ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ.
തനിക്ക് 3 തെറ്റു പറ്റി എന്ന് ശങ്കരാചാര്യർ ഭഗവാനോട് ക്ഷമാപണം ചെയ്യുന്നുണ്ട്.
രൂപമില്ലാത്ത അങ്ങയെ രൂപവല്‍ക്കരിച്ച് ധ്യാനിച്ചു.
അനിർവ്വചനീയമായ അങ്ങയെ വാക്കുകൾകൊണ്ട് സ്തുതിച്ചു.
അങ്ങയുടെ അന്തമായ വ്യാപ്തിയെ തീർത്ഥാടനത്തിലൂടെ പരിമിതപ്പെടുത്തി.
(കുടുബപരവും സാമൂഹികവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ളതാണ് ആചാരാനുഷ്ഠാനങ്ങൾ. അത് ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല.)
ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുവേണം ക്ഷേത്രദർശ്ശനം നടത്താൻ. അല്ലെങ്കിൽ കേവലം ശില മാത്രമാകും നമുക്ക് ഭഗവാൻ. കല്ലിലും ഈശ്വരനുണ്ട്, പക്ഷെ ഈശ്വരൻ കല്ലല്ല എന്ന സത്യം അറിഞ്ഞിരിക്കണം. ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല ക്ഷേത്രത്തിൽ പോകേണ്ടത്. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്. ഈശ്വരനെ എന്നും ശിലയായി, ലോഹമായി ക്ഷേത്രവളപ്പിൽ തളച്ചിടണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ഒരിക്കലും പ്രത്യക്ഷപ്പെടരുത്. അങ്ങനെ വിളിച്ചുകൊണ്ടിരിക്കണം. അതിലാണ് മതത്തിന്റെ നിലനില്പ്. എല്ലാറ്റിലും ഈശ്വര ചൈതന്യം ഉണ്ടെന്ന് അംഗീകരിക്കാൻ എല്ലാവർക്കും ഭയമാണ്. കുറെ ആഗ്രഹങ്ങളുണ്ട്. അതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ്. നമ്മുടെ ശ്രദ്ധ ഏതിലാണോ അതാണ് നമ്മുടെ ഈശ്വരൻ. പൂർവ്വവാസനയാൽ ഓരോ ആഗ്രഹങ്ങളിൽ പെട്ടവർ ആ ദേവതകളെ പ്രാപിക്കുന്നു. അത്തരം ദേവതകളെ (ഇന്ദ്രിയവിഷയങ്ങളെ) ആശ്രയിക്കുന്നവർക്ക് ഭഗവാൻതന്നെ അതിൽ ഇളകാത്ത ശ്രദ്ധയെ കൊടുക്കുന്നു. ആരാധിക്കുന്ന ദേവതയിൽ നിന്നും ഇഷ്ടപ്പെട്ട ഫലത്തെ ഭഗവാൻതന്നെ നൽകുന്നു. ഭഗവാനെ വേണ്ടവർക്ക് ഭഗവാനെ കിട്ടും. ഭഗവാനിൽനിന്നും വേണ്ടവർക്ക് അതും കിട്ടും. എന്നാൽ അല്പ ബുദ്ധികളായവർ, തന്റെ പ്രാർത്ഥനയാൽ നേടുന്ന (ഇന്ദ്രിയാനുഭൂതികളായ) അനുഭവങ്ങൾ നാശമുള്ളതാണ് എന്ന് അറിയുന്നില്ല.
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യന്തി മാമപി. (ഭ.ഗീ. 7:23)
പ്രകൃതിയിൽ ഏതിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം. കല്ലോ, മരമോ, അഗ്നിയോ, വെള്ളമോ, സൂര്യനോ, മണ്ണോ എന്തും. ഈശ്വരനിലേക്കെത്താൻ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമേത് എന്നതല്ല, അതിലെത്ര ശ്രദ്ധയുണ്ട് എന്നതാണ് കാര്യം. ഏതെങ്കിലും ഭാവത്തിൽ (വിഗ്രഹത്തിൽ) ഈശ്വരനെ ആരാധിക്കുന്നത് സഗുണാരാധനയാണ്. ഇങ്ങനെ വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത് ആരുമില്ല.
