Wednesday, December 8, 2010

സംസ്കാരവും പുനർജ്ജന്മവും


“ബ്രഹ്മാവും വിഷ്ണുവും ചരിത്രപുരുഷന്മാർ” എന്ന പോസ്റ്റ് കണ്ട് അനാര്യൻ എന്ന മാന്യൻ വിമർശനാത്മകമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ പോസ്റ്റിൽ പറയുന്നതുപോലെയുള്ള പ്രതീകാത്മക രൂപമല്ല അനന്തശയനം എന്നു വെറുതെ തർക്കിക്കുകയല്ലാതെ അതിനെക്കുറിച്ച് വേറൊരു വ്യാഖ്യാനം കണ്ടില്ല. എന്നാൽ അനന്തശയനം സത്യമായും ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ, അതിനുള്ള ഉത്തരം കൊടുക്കുകയല്ല അവരുടെ ഉദ്ദേശം എന്നു വ്യക്തമാക്കുന്ന മറുപടിയായിരുന്നു. ‘അനന്തശയനം’ എന്ന സങ്കല്പത്തിനെക്കുറിച്ച് എന്റെ പോസ്റ്റിൽ പറയുന്ന വ്യാഖ്യാനങ്ങളൊന്നും അംഗീകരിക്കാനുള്ള മാനസികാവസ്ഥ ചിലർക്ക് കാണുന്നില്ല.   ആ സങ്കല്പം ഉഢായിപ്പാണെങ്കിൽ, ഏതോ ഋഷി പാൽക്കടലിൽ പോയപ്പോൾ നേരിൽ കണ്ട കാര്യം ചിത്രമാക്കിയതാവാനേ സാധ്യതയുള്ളൂ എന്നു പറയേണ്ടിവരും.

ഗ്രഹങ്ങൾ ചലിക്കുന്നത് എങ്ങിനെയാണ് ? ‘ബിഗ്‌ബാംഗ്‘ പ്രകാരം ഒരു കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ നിന്നും തെറിച്ചുപോകുന്ന വസ്തുക്കൾ ഒരേ ദിശയിൽതന്നെ സഞ്ചരിക്കേണ്ടതല്ലെ. അതല്ല, ഇടക്കുവെച്ച് തിരിഞ്ഞുകളിക്കാൻ അവിടെ 'റൌണ്ടെബൌട്ട് '  ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ശാസ്ത്രം മനസ്സിലാക്കാതെ പുലമ്പുകയാണെന്നു പറയും.  ഇനി ദൈവം എന്നൊരാൾ എല്ലാ ഗ്രഹങ്ങൾക്കും ഓരോ ചരടുകെട്ടി തിരിച്ചുകൊണ്ടിരിക്കുന്നതാണോ? ദൈവത്തിന്റെ കയ്യിൽ നിന്നും ആ ചരട് പൊട്ടിപ്പൊയാലത്തെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

എന്നെ ആക്ഷേപിച്ച് (മുകളിലെ സ്ക്രീൻ ഷോട്ടിൽ) എഴുതിയതു പോലെയുള്ള പ്രസ്ഥാവനകൾ  ബ്ലോഗിലെന്നല്ല, എവിടെയും ഒരു ആശാസ്യകരമായ പ്രവണതയായി തോന്നുന്നില്ല. ‘മഹാവിഷ്ണു പാൽകടലിലാണ് ശയിക്കുന്നത്’ എന്നും ‘ ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്’ എന്നും എന്റെ പോസ്റ്റിൽ എഴുതിയിരുന്നു. പക്ഷെ അതു തന്നെയാണ് ഇത് എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു.  എന്നിരുന്നാലും ഈ തെറ്റായ പ്രസ്ഥാവനയിൽ നിന്നുതന്നെ തുടങ്ങാം.

ബീജം ശുക്ലത്തിൽ ശയിക്കുന്നു എന്നു പറഞ്ഞെങ്കിലും അതൊരു സ്ഥിരമായ അവസ്ഥയല്ല. ശുക്ലം എന്നു പറഞ്ഞാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നും വരുന്ന മനുഷ്യശരീരത്തിലെ സർവ്വധാതുക്കളുമടങ്ങിയ ക്ഷാരഗുണമുള്ള ജലമയമായ രേതസ് ആണ്. ബീജത്തിന്റെ അണ്ഡത്തിലേക്കുള്ള യാത്രയിൽ അതിന് എല്ലാ സംരക്ഷണവും നൽകി യാത്ര സുഗമമാക്കുന്ന മാധ്യമം മാത്രമാണത്. പുരുഷബീജം എന്നു പറയുന്നതും ശരീരത്തിലെ ചെറിയ കോശമാണെന്ന് (not smallest cell) ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  വിവിധതരത്തിലുള്ള ‘അനേകായിരം’ കോശങ്ങൾ ചേർന്നതാണ് മനുഷ്യശരീരം.   50 -100 trillion (?) ഉണ്ടെന്ന് ആധുനിക ശാസ്ത്രം.)

                            (കോശത്തിന്റെ ആന്തരിക ഭാഗങ്ങൾ)


ഒരു ജീവിയുടെ ശരീരത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേക ഘടനകളുള്ള കോശങ്ങൾ ഉണ്ട്. ജീവന്റെ തുടിപ്പ് ആരംഭിക്കുന്നത് കോശദ്രവത്തിൽ നിന്നാണ്. അത് മനുഷ്യശരീരമായാലും ബ്രഹ്മാണ്ഡമായാലും തത്ത്വം ഒന്നു തന്നെ. എന്തെല്ലാം ഭാവവിശേഷങ്ങൾ പ്രപഞ്ചത്തിലുണ്ടോ അവയെല്ലാം പുരുഷനിലും (വ്യക്തിയിൽ) ഉണ്ട്. പുരുഷനിൽ എന്തെല്ലാം ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം പ്രപഞ്ചത്തിലുമുണ്ട്.

“അണോരണീയാൻ മഹതോ മഹീയാൻ”
 (അണുവിനെക്കാൾ ചെറുതും അതിബൃഹത്തിനെക്കാൾ വലുതും )
“അണിയാൻഹ്യതർക്ക്യമണു പ്രമാണാത്”
 (അണുവിനെക്കാൾ ചെറുതെന്നതിൽ തർക്കമില്ല.)

“ബീജം മാം സർവ്വഭൂതാനാം വിദ്ധി പാർത്ഥ സനാതനം
ബുദ്ധിർബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം”.

[ഹേ! അർജ്ജുന, എന്നെ സർവ്വ ചരാചരങ്ങളുടെയും നിത്യമായ ബീജമായി (വിത്തായി) നീ അറിയണം. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.]

ഇവിടെ “ഞാൻ“ എന്നു പറയുന്നത് -  അന്തര്യാമിയും സർവേശ്വരനുമായ ആദികാരണത്തെയാണ് പരാമർശിക്കപ്പെടുന്നത്. ചുരുങ്ങിയപക്ഷം 16,008 ഭാര്യമാരുള്ള ശ്രീകൃഷ്ണനല്ല എന്നെങ്കിലും മനസ്സിലാക്കുമല്ലൊ.

[ഛാന്ദ്യോഗ്യോപനിഷത്തിൽ ശ്വേതകേതുവും അരുണപുത്രനായ ഉദ്ദാലകനും തമ്മിൽ നടക്കുന്ന ഒരു സംവാദത്തിൽ ബീജത്തിന്റെ ഉദാഹരണം വരുന്നുണ്ട്.

ഉദ്ദാലകൻ മകനോടു പറയുന്നു:

ശ്വേതകേതു, ഈ പേരാൽമരത്തിൽ നിന്ന് ഒരു ഫലം കൊണ്ടു വരിക.

