Wednesday, September 21, 2011

അന്ത്യേഷ്ടിയും സമാധിയുംഅടുത്തയിടെ അന്തരിച്ച സത്യസായിബാബയുടെ അന്തിമ ചടങ്ങുകൾ വേദവിധിപ്രകാരമാണ് നടന്നത് എന്നു പറയുകയും,  ഭൌതിക ശരീരം സമാധിയിരുത്തുകയുമാണുണ്ടായത്.  സമാധിയിരുത്തൽ  വേദവിധിപ്രകാ‍രം  ചെയ്യുന്ന അന്ത്യകർമ്മമാണോ  എന്നതാണ്  ഇന്നത്തെ വിഷയം.

അതുപോലത്തന്നെ ഒസാമ ബിൻലാദന്റെ  മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കടലിൽ ഒഴുക്കി  സംസ്കരിച്ചു.  ഇതും വിധിപ്രകാരമല്ല എന്നാണ് എന്റെ അഭിപ്രായം.  പ്രാർത്ഥന കർമ്മങ്ങൾ നടത്തിയിരിക്കാം.  ആചാരപ്രകാരവും  അന്ധവിശ്വാസപ്രകാരവും  മുസ്ലീങ്ങളുടെ ഭൌതികശരീരം മണ്ണിനോട് ചേർക്കണം. മണ്ണിൽ നിന്നും ജനിച്ചവനെ മണ്ണിലേക്കുതന്നെ അയക്കുന്നു.  അവിടെക്കിടന്നാൽ മാത്രമെ അന്ത്യദിനത്തിൽ ഉയർത്തെഴുന്നേൽക്കാൻ കുറച്ച് എല്ലെങ്കിലും ബാക്കി ലഭിക്കുകയുള്ളൂ.

നാട്ടിലുള്ള സമയത്ത്  അടുത്ത വീട്ടിലെ ഒരു സ്ത്രീ മരിച്ചതിന്റെ അന്ത്യകർമ്മങ്ങൾ നടക്കുകയായിരുന്നു.  പരിസരത്തുള്ള എല്ലാവരും അവിടെ കൂടിയിരുന്നു.  മൃതദേഹം  സംസ്കരിക്കാൻ (സ്ഫുടം ചെയ്യൽ ആയിരുന്നു) എടുത്തപ്പോൾ  അടുത്ത വീട്ടിലെ മുസ്ലീം സുഹൃത്ത് പറഞ്ഞു; “ഞാൻ പോവുകയാണ്, എനിക്ക്  ഈ ശരീരം തീയിൽ വെയ്ക്കുന്നത് കാണാൻ കഴിയില്ല”.  മണ്ണിട്ടു മൂടുമ്പോൾ തോന്നുന്ന വിഷമം  മാത്രമെ  ഇക്കാര്യത്തിലും മൃതദേഹത്തിന് ഉണ്ടാവുകയുള്ളൂ  എന്നു ഞാൻ മറുപടി പറഞ്ഞു.

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ  അനുഷ്ഠിക്കേണ്ട ചില ആചാരങ്ങൾ ഉണ്ട്.   ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.  ഷോഡശഃ കർമ്മങ്ങൾ  എന്നറിയപ്പെടുന്ന  പതിനാറ് സംസ്കാരവിധികൾ ജീവിതത്തിൽ അനുഷ്ഠിക്കുവാൻ  നമുക്ക് നിയോഗമുണ്ട്.      ഇത്തരത്തിലുള്ള സംസ്കാരത്തിലൂടെയാണ് മാനവൻ സംസ്കാരസമ്പന്നനാകുന്നത്‌. 
മരിച്ചു കഴിഞ്ഞാൽ മൃതദേഹം   സംസ്കരിക്കുന്നതിൽ നമുക്ക്  പലതരം അഭിപ്രായങ്ങളാണ്.  കുട്ടികളായാൽ കുഴിച്ചിടുന്നത് നല്ലത്.  പ്രായമായവരെങ്കിൽ ചിതയിൽ വെയ്ക്കുന്നത് നല്ലത്.   മൂത്തവർ നിൽക്കുമ്പോൾ ഇളയവർ മരിച്ചാൽ   കുഴിച്ചിടണം എന്നാണ് വിധി എന്നുവരെയുള്ള  നാട്ടുപ്രമാണിത്തം കേൾക്കാം.

 മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.  അന്തരീക്ഷവും ഭൂമിയും ദുഷിക്കാതിരിക്കാൻ  ഭസ്മാന്തം ശരീരം എന്ന വേദാനുശാസനം പിന്തുടരുകയാണ് ദുർബുദ്ധിയില്ലാത്തവർക്ക് ചെയ്യുവാൻ വിധിയുള്ളത്.  ജലസമാധി ജലത്തെയും, ഭൂസമാധി ഭൂമിയെയും മലീമസമാക്കും.  വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതറിയണം.  ഹിന്ദുക്കളാണ് എന്നഭിമാനിക്കുന്നവർ വേദത്തെ പ്രമാണമാക്കുകതന്നെവേണം.   വേദാനുസാരമല്ലാത്ത  സമാധിയും സംസ്കരണവും കാരണം ഗംഗയും പ്രയാഗയും കാശിയും യമുനയും പമ്പയും നിളയും വിഷപൂരിതമാക്കുകയാണ്  ചെയ്യുന്നത്.  മറ്റു മതക്കാരുടെ ഗ്രന്ഥങ്ങൾ അവർക്ക് പ്രാമാണികമായതുപോലെ  ഹിന്ദുക്കളും വേദത്തെ പ്രമാണമാക്കണം.  വേദനിന്ദകൻ നാസ്തികനാണ്, എന്ന് സ്മൃതി വചനം ഉണ്ട്.

കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടിവന്നേക്കാം. 

നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി. 

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തി പ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.  ശവ്യം പരേതനുവേണ്ടി ചെയ്യുന്നതല്ല.  ലൌകികനുവേണ്ടിയാണ് അതെല്ലാം ചെയ്യുന്നത്. 

അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

മാടനടിച്ചാലും മരണകാരണം ഹൃദയസ്തംഭനം തന്നെ.  പുല അസ്പൃശ്യതയാണ്.  രക്ഷസ്സുകളാണ് രോഗാണുക്കൾ.  അവ ആക്രമിച്ച് ചോരകുടിക്കാതെ സൂക്ഷിക്കണം.  അതിന് പുല ആചരിക്കുന്നത് നല്ലതാണ്.  പത്തു ദിവസം ശുദ്ധി ആചരിക്കാൻ  സ്മൃതികൾ  പറയുന്നു.   16 ദിവസം  പുലയുള്ളവർ പണ്ട് പടയാളികളും വാല്യക്കാരുമായിരുന്നു. ജോലി ചെയ്യാതിരിക്കാൻ ആറു ദിവസംകൂടി നേടിയെടുത്തതാവാം.  ശാസ്ത്രീയമായി പറഞ്ഞാൽ ഇന്ന് പുല ആചരിക്കേണ്ടതില്ല.  നല്ല അണു-കുമിൾ നാശിനികൾ എല്ലായിടത്തും   ലഭ്യമാണ്.  സുഗന്ധവസ്തുക്കൾ ഉപയോഗിച്ചു  പുകയ്ക്കുമ്പോൾ അന്തരീക്ഷം ശുദ്ധമാകും.  വായുവും  ജലവും ഭൂമിയും ശുദ്ധമായാൽ അഗ്ന്യാകാശങ്ങളും ശുദ്ധമാകും.  അങ്ങനെ പുല ഇല്ലാതെയാകും.  പിന്നെ ആർക്കു പുല.  സുഗന്ധങ്ങളുടെ പുക പുലയകറ്റും.  പിന്നെ അവധി വേണമെങ്കിൽ  പത്തോ, പതിനാറോ, നല്പത്തിയൊന്നോ ദിവസം ബലിയിട്ട് ഉണ്ടിരിക്കാൻ വിരോധമില്ല.  “അമൃതം പരിത്യജ്യ വിഷം പിബന്തി”.  അമൃതം കളഞ്ഞ് വിഷം കുടിക്കുന്ന ലോകമാണ്.   ഇതിൽ കൂടുതൽ എന്തു പറയാൻ.

എന്തുകൊണ്ട്  ഈ ലേഖനം എഴുതി എന്ന് പലരും ചോദിച്ചേയ്ക്കാം.   ഗുരുദേവദർശനങ്ങൾ വായിച്ചതുകൊണ്ടുമാത്രം എന്നേ മറുപടിയുള്ളൂ. കൂടാതെ ഇന്ന്  (കന്നി 5 – സെപ്റ്റംബർ 21)   ഗുരുദേവസമാധിദിനമാണ്. ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരു പറഞ്ഞ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും   വേദാർത്ഥജ്ഞാനവും  അദ്ദേഹത്തിന്  ഉണ്ടായിരുന്നു.


12 comments:

പാര്‍ത്ഥന്‍ said...

