Thursday, December 4, 2008

ബലി

ബലി എന്നു കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ വരുന്ന ബിംബം.

ചെറുപ്പം മുതൽ ഞാൻ കേട്ടിരുന്ന ബലിയുടെയും ബലിയുമായി ബന്ധപ്പെട്ട പദങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കിയത് ഒന്ന്‌ വിലയിരുത്തുകയാണ് ഇവിടെ.



ബലി - മഹാബലി - ബലിദാനം - ദിവ്യബലി - ഭൂതബലി - ജന്തുബലി - തുടങ്ങിയവ നമ്മുടെ മനസ്സിൽ എന്തെല്ലാം അബദ്ധധാരണകൾ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയ ചില വിശദീകരണങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

ബലിദാനം എന്നു പറയുന്നത്‌ സമർപ്പണമാണ്. നമ്മുടെ കടമകൾ ചെയ്യാനായി നമ്മളെ തന്നെ സമർപ്പിക്കുക. കൊന്നുകളയുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ കടമകൾ നിറവേറ്റാനുള്ള സമയം ഉണ്ടാവുകയില്ല. നമുക്ക്‌ എന്തെല്ലാം കടമകളുണ്ട്‌, ആരോടെല്ലാം ഉണ്ട് എന്നു നോക്കാം.

നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ മുമ്പിൽ വരുന്നതിന് അനേകം സഹായം വേണ്ടി വരുന്നുണ്ട്‌. കൃഷിക്കാ‍രൻ വിതയ്ക്കുന്ന വിത്തുകളും ഫലങ്ങളും വളർന്നു പുഷ്പിച്ച്‌ കായ്ച്ച്‌ ആഹാരമായിത്തീരുന്നതിന് സുര്യൻ ദിവസവും സൌരോർജ്ജം ഭൂമിയിലേയ്ക്കയക്കണം. കടലിൽ കിടക്കുന്ന വെള്ളം ആവിയായി, മേഘമായി, ആ മഴമേഘങ്ങളെ കാറ്റ്‌ കർഷകന്റെ ഭൂമിയിൽ കൊണ്ടുവന്നു മഴപെയ്യിക്കണം. വെള്ളം വീണ് ഭൂമിയിലെ രസങ്ങളും ധാതുക്കളും എല്ലാം ചെടിയുടെ വേരിൽ പ്രവേശിക്കവണ്ണം പാകമായി വരണം. വൃക്ഷലതാതികൾ ഋതുകാലത്ത്‌ പൂവിടണം, ശരത്കാലമാകുമ്പോഴേയ്ക്കും ഫലമൂലാദികൾ തരണം. കൃഷിചെയ്യാൻ കർഷകർ ഉണ്ടാവണം. യഥാസമയത്ത് വിളവെടുത്ത് കളപ്പുരയിലെത്തിക്കണം. വീണ്ടും വാഹനങ്ങളിൽ കയറ്റി വിദൂരത്തുള്ള വിപണികളിൽ എത്തിക്കണം. ആഹാരസമ്പാദനത്തിനുവേണ്ടി വീട്ടിലെ അംഗങ്ങൾ പണം സമ്പാദിച്ച്‌ ആഹാരസാധനങ്ങൾ അടുക്കളയിലെത്തിച്ചു കൊടുക്കണം. അത്‌ അത്യന്തം സ്നേഹത്തോടെ, കരുതലോടെ പ്രിയപ്പെട്ടവർ പാകം ചെയ്തു വിളമ്പിത്തരണം. അങ്ങനെ ഒരുപിടി അന്നം നാം കയ്യിലെടുക്കുമ്പോൾ അത്‌ എവിടെ നിന്നു വന്നു എന്നു ചോദിച്ചാൽ, ഒട്ടനേകം പേരുടെ പ്രയത്നഫലമായാണ് ആഹാരം നമ്മുടെ ഉള്ളിൽ എത്തുന്നത്‌ എന്നു നമുക്കു മനസ്സിലാകും. എല്ലാവരിൽ നിന്നും നാം ഇങ്ങോട്ട് സ്വീകരിക്കുകയായിരുന്നു. ഇനി അതിന്റെ പ്രതിഫലമായി, പോഷണം ലഭിച്ച്‌ ബലമുണ്ടായ നാം ലോകത്തിനു തിരിച്ച്‌ നമ്മുടെ ശക്തിയെ അങ്ങോട്ട്‌ സംഭാവന ചെയ്യണം. അപ്രകാരം ഒരു ഭാവനയുണ്ടാകുമ്പോഴാണ്‌ ഒരാൾ തന്നെ ലോകത്തിനായി ‘ബലിദാനം’ ചെയ്യാമെന്ന്‌ വിചാ‍രിക്കുന്നത്‌. കൊന്നുകളയുക എന്നല്ല ഇതിന് അർത്ഥം. ബന്ധപ്പെട്ടവരെയെല്ലാം തിരികെ ഓർക്കാൻ കഴിയുക, ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട്‌ കൃത്യമായി അറിയാൻ കഴിയുക. ഇതിന്റെ നിറവേറ്റലിനുവേണ്ടി തന്നെ ഉത്തരവാദിയാക്കുക. ഇപ്രകാരമുള്ള ഉത്തരവാദിത്വത്തോടെ, ഞാനിതു നിറവേറ്റേണ്ടവനാണ്, ഞാനേറ്റവും സ്നേഹിക്കുന്ന ഈ ജനങ്ങളോട്‌ എനിയ്ക്ക് വിധേയത്വമുണ്ട്‌ എന്ന്‌ ദൃഢമായി വിശ്വസിച്ചുകൊണ്ട്, ആ വിധേയത്വത്തിന്റെ നിറവേറലിനുവേണ്ടി രാത്രിയും പകലും ഊണിലും ഉറക്കത്തിലും തന്നെ തന്റെ സ്നേഹമൂർത്തിക്കായി അർപ്പണം ചെയ്യുവാൻ തീരുമാനിക്കുമ്പോൾ മനസ്സിനൊരു ചാഞ്ചല്യവും ഉണ്ടാകരുത്‌. പകുതി അർപ്പണബുദ്ധിയോടു‌കൂടിയല്ല തന്നെ തന്റെ സ്നേഹത്തിന്റെ അടയാളമാക്കുവാൻ തീരുമാനിക്കുന്നത്‌.

