Wednesday, October 24, 2012

വിദ്യാരംഭവും ഉപനയനവും :



എ.ഡി. പത്താം നൂറ്റാണ്ടിനുശേഷം കേരളത്തിൽ രൂപംകൊണ്ട ക്ഷേത്രകേന്ദ്രിതഗ്രാമവ്യവസ്ഥയിലെ വൈദികവിദ്യാഭ്യാസരീതിയിൽ നിന്നാകാം ഇന്നു കാണുന്ന വിദ്യാരംഭമെന്ന ചടങ്ങിന്റെ ഉല്പത്തി. വിദ്യയുടെ അധിദേവത സരസ്വതിയാണ്.




സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ.

ഇതാണ് വിദ്യാരംഭവുമായി ബന്ധപ്പെട്ട ശ്ലോകം. സരസ്വതീപൂജ, ഗണപതിക്കിരുത്തുക, എഴുത്തിനിരുത്തുക, എന്നിങ്ങനെ പല പേരുകളിലും വിദ്യാരംഭം ആചരിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ഉപനയനമാണ് രൂപഭേദഭാവങ്ങളോടെ വിദ്യാരംഭമായി മാറിയതെന്നും അഭിപ്രായമുണ്ട്.

ആധുനികം എന്നു പറയുന്ന ഈ കാലഘട്ടത്തിൽ ഉപനയനത്തിന്റെയും വിദ്യാരംഭത്തിന്റെയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാധാരണയായി എഴുത്ത് ആരംഭിക്കുന്നത് “ഓം ഹരിഃ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ” എന്ന മന്ത്രം പച്ചരി നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്. അതുപോലെ നാവിൽ സ്വർണ്ണ മോതിരം ഉപയോഗിച്ച് ഹരിശ്രീ എഴുതുന്നതും കാണാറുണ്ട്. ഇത് പലപ്പോഴും കുട്ടികളുടെ നിസ്സഹകരണത്തിനും തുടർന്ന് കരച്ചിലിലും അവസാനിക്കുന്നതാണ് കാണാറുള്ളത്. ഈ ആചാരത്തിന്റെ പിന്നിൽ കേട്ടുകേൾവിയുള്ള ഒരു കഥ മാത്രമെ ഉള്ളൂ. അത് ബുദ്ധിവികാസം ഇല്ലാതിരുന്ന കാളിദാസന് ദേവി വാളുകൊണ്ട് നാവിൽ ഹരിശ്രീ എഴുതി ജ്ഞാനം പകർന്നു എന്നുള്ളതാണ്. അതല്ലാതെ യാതൊരു ശ്രുതിസ്മൃതികളുടെയും ആധികാരികത അവകാശപ്പെടാനില്ല. ഈ ചടങ്ങ് അരോചകമായി അനുഭവപ്പെടുന്ന കുട്ടികളിൽ വിദ്യയോടുള്ള താല്പര്യം കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

‘ വിദ്യാരംഭം’ ഇന്നും ആധുനിക കാലത്ത് നിലനിൽക്കുന്ന ഒരു ആചാരമായിത്തീർന്നത് എപ്രകാരമാണെന്നു പരിശോധിക്കാം. ഗർഭാധാനം, ബാല്യം, കൌമാരം, യൌവനം, വാർദ്ധക്യം, മരണകാലം എന്നീ ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിലെ കാമനകളോടും ചിന്തകളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ടാണ് ഷോഡശസംസ്കാരങ്ങളെന്ന വൈദികാചാരങ്ങളുടെയും അതുപോലെ മറ്റ് ആചാരങ്ങളുടെയും ഉത്ഭവം. ജനി മുതൽ മൃതിവരെ ധർമ്മശാസ്ത്രാനുസൃതമായ ആചാരങ്ങളാ‍ൽ നിയന്ത്രിതമാണ് കേരളീയ ബ്രാഹ്മണന്റെ ജീവിതം. ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, കർണവേധം, ഉപനയനം, വേദാരംഭം, കേശാന്തം, സമാവർത്തനം, വിവാഹം, ഔപാസനാഗ്നിസ്വീകരണം, ത്രേതാഗ്നിസംഗ്രഹം എന്നിവയാണ് ഷോഡശസംസ്കാരങ്ങൾ. ഷോഡശസംസ്കാരത്തിലുൾപ്പെടാത്ത ബ്രാഹ്മണ ചടങ്ങുകൾക്കും ഇതരവിഭാഗങ്ങളിലെ താ‍ദൃശമായ ചടങ്ങുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനവും അപ്രധാനവുമായ നിരവധി ആചാരങ്ങളിൽ ദേശ്യവും ജാതീയവുമായ പ്രഭേദങ്ങളോടെ ആദാനപ്രദാനങ്ങൾ നടന്നതായി കാണാം. ഇപ്രകാരം കേരളീയ ജീവിതമുദ്രകളിൽ വൈദികപാരമ്പര്യത്തിന്റെയും ബ്രാഹ്മണീകരണത്തിന്റെയും സംസ്കൃതീകരണത്തിന്റെയും പ്രഭാവം ധാരമുറിയാതെ നിലനിന്നിരുന്നുവെന്ന് തൊന്നുന്നു. ആചാരങ്ങളിൽ ചിലത് അനാചാരമായി മാറിയതായും അവയ്ക്കെതിരെ ഉയർന്ന ചെറുത്തുനില്പും കേരളീയ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്.

ധർമ്മത്തിൽ തുടങ്ങി മോക്ഷത്തിൽ അവസാനിക്കുന്ന പുരുഷാർത്ഥവും, ബ്രഹ്മചര്യത്തിൽ തുടങ്ങി സന്യാസത്തിൽ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനിൽ തുടങ്ങി ബ്രാഹ്മണ്യത്തിൽ അവസാനിക്കുന്ന വർണ്ണങ്ങളും, കർമ്മയോഗത്തിലാരംഭിച്ച് ജ്ഞാനയോഗത്തിൽ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വതയനുസരിച്ച് ഒരു വഴിപിടിച്ചു . മുന്നോട്ടുപോകുകയേ വേണ്ടൂ. അതിന് അനുഭവജ്ഞരും ധർമ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയ തത്ത്വബോധവും വേണം.

ഗർഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകർമ്മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്ന്യാസം, അന്ത്യേഷ്ടി തുടങ്ങിയ സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിക്കാറുണ്ട്. മുൻ‌പറഞ്ഞ പതിനാറ് ഷോഡശസംസ്കാരങ്ങളെ കൂടാതെ പല ഉപസംസ്കാരങ്ങളും ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. അതുപോലെ യുഗ-കാല-ദേശാവസ്ഥകളനുസരിച്ച് ആചാരങ്ങളിലെ വൈവിധ്യവും പ്രകടമാണ്. വൈദിക സംസ്കാരപദ്ധതിയെ ഹിന്ദുക്കൾക്കെല്ലാവർക്കും ഒരേപോലെ സ്വീകാര്യമായ വിധത്തിൽ മഹർഷി ദയാനന്ദ സരസ്വതി പുർനാവിഷ്കരിച്ചിട്ടുണ്ട്. ഷോഡശസംസ്കാരങ്ങളിൽ തന്നെ ചിലത് പിൽക്കാലത്ത് പ്രായോഗികമല്ലാതെയായിട്ടുണ്ട്. സമുദായഘടന ആകപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് വൈദികസമ്പ്രദായം പലതും പരിഹസിക്കപ്പെട്ടുതുടങ്ങി. എങ്കിലും ചില സംസ്കാരങ്ങൾ ഇപ്പോഴും ചടങ്ങുകളായിട്ടെങ്കിലും ആചരിച്ചു വരുന്നുണ്ട്. ലൌകിക കർമ്മങ്ങൾപോലും വേണ്ടവിധം നടത്തുന്ന ശീലം ഇന്നത്തെ ഹിന്ദുക്കളിൽ വിരളമായിരിക്കുമ്പോൾ, ഇതരമതസ്ഥർ അവരവരുടെ മതബോധകമായ സംസ്കാരങ്ങൾ -ലൌകിക പരിധിയിലാണെങ്കിൽ‌പോലും- കൃത്യമായി ചെയ്യുന്നതാണ് അവരുടെ ശ്രേയസ്സിനും സമുദായ ഐക്യത്തിനും നിദാനമെന്നു കാണാം. വേറൊരു മതത്തിനും ദേശത്തിനും ലഭിച്ചിട്ടില്ലാത്ത ശാസ്ത്രീയമായ മനുഷ്യ ജീവിതാസൂത്രണത്തിന്റെ ജന്മാവകാശികളായിരുന്നിട്ടുകൂടി ഹിന്ദുക്കളുടെ പരാശ്രയഭാവം വിചിത്രം തന്നെ. ഈ മാനസികാടിമത്തം അകറ്റി സ്വയം ശുദ്ധരാവാനും, ധാർമ്മികവും സാന്മാർഗ്ഗികവുമായ മൂല്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഇതരസൂത്രങ്ങളുടെ പിന്നാലെ പരക്കം പായുന്ന ശ്യോച്യാവസ്ഥ മാറാനും ജീവിതസംസ്കാരപദ്ധതി ഓരോ കുടുംബത്തിലും വീണ്ടും ജ്വലിക്കണം.

ഉപനയനസംസ്കാരം:

യജ്ഞോപവീത ( പൂണൂൽ ) ധാരണത്തിനുള്ള സംസ്കാരമാണിത്. കുട്ടിയുടെ മനസ്സിൽ വിഷയവാസനകൾ ഊറുന്നതിനുമുമ്പ് ഈ കർമ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുൻ‌പ് വർണ്ണാശ്രമധർമ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടത്തിൽ ദീർഘായുസ്സുണ്ടായിരുന്നതിനാൽ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളിൽ ഉപനയനം നടത്തിയിരുന്നു. ധർമ്മശാസ്ത്രങ്ങളുടെ കാലധർമ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസ്സു കഴിഞ്ഞാൽ ഈ സംസ്കാരം നടത്താവുന്നതാണ്. എന്നാൽ വർണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂൽ ധാരണം ആർക്കൊക്കെ എന്ന പ്രശ്നത്തേക്കാൾ, ഉപനയനം എല്ലാവർക്കും ആവശ്യമുള്ള കർമ്മമാണെന്ന കാര്യം ഗ്രഹിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും ഉപനയന സംസ്കാരവേളയിൽ പൂണൂലോ പകരം കൈത്തണ്ടിൽ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്ര സങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാർമ്മിക കർമ്മാനുഷ്ഠാനങ്ങൾക്ക് ഒരു കുട്ടിക്കുള്ള അർഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലൻ ബ്രഹ്മചാരിയായിത്തീരുന്നു. വിദ്യാരംഭത്തിന് അഥവാ ജ്ഞാനസമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്കാരം കൊണ്ടാകുന്നു.