മകൻ: ഭഗവാനേ, ഇതാ കൊണ്ടുവന്നിരിക്കുന്നു.

അച്ഛൻ: അതിനെ രണ്ടായി മുറിക്കുക.

മകൻ: ഭഗവാനേ, ഇതാ മുറിച്ചിരിക്കുന്നു.

അച്ഛൻ: ഇവിടെ നീ എന്തു കാണുന്നു?

മകൻ: ഭഗവാനേ, അണുക്കളെപ്പോലെ ചെറിയ വിത്തുകൾ.

അച്ഛൻ: മകനേ, ഇവയിൽ ഒന്നിനെ എടുത്തു ഭേദിക്കൂ.

മകൻ: ഭഗവാനേ, അതും ഭേദിച്ചിരിക്കുന്നു.

അച്ഛൻ: ഇതിൽ നീ എന്തു കാണുന്നു?

മകൻ: ഞാൻ ഒന്നും കാണുന്നില്ല.

ഇതു കേട്ടിട്ട് അച്ഛൻ മകനോടു പറഞ്ഞു: “അല്ലയോ വത്സാ, ഈ വിത്തിന്റെയുള്ളിൽ നീ ഒന്നും കാണുന്നില്ലെങ്കിലും അതിൽ ഒരു വലിയ പേരാലായി വളർന്നു വികസിക്കാനുള്ള സാ‍ദ്ധ്യത സൂക്ഷ്മമായി ഇരിക്കുന്നുണ്ട്. ആ അണിമാവിൽ നിന്നാണ് ഈ കാണുന്ന വലിയ പേരാൽമരം ഉണ്ടായി വികസിച്ചു നിൽക്കുന്നത്. അപ്രകാരമുള്ള ഈ സൂക്ഷ്മഭാവം തന്നെയാണ് ഈ ലോകത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളതും, ആത്മാവായിട്ടുള്ളതും. അല്ലയോ ശ്വേതകേതു, അതു നീ ആകുന്നു".]

സുപ്രസിദ്ധമായ “തത്ത്വമസി” എന്ന മഹാവാക്യമാണ് ഈ ബീജത്തിന്റെ ഉദാഹരണത്തിൽകൂടി ഉദ്ദാലകൻ ശ്വേതകേതുവിന് ഉപദേശിച്ചുകൊടുക്കുന്നത്. ആധുനികശാസ്ത്രവും പ്രപഞ്ചോല്പത്തി ഒരു ഏകകാരണത്തിൽ നിന്നും വന്നതായി കരുതുന്നു. ഈ ബ്രഹ്മാണ്ഡം അനന്തവിശേഷങ്ങളോടുകൂടി നാം കാണുന്നുണ്ടെങ്കിലും അത് ആദ്യം അവ്യക്തമായിരുന്നു. പിന്നീട് “ബിഗ് ബാംഗ്” എന്ന് വിളിച്ചു പോരുന്ന ഒരു പൊട്ടിത്തെറിയോടുകൂടി ബ്രഹ്മാണ്ഡമായി വിരിഞ്ഞു. അത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു (expanding universe) എന്നും ആധുനികശാസ്ത്രം പറയുന്നു.

(പാശ്ചാത്യരുടെ പേറ്റന്റ് ശ്വേതകേതുവിന് വേണ്ടാത്തതുകൊണ്ടാവാം, അന്നുപയോഗിച്ച സുക്ഷ്മദർശിനിയുടെയും ലബോറട്ടറിയുടെയും പേരുകൾ എവിടെയും സൂചിപ്പിച്ചു കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ പേറ്റന്റ് ശ്വേതകേതുവിന്റെ കയ്യിലിരിക്കുമായിരുന്നു.)

[“ശരീരത്തിലെ ഓരോ കോശങ്ങൾക്കും അതിന്റെ ധർമ്മങ്ങൾ ഉണ്ട്. ഒരു കോശത്തിന്റെ ഉള്ളിലുള്ള ഭാഗങ്ങൾക്കും അവയുടെ ധർമ്മം ഉണ്ട്. അത് നിർവ്വഹിക്കപ്പെടുന്നത് അതിൽ നിഹിതമായിരിക്കുന്ന അതിന്റെ ബോധമാണ്. ഈ 'ബോധം', വിഭജിച്ചും കൂടിച്ചേർന്നും വളരുന്ന ഓരോ വസ്തുവിലും അതിന്റെ ഓർമ്മയായി നിലനിൽക്കുന്നു. പരമാണുവാദത്തിലായാലും ഓരോ പരമാണുവിനും അതിന്റെ ബോധം, ഓരോ അണുവിനും അതിന്റെ ബോധം, ഒരു അവയവത്തിന് അതിന്റെ കൂട്ടായ ബോധം, അവയവങ്ങൾ ചേർന്ന പുരുഷനു് അവന്റെതായ ബോധം എന്നും നിലനിൽക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ധർമ്മം അനുഷ്ഠിക്കുന്നതിനുള്ള ഓർമ്മ അതിൽ തന്നെ നിലനിൽക്കുന്നുണ്ട്.“]

(ഈ വിഷയത്തിൽ കൂടുതൽ അറിയാൻ 'ഇൻഡ്യാ ഹെരിറ്റേജിൽ'  1 2 - 3 - 4 പോസ്റ്റുകൾ സന്ദർശിക്കുക.  അവിടെ, ഇപ്പോൾ പാർത്ഥനെതിരെ  ദൃശ്യമായ ഗ്രൂപ്പിന്റെ അടിവേരുകൾ  കാണാനാകും.)

കോശദ്രവം പരിശോധിക്കുമ്പോൾ അതിൽ വെറും വെള്ളമല്ല, ചില ധാതുക്കളും ചേർന്നിട്ടുണ്ട് എന്നു കാണാം. പഞ്ചസാര, ചിലതരം കൊഴുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉള്ളതായി ആധുനികശാസ്ത്രം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ കോശവും അതിന്റെ ധർമ്മം എങ്ങിനെ അനുഷ്ഠിക്കുന്നു എന്ന അന്വേഷണത്തിൽ നിന്നുമാണ് കോശത്തിലെ ഓരോ ആന്തരിക ഭാഗങ്ങളുടെയും പ്രവർത്തനം കോശത്തിന്റെ ആകെ പ്രവർത്തനത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ആധുനികശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളത്. അത്രയൊന്നും ആഴത്തിലുള്ള വിശദീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില സൂചനകൾ പൌരാണിക ശാസ്ത്ര പഠനങ്ങളിലും കാണാം.

മഹാവിഷ്ണുവിന്റെ നിറം നീലയാണ്. ആധുനികരുടെ ചാതുർവർണ്ണ്യ വ്യാഖ്യാനങ്ങളിലും നീലനിറം പരാമർശിക്കുന്നില്ല. അതുകൊണ്ട്  വിഷ്ണു വർണ്ണാതീതനാണെന്ന്  മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ആധുനികശാസ്ത്രത്തിന്റെ സൂക്ഷ്മദർശിനികൾ കോശത്തിലെ ന്യൂക്ലിയസ്സിന്റെ നിറം dark എന്നും, grey എന്നും, blue എന്നും പറയുന്നുണ്ട്. 

[കോശത്തിന്റെ നിറം  blue എന്ന്  എഴുതിയത്, ഗൂഗിളിൽ നിന്നും കിട്ടിയ   ചുവടെ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ  അടിക്കുറിപ്പിൽ  microscopic view of  mast cell  എന്ന്  എഴുതിയിരുന്നതുകൊണ്ടാണ്.  അതിൽ ‘സ്റ്റെയിൻ’ ചെയ്തതാണെന്ന് എഴുതിയിട്ടും ഉണ്ടായിരുന്നില്ല.  കൂടുതൽ വായിക്കാതെ  വന്ന ഈ അബദ്ധത്തിന് ഒരു കുറിപ്പ്  ഈ പോസ്റ്റിന്റെ താഴെ  കൊടുക്കുന്നു.]




