Monday, September 14, 2009

ഒരു ജാതി ഒരു മതം - 5

ഹൈന്ദവ സംസ്കാരത്തെ എന്നും ലജ്ജിപ്പിക്കേണ്ട ഒരു വസ്തുതയാണ് സ്മാർത്തന്മാർ അസ്പൃശ്യതയെ ന്യായീകരിക്കാൻ ശ്രമിച്ചു എന്നുള്ളത്. ഇന്ന് കേരളത്തിൽ ഒരു പരിധിവരെ സമൂഹത്തെയോ ജാതിയെയോ അടിസ്ഥാനപ്പെടുത്തിയുള്ള ‘അയിത്തം’ എന്ന ദുരാചാരം ഇല്ലാതായിട്ടുണ്ടെങ്കിലും, വടക്കെ ഇന്ത്യയിൽ ഇപ്പോഴും പലയിടത്തും ദളിതരോടുള്ള പെരുമാറ്റത്തിലെ ജീർണ്ണത നിലനിൽക്കുന്നു. ഇന്ന് നിലനിൽക്കുന്നത് ജാതിവ്യത്യാസത്താൽ ഉണ്ടായിട്ടുള്ള ഉച്ചനീചത്വങ്ങളാണ്. ഈ ജാതി വ്യത്യാസത്തെ വർണ്ണാശ്രമധർമ്മങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് കോലാഹലങ്ങൾ അധികവും കണ്ടുവരുന്നത്.

എന്നു മുതലാണ് ജാതിയും ജാതിവ്യത്യാസവും ഉണ്ടായത് എന്നു അന്വേഷിക്കുകയാണ് ഇവിടെ. എന്റെ പരിമിതമായ അറിവിലും സൌകര്യങ്ങളിലുമാണ് ഇതെഴുതുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളിലൂടെ ഈ ലേഖനം പൂർണ്ണതയിലെത്തിക്കുവാൻ കഴിയുമെന്ന് കരുതുന്നു.

ആദിമ മനുഷ്യർക്ക് ജാതി എന്ന ചിന്ത ഉണ്ടായിരിക്കാൻ സാധ്യതയില്ല. മനുഷ്യൻ സംഘം ചേർന്നു ജീവിക്കാൻ തുടങ്ങിയതുമുതൽ ജീവിതാവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയുമായി മല്ലിടേണ്ടി വന്നിട്ടുണ്ട്. ഒരു സമൂഹത്തിന്റെ വളർച്ചയിൽ അന്വേഷണവും കീഴടക്കലും അവകാശം സ്ഥാപിക്കലും ഉണ്ടായിരിക്കും. സാംസ്കാരികമായി വളർന്ന സമൂഹങ്ങൾ ഒരു നേതാവിന്റെ കീഴിൽ ജീവിക്കാൻ തുടങ്ങി. ഈ അവസരത്തിൽ കർമ്മതാല്പര്യത്തെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും അവരുടെ കർമ്മങ്ങളിൽ താല്പര്യമുള്ളവരായിട്ടുണ്ടാകും. ഈ നേതാവിന്റെ (മൂപ്പന്റെ) പരമ്പര പിന്നീട് ചില ആചാരങ്ങളുടെ ചട്ടക്കൂടുകളുള്ള ഗോത്രങ്ങളായി അറിയപ്പെടാൻ തുടങ്ങി. സംസ്കാരത്തിന്റെയും ഭാഷയുടെയും വളർച്ചയിൽ ജനങ്ങളുടെ ഓരോ തൊഴിലിനോടും ബന്ധപ്പെട്ട കർമ്മത്തിന്റെ പ്രാവീണ്യത്തിൽ അതിനോട് ബന്ധപ്പെടുത്തിയ ‘ജാതി‘ എന്ന് അറിയപ്പെടാൻ തുടങ്ങി.
ഇന്ന് ഒരു ജാതിപ്പേർ കേൾക്കുമ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന തൊഴിൽ ആണ് ആദ്യം മനസ്സിൽ തെളിയുക. പണ്ട് ഒരു ഗ്രാമം പൂർണ്ണമായും സ്വയം പര്യാപ്തമായിരുന്നു. ഓരോ ഗ്രാമത്തിലും ആ ഗ്രാമത്തിനുവേണ്ട വിഭവങ്ങൾ അവിടെത്തന്നെ ഉണ്ടായിരിക്കും. ഒരു ഗ്രാമത്തലവന്റെ കീഴിൽ എല്ലാവരും സഹകരണത്തോടെ ജീവിച്ചു പോന്നിരുന്നു എന്നുവേണം കരുതാൻ. എല്ലാ ഗ്രാമങ്ങളിലും അവിടെത്തെ മനുഷ്യർക്കുവേണ്ട സൌകര്യങ്ങൾ ഒരുക്കാൻ നാട്ടുവൈദ്യനും, ആശാരിയും, കൊല്ലനും, തട്ടാനും, മൂശാരിയും, അമ്പട്ടനും ഉണ്ടായിരുന്നു. ഗ്രാമവാസികൾ ഈ കുലത്തൊഴിൽ അനുഷ്ഠിക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ അടുത്ത കാലം വരെ ഈ വ്യവസ്ഥകളെല്ലാം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഒരു പ്രസവം നടന്നാൽ 90 ദിവസം വരെ ആ അമ്മയെയും കുഞ്ഞിനെയും പരിചരിക്കാനുള്ള അവകാശം നാട്ടിലെ മണ്ണാത്തിക്കാണ്. അവർ അലക്കിക്കൊണ്ടു വന്ന മുണ്ട് ഉടുത്താലേ വാലായ്മ തീരുകയുള്ളൂ എന്ന അന്ധവിശ്വാസം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി മരിച്ചാൽ അടിയന്തിര ദിവസം നാട്ടിലെ അമ്പട്ടൻ വന്ന് മുടിവെട്ടി ചാണകവെള്ളം തെളിച്ചാലെ വാലായ്മ പോകുകയുള്ളൂ. എന്താ ഇത് വെള്ളരിക്കാ പട്ടണമോ എന്നു ചോദിക്കാവുന്ന ഒരു ആചാരം. എന്നും ആ ജാതിവ്യവസ്ഥയിലെ സഹകരണത്തിനെ ജനങ്ങൾ മാനിച്ചിരുന്നു.

മനുഷ്യനെയും അവന്റെ സംസ്കാരത്തെയും കുറിച്ച് നമുക്ക് അറിയാൻ കഴിയുന്നത് പുരാതന ഗ്രന്ഥങ്ങളിലുടെയും ശിലാലിഖിതങ്ങളിലൂടെയും ആണ്. ഭാരതത്തിലെ പൌരാണിക ഗ്രന്ഥം വേദങ്ങളാണ്. അതിനുശേഷമാണ് ബ്രാഹ്മണങ്ങളും ഇതിഹാസങ്ങളും എല്ലാം ഉണ്ടായത്.

വേദങ്ങളിൽ പ്രപഞ്ചസത്യത്തെക്കുറിച്ച് വിവരിക്കുമ്പോൾ അതിൽ മനുഷ്യൻ എന്ന ഘടകത്തെക്കുറിച്ച് സ്വാഭാവികമായും പരാമർശിക്കുന്നുണ്ടെന്നല്ലാതെ, മനുഷ്യനെയോ സമൂഹത്തെയോ കുറിച്ചുള്ള കഥകളോ സംഭവങ്ങളോ അതിൽ കാര്യമായി പരാമർശിക്കുന്നില്ല. ഇതിഹാസങ്ങളിലും പുരാണങ്ങളിലുമാണ് മനുഷ്യന്റെ കഥകൾ പറയുന്നത്. ആദ്യകാവ്യമെന്ന് അറിയപ്പെടുന്ന വാത്മീകി രാമായണത്തിൽ വിവിധ ജാതികളെയും വർണ്ണാശ്രമധർമ്മങ്ങളെയും കുറിച്ച് നിരവധി വിവരണങ്ങൾ ഉണ്ട്. അയോദ്ധ്യാകാണ്ഡത്തിൽ തൊഴിലിനോട് ബന്ധപ്പെട്ട 88 ജാതികളെക്കുറിച്ച് പറയുന്നുണ്ട്. കാട്ടുനിവാസികളായിരുന്ന വാനരന്മാരായിരുന്നു ശ്രീരാമന്റെ ഏറ്റവും അടുത്ത സഹായികൾ. അവർക്ക് അസ്പൃശ്യതയുള്ളതായി വിവരണമൊന്നും ഇല്ല. അയിത്തക്കാരൻ എന്നു വിളിക്കാവുന്ന ഒരാളായിരുന്നു ശ്രീരാമനെ കടത്തുവഞ്ചിയിൽ കൊണ്ടുപോയത്. ‘മാനിഷാദാ’ എന്നു പറഞ്ഞല്ലെ രാമായണം തുടങ്ങുന്നതുതന്നെ. എടാ കാട്ടാളാ നീ ദൂരെ പോ എന്ന് അവിടെ പറയുന്നില്ല എന്നാണ് എനിയ്ക്ക് മനസ്സിലായിട്ടുള്ളത്.

ചാതുർവർണ്ണ്യത്തിന് പൂർണ്ണമായ ആധിപത്യമുണ്ടായിരുന്ന കാലത്താണ് ‘മഹാഭാരത’ രചന നടന്നിട്ടുള്ളത്. അതിൽ കർണ്ണൻ സൂതപുത്രനാണ്. കൃഷ്ണൻ യാദവനും. അവരെ രാജസൂയത്തിൽ ക്ഷത്രിയരായി അംഗീകരിക്കുന്നില്ല. പക്ഷെ തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ല. പണ്ഡിതശ്രേഷ്ഠനായ വിദുരരെ ശൂദ്രനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ദുര്യോധനൻ അംഗരാജാവാക്കിയതോടെ കർണ്ണന്റെ പദവി ഉയർന്നു. ശിശുപാലവധത്തിനുശേഷം ക്ഷത്രിയർക്കുമാത്രം അവകാശപ്പെട്ട രാജസൂയത്തിന് കൃഷ്ണനെയും ക്ഷണിക്കുകയുണ്ടായി. ചാതുർവർണ്ണ്യം തൊഴിൽ വിഭജനകാര്യത്തിലല്ലാതെ സമുദായത്തിലെ ഉച്ചനീചത്വത്തിന് അടിസ്ഥാനമായിരുന്നില്ല എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. ശൂദ്രനായ വിദുരർക്ക് മഹാഭാരതത്തിൽ ഉന്നതസ്ഥാനം ലഭിച്ചിരുന്നു. ദുര്യോധനന്റെ വിരുന്നുപേക്ഷിച്ച് ശ്രീകൃഷ്ണൻ വിദുരരുടെ ശൂദ്രഭക്ഷണം കഴിച്ചിരുന്നു.