ഉപനയനസംസകാരത്തിന് മുൻ‌കൂട്ടി ബാലൻ മൂന്നു ദിവസം അല്ലെങ്കിൽ ഒരു ദിവസമെങ്കിലും പാലും യവവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയ സമയം. ബാലൻ ശൌചസ്നാനാദികൾ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂർവ്വാഭിമുഖമായിരിക്കുമ്പോൾ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലൻ പൂണൂൽ കയ്യിലെടുത്തുകൊണ്ട് ആഹൂതികൾ അർപ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂർവ്വം ആചാര്യനാൽ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി മന്ത്രം ചൊല്ലി ബ്രഹ്മചര്യാവ്രതം കൈക്കൊള്ളുന്നു. (യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്നു ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത എന്നീ ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം.) തുടർന്ന് മറ്റു ആചാരങ്ങൾ തുടരുന്നു. അവസാനം ആചാര്യൻ ശിഷ്യനെ ഒരു പാറമേൽ നിർത്തി, ആശിർവ്വദിക്കുന്ന ഒരു മന്ത്രം ഉരുവിടുന്നു. (അർത്ഥം ഇതാണ്) “ആ പാറപോലെ ഉറപ്പുള്ള ശരീരവും മനശ്ശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു. സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാർഗ്ഗത്തിലേയ്ക്ക് ജാഗരൂകനായിരിക്കുക.”

വിദ്യാരംഭസംസ്കാരം

വേദത്തിൽ വിദ്യാരംഭത്തെത്തന്നെ വേദാരംഭമെന്നും വിവക്ഷിച്ചിട്ടുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൌകികവുമായ വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാക്കുന്ന സംസ്കാരമാണ് വേദാരംഭം. വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരിയയ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേയ്ക്ക് ആനയിക്കുന്നു. ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നടക്കുന്ന യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി (കിഴക്കോട്ട് തിരിഞ്ഞ്) ഇടത്തേ കാൽമുട്ടു മടക്കി ഇരുത്തണം. ഇങ്ങനെയിരുന്ന് കൈകൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു: “അധീഹിഭുഃ സാവിത്രീംഭോ അനുബ്രൂഹി”. (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൃതിയും, സാവിത്രിയും ഇങ്ങനെ യഥാക്രമം മൂന്നും ചേർന്ന പരമാത്മവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും.) അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധനായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പരപ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചര്യജീവിതത്തിന്റെ എല്ലാ ചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

ഇവിടെയൊരിടത്തും നാവിൽ ഹരിശ്രീ കുറിക്കുന്ന ചടങ്ങിനെപ്പറ്റി പറയുന്നില്ല. കാളിദാസനു ലഭിച്ച അനുഗ്രഹ കഥയുടെ അടിസ്ഥാനത്തിലാണെങ്കിൽ എഴുതുന്നത് വാളുകൊണ്ടോ ചുരുങ്ങിയപക്ഷം നാരായം കൊണ്ടെങ്കിലും ആയിരിക്കണം. എല്ലാ കുട്ടികൾക്കും ഒരേ മോതിരം തന്നെയാണോ, അതോ ഓരോരുത്തരും മോതിരവും കോണ്ടാണോ എഴുത്തിനിരുത്താൻ ചെല്ലേണ്ടത് എന്നൊന്നും ആരും ചോദിക്കാറില്ല.

Tuesday, April 24, 2012

വേദവും യജ്ഞവും താപനവും



ലോകം മുഴുവൻ ഏപ്രിൽ 22ന്ഭൌമദിനംആചരിക്കുന്നുപോയ ഒരു വർഷത്തിനുള്ളിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതുംചർച്ചചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു വാക്കാണ്ആഗോള താപനം’.  ആഗോള താപനത്തിന്റെ കാരണങ്ങൾ പലതാണെങ്കിലും  അത്  പ്രസ്താവിക്കുന്നവർ  അതിന്റെ ഉത്തരവാദിത്ത്വം മറ്റുള്ളവരിൽ ആരോപിക്കുന്ന രീതിയിലുള്ള വാർത്തകളും കേൾക്കേണ്ടി വന്നിട്ടുണ്ട്അതിൽ രസകരമായി തോന്നിയിട്ടുള്ളത്ഇന്ത്യയിലെ  കന്നുകാലികളാണ്  ആഗോളതാപനത്തിന് ഒരു കാരണം എന്ന് കേൾക്കേണ്ടി വന്നതാണ്.   രണ്ടാമതായി കേട്ടത്കൂട്ടുകുടുംബരീതിയിൽ നിന്നും അണുകുടുംബങ്ങളായി ജീവിക്കുന്ന  സംസ്കാരം ആഗോള താപനത്തിന് കാരണമായിട്ടുണ്ടെന്നുള്ളതാണ്അതിന് പറയുന്ന കാരണങ്ങൾ കുറെയൊക്കെ ശരിയും ആണ്കൂടുതൽ  കുടുംബങ്ങൾ ഉണ്ടാകുമ്പോൾ അവർക്കുവേണ്ട വീടുകളും  മറ്റു ഉപയോഗ സാധനങ്ങളും ഉണ്ടാക്കാനായി കാടുകൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നുള്ളതാണ്.

അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് ആഗോളതാപനത്തിന് പ്രധാനമായും  കാരണമായിട്ടുള്ളത്സ്വാർത്ഥമോഹികളായ ആധുനിക മനുഷ്യൻ  വരും തലമുറയെക്കുറിച്ച് ഓർക്കാതെ  വ്യാവസായിക പുരോഗതിയും സുഖസൌകര്യങ്ങളും ഒരുക്കുന്നതിനിടയിൽ  പ്രകൃതിയെ  നിശ്ശേഷം  അവഗണിക്കുന്നുപ്രകൃതി അമ്മയാണ്അമ്മയെ നമ്മൾ എത്രകണ്ട് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ അതുപോലെ  പ്രകൃതിയെയും  സംരക്ഷിക്കാൻ നമ്മൾ  കടപ്പെട്ടവരാണ്പ്രകൃതി എന്നു പറയുമ്പോൾ ഭൂമി മാത്രമല്ലനമ്മളെ സംരക്ഷിക്കുന്ന പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും  അതിൽ പെടുന്നു.   ഇതിനുമുമ്പ് എഴുതിയ  ജീവവൃക്ഷംഎന്ന പോസ്റ്റിൽ വൃക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒന്ന്  വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. പ്രപഞ്ചത്തിലെ എന്തെല്ലാം ഘടകങ്ങൾ നമ്മളെ സംരക്ഷിക്കുന്നുണ്ട്നമ്മുടെ നിരുത്തരവാദപരമായ പ്രവർത്തികൾകൊണ്ട് പ്രകൃതിക്ക് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകും, അത് നമ്മുടെ ഭാവി ജീവിതത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നുണ്ട് എന്നൊന്നും ശ്രദ്ധിക്കാൻ  ആധുനികമനുഷ്യന് താല്പര്യമില്ലാതായിരിക്കുന്നുപൌരാണിക കാലത്ത് അതെല്ലാം മനസ്സിലാക്കി പ്രകൃതിയുടെ നിലനില്പിന്ന്  വിരുദ്ധമായ പ്രവർത്തികൾ  ചെയ്യാതെ  ജീവിക്കാൻ  അന്നുള്ളവർ ശ്രദ്ധിച്ചിരുന്നുഅതെല്ലാം ആധുനികന് അന്ധവിശ്വാസത്തിന്റെ  ഭാഗമാണ്അമിത ചൂഷണത്താൽ  അസന്തുലിതമായ, വിഷമയമായ പ്രകൃതിവിഭവങ്ങൾ  ആണ് നമ്മൾ അടുത്ത തലമുറയ്ക്കുവേണ്ടി  കരുതിവെയ്ക്കുന്നത്

ആർഷഭാരതത്തിലെ  ജനങ്ങൾ  പ്രകൃതിയെ എങ്ങിനെ കണ്ടിരുന്നു എന്നുംപൌരാണികശാസ്ത്രം പ്രകൃതിയ്ക്ക് ദോഷം വരാതിരിക്കാൻ എന്തെല്ലാം ചെയ്തിരുന്നു എന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.    ഈ വിഷയത്തിൽ യജുർവേദം എന്തു പറയുന്നു എന്നു നോക്കാം.

[യജുർവേദം  2:1]  ഭാവാർഥം :-  യജ്ഞാദികളനുഷ്ഠിക്കുന്ന മനുഷ്യർ കയ്യിൽ കിട്ടുന്നതെന്തോ അതെടുത്ത് തോന്നുംപടി എന്തെങ്കിലും നിർമിച്ച് അതിൽ തോന്നിയപോലെ  എന്തെങ്കിലും സമർപ്പിച്ചാൽ പോരവേദി കണക്കനുസരിച്ച് നിർമ്മിക്കണം. ഹോമദ്രവ്യത്തെ  ഘൃതാദികളാൽ നനച്ച്   സ്രുവാദി (കോരിക) അർപ്പണോപകരണങ്ങളാൽ നിയതമായി നിശ്ചിത അളവിൽ പ്രീതിയോടുകൂടി ആഹൂതിചെയ്ത് യജ്ഞദേവനെ  സമ്പുഷ്ടനാക്കണംഅപ്പോൾ മാത്രമെ ഭൂമിയിലെ ജലവും വായുവും മണ്ണും ഉപയോഗപ്രദവും വാസയോഗ്യവും ഔഷധാദികൾ സേവനസമർത്ഥവും രോഗനിവാരകവും ആവുകയുള്ളൂആ ശുദ്ധീകരണവും പ്രാണിവർഗരക്ഷയുമാണ് യജ്ഞത്തിന്റെ അഭീഷ്ടംഇങ്ങനെ സംരക്ഷണവും സുഖം നൽകലും മനുഷ്യന്റെ പരമകർത്തവ്യമാണ്അതിനാണ്  മനുഷ്യന് വേദവാണിയെന്ന വിശേഷബുദ്ധിഗമ്യമായ ജ്ഞാനത്തെ പ്രദാനം ചെയ്തിരിക്കുന്നത്.

[യജുർവേദം 2:4] ഭാവാർഥം :-  ജഗത്ത് നമ്മുടെ സൃഷ്ടിയല്ലഒരു ചെറുതുരുമ്പുപോലും നിർമ്മിക്കാൻ നമുക്കാവുകയില്ലഎല്ലാമെല്ലാം കവിയായ സർവദ്രഷ്ടാവായ സ്രഷ്ടാവ് നിയമപൂർവം നിർമിച്ച് സ്വയം ധാരണം ചെയ്തിരിക്കുന്നുമനുഷ്യർക്ക് കർമ്മ സ്വാതന്ത്ര്യമുണ്ട്എന്തും എങ്ങനെയും എപ്പോഴും എവിടെയും ചെയ്യാംഈശ്വരീയ ഉപദേശമനുസരിച്ച് വേദോക്തമായരീതിയിൽ ചെയ്യണംഅപ്പോൾ അവ പ്രയോജനപ്പെടുംതോന്നിയപടി എന്തെങ്കിലുമെല്ലാം ചെയ്യുന്നത് ദുരിതത്തിനേ വഴിവയ്ക്കൂ എന്നറിയണം.  