‘ബലി’ - ഹൈന്ദവ ആചാരങ്ങളിൽ ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ച്‌ യാഗസമയത്ത്‌ ചെയ്യുന്ന ഉപഹാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്‌. ദേവന്മാർക്ക്‌ കുരുതി നൽകൽ എന്നു പറയുന്നത് “ഭൂതബലി” യാണ്.

‘മഹാബലി’ - മഹാബലി ബലിയർപ്പിച്ചത്‌ അഹങ്കാരത്തിനെയാണ്. അഹങ്കാരത്തിൽ നിന്നും അഹംബോധത്തിലേയ്ക്കുണരാനുള്ള സമർപ്പണം.

‘ദിവ്യബലി’ - ദിവ്യബലി എന്ന ക്രിസ്തീയ ആചാരവും, യേശു സ്വന്തം ശരീരവും രക്തവും ശിഷ്യന്മാർക്ക് പങ്കുവെച്ചതാണെന്നു മനസ്സിലാക്കിയാൽ അബദ്ധമാകും. തന്റെ ജീവിതവും പ്രയത്നവും ശിഷ്യന്മാരിലൂടെ ജനങ്ങൾക്കായി സമർപ്പിക്കുകയാണ്‌ അദ്ദേഹവും ചെയ്തത്.