ഇന്ന് (കന്നി 5 – സെപ്റ്റംബർ 21) ഗുരുദേവസമാധിദിനമാണ്.

ഒരിക്കൽ സംശയ നിവൃത്തിക്കായി ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌. അതിന് ഗുരു പറഞ്ഞ മറുപടി; “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്നായിരുന്നു.

Manickethaar said...

ആചാര്യ ദേവോഭവ....

t.a.sasi said...

മരിക്കുന്നതിനു മുന്‍പ് ഇതുപോലുള്ള കാര്യങ്ങള്‍ അറിയേണ്ടവ തന്നെ
പാര്‍ത്ഥന് നന്ദി.

jayan edakkat said...

Nandhi

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശവം ആയിക്കഴിഞ്ഞ ശരീരം കുഴിച്ചിട്ട്‌ പുഴു അരിക്കാന്‍ വിടുന്നതിനെക്കാള്‍ ദഹിപ്പിക്കുന്നതാണ്‌ നല്ലത്‌ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം

ഇവിടെയും പല സ്ഥലങ്ങളിലും പാടങ്ങളിലും മറ്റുമായി ഓരോരോ ശവകുടീരങ്ങള്‍ ഉണ്ടാക്കി കാക്ക തൂറി കിടക്കുന്നതു കാണുമ്പോള്‍ അതുണ്ടാക്കിയവര്‍ക്ക്‌ എന്തായിരിക്കും തോന്നുക എന്നും ആലോചിച്ചിട്ടുണ്ട്‌.

പക്ഷെ അതൊക്കെ വികാരപരമായ കാര്യങ്ങള്‍ ആയതിനാല്‍ - മറ്റൊരാള്‍ അഭിപ്രായം പറയുന്നത്‌ ഉചിതമായിരിക്കില്ല എന്നും എന്റെ പക്ഷം

കയ്യെഴുത്ത് said...

aachaarathinu aekeekaranam venemennu pande thonniyirunnu... itharam charchakal athinu thudakkammaavatte...thanks
regards
mineesh

moideen angadimugar said...

യുക്ത്യാധിഷ്ടിതമായി സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും വേദാർത്ഥജ്ഞാനവും ഗുരുവിന് ഉണ്ടായിരുന്നു.

മുക്കുവന്‍ said...

ഈലൊകത്തുള്ളാ വേറൊരു ജീവിയേയും ദഹിപ്പിക്കാ‍തെ, മനുഷ്യനെ മാത്രം എന്തിനാണാവോ ദഹിപ്പിക്കണേ? എന്റെ ശരീരം ഏതേലും മെഡിക്കല്‍ കോളേജിനു കൊടുക്കണം.. നല്ല എല്ലാ അവയവങ്ങണും ഇപ്പോ തന്നെ ഡോണര്‍ ആണു.. ബാക്കിയുള്ളതവര്‍ക്കിരിക്കട്ടേ... എന്തിനു വെറുതെ കത്തിച്ചും,മണ്ണിലിട്ടും കളയുന്നു..ആവശ്യമുള്ളവര്‍ ഉപയോഗിച്ചാ‍ാലെന്താ കയ്കോ തനിക്ക്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ആവശ്യമുള്ളവര്‍ ഉപയോഗിച്ചാ‍ാലെന്താ കയ്കോ തനിക്ക്? "

ഹ ഹ ഹ പാര്‍ത്ഥാ താങ്കള്‍ മുക്കുവനോട്‌ കയ്ക്കും എന്നു പറഞ്ഞാരുന്നൊ?
:)
അതെന്താ വെളിയില്‍ പറയാത്തത്‌ ?

പാര്‍ത്ഥന്‍ said...

മുക്കുവന് സംസ്കരിക്കുക എന്നാൽ എന്താണെന്ന് പറഞ്ഞിട്ടുള്ളത് മനസ്സിലായില്ല എന്നു തോന്നുന്നു.

Vp Ahmed said...

മതാചാരങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാതെയാണ് പലരും പലതും ചെയ്യുന്നതും അനുശാസിക്കുന്നതും.

http://surumah.blogspot.com

ഇ.എ.സജിം തട്ടത്തുമല said...

താങ്കൾ പുലി ബ്ലോഗ്ഗറാണല്ലോ. വിജ്ജാനപ്രദം. തുടർവായനയ്ക്കുള്ള സൌകര്യർത്ഥം എന്റെ വായനശാലയിൽ ഈ ബ്ലോഗ് ഉൾപ്പെടുത്തുന്നു. ആശംസകൾ!