Tuesday, February 17, 2009

ആദ്യത്തെ ദൈവം.

ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യൻ ദൈവത്തിനെയോ. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യകർത്താക്കൾക്കൊന്നും അതിനു കഴിയുന്നും ഇല്ല.

ആധുനികനും പാശ്ചാത്യ ഋഷിയുമായ കാറൽ മാർക്സ്‌ ‘മൂലധനം‘ എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ രണ്ട്‌ ആവശ്യങ്ങളെപ്പറ്റിയാണ്‌ ചിന്തിച്ചത്‌. ഒന്ന്, ശരീരത്തിന്റെ ആവശ്യം; രണ്ട്‌, മനസ്സിന്റെ ആവശ്യം. ശരീരത്തിന്റെ ആവശ്യത്തെ അദ്ദേഹം പ്രതീകാത്മകമായി 'വിശപ്പ്‌' എന്നു വിളിച്ചു. വിശപ്പ്‌ ഒരു ആത്യന്തികമായ ആവശ്യമാണ്‌. അതുണ്ടാകുന്ന സമയത്തൊക്കെ നിറവേറലുണ്ടായില്ലെങ്കിൽ സകല ജീവജാലങ്ങൾക്കും ജീവിതം അസാദ്ധ്യമായിവരും. പണ്ടുപണ്ട്‌ ഭാരതത്തിലുണ്ടായിരുന്ന ഋഷിമാർക്കും ഇതേ സങ്കല്പം തന്നെയാണ്‌ ഉണ്ടായിരുന്നത്‌ എന്നു പയുമ്പോൾ, Das Capital വായിച്ചിട്ടായിരിക്കും എന്നു തോന്നും. ഇത്‌ അതിനും മുമ്പുള്ള കാര്യം തന്നെയാണ്‌. ഒന്നു വിശദമാക്കാം.

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ. മധുവിലായാലും മലത്തിലായാലും കൊതിയോടെ അതിൽ വിശപ്പടക്കാൻ ചെന്നിരിക്കുന്ന ഈച്ച. ഈച്ചയെ നാക്കെത്തിപ്പിടിക്കുന്ന തവള. വലിയ വായ്‌ തുറന്ന്‌ തവളയെ പിടിക്കുന്ന പാമ്പ്‌. പാമ്പിനെ കൊത്തിക്കൊണ്ടു പറന്നു പോകുന്ന പ്രാപിടിയൻ. അതിനെ കണ്ടിട്ട്‌ വായിൽ വെള്ളമൂറുന്ന വേടൻ. ഇങ്ങനെ വിശ്വം മുഴുവൻ അഗ്നിയായിരിക്കുന്ന ആ വിശപ്പാണ്‌ ജീവന്റെ യോനി, എന്ന്‌ പ്രാക്‌ വൈദികരായ പൂർവ്വികർ പറയുന്നതു കേട്ട്‌ ആര്യബ്രാഹ്മണൻ അതിന്‌ സംസ്കൃതത്തിൽ ഒരു പേരുകൊടുത്തു - ‘വൈശ്വാനരൻ‘.


അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം. (ഭ.ഗീ. 15:14)
[ഞാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ചു വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ, അപാനൻ എന്നീ വായുക്കളോടു ചേർന്ന് നാലുതരമായി ആഹാരത്തെ പചിക്കുന്നു.]
അരൂപിയായ പരമാത്മാവുതന്നെ വൈശ്വാനരനായി അന്നപാനാദികളെ ഭുജിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. അരൂപിയായ വിശ്വേശ്വരൻ ആഹാരം കഴിക്കുന്നു. ഇതാണ് ഗീത പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾ പറയുന്നത്.

