Monday, October 20, 2008

ബ്രഹ്മചര്യയും ഈശ്വരാരാധനയും

എന്താണ്‌ ബ്രഹ്മചര്യം?

പരമാർത്ഥത്തെ ജീവിതത്തിൽ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചര്യകൾ ഒരുവൻ അനുഷ്ഠിക്കണമോ അതെല്ലാം ചെയ്യുന്നത്‌ ബ്രഹ്മചര്യമാണ്‌. ബ്രഹ്മത്തിലേയ്ക്ക്‌ ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ്‌ ബ്രഹ്‌മചര്യം.

ഭഗവദ്ഗീതയിൽ ഇങ്ങനെ പറയുന്നുണ്ട്‌:

പ്രശാന്താത്മാ വിഗതഭീഃ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യമച്ചിത്തോ യുക്ത ആസീത മത്‌ പരഃ. (ഭ.ഗീ. 6:14)

ഭഗവദ്‌ ഗീതയിൽ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം അവിവാഹിതനായ വിദ്യാർത്ഥിയിലും, വിവാഹജീവിതം നയിക്കുന്ന ഗൃഹസ്ഥനിലും, വാനപ്രസ്ഥത്തിലേയ്ക്കു വിരമിച്ചവനിലും സന്ന്യാസിയിലും ഒരുപോലെ ഉണ്ടായിരിക്കേണ്ടതായ സത്യത്തിനോടുള്ള ഉൽക്കടമായ പ്രേമമാണ്‌. പരമസത്യമായ ബ്രഹ്മത്വത്തിലേയ്ക്ക്‌ സദാസമയവും അടുത്തുകൊണ്ടിരിക്കുവാൻ സഹായിക്കുന്ന മനോഭാവവും പെരുമാറ്റച്ചിട്ടയും മാത്രമാണ്‌. ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ്‌ ബ്രഹ്മചര്യമെങ്കിൽ ഗൃഹസ്ഥാശ്രമികൾക്ക്‌ ഈശ്വരാരാധന നടത്താൻ സാധിക്കില്ല.

തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്‌ പരായണാഃ
ഗച്ഛന്ത്യ പുനരാവൃത്തിം ജ്ഞാനനിർദ്ധൂതകല്‌മഷാഃ. (ഭ.ഗീ. 5:17)

ഇവിടെ ഈശ്വരദർശ്ശനം ഉണ്ടാകണമെങ്കിൽ എന്തെല്ലാം നിഷ്ഠകൾ ഉണ്ടായിരിക്കണം എന്നു പറയുന്നുണ്ട്‌. ഒന്നാമതായി പറഞ്ഞിരിക്കുന്നത്‌ ബുദ്ധിയെ ബ്രഹ്മത്തിൽ തന്നെ നിമഗ്നമാക്കി വെക്കണം എന്നാണ്‌. രണ്ടാമതായി ബ്രഹ്മത്തെത്തന്നെ ആത്മാവായി കരുതുക എന്നും. മൂന്നാമതായി ബ്രഹ്മത്തിൽ പരിപൂർണ്ണമായ നിഷ്ഠയുണ്ടായിരിക്കണം എന്നും. നാലാമത്തേതാകട്ടെ, ബ്രഹ്മത്തിൽ തന്നെ സമ്പൂർണ്ണമായും മുഴുകിയിരിക്കുക എന്ന അവസ്ഥയുമാണ്‌.

നാരായണഗുരു 'ദൈവദശക'ത്തിൽ ഇങ്ങനെ പറയുന്നു:

"ആഴമേറും നിൻമഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം."

ബ്രഹ്മനിഷ്ഠന്റെ ജീവിത മാതൃകയാണ്‌ ഇവിടെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്‌.

ആന്തരസമാധി പരിശീലിച്ച്‌ ഉള്ളിൽ ആത്മതത്ത്വം കണ്ടെത്തണം. ബാഹ്യസമാധി ശീലിച്ച്‌ പുറമെ പരമാത്മാവിനെ കാണണം. രണ്ടുമൊന്നാണെന്നറിഞ്ഞ്‌ അതായിത്തീരണം. സദാ സർവ്വത്ര ആനന്ദഘനമായി വർത്തിക്കണം. വ്യക്തിഗതമായ താല്‌പര്യങ്ങളിൽ നിന്നും സമൂഹത്തിന്റെയും പ്രകൃതിയുടെയും സമ്പൂർണ്ണസുഖത്തിന്‌ ഉതകുന്ന ജീവിതമാതൃകയിലേയ്ക്ക്‌ തന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വാക്കുകളെയും കൊണ്ടുവരണം. അപ്പോൾ മാത്രമെ നമ്മുടെ ജീവിതം നൈഷ്ഠികമായ ബ്രഹ്മചര്യമാണെന്നു പറയുവാൻ കഴിയുള്ളൂ. കേവലം അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.

