എന്താണ് ബ്രഹ്മചര്യം?
പരമാർത്ഥത്തെ ജീവിതത്തിൽ സാക്ഷാത്കരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചര്യകൾ ഒരുവൻ അനുഷ്ഠിക്കണമോ അതെല്ലാം ചെയ്യുന്നത് ബ്രഹ്മചര്യമാണ്. ബ്രഹ്മത്തിലേയ്ക്ക് ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ് ബ്രഹ്മചര്യം.
ഭഗവദ്ഗീതയിൽ ഇങ്ങനെ പറയുന്നുണ്ട്:
പ്രശാന്താത്മാ വിഗതഭീഃ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യമച്ചിത്തോ യുക്ത ആസീത മത് പരഃ. (ഭ.ഗീ. 6:14)
ഭഗവദ് ഗീതയിൽ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം അവിവാഹിതനായ വിദ്യാർത്ഥിയിലും, വിവാഹജീവിതം നയിക്കുന്ന ഗൃഹസ്ഥനിലും, വാനപ്രസ്ഥത്തിലേയ്ക്കു വിരമിച്ചവനിലും സന്ന്യാസിയിലും ഒരുപോലെ ഉണ്ടായിരിക്കേണ്ടതായ സത്യത്തിനോടുള്ള ഉൽക്കടമായ പ്രേമമാണ്. പരമസത്യമായ ബ്രഹ്മത്വത്തിലേയ്ക്ക് സദാസമയവും അടുത്തുകൊണ്ടിരിക്കുവാൻ സഹായിക്കുന്ന മനോഭാവവും പെരുമാറ്റച്ചിട്ടയും മാത്രമാണ്. ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ് ബ്രഹ്മചര്യമെങ്കിൽ ഗൃഹസ്ഥാശ്രമികൾക്ക് ഈശ്വരാരാധന നടത്താൻ സാധിക്കില്ല.
തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത് പരായണാഃ
ഗച്ഛന്ത്യ പുനരാവൃത്തിം ജ്ഞാനനിർദ്ധൂതകല്മഷാഃ. (ഭ.ഗീ. 5:17)
ഇവിടെ ഈശ്വരദർശ്ശനം ഉണ്ടാകണമെങ്കിൽ എന്തെല്ലാം നിഷ്ഠകൾ ഉണ്ടായിരിക്കണം എന്നു പറയുന്നുണ്ട്. ഒന്നാമതായി പറഞ്ഞിരിക്കുന്നത് ബുദ്ധിയെ ബ്രഹ്മത്തിൽ തന്നെ നിമഗ്നമാക്കി വെക്കണം എന്നാണ്. രണ്ടാമതായി ബ്രഹ്മത്തെത്തന്നെ ആത്മാവായി കരുതുക എന്നും. മൂന്നാമതായി ബ്രഹ്മത്തിൽ പരിപൂർണ്ണമായ നിഷ്ഠയുണ്ടായിരിക്കണം എന്നും. നാലാമത്തേതാകട്ടെ, ബ്രഹ്മത്തിൽ തന്നെ സമ്പൂർണ്ണമായും മുഴുകിയിരിക്കുക എന്ന അവസ്ഥയുമാണ്.
നാരായണഗുരു 'ദൈവദശക'ത്തിൽ ഇങ്ങനെ പറയുന്നു:
"ആഴമേറും നിൻമഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം."
ബ്രഹ്മനിഷ്ഠന്റെ ജീവിത മാതൃകയാണ് ഇവിടെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്.
ആന്തരസമാധി പരിശീലിച്ച് ഉള്ളിൽ ആത്മതത്ത്വം കണ്ടെത്തണം. ബാഹ്യസമാധി ശീലിച്ച് പുറമെ പരമാത്മാവിനെ കാണണം. രണ്ടുമൊന്നാണെന്നറിഞ്ഞ് അതായിത്തീരണം. സദാ സർവ്വത്ര ആനന്ദഘനമായി വർത്തിക്കണം. വ്യക്തിഗതമായ താല്പര്യങ്ങളിൽ നിന്നും സമൂഹത്തിന്റെയും പ്രകൃതിയുടെയും സമ്പൂർണ്ണസുഖത്തിന് ഉതകുന്ന ജീവിതമാതൃകയിലേയ്ക്ക് തന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വാക്കുകളെയും കൊണ്ടുവരണം. അപ്പോൾ മാത്രമെ നമ്മുടെ ജീവിതം നൈഷ്ഠികമായ ബ്രഹ്മചര്യമാണെന്നു പറയുവാൻ കഴിയുള്ളൂ. കേവലം അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.
