നിങ്ങൾ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികൾ സ്മൃതികൾ ധർമ്മസൂത്രങ്ങൾ
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.
ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.
സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”
വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.
ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (ഇവിടെയും - ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.
മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ “ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.
വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]
ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.
മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :
മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്‍ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”
(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)
മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ “ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.
മനുസ്മൃതിയുടെ കാലഘട്ടം:
മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)
ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)
വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.
ആരാണ് മനുസൃതി എഴുതിയ മനു:
വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:
* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]
The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.
എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.
ശാസ്ത്ര തത്ത്വങ്ങളാണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.
ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.
നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.
ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.
*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർയുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.
മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.
ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.
പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.
ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.
മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.
(തുടരും)
35 comments:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്.
മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
പാര്ത്ഥന് ചേട്ടാ,
ഞാനൊരു തുടക്കക്കാരനാണ്. താങ്കളുടെ ലേഖനത്തിന് കമന്റ് എഴുതാനുള്ള അറിവൊന്നും എനിക്കില്ല. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ താത്പര്യമുണ്ട്. എന്റെ അറിവില്‍, മനുസ്മൃതി, വളരെ നീണ്ട കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന പല പല മഹര്ഷിമാരുടെയും പണ്ട്തിതന്മാരുടെയും മറ്റും
ഗവേഷണത്തില്‍ നിന്നും പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും ഒക്കെ ഉരുത്തിരിഞ്ഞു വന്ന
ജീവിത വീക്ഷണങ്ങലാവണം. ഇത് വായ്മൊഴിയിലുടെ പകര്‍ന്നു പകര്‍ന്നു തലമുറകള്‍ കൈമാറിയിരിക്കണം. പില്ക്കാലത്ത്, ചാതുര്‍വര്‍ണവ്യവസ്ഥ ജനനത്തെ അടിസ്ഥാനമാക്കി മാത്രം മാറ്റിയ സവര്‍ണ ബ്രാഹ്മണര്‍, അത് തങ്ങള്ക്കനുകുലമായി മാറ്റിയതാവാം. ഹിന്ദുക്കളുടെ നിലവിലുള്ള പല അനാചാരങ്ങളും ഹിന്ദു മതത്തിന്റെ ന്യുനതകളല്ല മറിച്ച് അതിനെ തങ്ങള്ക്കനുകുലമായി ദുര്‍വ്യാഖ്യാനം ചെയ്ത, ഒരുകാലത്ത് അതിപ്രബലലായിരുന്ന സവര്‍ണ്ണ - വരേണ്യ വര്‍ഗ്ഗത്തിന്റെ ദുഷ് ചെയ്തികളാണ് . “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്നത് കുരുടന് ആനയെ കണ്ടതുപോലെ പറഞ്ഞു പരത്തിയതുകൊണ്ടാണ്. അതിനു മുന്‍പിലും പിന്പിലും ഉള്ളത് കൂടി വായിക്കണമായിരുന്നു. സ്ത്രീക്ക് ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അച്ഛനും, ഭര്‍ത്താവും, മകനും സംരക്ഷണം നല്‍കണമെന്നാണ് ആശയം. (മൌനം വിദ്വാനു ഭുഷണം എന്ന് പറഞ്ഞു മൌനം ദിക്ഷിക്കുകയല്ല, മറിച്ച്, ഹലന്മാര് വിപതിക്കുംപോള് (ദുഷ്ടന്മാര് വിരാജിക്കുമ്പോള്‍ - മാത്രം) മൌനം വിദ്വാനു ഭുഷണം എന്ന് പ്രയോഗിക്കുകയാണ് വേണ്ടത്.) നമ്മുടെ പുരാണ ഗ്രന്ഥങ്ങളെ അതിന്റെ വാക്കിന്റെ അര്‍ഥം മാത്രം നോക്കി ആസ്വദിക്കുമ്പോള്‍, ആശയ വൈകല്യം വരാം.
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]. ഇവിടെ ശുദ്രന് എന്നത് പരിമിതമായ അറിവുള്ളവന് അഥവാ അജ്ഞന് എന്ന് കരുതാം. അല്ലാതെ ജനനം കൊണ്ട് ശുദ്രന് എന്ന് കരുതണ്ട.
