Thursday, October 29, 2009

ധർമ്മം

മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.

നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. ധർമ്മാധർമ്മങ്ങൾ എന്തെന്നറിഞ്ഞാലേ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. അതിന് ആധികാരികമാക്കുന്നത് സ്മൃതികളോ നിയമസംഹിതകളോ അല്ല. പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ വസ്തുധർമ്മം ഉണ്ട്. പക്ഷെ മനുഷ്യൻ ശ്വാശ്വതമായ മൂല്യങ്ങളോട് സാമൂഹികതയെ ബന്ധപ്പെടുത്തി കാലദേശങ്ങൾക്കിണങ്ങുന്ന ധർമ്മസംസ്കാരം വളർത്തിയെടുക്കുന്നു. അതിനാൽ ‘ധർമ്മം’ സർവ്വലോകസത്യമായ ഒരു വസ്തുതയല്ല. അത് ലോകത്തിലെ നിയമസംഹിതക്കൊന്നും ഇണങ്ങിയില്ലെങ്കിലും നിർമ്മലമായ ബുദ്ധിയുള്ള ഒരാൾക്ക് ധർമ്മത്തെ അധർമ്മത്തിൽ നിന്നും വേർതിരിച്ചറിയാനാകും.

നാരായണഗുരു ‘ആത്മോപദേശശതക’ ത്തിൽ ധാർമ്മികതയുടെ സ്വരൂപം വർണ്ണിക്കുന്നത് ഇങ്ങനെയാണ്:
“പ്രിയപരന്റെയതെൻ പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.”

ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ?
ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത് കർമ്മത്തിനുള്ള പ്രേരണ.

സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം. വീടുകളിൽ യാചിച്ചു വരുന്നവർ ധർമ്മക്കാർ. അവർക്കു കൊടുക്കുന്ന ചില്ലിക്കാശ് ‘ധർമ്മം’ എന്ന അവസ്ഥയിലേക്ക് ധർമ്മം ചുരുങ്ങിപ്പോയിരിക്കുന്നു.
വർണ്ണാശ്രമധർമ്മങ്ങൾ ഭഗവദ് ഗീതയും മനുസ്മൃതിയും കൂടി ശൂദ്രന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു അതിക്രമം ആയിട്ടാണല്ലോ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ പകർത്തുന്നു.

ജൈമിനിയുടെ മീമാംസാദർശനം തുടങ്ങുന്നതുതന്നെ ധർമ്മത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ്. “അഥാ തോ ധർമ്മജിജ്ഞാസ”. ഞാൻ ആര്, ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇടം നൽകുന്ന സർവ്വസാധാരണമായ ഒന്ന് ബോധത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപകമായ അർത്ഥത്തിൽ ഇതിനെവേണം ‘ധർമ്മം‘ എന്നു പറയുവാൻ. “ജിജ്ഞാസക്ക് വിഷയമായിരിക്കുന്നത് ധർമ്മമാണ്”. ഒരു അന്വേഷണത്തിൽ നിന്നും അത് അന്വേഷകന് പ്രയോജനം ചെയ്യുന്നതാണ്, അല്ലെങ്കിൽ ദ്രോഹം ചെയ്യുന്നതാണ് എന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണം വളരെ തല്പര്യത്തോടെ മുമ്പോട്ടു കൊണ്ടുപോകും. താല്പര്യം ജനിപ്പിക്കുന്നില്ലെങ്കിൽ അത് അന്വേഷണ വിഷയമാകാതെ വിട്ടുകളയും.

ധർമ്മത്തിന് ജൈമിനി നൽകുന്ന നിർവ്വചനം, “ചോദനാ ലക്ഷണോfർത്ഥോ ധർമ്മഃ” എന്നാണ്. ചോദനയാണ് ധർമ്മത്തിന്റെ ലക്ഷണം. ഇന്ദ്രിയജന്യമായ അറിയിപ്പുകൊണ്ട് അഥവാ സംവേദനം കൊണ്ട് ഏതൊരു സവിശേഷതയെയാണ് എടുത്തു കാണിക്കുന്നത്, അതിനെയാണ് ലക്ഷണം എന്നു പറയുന്നത്.