18 comments:

പാര്‍ത്ഥന്‍ said...

അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.

കൃഷ്ണ-തൃഷ്ണ യുടെ ‘അടിച്ചേല്പിക്കുന്ന ബ്രഹ്മചര്യം’http://krishnathrishna.blogspot.com/2008/10/blog-post_10.html എന്ന പോസ്റ്റിലേയ്ക്ക് എഴുതിയ ഒരു കമന്റായിരുന്നു. ഇത്തിരി നീളം കൂടിയപ്പോൾ പോസ്റ്റിയതാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ പാര്‍ഥന്‍ ജി,

ഹൈന്ദവതത്വശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാകണം എങ്കില്‍ അതു പഠിക്കണം.

അതു പഠിക്കണം എന്നു മനസ്സിലുള്ളവര്‍ അതു പഠിക്കും.

തന്റെ മനസ്സ്‌ എപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവോ താനും അപ്രകരം തന്നെ ആയിത്തീരും -ഇതു തന്നെ ആണ്‌ ധ്യാനത്തിന്റെ യുക്തിയും.

ബ്ലോഗില്‍ കൂടി വിദ്വേഷം മാത്രം ആവോളം പ്രചരിപ്പിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ എഴുതുമ്പോഴും ഇതൊക്കെ ആലോചിക്കുന്നത്‌ നന്നായിരിക്കും- കുറേ നാള്‍ അങ്ങനെ ചെയ്തുകഴിയുമ്പോള്‍ - അല്ല അതിനല്ലെ അവരൊക്കെ ജനിച്ചു വന്നിരികുന്നതു തന്നെ അല്ലേ?

kaithamullu : കൈതമുള്ള് said...

ബ്രഹ്മത്തിലേയ്ക്ക്‌ ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ്‌ ബ്രഹ്‌മചര്യം.
--
ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞത് പോലെ ബ്ലോഗ് ഇതിനൊക്കെക്കൂടിയുള്ളതാണെന്ന് ചിന്തിക്കുന്ന ധാരാളം പാര്‍ത്ഥന്മാര്‍ കടന്നു വരട്ടേ!
-വെളിച്ചം പകര്‍ന്ന് തരട്ടേ!

കുറുമാന്‍ said...

എന്റമ്മേ, പാര്‍ത്ഥന്‍ജീ ഇതിലെ പഴയത് കുറേ വാ‍ായിക്കാ‍നുണ്ട്. എല്ലാം വായിച്ചിട്ട് മൊത്തമായിട്ട് സംശനിവൃത്തിക്കായി വരാം.

തറവാടി said...

പാര്‍ത്ഥന്‍,

ബ്രഹ്മചര്യയും സന്യാസവും ഒന്നാണോ? അല്ലെങ്കില്‍ എന്താണവ തമ്മിലുള്ള വ്യത്യാസം?

മുസാഫിര്‍ said...

പാര്‍ത്ഥന്‍ജി,
ബ്രഹ്മചാരി എന്നതിന്റ്റെ വാക്യാര്‍ത്ഥം ബ്രഹ്മത്തിലേക്ക് ചരിച്ചു കൊണ്ടിരിക്കുന്നവനാണ് എന്നാണെങ്കിലും ബ്രഹ്മചാരിക്ക് കല്യാണം കഴിക്കാത്തവന്‍ എന്നൊരു അര്‍ത്ത്ഥം കൂടി പറഞ്ഞ് പറഞ്ഞ് പഴകിയാണെങ്കിലും വന്നിട്ടില്ലേ ? അതിന് ഹേതുവായത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ ?

അപ്പു said...