                   (മാസ്റ്റ് സെല്ലിന്റെ സൂക്ഷ്മദർശിനിയിലൂടെയുള്ള ദൃശ്യം)

പഞ്ചേന്ദ്രിയങ്ങിളിലൂടെ ലഭിക്കുന്ന വിഷയാനുഭവങ്ങളിൽ (ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധം)  നിന്നുള്ള  അറിവിലൂടെയാണ്   ധർമ്മബോധമുള്ള ബുദ്ധി വളർന്നു വരുന്നത്. വിഷയാനുഭവങ്ങളോട് നമ്മൾ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നു. പ്രതികരണത്തിന്റെ അടിസ്ഥാനം ആകർഷണമോ വികർഷണമോ ആയിരിക്കും. ഈ ആകർഷണ വികർഷണം കൊണ്ട് മനസ്സിൽ ഒരു പ്രത്യേക ഓർമ്മയെ നിക്ഷേപിക്കുന്നതിന് സംസ്കാരം എന്നു പറയുന്നു.

ചുറ്റുകളായി കിടക്കുന്ന അഞ്ചു തലയുള്ള (പ്രപഞ്ചാനുഭവങ്ങളുള്ള) അനന്തസർപ്പത്തിന്റെ മെത്തയിലാണ് വിഷ്ണുവിന്റെ ശയനം. ആത്മാവിന്റെ അനന്തമായ പതിനായിരം ജന്മങ്ങളുടെ ഒർമ്മയുടെ കാല്പാടുകൾ കുറിച്ചുവെച്ചിട്ടുള്ളത് ഈ അനന്തമായി കിടക്കുന്ന സർപ്പത്തിലാണെന്ന് ഞാൻ പറയുന്നില്ല. അത് ക്രോമോസോമിനെക്കുറിച്ച് ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പാർത്ഥൻ പൌരാണിക ഉഢായിപ്പിനെ ശാസ്ത്രമാണെന്നു പറയാൻ കാണിക്കുന്ന സൂത്രമാണെന്നു പറയും. വിഷ്ണുവിനെ വിട്ടുപിരിയാൻ അനന്തനാവില്ല എന്ന് അനന്തന്റെ അംശാവതാര കഥകൾ സൂചിപ്പിക്കുന്നുണ്ട്.   (" The DNA molecule may be circular or linear, and can be composed of 10,000 to 1,000,000,000[1] nucleotides in a long chain.")

മഹാവിഷ്ണുസങ്കല്പം ഓർമ്മയെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞതാണ് ആധുനികന്റെ അസഹിഷ്ണുത പുറത്തുവരാൻ കാരണമായത്. ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ‘ഓർമ്മ’യെക്കുറിച്ച് ഒന്നു വിശദീകരിക്കാം.

“പ്രസവിച്ച ഉടനെത്തന്നെ ഏതു ജന്തുവിന്റെയും (സസ്തനിയുടെ) കുഞ്ഞ് അതിന്റെ അമ്മയുടെ മുലച്ചുണ്ട് നുണയുവാൻ തുടങ്ങും. അതുകണ്ടാൽ അപ്രകാരം ചെയ്യാനുള്ള പരിചയം എങ്ങിനെ ഉണ്ടായി എന്നു ചിന്തിക്കാം.   ഇത് കാണിക്കുന്നത് ആത്മാവിന്റെ അമരത്വത്തെയാണെന്ന്, ഭാരതീയ ഋഷിമാർ പറയുന്നു. പൂർവ്വജന്മത്തിലെ അനുഭവംകൊണ്ടാണ് അതിന് ഈ സംസ്കാരം ഉണ്ടായിരിക്കുന്നത്. ഈ പറയുന്നത് ഒരുമാതിരി അന്ധവിശാസമാണെന്ന് ആധുനികർ കരുതിയേക്കാം. “ഒരു ജീവി കടന്നു പോകുന്ന പതിനായിരം ജന്മങ്ങളിലെ ഓർമ്മയുടെ കാല്പാടുകളെയാണ് ഇത് കുറിക്കുന്നതെന്നു ‘ഷ്രോഡിംഗർ’ അഭിപ്രായപ്പെടുന്നു”. ഋഷിമാർ പറഞ്ഞതും ഷ്രോഡിംഗർ പറഞ്ഞതും തമ്മിലുള്ള ശാസ്ത്രഭാഷയുടെ വ്യത്യാസം ഇവിടെ കാണാം. ഷ്രോഡിംഗർ പറയുന്നത്, ജനിതകമായി വന്ന പതിനായിരം ജന്മങ്ങളുടെ ഓർമ്മകളെപ്പറ്റിയാണ്.   ഋഷിമാർ പറയുന്നത്, പതിനായിരം പുനർജന്മങ്ങളിൽ കൂടി കടന്നുപോയ ജീവന്റെ പരിണാമത്തെപ്പറ്റിയാണ്.”


‘നാം അമ്മയിൽനിന്നും വരുന്നത് ഒന്നും എഴുതിയിട്ടില്ലാത്ത ഒരു സ്ലേറ്റ് പോലെയുള്ള മനസ്സോടുകൂ‍ടിയാണെന്നു‘ ‘ജോൺ ലോക്ക്’ അഭിപ്രായപ്പെടുന്നു. ‘യുങ്’ അതിനെ നിശിതമായി ഖണ്ഡിച്ചുകൊണ്ടു പറയുന്നത്, ‘സുഘടിതമായ ഒട്ടനവധി നിർദ്ദേശങ്ങളടങ്ങിയ ഒരു കാരണബോധത്തോടുകൂടിയാണ് ഓരോ കുഞ്ഞും ജനിക്കുന്നതെന്നാണ്‘.

ഇവിടെ ഭാരതീയ പൌരാണികശാസ്ത്രത്തിന്റെയും പാശ്ചാത്ത്യ ശാസ്ത്രത്തിന്റെയും ഇടയിൽ ഒരു ഭിന്നത പ്രകടമാകുന്നുണ്ട്. അനുഭവങ്ങളിൽകൂടി ജനിതകങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതായിട്ടുള്ള DNA, RNA കളുടെ അക്ഷരവൈജാത്യത്തെ, ആധുനികശാസ്ത്രം വംശസംരക്ഷണത്തിനായുള്ള പുത്രോത്പാദനത്തിൽ കൂടിമാത്രം നടക്കുന്ന പാരമ്പര്യവാദമായി എണ്ണുമ്പോൾ, അച്ഛനമ്മമാരുടെ പുനർജന്മമുണ്ടാകുന്നത് സ്വന്തം മക്കളിൽ മാത്രമായി ചുരുങ്ങുന്നു. എന്നാൽ, ഭാരതീയ ബോധശാസ്ത്രത്തിൽ ഒരുവൻ തന്നോടൊപ്പം കൊണ്ടുവരുന്നത് അച്ഛനമ്മമാരുടെ ആകെ ജീവിതത്തിനാധാരമായ ജനിതകങ്ങൾ മാത്രമല്ല, ഒരു ജീവാത്മാവിന്റെ സ്വത്വത്തിൽ വൃദ്ധിപ്രാപിച്ച് സൂക്ഷ്മവത്കരിക്കപ്പെട്ട ലിംഗശരീരത്തിന്റെ (കാരണശരീരം) പുനരാവിഷ്കരണത്തെക്കൂടിയാണ്. പുനർജന്മത്തിന്റെ ഈ രണ്ടു തത്ത്വങ്ങളിൽ ഒന്നിനുമാത്രമെ പ്രസക്തിയുള്ളൂ എന്ന പിടിവാദം അനാവശ്യമാണെന്ന് ജീവിതാനുഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നു. പാരമ്പര്യമായി ലഭിക്കുന്ന സംസ്കാരം പുത്രോല്പാദനത്തിലൂടെമാത്രമെ ഉണ്ടാകുന്നുള്ളൂ എങ്കിൽ ഒരു ശാസ്ത്രജ്ഞനെയോ ഡോക്ടറെയോ സംഗീതജ്ഞനെയോ സമൂഹത്തിന് ആവശ്യമുള്ള അവസരത്തിൽ, ഈ ശാഖയിൽ പ്രാവീണ്യമുള്ള രണ്ടു ജോഡികളെ ചേർത്ത് സന്തതി പരമ്പരയെ സൃഷ്ടിച്ചാൽ, അവരുടെ സന്തതികൾ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും സംഗീതജ്ഞന്മാരും മാത്രമായിത്തീരേണ്ടതല്ലെ.

