുഖങ്ങള്‍ക്കല്ലേ? അവര്‍ക്കു കാശു വേണം,കാശിന് ആക്രാന്തം കാണിക്കുന്നവന് ശാസ്ത്രമായാലെന്ത്,ആത്മീയതയായാലെന്ത്? പക്ഷേ അതു വച്ച് ആ മേഖലയെ മൊത്തം അവഹേളനത്തിന്റെ
ഒരു പുച്ഛച്ചിരിയിലൊതുക്കുക എന്നതിന് ബാലിശം എന്നാണു തോന്നുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സൂരജ്‌,

ആ കുത്തിയിരിക്കുന്ന ആളുകള്‍ക്കുള്ളതാണ്‌ ഇപ്പറയുന്ന വിഷയം, അല്ലാതെ പടിപടിയായി കയറി വരുന്ന ശിശുക്കള്‍ക്കുള്ളതല്ല. (ഇതു തന്നെ ഇപ്പോള്‍ ധാരാളം പ്രാവശ്യം എഴുതി- ഇനി എഴിതിയിട്ടു കാര്യമുണ്ടോ ആവോ)
അവര്‍ക്ക്‌ കമ്പ്യൂട്ടറൂം, ടെലിസ്കോപ്പും ഒക്കെയുണ്ടല്ലൊ അതുകൊണ്ടു കളിച്ചാല്‍ പോരേ?

എല്ലാം മതിയായിക്കഴിയുമ്പോള്‍ ഇങ്ങോട്ടു നോക്കിയാല്‍ മറ്റു ചിലതു കാണാനുണ്ടാകും അതുവരെ ഇതൊക്കെ ഇങ്ങനെയേ തോന്നൂ.

ചിലര്‍ക്ക്‌ ഇതെല്ലാം പള്ളിക്കൂടത്തില്‍ പോയി പഠിക്കാതെ തന്നെ ഇങ്ങനെ ഒക്കെയാണെന്ന്‌ തോന്നും ആദ്യമേ തന്നെ. അവര്‍ അതിനെ കുറിച്ച്‌ ഇതുപോലെ ഒക്കെ പറഞ്ഞെന്നിരിക്കും.

താങ്കളുടെ നിലവാരം വീണ്ടും വീണ്ടും എഴുതി ഫലിപ്പിക്കുന്നതിനു നന്ദി

കാവലാന്‍ said...

ഹെറിറ്റേജ്, ബഹുമാനപൂര്‍വ്വം പറയട്ടെ...

ആത്മാന്വേഷണത്തിന് പ്രായ ലിംഗ വര്‍ണ്ണ ജാതി ഭേദം എവിടേയും കല്പ്പിച്ചിട്ടില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

"ഹെറിറ്റേജ്, ബഹുമാനപൂര്‍വ്വം പറയട്ടെ...

ആത്മാന്വേഷണത്തിന് പ്രായ ലിംഗ വര്‍ണ്ണ ജാതി ഭേദം എവിടേയും കല്പ്പിച്ചിട്ടില്ല."


പ്രിയ കാവലാന്‍ ജീ,
ഞാന്‍ എവിടെയെങ്കിലും അങ്ങനെ പറഞ്ഞുവോ? അഥവാ അങ്ങനെ ഒരര്‍ത്ഥം ധ്വനിപ്പിക്കുന്ന വാക്കുകള്‍ എവിടെയെങ്കിലും കടന്നു കൂടിയോ?
എനിക്കുമങ്ങനെ ഒരഭിപ്രായം ഇല്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ കാവലാന്‍ ജീ,

ഈ ഒരു വിഷയം ശ്രീ പാര്‍ത്ഥന്‍ എഴുതുന്നതില്‍ സൂരജ്‌ പറയുന്നതു പോലെ എന്ത്‌ "അകത്തോട്ടു നോക്കിയാല്‍ കാണുന്നതും" ,"കുറുക്കുവഴികളും" "ആ അറിവില്ലായ്മയെ ചൂഷണം ചെയ്യലും" "ഇങ്ങനെയുള്ള വിജ്ഞാനവൈരികള്‍ക്ക്‌ പിഴച്ചു പോകാന്‍" ഉം കണ്ടു?