ധർമ്മം / കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ചാതുർവർണ്ണ്യം തൊഴിൽ വിഭജനമെന്ന നിലയിൽ നിന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമായി അധഃപതിച്ചത് പിന്നീട് എപ്പോഴോ സ്വാർത്ഥമതികളായ മനുഷ്യന്റെ കൈകളിലേയ്ക്ക് ഭരണം വന്നതിനുശേഷമാവണം. മഹാഭാരതത്തിൽ ദുർഭരണത്തിന്റെ മൂർത്തീഭാവമായ ദുര്യോധനൻ പോലും ജാതി-വർണ്ണ വ്യവസ്ഥയിലെ അസ്പൃശ്യത കാര്യമായെടുത്തിട്ടില്ല. എങ്കിലും അക്കാലത്ത് ജനങ്ങൾ ചാതുർവർണ്ണ്യത്തിലും ജാതിധർമ്മത്തിലും അറിയുറച്ച് വിശ്വസിച്ചിരുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അധർമ്മബാധകൊണ്ട് ജാതിക്കലർപ്പുണ്ടാകുമെന്നും, വർണ്ണസങ്കരം കുലത്തിന് നാശമുണ്ടാക്കുമെന്നുമുള്ള സാധാരണ ജനത്തിന്റെ സംശയം അർജ്ജുനനിലൂടെ ചോദിക്കുന്നത്.

അക്കാലത്തെ ചില മഹത് വ്യക്തികളുടെ ജനനത്തെക്കുറിച്ചും ഒന്നു നോക്കാം.
വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരുള്ള പറച്ചിയിൽ നിന്നും ജനിച്ചതായിട്ടാണ് പറയുന്നത്. വേദങ്ങളെ ചിട്ടപ്പെടുത്തിയ വേദവ്യാസൻ ജനിച്ചത് മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിലും. പരാശരന്റെയും വ്യാസന്റെയും ഒപ്പം നിൽക്കാവുന്ന ബ്രാഹ്മണരോ സത്യദർശികളോ അപൂർവ്വമായിരുന്നു. വേദകാലത്തുതന്നെ ഇത്തരം കഥകൾ പ്രസിദ്ധമായിരിക്കുമ്പോൾ മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത് ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ച് ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്.

മഹാഭാരതകാലത്ത് ജാതിവ്യവസ്ഥ ഒട്ടുംതന്നെ പ്രബലമായിരുന്നില്ല എന്നു കരുതാൻ യുധിഷ്ഠിരൻ പറയുന്നതായ ഈ വരികൾ ധാരാളം മതിയാകും. “നാനാജാതിയിൽ പെട്ട സ്ത്രീകളിലും പുരുഷന്മാർ സന്തതികളെ ഉല്പാദിപ്പിക്കുന്നു. അതുകൊണ്ട് ആരുടെയും ജാതി നിശ്ചയിക്കുക സാധ്യമല്ല. ഓരോരുത്തരുടെയും പെരുമാറ്റച്ചിട്ട കണ്ട് അയാളുടെ സ്വഭാവം നിർണ്ണയിക്കുകയേ നിവൃത്തിയുള്ളൂ” എന്നാണ് ഡോ.എസ്.രാധാകൃഷ്ണൻ പറയുന്നത്. കുരങ്ങത്തിയെയും പാമ്പിനെയും വരെ കല്ല്യാണം കഴിച്ചവരായിരുന്നു മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എന്ന് ‘ഗുരുകുലത്തിൽ’ ഉമേഷ്ജി (അതിശയോക്തിയാണ്) എഴുതിയിരുന്നു. സ്വാർത്ഥമതികളായ ഭരണാധികാരികൾ മനുസ്മൃതിയിൽ കൃത്രിമം കാട്ടി ധർമ്മശാസ്ത്രത്തിന് പുതിയമുഖങ്ങൾ ചമയ്ക്കാൻ തുടങ്ങിയതുകൊണ്ടാണ് ഭഗവദ് ഗീതയിൽ ഒമ്പതാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാം ശ്ലോകം ഉണ്ടായത് എന്നാണ് പണ്ഡിതന്മാർ പറയുന്നത്.


“ശുചം ആദ്രവതി ഇതി ശൂദ്രഃ” എന്നാണ് ശൂദ്രശബ്ദത്തിന്റെ വ്യുല്പത്തി. അതനുസരിച്ച് ദുഃഖത്തിനു പിന്നാലെ പോകുന്നവനാണ് ശൂദ്രൻ. അത് ഒരു ജാതിയെ കുറിക്കുന്നതാകണമെന്നില്ല. ജ്ഞാനപ്രാപ്തി ലക്ഷ്യമാക്കിയുള്ള കർമ്മം ഹൃദയ ശുദ്ധീകരനത്തിനു സഹായിക്കും. കർമ്മങ്ങൾ വർണ്ണാശ്രമധർമ്മങ്ങൾക്കനുസൃതമായാണ് അനുഷ്ഠിക്കേണ്ടത്. ശൂദ്രന്മാർക്ക് ആശ്രമധർമ്മങ്ങൾ വിധിച്ചിട്ടില്ല. വേദങ്ങളിൽ ശൂദ്രന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രഹ്മസൂത്രത്തിൽ ശൂദ്രന് വേദാധികാരം ഇല്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് ബാദരായണന്റെ ഒരു കൃത്രിമം ആയിരുന്നു. അതിന് അദ്ദേഹം സ്മൃതികളെ കൂട്ടുപിടിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ആശ്രമങ്ങളൊന്നുമില്ലാത്തവർക്കും ബ്രഹ്മജ്ഞാനമാകാമെന്ന് ബ്രഹ്മസൂത്രത്തിൽ തന്നെ സിദ്ധാന്തിക്കുന്നുണ്ട്. സ്ത്രീകളും വേദാധികാരമില്ലാത്തവരാണ്. പക്ഷെ ഉപനിഷത്തുക്കളിലെ മൈത്രേയിയും ഗാർഗിയും ബ്രഹ്മജ്ഞാനം നേടിയവരായിരുന്നു. ശങ്കരാചാര്യരും വിദുരർ തുടങ്ങിയവരെ ചൂണ്ടിക്കാണിച്ച് ഈ സിദ്ധാന്തത്തിന്റെ വികലതയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

28 ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു എന്ന് www.iish.org സാക്ഷ്യപ്പെടുത്തുന്നു. ചില വിക്കി സൈറ്റിൽ 40 എണ്ണം ഉണ്ടെന്നും പറയുന്നുണ്ട്.
മനുസ്മൃതി അടക്കമുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആചാരങ്ങളും അതിൽ തെറ്റു വന്നാൽ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളും ആണ് അധികവും ഉള്ളത്. കുറ്റവാളികൾക്കുള്ള ശിക്ഷകളും അതിൽ ഉൾപ്പെടുന്നു . പിന്നീട് സ്മൃതികളുടെ മറവിൽ ശൂദ്രദണ്ഡനത്തിനുവേണ്ടിമാത്രം എഴുതിച്ചേർത്ത അന്യായമായ ശിക്ഷാവിധികളാണ് ആർഷസംസ്കാരത്തിന് കളങ്കം ചാർത്തിയ ദുരാചാരങ്ങൾ. പൌരാണിക കാലത്തെക്കാൾ ആധുനിക കാലത്തിലാണ് അതിന്റെ ദോഷം കൂടുതൽ രൂക്ഷമായത്. ശൂദ്രന്മാർ മേൽജാതിക്കാർ നടക്കുന്ന വഴികളിൽ നടക്കാൻ പാടില്ലെന്നും, തുപ്പാൻ പാടില്ലെന്നും ഉള്ള നിയമങ്ങൾ മനുസ്മൃതിയിൽ പോലും കാണുന്നില്ല.

ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ‘കാളിദാസൻ’ ചോദിച്ചിരുന്നു, “ക്ഷേത്രങ്ങൾ എന്നാണ് ഉണ്ടായത്, ആധുനിക കാലത്താണോ’?