ഒരു കാലത്ത് ബ്രാഹ്മണന്മാര് പറയുന്നത് മാത്രം ശരിയാണെന്നുള്ള ഭാരതീയന്റെ ദൌര്‍ബല്യത്തെ ചൂഷണം ചെയ്തു ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ പ്രചരിച്ചത് പില്ക്കാലത്ത് പ്രമാണങ്ങളായി എന്ന് കരുതാം. വായ്മൊഴിയിലൂടെ അറിവ് പകര്‍ന്നിരുന്ന കാലത്ത് പ്രയോഗത്തിനും അവസരം ഉണ്ടായിരുന്നു, വേദത്തില്‍ പറയുന്നത് പോലെ തര്‍ക്കിച്ചു - അര്‍ത്ഥവും പ്രയോഗവും അറിഞ്ഞു - മാത്രം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണമെന്നുള്ളത് വരമൊഴിയുടെ കാലത്ത് വെറും കാണാപാഠം പഠിക്കലായി. അധ്യാപകര്‍ എന്നത് അധ്യാപകതൊഴിലാളികള്‍ എന്ന നിലയിലേക്ക് അധപതിച്ച ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
അവസാനത്തെ പാരഗ്രാഫില്‍ താങ്കള്‍ മനുക്കളെ പറ്റി പറഞ്ഞതുതന്നെയാണ് ശരിയായ ആശയം.
ഒന്ന് കൂടി ചേര്‍ത്തോട്ടെ, ചിത്രവധത്തെ കുറിച്ച് താങ്കള്‍ പറഞ്ഞതില്‍ ഒരു കൂട്ടിചേര്‍പ്പ് കൂടി. തിരുവിതാംകൂര്‍ ദേശത്ത് നിലനിന്നിരുന്ന ഒരു ശിക്ഷാവിധിയാണ് ചിത്രവധം. രാജ്യദ്രോഹത്തെ
ഏറ്റവും വലിയ കുറ്റമായി കണ്ടിരുന്ന രാജഭരണകാലത്ത്, രാജ്യദ്രോഹം ചെയ്തവര്‍ക്കുള്ള ശിക്ഷയായിരുന്നു ചിത്രവധം. ചിത്രം എന്നാല്‍ പക്ഷി. കുറ്റവാളിയെ മനുഷ്യ ശരീരത്തിന്റെ
രൂപത്തിലുള്ള അഴിക്കുട്ടിനുള്ളില് തഴിട്ടുപുട്ടി, ഈ കൂടിനെ ആള്‍പ്പാര്‍പ്പില്ലാത്ത മലയുടെ മുകളില്‍ വൃക്ഷത്തില്‍ കെട്ടിതൂക്കും. പക്ഷികള്‍ വന്നു അതിനുള്ളിലുള്ള ആളിനെ കുറച്ചു കുറച്ചായി കൊത്തിക്കൊത്തി തിന്നു തീര്‍ക്കും. ഊഹിക്കമല്ലൊ ശിക്ഷയുടെ കാഠിന്യം. ചിത്രവധതിനുപയോഗിചിരുന്ന ലോഹക്കൂട് ഇപ്പോഴും പത്മനാഭപുരം കൊട്ടാരത്തില്‍ കാണാം.
എന്റെ അഭിപ്രായങ്ങള്‍ അബദ്ധങ്ങളാണെങ്കില്‍ ദയവായി ക്ഷമിക്കണം. നന്ദി.
പാർത്ഥേട്ടാ. മനുസ്മൃതിയെപ്പറ്റിയുള്ള ഈ ലേഖനം വയിച്ചു കുറേകാര്യങ്ങൾ മനസ്സിലായി എന്നല്ലാതെ കമന്റെഴുതുവാൻ ഉള്ള അറിവു പോരാ.