(ജനിതകത്തെക്കുറിച്ച് അല്പം അടുത്ത പോസ്റ്റിൽ)
-------------------------------------------------------------------------

(പോസ്റ്റിൽ എഴുതിയ അബദ്ധത്തിന് ഒരു വിശദീകരണം)
സെല്ലിന്റെ നിറം സ്റ്റെയിൽ ചെയ്തിട്ടാണ് നമുക്ക് കാണിച്ചു തരുന്നത് എന്ന കാൽ‌വിന്റെ കമന്റിന് നന്ദി പറയുന്നു. സെല്ലിനെക്കുറിച്ച് ഗൂഗിൾ തപ്പിയപ്പോൾ കിട്ടിയ (മുകളിൽ പോസ്റ്റിൽ കൊടുത്തിട്ടുള്ള) ചിത്രത്തിൽ microscopic view of mast cell എന്ന അടിക്കുറിപ്പുണ്ടായിരുന്നു. സ്റ്റെയിൽ ചെയ്ത വിവരം അവിടെ കൊടുത്തിരുന്നില്ല. ഇത് തൊലിയെ സംബന്ധിക്കുന്ന cell ആയതുകൊണ്ട് കൂടുതൽ അന്വേഷിക്കാതെ ഞാൻ വിശ്വസിക്കുകയും ചെയ്തു.


കൃഷ്ണനെ ‘കറുപ്പാ’ എന്നു വിളിക്കാത്തത് അതൊരു സവർണ്ണ നാമമല്ലാത്തതിനാലാവാം. കറുത്ത മേഘത്തിനെ ‘നീലക്കാർമുകിൽ’ എന്നു വിശേഷിപ്പിച്ചത് ഞാനല്ല; നിറത്തെക്കുറിച്ചറിയാവുന്ന ഏതെങ്കിലും കലാകാരനാവണം.


കാൽ‌വിന്റെ കമന്റിനുശേഷം സെല്ലിനെക്കുറിച്ച് ഒന്നുകൂടി നോക്കിയപ്പോൾ, grey എന്നും, dark എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും അങ്ങിനെയാണ് എനിക്ക് മനസ്സിലായത്. തെറ്റുണ്ടെങ്കിൽ ഇതിന്റെ ശാസ്ത്രീയ വശം കൂടുതൽ അറിയാവുന്നവർ തിരുത്തുക.


(ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും)

Sunday, November 28, 2010

ത്രിമൂർത്തികളെ വീണ്ടും സൃഷ്ടിക്കുന്നവർ



    


മുകളിൽ ചേർത്തിട്ടുള്ള കമന്റുകൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. അതിന്റെ ഒരു കൂട്ടായ്മ എന്തെന്നു വച്ചാൽ, എതിർക്കുക; അതിനു കഴിഞ്ഞില്ലെങ്കിൽ വെറുതെയെങ്കിലും കളിയാക്കുക. എന്തിനാണെന്നു ചിന്തിച്ചാൽ, അതിന്റെ അടിവേരുകൾ കിടക്കുന്നത് അങ്ങ് ദൂരെയാണെന്നു കാണാം. അന്ധമായ വിശ്വാസങ്ങളല്ല ഹൈന്ദവ ഈശ്വരവിശ്വാസം എന്ന് പറയുവാൻ ശ്രമിച്ചപ്പോഴാണ് ഈ പ്രതികരണം. ഇതു വേണ്ടെന്നു വെച്ച് ഏതെങ്കിലും ആചരങ്ങളെക്കുറിച്ചോ അമ്പലങ്ങളെക്കുറിച്ചോ എഴുതിയാൽ ഈ പ്രതികരണം വേറെ തരത്തിലാവും. ശബരിമലയിൽ പൊന്നമ്പലമേട്ടിലെ ദീപം കത്തിക്കൽ, നിരവധി ഹിന്ദു സംഘടനകളുടെ വിമർശനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ നിർത്തലാക്കാത്തത് എന്നു ചോദിച്ചാൽ വേറെ തരത്തിലാവും മറുപടി. പൂർവ്വകാല ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും വിഴുപ്പുകൾ പേറിയാലും എന്തെല്ലാം അധിക്ഷേപങ്ങൾ ഉണ്ടായാലും ഇന്ന് ഒരു ജനത ‘ഹിന്ദു’ എന്ന ലേബലിൽ ഇവിടെ ജീവിക്കുന്നുണ്ട്. ഇനിയെങ്കിലും അപകർഷതാബോധത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കാൻ ഒരു കൈത്തിരി കൊളുത്താൻ ശ്രമിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല. ഹിന്ദുക്കളുടെ ആത്മീയചിന്തയുടെ തലം ഉയർന്നാൽ അതിന്റെ ദോഷം ഹിന്ദുക്കളുടെ പുരോഹിതന്മാർക്കും മറ്റു ചൂഷകർക്കുമെന്നപോലെ ഹൈന്ദവേതര മതവിശ്വാസികൾക്കും കൂടിയാണ്.

(അല്പം ചരിത്രം)

ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ വൈദികരും ഭരണകർത്താക്കളും ചേർന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും നടന്നിരുന്ന ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചരിത്ര വസ്തുതയാണ്. അതിനുശേഷം നീണ്ടകാലത്തെ വിദേശാ‍ധിപത്യത്തിന്റെ ഫലമായി ആത്മീയമായും സാമൂഹികമായും വളരെയധികം പിന്നിലായിരിക്കുന്നത് ഇന്നത്തെ ഭാരതത്തിലെ ‘ഹിന്ദുക്കൾ‘ എന്നു പറയുന്ന അതേ ജനവിഭാഗം തന്നെയാണ്. വിദേശരാജ്യങ്ങളുമായി ഭാരതത്തിന് കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മതത്തിന്റെ അധിനിവേശം ആദ്യമായുണ്ടാകുന്നത് 7-ആം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെയാണ്. അവർ കേരളത്തിൽ വന്ന് കച്ചവടം ചെയ്യുകയും, ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, അടുത്ത ബന്ധുക്കളെ മതം മാറ്റുകയും ചെയ്തു. നമ്മുടെ രാജാക്കന്മാർ അവർക്ക് പള്ളി പണിതുകൊടുക്കുകയും, അങ്ങിനെ നിരുപദ്രവമായ രീതിയിൽ ഇസ്ലാമിൽ ‘മാപ്പിള’മാർ എന്ന നാമധേയത്തൊടുകൂടി ഒരു സമൂഹം മലബാർ ഭാഗത്ത് വളർന്നു വരികയും ചെയ്തു. 8-ആം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ ഖാസിം ‘സിന്ധ്’ (ഇപ്പോൾ പാകിസ്ഥാനിൽ) പിടിച്ചെടുത്തുകൊണ്ടാണ് ആദ്യമായി അധികാരം സ്ഥാപിക്കുന്ന അധിനിവേശത്തിന് തുടക്കമിട്ടത്. 10-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയും, 12-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗോറിയും ആടക്കമുള്ളവരുടെ നിരവധി ആക്രമണത്തിന് ഭാരതം സാക്ഷിയായി. 16-ആം നൂറ്റാണ്ടിൽ (1526ൽ) ഡൽഹി പിടിച്ചടക്കിക്കൊണ്ട് ബാബർ മുഗൾ സാമ്രാജ്യത്തിന്റെ തറക്കല്ലിട്ടു. (ഇത് വടക്കുനിന്നുള്ള ആക്രമണം).