 [യജുർവേദം 2:5]  ഭാവാർഥം :-  ഈശ്വരോപദേശം മന്ത്രിച്ചു തരുകയാണ് മനനാർഥമുള്ള ഈ വാണിയിൽമനുഷ്യന്റെ നിലനില്പിനു കാരണഭൂതമായ  അഷ്ടവസുക്കൾ (അഗ്നി, പൃഥിവി, വായു, അന്തരീക്ഷം, സൂര്യൻ, പ്രകാശം, ചന്ദ്രൻ, താരാഗണങ്ങൾ എന്നിവ)  പതിനൊന്ന് രുദ്രർ (പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ, നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ജീവാത്മാവ് എന്നിവ)  ആദിത്യർ (പന്ത്രണ്ട് മാസങ്ങൾ) എന്നീ സംജ്ഞകളിലടങ്ങുന്ന ഭൌതികവസ്തുക്കളിൽ നിന്ന് ഏതേത് പ്രയോജനങ്ങൾ കിട്ടുന്നുണ്ടോ അവയെല്ലാം  മനുഷ്യരല്ലാത്ത പ്രാണികളുടെയും പാലനത്തിനായി നിത്യവും സേവനവിധേയമാക്കേണ്ടതുണ്ട്യജ്ഞത്തിനു അർപ്പിക്കുന്നവഹോമദ്രവ്യങ്ങൾ - സൂര്യനെയും വായുവിനെയും പ്രാപിക്കുന്നുഅങ്ങനെ യജ്ഞക്രിയയിലൂടെ വേർപ്പെട്ട വസ്തുക്കളെ സൂര്യനും വായുവും ജഗത്തിലേയ്ക്ക് പുനരാനയിക്കുന്നുഅങ്ങനെ സംശുദ്ധമായി തിരികെ ഭുവനത്തിൽ എത്തിയവ അന്നം, ഔഷധം, വനസ്പതി തുടങ്ങിയവയെ ഉത്പാദിപ്പിക്കുന്നുഅവ ജീവികൾക്ക് നിത്യസുഖം നൽകുന്നുഇക്കാരണത്താൽ സർവമനുഷ്യരും എന്നും യജ്ഞം അനുഷ്ഠിക്കണം.

[യജുർവേദം 2:7]  ഭാവാർഥം :-  (ഈശ്വരോപദേശമാണ്.  തള്ളുകയോ കൊള്ളുകയോ ആകാം.)  യജ്ഞത്തിന്റെ മുഖ്യസാധനം അഗ്നിയാണ്.   അഗ്നിയുടെ ഗമനം മുകളിലേയ്ക്കാണ്.  അഗ്നിയുടെ പ്രവർത്തിയാണ് ജഗത്തിലെ മഹായജ്ഞം.  മനുഷ്യൻ ചെയ്യുന്ന യജ്ഞത്തിനു പരിമിതിയുണ്ട്.  അർപ്പിക്കുന്ന യജ്ഞാഹൂതികളെ ഛിന്നഭിന്നമാക്കി എത്തേണ്ടിടത്തെത്തിക്കണം.  ശരദ്‌ഹേമന്താദി ഋതുക്കളിൽ വിവിധ വസ്തുക്കൾ ജഗത്തിൽ ഉണ്ടാകുന്നു.  വിജ്ഞരാ‍യ മാനവർ ഈശ്വരഹിതമനുസരിച്ച് അവയെ യഥാവിധി അല്പാല്പം ജ്വലിച്ചുയരുന്നതിന് ഉതകും പടി യജ്ഞത്തിൽ അർപ്പിക്കുന്നു.  അവ വിഘടിച്ച് ശീഘ്രഗമനം നടത്തി അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.  ശുദ്ധവും പവിത്രവുമായ ജലവും മണ്ണും വായുവും ഉണ്ടായി വരുന്നു.  അവ സുഖദായകവും ശാന്തിപ്രദവുമാണ്.  ഈ മഹാകാരുണ്യമാണ് ജഗദീശ്വരന്റെ ശ്രേഷ്ഠവരം.

[യജുർവേദം 2:8]  ഭാവാർഥം :-  അഗ്നി യജ്ഞത്തിന്റെ വാസനിലയമാണ്.   ഉത്തമ പദാർഥങ്ങൾ നൽകുന്ന ആശ്രയത്തെ ഞാൻ പ്രാപിച്ച് യജ്ഞസിദ്ധി കൈവരിക്കുന്നുയജ്ഞാഗ്നിയിൽ നിലനിൽക്കുന്ന ആകാശത്തെ നന്നായി അവിടെ നിലകൊള്ളിച്ച് സൂര്യനും വായുവും ധാരണം ചെയ്ത് വൈവിധ്യമാർന്ന കർമങ്ങളിൽ വിനിയോഗിച്ച് ജഗത്തിനെ സന്ധാരണം ചെയ്യുന്നു.   യജ്ഞം കേവലമൊരു പൂജാകർമ്മമോ തന്ത്ര ക്രിയയോ അല്ലശാസ്ത്രീയമായ പ്രാകൃതിക വസ്തുവിനിയോഗത്തിലൂടെ പ്രകൃതിയുടെ ഈശ്വരദത്തമായ സന്തുലനാവസ്ഥ നിലനിർത്താനുള്ള ആധിദൈവിക സൌഖ്യ സമ്പാദനത്തിനുള്ള പരിശ്രമവും കർമ്മവുമാണ്തനും ത്രായതേ (തടി രക്ഷിക്കുന്ന) എന്നർഥം വരുന്ന പദത്തിലെ തൃ ധാതു രക്ഷാർഥകമായി പല പദങ്ങളിലും ഉണ്ട്തന്ത്രം, മന്ത്രം, യന്ത്രം, സത്രം, മിത്രം, തൃപ്തി, ഗാത്രം, മൂത്രം  തുടങ്ങിയ പദങ്ങളെല്ലാം thrive (ത്ര) ചെയ്യിക്കുന്നതെന്നർഥം വരുന്നവയാണ്മോചിപ്പിച്ചാൽ ത്രാണനം ചെയ്യുന്നതാണ് മൂത്രംഅശുദ്ധവസ്തുവായ അത് ജലരൂപേണ അശുദ്ധമായി ശരീരത്തെ (ഗാം) രക്ഷിക്കുന്ന മൂത്രരൂപിയായി വിസർജിതമാകുന്നുഅന്തരീക്ഷത്തിലെ  അശുദ്ധി ഇതുപോലെ നീക്കം ചെയ്യണംആ യജ്ഞത്തിലും മൂത്രനിവാരണത്തിലും രക്ഷയാണ് മുഖ്യ അഭീഷ്ടംപ്രകൃതിയിലെ വസ്തുക്കളുടെ ചക്രരൂപത്തിലെ കറക്കം രക്ഷാപ്രദമാണ്ആ രക്ഷാക്രിയയ്ക്ക് സഹായകമാണ് വിശിഷ്ടവസ്തുക്കളായ ഘൃതൌഷധസുഗന്ധിത മധുരങ്ങളാൽ അനുഷ്ഠിക്കുന്ന യജ്ഞംഈ പ്രകൃതിദത്തവസ്തുക്കളുടെ  സദ്വിനിയോഗമാണ് ഈ മന്ത്രത്തിൽ കരുണാമയൻ  കനിഞ്ഞോതുന്നത്.

 സൂര്യതാപം വർദ്ധിക്കുന്നതിനാൽ ജീവികളെല്ലാം ദുരിതമനുഭവിക്കണംസൂര്യന് ചൂടുകൂടിയെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായംഅണുപരീക്ഷണവുംപലതരത്തിലുമുള്ള സ്പോടനങ്ങളും മറ്റും  നടത്തുന്നതുകൊണ്ട് സൂര്യന്റെ താപം കൂടുന്നുണ്ടാകുമോപ്രകൃതി ചൂഷണത്താൽ ഭൂപ്രകൃതി മാറുന്നതുകൊണ്ടല്ലെ ഈ താപവർദ്ധനയുണ്ടാകുന്നത്?   അണുപരീക്ഷണവും രാസവസ്തുക്കളുടെ ജ്വലിപ്പിക്കലിൽ നിന്നുമുണ്ടാകുന്ന പുകയുമെല്ലാം അന്തരീക്ഷത്തെ അസന്തുലിതമാക്കുമ്പോൾ സൂര്യരശ്മിയുടെ അധികതാപം തടയാൻ അശക്തമാകുന്നുഇതാണ് താപവർദ്ധനവിനെപ്പറ്റി സംക്ഷിപ്തമായി പറയാനാകുന്നത്ഈ ദുരിത നിവാരണത്തിനാണ്  മേധ്യവസ്തുക്കൾ (നെയ്യ്, സുഗന്ധികൾഹോമിച്ചിരുന്നത്ഇന്ന് അമേധ്യവസ്തുക്കളാണ് (ഡീസൽ, രാസവസ്തുക്കൾ) ഹോമിക്കുന്നത്അന്തരീക്ഷം കലുഷിതമാവുകയേയുള്ളൂസൂര്യനെ കുറ്റപ്പെടുത്തിയിട്ടു കാര്യമൊന്നും ഇല്ല.

(കടപ്പാട്ആർഷനാദം വൈദിക മാസിക)




Tuesday, January 10, 2012

ഗന്ധർവ്വൻ



ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന്റെ 72-ആം ജന്മദിനമാണിന്ന് (10-01-2012).  സർവ്വേശ്വരന്റെവിഭൂതി  ലഭിച്ചതിന് ഈശ്വരനോടുള്ള  ആത്മ സമർപ്പണമായി  കൊല്ലൂർ മൂകാംബികയുടെ സന്നിധിയിൽ ഇന്ന്  ഗാനാർച്ചന ചെയ്യുന്നുണ്ട്.

ഭഗവാന്റെ വിഭൂതികളെക്കുറിച്ച് എഴുതിത്തുടങ്ങിയത് പിന്നീട് തുടരാൻ കഴിഞ്ഞില്ല.  ഈ സന്ദർഭത്തിൽ  ഗന്ധർവ്വനെക്കുറിച്ചാകാം എന്നു കരുതുന്നു.   ഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേയ്ക്കും  ഓടി വരുന്നത്  പത്മരാജന്റെഞാൻ ഗന്ധർവ്വൻഎന്ന സിനിമയായിരിക്കും.   ഇന്ദ്രലോകത്തുനിന്നും ശാപം ലഭിച്ച്, അതിന്റെ നിവൃത്തിക്കായി ഭൂമിയിൽ അവതരിച്ച് യുവതികളുമായി രമിക്കാൻ വരുന്ന  രൂപം.

