Monday, October 11, 2010

കാളി തത്ത്വം




ഭാരതത്തിലെ ഈശ്വരസങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.

മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കുന്നു.

ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.   ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

(  ദുർഗ്ഗ എന്ന അമ്മയെക്കുറിച്ച് പഴയ ഒരു പോസ്റ്റ് .)

10 comments:

പാര്‍ത്ഥന്‍ said...

നവരാത്രി ആഘോഷത്തിന്റെ നാളുകളല്ലെ, കാളിയെത്തന്നെ ആരാധിക്കാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാളി നന്നായി.

Appu Adyakshari said...

കാളിയെ കുറിചുള്ള പോസ്റ്റ്‌ നന്നായി. പുതിയ അറിവുകൾ. പോസ്റ്റിനോടൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ ശിവനെ കാളി ചവിട്ടുന്നതായാണല്ലോ കാണിച്ചിരിക്കുന്നത്‌? ഇത്‌ ഏതു സന്ദർഭമാണ്‌?

അനില്‍@ബ്ലോഗ് // anil said...

മാഷെ,
വിശ്വാസത്തെയും ഭക്തിയെയും ഒന്നും പരാമര്‍ശിക്കുന്നില്ല. ചെറുപ്പകാലത്ത് വളരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ഒരു ചിത്രമായിരുന്നു ഇത്, ഭയാനകമായ ഈ രൂപത്തിനു മുന്നില്‍ കൈ കൂപ്പി അമ്മ പ്രാര്‍ത്ഥിക്കുന്നതെന്തിനെന്ന് അത്ഭ്തപ്പെട്ടിട്ടുമുണ്ട്.
അതു പോട്ടെ.

പുരാണ കഥയിലെ വാചങ്ങളെ സാധാരണക്കാരനായ ഒരു ചിത്രകാരന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ ഉണ്ടായ ഒരു ചിത്രം മാത്രമല്ലെ ഇത്?
രക്തം കുടിക്കുന്ന എല്ലാ പാത്രസൃഷ്ടിക്കളും നാവ് പുറത്ത് ചാടിയ മട്ടിലാണ് വരക്കപ്പെടുന്നത്. അതുപോലെ നിറവും മറ്റ് കാര്യങ്ങളും .
ഇവക്ക് " മൗനം " തുടങ്ങിയ വ്യാഖ്യാനങ്ങള്‍ നല്കുന്നത് ഒറിജിനല്‍ (കഥയിലെ) രൂപം ഇഷടപ്പെടുന്നില്ല എന്നതുകൊണ്ടാവാം .

പാര്‍ത്ഥന്‍ said...

@ അനിൽ :

[പുരാണ കഥയിലെ വാചങ്ങളെ സാധാരണക്കാരനായ ഒരു ചിത്രകാരന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ ഉണ്ടായ ഒരു ചിത്രം മാത്രമല്ലെ ഇത്? ]

പിക്കാസൊ തുടങ്ങിയ ആധുനിക ചിത്രകാരന്മാരുടെ ഭാവനകൾ സാധാരണക്കാർക്കെല്ലാം മനസ്സിലാവുന്നവിധത്തിലാണെന്ന് എനിക്കഭിപ്രായമില്ല. അതുപോലെ ഇത്തരം ചിത്രം വരച്ച ഒരാൾ ഒരു തത്ത്വജ്ഞാനിയായിരിക്കും എന്ന് എനിക്കു തോന്നുന്നു.


[രക്തം കുടിക്കുന്ന എല്ലാ പാത്രസൃഷ്ടിക്കളും നാവ് പുറത്ത് ചാടിയ മട്ടിലാണ് വരക്കപ്പെടുന്നത്. അതുപോലെ നിറവും മറ്റ് കാര്യങ്ങളും . ]


കേട്ടറിവുള്ള അത്തരം കഥാപാത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തു, അവരുടെ രൂപങ്ങളും.

[ഇവക്ക് " മൗനം " തുടങ്ങിയ വ്യാഖ്യാനങ്ങള്‍ നല്കുന്നത് ഒറിജിനല്‍ (കഥയിലെ) രൂപം ഇഷടപ്പെടുന്നില്ല എന്നതുകൊണ്ടാവാം .]