Monday, October 20, 2008
Wednesday, October 8, 2008
“ദുർഗ്ഗ” എന്ന സങ്കല്പം

"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത് എന്നാണ്. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്. നമ്മെ രക്ഷിക്കുന്ന വീട്, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്.
നിത്യചൈതന്യയതിയുടെ ഒരു ലേഖനത്തിലെ ചില ഭാഗങ്ങൾ
(അത് വായിക്കാത്തവർക്കുവേണ്ടി) ഇവിടെ പകർത്തുന്നു.
ദുർഗ്ഗ - അമ്മ
[ഗമനത്തെ നിരോധിക്കുവാനുള്ള തന്ത്രമാണ് 'ദുർഗ്ഗം'. ബാഹ്യലോകത്തിൽ നിന്നും സൂക്ഷിക്കേണ്ടതും രക്ഷിക്കേണ്ടതും ആയതിനെ കോട്ടകെട്ടി രക്ഷിക്കുന്നു. ദുർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കുന്നത് അമ്മയാണ്. അമ്മ ആദ്യം ഗർഭസ്ഥശിശുവായിരുന്നു. സൂതികാഗൃഹത്തിൽ പ്രസവിക്കപ്പെടുന്നു. അമ്മയുടെ, അമ്മയുടെ മടിയിലും കിടക്കയിലും തൊട്ടിലിലും ശൈശവം കഴിച്ചുകൂട്ടുന്നു. കുറച്ചുകൂടി വളർന്ന് ബാലികയായിത്തീരുന്നു. പിന്നെ കുമാരി. അതുകഴിഞ്ഞ് നവോഢ. പിന്നെ ഒരു ജീവിതകാലമത്രയും ഒരു പുരുഷന്റെ വാമഭാഗം അലങ്കരിക്കുന്ന വധുവായി, ധർമ്മചാരിയായ ഭർത്താവിന്റെ ധർമ്മപത്നിയായി ജീവിക്കുന്നു. ആ സമയത്ത് ഗർഭിണിയാകുന്നു. അതിനുവേണ്ടി ദാമ്പത്യത്തിൽ പലപ്പോഴും ഗോപ്യമായ ജീവിതം വേണ്ടിവരുന്നു. അന്ത:പുരത്തിന്റെ പല രഹസ്യങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. മക്കളുടെ അമ്മയായിത്തീർന്നാൽ പിന്നെ കുടുംബരഹസ്യത്തിന്റെ സൂക്ഷിപ്പുകാരിയായിത്തീരുന്നു. ബന്ധുജനങ്ങളുടെ ഇടയിൽ ഈർഷ്യയുണ്ടാകാതിരിക്കാൻ പലരുടെയും മനോവിചാരത്തേയും പറഞ്ഞ വാക്കുകളേയും ചെയ്ത പ്രവൃത്തികളേയും കുടുംബക്ഷേമത്തിനുവേണ്ടി രഹസ്യമാക്കിവെയ്ക്കുന്നു. സ്വഭർത്താവിന്റെ പ്രിയാപ്രിയങ്ങളിൽ വന്നുകൂടുന്ന അപാകതകളെ മറ്റുള്ളവരുടെ മുമ്പിൽ ഘോഷിക്കാതെ സൗമ്യമായി തിരുത്താനുള്ള സൗകര്യങ്ങൾ നോക്കണം. കുടുംബത്തിന്റെ യശസ്സു മുതൽ പണം, പൊന്ന് മുതലായ എല്ലാറ്റിനെയും സുരക്ഷിതമാക്കിവെയ്ക്കണം. ഇതെല്ലാം കൊണ്ട് സാന്ദർഭികമായി അമ്മയ്ക്ക് പലഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതായി വരും.