അത്തരക്കാര്‍ വെളിയില്‍ ഉണ്ടായിരിക്കാം, അതിനെ പലവട്ടം ഇവിടെ എല്ലാവരും പറഞ്ഞു കഴിഞ്ഞതും ആണ്‌. വീണ്ടും വീണ്ടും ഈ ചര്‍ച്ചയില്‍ ഇത്തരം അവഹേളനപരമായ കമന്റുകള്‍ കാണുമ്പോള്‍, അതിന്‌ മറുപടിയായി ഇതു സൂചിപ്പിച്ചു എന്നേ ഉള്ളു.

മുമ്പൊരു കഥ കേട്ടിട്ടുണ്ട്‌.
ഒരു സന്യാസിയുടെ വീട്ടിനു മുമ്പില്‍ ഒരു വേശ്യ താമസിച്ചിരുന്നു അത്രെ. സന്യാസി വേശ്യയുടെ കാര്യം ആലോചിച്ചു കഷ്ടം എന്നോര്‍ത്ത്‌ ജീവിച്ച്‌ ജീവിച്ച്‌ നരകത്തിലെത്തി അത്രെ വേശ്യ സ്വര്‍ഗ്ഗത്തിലും. അവിടെ വച്ച്‌ സന്യാസി ചോദിച്ചു പോലും എന്താണ്‍` താന്‍ നരകത്തിലായത്‌ വേശ്യ എങ്ങനെ സ്വര്‍ഗ്ഗത്തില്‍ പെട്ടു? എന്ന്‌.

സ്വന്തം കര്‍മ്മം മാത്രം അനുഷ്ടിച്ചു കൊണ്ടിരുന്ന്നതു കൊണ്ട്‌ വേശ്യ സ്വര്‍ഗ്ഗാര്‍ഹയും , അവലേ നോക്കിയിരുന്നതു കൊണ്ട്‌ സന്യാസി നരകത്തിലും ആയി എന്നുത്തരവും ലഭിച്ചു അത്രെ.

അതേ പോലെ ഇവിടെ പാര്‍ത്ഥന്റെ എഴുത്തുകള്‍ വിമര്‍ശനത്തിനായാണെങ്കിലും പഠിച്ചു പഠിച്ച്‌ സൂരജ്‌ സ്വര്‍ഗ്ഗത്തിലും,

സൂരജിന്റെ വിശകലന്നം വായിച്ചു വായിച്ച്‌ ജ്ഞാന്നൊക്കെ നരകത്തിലും എത്തിപ്പെടും എന്നു വിചാരിക്കാം :) :)

കാവലാന്‍ said...

"കുത്തിയിരിക്കുന്ന ആളുകള്‍ക്കുള്ളതാണ്‌ ഇപ്പറയുന്ന വിഷയം, അല്ലാതെ പടിപടിയായി കയറി വരുന്ന ശിശുക്കള്‍ക്കുള്ളതല്ല"

"വീണ്ടും വീണ്ടും ഈ ചര്‍ച്ചയില്‍ ഇത്തരം അവഹേളനപരമായ കമന്റുകള്‍ കാണുമ്പോള്‍, അതിന്‌ മറുപടിയായി......."

അതെ,പക്ഷേ താങ്കളുടെഭിപ്രായത്തില്‍നിന്നും അത് ഇന്നയിന്നതരക്കാര്‍ക്ക് എന്നു വേര്‍തിരിവുണ്ട് എന്നു ഞാന്‍ ധരിച്ചു, വായനാപ്പിഴ.പിന്നെ സൂരജിന്റെയല്ല ആരുടെ വിശകലനം വായിച്ചാലും അവിടെയൊന്നും എത്തില്ല
"സ്വന്തം കര്‍മ്മം മാത്രം അനുഷ്ടിച്ചു കൊണ്ടിരുന്ന്നതു " ഭംഗിയായിചെയ്യുന്നുണ്ടെങ്കില്‍,അജാമിളന്റെ കഥ ഞാനായിട്ടു പറയേണ്ടതില്ലല്ലോ?. :)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ കാവലാന്‍ ജീ,
വ്യാധഗീത ഞാന്‍ ഇവിടെ എഴുതിയിരുന്നു. ഇതുപോലെയുള്ള കമന്റുകള്‍ പലതു കണ്ടതായിരുന്നു അതിനും കാരണം

സൂരജ് :: suraj said...