ദേശീയ പതാകയിൽ ഒരു രാജ്യത്തെ ഉൾക്കൊള്ളിക്കുന്നു. കൊടിയിൽ പാർട്ടിയെ കാണുന്നു. പ്രാർത്ഥനയ്ക്കു പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങൾക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ നശിച്ചാലെന്താ എന്നു ചോദിക്കുന്നവർ കൊടി കീറിയാൽ തുണിയല്ലേ എന്നു കരുതുന്നില്ല.
പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടാകും. പക്ഷെ, (-----) ഈ ചന്ദനത്തിരി കത്തിച്ചുകൊണ്ടുതന്നെ പ്രാർത്ഥിക്കണം എന്ന പരസ്യം കേട്ടിട്ടില്ലേ. അത്രേയുള്ളൂ ഈ വാണിജ്യതന്ത്രം!!!!!!
16 comments:
ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ.
പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടാകും.
ദേശീയ പതാകയിൽ ഒരു രാജ്യത്തെ ഉൾക്കൊള്ളിക്കുന്നു. കൊടിയിൽ പാർട്ടിയെ കാണുന്നു. പ്രാർത്ഥനയ്ക്കു പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങൾക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ നശിച്ചാലെന്താ എന്നു ചോദിക്കുന്നവർ കൊടി കീറിയാൽ തുണിയല്ലേ എന്നു കരുതുന്നില്ല.
‘പ്രാർത്ഥിയ്ക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടാകും’എന്ന ചന്ദനത്തിരിപ്പരസ്യത്തിനു,മറ്റൊരു മാനം നൽകിയ
പാർത്ഥനു അഭിന്ദനം!
ഹൈന്ദവചിന്തയിലെ ആചാരങ്ങള്‍ക്കൊക്കെ നാം ഇന്നു കാണുന്ന തരത്തിലുള്ള അര്‍ത്ഥങ്ങള്‍ അല്ലായിരുന്നു.
ഒരു പൊതുസമൂഹത്തിന്റെ മുഴുവന്‍ നന്മയ്ക്കുതകുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ ചിലവയായിരുന്നു അവ. എന്നാല്‍ കച്ചവടവല്ക്കരിക്കപെട്ടപ്പോള് അവയുടെ അര്‍ത്ഥങ്ങളും മാറി എന്നതാണ് ശരി.
ഒരുദാഹരണത്തിന് അമ്പലം പണിയുമ്പോള്‍ അതിനു മുകളില്‍ ഒരു താഴികക്കുടം വയ്ക്കുന്നു. അതു വയ്ക്കുന്നത് അതിനുള്ളില്‍ നവധാന്യങ്ങള്‍ - വിത്താക്കി ഉപയോഗിക്കത്തക്കവണ്ണം ഉള്ളത് നിറച്ചാണ്.
സാധാരണ അമ്പലം ഉണ്ടാക്കുന്നത് ഏറ്റവും ഉയരമുള്ള പ്രദേശം നോക്കിയായിരിക്കും..
ഇതിനു പറയുന്ന കാരണം വെള്ളപ്പൊക്കം - പ്രളയം - വന്നു ആ ഒരു പ്രദേശം മുഴുവന്‍ നശിച്ചാലും , അതില്‍ നിന്നും ആരെങ്കിലും ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പുതിയതായി ജീവിതം തുടങ്ങുവാന്‍ കൃഷിക്കാവശ്യമുള്ള വിത്ത് ആ താഴികക്കുടത്തിനുള്ളില്‍ നിന്നു ലഭിക്കും എന്നാണ് അത്രെ.
പക്ഷെ നാം എന്തെങ്കിലും ഒരു വാചകം എഴുതിയാല്‍ കുറെ എമ്പോക്കികള് അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് , കുറുക്കന്മാര് ഓലിയിട്ടു രസിക്കുന്നതുപോലെ മറ്റു ചില വരെയും കൂടി അര്മാദിക്കുന്നതു മാത്രമാണ് കാണുന്നത്. ഇത്തരം അവസ്ഥയുണ്ടാകുവാതിരിക്കുവാനാണ്, വിജ്ഞാനം ഗുരുവിന്റെ പക്കല്‍ നിന്നും നേടണം എന്നു പറഞ്ഞത്. കാരണം അറിയണം എന്നാഗ്രഹമുള്ളവര്ക്കുമാത്രമേ ഇതൊക്കെ മനസ്സിലാകുകയുള്ളു.