മൂകാംബിക - സരസ്വതി - ഭദ്രകാളി
മൗനമാണ് അമ്മയുടെ മുഖ്യമായ ഭാഷ. അടിസ്ഥാനപരമായി അമ്മ ദുർഗ്ഗയായിരിക്കുന്നത് മൗനഘനമായ ഒരു കോട്ട അദൃശ്യമായി നിർമ്മിച്ചു കൊണ്ടാണ്. അതിന്റെ ആവിഷ്ക്കാരം ജീവിതകാലമത്രയും തുടർന്നു കൊണ്ടുപോകേണ്ടതാണ്. അപ്പോൾ അമ്മ മൂകാംബികയാണ്. അമ്മ മൗനം ഭേദിക്കുമ്പോൾ വാണീദേവതയാണ് - വഗ്ദേവിയായ സരസ്വതി. ബാഹ്യദൃഷ്ടികൊണ്ട് കാണാൻ കഴിയാത്തതായ നദിയാണ് സരസ്വതി. തന്റെ മകനോട് എന്തു പറയണം, മകളോട് എന്തു പറയണം, മരുമകനോട് എങ്ങനെ പറയണം, മരുമകളോട് എങ്ങനെ പറയണം, ഭർത്താവ് എന്തറിയണം, അതിനോട് എങ്ങനെ പ്രതികരിക്കണം, ഏത് വാക്കേ പറയാവൂ, ഏത് പറഞ്ഞുകൂടാ, അയൽക്കാരോട് പ്രതികരിക്കേണ്ടത് എങ്ങനെ, നാടിന് ശ്രേയസ്സുവരുത്താൻ എന്തുചെയ്യണം. ദൈവസന്നിധിയിൽ ഉണർത്തിക്കേണ്ടത് ഏത്, അത് ഏത് പ്രാർത്ഥനയായി പറയണം, മുതിർന്നവരോട് എങ്ങനെ പെരുമാറണം, അതിഥിയെ എങ്ങനെ സ്വീകരിച്ച് എവിടെവരെ വരാൻ അനുവദിക്കണം, ഗാർഹികമായ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അതിഥിയെ മാന്യമായി എവിടെയിരുത്തണം. ഇതെല്ലാം വിചാരിക്കാൻ ഓരോ അമ്മയും നിർബന്ധിതയായിത്തീരുന്നു. ഇതേപ്പറ്റി നാം അവഗാഢമായി ചിന്തിക്കുമ്പോൾ അമ്മ ഉളവാക്കുന്ന ദുർഗ്ഗത്തിന്റെ സങ്കീർണ്ണമായ സ്വഭാവം നമുക്ക് മനസ്സിലാകും. എന്നാൽ എല്ലാ പ്രതീക്ഷകളേയും ധിക്കരിച്ചുകൊണ്ട് അമ്മ കുടുംബത്തിനു ചുറ്റും, കുടുംബാംഗങ്ങൾക്ക് ചുറ്റും മനസ്സുകൊണ്ട് അടയാളപ്പെടുത്തിവെയ്ക്കുന്ന ലക്ഷ്മണവൃത്തങ്ങളുണ്ട്. അതിനെ ആരെങ്കിലും ധിക്കരിച്ചാൽ അമ്മയുടെ മട്ടുമാറും. ഭദ്രമായിരിക്കുന്നതിനെ തളർത്താൻ ശ്രമിക്കുന്നവരുടെ നേർക്ക് ഈറ്റപ്പുലിയായി ചാടിവീഴും. ഏതു സ്ത്രീയ്ക്കായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും അവളിലിരിക്കുന്ന ഭദ്രകാളിയെ മറമാറ്റിക്കണിക്കേണ്ടിവരും.
ശ്രീദേവി
കുടുംബത്തിന്റെ ഐശ്വര്യം നിലനിറുത്തുന്നത് അമ്മയാണ്. ആ നിലയ്ക്ക് അവൾ സാക്ഷാൽ ശ്രീദേവിയാണ്. ഐശ്വര്യത്തിന്റെ മഹാപ്രകാശം. ശാലീനതയുടെ പേലവമായ സുഷമയെ അതിശയോക്തിയില്ലാതെ പ്രകൃതിയോട് ഇണക്കി നിറുത്താൻ അമ്മയ്ക്കറിയാം.