നല്ലപോസ്റ്റ്. ഞാന്‍ കമന്റില്‍ എഴുതണം എന്നുദ്ദേശീച്ച ചോദ്യം ഇതാ മുസാഫിര്‍ എഴുതിയിരിക്കുന്നു ! അപ്പോള്‍ അതൊന്നു പറയൂ.

പാര്‍ത്ഥന്‍ said...

വായിച്ചവർക്കെല്ലാവർക്കും നന്ദി.

തറവാടി,
മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു പറഞ്ഞുപോരുന്നതാണ്‌ ഈ ആശ്രമങ്ങൾ. ഋഷിമാരുടെ തപോവനം അല്ല.
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല്‌ ആശ്രമധർമ്മങ്ങൾ ഉണ്ടെന്നു പറയുന്നു. വേണമെങ്കിൽ അതൊക്കെ ശീലിച്ചു നോക്കാം. ഈ ധർമ്മാചരണങ്ങൾക്ക്‌ അൽപം ബുദ്ധിമുട്ടുണ്ട്‌. അതുകൊണ്ട്‌ കുറച്ച്‌ ‘ശ്രമം‘ വേണ്ടിവരും (അദ്ധ്വാനിക്കേണ്ടിവരും). കുടുബകാര്യങ്ങളിൽ ഇടപെടുന്നതിനുമുമ്പുള്ള കാലം പൊതുവെ വിജ്ഞാനസമ്പാദനത്തിനും ജീവിതോപാധി പരിശീലിക്കുന്നതിനുമുള്ള കാലമാണ്‌. പിന്നീട്‌ കടമകൾ എല്ലാം ചെയ്തു തീർത്തതിനുശേഷം തട്ടിപ്പോയില്ലെങ്കിൽ, സകലതും ത്യജിച്ച്‌ എപ്പോഴും ഈശ്വരധ്യാനവുമായി കഴിയുന്ന കാലത്തിനെ സന്ന്യാസം എന്നും പറയാം.

മുസാഫിർ:
പണ്ട്‌ വിദ്യഭ്യാസകാലത്ത്‌ ലൈംഗികതക്ക്‌ അത്രമാത്രം പ്രാധാന്യം കൊടുത്തിട്ടുണ്ടാവില്ല. ഇന്ന് അതല്ലല്ലോ സ്ഥിതി. കുടുബപ്രാരാബ്ധങ്ങളിലേയ്ക്ക്‌ കടക്കുന്നതിനുമുമ്പായതുകൊണ്ടാവും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവനെ കല്യാണം കഴിക്കാത്തവൻ എന്നും കല്യാണം കഴിക്കാത്തവരെ ബ്രഹ്മചാരി എന്നും പറഞ്ഞ്‌ ശീലിച്ചത്‌ എന്ന് തോന്നുന്നു.

nardnahc hsemus said...

പാവം ബാചിലേര്‍സ്..
എത്രമാത്രം റെസ്പോന്‍സിബിലിറ്റീസാ ...!!

:)

(ഇങ്ങനെ പറഞ്ഞുതരാനും ആരെങ്കിലും വേണ്ടെ! പാര്‍ത്ഥേട്ടാ, തുടരുക.. ലക്ഷം ലക്ഷം പിന്നാലെ... )
:)

അരുണ്‍ കായംകുളം said...

"അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല"

വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന ഒരാള്‍ക്ക് ബ്രഹ്മചാരി ആകാന്‍ സാധിക്കുമോ?

അങ്ങനെയെങ്കില്‍ അനുഷ്ഠാനങ്ങള്‍ എന്തെല്ലാം?

ദയവായി ഒന്നു വിശദീകരിക്കുമോ?

പാര്‍ത്ഥന്‍ said...

അരുൺ,
ഒന്നുകൂടി വായിച്ചുനോക്കൂ. ഈ സംശയം മാറിക്കിട്ടും.
ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം എന്നീ കര്‍മ്മങ്ങളെ "നിത്യ കര്‍മ്മങ്ങള്‍" എന്നു പറയുന്നു.
അത്‌ ചെയ്യാത്തപക്ഷം, ശരീരം രോഗഗ്രസ്തമാവുകയും ജീവിതംതന്നെ അസാദ്ധ്യമായിത്തീരുകയും ചെയ്യും.
ഇത് ആജീവനാന്തം ചെയ്യേണ്ട കാര്യങ്ങളല്ലേ. എന്നുവച്ച് ചെറുപ്പത്തിൽ തന്നെ സംഭോഗം ശീലിക്കണം എന്ന് നിർബ്ബന്ധമില്ല.

