ന്യായവൈശേഷിക ചിന്താ പദ്ധതികളിൽ കൂടെക്കൂടെ പ്രയോഗിച്ചു കാണാറുള്ള ‘ജാതി’ ഇന്ത്യയിലെ സാമൂഹികതയിൽ സാധാരണക്കാർ അർത്ഥമറിയാതെ ഉപയോഗിച്ചു പോരുന്ന ‘ജാതി’ എന്ന വ്യവഹാരത്തിനു തുല്യമല്ല. അത് സാമാന്യം, ജാതി, വ്യക്തി എന്ന അർത്ഥത്തിൽ മനസ്സിലാക്കുമ്പോഴേ പ്രസക്തിയുള്ളൂ. മനുഷ്യജാതിയിൽപ്പെട്ട രാമൻ, കൃഷ്ണൻ, സീത എന്നെല്ലാം പറയുന്നത് വ്യക്തികളാണ്.
ജീവികൾ എന്നു പറയുന്ന സാമാന്യത്തിൽ, പുലിവർഗ്ഗം, പശുവർഗ്ഗം, മനുഷ്യവർഗ്ഗം എന്നെല്ലാം പറയുന്നത് ജാതികളാണ്.
അങ്ങനെ പല വർഗ്ഗങ്ങൾ (ജാതികൾ) ചേർന്ന ജീവിവർഗ്ഗം. അല്ലാതെ ഇംഗ്ലീഷിൽ ‘കാസ്റ്റ്’ എന്നു പറയുന്ന അർത്ഥത്തിലല്ല ദർശനങ്ങളിൽ ‘ജാതി’ പ്രയോഗിച്ചിട്ടുള്ളത്. ഇംഗ്ലീഷുകാരന്റെ തർജ്ജമയും വിമർശനങ്ങളും വായിച്ച് ഇതിനെയെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് പലപ്പോഴും ദർശനങ്ങളിലെ വാക്കുകളെയും ആശയങ്ങളെയും തെറ്റിദ്ധരിക്കപ്പെടുന്നത്.
ജാതി (വർഗ്ഗം) = Caste
വർണ്ണം (ചാതുർവർണ്ണ്യം) = Colour
അതുപോലത്തന്നെ വർണ്ണശബ്ദത്തെ മനസ്സിലാക്കേണ്ടത് ശാരീരികമായ നിറത്തെ സംബന്ധിക്കുന്നതായിട്ടല്ല. അതുകൂടാതെ, മനസ്സിനെ സംബന്ധിച്ചാണെങ്കിൽ പോലും കോപിഷ്ഠനായിരിക്കുന്ന സമയത്തു മനസ്സിനെ ബാധിച്ചിരിക്കുന്ന വർണ്ണമല്ല ആഹ്ലാദചിത്തനായിരിക്കുമ്പോൾ മനസ്സിനുള്ള വർണ്ണം. അതുകൊണ്ട് വർണ്ണത്തിന്റെ പേരിൽ സാമൂഹികമായ വിഭജനം നടത്തുന്നത് അശാസ്ത്രീയമാണ്.
ജാതി എന്നത് ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയമാകയാൽ, നിഷ്പക്ഷമായ ശാസ്ത്രബുദ്ധിയോടുകൂടി സാമൂഹികജീവിതത്തിലെ
കാര്യകാരണകർത്തൃത്വങ്ങളോടുകൂടി മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്. ശാസ്ത്രസത്യത്തെ നേരിടേണ്ടത് ശാസ്ത്രസത്യം കൊണ്ടുതെന്നെ വേണം. അല്ലാതെ രാഷ്ടീയപ്രസക്തിയുള്ള വികാരാവേശം കൊണ്ടായിരിക്കരുത്.
ഭഗവദ് ഗീതയിൽ പരാമർശിക്കുന്ന വർണ്ണവ്യവസ്ഥയുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് നടരാജഗുരു പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.