എന്താണ്‌ ചതുർവിധത്തിലുള്ള അന്നം?
ഗന്ധരൂപവും, രസരൂപവും, തേജോരൂപവും, സ്പർശരൂപവും എന്നു ചിലർ എണ്ണുന്നു. ചവച്ചുതിന്നാവുന്നത്‌ (ചർവ്യം) കടിച്ചുതിന്നാവുന്നത്‌ (ഖാദ്യം) കുടിക്കാവുന്നത്‌ (പേയം) നക്കിത്തിന്നാവുന്നത്‌ (ലേഹ്യം) എന്നു വേ‍റെ ചിലർ പയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നത്‌, പ്രാണനെ പോഷിപ്പിക്കുന്നത്‌, മനസ്സിനെ പോഷിപ്പിക്കുന്നത്‌, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത്‌ എന്നും ചതുർവിധമായ അന്നത്തെപ്പറ്റി പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചോദിതമായ ആവശ്യം (demand ) എന്നതിനെയാണ്‌ വൈശ്വാനരന്റെ വിശപ്പായി പറയുന്നത്‌. അതിന്റെ നിവേറ്റലാണ്‌ (supply ) ചതുർവിധമായ അന്നത്തിൽ കൊടുത്തിരിക്കുന്നത്‌. ചതുർയുഗങ്ങളിൽക്കൂടി സംഭവിക്കുന്ന പ്രഭവപ്രലയനം എടുത്തുനോക്കിയാൽ ചാക്രികമായിട്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. ഇതു വലിയ ഒരു രചനാരഹസ്യമാണ്‌. മനുഷ്യാദ്ധ്വാനത്തിലൂടെ അവൻ ഉൽപാദകനായി ഉപഭോഗവസ്തുക്കളെ ഉണ്ടാക്കുന്നു. ഭോക്താവായി, ഉൽപന്നമായതിനെയെല്ലാം അനുഭവിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
.
സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ എപ്രകാരം സങ്കീർണ്ണമായിരിക്കുന്നു എന്നതാണ്‌ ഗുരുദേവനും സമർത്ഥിക്കുന്നത്‌.

ആദ്യമൊന്നും ജീവരൂപങ്ങൾക്ക് കണ്ണോ, നമുക്കുള്ളതുപോലെ സങ്കീർണ്ണമായ മസ്തിഷ്കമോ ഉണ്ടായിരുന്നില്ല. ഒരു ബാക്റ്റീരിയയോ അമീബയോ പോഷണം നൽകുന്ന ഏതിന്റെയെങ്കിലും മുകളിൽക്കൂടി നിരങ്ങിപ്പോയാൽ മതി വിശപ്പു തീരും. മനുഷ്യനു വിശന്നാൽ എന്തു ചെയ്യും. വിശക്കുമ്പോൾ ഒരു നല്ല കവിതയെഴുതി വായിച്ചാലോ, ഒരു പാട്ടു കേട്ടാലോ, ചിത്രം വരച്ചാലോ പോര. ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്‌ഋഷി പേരിട്ടു. നിറവേറലിനേക്കാൾ വിശപ്പ് മുറുകി വന്നപ്പോൾ അന്വേഷണത്തിന്റെ ആധിക്യം കൂടി. ഗുണമുള്ളതും വിഷമുള്ളതും, പ്രിയമായതും ഹിതമായതും തിരിച്ചറിയുക എന്നത് മുഖ്യ പരിപാടിയായി. ഏതു രസങ്ങളുടെ പിന്നാലെ പോയാൽ അത് വ്യക്തിയുടെ ആകെ നന്മക്ക് ഉതകുന്നതാകും അല്ലെങ്കിൽ നാശകരമാകും എന്നുള്ള അന്വേഷണം ജീവിതത്തിന് മൂല്യമുണ്ടാക്കി.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്ന ഈ ഭൌതിക പ്രപഞ്ചത്തിൽ ഓരോ വിഷയവും നമ്മുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. അവയൊക്കെ ‘വിതർക്കങ്ങൾ‘ എന്നു പറയുന്നു. ബോധത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഇതൊക്കെ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണ് കണ്ണ് കൂടുതൽ തുറന്നു നോക്കി പരിശോധിക്കുന്നത്. കാതു കൂർപ്പിച്ചു കേൾക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടുന്നത്. പിന്നെയും പിന്നെയും തൊട്ടുനോക്കുന്നത്. ചിലപ്പോൾ തൊട്ടാൽ പോര. ഒന്നു തടവണം. അതുകൊണ്ടും മതിയാവുന്നില്ല. കെട്ടിപ്പിടിക്കണം. കൊതിയടങ്ങുന്നില്ല. ഒന്ന് ഉമ്മവയ്ക്കണം. അത്രയും ആയാൽ വൈശ്വാനരന്റെ വിശപ്പടക്കേണ്ടുന്നതിനായ് അടുത്ത പ്രജയുടെ ഉത്പാദനത്തിനുള്ള സമയമായി. പിന്നെ സുരതമായി. സുരതത്തിന്റെ അന്തിമദശയിൽ പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? വിശപ്പാളികളായ ലക്ഷക്കണക്കിന് ബീജങ്ങൾ സ്ത്രീയിലെ അണ്ഡത്തെ തേടി ഓടുകയാണ്. വിശക്കുന്നവർക്ക് മുഴുവൻ ആഹാരം പ്രകൃതി കരുതി വച്ചിട്ടില്ല. പലരെയും വിളിക്കുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നതോ വളരെ കുറച്ചുമാത്രം. അങ്ങനെ ഗർഭപാത്രത്തിലെ അണ്ഡത്തിലേയ്ക്ക് പ്രവേശിക്കുവാനോടുന്ന അനേക ലക്ഷങ്ങളിൽ ഒരുവനുമാത്രം വാതിൽ തുറന്നു കിട്ടുന്നു. ഇണകളുടെ ഈ മൈഥുനവേളയിൽ സ്ത്രീപുരുഷന്മാർ എല്ലാ അഹന്തയും ശരീരബോധവും മറന്ന് സ്ത്രീയിൽ പുരുഷനും, പുരുഷനിൽ സ്ത്രീയും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഗർഭത്തിൽ ബീജാധാനം ലഭിച്ച അണ്ഡം വിശപ്പ് മാറിയതുപോലെ പ്രശാന്തമായി കുറച്ചു നേരത്തേയ്ക്ക് സുഷുപ്തിയിൽ ലയിക്കുന്നു. ഇവിടെയാണ് യോഗി അതായത് ‘നോർമൽ പേഴ്സൺ’ അവന്റെ ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്. തൽക്കാലം നമുക്ക് അതിനെ വിതർക്കത്തിൽ നിന്നും ഉണ്ടാകുന്ന സമാധി എന്ന പേരിൽ ‘സവിതർക്കസമാധി’ എന്നു വിളിക്കാം.

