ഞാൻ കേട്ടതും വായിച്ചതുമായ ‘ആമേൻ’ എന്ന പദത്തിനെക്കുറിച്ച് ഒരു വിവരണം ആയിരുന്നു ഇതിനു മുൻപിലത്തെ പോസ്റ്റ്. അതിലെ വിവരണങ്ങളുടെ ആധികാരികതയെക്കുറിച്ച് ഒന്നു വിശദീകരിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്.നമ്മൾ എന്തു വായിക്കുന്നുവോ അത് മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും ഭാഷാപരിജ്ഞാനവും ചിന്താധാരയും അനുസരിച്ചായിരിക്കും.
ഞാൻ വടക്കെ കിണറ്റിലെ വെള്ളം മാത്രമല്ല കുടിക്കാറുള്ളത്. അറബിക്കടലിലെയും, പുഴയിലെയും, ചതുപ്പിലെയും ഓടയിലെയുംവെള്ളം രുചിച്ചു നോക്കും. ഏതു ചളിയിൽ നിന്നാണ് ചെന്താമരയുടെ സുഗന്ധം പരക്കുന്നത് എന്നന്വേഷിക്കും. ഉപയോഗശൂന്യമായി അഴുക്കു നിറഞ്ഞു കിടക്കുന്ന കിണറ്റിലെ വെള്ളം, അത് എന്റെ അച്ഛൻ കുഴിച്ചതാണെന്നും പറഞ്ഞ് കോരിക്കുടിക്കണം എന്ന നിർബ്ബന്ധം എന്റെ ശീലങ്ങളിലോ ആചാരങ്ങളിലോ ഇല്ല.
‘തഥാസ്തു’ എഴുതാനായി താഴെ കൊടുത്തിരിക്കുന്നതെല്ലാം സഹായകമായിട്ടുണ്ട്.
* Semantic - ശബ്ദാർത്ഥങ്ങളുടെ ഭാഷാശാസ്ത്രീയ പഠനം.
* Synonyms - സമാനാർത്ഥക പദം.
* Etymology - പദങ്ങളുടെ വ്യുല്പത്തിയെയും ചരിത്രത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം. (നിരുക്തം)
* ഭഗവദ് ഗീത - പ്രധാനമായും യതിയുടെ വ്യാഖ്യാനം.
* ക്രൈസ്തവ വിശ്വാസികളായ സുഹൃത്തുക്കൾ.
* വിളക്കിലെ ‘ആമീൻ’ (പോസ്റ്റ്)
* സി.കെ. യുടെ (മരിക്കുന്ന ദൈവങ്ങൾ ഭരിക്കുന്ന അർദ്ധദൈവങ്ങൾ) ലെ പോസ്റ്റുകൾ.
മുകളിൽ കാണിച്ചിരിക്കുന്ന വിക്കി ലിങ്കുകളിൽ നോക്കിയാൽ വാക്കുകളുടെ കാലദേശഭാഷാ വ്യത്യാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ലോകത്തിലെ ഏതൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തുന്ന പ്രക്രിയയിൽ വാക്കിന്റെ അർത്ഥവും രൂപവും മാറാതെനിലനിൽക്കുന്ന ഒരേ ഒരു വാക്ക് ‘ആമേൻ’ ആണെന്ന് ഒരു ക്വിസ്സ് മത്സരത്തിൽ കേട്ടിരുന്നു. ഈജിപ്തിൽ പ്രചാരത്തിലിരുന്ന ‘ഹിബ്രു’ ഭാഷയിൽ ആണ് ‘ആമേൻ’ എന്ന പദം ഉത്ഭവിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അത് പല ഭാഷകളിലേയ്ക്കും തർജ്ജമ ചെയ്തു പ്രയോഗിക്കുമ്പോഴും, അതിന്റെ അർത്ഥത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനും മാറ്റമുണ്ടായിരുന്നില്ല. ഇപ്പോഴുള്ള അവസാനത്തെ സെമിറ്റിക് മതമായ ഇസ്ലാമിലേയ്ക്ക് വന്നപ്പോഴും ‘ആമീൻ’ ഉപയോഗിക്കുന്ന സ്ഥലവും സന്ദർഭവും മാറ്റമില്ലാതെത്തന്നെ നിലനിൽക്കുന്നു. പക്ഷെ, അവിടെ പുരോഹിതനോട് സമ്മതം പറയുന്നതിനുപകരം (ആദ്യകാലത്ത് ഇസ്ലാം പുരോഹിതമതമല്ലായിരുന്നു) നേരിട്ട് അള്ളാഹുവിനോട് ആവശ്യപ്പെടുകയാണ് എന്നുള്ള ഒരു വ്യത്യാസം മാത്രമെയുള്ളൂ. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവം ഇറങ്ങിവന്ന് പറയുകയൊന്നും വേണ്ട. വിക്കി തന്നെ ധാരാളം.