ലക്ഷ്മി
ലക്ഷ്മി ധൂർത്തയല്ല. പാത്രമറിഞ്ഞും അധികാരിയായവർക്ക് ഔദാര്യം കാട്ടേണ്ട സമയത്ത് അതിന് വിളംബം വരുത്താതെയും വിഭവങ്ങൾ ചൊരിയുമെങ്കിലും നാളെയെക്കൂടി കരുതലിലെടുക്കും. അമ്മയുടെ അഹങ്കാരം 'ഞാൻ' എന്നല്ല. 'ഞങ്ങൾ' എന്നും 'നാം' എന്നുമാണ്. അമ്മ ഇന്നലെയെ കാണുന്നത് മാനവസംസ്കൃതിയുടെ ഉഷസ്സു മുതൽ ഇങ്ങോട്ടുള്ള ഇന്നലെയെയാണ്. അതുകൊണ്ട് അവൾ ആചാരത്തെ മാനിക്കുന്നു. ദുരാചാരമാണെങ്കിൽ അവൾക്ക് അതിനെ തിരുത്താനറിയാം. പ്രചരണകൗതുകത്തെക്കാൾ അമ്മയ്ക്കുള്ളത് ആചരണസംസ്കാരമാണ്.

അമ്മയ്ക്ക് ഒരു പേരുണ്ട്, 'മഹിഷാസുരമർദ്ദിനി' എന്ന്. മനുഷ്യപുത്രന്മാരും പുത്രിമാരും ജനിച്ചുവരുമ്പോൾ തമസ്സിന്റെ സന്തതികളെപ്പോലെയാണ് - വെറും കന്നുകാലികൾ. അവരെ രൂപാന്തരപ്പെടുത്തിവേണം സംസ്കാരത്തിന്റെ സംരക്ഷണത്തിന് പോരുന്നവരാക്കുവാൻ. അമ്മയുടെ മർദ്ദനം, ഊക്കൻ ഗദയെടുത്ത് തല അടിച്ചുപൊട്ടിച്ചല്ല. കരവാളുകൊണ്ട് കഴുത്തുമുറിച്ചല്ല, കൂരമ്പ് നെഞ്ചിൽ തറച്ചല്ല. അറിവില്ലാത്ത ചിത്രകാരന്മാരും വിഗ്രഹാവിഷ്കാരം ചെയ്യുന്നവരും ഒരുപക്ഷെ അങ്ങനെയൊക്കെ ചിത്രീകരിച്ചിട്ടുണ്ടാവാം. തന്റെ കുഞ്ഞ് ചെയ്യേണ്ടാത്തത് ചെയ്താൽ അമ്മ ഒരു മന്ദഹാസം കൊണ്ട്, ചുളിച്ചുള്ള ഒരു നോട്ടംകൊണ്ട് കുഞ്ഞിൽനിന്നും ആ തിന്മയെ എന്നേക്കുമായി മാറ്റുന്നു. ആ സ്ഥാനത്ത് നന്മചെയ്യാനുള്ള മാതൃക കാണിച്ചു കൊടുക്കുന്നു. കേവലം രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനോട് അമ്മ, "മോളേ ഇവിടെ വരൂ, ഈ മഹത്മാവിന്റെ മുമ്പിൽ നംസ്കരിക്കൂ". "മോളേ, ചെറിയൊരു മൊന്ത വെള്ളം കൊണ്ടുവന്ന് തുളസിയുടെ ചുവട്ടിലൊഴിക്കൂ" - എന്നൊക്കെ പറയുന്നത് താൽക്കാലികമായ ഒരു ആവശ്യത്തിനുവേണ്ടിയല്ല, ആജീവനാന്തം കുഞ്ഞിൽ വളരേണ്ടുന്ന ഒരു ഭാവസർജ്ജനത്തിനു വേണ്ടിയാണ്.