ബ്രാഹ്മണമേധാവിത്വവും താന്ത്രികവിധികളും ഭരണവും ഒരേ കുടക്കീഴിൽ വന്ന കാലഘട്ടത്തിലാവണം അയിത്താചാരങ്ങൾ കൂടുതൽ തീവ്രമായത് എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. രാമായണത്തിൽ ആരും ക്ഷേത്രദർശനം നടത്തിയിരുന്നതായി കാണുന്നില്ല. സേതുബന്ധനത്തിനുമുമ്പ് ശ്രീരാമൻ ശിവനെ ഒന്നു പ്രാർത്ഥിക്കാനായി അവിടെയെല്ലാം തിരഞ്ഞു. മരുന്നിനുപോലും ഒരു ക്ഷേത്രം കാണാഞ്ഞ് കടപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് അത്യാവശ്യം വേണ്ട കാര്യങ്ങൾ
പറയുകയാണുണ്ടായത്. മഹാഭാരതത്തിലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഒരു ചന്ദനക്കുറിയും തൊട്ടുമടങ്ങുന്ന കാമുകീകാമുകന്മാരെപ്പറ്റി ഒന്നും പറയുന്നില്ല. വടക്കൻ പാട്ടു സിനിമകളിൽ അങ്കത്തിനുപോകുന്നതിനുമുമ്പ് ലോകനാർകാവിലോ തൃപ്പങ്കോട്ടപ്പന്റെയടുത്തോ പോയി അനുഗ്രഹം വാങ്ങുന്ന ചടങ്ങുകൾ കാണാറുണ്ട്. മഹാഭാരതയുദ്ധത്തിനുപോകുന്ന രാജാക്കന്മാരാരും ഒരു ക്ഷേത്രത്തിൽ പോയി കുങ്കുമവും തൊട്ട് കുരുക്ഷേത്രത്തിലേയ്ക്ക് പോയതായി അറിവില്ല. പക്ഷെ ദുര്യോധനാദികളും പാണ്ഡവരും അവരുടെ മാതാവിന്റെ അടുത്തുപോയി അനുഗ്രഹം വാങ്ങി എന്നു വിശദമായി പറയുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ BC3000 നും മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു പറയുന്നു. ആധുനിക ചരിത്ര പണ്ഡിതന്മാർ BC1000 വർഷം മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു തെളിവുകൾ നിരത്തി പറയുന്നു. വേദിക് കാലത്തിനുശേഷം ബ്രിട്ടീഷുകാർ വരെ ഭാരതത്തിൽ ഫ്യൂഡൽ ഭരണവും അധിനിവേശഭരണവും ആയിരുന്നു. അതിൽ ഫ്യൂഡൽ ഭരണകാലമായിരിക്കും ക്ഷേത്രങ്ങളുടെ സുവർണ്ണകാലം. കേരളത്തിലെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ ബുദ്ധമതക്കാരെ ആട്ടിയോടിച്ച് അവരുടെ വിഹാരങ്ങൾ ബ്രാഹ്മണന്മാർ ക്ഷേത്രങ്ങളാക്കി മാറ്റി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അത് ശരിയാണെങ്കിൽ കേരളത്തിലെ ക്ഷേത്രാചാരങ്ങൾക്ക് 10-ആം നൂറ്റാണ്ടിനുശേഷമുള്ള ചരിത്രമേ പറയാനുള്ളൂ. “ ബുദ്ധമതം അതുവരെ നേടിയിരുന്ന നല്ല കാര്യങ്ങളെല്ലാം ഉൾക്കൊണ്ട് ഹിന്ദുമത പുനരുദ്ധാരണം ശക്തിപ്രാപിച്ചു. വിഷ്ണുവും സുബ്രഹ്മണ്യനും ശാസ്താവുമെല്ലാം ഹൈന്ദവീകരിച്ച ബുദ്ധവിഗ്രഹങ്ങളാണ്. ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ് ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടിട്ടുള്ള ദേവീദേവ വിഗ്രഹങ്ങൾ, ഉത്സവങ്ങൾ, ആറാട്ടുകൾ, എന്നിവയെല്ലാം.” (മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. കെ.സുഗതന്റെ ‘ബുദ്ധനും നാണുഗുരുവും‘ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്.)


ഓരോ രാജ്യത്തും രൂപം കൊള്ളുന്ന സാമുദായികതയിൽ ശാസ്ത്രീയമല്ലാത്ത ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഭാരതത്തിൽ അത് അതിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലായിരുന്നു എന്നുമാത്രം. ലോകത്തിൽ പല രാജ്യങ്ങളിലും ഈ അയിത്തവും മനുസ്മൃതിയിൽ പറയുന്ന രീതിയിലുള്ള ശിക്ഷാവിധികളും നിലനിന്നിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

“ഇത്രദൂരം നടന്നു ഞാനിന്നീ-
കത്തുമാതപ ജ്വാലയീ;
ഹാ, തളർന്നു ഞാൻ ദാഹത്താൽപ്പരം,
ശീതളസ്വച്ഛമിജ്ജലം
തെല്ലെനിക്കെടുത്തേകുവാൻ സ്നേഹ-
ശാലിനി, കനിഞ്ഞാലും നീ.”

“ആരു നീ, യൊരുജൂതനല്ലയോ?
ഞാനഹോജലം നൽകയോ?
ജൂതരും ഹാ, സമേരിയാക്കാരും
ജാതിയിലെന്തന്തരം!
നീ കുടിപ്പതു ഞായമോ ഞാനി-
ന്നേകുകിൽപ്പോലു, മിജ്ജലം?”
(പാവുണ്ണി തൈക്കാടിന്റെ ഒരു ചെറിയ കവിതയിലെയാണിത്.)
ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ “ദാഹിക്കുന്നു ഭഗിനി …. എന്ന കവിതയുടെ ചുവടുപിടിച്ചാണെങ്കിലും, ഇവ തമ്മിലുള്ള ഒരു സാമ്യം കാണിക്കാൻ വേണ്ടി മാത്രം കോപ്പി ചെയ്തതാണ്.

ക്രിസ്തുദേവന്റെ കാലത്ത് ജൂതരും സമേരിയക്കാരും തമ്മിൽ യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. ജൂതന്മാർ ഉന്നത ജാതിക്കാരായിരുന്നു. സമേരിയവംശക്കാരിൽ നിന്ന് ദാഹജലം പോലും അവർ വാങ്ങുമായിരുന്നില്ല.

ബുദ്ധമതത്തിൽ ജാതിവ്യവസ്ഥയില്ല എന്നാണ് പൊതുവെ കേൾക്കുന്നത്. ലഡാക്കിലെ Garba (the smiths), Mon (musician) and Beda ജാതിയിൽ പെട്ടവർക്ക് മറ്റുള്ളവർ വെള്ളവും ഭക്ഷണവും അവർ ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൊടുക്കുകയില്ല. ലഡാക്കിലെ തന്നെ ഷിയ മുസ്ലീമുകൾ ബുദ്ധമതക്കാരുടെ പക്കൽ നിന്നും ഭക്ഷണം കഴിക്കില്ല. മുസ്ലീങ്ങൾക്ക് ബുദ്ധമതക്കാർ തൊട്ടുകൂടാത്തവരും ബുദ്ധമതക്കാർക്ക് അവരുടെ ഇടയിൽ തന്നെയുള്ള ദളിതർ തൊട്ടുകൂടാത്തവരും ആണ്.

ചില രാജ്യങ്ങളിലെ ജാതി വ്യത്യാസങ്ങൾ പൊതു അറിവിലേയ്ക്കായി മാത്രം കോപ്പി ചെയ്തതാണ് താഴെ കൊടുത്തിട്ടുള്ളത്. പൂർണ്ണമായ വായനയ്ക്ക് ഇവിടെ നോക്കുക.
Japan
Feudal Japan hierarchy and Burakumin The two main castes in Japan were samurai and peasants. Only the samurai caste was allowed to bear arms. A samurai had a right to kill any peasant whom he felt was disrespectful.
Korea
The Baekjeong were an "untouchable" outcaste group of Korea, often compared with the burakumin of Japan and the dalits of India and Nepal. The term baekjeong itself means "a butcher,"
Caste in Hawaiʻi
Kauwa, the outcast or slave class. They are believed to have been war captives, or the descendants of war captives. Marriage between higher castes and the kauwa was strictly forbidden. The kauwa worked for the chiefs and were often used as human sacrifices at the luakini heiau.

West Africa
The Osu caste system in Nigeria and southern Cameroon, can be traced back to an indigenous religious belief system, practiced within the Igbo nation. It is the belief of many Igbo traditionalists that the Osus are people historically owned by deities, and are therefore considered to be a 'living sacrifice', an outcaste, untouchable and sub-human
Yemen
In Yemen there exists a further caste, the Al-Akhdam who are kept as perennial manual workers through practices that mirror untouchability.[19] A traditional saying in the region goes: "Clean your plate if it is touched by a dog, but break it if it's touched by a Khadem."[

ജാതിവർണ്ണവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങൾ ആരും വിമർശിക്കാതെ എല്ലാം സഹിച്ച് കഴിയുകയായിരുന്നോ ഭാരതത്തിലെ ജനങ്ങൾ എന്നു ചോദിക്കാം. ഇക്കാര്യത്തിൽ ശ്രീബുദ്ധനാണ് ഒരു വിപ്ലവാത്മകമായ മുന്നേറ്റം ഉണ്ടാക്കാനായത്. അദ്ദേഹം അന്ത്യജന്മാരെ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്തു. ശൈവമതത്തിലെയും വൈഷ്ണവമതത്തിലെയും ഭക്തന്മാരും മനുഷ്യന്റെ സമത്വത്തിനുവേണ്ടി വാദിച്ചിട്ടുള്ളവരാണ്. ചൈതന്യന്റെ ശിഷ്യന്മാരിൽ ഹിന്ദുക്കളും മുസ്ലീംങ്ങളും കൊള്ളക്കാരും വേശ്യകൾ പോലും ഉണ്ടായിരുന്നു. ഗാന്ധിജിയും ദളിതർക്കുവേണ്ടി പ്രവർത്തിച്ചെങ്കിലും ജാതീയത സാമൂഹിക ജീവിതത്തിൽ ഒളിച്ചിരുന്നതല്ലാതെ നിർമ്മാർജ്ജനം ചെയ്യപ്പെടുകയുണ്ടായില്ല. ഗുരുദേവനും ജാതിപ്പിശാചിനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും അതിനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാതെ പോയി.

മനുഷ്യന്മാർക്കിടയിൽ മാത്രമാണോ ഈ ജാതി വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. ഉറുമ്പുകളുടെയും തേനീച്ചകളുടെയും സാമൂഹിക ജീവിത ചക്രങ്ങൾ നിരീക്ഷിച്ചവർ പറയുന്നത്, ആ ചെറുജീവികളുടെ ഇടയിലും രാജ്ഞിയും പടയാളിയും തൊഴിലാളിയും മടിയന്മാരും ചേർന്നുള്ള ഒരു വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ്. ചിലപ്പോൾ ഭഗവദ് ഗീതയും മനുസ്മൃതിയും ആയിരിക്കാം ആ ജീവികളുടെ ആത്മീയ-നിയമ ഗ്രന്ഥങ്ങൾ.

കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത്. അത് പ്രകൃതി നിയമമാണ്. പക്ഷെ അഹങ്കാരത്താൽ വിവേകശൂന്യരായ നമുക്ക് അത് അംഗീകരിക്കാനാവുന്നില്ലെന്നുമാത്രം.

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർമ്മാണി സർവ്വശഃ
അഹങ്കാര വിമൂഢാത്മാ കർത്താഹമിതി മന്യതേ.
(ഭ.ഗീ. 3:27)
[പ്രകൃതിയുടെ ഗുണങ്ങളാൽ ആണ് സർവ്വപ്രകാരത്തിലുമുള്ള കർമ്മങ്ങൾ ചെയ്യപ്പെടുന്നത്.]

ലോകത്തിലെല്ലായിടത്തും തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു എന്നു മാത്രമല്ല ഇപ്പോഴും ഈ വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ് അത് അവസാനിപ്പിക്കാനായി ലോകരാജ്യങ്ങളിലെ പ്രധാനികൾ സംഘടിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന ഈ വാർത്തയിൽ നിന്നും മനസ്സിലാവുന്നത്. ഒരു നല്ല നാളെക്കുവേണ്ടി നമുക്കും പ്രാർത്ഥിക്കാം.

“ലോകാ സമസ്തഃ സുഖിനോ ഭവന്തു”

23 comments:

പാര്‍ത്ഥന്‍ said...

ഉറുമ്പുകളുടെയും തേനീച്ചകളുടെയും സാമൂഹിക ജീവിത ചക്രങ്ങൾ നിരീക്ഷിച്ചവർ പറയുന്നത്, ആ ചെറുജീവികളുടെ ഇടയിലും രാജ്ഞിയും പടയാളിയും തൊഴിലാളിയും മടിയന്മാരും ചേർന്നുള്ള ഒരു വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ്. ചിലപ്പോൾ ഭഗവദ് ഗീതയും മനുസ്മൃതിയും ആയിരിക്കാം ആ ജീവികളുടെ ആത്മീയ-നിയമ ഗ്രന്ഥങ്ങൾ.

★ Shine said...

പാർത്ഥേട്ടാ, ഇങ്ങനെ നല്ല പ്രൗഢമായ ഒരു ലേഖനം എഴുതാൻ വേണ്ടി, ചേട്ടൻ നല്ല ഗവേഷണം നടത്തിയിട്ടുണ്ട്‌ എന്നു മനസ്സിലായി. ആ സമർപ്പണ ബുദ്ധിയെ ഹ്രുദയപൂർവ്വം അംഗീകരിക്കുന്നു.

അഭിപ്രായം ഒന്നേയുള്ളു- “ലോകാ സമസ്തഃ സുഖിനോ ഭവന്തു”

Jenshia said...

Superb...

എനിക്ക് പറയാനുള്ളതും കുട്ടേട്ടന്‍ പറഞ്ഞതു തന്നെ...
ഈ വ്യവസ്ഥിതികള്‍ക്ക് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ പറയാം ..

സജി said...

@ക്രിസ്തുദേവന്റെ കാലത്ത് ജൂതരും സമേരിയക്കാരും തമ്മിൽ യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. ജൂതന്മാർ ഉന്നത ജാതിക്കാരായിരുന്നു. സമേരിയവംശക്കാരിൽ നിന്ന് ദാഹജലം പോലും അവർ വാങ്ങുമായിരുന്നില്ല..


വളരെ ശരിയാണത്!

ഒരു ശരാശരി യഹൂദന്‍ പ്രാര്‍ത്ഥിക്കുമായിരുന്നത്രേ -

“യഹോവേ, നീയെന്നെ ഒരു വിജാതീയനായും , സ്ത്രീയായും സൃഷ്ടിക്കാത്തതിനാല്‍ നിന്നെ സ്തുതിക്കുന്നു “ എന്ന്!

Manoj മനോജ് said...

"ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ “ദാഹിക്കുന്നു ഭഗിനി …. എന്ന കവിതയുടെ ചുവടുപിടിച്ചാണെങ്കിലും, ഇവ തമ്മിലുള്ള ഒരു സാമ്യം കാണിക്കാൻ വേണ്ടി മാത്രം കോപ്പി ചെയ്തതാണ്."

ഇടമറുകിനെ ഓര്‍ത്തു പോയി :)

നാരായണ ഗുരുവിന്റെ ഒരു ജാതി, ഒരു മതം എന്ന ആശയമോ അല്ലെങ്കില്‍ യതിയുടെ “World Citizen” എന്ന ആശയമോ എന്നെങ്കിലും നടപ്പിലാകുമോ?

kaalidaasan said...

പാര്‍ ത്ഥന്‍ എഴുതിയ പലതിനേക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്.

ബ്രാഹ്മണമേധാവിത്വവും താന്ത്രികവിധികളും ഭരണവും ഒരേ കുടക്കീഴിൽ വന്ന കാലഘട്ടത്തിലാവണം അയിത്താചാരങ്ങൾ കൂടുതൽ തീവ്രമായത് എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.

അത് എന്നായിരിക്കാം. കാലഗണന ഒരുദ്ദേശ്യം വച്ച് പറയാമോ?

ശ്രീബുദ്ധന്‍ ജീവിച്ചിരുന്നത് ബി സി 500 ആണെന്നു പറയപ്പെടുന്നു. അതിനു മുമ്പ് ഏന്തായാലും അയിത്തചരണങ്ങളും ഉണ്ടായിരുന്നു.

സേതുബന്ധനത്തിനുമുമ്പ് ശ്രീരാമൻ ശിവനെ ഒന്നു പ്രാർത്ഥിക്കാനായി അവിടെയെല്ലാം തിരഞ്ഞു. മരുന്നിനുപോലും ഒരു ക്ഷേത്രം കാണാഞ്ഞ് കടപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് അത്യാവശ്യം വേണ്ട കാര്യങ്ങൾ
പറയുകയാണുണ്ടായത്.


ശിവനെ പ്രാര്‍ത്ഥിക്കാനായി തിരഞ്ഞ സ്ഥലം പ്രാര്‍ത്ഥനാലയം ആയിരുന്നില്ലേ? ശ്രീരാമന്‍ അമ്പലം അന്വേഷിച്ചു കാണാഞ്ഞിട്ട്, താല്‍ കാലിക മായി ഒരമ്പലമുണ്ടാക്കി ആരാധിച്ചു.

അപ്പോള്‍ ത്രേതായുഗത്തില്‍ അമ്പലം ഉണ്ടായിരുന്നു എന്നല്ലേ ആ സംഭവം തെളിയിക്കുന്നത്.

kaalidaasan said...

വേദിക് കാലത്തിനുശേഷം ബ്രിട്ടീഷുകാർ വരെ ഭാരതത്തിൽ ഫ്യൂഡൽ ഭരണവും അധിനിവേശഭരണവും ആയിരുന്നു.

ഇത് വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ്.

ശ്രീബുദ്ധന്റെ കാലത്തു ജാതി വ്യവസ്ഥയും ഉച്ച നീചത്വങ്ങളുമുണ്ടായിരുന്നു. അതില്‍ മനം നൊന്താണദേഹം ലൌകിക സുഖങ്ങള്‍ ഉപേക്ഷിച്ചത്. അതിനു ശേഷമാണ്, മൌര്യ സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്നത്. ചന്ദ്രഗുപ്ത മൌര്യന്‍ ഒരു ജൈനമത വിശ്വാസിയായിരുന്നു. പുരാതന ഇന്‍ഡ്യയുടെ സുവര്‍ണ്ണ കാലമെന്നു പറയുന്നത് അശോക ചക്രവര്‍ത്തി ഭരിച്ച 50 വര്‍ഷമാണ്.

ബി സി 260 ല്‍ അശോക ചക്രവര്‍ത്തി ബുദ്ധമതം അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കി. ആ സാമ്രാജ്യം വിശാല ഭാരതം മുഴുവനും വ്യാപിച്ച അതി വിശാലമായ ഒരു സാമ്രാജ്യമായിരുന്നു. അശോക ചക്രവര്‍ത്തി അദ്ദേഹത്തിന്റെ പ്രജകളെ എല്ലാവരെയും സമന്‍മാരായിട്ടാണു കണ്ടിരുന്നത്.

അതിനു ശേഷം സുംഗ വംശം ഉത്തരേന്ത്യയിലും, സതവഹന പാണ്ഡ്യ ചോള വംശങ്ങള്‍ ദക്ഷിണേന്ത്യയിലും ഭരിച്ചു. പിന്നീട് ഗുപ്ത സാമ്രാജ്യം ശക്തി പ്രപിച്ചു. മൌര്യ സാമ്രാജ്യത്തോളം വലിപ്പമില്ലായിരുന്നെങ്കിലും ഇന്‍ഡ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളും ആ സാമ്രാജ്യത്തിനു കീഴിലായിരുന്നു. അതിനു ശേഷം ഹര്‍ഷനും സാമാന്യം നല്ല ശക്തിയുള്ള ചക്രവര്‍ത്തി ആയിരുന്നു. ഹര്‍ഷനു ശേഷമാണ്, ഇന്‍ഡ്യ ചെറിയ ചെറിയ നാട്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു പോയത്.

മേല്‍ പറഞ്ഞ ചക്രവര്‍ത്തി മാരെ ഫ്യൂഡല്‍ പ്രഭുക്കളായി പാര്‍ത്ഥന്‍ കാണുന്നത് എങ്ങനെയെന്നു എനിക്ക് മനസിലാകുന്നില്ല.

പാര്‍ത്ഥന്റെ അഭിപ്രായത്തില്‍ എപ്പോഴായിരുന്നു വേദ കാലം? ബുദ്ധനു മുമ്പോ ഹര്‍ഷനു ശേഷമോ?

★ Shine said...

മനോജ്‌, World citizen എന്ന ആശയം നിത്യ ഗുരുവിനും അതുപോലെ ഉന്നതമായി ചിന്തിക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം. എന്നിരുന്നാലും നിത്യ ഗുരുവിന്റെ അടുത്ത്‌ ആ ആശയവുമായി വന്നതും, അതിനു വേണ്ടി കൂടുതൽ യത്നിച്ചതും Garry Davis ആണെന്നാണു എന്റെ അറിവ്‌.

