Wednesday, May 6, 2009

വേദങ്ങളെ ഉപേക്ഷിക്കണോ ?

വേദങ്ങൾ - സത്യവേദങ്ങൾ:
ഇതുവരെ കേട്ടതും കേൾക്കാനിരിക്കുന്നതും (വേദങ്ങൾ) ഉപേക്ഷിക്കാൻ ഭഗവാൻ - ഭവവദ് ഗീതയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിലർ നെറ്റി ചുളിക്കും. എങ്കിലും ഇത് പറയാതെ പോകുന്നത് ഉചിതമല്ല. വരികളിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥതലങ്ങളെ പൂർണ്ണമായും മനസ്സിലാക്കാതെയും മനസ്സിലാക്കിയാൽതന്നെ പുരോഹിതവർഗ്ഗത്തിന് അത് ദോഷം ചെയ്യുന്നതിനാലും ഇതെല്ലാം നമ്മൾ അറിയാതെ പോയതാണ്.

ശാസ്ത്രത്തെ പൊതുവെ ‘സ്മൃതി’ എന്നും ‘ശ്രുതി”എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ‘സ്മൃതി’ എന്നു പറയുന്നത്, അനുഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഓർമ്മിക്കുന്നതാണ്. ‘ശ്രുതി’ ഗുരുമുഖത്തുനിന്നും നേരിട്ടു കേൾക്കുന്നതും വേദോപനിഷത്തുകളിലെ പരാമർശങ്ങളായി വരുന്നതുമായ നിത്യസത്യങ്ങളാണ്. അതിന് ഒരു കാലവും മാറ്റം വരാനിടയില്ല. 3000 ബി.സി. യിൽ സംഗതമായിരുന്നത് ഇപ്പോൾ സംഗതമല്ല. എന്നാൽ അത് ആകപ്പാടെ അപ്രസക്തവുമല്ല. അതുകൊണ്ട് ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കുമ്പോൾ അതിന്റെ സാംഗത്യത്തെപ്പറ്റി വിചാരം ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം അനുഭവങ്ങൾ അഹങ്കാരജന്യമല്ലെന്നു ബോദ്ധ്യമാകുന്നതിന് ഗുരുവിന്റെ ഉപദേശത്തോടും ശാസ്ത്രത്തിന്റെ ശാസനയോടും അതു പൊരുത്തപ്പെട്ടു പോകുന്നു എന്ന നിശ്ചയം വേണം. ജീവിതത്തിൽ വേണ്ടുന്ന അച്ചടക്കം പാലിക്കാത്തവന് അദ്ധ്യാത്മമായ ഉൽക്കർഷം ഉണ്ടാവുകയില്ല. അച്ചടക്കം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ, ശിക്ഷണം വേണമെന്നർത്ഥം. ശിഷ്യനാണ് ശിക്ഷണം ലഭിക്കുന്നത്‌. ശിക്ഷണത്തിനായി ഗുരു പറഞ്ഞു കൊടുക്കുന്നത് ശാസ്ത്രമാണ്.

കേട്ടതും - കേൾക്കപ്പെടേണ്ടതും വേദമാണ്. വേദം ത്രിഗുണാത്മകമാണ്. അതിനെ ഉപേക്ഷിച്ചിട്ട് ഗുണാതീതനായിത്തീരണമെന്നാണ് ഭഗവാൻ അർജ്ജുനനെ ഉപദേശിച്ചത്‌. കർമ്മത്തിനു കാരണമായ ധർമ്മത്തെ പ്രതിപാദിക്കുന്നത് വേദവും, കർമ്മനിവൃത്തിയുണ്ടാക്കുന്ന ബ്രഹ്മത്തെ പ്രതിപാദിക്കുന്നത്‌ വേദാന്തവും ആണ്. കർമ്മപ്രധാനമായ വേദം ആശാപാശങ്ങളെ ഉണ്ടാക്കുന്നതാണ്. ഇതിൽ നിന്നും പിന്തിരിയുന്നതാണ് ‘നിർവ്വേദം’.

ഓരോ പുതിയ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്. ഭാരതീയരുടെ വേദം സ്വർഗ്ഗപ്രാപ്തി ലക്ഷ്യമായിക്കരുതിയെങ്കിൽ ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾകൊണ്ടു നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നു. യഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്‌. ദൈവരാജ്യവും പറുദീസയും ഒന്നല്ല. മോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

സ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാം. വൈദികകർമ്മങ്ങൾ ആഗ്രഹങ്ങളെ വർദ്ധിപ്പിച്ച് നമ്മളെ അവസാനമില്ലാത്ത കർമ്മബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതുകൊണ്ടാണ് ഇനി കേൾക്കാനിരിക്കുന്ന വേദങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നു (ഭഗവദ് ഗീതയിൽ) പറഞ്ഞിരിക്കുന്നത്‌.  (ഭഗവദ്‌ ഗീതയ്ക്ക് ശേഷം വന്ന വേദങ്ങൾ, ബൈബിളും, ഖുർ‌ആനും ആണ്.)
---------------------------------------------------------------------------------
ശ്രുതികൾ : വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ.
സ്മൃതികൾ : ഉപനിഷത്തുക്കൾക്കു ശേഷമുള്ള സകല പ്രാമാണിക ഹൈന്ദവഗ്രന്ഥങ്ങളും സ്മൃതികളാണ്.
സൂത്രഗ്രന്ഥങ്ങൾ, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവ.