എങ്കിലും ഒരുകാര്യം മാത്രം ഇവിടെ പറയുന്നു. വിക്കിപീഡിയയിൽ ഒരു കാര്യം എഴുതിയിട്ടുണ്ട് എന്നുവച്ച് അത് Authentic ആവണം എന്നില്ല. വിക്കിപീഡിയയിൽ ആർക്കും എന്തും എഴുതാം. അത് മറ്റൊരു കൂട്ടർ ശരിയാണോ എന്നു നോക്കി ചിലപ്പോൾ എഡിറ്റു ചെയ്യും. ഇല്ലെങ്കിൽ അതിനു റെഫറൻസ് ഇല്ല എന്ന കുറിപ്പ് ഒപ്പം കാണും. അതിനാൽ മനുസ്മൃതിയുടെ ഉതപ്പത്തിയെപ്പറ്റി വിക്കി പീഡിയയിൽ എഴുതിയതു മാത്രം റെഫറൻസായി ഉപയോഗിക്കുന്നത് എത്രത്തോളം ശരിയായിരിക്കുമെന്നറിയില്ല.
ചിത്രവധത്തെപ്പറ്റി ജീ എഴുതിയ കമന്റ് വളരെ ശരി.
I don't have much idea about "Manusmrithi". As I agree with the last para about "Manus", I am concerned about what is relevant now. We are learning history to learn the lessons and to avoid repeating the same mistakes in future. We all know that, we didn’t learn much.
Also, in my opinion, our present legal system is far better than that of past. As it’s treating all humans with equal respect, there is no room for many complaints. I agree, our Social life may not be as good as old one. But for that, always a self evolving solution is arising in the history – in the form Great people, or revolutions. At some point or another in history, everywhere in the world, the social system of a community will always get criticism from few and when the count of criticizers increases, it’ll become a revolution and replace the existing social laws and etiquettes. So, it’s like the survival of fittest.
It’s good to know & learn about “Manusmrithi” as part of the study of History. Beyond that, it don’t deserve any importance- after all why should we seek solutions from past for the issues of today?
About Wikipedia, I too agree with Appu. We can consider it as a guideline, not a definite answer. Good article, Enjoyed.
(Note: I deleted the previous comment of mine, as it was a repetition of this comment.)
Jee, അപ്പൂ, Shine : അഭിപ്രായം അറിയിച്ചതിന് നന്ദി. അഭിപ്രായം എഴുതാതെ വായിച്ചു പോയവർക്കെല്ലാം നന്ദി.
@ Jee : അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. എന്റെ പോസ്റ്റുകളിൽ ഒന്നും ഉപയോഗശൂന്യമായ പഴയ നിയമസംഹിതകളെ പിന്തുടരണമെന്ന ആശയം കൊടുക്കുന്നില്ല. നന്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നുണ്ട്. ദാർശനികർ എഴുതിവെച്ചിട്ടുള്ളത് എല്ലാം മനുഷ്യദ്രോഹപരമായിരുന്നു എന്ന വിമർശനത്തിനെ പലപ്പോഴും ശരിവെക്കാൻ കഴിയാറില്ല.
ചിത്രവധം എന്നാൽ വിചാരണയില്ലാതെ ക്രൂരമായ ശിക്ഷ നൽകുക എന്നാണ് ആ വാക്കിന്റെ അർത്ഥം . Jee പറഞ്ഞതു പോലുള്ള മാർഗ്ഗങ്ങൾക്കും ഇങ്ങനെ പേരുവന്നതായിരിക്കാം. യൂറോപ്പിൽ കാളവണ്ടിചക്രം പോലുള്ള ചക്രത്തിൽ കാലും കയ്യും പുറമെയ്ക്ക് വരത്തക്കവണ്ണം ആളെ കെട്ടിവെച്ച് താഴേക്ക് ഉരുട്ടിവിടുന്ന ഒരു ശിക്ഷയെക്കുറിച്ചും ഈയിടെ വായിച്ചിരുന്നു.
ആരാണ് ശൂദ്രശബ്ദത്തിൽ പെടുന്നത് എന്ന് ഇതിനു മുമ്പിലത്തെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഹെരിറ്റേജിന്റെ ഈ പോസ്റ്റും അത് വ്യക്തമാക്കുന്നുണ്ട്.