കാളിദാസന്റെ കുറിപ്പു വായിച്ചപ്പോൾ ഒരു സംശയം- Feudalism വളരെ മോശമായ ഒരു കാര്യമായിട്ടാണോ കാണേണ്ടത്‌? Feudalism ആയാലും, Democracy ആയാലും ഭരിക്കുന്നവന്റെ ഗുണം ഫലത്തിൽ വരും!

പാര്‍ത്ഥന്‍ said...

@കാളിദാസൻ:
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമല്ലൊ.

1- അപ്പോള്‍ ത്രേതായുഗത്തില്‍ അമ്പലം ഉണ്ടായിരുന്നു എന്നല്ലേ ആ സംഭവം തെളിയിക്കുന്നത്.

*(എന്റെ ഭാഷാപ്രയോഗ വൈകല്യം കൊണ്ട് അന്ന് അമ്പലം ഉണ്ടെന്ന് സ്ഥാപിക്കാനാണെങ്കിൽ, ഒന്നും പറയാനില്ല. ശ്രീരാമൻ അഷ്ടബന്ധമിട്ട് ഒരു പ്രതിഷ്ഠ നടത്തിയതായിട്ട് കേട്ടിട്ടില്ല. ശിവനെ പ്രാർത്ഥിച്ചു എന്ന് പറയുന്നുണ്ട്.)

2- അയിത്താചാരങ്ങൾ ഉണ്ടായത് എന്നായിരിക്കാം. കാലഗണന ഒരുദ്ദേശ്യം വച്ച് പറയാമോ?

*(ഇതാണ് www.iish.org യുടെ കണ്ടെത്തൽ )
The caste system is old but the rigid system is about 1300 yrs old………
Was it existing during the Vedic period ?
It is not sure, it may be existing without any rigidity, so that people can easily change from one to another system …………

**(ബുദ്ധനു മുമ്പ് അയിത്താചരണങ്ങൾ ഇല്ലായിരുന്നു എന്ന് ഞാൻ അവകാശപ്പെട്ടിട്ടില്ല. കേരളത്തിൽ ബുദ്ധന്മാരെ അടിച്ചോടിച്ചിട്ടാണ് ബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ചത് എന്ന് വിശ്വസിക്കുമ്പോൾ അതിനുമുമ്പുള്ള കാലം ബ്രാഹ്മണന്റെ തലയിൽ വെക്കുന്നത് എങ്ങിനെ എന്നുള്ള ഒരു സംശയം ബാക്കിയാവുന്നു.)

***മൌര്യന്മാരുടെ പതനത്തിനുശേഷം വന്ന സുംഗരാജാവായ പുഷ്യമിത്രൻ ബ്രാഹ്മണമത ആചാരങ്ങളെ പുനർജീവിപ്പിച്ചു എന്നു പറയുന്നുണ്ട്. അദ്ദേഹം അശ്വമേധയാഗം നടത്തിയതായും പറയുന്നു.

3-വേദിക് കാലത്തിനുശേഷം ബ്രിട്ടീഷുകാർ വരെ ഭാരതത്തിൽ ഫ്യൂഡൽ ഭരണവും അധിനിവേശഭരണവും ആയിരുന്നു.
ഇത് വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ്.


*(വേദിക് കാലഘട്ടത്തിനുശേഷം രാജഭരണം ഉണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അത് എഴുതാൻ വിട്ടുപോയത് എന്റെ പിഴവ്.)

4- പാര്‍ത്ഥന്റെ അഭിപ്രായത്തില്‍ എപ്പോഴായിരുന്നു വേദ കാലം? ബുദ്ധനു മുമ്പോ ഹര്‍ഷനു ശേഷമോ?

*ഇത് 2009 ലെ iish.org യുടെ പുതുവത്സര ആശംസയാണ്:
GREETINGS OF VISHU AND MESHA SANKRANTI, THE EARTH STARTS ITS NEW REVOLUTION AROUND THE SUN, SO IT IS THE NEW YEAR DAY AND THE BEGINNING OF VIRODHI NAMA SAMVATSARAM WHICH IS THE 5110TH YEAROF KALIYUGA. HAPPY AND PROSPEROUS NEW YEAR TO ONE AND ALL.

**വേദങ്ങൾ ഉണ്ടായത് കലിയുഗത്തിനുമുമ്പാണെന്നു പറയുന്നു.
വേദകാലം എന്നു പറയുന്നത് വേദങ്ങൾ എഴുതിയ കാലമാണോ, അത് മനുഷ്യദ്രോഹപരമായി ഉപയോഗിച്ചിരുന്ന കാലത്തെക്കുറിച്ചാണോ താങ്കളും ചോദിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. എന്തായാലും എല്ലാം അഭ്യൂഹങ്ങളാണ്.
( Vedic Period in India lasted from 1500 - 600 B.C) ഇതാണ് സായിപ്പ് നമുക്ക് അംഗീകരിച്ചു തന്നിട്ടുള്ളത്. അതിൽ നിന്നുവേണമല്ലോ എല്ലാം നമ്മൾ സ്ഥിരീകരിക്കാൻ. പണ്ടും മണ്ണാൻ കളിച്ച ആറിന് അഞ്ചേ കൂട്ടുള്ളൂ എന്നു പറഞ്ഞു കേൾക്കാറുണ്ട്.

5- ശ്രീബുദ്ധന്റെ കാലത്തു ജാതി വ്യവസ്ഥയും ഉച്ച നീചത്വങ്ങളുമുണ്ടായിരുന്നു. അതില്‍ മനം നൊന്താണദേഹം ലൌകിക സുഖങ്ങള്‍ ഉപേക്ഷിച്ചത്.

*ഇവിടെ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ശാക്യസംഘത്തിലെ അംഗമായിരുന്ന സിദ്ധാർത്ഥൻ, കോളിയരുമായുള്ള യുദ്ധത്തിന് എതിരായിരുന്നു.
യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അത് സംഘം അംഗീകരിച്ചില്ല എന്നുമാത്രമല്ല, എതിരഭിപ്രായം പറഞ്ഞതുകൊണ്ട് സിദ്ധാർത്ഥൻ ശിക്ഷ നേരിടുകയും വേണം. ആ വിവരം കോസലരാജാവിന്റെ അടുത്ത് എത്താതിരിക്കാൻ സിദ്ധാർത്ഥൻ എടുത്ത തീരുമാനമാണ് പരിവ്രാജകനായി നാടുവിട്ടു പൊയ്ക്കൊള്ളാമെന്നത്.

kaalidaasan said...

ഷൈന്‍ ,


കാളിദാസന്റെ കുറിപ്പു വായിച്ചപ്പോൾ ഒരു സംശയം- Feudalism വളരെ മോശമായ ഒരു കാര്യമായിട്ടാണോ കാണേണ്ടത്‌? Feudalism ആയാലും, Democracy ആയാലും ഭരിക്കുന്നവന്റെ ഗുണം ഫലത്തിൽ വരും!


ഫ്യൂഡലിസം നല്ലതോ ചീത്തയോ എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. വേദകാലത്തിനു ശേഷം, ബ്രിട്ടീഷ് ഭരണം വരെ ഇന്‍ഡ്യയില്‍ ഫ്യൂഡല്‍ വ്യവസ്ഥയായിരുന്നു എന്നു പര്‍ത്ഥന്‍ പറഞ്ഞതിനോടാണു ഞാന്‍ വിയോജിച്ചത്.

ചരിത്രം പഠിപ്പിക്കുന്നത് അശോക ചക്രവര്‍ത്തിയുടെ ഭരണം, ജനാധിപത്യം ഉള്‍ പ്പടെ ഇന്‍ഡ്യയിലെ മറ്റേതു ഭരണത്തേക്കാളും മികച്ചതായിരുന്നു എന്നാണ്.

kaalidaasan said...

പാര്‍ത്ഥന്‍,

*(എന്റെ ഭാഷാപ്രയോഗ വൈകല്യം കൊണ്ട് അന്ന് അമ്പലം ഉണ്ടെന്ന് സ്ഥാപിക്കാനാണെങ്കിൽ, ഒന്നും പറയാനില്ല. ശ്രീരാമൻ അഷ്ടബന്ധമിട്ട് ഒരു പ്രതിഷ്ഠ നടത്തിയതായിട്ട് കേട്ടിട്ടില്ല. ശിവനെ പ്രാർത്ഥിച്ചു എന്ന് പറയുന്നുണ്ട്.)


ഞാന്‍ ഒന്നും സ്ഥാപിക്കാനല്ല പറഞ്ഞത്. അമ്പലം എന്നു പറയുന്നത് അഷ്ടബന്ധമിട്ട് ഒരു പ്രതിഷ്ഠ നടത്തുന്നതു മത്രമാണെന്നു ഞാന്‍ കരുതുന്നില്ല. അമ്പലം എന്നത് പ്രാര്‍ത്ഥനാലയം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു. ശിവനെ പ്രാര്‍ത്ഥിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു ശ്രീരാമന്‍ നടന്നു എന്നു പറഞ്ഞാല്‍ എനിക്ക് ഒന്നേ മനസിലായുള്ളു. എല്ലായിടത്തും നിന്ന് ശിവനെ പ്രാര്‍ത്ഥിക്കാന്‍ ആകില്ല. അതിനു പ്രത്യേക സ്ഥലം തന്നെ വേണം.

ബ്രാഹമണര്‍ പ്രതിഷ്ടിച്ചാണോ അല്ലയോ എന്നു നിശ്ചയമില്ലെങ്കിലും, വേദകാലത്ത് പ്രതിമകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്. ഋഗ് വേദത്തിലെ പല ഇടങ്ങളിലും ഇതേക്കുറിച്ച് സൂചനകള്‍ ഉണ്ട്. അവയില്‍ ചിലതാണു താഴെ.

VII. 88.

5. What hath become of those our ancient friendships, when without enmity we walked together?

I, Varuṇa, thou glorious Lord, have entered thy lofty home, thine house with thousand portals.