അശ്വത്ഥഃ സർവ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ” (.ഗീ. 10:26)

[ഞാൻ എല്ലാ വൃക്ഷങ്ങളിലുംവച്ച് അരയാലും, ദേവർഷികളിൽ നാരദനും, ഗന്ധർവ്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപിലനെന്ന മുനിയും ആകുന്നു.]
ഗന്ധർവ്വന്മാരെ  ഹാഹാ, ഹൂഹൂ  എന്ന് വിശേഷിപ്പിക്കാറുണ്ട്.  ഇത് മനശാസ്ത്രപരമായ ഒരു സങ്കല്പമാണ്.  ഒരു വസ്തുവിന്റെ ഏറ്റവും സൂക്ഷ്മമായ ഭൌതികരസമാണ്  ഗന്ധം  എന്നു പറയുന്നത്.  സ്ഥൂല വിഷയങ്ങളിൽ  രമിക്കുന്നതിനു പകരം ജീവിതത്തിലെ സൂക്ഷ്മമായ രസങ്ങൾ ആസ്വദിക്കത്തക്കവണ്ണം മനസ്സിന്റെ ലാവണ്യബോധം വളർത്തിയെടുത്തവരെയാണ്ഗന്ധർവ്വന്മാർഎന്നു പറയുന്നത്‌.   രസാനുഭൂതികൊണ്ട് അവർഹാ ഹാഎന്നു പറയുന്നതിനാൽ  ഗന്ധർവ്വന്മാരെ  ഹാഹാ, ഹൂഹൂ  എന്നൊക്കെ പറഞ്ഞു പോരുന്നു.  നമ്മളിലുള്ള ഏറ്റവും ഉയർന്ന സൌന്ദര്യബോധത്തെ ഈശ്വരീയം എന്നു കണക്കാക്കിയാൽ  വളരെ എളുപ്പത്തിൽ  മനസ്സിലാക്കാവുന്നതേയുള്ളൂ.      വിശ്വത്തിൽ എല്ലാം സദാ ചലിച്ചുകൊണ്ടിരിക്കുന്നു.  അതിലെല്ലാം  വൈചിത്ര്യത്തെക്കണ്ട് ഒരു ചിത്രരഥനായി ജീവിക്കുകയാണ് സഹൃദയൻ ചെയ്യുന്നത്.  നമ്മിലെ സഹൃദയനാണ് ചിത്രരഥൻ  എന്ന ഗന്ധർവ്വസങ്കല്പം. 

മനുഷ്യന്റെ ബുദ്ധിശക്തിയുടെയും ഗ്രഹണശക്തിയുടെയും  അടിസ്ഥാനത്തിൽ (I.Q.) മനുഷ്യരെ   മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ട്.  ദേവഗണം, മനുഷ്യഗണം, അസുരഗണം.   ദേവന്മാരും കിന്നരന്മാരും ഗന്ധവർവ്വന്മാരുമെല്ലാം  ആദ്യത്തെ  ദേവഗണത്തിൽ പെടുന്നവരാണ്.  അവർക്ക്  ഏതെങ്കിലും വിഷയത്തിന്റെ  ആദ്യഭാഗമോ, സൂത്രരൂപമോ  കേൾക്കുമ്പോഴേയ്ക്കും  അതിലടങ്ങിയിരിക്കുന്ന  സമ്പൂർണ്ണതത്ത്വം  മുഴുവനും സങ്കല്പിച്ച് മനസ്സിലാക്കാനുള്ള  കഴിവുണ്ടായിരിക്കും.  ധർമ്മക്ഷേത്രേ കുരുക്ഷേത്രേ  എന്നു കേൾക്കുമ്പോഴേയ്ക്കും ഭഗവദ് ഗീതയുടെ സാരാംശം മുഴുവനും മനസ്സിലാക്കാൻ കഴിയും എന്നു ഒരാൾ പറഞ്ഞപ്പോൾ, അയാളൊരു ശാസ്ത്രജ്ഞനാണെന്ന കാരണത്താൽ അദ്ദേഹം ഇപ്പോഴും  പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നുണ്ട്.  വിമർശിക്കുന്ന പണ്ഡിതന്മാർക്ക് സങ്കല്പിക്കാനുള്ള കഴിവില്ലാതെ പോയത്  മഹാഭാരതത്തിന്റെയൊ, ഭഗവദ്ഗീതയുടെയോ  കുറ്റമാണോ? 

സംഗീതത്തിലെ പാണ്ഡിത്യത്തെക്കാൾ  ശബ്ദസൌകുമാര്യം തന്നെയാണ് ആസ്വാദകർക്ക് പ്രിയം.  മനുഷ്യരിൽ യാതൊരുതരത്തിലുള്ള പാറലുമില്ലാത്ത (scratch) ശബ്ദത്തിന്റെ  ഉടമയെ  ഗന്ധർവ്വൻ എന്നു വിളിക്കും.  അല്ലാതെ ഗന്ധർവ്വൻ ആകാശത്തു നിന്നും ഇറങ്ങിവരുന്ന രൂപങ്ങളൊന്നുമല്ല.  പാറലില്ലാത്ത ശബദമാണ് കുയിലിന്റെയും.  അതുകൊണ്ടാണ്  കുയിൽനാദത്തെ  സംഗീതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.  ഭൂമിയിൽ  ജീവിക്കുന്ന  മനുഷ്യരിലുള്ള  പലതരം  കഴിവുകളും അതിന്റെ   ഏറ്റവും  ഉന്നതമായ നിലയിൽ ഉണ്ടാകുമ്പോൾ അതിനെ  ഈശ്വരന്റെ വിഭൂതികളെന്നും വിളിക്കും.

Wednesday, September 21, 2011

അന്ത്യേഷ്ടിയും സമാധിയും



അടുത്തയിടെ അന്തരിച്ച സത്യസായിബാബയുടെ അന്തിമ ചടങ്ങുകൾ വേദവിധിപ്രകാരമാണ് നടന്നത് എന്നു പറയുകയും,  ഭൌതിക ശരീരം സമാധിയിരുത്തുകയുമാണുണ്ടായത്.  സമാധിയിരുത്തൽ  വേദവിധിപ്രകാ‍രം  ചെയ്യുന്ന അന്ത്യകർമ്മമാണോ  എന്നതാണ്  ഇന്നത്തെ വിഷയം.

അതുപോലത്തന്നെ ഒസാമ ബിൻലാദന്റെ  മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കടലിൽ ഒഴുക്കി  സംസ്കരിച്ചു.  ഇതും വിധിപ്രകാരമല്ല എന്നാണ് എന്റെ അഭിപ്രായം.  പ്രാർത്ഥന കർമ്മങ്ങൾ നടത്തിയിരിക്കാം.  ആചാരപ്രകാരവും  അന്ധവിശ്വാസപ്രകാരവും  മുസ്ലീങ്ങളുടെ ഭൌതികശരീരം മണ്ണിനോട് ചേർക്കണം. മണ്ണിൽ നിന്നും ജനിച്ചവനെ മണ്ണിലേക്കുതന്നെ അയക്കുന്നു.  അവിടെക്കിടന്നാൽ മാത്രമെ അന്ത്യദിനത്തിൽ ഉയർത്തെഴുന്നേൽക്കാൻ കുറച്ച് എല്ലെങ്കിലും ബാക്കി ലഭിക്കുകയുള്ളൂ.

നാട്ടിലുള്ള സമയത്ത്  അടുത്ത വീട്ടിലെ ഒരു സ്ത്രീ മരിച്ചതിന്റെ അന്ത്യകർമ്മങ്ങൾ നടക്കുകയായിരുന്നു.  പരിസരത്തുള്ള എല്ലാവരും അവിടെ കൂടിയിരുന്നു.  മൃതദേഹം  സംസ്കരിക്കാൻ (സ്ഫുടം ചെയ്യൽ ആയിരുന്നു) എടുത്തപ്പോൾ  അടുത്ത വീട്ടിലെ മുസ്ലീം സുഹൃത്ത് പറഞ്ഞു; “ഞാൻ പോവുകയാണ്, എനിക്ക്  ഈ ശരീരം തീയിൽ വെയ്ക്കുന്നത് കാണാൻ കഴിയില്ല”.  മണ്ണിട്ടു മൂടുമ്പോൾ തോന്നുന്ന വിഷമം  മാത്രമെ  ഇക്കാര്യത്തിലും മൃതദേഹത്തിന് ഉണ്ടാവുകയുള്ളൂ  എന്നു ഞാൻ മറുപടി പറഞ്ഞു.

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ  അനുഷ്ഠിക്കേണ്ട ചില ആചാരങ്ങൾ ഉണ്ട്.   ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.  ഷോഡശഃ കർമ്മങ്ങൾ  എന്നറിയപ്പെടുന്ന  പതിനാറ് സംസ്കാരവിധികൾ ജീവിതത്തിൽ അനുഷ്ഠിക്കുവാൻ  നമുക്ക് നിയോഗമുണ്ട്.      ഇത്തരത്തിലുള്ള സംസ്കാരത്തിലൂടെയാണ് മാനവൻ സംസ്കാരസമ്പന്നനാകുന്നത്‌. 
മരിച്ചു കഴിഞ്ഞാൽ മൃതദേഹം   സംസ്കരിക്കുന്നതിൽ നമുക്ക്  പലതരം അഭിപ്രായങ്ങളാണ്.  കുട്ടികളായാൽ കുഴിച്ചിടുന്നത് നല്ലത്.  പ്രായമായവരെങ്കിൽ ചിതയിൽ വെയ്ക്കുന്നത് നല്ലത്.   മൂത്തവർ നിൽക്കുമ്പോൾ ഇളയവർ മരിച്ചാൽ   കുഴിച്ചിടണം എന്നാണ് വിധി എന്നുവരെയുള്ള  നാട്ടുപ്രമാണിത്തം കേൾക്കാം.

 മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.  അന്തരീക്ഷവും ഭൂമിയും ദുഷിക്കാതിരിക്കാൻ  ഭസ്മാന്തം ശരീരം എന്ന വേദാനുശാസനം പിന്തുടരുകയാണ് ദുർബുദ്ധിയില്ലാത്തവർക്ക് ചെയ്യുവാൻ വിധിയുള്ളത്.  ജലസമാധി ജലത്തെയും, ഭൂസമാധി ഭൂമിയെയും മലീമസമാക്കും.  വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതറിയണം.  ഹിന്ദുക്കളാണ് എന്നഭിമാനിക്കുന്നവർ വേദത്തെ പ്രമാണമാക്കുകതന്നെവേണം.   വേദാനുസാരമല്ലാത്ത  സമാധിയും സംസ്കരണവും കാരണം ഗംഗയും പ്രയാഗയും കാശിയും യമുനയും പമ്പയും നിളയും വിഷപൂരിതമാക്കുകയാണ്  ചെയ്യുന്നത്.  മറ്റു മതക്കാരുടെ ഗ്രന്ഥങ്ങൾ അവർക്ക് പ്രാമാണികമായതുപോലെ  ഹിന്ദുക്കളും വേദത്തെ പ്രമാണമാക്കണം.  വേദനിന്ദകൻ നാസ്തികനാണ്, എന്ന് സ്മൃതി വചനം ഉണ്ട്.

കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടിവന്നേക്കാം. 

നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി. 

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തി പ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.  ശവ്യം പരേതനുവേണ്ടി ചെയ്യുന്നതല്ല.  ലൌകികനുവേണ്ടിയാണ് അതെല്ലാം ചെയ്യുന്നത്. 

അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

മാടനടിച്ചാലും മരണകാരണം ഹൃദയസ്തംഭനം തന്നെ.  പുല അസ്പൃശ്യതയാണ്.  രക്ഷസ്സുകളാണ് രോഗാണുക്കൾ.  അവ ആക്രമിച്ച് ചോരകുടിക്കാതെ സൂക്ഷിക്കണം.  അതിന് പുല ആചരിക്കുന്നത് നല്ലതാണ്.  പത്തു ദിവസം ശുദ്ധി ആചരിക്കാൻ  സ്മൃതികൾ  പറയുന്നു.   16 ദിവസം  പുലയുള്ളവർ പണ്ട് പടയാളികളും വാല്യക്കാരുമായിരുന്നു. ജോലി ചെയ്യാതിരിക്കാൻ ആറു ദിവസംകൂടി നേടിയെടുത്തതാവാം.  ശാസ്ത്രീയമായി പറഞ്ഞാൽ ഇന്ന് പുല ആചരിക്കേണ്ടതില്ല.  നല്ല അണു-കുമിൾ നാശിനികൾ എല്ലായിടത്തും   ലഭ്യമാണ്.  സുഗന്ധവസ്തുക്കൾ ഉപയോഗിച്ചു  പുകയ്ക്കുമ്പോൾ അന്തരീക്ഷം ശുദ്ധമാകും.  വായുവും  ജലവും ഭൂമിയും ശുദ്ധമായാൽ അഗ്ന്യാകാശങ്ങളും ശുദ്ധമാകും.  അങ്ങനെ പുല ഇല്ലാതെയാകും.  പിന്നെ ആർക്കു പുല.  സുഗന്ധങ്ങളുടെ പുക പുലയകറ്റും.  പിന്നെ അവധി വേണമെങ്കിൽ  പത്തോ, പതിനാറോ, നല്പത്തിയൊന്നോ ദിവസം ബലിയിട്ട് ഉണ്ടിരിക്കാൻ വിരോധമില്ല.  “അമൃതം പരിത്യജ്യ വിഷം പിബന്തി”.  അമൃതം കളഞ്ഞ് വിഷം കുടിക്കുന്ന ലോകമാണ്.   ഇതിൽ കൂടുതൽ എന്തു പറയാൻ.

എന്തുകൊണ്ട്  ഈ ലേഖനം എഴുതി എന്ന് പലരും ചോദിച്ചേയ്ക്കാം.   ഗുരുദേവദർശനങ്ങൾ വായിച്ചതുകൊണ്ടുമാത്രം എന്നേ മറുപടിയുള്ളൂ. കൂടാതെ ഇന്ന്  (കന്നി 5 – സെപ്റ്റംബർ 21)   ഗുരുദേവസമാധിദിനമാണ്. ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരു പറഞ്ഞ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും   വേദാർത്ഥജ്ഞാനവും  അദ്ദേഹത്തിന്  ഉണ്ടായിരുന്നു.


Monday, June 6, 2011

യോഗിയും സിദ്ധനും

സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ പര്യായം എന്ന നിലയിലാണ് സന്ന്യാസിത്വം, ഋഷിത്വം, യോഗിത്വം, ദേവത്വം തുടങ്ങിയ വാക്കുകൾ ഭാരതത്തിന്റെ സംസ്കൃതിയിൽ പ്രയോഗിച്ചിട്ടുള്ളത്. ഒരു മനുഷ്യൻ സമ്പൂർണ്ണനാണെന്നു പറയുമ്പോൾ, മറ്റു പക്ഷിമൃഗാദികളിൽ നിന്നും എന്തു പ്രത്യേകതയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്? ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്. ആധുനിക ശാസ്ത്രവും മനുഷ്യനെ – thinking animal, political animal, tool using animal - ജന്തുക്കളുടെ കൂട്ടത്തിൽ തന്നെയാണ് ചേർത്തിട്ടുള്ളത്. ചില സെമിറ്റിക് മതങ്ങൾ മാത്രമെ മനുഷ്യൻ ദൈവത്തിന്റെ വിശേഷമായ സൃഷ്ടിയാണെന്ന പ്രാധാന്യം കൊടുക്കുന്നുള്ളൂ.


വളരെയധികം ആളുകൾ 'ഭഗവാൻ' എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു. ഈ പ്രപഞ്ചത്തിൽ നശിക്കാത്ത എന്തെങ്കിലും ഉണ്ടോ? കർമ്മം ചെയ്യുന്ന ഏതൊരു വസ്തുവിനും കുറെ കഴിയുമ്പോൾ ക്ഷീണം ഉണ്ടാകും. പിന്നീട് അത് നശിക്കുകയും ചെയ്യും. അങ്ങിനെയാകുമ്പോൾ പ്രവർത്തിക്കുന്നത് ഈശ്വരനാണെങ്കിൽ തന്നെ അത് നശിച്ചുപോകും. പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല എന്ന ബോധത്തോടുകൂടിത്തന്നെ ചില കാര്യങ്ങൾ ഇവിടെ എഴുതിവെയ്ക്കുന്നു.

(ദൈവം, ഈശ്വരൻ എന്നീ സങ്കല്പത്തെക്കുറിച്ച് ഇവിടേയുംസന്ന്യാസിയെക്കുറിച്ച് ഇവിടെയും  ചെറുതായി സൂചിപ്പിച്ചിരുന്നു.)

ഒരു പൂർണ്ണനായ മനുഷ്യന്റെ ജീവിതം, സ്ഥിതപ്രജ്ഞനായ സന്ന്യാസിയിലാണ് നമുക്ക് ദർശിക്കാനാവുക. സുഖദുഃഖങ്ങളിൽ സമചിത്തതയോടെ കഴിയുക എന്നതാണ് ഒരു സന്ന്യാസിയുടെ പ്രത്യേകത. പരിശീലനംകൊണ്ട് ഒരാൾക്ക് ഈ കഴിവുകൾ ആർജ്ജിക്കുവാൻ സാധിക്കും. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നതും, പ്രവർത്തിപ്പിക്കുന്നതും, അനുഭവിപ്പിക്കുന്നതും മനുഷ്യനിലെ ചൈതന്യമാണ്. ഈ ചൈതന്യത്തെ സാക്ഷാത്ക്കരിച്ച് അതിൽ സദാസമയവും മുഴുകിയിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതിനെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു വച്ചാൽ, ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.

വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും വായിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷി / യോഗി എന്നെല്ലാം പറഞ്ഞിരിക്കുന്നത്. അവർ യോഗയുക്തരായി കഴിയുന്നു. അതിന്റെ മറുവശമാണ് ഭോക്തൃപ്രപഞ്ചം - ഭോഗികളുടെ പ്രപഞ്ചം. എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ.”


“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.”


ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇത്രയൊക്കെ സിദ്ധികളുള്ള യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം.
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു.

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം.


Monday, May 30, 2011

വിഭൂതി



‘വിഭൂതി’  ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. വിഭൂതി എന്നാൽ, വിസ്തരിക്കാനുള്ളത്, മായകൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നൊക്കെയാണ് ആദ്ധ്യാത്മികമായ അർത്ഥം. പ്രപഞ്ചത്തെ നാമരൂപങ്ങളാക്കി പെരുപ്പിച്ച് കാണിക്കുന്നത് മായയാണ്. ‘വിഭൂതി’യ്ക്ക് ഐശ്വര്യം, ശക്തി, വലുപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നെല്ലാം അർത്ഥം കാണാം. പക്ഷെ ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾക്ക് ‘വിഭൂതി’ എന്നാൽ കഞ്ഞിവെള്ളത്തിൽ ഭസ്മം കുഴച്ച് ഉണക്കി ഗുളികയാക്കി ചില ദിവ്യന്മാർ ഭക്തന്മാർക്ക് കൊടുക്കുന്ന പൊടി മാത്രമാണ്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ‘വിഭൂതിയോഗം’ എന്താണെന്ന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ഒരു മതത്തിലെ വ്യവസ്ഥാപിതമായ താല്പര്യങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇവിടെ വിഭൂതിവർണ്ണന നടത്തിയിരിക്കുന്നത്. എക്കാലത്തും ലോകത്ത് എവിടെയും മനുഷ്യജാതിക്ക് പ്രിയങ്കരമായിരിക്കുന്ന അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ പരാമർശിക്കുന്നുണ്ട്.

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ.

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.

‘വിഭൂതി’ എന്താണെന്ന് ഒന്നുകൂടി വിശദമാക്കാം. ഒരു വൃക്ഷത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിന്റെ തടികൊണ്ടും, ഇലകൊണ്ടും, പൂവുകൊണ്ടും, ഫലംകൊണ്ടും ഒരു വൃക്ഷത്തെ അറിയുന്നു. അവയെല്ലാം വൃക്ഷത്തിന്റെ വിഭൂതികളാണ്. വൃക്ഷത്തിന്റെ ഈ വിഭൂതികൾ മാത്രമെ നമുക്ക് ഗോചരമായിട്ടുള്ളൂ. ഈശ്വരൻ അഗോചരനാണെങ്കിലും ഈശരന്റെ ഐശ്വര്യാദി അനന്ത കല്യാണഗുണങ്ങളെ നാം പ്രതിനിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന് ശരീരം എങ്ങനെയാണോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത. അതിൽ നമുക്ക് നിത്യപരിചയമുള്ള നിത്യകല്യാണഗുണങ്ങളെ ഇവിടെ വിഭൂതിയായി എടുത്തു പറയുന്നു.

സൃഷ്ടിക്ക് വെളിയിൽ സ്രഷ്ടാവിനെ വച്ചിരിക്കുന്നതിൽക്കൂടിയാണ് മതപരമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും പൌരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളർന്നു പടർന്നു കിടക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിജാലങ്ങളും ഒന്നുതന്നെയാണെന്ന് കരുതുന്നതാണ് കുറെകൂടി ഔചിത്യം എന്നാണ് ശങ്കരാചാര്യരുടെ വീക്ഷണം.

(യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിലെ വിഭൂതിയോഗത്തിൽ നിന്നുള്ള ചില വ്യാഖ്യാനങ്ങൾ ഇവിടെ പകർത്തുന്നു.)

“ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശിഃ” (ഭ.ഗീ. 10:21)

[ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു. പ്രകാശമുള്ളവയിൽ വളരെ രശ്മികളോടുകൂടിയ സൂര്യനാകുന്നു. മരുത്തുക്കളുടെയിടയിൽ മരീചിയും. നക്ഷത്രങ്ങളുടെ ഇടയിൽ (ഞാൻ)ചന്ദ്രനും ആകുന്നു.]
നമ്മുടെ സാധാരണയുള്ള അറിവനുസരിച്ച് ആദിത്യനും രവിയും ഒന്നുതന്നെയാണ്. പക്ഷെ ആദ്ധ്യാത്മിക ചിന്തയിൽ ഇതെല്ലാം വ്യത്യസ്തങ്ങളാണ്. 12 മാസങ്ങൾക്ക് സമമായ 12 സൂര്യന്മാരെപ്പറ്റി പൌരാണികന്മാർ പറഞ്ഞുപോരുന്നു. അവർ, വിഷ്ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാൻ, പൂഷാവ്, സവിതാവ്, മിത്രൻ, വരുണൻ, അംശൻ, ഭഗൻ എന്നിവരാണ്.

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണ് ‘ആദിത്യന്മാർ‘. സപ്തർഷികളിൽ ഒരാളാണ് ‘മരീചി’. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളും ‘മരീചി’യാണ്. കശ്യപന്റെ പിതാവും ഒരു മരീചിയാണ്. അതുപോലെ മരുത്തുക്കൾ ഇന്ദ്രന്റെ കൂടെയുള്ള ഒരു ദേവതാസമൂഹമാണെന്നും കഥകൾ ഉണ്ട്. ഇത്തരം കഥകൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. പൌരാണികമായ പ്രതീകങ്ങളെ ശാസ്ത്രബുദ്ധ്യാ നിരൂപണം ചെയ്ത് മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ആദിരൂപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ അർത്തവത്തായിത്തീരും.

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.

(തുടരും.---)

Thursday, April 21, 2011

എന്തുകൊണ്ട് രാമരാജ്യം.