ആടൂകളെ തമ്മിലടിപ്പിച്ചു അതിനിടയില്‍ നിന്നും ലഭിക്കുന്ന ചോര കുടിയ്ക്കുവാന്‍ തക്കം പര്‍ത്തു നടക്കുന്ന രാഷ്ട്രീയക്കാര്‍ ഇതുപോലെ ഒക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.
ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല ക്ഷേത്രത്തിൽ പോകേണ്ടത്. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്
കറക്ട്...കൊടുകൈ.
അതെ, ശ്രദ്ധ, അതാണ് വാക്ക്, അതുതന്നെയെല്ലാം.
പിന്നെ, താങ്കളുടെ ഈ ബ്ലോഗ്ഗില്‍ RSS/Atom XML കിട്ടുന്നില്ല. അതിന്റെ കാരണം ഈയുള്ളവന് തോന്നുന്നത്, settings -> site feed -> Post Feed Redirect URL എന്ന സ്ഥലത്തു താങ്കള്‍ കൊടുത്തിരിക്കുന്നത് ഡിലീറ്റ് ചെയ്തു കളഞ്ഞാല്‍ ശരിയാകും എന്ന് തോന്നുന്നു. feedburner ഉപയോഗിക്കുന്നെങ്കില്‍ മാത്രമേ ഇതു വേണ്ടിവരൂ.
തന്റെ സൃഷ്ടാവിനോടുള്ള സ്നേഹവും സ്മരണയുമായിരിക്കണം പ്രാര്‍ത്ഥനകള്‍,
ശരിയായ അറിവ് പകര്‍ന്ന ഒരു പോസ്റ്റിനു കൂടെ നന്ദി.
good one :)
ശരിയാണ്.പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ല.
വീണ്ടും ഒരു നല്ല പോസ്റ്റ്.
:-)
ഉപാസന
തൂണിലും തുരുമ്പിലും
ദൈവം ഇരിക്കുന്നു എന്നും
സൃഷ്ടി സ്ഥിതി സംഹാരം
കയ്യാളുന്ന ഈശ്വരന് മനുഷ്യന്റെ
അവശ്യങ്ങള്‍ അറിഞ്ഞ് കാത്തുപരിപാലിക്കും എന്ന് വിശ്വസിച്ച് സഹജീവികളില്‍ ഈശ്വര ചൈതന്യം കാണുകയും ചെയ്യുവാന്‍
പ്രാപ്തരാക്ക്ാന് ഏത് മതം ഇന്ന് ശ്രമിക്കുന്നു?
പണിക്കറ് സര് പറഞ്ഞത് വളരെ ശരി..
പാര്ഥന് നല്ല പോസ്റ്റ്
വായിച്ചവർക്കെല്ലാം നന്ദി.
ശ്രീ @ ശ്രേയസ് :
താങ്കൾ നിർദ്ദേശിച്ച പ്രകാരം സെറ്റിംഗിൽ മാറ്റം വരുത്തി. ഇപ്പോൾ പുതിയ പോസ്റ്റ് ഇട്ടത് അഗ്രിഗേറ്ററിൽ വരുന്നുണ്ട്. ഒരുപാട് സന്തോഷം ഉണ്ട്.
പ്രിയ പാര്‍ത്ഥാ, എന്റെ ബ്ലോഗിലേക്ക് സ്വാഗതം,http://atnair.blogspot.com താങ്കളുടെ ലേഖനത്തിനെ കുറിച്ച് വിശദമായ അഭിപ്രായം തയ്യാറാക്കി വരുന്നു, ബ്ലോഗിങ്ങ് തുടങ്ങിയതെ ഉള്ളൂ.