1498ൽ വാസ്കോഡഗാമ കോഴിക്കോട് എത്തുകയും, സാമൂതിരിയുമായുള്ള ഉടമ്പടിപ്രകാരം കച്ചവടത്തിനായി സ്ഥലം കൊടുക്കുകയും ചെയ്തു. ഭാരതീയന്റെ ക്ഷമയെ ചൂഷണം ചെയ്ത് 1510 ൽ ഗോവ പിടിച്ചടക്കുകയും അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്തു. 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ കോളനികൾ സ്ഥാപിച്ചു. അതിനുശേഷം 1608ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും, 1615ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തിക്കാൻ മുഗൾ രാജാവായ ജഹാംഗീർ അനുമതി നൽകുകയും ചെയ്തു. ഇന്ത്യയിൽ മുഴുവൻ കമ്പനി തുടങ്ങി അധികാരം കയ്യിലൊതുക്കി. 1777ൽ മറാത്താ യുദ്ധത്തിൽ തന്ത്രപൂർവ്വം ബ്രിട്ടീഷുകാർ പങ്കെടുത്തതു മുതൽ പിന്നീട് എല്ലാ സാമ്രാജ്യങ്ങളും അവരുടെ അധീനതയിലായി.

12 നൂറ്റാണ്ടിന്റെ വിദേശാ‍ധിപത്യം കൊണ്ട് ലോകത്തിലെ പ്രബലമായ രണ്ടു മതങ്ങൾക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയായിരുന്നു ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഇവിടത്തെ ജനങ്ങൾ ചെയ്തുകൊണ്ടിരുന്നത്. ഈ വിദേശാധിപത്യത്തിനിടയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഹിന്ദു മഹാരാ‍ജാക്കന്മാർ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. എങ്കിലും ചരിത്രം എടുത്തുനോക്കിയാൽ കാണുന്നത്, ‘സവർണ്ണരാജാക്കന്മാർ‘ കൊണ്ടാടിയിരുന്ന ചാതുർവർണ്ണ്യവും ജാതിവ്യവസ്ഥയും മൂലം അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്.   കൂടാതെ, വിദേശാധിപത്യങ്ങൾ ഭാരതത്തിൽ ചെയ്ത ക്രൂരതകളെ മറയ്ക്കാനായി നേട്ടങ്ങളുടെ ചരിത്രങ്ങൾ എത്രവേണമെങ്കിലും ലഭ്യവുമാണ്.


ത്രിമൂർത്തികൾ സങ്കല്പങ്ങളാണെന്നു പറഞ്ഞപ്പോഴാണ് ആധുനിക ചിന്തകന്മാരുടെ അസഹിഷ്ണുത വെളിയിൽ വന്നത്. അവർ കേട്ടിട്ടുള്ളതും സ്വയംകൃതവുമായ കഥകൾ പൊടിപ്പും തൊങ്ങലും കൂട്ടി പ്രചരിപ്പിക്കുമ്പോൾ മാത്രമെ ഹിന്ദുത്വത്തിനെ ഇകഴ്ത്താനും പാർത്ഥനെ കളിയാക്കാനുമുള്ള വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയുകയുള്ളൂ. പാടിപ്പതിഞ്ഞ ശീലം മാറ്റാൻ കഴിയാത്തതുകൊണ്ടാകാം മാറ്റി ചിന്തിക്കാനുള്ള അവസരം കാണാതെപോകുന്നത്. ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ബോധം നിലനിർത്തിയാലെ വിമർശിക്കാനും ലേഖനം എഴുതാനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ. കലക്കവെള്ളത്തിൽ നിന്നും കിട്ടുന്ന വിഭവത്തിന് മാ‍ർക്കറ്റ് കിട്ടുന്നതും ഒരു കാരണമായിരിക്കാം. ഇക്കൂട്ടരെല്ലാം അവശവിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പുരോഗമനാശയങ്ങളുമായിട്ടാണ് വരുന്നതെന്നു തോന്നും ഇവരുടെ കമൻന്ുകൾ വായിച്ചാൽ . പക്ഷെ ആശയങ്ങൾ ഒന്നും കാണാറില്ല.

ഇതിനെക്കാൾ നല്ലത് മുസ്ലീം പ്രചാരകരാണ് എന്നു തോന്നുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളായ “ഹൈന്ദവത ധർമ്മവും ദർശനവും“ – എം.എം.അക്ബർ, “ദേവദർശനം“ – ശിഹാബുദ്ദീൻ ആരാബ്രം, “ബ്രഹ്മസൂത്രം ദ്വൈതമോ അദ്ദ്വൈതമോ” – എൻ.എം.ഹുസ്സൈൻ എന്നീ ബൃഹത്തായ കൃതികൾ ഹിന്ദുക്കളെ നേർവഴിക്ക് നയിക്കാനല്ലാതെ വേറെന്തിനാണ്. ഹൈന്ദവ വിശ്വാസികളായ പുരോഗമനക്കാർ കാണേണ്ടതുതന്നെയാണ് ഈ സംരഭം. പൌരാണിക കഥകളിലെ നവീന വ്യാഖ്യാനങ്ങളിലൂടെ കലക്കി ചാടിക്കുന്ന മീനുകൾക്കുള്ള വലകളാണ് മുകളിൽ സൂചിപ്പിച്ച കൃതികൾ. അവർക്കുവേണ്ടി വിടുപണി ചെയ്യുന്ന ആധുനിക വ്യാഖ്യാതാക്കൾ എന്റെ ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ കോരിത്തരിക്കുന്നു.

വ്യക്തിപരമായ കളിയാക്കൽ മാറ്റിവെച്ച്, ലേഖനത്തിനെ കളിയാക്കിയവർക്ക് അവരുടെ ശരികൾ എന്താണെന്ന് പറയാനുള്ള ധാർമ്മികമായ ഉത്തരവാദിത്ത്വമുണ്ട്. വിഷ്ണു ഓർമ്മയല്ല, ശിവൻ ലയമല്ല എന്നൊക്കെ പറയുന്നവർ അവർക്ക് കൂടുതൽ ശരിയെന്ന് തോന്നുന്ന ഭാഷ്യം എന്തെന്ന് വ്യക്തമാ‍ക്കുന്നില്ല. അത് വ്യക്തമാക്കിയാൽ യുക്തിഭദ്രമല്ലാത്ത അവരുടെ യുക്തിവാദത്തിന് നിലനില്പില്ലാതാകുമോ?

Thursday, November 25, 2010

വെളുത്ത വസ്ത്രം ധരിച്ച വിഷ്ണു.