ചുരിക്കിപ്പറഞ്ഞാൽ സകലതിലും നിറഞ്ഞു നിൽക്കുന്നതായിട്ടുള്ള ഒരു വിശപ്പുണ്ട്. ആ വിശപ്പാണ് വൈശ്വാനരൻ. ബൃഹദാരണ്യകോപനിഷത്തിൽ തുറന്ന വായോടു കൂടിയ വൈശ്വാനരൻ എന്ന അഗ്നിയെ ജീവന്റെ മുന്നോടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഛാന്ദോഗ്യോപനിഷത്തിലും വൈശ്വാനരാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

[അവലംബം : ഭവവദ്‌ഗീത, ഗുരുദേവകൃതികൾ, ഉപനിഷദ് വ്യാഖ്യാനം, യതിയുടെ ലേഖനം.]


15 comments:

പാര്‍ത്ഥന്‍ said...

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ.

ശ്രീ said...

വായിച്ചു, കമന്റെഴുതാനും മാത്രമുള്ള അറിവില്ല മാഷേ.

അപ്പു said...

ശ്രീപറഞ്ഞതുതന്നെ.. വായിച്ചു. പുതിയ അറിവുകള്‍ സംഗ്രഹിച്ചു. നന്ദി!

P.C.MADHURAJ said...

ഈ എഴുതിയതിൽ കുറച്ചൊക്കെ ബോധിച്ചൂ. ബോധിക്കാത്തത് മാത്രം പറയട്ടെ.