“ആചാരപ്രഭവോ ധർമ്മഃ” - ആചാരങ്ങളിലൂടെയാണ് ധർമ്മം നിലനിൽക്കുന്നത്. എല്ലാ പൌരാണിക ഗ്രന്ഥങ്ങളിലും ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ആചാരങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. സദാചാരങ്ങളുടെ സമൂഹമാണ് ‘ധർമ്മം’.

ആചാരാല്ലഭിതേഹി ആയുഃ
ആചാരാ ദീപ്‌സതാ പ്രജാ
ആചാരാത് ധനമക്ഷയ്യ
മാ ചാരോ ഹന്ത്യ ലക്ഷണം.
ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.

കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സകല സത്കർമ്മങ്ങളെയും ധർമ്മമെന്ന പേരിൽ കർമ്മത്തിലുൾക്കൊള്ളിക്കുന്ന ദീർഘദൃഷ്ടിയോടുകൂടിയ കൃത്യമാണ് ആചാര്യ ജൈമിനി ചെയ്തു വെച്ചത്. ധർമ്മാചരണത്തിന് അനന്തരകാലത്ത് വർദ്ധിച്ച പ്രാധാന്യമുണ്ടായി. ധർമ്മത്തിലൂടെ കാമാർത്ഥങ്ങൾ സാധിച്ച് മോക്ഷത്തിലെത്താമെന്ന് പുരുഷാർത്ഥങ്ങളെ നിയമനം ചെയ്യുകയുമുണ്ടായി, പിൽകാലത്ത്. ജീവിതത്തിലെ ലക്ഷ്യം നേടുവാൻ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ധർമ്മാർത്ഥകാമമോക്ഷ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്തിനും ആദ്യം ശീലിക്കേണ്ടത് ധർമ്മം എന്ന ആചാരമാണ്. അതിനായി ‘സത്യം വദ’, ‘ധർമ്മം ചര’ എന്ന ജീവിത മന്ത്രം അനുഷ്ഠിക്കണം.

ഛാന്ദോഗ്യം ധർമ്മത്തിന് മൂന്നു സ്കന്ധങ്ങളുണ്ടെന്ന് പറയുന്നു. യജ്ഞാദികൾ, തപസ്സ്, ആശ്രമധർമ്മങ്ങൾ എന്നിവയാണവ. ഇവ മൂന്നും അനുഷ്ഠിക്കുന്നവർക്ക് പുണ്യലോകത്തിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

വർണ്ണത്തിന്റെയും ധർമ്മത്തിന്റെയും സൃഷ്ടാവ്:

തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ. ബൃഹദാരണ്യകോപനിഷത്തിലെ ഈ ദർശനമാണ് ചാതുർവർണ്ണ്യത്തിന്റെ ആവിർഭാവത്തിന് ശ്രദ്ധേയമായിരിക്കുന്നത്.
“ബ്രഹ്മണാ സൃഷ്ടാവർണ്ണാഃ കർമ്മാർത്ഥം”. ഈ ഘട്ടത്തിൽ വർണ്ണ വ്യവസ്ഥയിൽ ഉച്ചനീചസങ്കല്പമില്ലായിരുന്നു. ദേവനും ബ്രാഹ്മണനും ശുദ്രനും ബ്രഹ്മം തന്നെയാണ്.