ഈ ഒരു വിഷയം ശ്രീ പാര്‍ത്ഥന്‍ എഴുതുന്നതില്‍ സൂരജ്‌ പറയുന്നതു പോലെ എന്ത്‌ "അകത്തോട്ടു നോക്കിയാല്‍കാണുന്നതും", "കുറുക്കുവഴികളും" "ആ അറിവില്ലായ്മയെ ചൂഷണം ചെയ്യലും" "ഇങ്ങനെയുള്ള വിജ്ഞാനവൈരികള്‍ക്ക്‌ പിഴച്ചു പോകാന്‍" ഉം കണ്ടു?

പ്രിയ പണിക്കർ മാഷ്,

എന്റെ ആദ്യകമന്റ് മുതൽ വായിക്കുക. അതിലെവിടെയെങ്കിലും പാർത്ഥൻ ജീയെ വിമർശിച്ചിട്ടുണ്ടോ ?

ജ്ഞാനം കൊണ്ട്‌ സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നു തന്നെയാണ്‌ ഭഗവദ്‌ ഗീത പറയുന്നത്‌... എന്ന് പാർത്ഥൻ ജീ തന്നെ എഴുതുന്നു. ഇത് രമണമഹർഷിയുടേതായി ക്വോട്ട് ചെയ്ത വാക്കുകളുടെ ആശയത്തിൽ നിന്നും കടക വിരുദ്ധവുമാണ്. രമണമഹർഷിയുടേതെന്നു പറയുന്ന ആ വാക്യങ്ങളെ മാത്രമാണ് -കൃത്യമായി ക്വോട്ട് ചെയ്ത് - ഞാൻ വിമർശിച്ചത്. അതു തികച്ചും വ്യക്തിപരമായ ബോധ്യങ്ങൾക്ക് അനുസൃതമായും. അതിൽ ‘നിലവാര’പ്രശ്നമൊക്കെ എടുത്തിട്ട് judgemental ആക്കിയത് ആരാണ് ?
:))

[ഓ.ടോ: നിലവാരം എന്ന സംഗതി ആപേക്ഷികമാണെന്നോർക്കുക. രണ്ടാം നില എന്നൊന്നുണ്ടേങ്കിൽ അതു ഒന്നാം നിലയെ അപേക്ഷിച്ചാണ്. അപ്പോൾ ആരാണ്, എവിടെയാണ് നിലവാരങ്ങളുടെ absolute value നിശ്ചയിക്കുന്നത് ?]

പിന്നെ, ഞാൻ രണ്ടാം കമന്റിൽ പറഞ്ഞ കാര്യത്തെ സംബന്ധിച്ച് :