@ അപ്പൂ : ചില പണ്ഡിതശിരോമണികളുടെ ആധികാരികമല്ലാത്ത കണ്ടെത്തലുകൾ എന്നും പറഞ്ഞാണ് ഈ കാലഘട്ടങ്ങൾ വിക്കിയിൽ കൊടുത്തിട്ടുള്ളത്. അതിലെ അന്തരങ്ങൾ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അതേ പോലത്തന്നെ കോപ്പി ചെയ്തിട്ടുള്ളത്. ആധുനിക ശാസ്ത്രദൃഷ്ട്യാൽ ഭാരതീയമെന്നു പറയുന്നതെല്ലാം ഉഢായിപ്പുകളാണെന്ന പാശ്ചാത്യ വിമർശനം പലപ്പോഴും ബ്ലോഗുകളിലും പ്രതിഫലിച്ചു കാണാറുണ്ട്. അതിന് പറയുന്ന ഒരു നാടൻ ചൊല്ലുണ്ട്. ‘മണ്ണാൻ ആറ് കളിച്ചാൽ അഞ്ചേ കൂട്ടുള്ളൂ’ എന്ന്.
പഴയ പോസ്റ്റിൽ കാളിദാസൻ ചോദിച്ചു, വേദകാലം എന്നാണെന്ന്. മാക്സ് മുള്ളർ സായിവ് അനുഗ്രഹിച്ച് കരമൊഴിവായി തന്ന കാലഘട്ടം പറഞ്ഞു. അപ്പോൾ വേദങ്ങളിൽ എന്തു പറയുന്നു എന്നായി. അതിനുള്ള മറുപടിയും അവിടെ കൊടുത്തിരുന്നു. പക്ഷെ അതെല്ല്ലാം ബ്രാഹ്മണ്യ ഉഢായിപ്പുകളായിമാത്രം അവശേഷിക്കുന്നു.
@ Shine : പൌരാണിക ദർശനങ്ങൾ ഇന്നും സംഗതമായിട്ടുള്ളതാണെങ്കിൽ പോലും നമ്മൾ അത് അനുഗമിക്കേണ്ടതില്ല. പക്ഷെ അക്കാലത്ത് അത്ര മോശമല്ലാത്ത സംഗതികൾ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. മനുസ്മൃതിയക്കുറിച്ചു പറയുമ്പോൾ, ഇന്ത്യൻ പീനൽകോഡ് മാറ്റി മനുസ്മൃതിയാണ് ആ പാർട്ടിക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഉണ്ടാകുക എന്ന് വിമർശിക്കുമ്പോഴാണ് എന്താ ഇത് വെള്ളരിക്കാ പട്ടണമാണോ എന്ന് ചോദിക്കേണ്ടി വരുന്നത്.
ലോകത്തിന്റെ നന്മക്കും മനുഷ്യന്റെ സുഖസൌകര്യങ്ങൾക്കും വേണ്ടി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവട്ടെ. ഇനിയും ദർശനങ്ങൾ ഉണ്ടാവട്ടെ. പക്ഷെ അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാവരുത് എന്നുമാത്രം.
പിന്നോക്ക വിഭാഗങ്ങളിലെ മധ്യവര്‍ഗ്ഗത്തിന് സ്വന്തം സഹോദരങ്ങളുടെ പട്ടിണി വിറ്റ് സംവരണം ഉറപ്പാക്കി ആ പാവങ്ങളെ തന്നെ പറ്റിച്ച്, സംവരണ ചിറകിലേറി ഉയരാന്‍ എന്നും മനുസ്മൃതി കൂട്ടായിരുന്നു. ഇപ്പോള്‍ പാവപ്പെട്ട വഴിയാത്രക്കാരന്റെ തൊലി നിറം നോക്കി വെട്ടിക്കൊന്ന് സംഘടന കെട്ടിപ്പടുക്കുന്നിടത്തെത്തിക്കാനും ഇതേ "പുത്തകം" തന്നെ ഉപയോഗിച്ചു. അതില്‍ കവിഞ്ഞൊരു സമകാലിക പ്രസക്തിയും ആ പുസ്തകത്തിനില്ല. ബ്ളോഗ് ബിദ്ധിജീവികള്‍ ജാതി, ജാതിവ്യവസ്ഥ എന്നൊക്കെ പല പല സ്വന്തം ടെര്മൊനോലഗികളും വ്യാഖ്യാനങ്ങളുമൊക്കെ ഉണ്ടാക്കുമ്പൊ താനിതു മനപ്പാഠമാക്കിയിട്ടുണ്ടെന്ന് ഗീര്‍വാണമടിക്കും.