ഇങ്ങനെ മധുരവും ആലോചനാമൃതവുമായ മർദ്ദനങ്ങളിൽകൂടിയാണ് അമ്മ പോത്തുപോലുള്ള ഒരു അസുരസൃഷ്ടിയെ മനുഷ്യചരിത്രത്തിന് എന്നും സമാരാധ്യമാക്കിത്തീർക്കാനായി തന്റെ അറിവിന്റെ വിരൽപാടുകൾ മക്കളുടെ ആത്മാവിൽ അടയാളപ്പെടുത്തിക്കൊടുക്കുന്നത്.

മനുഷ്യരിൽ മാത്രമല്ല ദുർഗ്ഗ. ഒരു നെന്മണി എടുത്തുനോക്കിയാൽ അമ്മ അതിനെ ഉമികൊണ്ട് പൊതിഞ്ഞുവെച്ചിരിക്കുന്നു. ഉമി ഒരു ദുർഗ്ഗമാണ്. കർഷകൻ ജലവും വളവും ഉള്ള മണ്ണിലിടുമ്പോൾ ആ ദുർഗ്ഗം തുറന്ന് ആ നെന്മണിയിൽ അടക്കിവെച്ചിരിക്കുന്ന നെൽച്ചെടിയെ പുറത്തുവരുവാൻ അമ്മ അനുവദിക്കുന്നു. കർഷകനെക്കൊണ്ട് അമ്മ നെൽപ്പാടത്തിന് വരമ്പുകൾ വെപ്പിക്കുന്നു. ആവശ്യമുള്ളപ്പോൾ ജലം കൊടുക്കാനും ആവശ്യമുള്ളപ്പോൾ അത് വാർന്നുപോകുവാനുമുള്ള ക്ഷേമപരിപാടികൾ ചെയ്യിക്കുന്നു. ഓരോ നെൽച്ചെടിയും കതിരുകൊണ്ടുവരുന്നതിന് മുമ്പ് ഗർഭിണിയാണ്. ഗർഭത്തിലിരിക്കുന്ന നെന്മണികളെ അരികൊണ്ടല്ല ആദ്യം നിറച്ചിരിക്കുന്നത്, പാലുവെച്ചാണ്- ശരിക്കും അമ്മയുടെ പാലുപോലെയുള്ള പാല്. അതിനെ ഉമികൊണ്ട് പൊതിഞ്ഞിരിക്കുന്നു. കതിര് പുറത്തു വന്ന് വെയിലിലും മഴയിലും ആടിനിൽക്കുമ്പോൾ ഓരോ നെന്മണിക്കുമുണ്ട് അമ്മയുടെ രക്ഷാകവചം.
നമ്മുടെ ഈ ശരീരം നിറയെ അതേ മാതിരി അമ്മ അവളുടെ രക്ഷാകവചം വെച്ചിട്ടുണ്ട്. ചർമ്മം ഒരു രക്ഷാകവചമാണ്. ചർമ്മത്തിന്റെ ഭാഗം തന്നെയാണ് നഖം, മത്സ്യങ്ങൾക്കുള്ള ചെതുമ്പൽ, ആമയ്ക്കുള്ള തോട്, വ്യാഘ്റത്തിനും സിംഹത്തിനും പൂച്ചയ്ക്കുമുള്ള കൂർത്തുമൂർത്ത നഖങ്ങൾ, പക്ഷികളുടെ ചുണ്ടുകൾ- ഒക്കെ ഇതേ ദുർഗ്ഗത്തിന്റെ രൂപാന്തരങ്ങളാണ്. ഇത്രയും നല്ലൊരു പ്രതീകമായി അമ്മയിരിക്കുമ്പോൾ നാം അർത്ഥമറിയാതെ അനാചാരങ്ങൾക്ക് ദുർഗ്ഗാസങ്കല്പത്തെത്തന്നെ ബലിയാടാക്കിയിരിക്കുന്നതാണ് ഇന്നത്തെ ഭാരതത്തിന്റെ ഏറ്റവും ലജ്ജാകരമായിട്ടുള്ള അറിവില്ലായ്മ.]
Subscribe to:
Posts (Atom)