ജീവസന്ധാരണത്തിനുവേണ്ടി ദിവസവും കര്‍ത്തവ്യമായി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളെ "നിയത കര്‍മ്മങ്ങള്‍" എന്നു പറയുന്നു. ഇതുംകൂടി ഗൃഹസ്ഥശ്രമിക്ക് ചെയ്യേണ്ടതായിട്ടുണ്ട്. കുടുംബം പുലർത്തുന്ന കാര്യത്തിൽ നിന്നും ഒളിച്ചോടുന്നത് ധർമ്മമല്ല എന്ന് തിരിച്ചറിയാൻ തത്ത്വചിന്തയുടെ ആവശ്യം പോലുമില്ല.

മൈക്രോജീവി said...

പാര്‍ത്ഥന്‍ സാര്‍,
'ഛിന്നസംശയ'നല്ലാത്തകൊണ്ട് ചോദിക്കുവാണ്...
ഈ 'ബ്രഹ്മത്തില്‍ ചരിക്കുന്നത്' എങ്ങിനെയാണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ഏതെങ്കിലും പുസ്തകത്തില്‍ പറയുന്നുണ്ടോ?

പാര്‍ത്ഥന്‍ said...

മൈക്രോജീവി,
ഞാൻ ഈ കാര്യത്തിൽ ശിശു ആണ്. വളരെ കുറച്ചു നാളായതേയുള്ളൂ ഈ വഴിയിൽ. ഇതുവരെ നിഷേധാത്മകമായ നിലപാടുതന്നെയായിരുന്നു എന്റെയും. ഇപ്പോൾ ഗീതയും ഗുരുദേവന്റ് കൃതികളും പഠിക്കുന്നുണ്ട്. അതിന്റെ സ്വ്വാധീനം എന്റെ എഴുത്തിലും കാണും. വേറെ ഒന്നും അറിയില്ല. താങ്കൾ എന്നേക്കാൾ വളരെ മുമ്പിലാണ്. ഞാൻ അന്വേഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. താങ്കൾ ‘ബ്രഹ്മത്തിൽ’ ചരിക്കുന്ന കാര്യമാണ് ചോദിക്കുന്നത്‌. ഞാനെന്തു പറയാൻ.

മൈക്രോജീവി said...

പാര്‍ത്ഥന്‍ സാര്‍,

"ബ്രഹ്മത്തിലേയ്ക്ക്‌ ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ്‌ ബ്രഹ്‌മചര്യം."

എന്നു താങ്കള്‍ എഴുതിയത്‌ തന്നെ ഞാന്‍ എടുത്തെഴുതിയെന്നേയുള്ളു.
ഞാനുമൊരു അന്വേഷി തന്നെ, പക്ഷേ എന്റെ പക്ഷം ബ്രഹ്മം, ആത്മാവ്‌ മുതലായ ടെക്‍നിക്കല്‍ വാക്കുകള്‍ ഒരുകാരണവശാലും ഉപയോഗിച്ചുകൂടാ എന്നാണ്‌. അതൊക്കെ കേക്കുമ്പം എന്തൂട്ടോ വല്യവല്യ കാര്യങ്ങളായിത്തോന്നുന്നു...

പിന്നെ ഈ വാക്കുകള്‍ക്ക്‌ നിത്യോപയോഗം മൂലം ഒരു സ്വകാര്യ അര്‍ഥമുണ്ടാവില്ലേ? പിന്നെ ഞാനായി, എന്റെ ആത്മാവായി, എന്റെ ബ്രഹ്മം നിന്റെ ബ്രഹ്മത്തേക്കാള്‍ വലുതായി, അടിയായി, കത്തിക്കുത്തായി... അതല്ലേ ഗുജറാത്തിലും മറ്റും നടക്കുന്നത്‌?

ഒരു വാക്കിലും തൂങ്ങാതെ വേണം ധ്യാനം എന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌, ഒരുപക്ഷേ എന്റെ മണ്ടത്തരം..