പ്രിയ പാര്‍ത്ഥാ,
മനുവും ചത്ത് മോരിലെ പുളിയും പോയി. ഇനിയെങ്കിലും പാവം മനുവിനെ വെറുതെ വിട്ടുകൂടെ, ഭാരതീയ ഭരണഘടനയുണ്ടായിട്ട് കേവലം 60വര്ഷമാകുുന്പോളേയ്ക്കുും എത്രയോ മാറ്റങ്ങളുണ്ടായില്ലേ? ആ സ്ഥിതിയ്ക്ക് അന്നത്തെ രാജഭരണ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലോ അല്ലാതെയോ ഉണ്ടാക്കിയ ഒരു സ്മൃതിയുടെ പേരില്‍ നാം എന്തിന് കലഹിക്കുന്നു. ഇവ വിവാദമാക്കിയവര്ക്കെല്ലാം പ്രത്യേകിച്ച് ഇടതുപക്ഷക്കാര്‍ക്ക്, അവരുടെ ഓരം ചേര്‍ന്ന് കിടക്കുന്ന സെമസ്റ്റിക്ക് മതഭ്രാന്തന്മാര്ക്കും ഒരു ലക്ഷ്യമേയുള്ളൂ. അതറിയുന്നവര്‍ ഇത്തരം വിവാദത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും കരുതുന്നു. പാര്‍ത്ഥന്റെ അറിയുവാനുള്ള ആവേശത്തെ അംഗീകരിക്കുന്നു. ചതിക്കുഴികളില്‍ വീണുപോകാതെ യഥാര്‍ത്ഥ ജ്ഞാനത്തിനടുത്തെത്താന് ശ്രമിക്കുക
സസ്നേഹം
മിനീഷ്
പാര്ത്ഥന്,
പഴയ പോസ്റ്റിൽ കാളിദാസൻ ചോദിച്ചു, വേദകാലം എന്നാണെന്ന്. മാക്സ് മുള്ളർ സായിവ് അനുഗ്രഹിച്ച് കരമൊഴിവായി തന്ന കാലഘട്ടം പറഞ്ഞു. അപ്പോൾ വേദങ്ങളിൽ എന്തു പറയുന്നു എന്നായി. അതിനുള്ള മറുപടിയും അവിടെ കൊടുത്തിരുന്നു. പക്ഷെ അതെല്ല്ലാം ബ്രാഹ്മണ്യ ഉഢായിപ്പുകളായിമാത്രം അവശേഷിക്കുന്നു.
പാര്ത്ഥന് തന്ന മറുപടികള്‍ ഞാന്‍ വയിച്ചു. മത ഗ്രന്ഥങ്ങളില്‍ പറയുന്ന കാലഗണന ശാസ്ത്രീയമാണെന്നു പറയുനതിനോടെനിക്ക് യോജിക്കാന്‍ ആകില്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാലഗണനക്കനുസരിച്ച്, ഭൂമി എന്നാണുണ്ടായതെന്നൊരു പുരോഹിതന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വരുന്ന ചോദ്യം, പാര്ത്ഥന് പറയുന്ന ഹൈന്ദവ കാലഗണനയണോ ആ പുരോഹിതന് പറഞ്ഞ ക്രൈസ്തവ കാലഗണന ആണൊ ഒരാള്‍ വിശ്വസിക്കുക? ഉത്തരം ലളിതം. വിശ്വസിക്കുന്ന മതം അനുസരിച്ച്. അതു കൊണ്ടാണ്, ഞാന്‍ ആ സംവാദത്തില്‍ നിന്നും അകന്നു നിന്നത്.
മത ഗ്രന്ഥങ്ങളില്‍ പറയുന്നവ കൂടുതലും Symbolic അയി കണാനാണെനിക്കു താല്‍പ്പര്യം . അത് ചരിത്ര സം ഭവങ്ങളാണെന്ന തരത്തില്‍ വിലയിരുത്തുമ്പോള്‍ പല ചോദ്യങ്ങളും വരും.
മനു എന്നു ജീവിച്ചിരുന്നു, മനുക്കള്‍ എത്ര ഉണ്ടായിരുന്നു എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ അപ്രസക്തമാണ്. മനു ഹിന്ദു മതത്തിലെ നിയമങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണെന്നും ആ നിയമങ്ങള്‍ സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ പ്രബല്യത്തിലിരുന്നു എന്നതും മാത്രമാണ്, പ്രസക്തം. അത് ഹിനുദ് മതത്തിലെ നിയമങ്ങളല്ല, അരോ സ്വര്ത്ഥലാഭത്തിനു വേണ്ടി മലിനീകരിച്ചതാണ്, എന്നൊക്കെ ആശ്വാസത്തിനു വേണ്ടി പറയാം.