10 comments:

പാര്‍ത്ഥന്‍ said...

സ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാം.
അതുകൊണ്ടാണ് ഇനി കേൾക്കാനിരിക്കുന്ന വേദങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നു (ഭഗവദ് ഗീതയിൽ) പറഞ്ഞിരിക്കുന്നത്‌.

ബായെന്‍ said...

...വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ... !!! പാര്‍ത്ഥാ...

Manu said...

Hi,
Just a doubt.
Are Shruthis supposed to be divine revelations?
Hope to get an answer
Manu

വികടശിരോമണി said...

കലക്കി.
വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികളില്ലാത്ത ഒരു ബ്ലോഗെങ്കിലുമുള്ളത് വലിയ ആശ്വാസം തന്നെ.

മാണിക്യം said...

ഇതുവരെ കേട്ടതും ഇനി കേൾക്കാനിരിക്കുന്നതുമായ വേദങ്ങളെ ഉപേക്ഷിക്കാൻ ഭഗവാൻ - ഭവവദ് ഗീതയിലൂടെ വെളിപ്പെടുത്തി. ഭഗവാന്‍ വെറുതെ മോഹിപ്പിക്കില്ലല്ലോ .. വിശ്വസിക്കാം

പാര്‍ത്ഥന്‍ said...

Manu : ന്റെ സംശയം ആണ്.
Are Shruthis supposed to be divine revelations?

ശ്രുതിയും സ്മൃതിയുമാണ് ഹൈന്ദവദർശനത്തിന്റെ ഊടും പാവും.

ശ്രുതികൾ എന്നു പറയുന്നത്: വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, എന്നിവയാണ്.

ഇവയെല്ലാം ദൈവീകമായ വെളിപ്പെടുത്തലുകൾ ആണോ എന്നതാണോ താങ്കളുടെ സംശയം. അതല്ല ഇതിന്റെയല്ലാം ആകത്തുകയാണോ ഉദ്ദേശിച്ചത്.

ശ്രുതികൾ ശശ്വതസത്യങ്ങളെയും സ്മൃതികൾ കാലംതോറും മാറിമാറി വരുന്ന ഭൌതിക ജീവിതചര്യകളെയും പ്രതിപാദിക്കുന്നു. ശ്രുതികളിലേത് ആധ്യാത്മിക വിചാരങ്ങളാണെങ്കിൽ സ്മൃതികളിലേത് ഭൌതിക കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ്. ശ്രുതിയോടിണങ്ങാത്ത സ്മൃതിയൊന്നും സ്വീകാര്യവുമല്ല.

shine അഥവാ കുട്ടേട്ടൻ said...

വേദം എന്നാൽ അറിവ്‌ എന്നേ അർത്ഥമുള്ളു. പരമമായ അറിവിലേക്കെത്താൻ ഇതുവരെ അറിഞ്ഞതും, ഇനി അറിയാൻ പോകുന്നതും ഉപേക്ഷിക്കണം എന്നാവും. Zen മതവും സമാനമായ ചിന്തകളാണു മുന്നോട്ടു വെക്കുന്നതു.

പാര്‍ത്ഥന്‍ said...

Shine:

ഗീതയിൽ വേറൊരു സന്ദർഭത്തിൽ ‘വേദവാദരത‘ന്മാരെപ്പറ്റി പറയുന്നുണ്ട്. സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി വൈദികകർമ്മങ്ങൾ ചെയ്യുന്നവരെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.

‘നിർവ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച’ എന്നു പറയുന്നതിൽ, സ്വർഗ്ഗത്തിലെ സുഖഭോഗങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള വേദങ്ങൾ ഇനിയുമുണ്ടാകാം എന്ന ഒരു സൂചനയുണ്ട്. അന്തിമമായ ലക്ഷ്യം മോക്ഷമല്ലെ.

അരുണ്‍ കായംകുളം said...

പാര്‍ത്ഥാ,കുത്തിയിരുന്നു വായിച്ചു, എല്ലാം മനസ്സിലാക്കി വരുന്നതേ ഉള്ളു

പാര്‍ത്ഥന്‍ said...

വേദങ്ങൾ ദൈവീകമായ വെളിപ്പെടുത്തലുകളാണെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആരും അവകാശപ്പെട്ടിട്ടും ഇല്ല. അതുകൊണ്ടുതന്നെ ശ്രുതികളെയും ആ ഗണത്തിൽ പെടുത്താവുന്നതാണ്.
ഇവിടെ ഒരു ചർച്ചയുടെ പ്രസക്തഭാഗങ്ങൾ കാണാം.* Vedas are the base of all Indian knowledge.
* None knows exactly when they were composed so they are known as anaadi.
* None knows who composed them so it is apourusheya.
* They werecomposed by hundreds Vedic Rishies who were known as manthradhrushtaatra ( those who could see and experience the manthras).