ആത്മീയതയെ മൊത്തത്തിൽ ഞാൻ അവഹേളിച്ചു എന്നൊരു ധ്വനിയാണ് കാവലാൻ ജീയുടെ കമന്റിൽ. രമണമഹർഷി പറയുന്ന ‘ഒരിടത്ത് സ്വസ്ഥമായി കണ്ണടച്ചിരുന്നു ധ്യാനിക്കലാണ് ആത്മീയത എങ്കിൽ അതു ഗർഹണീയം എന്നു തന്നെയാണ് എന്നാണ് എന്റെ പക്ഷം. കാരണം പാർത്ഥൻ ജീ തത്വവിശകലനങ്ങൾക്കായി അവലംബിക്കുന്ന ഭഗവദ്ഗീത തന്നെ അത്തരം ‘കുത്തിയിരുപ്പു‘കളെ ഇകഴ്ത്തുന്നുണ്ട്. ‘കർമ്മം’ ചെയ്യലാണ് - പ്രവർത്തിക്കലാണ് - ഗീത ആത്മസാക്ഷാത്കാരത്തിനായി മുന്നോട്ടു വയ്ക്കുന്ന സൊല്യൂഷൻ. എല്ലാം മതിയായിക്കഴിഞ്ഞവനല്ല,
മറിച്ച്, ആരുടേയെങ്കിലും ഭൌതിക ജീവിതത്തിലെ സ്വകർമത്തിന്റെയും ധർമ്മത്തിന്റേയും അനുഷ്ഠിക്കലിലെ ഏതെങ്കിലുമൊക്കെ പോയിന്റിലാണ് ഗീതയോ അതിലെ ആശയങ്ങളോ ഭാരതീയ പുരാണങ്ങളിൽ എല്ലായ്പ്പോഴും ഉപദേശിക്കപ്പെട്ടിട്ടുള്ളത് എന്നോർക്കുക. അതുകൊണ്ട്, പണിക്കർ മാഷു പറയുമ്പോലെ “എല്ലാം മതിയായിക്കഴിയുമ്പോള്‍” തപ്പിയിറങ്ങാനുള്ളതല്ല ഈ ‘ആത്മസാക്ഷാത്കാരം’എന്ന സാധനം എന്നാണ് എന്റെ ധാരണ. അങ്ങനെ എല്ലാം മതിയായിക്കഴിഞ്ഞിട്ട് കൃഷ്ണന്റെ ഗീതവും കേട്ട് ‘സ്വസ്ഥമായി ഒരിടത്തിരിക്കാൻ’ അല്ലല്ലൊ അർജ്ജുനൻ കുരുക്ഷേത്രത്തിൽ വന്നതും :)


പ്രിയ കാവലാൻ ജീ,

വിദ്യ എന്നത് ശാസ്ത്രജ്ഞാനമാണെന്നും,അതല്ല ആത്മജ്ഞാനമാണെന്നും ധരിക്കുന്നവരുണ്ടല്ലോ.

ശാസ്ത്രജ്ഞാനം, ആത്മജ്ഞാനം എന്നൊക്കെ അറിവിനെ ചിലർ വേർതിരിക്കുന്നത് തന്നെ പിൽക്കാലത്ത് വന്ന ഒരുതരം തരികിടയാണ്. ശാസ്ത്രജ്ഞാനമെന്ന് പറഞ്ഞാൽ രണ്ടര മീറ്റർ നീളത്തിനു ഡിഗ്രികൾ ഉള്ളവൻ ഫെർമി ലാബിലും ബെൽ ലാബിലും ചെയ്യുന്ന ‘വൻ’ഇടപാടുകളാണെന്ന ധാരണയും ഇതിന്റെ ഉപോല്പന്നമാണ്. ഭാരതീയ താത്വിക ചിന്തകളിൽ എവിടെയും അത്തരം വേർതിരിവുകളും കാണാനില്ല. ശരീരശാസ്ത്രം ചർച്ചചെയ്യുന്നിടത്ത് തന്നെ സുശ്രുതൻ മനുഷ്യ ജീവിതത്തിന്റെ ആത്മീ‍യാർത്ഥങ്ങളെക്കുറിച്ചും മെറ്റീരിയൽ പ്രപഞ്ചത്തിന്റെ സ്റ്റഫിനെക്കുറിച്ചുമൊക്കെ ചർച്ചചെയ്യുന്നുണ്ട് (ഉദാ:സര്‍വ്വഭൂതചിന്താശാരീരം ). പ്രധാനപെട്ട ഉപനിഷത്തുക്കളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. കുഞ്ഞിനെ കിടത്തിയല്ല മുലയൂട്ടേണ്ടത് എന്ന അമ്മയുടെ സാമാന്യജ്ഞാനം മുതൽ കാർഷികവൃത്തിയിലെ ഋതുക്കളെകുറിച്ചുള്ള ‘ഇന്റ്യൂയിഷൻ’ വരെയും ശാസ്ത്രജ്ഞാനം തന്നെ. ആത്യന്തികമായി അതുതന്നെയാണു ആത്മത്തെ - അവനവനെ - കുറിച്ചുള്ള അന്വേഷണവും. അതുകൊണ്ടാണല്ലൊ ഗീതയിൽ ‘ജ്ഞാനം കൊണ്ട് സംശയങ്ങളെ ഛിന്നമാക്കാൻ’ ഉദ്ഘോഷിക്കുന്നത്. എന്നുവച്ചാൽ രമണ മഹർഷി തട്ടിവിടും പോലെ ‘ശാസ്ത്രങ്ങൾ പഠിക്കുന്നതു’ കൊണ്ടോ ‘വായന’ കൊണ്ടോ ‘സമയമെല്ലാം കളഞ്ഞുകുളിക്കൽ’ ആകുന്നില്ല. പണിക്കർ മാഷ് ചൂണ്ടിക്കാണിച്ച ‘വ്യാധഗീത’യേക്കാൾ നന്നായി ഇതു പറയുവാൻ സാധിക്കുകയുമില്ല :)