ഇപ്പറഞ്ഞ മലിനീകരണം തന്നെയല്ലേ രാമനേയും കൃഷ്ണനേയും ദൈവങ്ങളാക്കിയതും. മഹഭാരതവും രാമായണവും സുന്ദരമായ കാവ്യങ്ങളല്ലേ? വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്ത ദൈവങ്ങള്‍ ആ കവ്യങ്ങളില് ഉണ്ടായതും ആരോ മനപുര്‍വ്വം അതിലെ ചില കഥാപത്രങ്ങളെ അവതാരങ്ങളാക്കി തീര്‍ത്തതു കൊണ്ടല്ലേ?
മനു ജീവിച്ച കാലത്തിനു മുമ്പുണ്ടായിരുന്ന ഹിന്ദു മതം? മഹത്തരമായിരുന്നു എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. ആ മതത്തിലെ നിയമങ്ങളില്‍ പൈശാചികമായതൊന്നും ഇല്ലായിരുന്നു എന്ന് ആധികാരികമായി പറയാന്‍ സാധിക്കുമൊ, കുറച്ച് ഊഹങ്ങളല്ലാതെ? ഈ മതങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പുള കാലത്തിലെ ജീവിതം ഒരു പക്ഷെ വളരെ മഹത്തരമായിരിക്കാം.
ഇന്നത്തെ യാധാര്ത്ഥ്യം മറ്റൊന്നാണ്. എത് കാലഘട്ടത്തിലുണ്ടായതായാലും, ഇന്ന് നമ്മള് അറിയുന്ന മനു സ്മൃതി വഴി ഇന്‍ഡ്യയില്‍ നടപ്പാക്കിയ നിയമങ്ങള്‍ ക്രൂരവും അപരിഷ്കൃതവും ഹീനവുമായിരുന്നു. അതിന്റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും സമൂഹത്തില്‍ അവശേഷിക്കുന്നു. ഒരു കാലത്ത് ഹിന്ദു മതത്തിന്റെ മുഖമായിരുന്നു അത്. ആ യാധാര്ത്ഥ്യം അംഗീകരിക്കുക.
വികിപീഡിയ മാത്രം റഫറന്‍സ് ആയി ഉപയോഗിക്കുന്നതിനോടും യോജിക്കാനാകുന്നില്ല.
@ കാളിദാസൻ :
ആര്യഭടീയം ഒരു ഹിന്ദു മതഗ്രന്ഥമാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.
10000 വർഷം പിന്നിലേയ്ക്കും 10000 വർഷം മുന്നിലേയ്ക്കും ഉള്ള പ്ലാനറ്റിന്റെ സ്ഥാനം അറിയാൻ ധാരാളം സോഫ്റ്റ്വെയറുകൾ ലഭ്യമാണ്.
നമുക്കറിയാവുന്ന ലോക ചരിത്രം ഭാഷ ഉണ്ടായതിനുശേഷം മാത്രമാണ്. ബ്രഹ്മാവിൽ നിന്നും ജനിച്ച ആദ്യമനുഷ്യനായ മനു എന്നൊക്കെ പറയുമ്പോൾ മിത്തുകളാണെന്ന് സമ്മതിക്കാതെ (അറിയാതെയല്ല) ചാതുർവർണ്ണ്യം എഴുതിവെച്ചതിനുശേഷമാണ് മനുഷ്യകുലം ഉണ്ടായത് എന്ന രീതിയിൽ വ്യാഖ്യാനിക്കുമ്പോൾ ദഹനക്കേട് തോന്നുന്നുണ്ട്.
