Saturday, April 18, 2009

മത്സരം.

എവിടെ നോക്കിയാലും മത്സരം. ജീവിതത്തിന്റെ ഓരോ മാത്രയിലും മത്സരം. ഒരു വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ നോക്കൂ. അമ്മായിയമ്മയും മരുമക്കളും തമ്മിൽ മത്സരം. ഏതെങ്കിലും ജോലി ആരാണ് വേഗം ചെയ്തു തീർക്കുന്നത് എന്നുള്ള മത്സരമല്ല. ആരുടെ അഹങ്കാരമാണ്, അധികാരമാണ് മുന്നിലെത്തുന്നത് എന്നുള്ള മത്സരമാണ്. അതുമൂലം ഒരു പണിയും നടക്കില്ല. ഫലമോ, കുടുംബ കലഹം.

ചെറുപ്പം മുതലേ കുട്ടികളെ ഏറ്റവും മുന്നിലെത്താൻ നമ്മൾ മത്സരിപ്പിക്കുന്നു. ക്ലാസിൽ ഒന്നാമനാവാൻ, ഓട്ടത്തിൽ ഒന്നാമനാവാൻ, ആദ്യം ജോലികിട്ടാൻ (അർഹതപ്പെട്ടതല്ലെങ്കിലും), പേരും പ്രശസ്തിയും ലഭിക്കാൻ. എല്ലാറ്റിന്റെ പിന്നിലും സ്വാർത്ഥം എന്ന വികാരമാണ് നമ്മളെ നയിക്കുന്നത്.

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെ പറയേണ്ടി വരും. മത്സരം ഏറ്റവും ചീത്തയായിട്ടുള്ളതിനെയാണ് പ്രകടമാക്കുന്നത് . വിദ്വേഷമാണ് മത്സരത്തിൽ നിന്നും ഉണ്ടാകുന്നത്‌. മത്സരത്തിൽ പങ്കെടുക്കുന്നവർ പരാജയപ്പെട്ടാൽ, ജയിച്ചവനോട് വിദ്വേഷം ജനിക്കും. അപ്പോഴാവും ഒരു വക്കീലിന്റെ പ്രവേശനം. ഇതിനെ നമുക്കു ചോദ്യം ചെയ്യണം. അതിനുള്ള വകുപ്പുണ്ട്. പിന്നെ കേസായി, കോടതിയായി, വിചാരണയായി. അതു കൂടാതെ ഈ വിദ്വേഷം സ്വയം പീഠിപ്പിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരും. സ്കൂൾ യുവജനോത്സവങ്ങളിൽ പരാജയപ്പെട്ടെന്നറിയുമ്പോൾ ചിലങ്ക വലിച്ചെറിയലും ശപിക്കലും പലപ്പോഴും പ്രകടമാകാറുണ്ട്. എന്തിന് കുട്ടികളെ പറയുന്നു, അന്തർദ്ദേശീയ ടെന്നീസ് മത്സരങ്ങളിൽ അമർഷം പ്രകടിപ്പിക്കാൻ റാക്കറ്റ് വലിച്ചെറിയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായതിനെ ഉത്ഭവിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മത്സരവേദികൾ.

ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്. പൊതുജനസേവന തല്പരരായ നേതാക്കന്മാർ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ അവിഹിതമായ കൂട്ടുകെട്ടിലൂടെയും നികൃഷ്ടമായ മാർഗ്ഗങ്ങളിലൂടെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു.

ഏതെങ്കിലും മാറ്റം കൊണ്ടുവരാനാണെങ്കിൽ അത് മത്സരം കൊണ്ട് സാധിക്കില്ല. മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അതായത് സ്വരൂപമോ സ്വഭാവമോ സ്വന്തമായില്ലാത്ത മനസ്സിൽ. മനസ്സെന്നു പറയുന്ന ഒരു പ്രത്യേക വസ്തു എവിടെയും നിലനിൽക്കുന്നില്ല. മനുഷ്യർ തമ്മിൽ തമ്മിൽ പരസ്പരസ്നേഹവും, സാഹോദര്യവും, സഹകരണവും വളർത്തിയെടുക്കുമ്പോൾ അവിടെ അനിർവ്വചനീയമായ ഒരു അറിവ്‌ ഉണ്ടാകും. ആ അറിവ് നമ്മളെ നന്മയിലേയ്ക്ക് നയിക്കട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

'ജയ് ഹിന്ദ് '

11 comments:

പാര്‍ത്ഥന്‍ said...

ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്.

മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്.

Appu Adyakshari said...

മത്സരം അധികാരത്തിനുവേണ്ടിയാകുമ്പോള്‍ അത് കൂടുതല്‍ മോശമായി തീരുന്നു. മത്സരം സേവനത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ തിളക്കമേറീയതും.