പ്രജാപതി മുഖത്തുനിന്ന് അഗ്നിയെ സൃഷ്ടിച്ചതുപോലെ അഗ്നി ദേവതാകന്മാരായ ബ്രാഹ്മണരെയും സൃഷ്ടിച്ചു. ബ്രഹ്മം ഒറ്റക്കായിരുന്നതുകൊണ്ട് കർമ്മം ചെയ്യാൻ ശക്തമായില്ല. അതുകൊണ്ട് ബലത്തിനാശ്രയമായ ബാഹുക്കളിൽ നിന്ന് ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയനെയും സൃഷ്ടിച്ചു. എന്നിട്ടും ധനധാന്യസമ്പാദനത്തിന് ആളില്ലാതെ കർമ്മം അസാധ്യമായിത്തീർന്നു. അതുകൊണ്ട് ഉത്സാഹത്തിനാശ്രയമായ ഊരുക്കളിൽ നിന്ന് അഷ്ടവസുക്കൾ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന വൈശ്യനെയും സൃഷ്ടിച്ചു. എന്നിട്ടും കർമ്മം ചെയ്യുവാൻ സാധിച്ചില്ല. അതിനാൽ പാദങ്ങളിൽ നിന്ന് പൂഷാവെന്നു പറയുന്ന പൃഥിവീ ദേവതയെയും ശൂദ്രനെയും സൃഷ്ടിച്ചു.

എന്നിട്ടും അവൻ കർമ്മം ചെയ്യാൻ ശക്തനായില്ല. അതുകൊണ്ട് ബ്രഹ്മം പ്രശസ്തരൂപമായ ധർമ്മത്തെ സൃഷ്ടിച്ചു. അതിനാധാരമായി അവസാനം സത്യത്തെയും സൃഷ്ടിച്ചു. ആ ധർമ്മം എന്നു പറയുന്നത് സത്യം തന്നെയാകുന്നു. അതിനാൽ സത്യം പറയുന്നവനെപ്പറ്റി ധർമ്മം പറയുന്നുവെന്നു പറയുന്നു. അതുകൊണ്ട് സമുദായത്തിലെ ധർമ്മവ്യവസ്ഥയുടെ സംസ്ഥാപകനും ബ്രഹ്മം തന്നെ.

നമ്മുടെ കർമ്മത്തിന് രണ്ടു തലങ്ങളുണ്ട്. താഴ്ന്ന തലത്തിൽ സുഖപ്രാപ്തിയാണ് ലക്ഷ്യം. ഉയർന്ന തലത്തിൽ ഈശ്വരാർപ്പിതമായ പ്രവൃത്തികളോ നിഷ്കാമവും പരാർത്ഥവുമായ കർമ്മങ്ങളോ ആണുണ്ടാവുക. ഈ ഉയർന്ന തലത്തെ ഉദ്ദേശിച്ചാണ് ‘യോഗ’മെന്ന് ഭഗവദ് ഗീത പറയുന്നത്. ഈ ഉന്നത തലത്തെ നിവൃത്തിമാർഗ്ഗമെന്നും അനവതതലത്തെ പ്രവൃത്തിമാർഗ്ഗമെന്നും പറഞ്ഞു വരുന്നു. ഈ ലോകജീവിതമെന്ന മായാബന്ധനത്തിൽനിന്നും മുക്തി നേടുവാനുള്ള ആത്മീയജീവിതമാണ് നിവൃത്തിമാർഗ്ഗം. മറിച്ച് സുഖദുഃഖമിശ്രമായ ലൌകിക ബന്ധനങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുന്ന പ്രവർത്തനങ്ങളുടേതാണ് പ്രവൃത്തിമാർഗ്ഗം. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഒരു കാര്യം. ആ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കുന്നതിൽ നമുക്കു കിട്ടിയിട്ടുള്ള മുജ്ജന്മവാസനാനുസൃതമായ ജീവിതത്തിനും അപ്രധാനമായ ഒരു പങ്കുണ്ട്. അതിന്റെ കരുത്തിനനുസരിച്ചിരിക്കും നമ്മുടെ പ്രയത്നത്തിന്റെ വിജയാപജയങ്ങൾ. പക്ഷെ, നാം നമ്മുടെ പങ്കു നിർവ്വഹിക്കുവാൻ സന്നദ്ധരാകണം. വിജയപ്രാപ്തി നീണ്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.

10 comments:

പാര്‍ത്ഥന്‍ said...

വിജയം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.

വികടശിരോമണി said...

തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ.
അപ്പോൾ അങ്ങനെയാണ് കാര്യം:)

പാര്‍ത്ഥന്‍ said...

വികടൻ‌ജി,

എന്തു കാര്യം ഉണ്ടായാലും കൃഷ്ണനെത്തന്നെ പ്രതിയാക്കുന്ന പ്രവണത കുറെ കാലമായി കാണുന്നു. ഇതെങ്കിലും പുള്ളിക്കാരന്റെ തലയിൽനിന്ന് മാറ്റിവെക്കാൻ ഈ ലേഖനം കൊണ്ട് കഴിഞ്ഞെങ്കിൽ എന്ന ഒരു വ്യാമോഹമാണ്. ഒരു അയൽ‌വാസിയോടുള്ള സഹാനുഭൂതി മാത്രമെന്നു കരുതി എന്നെ പഴിക്കാതിരിക്കുക, എല്ലാവരും.

(“ചാതുർവർണ്ണ്യം മയാ സൃഷ്ടം“ എന്നു പറഞ്ഞുപോയില്ലേ)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ടു പേര്‍ക്കും ഓരോരോ സ്മെയിലികള്‍

കയ്യെഴുത്ത് said...

പ്രിയ പാര്‍ത്ഥന്‍,

“നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം“

ധര്‍മ്മം എന്നാല്‍ മേല്‍ പറഞ്ഞത് മാത്രമല്ല. ധൃഞ് ധാരണപോഷണയോഃ എന്ന ധാതുവില്‍നിന്നും നിഷ്പന്നമാവുന്ന പദം. ലോകത്തിന്‍റെ നിലനില്‍പ്പിനും മനുഷ്യജീവിതത്തിന്‍റെ ലക്ഷിയപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധര്‍മ്മമെന്ന് പറയാം (ധാരണാദ് ധര്‍മ്മ). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാ‍മൊക്കെയും യാതൊന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിര്‍ത്തപ്പെടുന്നത് അതാകുന്നു ധര്‍മ്മം. (ധ്രിയതേ അനേന ഇതി ധര്‍മ്മ)

സസ്നെഹം
മിനീഷ്

Kaithamullu said...

പാര്‍ത്ഥാ,
ധര്‍മ്മത്തിന് നന്ദി.

“സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം“.
--ആണോ?

ധര്‍മ്മമെന്ന, ആര്‍ക്കും കൈയെത്തിച്ചെടുക്കാവുന്ന, കവചം കൊണ്ട് സത്യത്തെ മൂടാന്‍ ശ്രമിക്കുന്നതല്ലേ പ്രശ്നം?

പാര്‍ത്ഥന്‍ said...

വായിച്ചവർക്കും, അഭിപ്രായം പറഞ്ഞ വികടൻജി, ഹെരിറ്റേജ്, കയ്യെഴുത്ത്, കൈതമുള്ള് എന്നിവർക്കും നന്ദി.


“ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം” എന്ന് ഈശാവാസ്യം പറയുന്നു.


“ഞാൻ” എന്നാൽ ഈ ശരീരം മാത്രമാണെന്ന അജ്ഞതയാണ് പാപകർമ്മങ്ങൾക്കെല്ലാം കാരണമെന്ന് ‘തൈത്തിരീയം’ പറയുന്നു.


എന്നിലും നിന്നിലും ഒരേ പരമാത്മാവിന്റെ അംശം തന്നെയെന്ന് മനസ്സിലാക്കുന്നതുവരെ ഇതെല്ലാം തുടർന്നുകൊണ്ടിരിക്കും.

★ Shine said...

ധർമ്മാധർമ്മങ്ങൾ വളരെ വലിയ ഒരു പഠനം ആവശ്യപ്പെടുന്ന ഒരു വിഷയമാണ്‌. ഭാരതത്തിൽ ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള എല്ലാ വാദങ്ങളും കാരകന്റെ, അല്ലെങ്കിൽ കർത്താവിന്റെ, സ്വധർമ്മ ബോധത്തിൽ അവസാനിക്കുന്നതാണ്‌ കാണുന്നത്‌.