"ചിലരുടെ പെരുമാറ്റച്ചിട്ടകളെയും മാനുഷികമായ സദ്ഗുണങ്ങളെയും ഉയർന്നതാണെന്ന് വിലയിരുത്തുന്നതിനായി വേറെ ചിലരുടേത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് പറയുന്ന ഒരു കീഴ്വഴക്കം ഇന്ത്യൻ ആദ്ധ്യാത്മികതയിൽ വന്നുകൂടി. തൽഫലമായി ജനതയെ തമ്മിൽത്തമ്മിൽ അടക്കുവാൻ കഴിയാത്തമാതിരിയുള്ള വിഭാഗീയതയിൽ തളച്ചിടാൻ കഴിഞ്ഞു. അതിനെയാണ് ഇന്ന് ജാതിവ്യവസ്ഥ എന്നു വിളിച്ചുപോരുന്നത്. ഇന്ത്യ ആദ്ധ്യാത്മിക മൂല്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു രാജ്യമായിരിക്കെ അവിടെ ഈ മാതിരിയുള്ള വിഭജനം ഉണ്ടായപ്പോൾ മനുഷ്യന് ഇതരജീവിവർഗ്ഗങ്ങളിൽനിന്നും ഉള്ള വ്യത്യാസത്തേക്കാൾ ജാതിവ്യത്യാസം കൂടുതൽ യാഥാർത്ഥ്യമായി തോന്നി. ചാതുർവർണ്ണ്യത്തെ മാത്രമല്ല ജാത്യാഭിമാനമായി ജനങ്ങൾ കൊണ്ടുനടന്നിരുന്നത്. ജാതിവ്യത്യാസത്തിന്റെ ഹൃദയസ്ഥാനത്തിരിക്കുന്ന ഒരു പ്രത്യേക ചേതോവികാരം ഉണ്ട്. അത് മനുഷ്യപ്രകൃതിയിലെ ഒരു തിന്മയായി ലോകത്തെവിടെയും കാണുവാൻ കഴിയും. വെള്ളക്കാരന്റെയും നീഗ്രോയുടെയും ഇടയിലുള്ള മനോഭാവത്തിൽ ഇതിനെ വിട്ടുവീഴ്ചയില്ലാത്ത ഒരു കാർക്കശ്യമായി കാണാം. ഒരു തത്ത്വത്തിലും അധിഷ്ഠിതമല്ലാതെ കേവലം മുൻവിധിയെ മാത്രം ആധാരമാക്കിക്കൊണ്ട് കീഴ്മേലുള്ള ശ്രേണികളെ സൃഷ്ടിച്ച് വ്യത്യാസത്തെ ദൃഢീകരിക്കുകയാണ് ഈ സ്വഭാവത്തിൽ നിന്നും സഹജമായുണ്ടാകുന്ന സാമൂഹികവ്യവസ്ഥ. ഇന്ത്യയിൽ ഈ വ്യവസ്ഥ രൂപം കൊണ്ടപ്പോൾ അത് കൂടുതൽ ഗൌരവമുള്ളതായി ഭവിച്ചു. ജാതിവ്യത്യാസത്തെ വ്യക്തമായി അനുശാസിക്കുന്ന ധർമ്മശാസ്ത്രങ്ങൾ ഇവിടെ ഉണ്ടായി. ഭാരതീയ ചരിത്രത്തിന്റെ ആദ്യകാലത്തുതന്നെ എഴുതി വച്ചിട്ടുള്ള മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി മുതലായവയെല്ലാം ജാതിയെ ഇന്ത്യക്കാരന്റെ ജീവിതത്തിൽ വലിയൊരു യാഥാർത്ഥ്യമാക്കുവാൻ ഇടയാക്കി. ഇന്ത്യയിലെ ആദിവാസികളുടെ നടുവിലേയ്ക്ക് കടന്നുവന്ന ആര്യന്മാരുടെ ഈ വിഭജനപ്രക്രിയ ചാതുർവർണ്ണ്യത്തെ കർശനമായി ജനങ്ങളിലടിച്ചേല്പിക്കുന്ന ഒരു സമ്പ്രദായമാക്കിത്തിർത്തു. അതിനുമുമ്പുതന്നെ ഇവിടെ നിലനിന്നിരുന്ന വിവിധ ജാതി സംഘങ്ങളെ ചാതുർവർണ്ണ്യത്തിന്റെ ഏതെങ്കിലുമൊരു കള്ളിയിൽ ഉൾപ്പെടുത്താൻ അവർക്കു കഴിഞ്ഞു".
(തുടരും)
5 comments:
വർണ്ണം, ജാതി, മതം, ഗോത്രം, സവർണ്ണൻ, അവർണ്ണൻ, വർണ്ണാതീതൻ.
ഇതെല്ലാം മനുഷ്യൻ സൃഷ്ടിച്ചതാണെങ്കിൽ മനുഷ്യനുതന്നെ
ഇതില്ലാതാക്കാനും കഴിയണം.