ഒറിജിനൽ ?
അങ്ങിനെയൊന്നുണ്ടോ ഭാരതീയ ഈശ്വരസങ്കല്പങ്ങളിൽ. എങ്കിൽ ഇവിടെ ഒരു ചർച്ചയാവാം. എന്റെ തെറ്റായ ധാരണകൾ തിരുത്താനുള്ള അവസരവും കൂടിയാവും.

Deva Sena said...

>>
മുറിച്ച കൈകള്‍ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്നു. കയ്യ് കര്‍മ്മത്തിന്റെ പ്രതീകമാണ് കര്‍മ്മം ചെയ്യുമ്പോള്‍ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടില്‍ ചുറ്റിയിരിക്കുന്ന കയ്യ്.
<<

അത് ശരി. എനിക്ക് ഇതൊട്ടും രസിക്കുന്നില്ല.
കഴിയുമെങ്കില്‍ ഒരു കുറിപ്പ് തയ്യാറാക്കാന്‍ നോക്കാം

Deva Sena said...

ട്രാക്കട്ടെ

Manickethaar said...

പുതിയ അറിവുകൾ,നന്നായി.

പാര്‍ത്ഥന്‍ said...

അപ്പൂ,

ഭദ്രകാളിയെക്കുറിച്ച് പല കഥകളും ഉണ്ട്. ശിവനെ അപമാനിച്ച് യാഗം നടത്തിയ ദക്ഷന്റെ മുന്നിൽ വെച്ച് സ്വയം അഗ്നി ജ്വലിപ്പിച്ച് സതി ആത്മാഹൂതി ചെയ്തതറിഞ്ഞപ്പോൾ, തൃക്കണ്ണിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ച് ആ യാഗം കലക്കാൻ നിയോഗിച്ചു. വീണ്ടും ബ്രഹ്മാവിന്റെ നിർലോഭമായ അനുഗ്രഹത്താൽ അഹങ്കാരിയായിത്തിർന്ന ദാരികനെ നിഗ്രഹിക്കാനായി വീണ്ടും ഈ ഭദ്രകാളി ജന്മമെടുത്തു. അന്ന് എല്ലാ ദേവന്മാരുടെയും അനുഗ്രഹങ്ങളൂം അലൂല്യമായ ആയുധങ്ങളും കൊടുത്തിരുന്നു. കാ‍ളിയെ 4 - 8 – 12 എന്നീ വിധത്തിൽ കയ്യുകളുള്ളതായും പറയുന്നു. ദാരിക നിഗ്രഹത്തിനുശേഷം രൌദ്രം അടങ്ങാത്ത കാളിയെ തടുക്കാൻ ആരാലും കഴിഞ്ഞില്ല. അവസാനം ശിവൻ, കാളി താണ്ടവമാടുന്ന സ്ഥലത്ത് കിടന്നു. സൃഷ്ടി കർത്താവിനെ കണ്ടാൽ ശമനം ഉണ്ടാകും എന്നു കരുതിക്കാണും. പക്ഷെ ശിവനെ അവിടെയിട്ടു ചവിട്ടിക്കൂട്ടിയെന്നും, അതല്ല അതിനുശേഷം കലിയടങ്ങിയെന്നും പറയുന്നു. പിന്നീട് ആരും ഭദ്രകാളിയെ ജീവനോടെ കണ്ടിട്ടില്ല.

കടമ്മനിട്ടയിലും മറ്റും ഉള്ള പടയണിയുടെ ഐതിഹ്യത്തിലും, ചില ഭഗവതി ക്ഷേത്രങ്ങളിലെ മുടിയേറ്റ് എന്ന അനുഷ്ഠാനത്തിലും, മറ്റു ചിലയിടങ്ങളിൽ നടത്തുന്ന തീയ്യാട്ട്, ചില കാവുകളിലെ ദാരികവധത്തിന്റെ ആവിഷ്കരണം തുടങ്ങിയവയിലെല്ലാം ഐതിഹ്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. തമിഴ്നാട്ടിൽ രാമായണം തോല്പാവക്കൂത്ത് നടത്തുന്നതിന്റെ പിന്നിലും ഈ മിത്തുകൾ കാണാം.

കാവലാന്‍ said...

കൊള്ളാം ചിത്രത്തിന് ഈ വിധത്തിലുള്ള വിശദീകരണങ്ങളുള്ളത് കേട്ടിട്ടില്ലായിരുന്നു.