മനുവിനെയൊ ബ്രാഹ്മണനേയോ വെള്ള പൂശാൻ വേണ്ടിയല്ല ഈ ലേഖനം. മനുസ്മൃതിമാത്രമാണ് ഭാരതത്തിലെ എല്ലാ ഉച്ചനീചത്വങ്ങൾക്കും ശൂദ്രദണ്ഡനങ്ങൾക്കും കാരണം എന്ന പ്രസ്ഥാവനകൾ ശരിയല്ല എന്ന് പറയേണ്ടി വരുന്നു,പലപ്പോഴും. മനുസ്മൃതിയിൽ പോലും ഇല്ലാത്ത ശിക്ഷകളും വിഭാഗീയതയും പീഡനങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് നമ്മൾ തന്നെയാണ് അതിനുത്തരം പറയേണ്ടവർ എന്ന് എനിക്കു തോന്നുന്നത്. രാജ്യ - സാമ്രാജ്യ - ഫ്യൂഡൽ ഭരണകാലത്ത് ഏറ്റവും നികൃഷ്ടമായ രീതിയിലുള്ള ശിക്ഷാവിധികൾ തന്നെയായിരുന്നു ഭാരതത്തിലും ഉണ്ടായിരുന്നത്. ആർഷ-സനാതന-ഹൈന്ദവ ഭാരതത്തിനുമാത്രം അവകാശപ്പെട്ടതാണ് ആ ഭരണം എന്നു പറയുന്നതിനോട് മാത്രമാണ് യോജിപ്പില്ലാത്തത്. കാടൻ നിയമങ്ങളുള്ള ഗോത്രസംസ്കാരത്തിൽ നിന്ന് മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണല്ലോ സാംസ്കാരിക വളർച്ച ഉണ്ടായി എന്നവകാശപ്പെടുന്നത്. അത് ഇരുപതാം നൂറ്റാണ്ടിനു ശേഷമെ സംഭവിച്ചിട്ടുള്ളൂ
എന്നാണ് ചരിത്രം അവകാശപ്പെടുന്നത് എന്നാണോ ഉദ്ദേശിച്ചത്. മനുവിനെ ഒരു കുറ്റിയിൽ കെട്ടാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. അപ്പോൾ മനുവിനു മുമ്പ് എന്നു പറയുന്നത് എന്നാണ്. ഭാരതീയ ചരിത്രം വെച്ച് (വിക്കിയെ ഒഴിവാക്കുന്നു) 4000 വർഷത്തോളം
ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും വൈദികരും ഭരണകർത്താക്കളും ചേർന്ന് കിരാതഭരണം കാഴ്ചവെക്കുന്നുണ്ടായിരുന്നു എന്ന സത്യം മറച്ചു വെക്കാൻ ഞാൻ ഒരിടത്തും ശ്രമിച്ചിട്ടില്ല.
പാര്ത്ഥന്,
രാമായണം ഹിന്ദു മതഗ്രന്ഥമായതു പോലെ വേണമെങ്കില്‍ ആര്യഭടീയവും ഹിന്ദു മതഗ്രന്ഥമാക്കാം. അത് ഹിന്ദുക്കളുടെ ഇഷ്ടം. ഞാന്‍ പറഞ്ഞതതല്ല. ഹിന്ദു മത ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവം നടന്നത് ഇന്ന വര്‍ഷമാണെന്ന് ആര്യഭടന്‍ ഗണിച്ചു പറഞ്ഞിട്ടുണ്ട് എന്ന പാര്‍ത്ഥന്റെ പ്രസ്താവത്തേക്കുറിച്ചാണ്. ഞാന്‍ മേല്‍ സൂചിപ്പിച്ച ക്രൈസ്തവ പുരോഹിതന് എഴുതിയ പുസ്തകവും മതഗ്രന്ഥമായി ആരും കണക്കാക്കില്ല.