കേട്ടുകേൾവിയുള്ള കഥകളിലൂടെ തത്ത്വങ്ങളുടെ ആവിഷ്ക്കരണവും സമർത്ഥനവുമാണ് ഇതിഹാസരചനയുടെ ധർമ്മം. ആലങ്കാരിക ഭാഷയിലാണ് ദർശനങ്ങളെല്ലാം എഴുതപ്പെട്ടിട്ടുള്ളത്. പുരാണേതിഹാസങ്ങൾ വേദാന്തപ്രകരണങ്ങളാണെങ്കിലും, കഥാരൂപത്തിലാകയാൽ അതിൽ അന്തർലീനമായിരിക്കുന്ന വേദാന്തരഹസ്യം മനസ്സിലാക്കാൻ കഥയുടെ അന്തരാർത്ഥം അറിഞ്ഞിരിക്കണം. ആചാര്യന്മാർ പലകാലങ്ങളിലായി ഈ രഹസ്യം ജനങ്ങൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

“മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതഃ”
(കാമമോഹിതരായിരിക്കുന്ന ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ കൊന്ന് പെൺപക്ഷിയെ ദുഃഖിപ്പിച്ചതുകൊണ്ട്, അല്ലയോ കാട്ടാളാ നീ നശിച്ചു പോ.)
അധർമ്മത്തിനെതിരെ ലോകത്ത് ആദ്യമായി ഇത്രയും തീവ്രമായി പ്രതികരിച്ചത് ഒരുപക്ഷെ വാല്മീകിയായിരിക്കാം. അത് രേഖപ്പെടുത്തിയത് രാമായണത്തിലും.
രാമായണകാവ്യം രചിക്കാനിടയായ സംഭവത്തെക്കുറിച്ചും ഒരു ഐതിഹ്യം നിലനില്ക്കുന്നുണ്ട്. ഒരിക്കൽ വാല്മീകിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയോട് വാല്മീകി ചോദിച്ചു:
“ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ”
അതിനുള്ള മറുപടിയായി നാരദൻ പറഞ്ഞു ; ‘എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ ഉണ്ടാകുക എന്നത് അസംഭവ്യമാണ്. എന്നാൽ ഏറക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മകൻ രാമനാണ്’. തുടർന്ന് രാമകഥ മുഴുവനും വാൽമീകിക്ക് വിസ്തരിച്ചു കൊടുക്കുകയും ചെയ്തു.

ഒരു ദിവസം തമസാനദിയിൽ സന്ധ്യാവന്ദനത്തിന് പോകുന്ന വാല്മീകി മഹർഷി, ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു വേടൻ അമ്പെയ്തു വീഴ്തുന്നതാണ് കണ്ടത്. ആൺപക്ഷി ചത്തുവീണപ്പോൾ, പെൺപക്ഷി സങ്കടം സഹിക്കാതെ ദയനീയമായി കരയുകയും ചിറകിട്ടടിക്കുകയും ചെയ്തു. ആ സാധു പക്ഷിയുടെ ദയനീയാവസ്ഥ കണ്ട് വാല്മീകി മഹർഷിയുടെ മനസ്സലിഞ്ഞു. അദ്ദേഹം അറിയാതെത്തന്നെ ഏതോ ദിവ്യശക്തിയാൽ പ്രചോതിതനായി ആ കാട്ടാളനെ ശപിക്കുന്ന തരത്തിലുള്ള ഒരു വാക്ക് നാവിൽനിന്നും പുറത്തു വന്നു. അതാണ് മുകളിൽ കൊടുത്തിരിക്കുന്ന ശ്ലോകം.

സന്ധ്യാവന്ദനവും കാട്ടാളനെ ശപിക്കലും കഴിഞ്ഞ് വാല്മീകി ആശ്രമത്തിലെത്തുമ്പോഴേക്കും, വേദസ്വരൂപനായ ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാല്മീകിയുടെ ഈ ആദ്യശ്ലോകത്തിൽ ഒളിഞ്ഞു കിടക്കുന്ന രാമായണസാരത്തെ വിസ്തരിച്ച് ഉപന്യസിക്കാൻ നിർദ്ദേശിച്ച് വാല്മീകിയെ അനുഗ്രഹിച്ച് ബ്രഹ്മദേവൻ അന്തർദ്ധാനം ചെയ്തു. വാല്മീകി, സമാധിയിലൂടെ ലോകസംഗ്രഹത്തിനായി നിലകൊള്ളുന്ന ധർമ്മാനുഷ്ഠാനങ്ങൾ ദർശിച്ച് ശ്രീരാമോദന്തം, ലക്ഷ്മണോപദേശം, യോഗവാസിഷ്ഠം എന്നീ പേരുകളിൽ ഈ ഇതിഹാസകാവ്യത്തിലൂടെ പുറമെക്ക് പ്രകാശിപ്പിച്ചു.

വാല്മീകി നാരദനെയും, ബ്രഹ്മാവിനെയും കാണുന്നുണ്ട് ഈ       സംഭവത്തിൽ.   ‘നാരദൻ‘ എന്നു പറയുന്നത് ഒരു ആശയപ്രതിരൂപമാണ്. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ സാക്ഷിയാക്കി ഒരു കാവ്യം രചിക്കാനുള്ള വാല്മീകിയുടെ ആഗ്രഹം നിറവേറുന്നതിനുള്ള മാർഗ്ഗം ധ്യാനത്തിലൂടെ താനെ തെളിഞ്ഞു വന്നു. ആ ആഗ്രഹം സാധിച്ചതിന്റെ അനുഭൂതിൽ നിന്ന് നാരദനെ കണ്ടതായി ആലങ്കാരികമായി പറയുന്നു. അല്ലാതെ നാരായണ നാരായണ എന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു രസിക്കുന്ന ഹാസ്യകഥാകാരനല്ല നാരദൻ. അതുപോലെ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോഴും വാല്മീകിയുടെ മനസ്സിലെ ആഗ്രഹങ്ങൾ സഫലമായി എന്നാണ് അതിനർത്ഥം. പൌരാണികവും കാവ്യാത്മകവുമായ ഒരു വർണ്ണന മാത്രമാണത്. കാട്ടാളനെ ശപിക്കുന്നതിലൂടെ അതുവരെ ധ്യാനിച്ചുകൊണ്ടിരുന്ന രാമായണകഥയുടെ ആശയത്തിന് ഒരു തുടക്കം കിട്ടി എന്ന സംതൃപ്തി ലഭിച്ചു. നമ്മൾ ഓരോരുത്തരും ഉദ്ദേശിച്ച കാര്യം സഫലമാകുമ്പോൾ പറയുന്നതും ഇതുതന്നെയാണ്; ഈശ്വരൻ പ്രത്യക്ഷപ്പെട്ട് എല്ലാം സാധിച്ചു തന്നു.

ലോക ജീവിതത്തിൽ ഓരോരുത്തരും എങ്ങിനെയെല്ലാം പെരുമാറണം, എങ്ങിനെയെല്ലാം പ്രവർത്തിച്ചാൽ ശ്രേയസ്സുണ്ടാകും എന്നു തുടങ്ങി ഒരു രാജാവ് എന്തെല്ലാം അനുഷ്ഠിക്കണം, എന്തെല്ലാമാണ് ഒരു രാജാവിന്റെ കർത്തവ്യങ്ങൾ എന്നുള്ള ദാർശനികമായ തത്വങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്ന ഒരു ഗ്രന്ഥമാണ് രാമായണം. ലൌകികജീവിതത്തിലെ കർത്തവ്യങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് മറ്റു പുരാണേതിഹാസങ്ങളുടെയും ഉദ്ദേശം. ജനങ്ങളുടെ ഇടയിലുള്ള വ്യക്തിബന്ധങ്ങൾ - ജ്യേഷ്ഠനും അനുജനും, അച്ഛനും മകനും, അമ്മയും മകനും, ഭാര്യയും ഭർത്താവും, തമ്മിൽ എങ്ങനെയെല്ലാം പെരുമാറണമെന്ന് രാമായണകാവ്യത്തിൽ വ്യക്തമായി ഉപന്യസിച്ചിട്ടുണ്ട്. ആരുടെയെല്ലാം അപരാധത്തെ പൊറുക്കണം, ആരോടെല്ലാം പ്രതികാരം ചെയ്യണം, ബന്ധുവാര് ശത്രുവാര് എന്നെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

രാമനും ലക്ഷ്മണനും, ബാലിയും സുഗ്രീവനും, രാവണനും വിഭീഷണനും സഹോദരന്മാരാണ്. ഇതിൽ ആരുടെ സാഹോദര്യമാണ് ഐശ്വര്യപൂർണ്ണമായ ജീവിതത്തിന് സ്വീകരിക്കേണ്ടത് എന്ന് ആർക്കും ഉപദേശിച്ചുകൊടുക്കേണ്ട ആവശ്യം പോലും വരുന്നില്ല. സ്വന്തം മകനോടുള്ള കൈകേയിയുടെ സ്നേഹവും സ്വാർത്ഥതയും കാരണം, രാമന്റെ രാജ്യാധികാരം സൂത്രത്തിൽ തട്ടിയെടുത്ത് ഭരതനെ രാജാവായി വാഴിച്ചു. ഒരാൾക്ക് ഒന്നിലധികം ഭാര്യമാരിൽ മക്കളുണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് വ്യക്തമായിത്തന്നെ രാമന്റെ ഏകഭാര്യാവ്രതത്തെ വളരെയധികം പുകർകഴ്ത്തുന്നുണ്ട്. സീതയെ തട്ടിക്കൊണ്ടുപോയപ്പോഴും, ഉപേക്ഷിച്ചപ്പോഴും രാമൻ ബ്രഹ്മചാരിയായി ജീവിച്ചു. സീതയും അതുപോലത്തന്നെ രാമനിൽ മനസ്സുറപ്പിച്ച് ജീവിച്ചു. ‘താര’ സുഗ്രീവന്റെ ഭാര്യയായും, ബാലിയുടെ ഭാര്യയായും, എന്തിന് ബാലി മരിച്ചപ്പോൾ പൊട്ടിത്തെറിച്ച താര, പിറ്റെദിവസം മുതൽ വീണ്ടും സുഗ്രീവന്റെ ഭാര്യയായും ജീവിക്കുന്നതിലെ ചാപല്യം സീതയെ ഒട്ടും ബാധിക്കുന്നില്ല. രാമനും സുഗ്രീവനുമായുള്ള ഉടമ്പടിയിൽ, ബാലിയെക്കൊന്ന് സുഗ്രീവൻ വീണ്ടും രാജാവായപ്പോൾ, മദ്യത്തിലും അന്തപ്പുരത്തിലെ ഭാര്യമാരുമായുള്ള ആനന്ദത്തിലും മുഴുകി, രാമനോടുള്ള കടപ്പാട് മറന്നു പോകുന്നു. ഹനുമാനാണെങ്കിൽ സീതാദേവിയെ വീണ്ടെടുത്തതിനുശേഷമെ വിശ്രമമുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയുമാണ്. രാവണന്റെ സഹതാപം നേടാൻ, രാമനോടുള്ള വിവാഹാഭ്യർത്ഥനയാണ് തന്റെ മൂക്കും ചെവിയും മുറിയാൻ കാരണമായതെന്ന വസ്തുത മറച്ചു വെച്ച്, ലോകത്തിലെ ഏറ്റവും സുന്ദരിയായ സീതയെ നിനക്കുവേണ്ടി പിടിച്ചു കൊണ്ടുപോരാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് നുണ പറയുന്ന സഹോദരി-ശൂർപ്പണക. മൂന്നു ലോകങ്ങളിൽ നിന്നും സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുമ്പോഴും സീതയുടെ കാര്യത്തിലല്ലാതെ ഒരിക്കൽ പോലും എതിരഭിപ്രായം പറയാത്ത രാവണന്റെ ഭാര്യ- മണ്ഡോദരി. സ്ത്രീക്ക് മറ്റൊരു സ്ത്രീ തന്നെ ശത്രുവാകുന്ന അധാർമ്മികപ്രവർത്തികളുടെ നേർക്കാഴ്ചകൾ ഇവിടെ കാണാനാകും.