ത്രിമൂർത്തീസങ്കല്പത്തെക്കുറിച്ച് ഞാൻ എഴുതിയ വിശദീകരണങ്ങൾ ഹൈന്ദവ വിശ്വസങ്ങൾക്കെതിരാണെന്നും പറഞ്ഞ് ഉടൻ തന്നെ ഒരു ഹിന്ദു-സംരക്ഷകൻ അതിനെതിരായി ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : “ആര്യൻ ഗോത്രങ്ങളിൽ ഒന്നായിരുന്ന വിഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്”. അങ്ങനെ വിശ്വസിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഞാൻ ആ പോസ്റ്റിൽ വ്യത്യസ്തമായ ഒരു വ്യാഖ്യാനം ആണ് പറഞ്ഞത്; വിഷ്ണു സഹസ്രനാമം വിശദീകരിക്കലായിരുന്നില്ല ഉദ്ദേശം. എന്റെ പോസ്റ്റിൽ ശുക്ലം എന്നും വിഷ്ണു എന്നും കണ്ടപ്പോൾ, “ശുക്ലാംബരധരം വിഷ്ണും” എന്നു പറയുന്നത് ഇതാണല്ലെ എന്ന ഒരു ചോദ്യം. നീല നിറത്തിലുള്ള മഞ്ഞ വസ്ത്രമുടുത്ത വിഷ്ണുവിനെക്കുറിച്ച് ‘വെള്ളവസ്ത്രമുടുത്ത വിഷ്ണു’ എന്ന് അനാര്യന്റെ വിശദീകരണവും വന്നു. കൂടാതെ, സായ്കൃഷ്ണന്റെ ഇംഗ്ലീഷ് പരിഭാഷയും.

Shuklam means White.
"shuklambaradharam vishnum
Shashivarnam chaturbhujam
Prasanna vadanamdhyayet
Sarva vighnopashantaye"

meaning,

Attired in white and all-pervading,
O moon-hued, four-shouldered One
with smiling face so pleasing,
upon You we meditate
for removing all obstacles.

ഇതൊന്നും ഞാൻ ഉദ്ദേശിച്ചതല്ല, എന്നു മാത്രമല്ല ഇതൊന്നുമല്ല ഈ വിശദീകരണത്തിനു പിന്നിൽ ഉള്ളത് എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

എന്തുകാര്യം തുടങ്ങുമ്പോഴും അതിന്റെ ഒരു തുടക്കം എന്ന നിലയിൽ ഒരു പ്രാർത്ഥന എല്ലാവരും ചൊല്ലാറുണ്ട്. അത് ധ്യാനശ്ലോകമാകാം, ഗുരുവന്ദനമാകാം, പതാകവന്ദനമാകാം, അഭിവാദനങ്ങളോ മൌനപ്രാർത്ഥനയോ ആവാം. ഹൈന്ദവ ആചാരങ്ങളിൽ ധ്യാനശ്ലോകങ്ങളാണ് സാധാരണ എല്ലാറ്റിന്റെയും തുടക്കത്തിൽ ഉപയോഗിച്ച് കാണാറുള്ളത്. എല്ലാ വിഘ്നത്തിൽ നിന്നും ഉള്ള മോചനത്തിനുവേണ്ടി വിഘേനേശ്വരനെ പ്രാർത്ഥിക്കുന്നതാണ് കൂടുതലും സ്വീകരിച്ചു വരുന്നത്. അതുകൊണ്ടു തന്നെയാകണം വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കവും വിനായകനെ സ്തുതിച്ചുകൊണ്ടു തന്നെ തുടങ്ങിയത്.



“ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം

പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “



ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).

 കുറച്ചു മുന്നോട്ട് പോയാൽ താഴെ പറയുന്ന വിഷ്ണുവിനെ സ്തുതിക്കുന്ന ശ്ലോകം കാണാം.
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗ‌മ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈക നാഥം.“

ശാന്തമായ ആകാ‍രത്തോടു കൂടിയവനും സർപ്പത്തിന്മേൽ ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങൾക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സർവ്വവ്യാപിയായിരിക്കുന്നവനും മേഘവർണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭർത്താവും താമരയിതൾ പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളിൽ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.

Friday, November 19, 2010

ത്രിമൂർത്തികൾ വീണ്ടും

പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അഖണ്ഡസത്യബോധത്തെ ത്രിമൂർത്തികളിൽ ഒതുക്കാൻ ശ്രമിക്കുന്നതു തന്നെ സാഹസമാണ്. എങ്കിലും ആധുനിക ശാസ്ത്രശാഖ വികസിക്കുന്നതിനും മുമ്പുതന്നെ ഇതിന്റെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. ആധുനികന്റെ കണ്ടുപിടുത്തങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങൾക്ക് മാറ്റം വരുത്തേണ്ട വേദവാക്യങ്ങൾ എല്ലാം തന്നെ തള്ളിക്കളയേണ്ടതാണ്. അത് സനാതനം ആവുകയില്ല. ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ത്രിമൂർത്തികളെക്കുറിച്ച് ബാഹ്യമായി മാത്രം സ്പർശിച്ചുപോയതുകൊണ്ടാവാം ചില ആധുനിക വ്യാഖ്യാതാക്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒന്നുകൂടി വിശദമാക്കാം എന്നു തീരുമാനിച്ചു. പലയിടത്തുനിന്നും വായിച്ച വ്യാഖ്യാനങ്ങൾ എല്ലാം ഇവിടെ ചേർത്തിട്ടുണ്ട്. ആവർത്തന വിരസത ഉണ്ടായിരിക്കും. ഇതെല്ലാം വായിച്ചിട്ടും ഹിന്ദുവിന്റെ അജ്ഞതയെ പരിപോഷിപ്പിക്കാൻ തന്നെയാണ് ആധുനിക ചിന്തകന്മാരുടെ ശ്രമം എങ്കിൽ, നാലു തലയുള്ള ബ്രഹ്മാവിനെയും അനന്തശാ‍യിയായ വിഷ്ണുവിനെയും വീണ്ടും വ്യക്തമാക്കിത്തരുമെന്നു പ്രതീക്ഷിക്കുന്നു. മനുഷ്യനാണല്ലൊ എല്ലാ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്.


ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഗാലക്സിവരെ എല്ലാറ്റിനെയും നിയതമായ മാർഗ്ഗങ്ങളിൽ ഒരിക്കലും വഴിതെറ്റാതെ അതിന്റെ ഭ്രമണപഥങ്ങളിൽ കൂടി നയിച്ചു കൊണ്ടിരിക്കുന്നത് വിശ്വത്തിന്റെ ഊനമില്ലാത്ത ഒരു ഓർമ്മയാണ്. എല്ലാറ്റിനെയും നിലനിർത്തുന്ന ആ ഓർമ്മയെ (അഖണ്ഡസത്യബോധം) വിഷ്ണു എന്നു വിളിക്കാം. വിഷ്ണു ഓർമ്മയുടെ ദേവനാണ്, ശിവൻ മറവിയുടെയും (ലയം).


വ്യാവഹാരികലോകത്തിന്റെ ഘടനയും രചനാവൈശിഷ്ട്യവും പ്രാതിഭാസികമായി തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് കവികൾ കൂടിയായിരുന്ന ഋഷികൾ സംസൃഷ്ടമായ എല്ലാറ്റിന്റെയും പിതാവായി ഒരു പ്രജാപതിയെ സങ്കല്പിക്കുകയുണ്ടായി. നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന മുഖത്തോടുകൂടിയ ബ്രഹ്മദേവൻ സാർവ്വത്രികമായ മനസ്സിന്റെ ആലങ്കാരികമായ ഒരു ഭാവനയാണ്. നാലു വേദങ്ങൾ ആ ബ്രഹ്മദേവന്റെ മുഖങ്ങളിൽ നിന്നും വന്നു എന്നുള്ളത് പുരാണ കഥകളിലുള്ള സങ്കല്പമാണ്. അപ്രകാരം കരുതുന്നത് സഹൃദയനായ ഒരു മനുഷ്യന്റെ സരസതയെന്നു കരുതുന്നതാണ് അന്ധവിശ്വാസമെന്നു പറയുന്നതിനെക്കാൾ നല്ലത്.