II. 41..

5. Both Kings who never injure aught seat them in their supremest home,
The thousand-pillared, firmly-based.


V.62.

6. With hands that shed no blood, guarding the pious, whom, Varuni3, ye save amid oblations.

Ye Twain, together, Kings of willing spirit, uphold dominion based on thousand pillars.

7.Adorned with gold, its columns are of iron. in heaven it glitters like a whip for horses; Or stablised on a field deep-spoiled and fruitful. So may we share the meath that loads your car-seat.

8. Ye mount your car gold-hued at break of morning, and iron-pillared when the Sun is setting,
And from that place, O Varuṇa and Mitra, behold infinity and limit~tion.


ശതപത ബ്രാഹ്മണത്തിലും പ്രതിമകള്‍ ഏതു വസ്തുകൊണ്ട് ഉണ്ടാക്കണമെന്നതിനേക്കുറിച്ചുള്ള സംവാദവും ഉണ്ട്.

പാര്‍ത്ഥന്‍ said...

@കാളിദാസൻ:
ഇവിടെയും ചിലത് എനിക്ക് യോജിക്കാത്തത് ഉണ്ട്.

1-അമ്പലം എന്നത് പ്രാര്‍ത്ഥനാലയം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

ഹിന്ദുക്കളുടെ അമ്പലം എന്ന നിലയിലല്ല മറ്റുള്ള മതങ്ങളിലെ പ്രാർത്ഥനാലയങ്ങൾ എന്നു പറയുന്ന സ്ഥലങ്ങൾ. അതിന്റെ ചിട്ടയിൽ തന്നെ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്.
(ശ്രീരാമൻ ശിവനെ പ്രാർത്ഥിച്ചു എന്നു പറയുന്നത് കടപ്പുറത്തെ അഴുക്കു നിറഞ്ഞ മണ്ണിൽ ആണ്. അതല്ലല്ലോ ഇന്ന് നമ്മൾ കാണുന്ന അമ്പലത്തിന്റെ രീതി.)
2- വേദകാലത്ത് പ്രതിമകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്.
(ഇംഗ്ലീഷിൽ കോപ്പി ചെയ്തതിന്റെ സംസ്കൃതമോ മലയാളമോ കിട്ടുമെങ്കിൽ അറിയിക്കുക.)

വേദകാലത്ത് (ദ്വാപരയുഗത്തിൽ) യജ്ഞങ്ങൾക്കായിരുന്നു പ്രാധാന്യം. കലികാലത്തിൽ പ്രാർത്ഥനയും.
യജ്ഞങ്ങളിലെ ഹവിസ് ദേവന്മാർക്കുവേണ്ടിയായിരുന്നു. യാഗങ്ങളിൽ ദേവന്മാരുടെ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നത് അടുത്തകാലത്ത് നടന്ന യാഗങ്ങളിൽപോലും കണ്ടതായി ഓർക്കുന്നില്ല. ഇന്ദ്രിയങ്ങൾക്കും പഞ്ചഭൂതങ്ങൾക്കും മറ്റു പ്രകൃതിയിലെ കാണുന്നതും അല്ലാത്തതുമായ എല്ലാറ്റിനും ദേവസങ്കല്പം തന്നെയായിരുന്നു. ഇന്ദ്രൻ വരുണൻ അഗ്നി തുടങ്ങിയവയൊന്നും വിഗ്രഹങ്ങളായിട്ടല്ല (പ്രതിമാരൂപങ്ങൾ) യജ്ഞങ്ങളിൽ സങ്കല്പിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

അരവിന്ദന്റെ ‘കാഞ്ചനസീത’യിൽ, ത്രേതായുഗത്തിലെ രാമന് (കാട്ടുരാമൻ)ആടയാഭരണങ്ങൾ ഉണ്ടാകില്ല എന്നാ‍ണ് പറയുന്നത്. ത്രേതായുഗം - ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു എന്ന് ശാസ്ത്രം പറയുന്നു. പക്ഷെ കത്തിയമരുന്ന യാഗശാലയിൽ കാഞ്ചന സീത എന്ന സ്വർണ്ണ പ്രതിമ നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്.

ദേവന്മാരെ പ്രതിമകളിലേയ്ക്ക് ആവാഹിച്ചത് എന്നുമുതലാണ് എന്ന ചോദ്യത്തിന് ഊഹാപോഹങ്ങൾ മാത്രമെ ഉത്തരമായി നിലവിലുള്ളൂ.

kaalidaasan said...

പാര്‍ത്ഥന്‍,

*ഇത് 2009 ലെ iish.org യുടെ പുതുവത്സര ആശംസയാണ്:
GREETINGS OF VISHU AND MESHA SANKRANTI, THE EARTH STARTS ITS NEW REVOLUTION AROUND THE SUN, SO IT IS THE NEW YEAR DAY AND THE BEGINNING OF VIRODHI NAMA SAMVATSARAM WHICH IS THE 5110TH YEAROF KALIYUGA. HAPPY AND PROSPEROUS NEW YEAR TO ONE AND ALL.


മതപരമായ വിശ്വാസം ആണു പാര്‍ത്ഥന്‍ എഴുതിയത്. പക്ഷെ അത് അപ്പാടെ സ്വീകാര്യമാണോ? പണ്ട് ലോകം സൃഷ്ടിക്കപ്പെട്ടത് എന്നാണെന്നു ഒരു ക്രൈസ്തവ പുരോഹിതന്‍ കൃത്യമായി പറഞ്ഞിരുന്നു. അത് ബൈബിളില്‍ പറയുന്ന വിവരണം അനുസരിച്ചായിരുന്നു. ഇതൊക്കെ സത്യമാണെന്നു വിശ്വസിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ ബുദ്ധിമുട്ടിപ്പോകും .

മറ്റൊരിടത്ത് പാര്‍ത്ഥന്‍ എഴുതി, ശ്രീരാമന്‍ ശിവനെ ആരാധിക്കാന്‍ സ്ഥലം അന്വേഷിച്ചു നടന്നു എന്ന്. ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണു ഹൈന്ദവ വിശ്വാസം. അപ്പോള്‍ മഹാവിഷ്ണുവിന്റെയും ദൈവമാണോ ശിവന്‍?

kaalidaasan said...

പാര്‍ത്ഥന്‍,

മനുഷ്യദ്രോഹപരമായി ഉപയോഗിച്ചിരുന്ന കാലത്തെക്കുറിച്ചാണോ താങ്കളും ചോദിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. എന്തായാലും എല്ലാം അഭ്യൂഹങ്ങളാണ്.
( Vedic Period in India lasted from 1500 - 600 B.C) ഇതാണ് സായിപ്പ് നമുക്ക് അംഗീകരിച്ചു തന്നിട്ടുള്ളത്. അതിൽ നിന്നുവേണമല്ലോ എല്ലാം നമ്മൾ സ്ഥിരീകരിക്കാൻ



ഞാന്‍ ഉദ്ദേശിച്ചത് മനുഷ്യ ദ്രോഹപരമായി ജാതി ഉപയോഗിച്ചിരുന്ന കാലത്തേക്കുറിച്ചാണ്.

സായിപ്പ് അംഗീകരിച്ചു തന്നിട്ടുള്ളത് വിട്ടുകള. ശ്രീബുദ്ധന്റെ കാലത്ത് ജാതി വ്യവസ്ഥ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. തങ്കള്‍ അത് വിശ്വസിക്കുന്നുണ്ടോ ഇല്ലയോ?

ഖടോത്ഖജന്‍ എന്ന രാഷസന്‍, മഹാഭാരത യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുനെങ്കില്‍, താന്‍ തന്നെ കൊല്ലുമായിരുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്. എന്തായിരുന്നു അതിന്റെ കാരണം?

ദ്രോണാചാര്യര്‍ ഏകലവ്യനെ ധനുര്‍വിദ്യ പഠിപ്പിക്കാത്തതിന്റെ കാരണം എന്തായിരുന്നു?

*ഇവിടെ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ശാക്യസംഘത്തിലെ അംഗമായിരുന്ന സിദ്ധാർത്ഥൻ, കോളിയരുമായുള്ള യുദ്ധത്തിന് എതിരായിരുന്നു.
യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അത് സംഘം അംഗീകരിച്ചില്ല എന്നുമാത്രമല്ല, എതിരഭിപ്രായം പറഞ്ഞതുകൊണ്ട് സിദ്ധാർത്ഥൻ ശിക്ഷ നേരിടുകയും വേണം. ആ വിവരം കോസലരാജാവിന്റെ അടുത്ത് എത്താതിരിക്കാൻ സിദ്ധാർത്ഥൻ എടുത്ത തീരുമാനമാണ് പരിവ്രാജകനായി നാടുവിട്ടു പൊയ്ക്കൊള്ളാമെന്നത്.


അത് സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലെ ഒരു സംഭവം. അത് മാത്രം അടര്‍ത്തിയെടുത്ത്, അതു മാത്രമായിരുന്നു സിദ്ധാര്‍ത്ഥന്‍ ലൌകിക ജീവിതം ഉപേക്ഷിക്കാന്‍ കാരണം എന്നു പറയുന്നത് യുക്തി സഹമാണോ?

kaalidaasan said...

പാര്‍ത്ഥന്‍,

ഹിന്ദുക്കളുടെ അമ്പലം എന്ന നിലയിലല്ല മറ്റുള്ള മതങ്ങളിലെ പ്രാർത്ഥനാലയങ്ങൾ എന്നു പറയുന്ന സ്ഥലങ്ങൾ. അതിന്റെ ചിട്ടയിൽ തന്നെ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്.
(ശ്രീരാമൻ ശിവനെ പ്രാർത്ഥിച്ചു എന്നു പറയുന്നത് കടപ്പുറത്തെ അഴുക്കു നിറഞ്ഞ മണ്ണിൽ ആണ്. അതല്ലല്ലോ ഇന്ന് നമ്മൾ കാണുന്ന അമ്പലത്തിന്റെ രീതി.)


താങ്കള്‍ ഇവിടെ കാതലായ വിഷയത്തില്‍ നിന്നും മാറിപ്പോകുന്നു.