ഒരു രാജാവ് നിർമമനായി എങ്ങനെ രാജ്യം ഭരിക്കണം എന്ന് നമുക്ക് കാണിച്ചു തരികയാണ് രാമായണവും മഹാഭാരതവും. ശ്രീരാമന്റെ സത്യനിഷ്ഠ, പ്രജാപരിപാലനം, ഏകപത്നീവ്രതം എന്നിവയിലൂടെ ഒരു ഉത്തമ പുരുഷനെ  ചിത്രീകരിക്കുകയാണ്  വാൽമീകി ചെയ്യുന്നത്പൌരാണികകാലത്ത് ‘ഭരണം’ എന്ന വാക്ക് ഉണ്ടായിരുന്നില്ല. രാജാവ് പ്രജാസംരക്ഷകനാണ്- പ്രജാപതി. പ്രജകളെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കുക എന്നതാണ് രാജാവിന്റെ പ്രധാന ധർമ്മം. ഭരണാധിപൻ ഇച്ഛാദ്വേഷങ്ങളില്ലാതെ കർമ്മം ചെയ്യണം. സ്വന്തമായ ഒരു വസ്തുവിലും (പുത്രൻ, മിത്രം, ധനം, അധികാരം) സംഗം ഇല്ലാതെ എന്തിനെയും എപ്പോൾ വേണമെങ്കിലും ത്യജിക്കാനുള്ള കഴിവ് ആണ് ജ്ഞാനിയായ ഒരു ഭരണാധിപന് ഉണ്ടായിരിക്കേണ്ടത്. അവിടെ മമതാബന്ധം പാടില്ല.

ഒരു പ്രത്യേക സാഹചര്യത്തിൽ ഭരതനെ രാജാവാക്കാനും ശ്രീരാമനെ 14 വർഷം കാട്ടിൽ അയയ്ക്കാനും ഉത്തരവിടുകയായിരുന്നു, ശ്രീരാമന്റെ പട്ടാഭിഷേകം തീരുമാനിച്ച ദിവസം കാലത്ത് ദശരഥൻ ചെയ്തത്. ശ്രീരാമൻ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അച്ഛനെ അനുസരിക്കുക മാത്രം ചെയ്തു. ഭരതനാകട്ടെ അവിഹിതമായി കിട്ടിയ രാജസിംഹാസനം സ്വീകരിച്ചില്ല. ദശരഥന്റെ മരണശേഷം എല്ലാവരുടെയും നിർബ്ബന്ധപ്രകാരം ശ്രിരാമന്റെ പകരക്കാരനായി അയോധ്യക്ക് പുറത്ത് നന്ദിഗ്രാമിൽ ഇരുന്നു ഭരണം നടത്തുക മാത്രമാണ് ഭരതൻ ചെയ്തത്. വനവാസവും രാവണവധവും കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ ഭരതൻ അധികാര കസേരയിൽ ഇരിക്കാതെ രാമന്റെ പകരക്കാരനായിമാത്രം രാജ്യം ഭരിച്ചു.

ഇന്നത്തെ ജനാധിപത്യ രാജ്യത്തിലെ ഏത് ഭരണകർത്താവാണ് തനിക്ക് അർഹതയില്ലാത്ത അധികാരത്തിനെ വേണ്ടെന്നു വെയ്ക്കുക. നമ്മുടെതല്ലാത്ത ഒന്നും മറ്റുള്ളവരിൽ നിന്നും സ്വീകരിക്കരുത്. അർഹതപ്പെട്ടതല്ലാത്തതിനെ നിഷേധിക്കുന്നത് അഹങ്കാരമല്ല, ധാർമ്മിക പ്രവർത്തിയാണ്. പുരാണങ്ങളിലെ ധർമ്മിഷ്ഠരായ രാജാക്കന്മാർ രാജാധികാരത്തെ എങ്ങിനെ സമീപിച്ചിരുന്നു എന്ന് നോക്കാം. ദുഷ്യന്തന്റെ മകൻ ഭരതന്റെ പേരിലാണ് ഇന്ന് ‘ഭാരതം’ അറിയപ്പെടുന്നത്. രാജാവാകാൻ യോഗ്യതയുള്ള ആരും തന്റെ ഒമ്പത് മക്കളിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതിനുശേഷം ‘ഭരദ്വാജ് ‘നെ ദത്തെടുത്ത് അടുത്ത അവകാശിയക്കുകയായിരുന്നു. ഭരദ്വാജിന്റെ മകൻ ‘ഹസ്തി’ ആണ് ഹസ്തിനപുരം ഭരണകേന്ദ്രമാക്കിയത്. അവിടന്നും കുറെ തലമുറകൾ കഴിഞ്ഞതിനുശേഷമാണ് ‘ശാന്തനു’ വരുന്നത്. ശാന്തനുവിന്റെ ജ്യേഷ്ഠൻ ‘ദേവപി’ യുടെ അംഗലക്ഷണങ്ങളിൽ, ശരീരത്തിൽ അശുഭകരമായ ഒരു വെളുത്ത അടയാളം ഉള്ളതുകൊണ്ട് സ്വയം അധികാരം ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യാൻ പോയതുകൊണ്ടാണ് ശാന്തനുവിന് ഹസ്തിനപുരത്തിന്റെ രാജാവാകാൻ കഴിഞ്ഞത്. ശാന്തനുവിന്റെ മകൻ ഗംഗാദത്തൻ രാജാധികാരം ഉപേക്ഷിച്ച് ഭീഷ്മശപഥം ചെയ്തങ്കിലും, അധർമ്മത്തോട് ജന്മനാലുള്ള ആഭിമുഖ്യം കൊട്ടാരത്തിലെ സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് രാജ്യം വിട്ടുപോകാൻ മനസ്സനുവദിച്ചില്ല. മഹാഭാരതകാലം മുതൽ അധികാരമോഹവും ധർമ്മച്യുതിയും ഭാരതത്തിൽ വളർന്നു വരുന്നതായി നമുക്ക് ദർശിക്കാവുന്നതാണ്. ധർമ്മം നിലനിർത്താൻ അർജ്ജുനനെ അടിസ്ഥാനമാക്കി സ്വാർത്ഥമോഹികളല്ലാത്ത കർമ്മശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഭഗവദ്ഗീതയിലൂടെ വ്യാസൻ ശ്രമിക്കുന്നുണ്ട്.

മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണന്റെ കഴിവുകൾ വിവരണാധീതമാണ്. ചെറുപ്പത്തിൽ തന്നെ, തന്റെ ജ്യേഷ്ഠൻ വൈശ്രവണന്റെ ആഢംബരങ്ങൾ കണ്ട്, എനിക്കും ഇതെല്ലാം സ്വന്തമാക്കണം എന്ന മോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ആളാണ് രാവണൻ. വേദപഠനവും തപസ്സുചെയ്ത് വരങ്ങളും നേടിയതിനുശേഷം, വൈശ്രവണന്റെ കൊട്ടാരം പിടിച്ചെടുക്കാൻ പടനയിക്കുകയാണ് രാവണൻ ആദ്യം ചെയ്തത്. സാത്വികനായ വൈശ്രവണൻ യുദ്ധത്തിന് നില്ക്കാതെ എല്ലാം ഉപേക്ഷിച്ച് കൈലാസത്തിൽ ചെന്ന് താമസിച്ചു. ലോകത്തുള്ള സകല വസ്തുക്കളും സ്വന്തമാക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നതായിരുന്നു രാവണന്റെ ഏറ്റവും വലിയ വിനോദം. കൂടാതെ എവിടെയെല്ലാം സുന്ദരികളായ സ്ത്രീകളുണ്ടോ അവരെയെല്ലാം പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. സീത ഇതുവരെ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയാണെന്നുള്ള ശൂർപ്പണഖയുടെ വാക്കുകേട്ടാണ് സീതയെ കട്ടുകൊണ്ടുപോയത്. അതോടെ മരണം ചോദിച്ചു വാങ്ങുകയും ചെയ്തു. ഭോഗാസക്തിയുടെ ഫലം മരണമാണ്.

ശ്രീരാമൻ അനേകം രാക്ഷസന്മാരെ വധിക്കുന്നുണ്ട്. അവസാനം രാവണനെയും. രാക്ഷസന്മാർ ഭോഗ വാസനയുള്ളവരാണ്. മറ്റുള്ളവരെ ഉപയോഗിച്ച് സ്വന്തം ജീവിതത്തെ ഭൌതിക സമൃദ്ധമാക്കുന്നവരാണവർ. രാക്ഷസന്മാർ തക്കതായ പ്രതിഫലം കൊടുക്കാതെ മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഭുജിക്കുന്നു. അതുകൊണ്ട് രാക്ഷസന്മാരെ നരഭോജികൾ എന്നും ആലങ്കാരികമായി പറയുന്നു. ഭരണ-വ്യവസായ രംഗത്തുള്ള ഈ രാക്ഷസന്മാർ ഇന്നും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്.

(മനുഷ്യനെ കൊന്നു തിന്നിരുന്ന ആളുകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചില ആധുനിക കൾട്ട് വിശ്വാസികൾ മനുഷ്യനെ കൊന്ന് തിന്നുന്നതിന്റെ വീഡിയോ കാണാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും സാമാന്യ വല്ക്കരിക്കാവുന്ന പ്രവർത്തിയല്ല. അതിനെ ചില മാനസിക രോഗലക്ഷണമായി മാത്രം കാണേണ്ടതാണ്. ലോകത്തിലെ ഒരു ജീവി വർഗ്ഗവും ആതേ വർഗ്ഗത്തിലുള്ളതിനെ കൊന്ന് ഭക്ഷിക്കുന്നില്ല. പ്രകൃതി നിയമം അങ്ങിനെയിരിക്കെ മനുഷ്യനുമാത്രം മനുഷ്യനെ കൊന്നു തിന്നുന്ന ജന്മവാസന ഉണ്ടാകുന്നതെങ്ങിനെ?)

ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ പാർട്ടി എന്ന് നമ്മുടെ ജനാധിപത്യരാജ്യത്ത് ജനങ്ങളെ വേർതിരിച്ചു കാണുന്ന സർവ്വസമത്വദർശനം കണ്ട് രാവണൻ പോലും അത്ഭുതപ്പെടുന്നുണ്ടാവും. രാമായണകാലത്തിനുശേഷം മഹാഭാരതത്തിലേക്ക് വരുമ്പോൾ, എന്റെയും നിന്റെയും എന്ന വിഭാഗീയത വളരെയധികം പ്രകടമാകുന്നു. ഗീതയിലെ ആദ്യശ്ലോകത്തിൽ തന്നെ എന്റെ മക്കളും, പാണ്ഡൂന്റെ മക്കളും എന്ന ധ്വനി, ഇന്നത്തെ രാഷ്ട്രീയത്തിന്റെ തനി പകർപ്പാണ്. എന്റെ ആളുകൾ, എന്റെ പാർട്ടി – എന്നു പറയുമ്പോൾ; എതിർ ഭാഗത്ത് ഒരു ശത്രുവിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ധൃതരാഷ്ട്രർക്ക് കണ്ണ്‌ കാണില്ല എന്നത് അക്ഷരാർത്ഥത്തിൽ മാത്രം എടുത്താൽ പോര. നഷ്ടപ്പെട്ട ആത്മീയതയെയാണ് ഈ അന്ധത സൂചിപ്പിക്കുന്നത്. അതുപോലെ അധർമ്മതിമിരം ബാധിച്ച രാജാവിനെയും ധൃതരാഷ്ട്രർ (രാഷ്ട്രത്തെ ധരിക്കുന്നവൻ / ഭരിക്കുന്നവൻ) പ്രതിനിധാനം ചെയ്യുന്നു. അതിനാൽ മക്കളോടുള്ള അന്ധമായ സ്നേഹത്താൽ അവർ ചെയ്യുന്ന അധാർമ്മിക പ്രവർത്തികളെ കണ്ടില്ലെന്നു നടിക്കുന്ന അച്ഛനെയും ഇവിടെ നമുക്ക് കാണിച്ചു തരുന്നു. ‘ദുര്യോധനൻ’ ധനം ദുർവ്യയം ചെയ്യുന്നവനാണ്; ‘ദുശ്ശാസനൻ’ തെറ്റായ ശാസനകൾ പുറപ്പെടുവിക്കുന്നവനും. ദുര്യോധനൻ ചെയ്തിരുന്ന അധർമ്മങ്ങളെ മഹാഭാ‍രതത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വയംവര പന്തലിൽ ചെന്ന് അവിടെ പ്രശ്നങ്ങളുണ്ടാക്കി കന്യകയെ പിടിച്ചുകൊണ്ടു പോരുക, സ്വകാര്യ സ്വത്ത് സമ്പാദിക്കുക, തന്റെതല്ലാത്ത രാജ്യം കൈവശം വെയ്ക്കുക, സാമന്തന്മാരിൽ നിന്നും നിർബ്ബന്ധമായി പാരിതോഷികങ്ങൾ ആവശ്യപ്പെടുക, ഉദ്ദ്യോഗസ്ഥന്മാർക്ക് പാരിതോഷികങ്ങൾ നൽകി സ്വന്തം കുറ്റകൃത്യങ്ങൾ മറച്ചു വെയ്ക്കുക, ഇങ്ങനെ നിരവധി രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ദുര്യോധനനും കൂട്ടരും ചെയ്തു പോന്നിരുന്നു.

ധർമ്മാധർമ്മങ്ങളെ വിശകലനം ചെയ്ത് പെട്ടെന്ന് ധമ്മം നിശ്ചയിക്കാൻ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവർക്ക് എപ്പോഴും കഴിയണം. ആശാപാശങ്ങളില്ലാത്ത ഒരു യോഗിക്ക് മാത്രമെ പെട്ടെന്ന് ധാർമ്മികമായ ഒരു കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് രാജാക്കന്മാർ ജ്ഞാനികളായ ഋഷിമാരുടെ അഭിപ്രായത്തിനെ മാനിച്ചിരുന്നത്. സന്ന്യാസിക്ക് വികാരങ്ങളല്ല; ചിന്തകളാണ് ഉള്ളത്. നമുക്ക് വികാരങ്ങളാണ് സ്ഥായിയായിട്ടുള്ളത്. വികാരത്തിനടിപ്പെട്ട് ധർമ്മം തീരുമാനിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് അർജ്ജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞത്. ഇനി ഒരു അർജ്ജുനനും അങ്ങിനെ പ്രവർത്തിക്കരുതെന്നാണ് ഗീതയിലൂടെ ഭഗവാൻ ആഗ്ര ഹിക്കുന്നത്. അതിനുവേണ്ടി അർജ്ജുനനെ ആധാരമാക്കിക്കൊണ്ട് ഭാരതത്തിലെ സകല ഭരണവർഗ്ഗത്തെയും ധർമ്മം പ്രവർത്തിക്കുന്നതിനായി ഭഗവാൻ ഉൽബോധിപ്പിക്കുന്നു.

സർവ്വസങ്കല്പസന്ന്യാസത്തിൽ നിന്നാണ് യഥാർത്ഥമായ സംസ്കാരം ഉണ്ടാകുന്നത് എന്നാണ് പൌരാണികമായ നിശ്ചയം. സങ്കല്പങ്ങളിലെ താല്പര്യം ഇല്ലാതായാൽ കർമ്മങ്ങളിൽ താല്പര്യമില്ലാതെയാകും. സ്വന്തം പ്രവർത്തികളിൽ താല്പര്യം ഇല്ലാതെ വരുമ്പോൾ, അങ്ങനെയുള്ളയാൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും. അങ്ങിനെ ഓരോ വ്യക്തിയും അന്യന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന ധർമ്മാധിഷ്ഠിതമായ ഒരു സമത്വരാഷ്ട്രരാഷ്ട്രീയത്തിന്റെ സങ്കല്പം സംജാതമാകും. ഇതാണ് സന്ന്യാസത്തിന്റെ പിന്നിലെ പ്രായോഗിക രാഷ്ട്രീയം. നിസ്വാർത്ഥമായ സമൂഹ-രാഷ്ട്ര സേവനം.

സാമൂഹികമായ സമത്വം ഭൌതികാധിഷ്ഠിതമായ രാഷ്ട്രീയത്തിൽ ഉണ്ടാവുകയില്ല. ഭൌതികവാദതത്വശാസ്ത്രം ജഢത്തിന് പ്രാധാന്യം നല്കിക്കൊണ്ടാണ് നിലനില്ക്കുന്നത്. ഭൌതികവാദത്തിൽ നിന്നും സ്വേച്ഛാധിപതികൾ ഉണ്ടാകും. ഞാനാണ് സർവ്വശക്തൻ, ഞാനാണ് ദൈവം എന്ന ചിന്ത ഉണ്ടാകും. ‘ഹിരണ്യായനമഃ’ എന്ന് ജപിക്കണം (പ്രകീർത്തിക്കണം) എന്നു പറയും. ജനനം കൊണ്ടും, ആകൃതികൊണ്ടും, അവയവങ്ങളുടെ പ്രവർത്തനം കൊണ്ടും ലോകത്തെ ജനങ്ങളെല്ലാം ഒരുപോലെയാണ്. പക്ഷെ അവകാശങ്ങളിലും അധികാരങ്ങളിലും സമത്വം ഉണ്ടെന്നു പറയുന്നത് സങ്കല്പം മാത്രമാണ്. ഒരു രാജ്യത്തിന് ലഭിച്ചിട്ടുള്ള പ്രകൃതി വിഭവങ്ങളിലെല്ലാം ജനങ്ങൾക്ക് തുല്യ അധികാരം ഉണ്ട് എന്നതാണ് ഈ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപനിഷത്തുക്കൾ ഈ ദർശനത്തിന് എതിരാ‍ണ്. ‘ഈശാവാസ്യം ഇദം സർവ്വം’ എന്നാണ് ഭാരതീയ ദർശനങ്ങൾ ഉദ്ഘോഷിക്കുന്നത്‌. മനുഷ്യന് പ്രകൃതിയുടെ മേലോ, ഭൂമിയുടെ മേലോ ഒരു അവകാശവും ഇല്ല. അതൊന്നും മനുഷ്യൻ ഉണ്ടാക്കിയതല്ല. നമുക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യം മാത്രമെ ഉള്ളൂ. അത് പൂർണ്ണ സ്വാതന്ത്ര്യം അല്ല. ഞാനും നീയും ഉള്ളിടത്ത് – ദ്വൈതം ഉള്ളിടത്ത് പാരതന്ത്ര്യം ഉണ്ടായിരിക്കും. അദ്വൈതം മാത്രമാണ് പാരതന്ത്ര്യത്തിന് പരിഹാരമായിട്ടുള്ളത്. ദ്വൈതം ഉള്ളിടത്ത്, ചിന്തിക്കുന്നത് ഒന്നും, പ്രവർത്തിക്കുന്നത് വേറൊന്നും ആയിരിക്കും. അദ്വൈതത്തിൽ ചിന്തയും പ്രവർത്തിയും ഒന്നുതന്നെയാണ്. രഹസ്യങ്ങൾ ഉണ്ടായിരിക്കില്ല. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നത് ഒരേ ചൈതന്യമാണെന്ന ബോധമാണ് സമത്വദർശനം. നിർമ്മമനായ ഒരു സന്ന്യാസിക്കു മാത്രമെ പക്ഷപാതമില്ലാതെ കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ.

അനീതി കാണുന്നിടത്ത് പ്രതികരിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. അഹിംസയെ ഇന്ന് തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. അഹിംസ എന്നാൽ സഹിഷ്ണുതയല്ല. സഹിഷ്ണുത നമ്മുടെ ദൌർബല്യം പ്രകടമാക്കുന്നു. വിദേശികളോട് കാണിച്ച ആഥിത്യമര്യാദ നമ്മുടെ ദൌർബല്യം കൊണ്ടുണ്ടായതാണ്. അതു തന്നെയാണ് നമ്മുടെ രാഷ്ട്രത്തിനു സംഭവിച്ച അധഃപതനത്തിന്റെ കാരണവും. വിദേശികളോടുള്ള ദൌർബല്യം ഇന്നും നമ്മുടെ നാടിനെ അടിമത്തിൽ തന്നെ നിലനിർത്തുന്നു. അധർമ്മത്തിനെ അധർമ്മം കൊണ്ടു തന്നെയാണ് നേരിടേണ്ടത്. സൌ‌മ്യമായി പെരുമാറുന്നത് മിഥ്യാചാരമാണ്. അവിടെ സാംസ്കാരികമായി പെരുമാറുമ്പോൾ നമ്മുടെ ഭീരുത്വം പ്രകടമാകുന്നു. സംസ്കാരം എന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറലല്ല. പ്രശ്നങ്ങളിൽ ഇടപെട്ട് ധാർമ്മികമായി പരിഹരിക്കുന്നതിനെയാണ് സംസ്കാരം എന്നു പറയുന്നത്. അടി കൊടുക്കേണ്ടിടത്ത് അടി കൊടുക്കുക തന്നെ വേണം. അത് വാക്കുകൊണ്ടായാലും പ്രവർത്തികൊണ്ടായാലും. അതിനുള്ള ആർജ്ജവം പൊതുജനങ്ങളിലും ഭരണകർത്താക്കളിലും ഉണ്ടാവണം. സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള ചിന്ത മാറ്റി എന്റെ രാഷ്ട്രം സിന്ദാബാദ് എന്ന് ഉൾക്കൊള്ളാൻ സാധിക്കണം.