ഞാൻ വിശ്വസിക്കുന്ന ഈശ്വരചൈതന്യം അഹിംസാ വാദിയാണ്. വിചാരംകൊണ്ടോ, വാക്കുകൊണ്ടോ, കർമ്മം കൊണ്ടോ വേറൊരു ജീവിക്ക്‌ വേദനയുണ്ടാക്കാതിരിക്കുന്നതാണ് അഹിംസ. സ്രഷ്ടാവ്‌ തന്റെ സൃഷ്ടിയെ കൊന്ന്‌ അതിന്റെ രക്തവും മാംസവും തനിക്കുവേണ്ടി സമർപ്പിക്കാൻ കല്പിക്കുമെന്ന്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്. എല്ലാ തരം അഴുക്കുകളും നിറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ട ശരീരം ദൈവത്തിന് എന്തിനാണ്. എപ്പോഴും ഈശ്വരനിൽ ശ്രദ്ധയോടെയുള്ള ആത്മസമർപ്പണം ആണ് ദൈവത്തിന് ഹിതകരമായിട്ടുള്ളത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്‌. ‘വിവേകചൂഢാമണി’യിൽ, “നമിക്കുന്നവരുടെ ബന്ധുവായിട്ടുള്ള അല്ലയോ ഭഗവൻ, അങ്ങയുടെ ആത്മീയമാകുന്ന കണ്ണുകൊണ്ട്‌ എന്നെ ഉദ്ധരിച്ചാലും“ എന്നാണ് പറയുന്നത്‌.

ഹജ്ജ് കർമ്മത്തിലെ ഒരു പ്രധാന ആചാരമായ ജന്തുബലി ദൈവഹിതമായിട്ടാണ് അനുഷ്ഠിക്കുന്നത് എന്നു പറയുന്നു. ഖുർ‌ആനിൽ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ ഈ രണ്ട് ആയത്തുകൾ വായിച്ചു.

(22:36) ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട്‌ അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ ബലിയർപ്പിക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത്‌ നിങ്ങൾ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

(22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ.

12 comments:

പാര്‍ത്ഥന്‍ said...

ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ.

Kaithamullu said...

ബലി (കുരുതി) ഒരു കാലത്ത്
(ഇപ്പോഴില്ലെന്നല്ല)ഹിന്ദുക്കളിലും സര്‍വസാധാരണമായിരുന്നു. ഒരു ആചാരമാമാക്കി അതിനെ മാറ്റി, അത് കൊണ്ട് ഉപജീവനം നടത്തുന്ന ഒരു വര്‍ഗത്തിന്റെ ആവശ്യമായിരുന്നു, അത്.

നാം എന്ത് ഭക്ഷിക്കുമ്പോഴും അത് ഒരു ബലിയാണ്,
സമര്‍പ്പണമാണ്, അല്ലേ?

കുറച്ച് കൂടി ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്. ആ ദിശയില്‍ ഈ ചര്‍ച്ച് സജീവമാകട്ടെയെന്ന് ആശിക്കുന്നു.

ശ്രീ said...

നല്ല പോസ്റ്റ്.

[മിക്ക പോസ്റ്റുകളും വായിയ്ക്കുന്നുണ്ടെങ്കിലും എന്തു പറഞ്ഞിട്ടു പോകുമെന്നറിയാത്തതു കൊണ്ടാണ് മിണ്ടാതെ പോകുന്നത് ട്ടോ.] :)

ഉപാസന || Upasana said...

നൈസ് എഴുത്ത്..!

ഓഫ് : ഭായി ഒരു സന്യാസിയാവുംന്ന് തോന്നണ് ഭാവിയില്‍.

മാണിക്യം said...

പാര്‍ത്ഥന്‍ ...
വളരെ നല്ല പോസ്റ്റ്,
വിചാരംകൊണ്ടോ,വാക്കുകൊണ്ടോ,
കർമ്മം കൊണ്ടോ വേറൊരു ജീവിക്ക്‌ വേദനയുണ്ടാക്കാതിരിക്കുന്നതാണ്
ശരിയായ ബലി ..
“നമ്മുടെ കടമകൾ ചെയ്യാനായി
നമ്മളെ തന്നെ സമർപ്പിക്കുക”..
ഇതാണേറ്റവും നല്ല ബലി....

വിവേകത്തോടെ ചിന്തിച്ചതിനു
ചിന്തിപ്പിച്ചതിനു നന്ദി.