അന്തവത്തു ഫലം തേഷാം
തദ് ഭാവത്യല്പമേധസാം
ദേവാന് ദേവ യജോ യാന്തി
മദ്ഭക്താ യാന്തി മാമപി
ഭ. ഗീ. (7:23)
എന്നാല്‍ ഈ അല്പബുദ്ധികള്ക്ക് ലഭിക്കുന്ന ഫലം നാശം ഉള്ളതാകുന്നു, മോക്ഷത്തെപോലെ സ്ഥിരമല്ല.
ദേവതകളെ ഭജിക്കുന്നവര്‍ ദേവതകളെ പ്രാപിക്കുന്നു
എന്നെ (പരമാത്മാവിനെ) ഭജിക്കുന്നവര്‍ എന്നെ (പരമാത്മാവിനെ) പ്രാപിക്കുന്നു
ആത്മാവിനെ ഭജിക്കുന്നവര്‍ ആത്മാവിനെ പ്രാപിക്കുന്നു
ഇതാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. അല്ലാതെ താങ്കള്‍ എഴുതിയത് പോലെയല്ല
ദേവത എന്ന വാക്കിന്റെ അര്‍ത്ഥം വിവരിക്കാം
ദാനാത് വ (ദാനം ചെയ്യുന്നതിനാല്‍)
ദ്യോതനാത് വ (പ്രകാശം ചോരിയുന്നതിനാല്‍)
ദീപനാത് വ (പ്രകാശിപ്പിക്കുന്നതിനാല്‍)
ദ്യുസ്ഥാനേതി വ (ദ്യോവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍)
ദേവത എന്നത് പുരാണങ്ങളിലെ കഥകളിലെ ശരീരധാരികള്‍ അല്ല.
മേല്പറഞ്ഞ വിശേഷഗുണങ്ങള്‍ ഉള്ള എല്ലാ വസ്തുക്കളും ദേവത എന്ന് വിളിക്കാം.
ന തസ്യ പ്രതിമ അസ്തി എന്ന് വേദം പറയുന്നതിനാല്‍ വിഗ്രഹാരാധന ശരിയല്ല
നിരുക്ക്തത്തില്‍ യാസ്ക്കന്‍ നിര്‍വചനം നല്‍കിയിട്ടുണ്ട്.
ഈ മന്ത്രം വൈദികമല്ല ആയതിനാല്‍ പ്രമാണവുമല്ല.
@ ABHILASHARYA :
ശരിയായ വ്യാഖ്യാനങ്ങൾ എഴുതി എന്റെ ബ്ലോഗ് പൂർണ്ണതയിലെത്തിക്കുന്നതിൽ താങ്കൾക്ക് എന്നെ സഹായിക്കാൻ കഴിയുമെന്ന് കരുതുന്നു. രണ്ടു വർഷമാകുന്നതേ ഉള്ളൂ ഗീതാപാരായണം തുടങ്ങിയിട്ട്. സശയങ്ങൾ ബാക്കിയാണ് ഇപ്പോഴും.
ദേവതയെക്കുറിച്ചുള്ള വിശദീകരണങ്ങൾ പുതിയ അറിവ് പകർന്നു. എനിക്ക് സംസ്കൃതം തീരെ അറിയില്ല. മറ്റുള്ളവർ എഴുതിയിട്ടുള്ള അന്വയവും വ്യാഖ്യാനവും വായിക്കുകയും പകർത്തുകയും ചെയ്യുന്നു.
ഈ ഗീതാ ശ്ലോകത്തിലെ (7:23) താങ്കൾ എഴുതിയ വ്യാഖ്യാനത്തിൽ താഴെ കൊടുത്തിട്ടുള്ള വാക്കുകളുടെ സംസ്കൃതം എങ്ങിനെ അന്വയിച്ചപ്പോഴാണ് കിട്ടിയത് എന്ന് പറയാമോ.
1. മോക്ഷത്തെപ്പോലെ സ്ഥിരമല്ല.
2. ദേവത.
3. എന്നെ ഭജിക്കുന്നവർ.
4. ആത്മാവിനെ ഭജിക്കുന്നവര്‍ ആത്മാവിനെ പ്രാപിക്കുന്നു.
പാര്‍ത്ഥാ വേദമന്ത്രങ്ങള്‍ പഠിക്കണമെങ്കില്‍ വേദവാണി വായ്ക്കൂ....
Abhilasharya :
നന്ദി.
Post a Comment