(മുഖത്തു നിന്നും ഉത്ഭവിക്കുന്നതും, മുകളിൽ നിന്നും ഇറക്കിക്കൊടുക്കുന്നതും യാഥാർത്ഥ്യമല്ലെന്ന് ഇതെഴുതിയ ഋഷിമാർക്ക് വ്യക്തമായി അറിയാമായിരുന്നു. ആധുനിക വ്യാഖ്യാതാക്കൾ മന്ദബുദ്ധികളായി ജനിക്കുന്നവരായിരിക്കും എന്ന് അവർ കരുതിക്കാണില്ല.)

ഈ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിൽ നിന്നും ഉത്ഭവിച്ചു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പക്ഷെ ഭാരതത്തിലെ “മന്ദബുദ്ധികളായ ഗോത്രവർഗ്ഗക്കാർ“ കുറച്ചുകൂടി സൂക്ഷ്മമായി ഈ സത്യം കണ്ടെത്തിയിട്ടുണ്ട്. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ.      സത്വരജസ്തമസ്സുകളുടെ (ത്രിഗുണങ്ങളുടെ) സാമ്യാവസ്ഥയാണ് ‘അവ്യക്തം‘. രജസ്സിന്റെ ചലനം കൊണ്ട് ഈ ‘അവ്യക്തത‘ നഷ്ടമാവുകയും മൂലപ്രകൃതിയിൽ നിന്നും ഒരു വികൃതിയുണ്ടായി, ബുദ്ധിയും (അറിവ്) അഹങ്കാരവും പഞ്ചതന്മാത്രകളും, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കർമ്മേന്ദ്രിയങ്ങളും, പഞ്ചമഹാഭൂതങ്ങളും ഉരുത്തിരിഞ്ഞുവന്നു.

ഗുണത്രയങ്ങൾ ഒന്നിച്ചിരിക്കുമ്പോഴും അതിൽ ഒരു ഗുണം അധികമായി വർത്തിക്കും. അതിനാൽ ത്രിഗുണങ്ങളെ വീണ്ടും മുമ്മൂന്ന് ഭാഗങ്ങളാക്കി ആകെ ഒമ്പത് ഭാഗങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇതിൽ സത്ത്വത്തിൽ സത്ത്വഗുണം പ്രധാനമാകുമ്പോൾ വിഷ്ണുവും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ ബ്രഹ്മാവും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ രുദ്രനും ഉണ്ടായി എന്ന് സങ്കൽ‌പ്പം.


ചാക്രികമായ പ്രപഞ്ചസൃഷ്ടിയുടെ ഘടനയും രചനാവിലാസവും വ്യവഹാരത്തിൽ കൊണ്ടുവരാൻ ഉതകുന്ന വിജ്ഞാനത്തെയും അനുസ്മരണപ്രക്രിയയെയും ദേവതാരൂപം നൽകി വിഷ്ണു എന്നു വിളിക്കുന്നു. പാൽകടലിൽ സർപ്പത്തെ മെത്തയാക്കി മനുഷ്യരൂപത്തിൽ കിടന്നുറങ്ങുന്ന ചതുർഭുജനായ ഒരു ദേവനാണ് വിഷ്ണു എന്ന് സങ്കല്പിക്കുമ്പോൾ അത് തികച്ചും ബാലിശമായ ഒരു ചിത്രകഥയിലെ സങ്കല്പമായേ ആധുനികന് തോന്നുകയുള്ളൂ. നേരെമറിച്ച് കോടാനുകോടി ജീവരൂപങ്ങളിൽകൂടി കടന്നുപോകുമ്പോഴും, ജീനുകളുടെ സുനിശ്ചിതമായ പൂർവ്വാർജ്ജിതമായ വാസനയെ നിലനിർത്തുന്ന ഓർമ്മയുടെ നിയതസത്യമായ പ്രതീകമായാണ് ആ ദർശനത്തെ മനസ്സിലാക്കേണ്ടത്.       

പ്രപഞ്ചത്തിന്റെ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയപ്പോൾ അത് ബ്രഹ്മാവ് എന്ന നാലു തലയുള്ള പ്രതീകമായി. വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉത്ഭവിച്ച പത്മത്തിൽ ഉദയം ചെയ്തവനാണ് ബ്രഹ്മാവ് എന്നു സങ്കല്പം. തികച്ചും ശാസ്ത്രീയമായ (ആധുനികശാസ്ത്രം അല്ല) ആശയങ്ങളെ ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായമാകുന്നതിനു പകരം, കഥകളായിട്ടേ തോന്നുകയുള്ളൂ. അതുകൊണ്ട് പൌരാണികമായ കാവ്യാലങ്കാരഭാഷകളിൽ ഗൂഢമായിരിക്കുന്ന സത്യങ്ങൾ ശാസ്ത്രഭാഷയിൽ പുനഃപ്രവചനം ചെയ്യേണ്ടിയിരിക്കുന്നു.


ത്രിഗുണങ്ങൾ എങ്ങനെ ത്രിദോഷങ്ങളാകും എന്ന് ആയുർവ്വേദത്തിന്റെ വീക്ഷണത്തിലൂടെ ഇങ്ങനെ പറയുന്നു :- പഞ്ചവായുക്കളിലെ പ്രബലമായ മൂന്നു വായുക്കൾ - വായു, അഗ്നി, ജലം – എന്ന മൂന്നു ഭൂതങ്ങളുടെ സ്വഭാവങ്ങളോടുകൂടി ശ്ലേഷ്മപിത്തവാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി നമ്മുടെ ശരീരത്തിൽ പ്രകാശിക്കുന്നു. ഈ ധാതുക്കളിൽ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികർത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകർത്താവായും, ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം (കഫം) സംഹാരകർത്താവായും പ്രവർത്തിയ്ക്കുന്നു.

ഗുണത്രയത്തെ പ്രകൃതിയുടെ അടിസ്ഥാനപരമായ വസ്തുരചനക്കുള്ള മാതൃകകളായിട്ടാണ് പറഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ ഗുണങ്ങളെ ഗുണങ്ങളെന്നു വിളിക്കേണ്ടത് അവയ്ക്ക്, ജീവന്റെ സമതുലിതയെ നിലനിറുത്തുവാൻ കഴിയുമ്പോഴാണ്. അത് കഴിയാതെ വരുമ്പോൾ അവ ഗുണങ്ങളല്ല, ദോഷങ്ങളാണ്.                  

Tuesday, November 9, 2010

ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?





ഒരു ചർച്ചക്കിടയിൽ ‘ചിന്തകൻ’ എന്ന ബ്ലോഗർ ഒരിക്കൽ എന്നോട് ചോദിച്ചു, “ബ്രഹ്മാവല്ലെങ്കിൽ പിന്നെ ആരാ നിങ്ങളുടെ സ്രഷ്ടാവ്” എന്ന്. അതായത് സെമിറ്റിക് മതങ്ങളിലെ ദൈവത്തെപ്പോലെ ഒരാൾ ഇവിടെയും ഇരുന്ന് സൃഷ്ടി കർമ്മം ചെയ്യണം, എന്നാലേ വേദങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഏകദൈവത്തെ സാക്ഷ്യപ്പെടുത്താൻ അവർക്ക് കഴിയുകയുള്ളൂ. ഇതുതന്നെ വേദാന്തത്തിൽ പറയുന്ന ബ്രഹ്മസങ്കല്പവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ബഹുദൈവവിശ്വാസികൾക്കും പരിഭ്രമം ഉണ്ടാക്കും. അതുവരെ വിശ്വസിച്ചുപോന്നിരുന്ന, നമ്മളെ സൃഷ്ടിക്കുന്ന ബ്രഹ്മാവും, പരിപാലിക്കുന്ന വിഷ്ണുവും, സംഹരിക്കുന്ന/ലയിപ്പിക്കുന്ന ശിവനും ഇല്ലാത്ത ആത്മീയ മണ്ഡലം തന്നെ അവർക്ക് അപരിചിതമാണ്. വിശ്വസിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടായേക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. ഇവിടെ വേദങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ വിമർശിക്കുന്ന ഭൌതികവാദികൾ ഈ ഭയത്തിൽ നിന്നും മോചിതരാകാൻ സാമാന്യ ജനങ്ങൾക്ക് ഒരു നിർദ്ദേശവും കൊടുക്കുന്നുമില്ല.