★ Shine said...

മൽസരം നല്ലതിനെ പുറത്തു കൊണ്ടു വരാനോ, തിരഞ്ഞെടുക്കാനോ വേണ്ടി ഉണ്ടായതാണു... പക്ഷെ, മൽസരിക്കുന്നവരുടെയും, മൽസരം വിലയിരുത്തുന്നവരുടെയും മനോവികാരത്തിനനുസരിച്ചു ഫലം മാറിപ്പോകുന്നുവേന്നല്ലേ ഉള്ളു?

മൽസരിക്കണം, പക്ഷെ ഫലത്തെക്കുറിചോർത്തു അധികം ആധി പിടിക്കരുത്‌ എന്നല്ലേ ഉള്ളു? ഏതാണ്ട്‌ അങ്ങനെ അല്ലേ, ഭഗവാൻ കൃഷ്ണനും പറഞ്ഞത്‌?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മത്സരം നല്ലതാണെന്ന ധാരാളം തിയറികള്‍ ഉണ്ട് . അത് നല്ല , ക്വാളിറ്റി , ചീപ് റേറ്റ് , നല്ല സര്‍വിസ് , നല്ല പ്രൊടക്ടുകള്‍ , ഇവ തരുന്നില്ലേ ഉദാഹരണം മൊബൈല്‍ കമ്പനികള്‍ .. പിന്നെ മത്സരം വളര്‍ച്ചയും ഉണ്ടാക്കുന്നു .. റിലയന്‍സ് , ആലുക്കാസ് ഒക്കെ ഉദാഹരണങ്ങള്‍ ..

മത്സരം നല്ലതാണ് , പക്ഷെ അതിനെ വ്യക്തിപരമായി കാണാതെ പ്രൊഫഷനല്‍ ആയി കണ്ടാല്‍. കാണാന്‍ കഴിഞ്ഞാല്‍ ഒരു കുഴപ്പവുമില്ല .

പാര്‍ത്ഥന്‍ said...

ഇവിടെ വന്ന് അനുഗ്രഹിച്ചവർക്കെല്ലാം നമസ്ക്കാരം.
അപ്പുവിന്റെയും കുട്ടേട്ടന്റെയും ശാരദനിലാവിന്റെയും അഭിപ്രായങ്ങളെ അംഗീകരിക്കുന്നു.
* മത്സരം സേവനത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു.
** ഫലത്തെക്കുറിചോർത്തു അധികം ആധി പിടിക്കരുത്‌ .
*** അത് നല്ല , ക്വാളിറ്റി , ചീപ് റേറ്റ് , നല്ല സര്‍വിസ് , നല്ല പ്രൊടക്ടുകള്‍ , ഇവ തരുന്നില്ലേ ഉദാഹരണം മൊബൈല്‍ കമ്പനികള്‍ .. പിന്നെ മത്സരം വളര്‍ച്ചയും ഉണ്ടാക്കുന്നു .

വികസനത്തിനുവേണ്ടിയുള്ള മത്സരത്തിൽ ആരും ആരെയും തോല്പിക്കുന്നില്ല. എല്ലാവരും ഉത്പാദനം കൂട്ടാൻ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്താതെ , പൊതു മുതൽ നശിപ്പിക്കാതെ, രക്തസാക്ഷികളെ സൃഷ്ടിക്കാതെ മത്സരിച്ച് പണിയെടുക്കട്ടെ.
ഇത്തരത്തിലല്ലാത്ത മത്സരങ്ങളുടെ , നമ്മൾ ദർശിക്കാത്ത, മാനസിക സംഘർഷങ്ങളുണ്ടാക്കുന്ന
മറുപുറവും ഉണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ് ഉദ്ദേശിച്ചത്‌.

G.MANU said...

‘ആരോഗ്യകരമായ മത്സരം’ എന്നൊരു വകുപ്പുണ്ടല്ലോ..പക്ഷേ അതും പ്രാക്ടിക്കലി വിദ്വേഷാധിഷ്ഠിതം തന്നെ ആണെന്നു തോന്നുന്നു

ശ്രീ said...

മനുവേട്ടന്‍ സൂചിപ്പിച്ചതു പോലെ എവിടേയും ആരോഗ്യകരമായ മത്സരം ആണെങ്കില്‍ കുഴപ്പമില്ല...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാര്‍ത്ഥന്‍ ജി, മല്‍സരവുമായി ബന്ധപ്പെട്ട ഒരു കാര്യം

പായിപ്പാട്‌ വള്ളം കളി സൗഹൃദാന്തരീക്ഷത്തില്‍ വളരെകാലം നടന്നു വന്നിരുന്ന ഒരു ഉലസവമായിരുന്നു. ആറന്മുള വള്ളം കളിയെ പോലെ. ജലഘോഷയാത്രയായി പാട്ടുപാടിക്കളിച്ച്‌ ആഘോഷിച്ചിരുന്നു. ഞങ്ങള്‍ ഒക്കെ ചെറുപ്പത്തില്‍ അതില്‍ പങ്കെടുത്തിട്ടുള്ളവരാണ്‌.