വിശപ്പല്ല ആ വൈശ്വാനരൻ.അങ്ങനെ പറയുമ്പോൾ മാർക്സിസ്റ്റുകാ‍രനു പറ്റിയ അതേ അബദ്ധം പറ്റും.വിശന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനെ വിശപ്പു തീർക്കാനെന്നു റെക്കഗ്നൈസ് ചെയ്തു, നമ്മുടെ ഭൂതശരീരത്തിൽനിന്നുഭിന്നമായ സ്ഥൂലഭക്ഷണത്തെ അതിന്റെ സൂക്ഷ്മഭാവത്തിലേക്കു പചിച്ച്,ശരീരവുമായി ചേർക്കുന്ന ശക്തിയാണു വൈശ്വാനരൻ. അതു വിശ്വം മുഴുവൻ വ്യാപിച്ചേ തീരൂ.കലോറിക്കണ്ടെന്റിന്റെ അരികുപറ്റി ഇതിനെ വിശദീകരിക്കാമെന്നു പുറമേ തോന്നുമെങ്കീലും വാസ്തവത്തിൽ അതു സാധ്യമല്ല.
വിശപ്പല്ല വൈശ്വാനരൻഎന്നാണു എന്റെ ബോധ്യം.
ഒന്നുങ്കൂടി നല്ലോണം ആലോചിച്ചു നോക്കു.

ശ്രീ @ ശ്രേയസ് said...

വൈശ്വാനരന്‍ - ഒന്നു പിരിച്ചു പറയാമോ? ചിലപ്പോള്‍ എന്തെങ്കിലും അര്‍ത്ഥം കിട്ടിയേക്കും. ഈയുള്ളവനറിയില്ല, വെറുതെ ചോദിച്ചു എന്നുമാത്രം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇന്നലെ തന്നെ വായിച്ചിരുന്നു
കമന്റന്‍ സൗകര്യം കിട്ടിയില്ല അതുകൊണ്ട്‌ ചെയ്തില്ല. മധുരാജ്‌ പറഞ്ഞതു പോലെ അഗ്നി - അഥവാ "അഹം വൈശ്വാനരോ ഭൂത്വാ" എന്നു ഭഗവാന്‍ പറഞ്ഞ ആ തത്വം എന്താണെന്നു വിശദീകരിക്കുവാന്‍ ഞാന്‍ ഇവിടെ ശ്രമിച്ചിരുന്നു.

ശരീരം അഥവാ കായം എന്ന പേര്‍ ഉണ്ടാകുവാനുള്ള കാരണം അതു തന്നെ. ശ്രീയും ഇതു തന്നെ ധ്വനിപ്പിക്കുവാന്‍ ശ്രമിക്കുന്നു അല്ലേ?

മാണിക്യം said...

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.


വളരെ നല്ല ഒരു ലേഖനം വായിച്ച സംതൃപ്തി..

പാര്‍ത്ഥന്‍ said...

P.C.MADHURAJ ജി :
താങ്കളുടെ സംശയം ഞാൻ ഒന്നു കൂടി പരിശോധിച്ചു. ഞാൻ എഴുതിയത് ശരി എന്നല്ല പറഞ്ഞു വരുന്നത്. ഞാൻ വായിച്ചത് ഇവിടെ പകർത്തിയത് ഇങ്ങനെയും ആയിക്കൂടെ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.

ലോക സംരചനയിൽ അഗ്നിക്കുള്ള പങ്ക് വേറോന്നിനും അവകാശപ്പെടാൻ കഴിയില്ല. എന്തിലും നിറഞ്ഞു നിൽക്കുന്നത് അഗ്നിയാണ്.
വിശപ്പിനെ ഭൂതാത്മകമായി വേറൊന്നിനോടും ബന്ധപ്പെടുത്താൻ കഴിയാത്തതുകൊണ്ടാവാം അഗ്നിയോട് ഉപമിച്ചത്.
(വൈശ്വാനരൻ = ജഠരാ‍ഗ്നി = ദാഹകാഗ്നി = കായാഗ്നി - എല്ലാം ഒന്നുതന്നെ.)
ശരീരത്തിൽ കായാഗ്നി ജ്വലിച്ചാൽ ധാതുക്കൾ ക്ഷയിക്കും. ഈ സമയത്ത് നമുക്കു തോന്നുന്ന വികാരമാണ് വിശപ്പ്. കായാഗ്നിയെ തളർത്താൻ അല്പം ആഹാരം കൊടുക്കണം. അതുമൂലം ധാതുക്കൾ വർദ്ധിക്കും. ഇങ്ങനെ ശരീരശാസ്ത്രം പറയുന്നു.