“ ഇവിടെ പാര്‍ത്ഥന്റെ എഴുത്തുകള്‍ വിമര്‍ശനത്തിനായാണെങ്കിലും പഠിച്ചു പഠിച്ച്‌ സൂരജ്‌ സ്വര്‍ഗ്ഗത്തിലും,
സൂരജിന്റെ വിശകലന്നം വായിച്ചു വായിച്ച്‌ ജ്ഞാന്നൊക്കെ നരകത്തിലും എത്തിപ്പെടും എന്നു വിചാരിക്കാം..”


അപ്പൊ അദ്വൈതികൾക്കും സ്വർഗ്ഗവും നരകവുമൊക്കെ ഉണ്ടോ ? :))

ബ്ലോഗെഴുത്തുകൾ വായിച്ചും/വിമർശിച്ചും സ്വർഗ്ഗം നേടാം അല്ലേ ? (അതും ധർമ്മത്തിൽ പെടുമെങ്കിൽ ?) WOW !

പാര്‍ത്ഥന്‍ said...

പ്രിയ സൂരജ്‌,
ഘടകവിരുദ്ധമായ പ്രസ്ഥാവനയെക്കുറിച്ച്‌ എനിയ്ക്ക്‌ പറയാനുള്ളത്‌:

ഒന്നാമതായി രമണമഹര്‍ഷിയുടെ വരികളില്‍ ധ്യാനത്തിനാണ്‌ പ്രാധാന്യം കൊടുത്തിട്ടുള്ളത്‌. പുസ്തകജ്ഞാനം വേണ്ട എന്നല്ല, അതിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്‌ കാരണമാകുന്നു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌.

ബുദ്ധിയെ സമമായ അവസ്ഥയില്‍ നിറുത്താന്‍ ധ്യാനത്തിലൂടെ കഴിയും.
അഷ്ടാംഗയോഗത്തില്‍ യമ, നിയമ, ആസന, പ്രണായാമ, പ്രത്യാഹാര, ധ്യാന, ധാരണ, സമാധി എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌.

ജ്ഞാനം = ശുദ്ധമായ അറിവ്‌ (Pure knoledge‌), വിജ്ഞാനം = പ്രായോഗികമായ അറിവ്‌ (Aplied knowledge‌) എന്ന അര്‍ത്ഥത്തിലാണ്‌ നടരജഗുരു പറഞ്ഞിരിക്കുന്നത്‌.
'മോക്ഷധീര്‍ ജ്ഞാനമന്യത്ര' എന്ന്‌ അമരകോശത്തില്‍ പറയുന്നതനുസരിച്ച്‌, ജ്ഞാനമെന്നാല്‍ മോക്ഷവിഷയമായ ബുദ്ധിയാണ്‌. വിജ്ഞാനം എന്നാല്‍ അനുഭവജ്ഞാനം എന്നാണ്‌ ഗീതയില്‍ ‍ അര്‍ത്ഥം എടുക്കേണ്ടത്‌ എന്ന് വ്യാഖാനത്തില്‍ കാണുന്നു.

സൂരജ് :: suraj said...