ഇന്നോ മല്‍സരം അയ്യൊ പൊത്തോ എന്നു ഉലക്ക കൊണ്ടിടിച്ച്‌ പാഞ്ഞു പോകുന്ന വള്ളങ്ങള്‍ ഒന്നു വീതം അല്ലെങ്കില്‍ രണ്ടു വീതം അല്ലെങ്കില്‍ മൂന്നു വീതം തുടങ്ങിയാലും വേഗതയിലുള്ള വ്യത്യാസം കാരണം പലപ്പോഴും രണ്ടു വള്ളങ്ങള്‍ തന്നെ ഒരുമിച്ചു കാണുവാന്‍ കിട്ടുകയില്ല. പലപ്പോഴും തമ്മില്‍ തല്ലും മറ്റും കാരണം മ്ലരവും ജലഘോഷയാത്രയും നിര്‍ത്തിവയ്ക്കുകയും , കോടതി തന്നെ വള്ളം കളി നിരോധിക്കുകയും ഉണ്ടായിട്ടുണ്ട്‌.

എന്നാല്‍ ഘോഷയാത്ര പണ്ടത്തെ പോലെ തന്നെ കളിക്കുകയും അതില്‍ സ്വാഭാവികമായി ഒന്നാമതെത്തുന്ന വള്ളത്തിനു സമ്മാനം കൊടൂക്കുകയും ചെയ്യുന്ന ആറന്മുള വള്ളംകളി അതിന്റെ സ്വാഭാവികഭംഗിയോടെ ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

trking

പാര്‍ത്ഥന്‍ said...

മനു, ശ്രീ, പണിക്കർജി: സന്തോഷം.

പണിക്കർജി ഒരു ഉദാഹരണം എഴുതിയതുകൊണ്ട്, സ്വാമി സാന്ദീപ് ചൈതന്യ വെളിപ്പെടുത്തിയ ഒരു അനുഭവം കൂടി പങ്കുവെയ്ക്കാം എന്നു കരുതുന്നു.
................
ചിന്മയ മിഷൻ ഗീത ചൊല്ലൽ മത്സരം നടത്താറുണ്ടായിരുന്നു. എല്ലാ മത്സരത്തെയും അവസാനിപ്പിക്കാനുള്ളതല്ലെ ഗീത. അതിന്റെ പേരിൽ ഒരു മത്സരം വേണോ എന്ന് ചിലർ ചോദിക്കാറുണ്ട്. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തത്ത്വമായിരുന്നു അതിനു മറുപടി പറഞ്ഞിരുന്നത്. സ്ഥിരമായി ഒന്നാം സമ്മാനം കിട്ടിക്കൊണ്ടിരുന്ന കുട്ടികൾക്ക് ആ വർഷം സമ്മാനം കിട്ടാതിരുന്നപ്പോൾ ആ കുട്ടികളുടെ രക്ഷിതാക്കൾ കോടതിയിൽ കേസു കൊടുത്തു. തേജോമയാനന്ദസ്വാമിയും സാന്ദീപ് ചൈതന്യയുമടക്കം നാലു പേർ മൂന്നു പ്രാവശ്യം ഈ കാരണത്താൽ കോടതി കയറി.

ആരുടെ പേരിലും അന്യായം കൊടുക്കാനും കോടതി കയറ്റാനും നമുക്ക് സ്വാതന്ത്യമുള്ളപ്പോൾ എന്തിന് ഗീതാപ്രഭാഷകനെ മാത്രമായി ഒഴിവാക്കണം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇന്ന് മത്സരം നല്ലതിനെ പുറത്ത് കൊണ്ട് വരാന്‍ സഹായിക്കുന്നില്ല എന്നത് സത്യമാണ്. ആരോഗ്യകരമായ മത്സരം എന്നൊന്ന് ഇന്നില്ല.
കുട്ടികളെ എല്ലാത്തിലും ഒന്നാമതാക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുമ്പൊള്‍ അവരറിയുന്നില്ല ആ കുട്ടി തന്നേക്കാള്‍ മിടുക്കരായവരെ വെറുക്കുകയും തന്നേക്കാള്‍ മോശമായവരെ പുച്ഛിക്കാനും ശീലിക്കുന്നു.

ഇന്ന് എങ്ങനേയും ഏത് മാര്‍ഗ്ഗത്തിലും വിജയിക്കുന്നവര്‍ക്കേ സ്ഥാനമുള്ളൂ, എവിടെയും.