വിശ്വത്തിന്റെ നിലനില്പിന്നു കാരകനായ വൈശ്വാനരനെ സാമ്പത്തിക ശാസ്ത്രത്തിന്റെ
Demand & Supply സിദ്ധാന്തത്തിൽ കെട്ടാൻ നോക്കിയതല്ല. അവിടെയും ആവശ്യം നിറവേറിയില്ലെങ്കിൽ സമൂഹത്തിനു ക്ഷയം ഉണ്ടാകുന്നുണ്ട്.

(വിശപ്പാണ് വൈശ്വനരൻ എന്നതു തിരുത്തി, വിശപ്പ് കാരണമാണെന്നാക്കിയാലും വലിയ വ്യത്യാസം കാണുന്നില്ല. അകത്ത് ഇരുന്നുകൊണ്ട് മാറ്റത്തെ ഉണ്ടാക്കുന്നത് ജഠരാഗ്നി തന്നെയായതുകൊണ്ട് അവിടെ അഗ്നിയായാലും വിശപ്പായാലും വൈശ്വാനരനായാലും - അന്തരസ്ഥ കാരണമാണ് - immanent cause.)

MADHURAJ ജിക്ക് കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ, എന്നെ തിരുത്തണം. ഞാൻ അന്വേഷണത്തിന്റെ പാതയിലാണ്.

പാര്‍ത്ഥന്‍ said...

ശ്രീ@ശ്രേയസ്:
നിരുക്തം ഒന്നും കയ്യിലില്ല.
വൈശ്വാനരൻ = വിശ്വത്തിൽ നിറഞ്ഞിരിക്കുന്ന - നരൻ.(ഇങ്ങനെയാണ് അർത്ഥം കണ്ടത്)
നരൻ = നയത്തിൽ മറ്റെല്ലാറ്റിനെയും വശത്താക്കുന്നവൻ.- ഈശ്വരൻ - നിത്യൻ - (പ്രപഞ്ച)പുരുഷൻ.

ViswaPrabha വിശ്വപ്രഭ said...

ആത്മബോധം ഉറച്ചിട്ട് പിന്നീട് ഒരുമിച്ച് എഴുതാം

T.A.Sasi said...

അഗ്നിക്ക് ഏഴ്
നാക്കുകള്‍ ഉണ്ടല്ലൊ .

പാര്‍ത്ഥന്‍ said...

(അഗ്നിക്ക് ഏഴ്
നാക്കുകള്‍ ഉണ്ടല്ലൊ
)
ഒന്നു വിശദീകരിക്കാമോ.

ഉപാസന || Upasana said...

വളരെ നന്നായി.
പറയാന്‍ മാത്രം ഒന്നുമില്ല.
:-)
ഉപാസന

ബിനു said...

പരാശക്തിക്കും മുന്‍പെ അഗ്നി ഉണ്ടായെന്നു ഞാന്‍ എവിടെയൊ വായിചിട്ടുണ്ടു...

അഗ്നിയില്‍ നിന്നും പരാശക്തിയില്‍ നിന്നും അല്ല... ഒരു മിന്നല്‍പിണരില്‍ നിന്നാണു ജീവന്റെ ഉല്‍പത്തി എന്നും എവിടെയോ വായിച്ചിട്ടുണ്ടു....

ഏതായാലും ഒരു പുതിയ അറിവിനും വീക്ഷണത്തിനും നന്ദി.. അല്‍പം വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ പോലും...

binu said...

പാര്‍ഥന്‍ മാഷേ...

ഒരു പുതിയ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു...

ബൂലോഗത്തിലെ കലാസ്നേഹികളുടെയെല്ലാം ലേഖനങ്ങളും, കഥകളും, കവിതകളും, സംഗീതവും എല്ലാം കൂടി സമന്യയിപ്പിക്കാനും ചര്‍ച്ചകള്‍ നടത്തുവാനും ഒരിടം...

http://malayalam.freeforums.org/

വരുമെന്ന് പ്രതീക്ഷിക്കുന്നു...

സ്നേഹത്തോടെ ബിനു.