"ജ്ഞാനം = ശുദ്ധമായ അറിവ്‌ (Pure knoledge‌), വിജ്ഞാനം = പ്രായോഗികമായ അറിവ്‌ (Aplied knowledge‌) എന്ന അര്‍ത്ഥത്തിലാണ്‌ നടരജഗുരു പറഞ്ഞിരിക്കുന്നത്‌.
'മോക്ഷധീര്‍ ജ്ഞാനമന്യത്ര' എന്ന്‌ അമരകോശത്തില്‍ പറയുന്നതനുസരിച്ച്‌, ജ്ഞാനമെന്നാല്‍ മോക്ഷവിഷയമായ ബുദ്ധിയാണ്‌. വിജ്ഞാനം എന്നാല്‍ അനുഭവജ്ഞാനം എന്നാണ്‌ ഗീതയില്‍ ‍ അര്‍ത്ഥം എടുക്കേണ്ടത്‌ എന്ന് വ്യാഖാനത്തില്‍ കാണുന്നു. "


ഇതിൽ തന്നെയാണ് അഭിപ്രായവ്യത്യാസവും ഉള്ളത് പ്രിയ പാർത്ഥൻ ജീ. ജ്ഞാനത്തിനു അത്തരമൊരു വേർതിരിവ് ഇല്ലാ എന്നു ‘തെളിയിക്കാൻ’ വേറെ വ്യാഖ്യാനങ്ങൾ എനിക്കും നിരത്താനുണ്ട്. വേണ്ട, വെറുതേയെന്തിന് :)
ഞാൻ ഒരു വിമതാഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.

എങ്കിലും നിത്യചൈതന്യയതിയും ഗുരുദേവനുമടക്കമുള്ളവരെ ക്വോട്ട് ചെയ്ത സ്ഥിതിക്ക് പരോക്ഷമായി എന്റെ അഭിപ്രായം താങ്കൾ ശരിവയ്ക്കുകയാണ്. കാരണം ‘ഉൾ വലിയലിന്റെ ധ്യാന വഴി’ അല്ല, വിജ്ഞാന (ജ്ഞാനം എന്ന അർത്ഥത്തിൽ തന്നെ!) ആർജ്ജനം എന്ന വഴിയുടെ അവസാനം തന്നെയാണ് യതിയും ഗുരുദേവനുമെല്ലാം ആത്മതത്വത്തെകുറിച്ചു സംസാരിക്കുന്നത്. യതിയുടെ ‘ഉർജ്ജ താണ്ഡവം’ ഒന്ന് മറിച്ചു നോക്കുക. ആ പുസ്തകത്തിലുള്ളതെല്ലാം ഞാൻ സംബ്സ്ക്രൈബ് ചെയുന്നുവെന്നല്ല, എങ്കിലും ഇവിടെ ആദ്യകമന്റുമുതൽ ഈയുള്ളവൻ ഉദ്ദേശിച്ചതെന്ത് എന്നു മനസിലാവും. :)

തുടരുക...ആശംസകൾ.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സൂരജ്‌,

താങ്കള്‍ പാര്‍ത്ഥനെ വിമര്‍ശിച്ചു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഇടയ്ക്കിടക്ക്‌ ആവശ്യമില്ലാത്ത വിഷയങ്ങള്‍ കൊണ്ടു വരുന്നത്‌ ഈ വിഷയത്തില്‍ അരോചകമാണ്‌

അകര്‍മ്മത്തില്‍ കര്‍മ്മം കാണുന്ന ഒരുദാഹരണം സൂര്യഭഗവാന്റെ ഉദാഹരണം കാണിക്വ്ഹ്ച്‌ ആചാര്യ വിനോബ ഭാവെ ഗീതാഭാഷ്യത്തില്‍ എഴുതിയിട്ടുണ്ട്‌ ആഭാഗം ഒന്നു വായിക്കുന്നത്‌ നന്നായിരിക്കും

കണ്ടൊ സൂരജ്‌ ഇതുപോലെ അധ്യാത്മം പഠിച്ച്‌ സ്വര്‍ഗത്തിലും നമ്മല്‍ സൂരജിനെ വിമര്‍ശിച്ച്‌ കോഞ്ഞാട്ടയും ആകും :)

കാവലാന്‍ said...