ധർമ്മമീമാംസകൾ, എല്ലാക്കാലത്തും, ശക്തിയുള്ളവന്റെ കയ്യിലെ ആയുധമായി മാറുകയാണ്‌. എന്റെ വ്യക്തിപരമായ അഭിപ്രായം- ആധുനിക കാലത്ത്‌ ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ സംവാദം നടന്നിട്ടുള്ളതു Fyodor Dostoyevsky യുടെ നോവലുകളിലാണ്‌.

സത്യത്തിൽ ഇത്തരം വിഷയങ്ങൾ പഠിക്കുന്നവർക്ക്‌ "ബൃഹ്മജ്ഞാന"ത്തിനു യോഗ്യത വേണമെന്നു പൗരാണിക കാലത്തു നിഷ്കർഷിച്ചതിന്റെ കാരണം, തെറ്റായ കൈകളിൽ എത്തിയാൽ ധർമ്മാധർമ്മങ്ങൾ എന്ന അതിർവരമ്പുകളില്ലാതെ എല്ലം സ്വധർമ്മം എന്നു ചിന്തിച്ചു കൊലപാതകം പോലും ന്യായീകരിക്കാൻ കഴിയും- അതു തന്നെയാണു പണ്ടും ഇന്നും സ്വരാജ്യ സ്നേഹം എന്ന വീരധർമ്മത്തിൽ കൂടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

മഹഭാരതയുദ്ധത്തിനു ശേഷം, സ്വർഗാരോഹണത്തിനു പോകുന്ന യുധിഷ്ഠിര മഹാരാജാവിന്റെ ധർമ്മാധർമ്മ സംശയങ്ങൾ ദുരീകരിക്കുന്നത്‌, മ്രുത്യുവിന്റെ ദേവനായ സാക്ഷാൽ യമൻ ആണെന്നോർക്കുക. അതുതന്നെയാണ്‌ ധർമ്മത്തിന്റെ ഗഹനത്ക്കു ഉത്തമ നിദർശനം.

പാർത്ഥേട്ടാ, തുടർന്നും നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ധാരയേത് ഇതി ധര്‍മ്മ: എന്ന് കേട്ടിട്ടുണ്ട് .. യാതൊന്നിനെ നിലനിര്‍ത്തുവാന്‍ ചെയ്യുന്നതെന്തോ അതത്രേ അതിനെ സംബധിച്ചുള്ള ധര്‍മ്മം ... ശരിയാണോ എന്നറിയില്ല ..
കുറച്ചു കൂടി ലളിതമാക്കി , ഒരു നാടന്‍ ഭാഷയില്‍ അവതരിപ്പിച്ചാല്‍ കുറച്ചു കൂടി ഹൃദ്യമാകുമെന്നു തോന്നുന്നു .. ഓരോ പോസ്ടിന്റെയും വലിപ്പവും കുറച്ചാല്‍ വായനയും എളുപ്പമാകും ..

Unknown said...

താങ്കളുടെ മനുസ്മൃതിയെന്ന ലേഖനത്തിനു് ഒരു കമന്‍റ് എഴുതാന്‍മാത്രം യോഗ്യത എനിക്കില്ല.
ഒരു കാര്യം പറയട്ടെ. പ്രവൃത്തിയും നിവൃത്തിയും തമ്മിലുള്ള വ്യത്യാസം ഇന്നാണു് മനസ്സിലായതു്.
രണ്ട് വര്ഷം മുന്‍പ് ശങ്കരാചാര്യരുടേതെന്നു് പറയുന്ന ഒരു ശ്ളോകം വായിക്കുവാനിടയായി.
- ജാനാമി കര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമി ധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതോ മേ
യഥാ നിയുക്തോസ്മി തഥാ കരോമി.-

വളരെ നന്ദിയുണ്ട്. ഇനി ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള താങ്കളുടെ
ലേഖനം ഒരാവര്‍ത്തികൂടി വായിക്കട്ടെ.