ജാതി വ്യവസ്ഥിതി ആരുടെയെങ്കിലും തലയില്‍ കെട്ടി വക്കുക എന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. കാരണം ഇന്നലകളുടെ ഉത്തരവാദിത്വം എന്ന ആ ചിന്താഗതി തന്നെ തെറ്റാണ്. അപ്പോള്‍ ആ ചിന്താഗതികള്‍ ഒക്കെ പറഞ്ഞും എഴുതിയും ഓരോരോ അനുമാനങ്ങളിലും ചരിത്ര 'സത്യത്തിലും' ഒക്കെ മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കാന് ശ്രമിക്കുന്ന ചരിത്ര ബുജികള്‍ക്കു ആര് മണി കെട്ടാന്‍? അവര്‍ സമൂഹത്തെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചാടിക്കുന്നു.. അതും തനി ബുദ്ധിമോശവും, രാഷ്ട്രീയവും കാരണം! അതിനു ഉത്തരവാദികള്‍ ആരൊക്കെ ആണെന്ന് ചരിത്രം കൃത്യമായി രേഖപ്പെടുത്തും!
പോരാത്തതിന് ജാതിവ്യവസ്ഥിതി അന്നത്തെ സമൂഹത്തില്‍ ഉണ്ടായിരുന്ന പല സാമൂഹിക-സാമ്പത്തിക തട്ടുകളുടെ ഒരു രൂപം മാത്രമാണ്. അതിപ്പോളും ഇല്ലേ? എന്തുകൊണ്ട് മാറുന്നില്ല? പുതിയ രൂപങ്ങള്‍ ഉള്ള പുതിയ തട്ടുകള്‍ ഉണ്ടായി വരുന്നില്ലേ? ഇതൊക്കെ ആരെങ്കിലും മനപ്പൂര്‍വം ഉണ്ടാക്കുന്നതാണോ? അതിനൊക്കെ കാടടച്ചു വെടി വയ്ക്കാന്‍ പോയാല്‍ ആരെ ഒക്കെ കൊല്ലേണ്ടി വരും?-എനിക്കറിയില്ല!!
ഇന്ന് ജാതി എന്നത് ഒരു വ്യവസ്ഥിതി അല്ല... മറിച്ച് ഒരു രാഷ്ട്രീയ ആയുധമാണ്.. അപ്പോള്‍ അവിടെ ന്യായം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ എന്നത് ദുഖകരമായ സത്യം മാത്രം!
പാര്ഥന്,
എന്റെ മറ്റു ചില ചിന്തകള്‍ കൂടി..
നമ്മള് ഭാരത, ഹിന്ദു സംസ്കാരത്തെ പറ്റി വിശകലനം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് ജാതി വ്യവസ്ഥിതി എന്നതിനെ വിശകലനം ചെയ്യുമ്പോള്‍ മനുസ്മൃതി ഒക്കെ വിമര്‍ശനത്തിനു വിധേയമാകുന്നു. അവയെ വിമര്‍ശിക്കുമ്പോള്‍ തന്നെ, ആ ചിന്തകളും എഴുത്തുകളും വന്ന കാലഘട്ടത്തെ മനസ്സില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വേണം എന്ന് തോന്നുന്നു. ഇന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതികളോ, പുരോഗതിയോ, സംസ്കാരമോ പോലും അല്ലായിരുന്നു അന്ന് എന്നും എത്ര ദശാബ്ദങ്ങള്‍ മുന്‍പായിരുന്നു അവ രൂപം കൊണ്ടത് എന്നും മനസ്സിലാക്കണം. അല്ലാതെ ഇന്നത്തെ നമ്മുടെ പുരോഗതികളെ വച്ച് താരതമ്യം ചെയ്താല്‍ പമ്പര വിഡ്ഢിത്തം ആകുമത്. ഒരു പക്ഷെ, ഇന്നത്തെ നമ്മള് പലരും കുഴപ്പമില്ല/ശരി എന്ന് കരുതുന്ന പലതും നൂറ്റാണ്ടുകള്‍ കഴിഞ്ഞു വിമര്ശിക്കപ്പെട്ടെക്കാം..
അതായത് നമ്മുടെ ഇന്നത്തെ സാമൂഹിക ചുറ്റുപാടിലെ ശരികള്‍ (വിവാഹം എന്ന വ്യവസ്ഥിതി പോലും) നാളത്തെ സാമൂഹിക ചുറ്റുപാടില്‍ അനാവശ്യമായ ഒരു അനാചാരമായാല് അത്ഭുതപ്പടെണ്ട...
തുടരട്ടെ
വായിച്ചവർക്കെല്ലാം നന്ദി.
വീണ്ടും ഇവിടെ തുടരുന്നു.
Post a Comment