പ്രിയ സൂരജ്,

"ഒരു സാധകന്‌ അതുകൊണ്ട്‌ മനസ്സമാധാനം ഉണ്ടാവില്ല." എന്ന വരിയാണ് എനിക്കതില്‍ കാണാനായത്
പുസ്തകം നോക്കിക്കൊണ്ട് സാധനചെയ്യുന്നവന്‍ എന്നാല്‍ ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണശ്രദ്ധചെലുത്താനാവാത്തവന്‍ എന്നുവരില്ലേ,അങ്ങനെ വരുമ്പോള്‍ ഫലം എന്നതിനു മാറ്റു കുറയില്ലേ?

"വെറുതെ സ്വസ്തമായി കണ്ണടച്ച്‌ നിശ്ചലനായിരുന്നു. അത്രതന്നെ." ഈയൊരു വാചകം അതില്‍ നിന്നുമെടുത്ത് സൂരജിന്റെ സ്വതസിദ്ധമായ ഭാവവും ചേര്‍ത്ത് പറഞ്ഞതുകൊണ്ടാണ് ഞാനങ്ങനെ ധരിച്ചത്.
പക്ഷേ എന്റെ ധാരണകള്‍ തിരുത്തപ്പെടാത്തതാവണം എന്ന നിലപാടെനിക്കില്ല തീര്‍ച്ചയായും അതിനു കഴിയുന്നവരാല്‍ തിരുത്തപ്പെടണമെന്നതിനാലാണ് ഇത്തരം ചര്‍ച്ചകള്‍ക്കിടയ്ക്കു കയറി ചിലതു പറയുന്നത്. :)


"ജ്ഞാനമെന്നാല്‍ മോക്ഷവിഷയമായ ബുദ്ധിയാണ്‌. വിജ്ഞാനം എന്നാല്‍ അനുഭവജ്ഞാനം എന്നാണ്‌ ഗീതയില്‍ ‍ അര്‍ത്ഥം എടുക്കേണ്ടത്‌ എന്ന് വ്യാഖാനത്തില്‍ കാണുന്നു. "

ഇതിൽ തന്നെയാണ് അഭിപ്രായവ്യത്യാസവും ഉള്ളത് പ്രിയ പാർത്ഥൻ ജീ. ജ്ഞാനത്തിനു അത്തരമൊരു വേർതിരിവ് ഇല്ലാ എന്നു ‘തെളിയിക്കാൻ’ വേറെ വ്യാഖ്യാനങ്ങൾ എനിക്കും നിരത്താനുണ്ട്. വേണ്ട, വെറുതേയെന്തിന് :)
ഞാൻ ഒരു വിമതാഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ."

നിഷ്ഫലമെന്നു തോന്നുന്നില്ലെങ്കില്‍ സമയമനുവദിക്കുന്നുണ്ടെങ്കില്‍ "വെറുതേയെന്തിന്" എന്നു കരുതേണ്ടതില്ല.

PIN said...

ഭാരതീയ സംസ്ക്കരത്തെ ഉണർത്തുവാൻ ഉതകുന്ന ഈമാതിരി ലേഖനങ്ങൾ ദയവായി തുടരുക...
ഭാരതീയരായ നാം ഓരോരുത്തരും നമ്മുടെ സംസ്ക്കാരം കത്തുസൂക്ഷിക്കാൻ ബാധ്യസ്തരാണ്‌...

(^oo^) bad girl (^oo^) said...

Feel good......

ഹരിശ്രീ said...

നല്ല ശ്രമം...

ആശംസകള്‍

:)

സ്മിജ said...

ഗുരുവായൂരപ്പാ രക്ഷിക്കണേ...

വല്യമ്മായി said...

പൂര്‍ണ്ണമായ അറിവ് നേടുന്നതിന് പുറത്തേക്ക് മാത്രമല്ല തന്നിലേക്ക് കൂടി നോക്കേണ്ടതിന്റെ,വായിക്കുന്നതും പഠിക്കുന്നതും അതേ പറ്റി വിഴുങ്ങാതെ അതേ കുറിച്ച് ചിന്തിക്കേണ്ടതിന്റേയും സ്വയം ചോദ്യം ചോദിച്ച് ഉത്തരം കണ്ടത്തേടതിന്റേയും ആവശ്യകത മനസ്സിലാക്കി തന്നു പല വരികളും.

ഭൂമിപുത്രി said...