.ഏതായലും താങ്കളുടെ ബ്ലോഗ്‌ ഞാന്‍ വിടാതെ വായിക്കുന്നുണ്ട്‌, ആസ്വദിക്കുന്നുണ്ട്‌. തര്‍ക്കിക്കല്‍ രക്തത്തിലുള്ളകൊണ്ട്‌ ഇത്രയും എഴുതി. നെവര്‍ മൈന്റ്‌. സത്‌ ശ്രീ അകാല്‍....

പാര്‍ത്ഥന്‍ said...

മൈക്രോജീവി,

ബ്രഹ്മം, പരമാത്മാവ്‌ എന്നൊക്കെ പറയുന്നതുതന്നെയാണ് ശരി എന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. കാരണം, ദൈവം എന്നു പറയുമ്പോൾ പോലും - മറ്റൂവിശ്വാസങ്ങളിൽ , ദൈവം തന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നൊക്കെ പറയുന്നതുകൊണ്ട് - ഒരു രൂപം നമ്മുടെ മുന്നിൽ വരുന്നുണ്ട്. 4 കാലും 1 വാലും ഉള്ള ഒരു ജീവിയല്ല ബ്രഹ്മം എന്നെങ്കിലും ഉള്ള ഒരു തോന്നൽ ഉണ്ടാവുന്നുണ്ട്.

സമൂഹത്തിൽ ഒന്നിൽ കൂടുതൽ അഭിപ്രായം ഉണ്ടാവുമ്പോൾ അവിടെ സംഘർഷമുണ്ടാകുന്നു. അതിന് മതമോ ദൈവമോ വേണമെന്നില്ല.

എന്നെസംബന്ധിച്ച് പ്രാർത്ഥന അനുഷ്ടാനങ്ങൾ തുടങ്ങിയവ ഒരു പ്രാധാന്യമുള്ള കാര്യമല്ല. കാലത്തും വൈകുന്നേരവും പ്രാർത്ഥിക്കണം, ഇത്ര പ്രാവശ്യം പ്രാർത്ഥിക്കണം, മന്ത്രങ്ങൾ 108 പ്രാവശ്യം തികയ്ക്കണം തുടങ്ങിയവയിലൊന്നും നിർബന്ധം വേണ്ട എന്നുള്ളതാണ് എന്റെ രീതി.
(ചിലപ്പോൾ അങ്ങിനെ വല്ലതും എഴുതിയാൽ തന്നെ അതൊന്നും എന്റെ തീരുമാനങ്ങളല്ല.)

മൈക്രോജീവി said...

Parthan sir,

first off, sorry I'm writing in English, this computer doesn't have varamozhi...

I think you are right when you say "കാലത്തും വൈകുന്നേരവും പ്രാർത്ഥിക്കണം, ഇത്ര പ്രാവശ്യം പ്രാർത്ഥിക്കണം, മന്ത്രങ്ങൾ 108 പ്രാവശ്യം തികയ്ക്കണം തുടങ്ങിയവയിലൊന്നും നിർബന്ധം വേണ്ട എന്നുള്ളതാണ് എന്റെ രീതി..." I fully agree with you there.

My problem is that using words always conjures up images, be it ദൈവം or ബ്രഹ്മം. Images result in (may be unconscious) personal opinion, which is just one step away from conflict and anger when someone else try to contradict this opinion.

Even in the Gita, ബ്രഹ്മം is described negatively - like 'avyakthOyam achinthyOyam avikaaryOyam' etc. Infact, I don't remember that Gita uses the word 'ബ്രഹ്മം' too much. It is mostly 'this' and 'that' when the concept is spoken of...

Again, I believe that spiritual knowledge is not technical. it is something that is ours by birthright - for all human beings - but the knowledge is obscured somehow, waiting for a call to surface. And one day this call has to be made by each one of us. I also believe that this knowledge is so simple and natural that when we finally get it, we wouldn't need words to describe it.

Paarthan sir, you have studied these things in much more detail than I have, that is obvious from your posts. Why not write a detailed post on the distinctions of the concepts of personal god and ബ്രഹ്മം? It would be great...

Sorry if I've disturbed you with my replies... :-)

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ഷിബു ഭാസക്കരന്‍ said...

ഗ്രഹണി പിടിച്ചവന് ചക്ക കൂട്ടാന്‍ കിട്ടിയ അവസ്ഥയാണ് താങ്കളുടെ ബ്ലോഗില്‍ നിന്നും എനിക്ക് ..
നന്ദി നന്ദി ..............