പ്രാര്‍ത്ഥനാലയങ്ങളുടെ ഉള്ളിലെ ചിട്ടകളേക്കുറിച്ചല്ല ഞന്‍ പറഞ്ഞത്. ഏതു ചിട്ടയായാലും, അത് ഉപയോഗിക്കുന്നത് പ്രാര്‍ത്ഥനക്കും ആരാധനക്കും മാത്രമാണ്.

ഹിന്ദുകളുടെ അമ്പലത്തില്‍ ചില ജാതിയില്‍പ്പെട്ട ആളുകള്‍ ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അത് ജാതി വിവേചനത്തിന്റെ ഒരു മുഖമായിരുന്നു. അത് എന്നു മുതലാണ്, ഹിന്ദുമതത്തില്‍ കടന്നു വന്നത് എന്നാണു നമ്മള്‍ ചര്‍ച്ച ചെയ്തതും.

എല്ലാ മതങ്ങളും അവ ഉണ്ടായതു മുതല്‍ ആരാധനലയങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദു മതത്തില്‍ അതുണ്ടായിരുന്നില്ല എന്നാണു താങ്കള്‍ പറഞ്ഞു വന്നത്. പക്ഷെ ഋഗ് വേദത്തില്‍ ദൈവ ആരാധനക്കുള്ള പ്രത്യേക ഇടങ്ങളേപ്പറ്റി പരാമര്‍ശമുണ്ട്.

കടപ്പുറത്തെ അഴുക്കു നിറഞ്ഞ സ്ഥലത്ത് ശ്രീരാമനു ശിവ്നെ പ്രാര്‍ത്ഥിക്കേണ്ടി വന്നു. അതിന്റെ കരണം , അദ്ദേഹം നിന്നിരുന്ന സ്ഥലം സനാതന്‍ ധര്‍മ്മ പ്രബല്യത്തിലുണ്ടായിരുന്ന സ്ഥലമല്ല. അതു കൊണ്ട് ആ ധര്‍മ്മത്തിലെ ദൈവത്തെ ആരാധിക്കുന്ന സ്ഥലം കിട്ടാനില്ലയിരുന്നു. അതു മത്രമല്ല. അഴുക്കു നിറഞ്ഞ ഇടങ്ങളിലും ദൈവ സാന്നിദ്ധ്യമുണ്ട്. ചിട്ടകളോടെ പ്രതിഷ്ടിച്ച ഇടത്തു മാത്രമല്ല. ചിട്ടയോടെ പ്രതിഷ്ടിച്ച ഇടങ്ങളില്‍ നിന്നും മനുഷ്യ ജീവികളെ ആട്ടിയകറ്റി നിറുത്തിയ സംഗതിയാണു നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

ഖടോത്ഖജനെ വധിക്കുമായിരുന്നു എന്നു പറഞ്ഞതും, മറ്റൊരു ജാതിയിലെ രജകുമാരനായിരുന്ന ഏകലവ്യനു ധനുര്‍വിദ്യ നിഷേധിച്ചതും, മറ്റു ചില ജാതിക്കാരെ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാതിരുന്നതും എല്ലാം ഒരേ ചിന്താസരണിയില്‍ നിന്നുമുടലെടുത്ത പ്രവര്‍ത്തികളായിരുന്നു. അതാണു ഞാന്‍ പറഞ്ഞു വന്നത്. ഇതൊക്കെ സംഭവിച്ചത് എന്നൊക്കെയാണെന്ന് പാര്‍ത്ഥനു സ്വന്തമായി ചിന്തിച്ചുകൂടെ? എന്തിനാണു ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കാല ഘടന ഉപയോഗിക്കുന്നത്?

kaalidaasan said...

പാര്‍ത്ഥന്‍,

(ഇംഗ്ലീഷിൽ കോപ്പി ചെയ്തതിന്റെ സംസ്കൃതമോ മലയാളമോ കിട്ടുമെങ്കിൽ അറിയിക്കുക.)

ഇംഗ്ളിഷില്‍ കോപ്പി ചെയ്തതിന്റെ ലിങ്ക് നല്‍കാന്‍ ഞാന്‍ മറന്നു പോയതാണ്.

ഇതാണു ലിങ്ക്. Sacred Texts of Hinduism..


ഇവിടെ ഈ പുസ്തകങ്ങളെല്ലാം ഇംഗ്ളീഷിലും സംസ്കൃതത്തിലും ഉണ്ട്.

kaalidaasan said...

പാര്‍ത്ഥന്‍,

വേദകാലത്ത് (ദ്വാപരയുഗത്തിൽ) യജ്ഞങ്ങൾക്കായിരുന്നു പ്രാധാന്യം. കലികാലത്തിൽ പ്രാർത്ഥനയും.
യജ്ഞങ്ങളിലെ ഹവിസ് ദേവന്മാർക്കുവേണ്ടിയായിരുന്നു. യാഗങ്ങളിൽ ദേവന്മാരുടെ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നത് അടുത്തകാലത്ത് നടന്ന യാഗങ്ങളിൽപോലും കണ്ടതായി ഓർക്കുന്നില്ല. ഇന്ദ്രിയങ്ങൾക്കും പഞ്ചഭൂതങ്ങൾക്കും മറ്റു പ്രകൃതിയിലെ കാണുന്നതും അല്ലാത്തതുമായ എല്ലാറ്റിനും ദേവസങ്കല്പം തന്നെയായിരുന്നു. ഇന്ദ്രൻ വരുണൻ അഗ്നി തുടങ്ങിയവയൊന്നും വിഗ്രഹങ്ങളായിട്ടല്ല (പ്രതിമാരൂപങ്ങൾ) യജ്ഞങ്ങളിൽ സങ്കല്പിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

അരവിന്ദന്റെ ‘കാഞ്ചനസീത’യിൽ, ത്രേതായുഗത്തിലെ രാമന് (കാട്ടുരാമൻ)ആടയാഭരണങ്ങൾ ഉണ്ടാകില്ല എന്നാ‍ണ് പറയുന്നത്. ത്രേതായുഗം - ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു എന്ന് ശാസ്ത്രം പറയുന്നു. പക്ഷെ കത്തിയമരുന്ന യാഗശാലയിൽ കാഞ്ചന സീത എന്ന സ്വർണ്ണ പ്രതിമ നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്.

ദേവന്മാരെ പ്രതിമകളിലേയ്ക്ക് ആവാഹിച്ചത് എന്നുമുതലാണ് എന്ന ചോദ്യത്തിന് ഊഹാപോഹങ്ങൾ മാത്രമെ ഉത്തരമായി നിലവിലുള്ളൂ.



ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ത്രേതായുഗം ദ്വാപര യുഗത്തിനു മുമ്പാണല്ലോ. ശ്രീരാമന്‍ മണല്‍ കൊണ്ട് ശിവ ലിംഗം ഉണ്ടാക്കി ആരാധിച്ചു എന്നാണു രാമായണം പറയുന്നത്. അന്നും വിഗ്രഹങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നതല്ലേ ശരി.

അഗ്നിയായിരുന്നു ഋഗ് വേദത്തിലെ പ്രധാന ദൈവം. യജ്ഞത്തില്‍ അഗ്നിദേവനാണു എല്ലം സമര്‍പ്പിച്ചിരുനത്. അത് വെറും സങ്കല്‍ പ്പമായിരുന്നില്ല. യധാര്‍ത്ഥ അഗ്നിയുണ്ടാക്കി അതിലേക്കാണ്, ഹവിസ് സമര്‍പ്പിച്ചിരുന്നത്. എന്നു വച്ചാല്‍ അഗ്നി ഒരു വിഗ്രഹം അല്ലായിരുന്നോ? യാഗശാലകളില്‍ കാണുന്ന സാധാരണ തി മാത്രമായിരുന്നോ അഗ്നിദേവന്‍?

ത്രേതായുഗം ശിലായുഗത്തിനും മുമ്പായിരുന്നു എന്ന് ഏത് ശാസ്ത്രമാണു പറയുന്നത്? ത്രേതായുഗം എന്നു പറയുന്നത് പുരണങ്ങളില്‍ പറയുന്ന ഒരു സങ്കല്‍പ്പമാണ്. അത് ശാസ്ത്ര സത്യങ്ങളുമായി കൂട്ടിക്കുഴക്കുന്നത് യുക്തി സഹമല്ല എന്നാണെന്റെ അഭിപ്രായം.

വേദകാലത്ത് വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു എന്നത് ശരിയാണ്. യജൂര്‍ വേദത്തില്‍ ഇതു തെളിയിക്കുന്ന പല പരാമര്‍ശങ്ങളുമുണ്ട്.

ദേവന്‍ മാരെ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന മതമാണു ഹിന്ദു മതം. അത് വേദങ്ങളില്‍ പറയുന്ന സനാതന മതം തന്നെയാണൊ എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്. ക്രിസ്തു മതവും, ഇസ്ലാമും യഹൂദ മതവും ഒരേ പാരമ്പര്യം അവകാശപ്പെടുന്നു എന്നു പറഞ്ഞ പോലെ, ഹിന്ദുമത പരമ്പര്യം സനാതന മതത്തിന്റേതാണെന്നും വേണമെങ്കില്‍ വാദിക്കാം.

പാര്‍ത്ഥന്‍ said...

കാളിദാസൻ പറയുന്നു:
താങ്കള്‍ ഇവിടെ കാതലായ വിഷയത്തില്‍ നിന്നും മാറിപ്പോകുന്നു.

ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്.
ഈ പോസ്റ്റിന്റെ ഉദ്ദേശം, ചാതുർവർണ്ണ്യം ഉണ്ടാക്കിയത് ഭഗവത് ഗീതയിൽ കൃഷ്ണനും, ജാതിവ്യത്യാസം വളർത്തിയത് മനുസ്മൃതിലൂടെ മനുവും അല്ലെന്നുള്ള എന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തുക എന്നതായിരുന്നു. ബാക്കി എന്തെങ്കിലും പരാമർശങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ഇതിന്റെ ഒരു ചെറിയ തോണ്ടലുകൽ മാത്രമാണ്. അതിനെതിരെയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഒരു മറുപടി എഴുതണമെങ്കിൽ ഒരു പുസ്തകമോ ഒരു ലിങ്കോ വായിച്ചാൽ മതിയാവില്ല. ഓർമ്മയിലുള്ള ചിലത് പറയാമെന്നല്ലാതെ ഒന്നും പൂർണ്ണമാവില്ല. ഒരുകാര്യം തീരുമാനിക്കാം. പൌരാണിക ഭാരതീയ രീതികളും അതിലൂടെ ലഭിക്കുന്ന കാലഘട്ടവും വെച്ച് ഇനിയുള്ള കാര്യങ്ങൾ ആലോചിക്കാം. അതിനിടയിൽ സായിപ്പ് പറയുന്ന കാലഘട്ടം മറന്നു കളയാം.

പാര്‍ത്ഥന്‍ said...

കാളിദാസൻ പറയുന്നു:

ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണു ഹൈന്ദവ വിശ്വാസം. അപ്പോള്‍ മഹാവിഷ്ണുവിന്റെയും ദൈവമാണോ ശിവന്‍?

അവതാരം എന്നു പറയുമ്പോൾ കിട്ടുന്ന അർത്ഥം ഒരു കഥക്കു യോജിക്കുന്നതാണ്.
ആത്മീയ തലത്തിൽ അതിന് നിലനില്പില്ല. വേറൊരു ലോകത്തു നിന്ന് (ബ്രഹ്മലോകം, വിഷ്ണുലോകം) ഭൂമിയിൽ വന്ന് അവതരിക്കുക എന്നു പറയുമ്പോൾ ഫാന്റസിയായിപ്പോകും ഈശ്വര സങ്കല്പം.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഖടോത്ഖജന്‍ എന്ന രാഷസന്‍, മഹാഭാരത യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുനെങ്കില്‍, താന്‍ തന്നെ കൊല്ലുമായിരുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്. എന്തായിരുന്നു അതിന്റെ കാരണം?

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു ...

പാര്‍ത്ഥന്‍ said...

കലിയുഗവർഷത്തെക്കുറിച്ച് എഴുതിയപ്പോൾ കാളിദാസന്റെ പുച്ഛത്തോടു കൂടിയ മറുപടി ഇങ്ങനെ:

മതപരമായ വിശ്വാസം ആണു പാര്‍ത്ഥന്‍ എഴുതിയത്. പക്ഷെ അത് അപ്പാടെ സ്വീകാര്യമാണോ?

ലോകം നിലനിൽക്കുന്നത് വ്യക്തമായ ചില നിയമങ്ങളിലാണ്. അതിന് കണക്കിന്റെ ഒരു ഫോർമുല കണ്ടുപിടിക്കുക മാത്രമാന് മനുഷ്യന്റെ ബുദ്ധിവൈഭവം. ഓരോരുത്തരുടെയും ചിന്താശക്തിയനുസരിച്ച് ചിലതെല്ലാം കണ്ടുപിടിക്കുകയും അതിനെ സാമാന്യജനം എതിർക്കാതെ സമ്മതിക്കുകയും ചെയ്യുന്നു. അംഗീകരിക്കാൻ മനസില്ലാത്തവർ എതിർക്കും. ബുദ്ധികൂടുതലുള്ളവർ വേറെ ഒരു തിയറി ഉണ്ടാക്കും. അതാണ് ശാസ്ത്രം.

ആര്യഭടൻ പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള വേദങ്ങളിലെ മന്വന്തരങ്ങളുടെ കണക്കുകൾ വെച്ച് കലിയുഗം തുടങ്ങിയ ഏകദേശ സമയം കണക്കുകൂട്ടിയിരുന്നു. അതാണ് ഇതുവരെ അംഗീകരിച്ചു പോരുന്നത്. നെറ്റിൽ തപ്പിയാൽ ഇതൊക്കെ ആർക്കും കാണാവുന്നതാണ്. വേറൊരു തിയറി വരുന്നതു വരെ നമുക്കത് ശരിവെക്കാം.
The Starting Date of Kaliyuga:
It is midnight on tha meridian of Ujjain in India of Feb.18, 3102B.C. The seven planets including the Sun and Moon cannot be seen since they are all lined up in one direction on the other side of the earth. According to jyothisha sasthras this alignment of the planets actually occured on this date which marks the begining of the KALIYUGA.

Kvartha Test said...

ശ്രീരാമന്‍ ശിവനെ, അല്ലെങ്കില്‍ ശിവന്‍റെ "ലിംഗത്തെ" പ്രാര്‍ത്ഥിച്ചു എന്ന് പറയുന്നു. ഏതാണാ ലിംഗം? കൂടാതെ ശിവനും എല്ലായ്പോഴും ധ്യാനത്തില്‍ അല്ലേ? ആ ശിവന്‍ ആരെയാണ് പ്രാര്‍ത്ഥിക്കുന്നത്? ശിവന്‍ ശിവലിംഗത്തെയാണോ ധ്യാനിക്കുന്നത്? ഈ ശിവനെയും വിഷ്ണുവിനെയും സൃഷ്ടിച്ചതാരാണ്? ബ്രഹ്മാവാണോ? അല്ലല്ലോ. ഇതൊക്കെ സൃഷ്ടിച്ചവനെ സൃഷ്ടിച്ചതാരാണ്? എല്ലാവരും സ്വയംഭൂ ആണോ? അങ്ങനെ ചിന്തിച്ചാല്‍ അന്തമില്ല.

ഭാഗവതത്തിലോ മറ്റോ ശിവന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നതായി പറയുന്നുണ്ട്. അങ്ങനെ പോകുന്നു പുരാണങ്ങളിലെ കെട്ടുപിണച്ചിലുകള്‍. എല്ലാവരും അവനവനെ തന്നെയാണ്, ആ ചൈതന്യത്തെയാണ്, പ്രാര്‍ത്ഥിക്കുന്നത് അഥവാ ധ്യാനിക്കുന്നത് എന്ന് കരുതാം.

4,32,000 വര്‍ഷത്തില്‍ കൂടുതല്‍ കാലങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ത്രേതായുഗത്തിലെ രാമനെ കുറിച്ചുള്ള എല്ലാ 'ലിഖിതങ്ങളും' വിശ്വസിക്കാമോ? അന്നത്തെ ഭാഷ എന്തായിരുന്നു? അത്രയും വര്‍ഷത്തോളം ഭാഷയ്ക്ക് പരിണാമം വന്നിട്ടില്ലേ? നമ്മുടെ കൊച്ചു കേരളത്തിലെ 'സ്വാതന്ത്ര്യ സമരങ്ങള്‍' പോലും വളച്ചൊടിച്ചു ചരിത്രം തിരുത്തി എഴുതിയ നമ്മുടെ ഭരണകര്‍ത്താക്കളെപ്പോലെ, പണ്ടും ചക്രവര്‍ത്തിമാര്‍ ഉണ്ടായിരുന്നിരിക്കില്ലേ? നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന നാരായണസ്വാമിയും ചട്ടമ്പിസ്വാമിയും അന്നത്തെ പച്ച മലയാളത്തില്‍ എഴുതിയതുപോലും വ്യാഖ്യാനിക്കാനോ മനസ്സിലാക്കുവാമോ കഴിയാത്ത നാം 4,32,000 വര്‍ഷങ്ങള്‍ക്ക് സംഭവിച്ചുവെന്ന് കരുതുന്ന സംഭവങ്ങളുടെ വിവരണം എന്നുകരുതുന്ന ഗ്രന്ഥങ്ങളെ വെട്ടികീറി ചരിത്രം പഠിക്കുന്നത് എന്ത് രസകരം! എന്നാല്‍ അതിലെ ജീവിത തത്ത്വങ്ങള്‍ മാത്രം ചര്‍ച്ചകളില്‍ വരുന്നുമില്ല!

രാമനോ കൃഷ്ണനോ ബുദ്ധനോ ജീവിച്ചിരിപ്പുണ്ടായിരുന്നോ? ഏതു കാലഘട്ടത്തില്‍? അതിനു മുമ്പ് മനുഷ്യരും ഈശ്വരനും എന്ത് ചെയ്തു? ഈ മതങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ്, അപ്പോള്‍ ഈശ്വരന്‍ ഉണ്ടായിരുന്നോ? ആ ഈശ്വരനെ ആരെങ്കിലും അറിഞ്ഞിരുന്നോ? വേദങ്ങള്‍ സൃഷ്ടിച്ചത് ഈശ്വരനോ? എന്നു? അതുവരെ എന്തായിരുന്നു? എങ്ങനെയായിരുന്നു? അതോ ഇതെല്ലാം വെറും കഥകളാണോ? എന്നൊക്കെ അന്വേഷിക്കുന്ന നമ്മള്‍ക്ക് "ഞാന്‍ ഉണ്ട്" എന്ന ബോധം ഉണ്ടല്ലോ. ഈ നിമിഷത്തില്‍ അവനവന്‍ ഉണ്ട് എന്നത് മാത്രമേ നാം ഓരോരുത്തര്‍ക്കും ഉറപ്പുള്ളൂ താനും. നമുക്ക് കഥകളുടെ പിറകെ പോയി, അവസാനം ഒന്നും മനസ്സിലാകാതെ ഈ ജീവിതം തീര്‍ക്കാം. അല്ലെങ്കില്‍ സ്വയം ധ്യാനിക്കാം, ശാന്തത അനുഭവിച്ചു ജീവിക്കാം. അതിനാല്‍ മനസ്സിന്‍റെ വിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടാതെ മനസ്സിനെ നന്മയിലൂടെ നയിച്ച് ശാന്തിയായിരുന്ന് ആനന്ദമായിരുന്ന് പ്രവര്‍ത്തിക്കാം. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

വിഷയത്തില്‍ നിന്നും മാറിയെങ്കില്‍ ദയവായി ക്ഷമിക്കുക.

Unknown said...

നല്ല നിരീക്ഷണങ്ങള്‍ ...