പാൽക്കടൽ അനങ്ങാതെ കിടക്കാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായി. എന്ത് പാല്, ആരുടെ പാല് എന്നൊന്നും ചോദിക്കരുത്. അനക്കമില്ലാത്തതുകൊണ്ട് പാടകെട്ടി ദുർഗന്ധം ഒഴുകിവരുന്നുണ്ടോ. ദേവാസുരന്മാർ ഒരിക്കൽ കലക്കി വെടിപ്പാക്കിയതിനുശേഷം ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല. പുതിയ അവതാരങ്ങൾ വരാതിരുന്നതുകൊണ്ടാവാം, അനങ്ങാതെ ഒരേ കിടപ്പുതന്നെയാണ്. കുളിക്കാത്തതുകൊണ്ടാവാം പൊക്കിൾകുഴിയിൽ ചളികെട്ടി അതിൽ നിന്നും താമര വളർന്നു വന്നിട്ടുണ്ട്. അതിലാണ് ചതുർമുഖനായ ബ്രഹ്മാവിന്റെ ഇരിപ്പ്.

വൈകുണ്ഠനാഥനായ ശ്രീമൻ നരായണനെ ഒന്നു വൃത്തിയാക്കിയെടുക്കാം. മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത് (വികസിക്കുന്നത്) . പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ്  (വികാസം)  കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്.

Saturday, November 6, 2010

വൈദിക ദേവതകൾ




ദൈവവും ഈശ്വരനും  എങ്ങിനെ  ഉത്ഭവിച്ചു എന്നുള്ള അന്വേഷണം ഇവിടെ നിന്നും തുടങ്ങിയിരുന്നു.  ഇപ്പോൾ വൈദിക ദേവതകളെക്കുറിച്ചും  ഈശ്വരന്റെ തത്ത്വങ്ങൾ, സങ്കല്പങ്ങൾ വിഭൂതികൾ എന്നിവയെക്കുറിച്ചും  എനിക്ക് മനസ്സിലായത് ഇവിടെ പങ്കുവെക്കാൻ ശ്രമിക്കുകയാണ്.

ഹൈന്ദവ ദർശനങ്ങളിൽ  വിവിധ തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ ഉണ്ട്.   മറ്റു സെമിറ്റിക് മതവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും,  ഏകേശ്വര സങ്കല്പവും  വേദങ്ങളിൽ കാണുന്നുണ്ട്.  ദൈവത്തിനെ കണ്ടെത്താനുള്ള  ജ്ഞാനികളുടെ  അന്വേഷണങ്ങളിൽ,  ദ്വൈതദർശനത്തിൽ നിന്നും  ഉയർന്ന്  അദ്വൈതദർശനത്തിൽ  എത്തിനിൽക്കുന്നു;  ഭാരതീയ  ഈശ്വരസങ്കല്പം.   എല്ലാം ഒന്നായിക്കാണാനുള്ള  അറിവ്  സാമാന്യ ജനങ്ങൾക്കില്ലാത്തതുകൊണ്ട്   ഇന്നും   അനേക-മത-ദൈവ  വിശ്വാസം എല്ലായിടത്തും  നിലനിൽക്കുന്നു. 

 മുപ്പത്തുമുക്കോടി  ദൈവങ്ങളുള്ളതിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിട്ടുള്ളത് ത്രിമൂർത്തികൾക്കാണ്.  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരിൽ തന്നെ  ആർക്കാണ് ഏറ്റവും പ്രാധാന്യം  എന്നു ചോദിച്ചാൽ ഒരു ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കും.  മഹേശ്വരനെ സംഹാരശക്തിയായി കാണുമ്പോൾ തന്നെ ശിവന്റെയും പരാശക്തിയുടെയും സങ്കലനത്തിലൂടെയാണ് ജഗത് രൂപീകരണം നടന്നത് എന്ന  തത്ത്വവും നിലനിൽക്കുന്നു. വിശ്വപ്രപഞ്ചത്തിന്റെ മൂലകാരണം ജഡചേതനകളുടെ അന്യോന്യമുള്ള ആശ്ലേഷണമാണ്.  പ്രപഞ്ചത്തിന്റെ മൂലകാരണം ശിവനും, ശക്തിസ്വരൂപിണിയായ ദേവി പ്രപഞ്ചവുമാണ്.  ശിവശക്തി സംയോഗത്താലാണ് ഗജാനനായ ഗണേശന്റെ ജനനം സംഭവിച്ചത്.   ഗജം ജഗത്തിന്റെ വിപര്യയ രൂപവുമാണ്.  ജഗത്തിലെ  ഭൌതികമായ ഐശ്വര്യങ്ങൾ ഒരു  മനുഷ്യനെയും ആത്യന്തികമായി തൃപ്തിപ്പെടുത്തുകയില്ല.  ശിവപ്രാപ്തികൊണ്ടേ തൃപ്തിയടയൂ.  ശിവൻ മംഗളം നൽകുന്ന ശങ്കരനാണ്.”

വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്.  അവർ  8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്.  ബ്രഹദാരണ്യകോപനിഷത്തിൽ  303 എന്നും, 3003 എന്നും (ത്രയശ്ച ത്രീ ശതാ, ത്ര്യശ്ച ത്രീ ച സഹസ്രേതി)  കാണാം.  ചില ഋഗ്വേദസൂക്തങ്ങളിൽ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്നു.  ശതങ്ങൾ, സഹസ്രങ്ങൾ എന്നെല്ലാം പറയുന്നത് അനന്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ  പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന   വിരാട്പുരുഷന്റെ അവയവങ്ങളുടെ  കൃത്യമായ സംഖ്യയാവാൻ സാധ്യതയില്ല.  അങ്ങിനെയായാൽ  വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.

ഇതെല്ലാം സങ്കല്പങ്ങളും തത്ത്വങ്ങളും  ആണെന്നു പറയാൻ ശ്രമിച്ചാൽ, പിന്നെ ആരെല്ലാമാണ് 80 കോടി ജനങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ എന്ന ചോദ്യമായി.  അതുമാത്രമല്ല, അയോദ്ധ്യയിൽ പോയാൽ ദൈവത്തെ  കാണാൻ കഴിയും എന്നുള്ള നിർദ്ദേശം പോലും ഒരു ഹിന്ദു എന്ന് അവകാശപ്പെടുന്ന സുഹൃത്തിൽ നിന്നും വന്നു.  എന്തുകൊണ്ടോ പാൽകടലിൽ പോയി നോക്കാൻ  പറഞ്ഞില്ല.  അതുകൊണ്ട് എന്റെ അന്വേഷണം പാൽകടലിൽ നിന്നാവാം എന്നു തീരുമാനിച്ചു.

(തുടരും)

Monday, October 11, 2010

കാളി തത്ത്വം




ഭാരതത്തിലെ ഈശ്വരസങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.

മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കുന്നു.

ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.   ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

(  ദുർഗ്ഗ എന്ന അമ്മയെക്കുറിച്ച് പഴയ ഒരു പോസ്റ്റ് .)