Appu Adyakshari said...

പാർത്ഥേട്ടാ, നല്ല പോസ്റ്റ്. മറ്റൊരു ജന്തുവിനെ കൊന്നുകൊണ്ട് ബലിയർപ്പിക്കുന്നതിൽ സൃഷ്ടാവിന് ഒട്ടും സന്തോഷമുണ്ടാവില്ല എന്നാണ് എന്റെയും അഭിപ്രായം. കൈതേട്ടൻ പറഞ്ഞതുപോലെ മനുഷ്യചരിത്രത്തിൽ പലപ്പോഴായി കടന്നുവന്നിട്ടുള്ള അന്ധവിശ്വാസങ്ങളിൽ നിന്നാവണം മൃഗബലിയും നരബലിയുമൊക്കെ പ്രചാരത്തിൽ വന്നത്.

സ്മിതം said...

ഇബ്രാഹീം നബിയോട് സ്വന്തം അരുമസന്താനത്തെ ബലിയര്‍പ്പിക്കാനായിരുന്നു ‘ദൈവകല്പ്ന’ ,മകനെ കഴുത്തറുത്ത് കൊല്ലാന്‍ തുനിഞ്ഞ നബിയുടെ കത്തിക്കു മൂര്ച്ചയില്ലാതെ പോയതു , ഹ: അല്ലായിരുന്നെങ്കില്‍ ഒരോ ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ച്... ഹോ ഓര്‍ക്കാന്‍ കൂടി വയ്യ.

ഒരു മനുഷ്യക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലാന്‍ ദൈവം കല്പിക്കുന്ന ഒരു പരീക്ഷണ കഥ പാടി നടക്കുന്ന ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെന്താണാവോ ?

അജയ്‌ ശ്രീശാന്ത്‌.. said...

"ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ"

പാര്‍ത്ഥന്‍ ...
താങ്കള്‍ പറഞ്ഞത്‌ തീര്‍ത്തും ശരിയാണ്‌..
അത്തരമൊരു ചിന്തയുണ്ടെങ്കില്‍
ഈ ലോകം എത്ര നന്നായേനേ...

വേഠിട്ട ഒരു ഭൂമികയില്‍ കൂടിയാണല്ലോ..
താങ്കളുടെ സഞ്ചാരം; എഴുത്തും അങ്ങിനെതന്നെ..:

Nithyadarsanangal said...

പാര്‍ത്ഥേട്ടാ...
വളരെ നല്ല ഒരു പോസ്റ്റ്‌...
ഒത്തിരിയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്‌ എന്നെനിക്കുതോന്നുന്നു...
ആശംസകള്‍

Nithyadarsanangal said...
This comment has been removed by the author.
Unknown said...

കൃത്യം ഒരു കൊല്ലം മുമ്പ് ഞാന്‍ ബ്ലോഗില്‍ അധികമൊന്നും വായിച്ചിരുന്നില്ല. അതു കൊണ്ട് പാര്‍ഥന്റെ പോസ്റ്റ് കണ്ടിരുന്നുമില്ല.

ബലി വെറും മൃഗബലി മാത്രമല്ല എന്നത് കൂടുതല്‍ പ്രചരിപ്പിക്കേണ്ട ഒരു ആശയമാണ്.

CKLatheef said...

പിയ പാര്‍ത്ഥാ..

നിസ്സഹായന്‍ ഇതുസംബന്ധമായി ചര്‍ച നടക്കുന്ന എന്റെ ബ്ലോഗില്‍ നല്‍കിയ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. താങ്കള്‍ക്ക് പറയാനുള്ളത് വളരെ മിതമായും പക്വമായും പറഞ്ഞതില്‍ താങ്കളെ അഭിനന്ദിക്കുന്നു. ചര്‍ച തുടരട്ടേ. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഞാനീ പ്രശനത്തില്‍ ഇവിടെ അഭിപ്രായം പറയുന്നില്ല. നന്‍മനേരുന്നു.