മതത്തിലെ ദർശനങ്ങൾ അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടി നിൽക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തിൽ ഗുണത്തിനു പകരം ദോഷമുള്ളതായി പരിണമിക്കുന്നു. വേദങ്ങളിൽ മനുഷ്യദ്രോഹപരമായിട്ടുള്ള വല്ല നിർദ്ദേശവും കാണുകയാണെങ്കിൽ സംശയരഹിതമായിത്തന്നെ അതിനെ ത്യജിക്കേണ്ടതാണ്. ഈ വസ്തുത സോദാഹരണം ‘വേദാധികാര നിരൂപണ‘ ത്തിൽ ചട്ടമ്പിസ്വാമികൾ അതിശക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ശബ്ബത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബ്ബത്ത് എന്ന് യേശുക്രിസ്തു അരുളിചെയ്തിരിക്കുന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഓരോ ഭാഷയിലും ഉള്ള വാക്കുകൾ നാം പഠിക്കുമ്പോൾ, ശബ്ദാക്ഷരങ്ങളെ വച്ചുകൊണ്ടാണ് സർവ്വവും സംരചിച്ചിട്ടുള്ളത് എന്നുമനസ്സിലാകും. ചില വാക്കുകളുടെ അർത്ഥപരിണാമങ്ങളും കാലദേശ വ്യത്യാസങ്ങളും ഒന്നു പരിചയപ്പെടാം.
സൃഷ്ടി, ക്രിയ എന്ന വാക്കിനോടു ബന്ധപ്പെട്ടതാണ്. സംസ്കൃതത്തിലെ ക്രിയയും, ലത്തീൻ ഭാഷയിലെ (creon) ക്രിയോൺ എന്ന വാക്കും അന്യോന്യം ബന്ധമുള്ളതാണ്. ക്രിയയോടു ബന്ധപ്പെട്ടതാണ് കർമ്മവും, ക്രമവും.
സംസ്കൃതത്തിലെ ‘ഹുത’ ശബ്ദവും ഇംഗ്ലീഷിലെ 'God' എന്നു പറയുന്ന ഈശ്വര നാമവും തമ്മിൽ സാമ്യം തോന്നുന്നില്ലേ.
‘ലിംഗ’ ശബ്ദത്തിൽ നിന്നുമാണ് ‘language' എന്ന വാക്കുണ്ടായിട്ടുള്ളത് എന്നും കേട്ടിട്ടുണ്ട്.
ഇതുപോലെ കലാന്തരത്തിൽ വാക്കുകളുടെ അർത്ഥങ്ങൾക്കും മാറ്റം വരുന്നുണ്ട്. പൌരാണിക സംസ്കൃത ഗ്രന്ഥങ്ങളിലെ ചില വാക്കുകളുടെ അർത്ഥങ്ങൾക്കും പരിണാമം സംഭവിച്ചിട്ടുണ്ട്. അതുവെച്ചാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ദുർവ്യാഖ്യാനങ്ങൾക്ക് ആധികാരികത കൊടുക്കുന്നത്.
നമുക്ക് ഇപ്പോൾ പരിചയമുള്ള ഒരു വാക്ക് പരിശോധിക്കാം.
‘ചെത്ത്’ എന്ന വാക്ക് എല്ലാവർക്കും പരിചയം കാണും. - ചെത്ത്, കള്ളുചെത്തുക, പുല്ലുചെത്തുക തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് “ചെത്ത്” എന്നു പറയുമ്പോൾ, സൂപ്പർ, സൌന്ദര്യമുള്ളത് എന്നെല്ലാം ആണ് അർത്ഥം തോന്നിപ്പിക്കുന്നത്.
5 comments:
മതത്തിലെ ദർശനങ്ങൾ അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടി നിൽക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തിൽ ഗുണത്തിനു പകരം ദോഷമുള്ളതായി പരിണമിക്കുന്നു.
‘ആമേൻ’ ഒരു വിശദീകരണം.
നല്ല പോസ്റ്റ്.
കൊള്ളാം അറിയാത്ത ഒരുപാടു കാര്യങ്ങള്‍ വായിച്ചറിയുന്നു, ഇവിടെ...
നല്ല പോസ്റ്റാണ്
ആശംസകള്‍...
ആദ്യ ഭാഗത്തിനു എത്ര കമന്റ് എഴുതി എന്ന് എനിക്ക് തന്നെ അറിയില്ല
പക്ഷെ പോസ്റ്റചെയ്യാനുള്ള് സ്റ്റാന്‍ഡെര്‍ഡ് ഇല്ലതെ പോയി
:)
parichayappedaan thaamasam nerittu ... ningalude post enikku ishtapettu ...
Post a Comment