
ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്. കപിലന്റേതുപോലുള്ള പ്രകൃതിശാസ്ത്രപഠനങ്ങളിൽ
അറിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട് ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട് ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക് ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന് അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത് മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാപദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ് എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.
അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:
ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;
[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]
പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.

പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.
(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)