ആഗ്രഹിയ്ക്കുന്നത്രയും പുസ്തകങ്ങൾ വായീക്കാൻ പറ്റുന്നില്ലല്ലൊ എന്ന വൈക്ലബ്യം വലുതായി വേണ്ട,അല്ലേ പാർത്ഥൻ?

അപ്പു said...

"കുഞ്ഞേ, നിന്നെ ഞാന്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തമായി ഈശ്വരനെ കാണുന്നു. നിനക്കാഗ്രഹമുണ്ടെങ്കില്‍ കാട്ടിത്തരികയും ചെയ്യാം".

അനുഭവിച്ചും രുചിച്ചും അറിയേണ്ട ഒന്നാണ് ഈശ്വരന്‍ എന്നാണെന്റെ അനുഭവം. അത് എഴുതുവാനാവില്ല.

പാര്‍ത്ഥന്‍ said...

അപ്പൂ,
ബ്രഹ്മജ്ഞാനം/ഈശ്വരദർശനം എന്നൊക്കെപ്പറയുന്നതിൽ നിന്നും കിട്ടുന്ന ആനന്ദം വിവരണാതീതമാണെന്ന്‌ ഉപനിഷത്തുക്കളും പറയുന്നുണ്ട്‌.
(കേനോപനിഷത്തിൽ)
“ന വാഗ്ഗച്ഛതി നോ മനഃ”
എന്നു പറഞ്ഞിരിക്കുന്നു.
(തൈത്തിരിയോപനിഷത്തിൽ)
“യതോ വാചോ നിവർത്തന്തേ
അപ്രാ‍പ്യ മനസാ സഹ” എന്നും പറഞ്ഞിരിക്കുന്നു.
പരമ്പൊരുളിന്റെ ദർശനംകൊണ്ടുണ്ടാകുന്ന സുഖം വിവരിക്കുവാൻ വാക്കിനോ മനസ്സിനോ കഴിയുന്നതല്ല എന്നുതന്നെയാണ് പറയുന്നത്. എന്നാലും അത്‌ ബുദ്ധിഗ്രാഹ്യമല്ലെന്നു വരുന്നില്ല. ബൃഹദാരണ്യകോപനിഷത്തിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ബുദ്ധി ഉപയോഗിച്ച്‌ പരമാത്മസ്വരൂപ ദർശനം സാദ്ധ്യമാണ്. ആത്യന്തികമായ സുഖത്തെ ബുദ്ധികൊണ്ടു ഗ്രഹിക്കുന്ന ജ്ഞാനിയെ ബൃഹദാരണ്യകോപനിഷത്തിൽ ‘സത്യബ്രഹ്മൻ’ എന്നു വിളിക്കുന്നു.

Anonymous said...

പാർത്ഥൻ ജി, ലേഖനം വായിച്ചു, ഉപകാരപ്രദം നന്ദി….,

arjunk613 said...

ഹിന്ദു (സനാതന ധര്‍മം ) മതം എന്താണെന്നു അറിയാതെ ഭാലരമയിലും അമര്ചിത്രകതകളിലും വായിച്ച പുരാണങ്ങളെയും മറ്റും സ്വന്തം സംസ്കാരമായി കാണുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു മതത്തിന്റെ വെല്ലു വിളി . സ്വന്തം സംസ്കാരവും മതവും മനസിലാക്കാനുള്ള ഒരു മനസ് ഉണ്ടാവണം അതിനു ശ്രമിക്കുന്ന നിങ്ങളെ പോലുള്ളവരുടെ ശ്രമത്തിനു ഒരായിരം ആശംസകള്‍ നേരുന്നു എന്നെ പോലുള്ള പുതു തലമുറക്കാര്‍ക്ക് എന്റെ സംസ്കാരത്തെ കുരിച്ഹു വ്യക്തമായ ഒരറിവ്‌ തരാന്‍ ആരുമില്ല മറ്റു മഠങ്ങളില്‍ മത പഠനം നിര്ഭാണ്ടിതമാകുമ്പോള്‍ സനാതന്‍ ശര്മം പിന്തുടരുന്നവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കൂടി പോലും പഠിക്കണോ മനസിലാക്കാനോ അവസരം ലഭിക്കുന്നില്ല .