തകഴിയുടെ നോവലുകളില്‍ സൂര്യഗ്രഹണം പരാമര്‍ശിച്ചിരിക്കുന്നത് ആയിരം വര്‍ഷത്തിനപ്പുറം ഏതെങ്കിലും സോഫ്റ്റ് വെയറുപയോഗിച്ച് 1980 ല്‍ നടന്നതാണെന്ന് ഏതെങ്കിലും ശാസ്ത്രജ്ഞന് പറയുന്നതുപോലയേ ആര്യഭടന്‍ പറഞ്ഞതിനും പ്രാധാന്യമുള്ളു എന്നാണു ഞാന്‍ പറഞ്ഞതിന്റെ വിവഷ. ചരിത്ര ഗ്രന്ഥങ്ങളല്ല കാവ്യങ്ങളും മത ഗ്രന്ഥങ്ങളും. അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെറും ഭാവനയാകാം, അല്ലെങ്കില്‍ വ്യംഗ്യാര്‍ ത്ഥത്തിലാകാം. ലോകത്തിലെ ഏറ്റവും ഉത്തമനായ പുരുഷന്റെ കഥയെഴുതണമെന്ന നിര്‍ദ്ദേശത്താലാണ് വാത്മീകി, രാമായണം എഴുതിയത്. പക്ഷെ പിന്നീടത് ദൈവത്തിന്റെ കഥയായി വ്യാഖ്യാനിക്കപ്പെട്ടു. പാര്ത്ഥന് പറയുന്ന മനുസ്മൃതിയിലെ മലിനീകരണം പോലെ ഒരു മലിനീകരണമായിരുന്നു രാമായണത്തിലെ രാമന് വിഷ്ണുവിന്റെ അവതാരമായത്. അതു കൊണ്ടാണ്, രമായണത്തിലെ മറ്റു ഭാവനകളും ദൈവീകമായി കൊണ്ടാടപ്പെടുന്നത്. പക്ഷെ അത് മലിനീകരണമാണെന്ന് ഇന്‍ഡ്യയിലെ 99.9 % ഹിന്ദുകളും വിശ്വസിക്കില്ല. മനുസ്മൃതിയിലെ മലിനീകരണം മാറ്റുന്നതു പോലെ മറ്റു ഗ്രന്ഥങ്ങളിലെ മലിനീകരണവും മാറ്റിയാല്‍, ഇന്നു കാണുന്ന ഹിന്ദു മതത്തിന്, വേദങ്ങളിലെ മതവുമായി ഒരു ബന്ധവും കാണില്ല.
നമുക്കറിയാവുന്ന ലോക ചരിത്രം ഭാഷ ഉണ്ടായതിനുശേഷം എന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി ലിപി ഉണ്ടായതിനു ശേഷമാണെന്നും അല്പം കൂടെ ചുരുക്കിയാല്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമെന്നും പറയാം. അതിനത്ര പഴക്കവുമില്ല. രേഖപ്പെടുത്തപ്പെട്ട ഇന്‍ഡ്യയുടെ ചരിത്രം മുതല്‍ മനുസ്മൃതിയും ചാതുര് വര്‍ണ്ണ്യവും അതില്‍ നിന്നുള്ള ഉച്ഛനീചത്വങ്ങളും ഉണ്ടായിരുന്നു. ഇന്നത്തെ ഇന്‍ഡ്യയില്‍ കാണുന്ന ഹിന്ദുമത്ത്തിന്റെ അടിസ്ഥാനശില ചാതുര് വര്ണ്ണ്യമാണ്. അതിന്റെ തിരുശേഷിപ്പുകള്‍ ഇന്നും സമൂഹത്തില്‍ ഉണ്ട്. ചാതുര് വര്ണ്ണ്യമാണോ മനുഷ്യനാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം വല്ല ഭ്രാന്തന് മാരും ചോദിച്ചേക്കാം. മതങ്ങളും മത നിയമങ്ങളും മനുഷ്യനുണ്ടായ ശേഷം മാത്രമാണുണ്ടായത്.
ഇന്‍ഡ്യയിലെ എല്ലാ മതഭേദങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും കാരണം മനുസ്മൃതിയാണെന്നാരും പറഞ്ഞിട്ടില്ല. ഹിന്ദു മത്തിനുള്ളിലെ ഉച്ചനീചത്വങ്ങള്‍ക്ക് കാരണം മനുസ്മൃതിയിലുള്ള നിയമങ്ങളാണ്. അതിനുത്തരം പറയേണ്ടത് ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിക്കാരാണ്. അവരാണീ പൈശാചികത അടിച്ചേല്‍പ്പിച്ചത്. അതിന്റെ കുറ്റബോധം ഉള്ളവരാണ്, രാജ്യ - സാമ്രാജ്യ - ഫ്യൂഡല്‍ ഭരണകാലത്ത് ഉണ്ടായിരുന്ന ഏറ്റവും നികൃഷ്ടമായ രീതിയിലുള്ള ശിക്ഷാവിധികളേക്കുറിച്ച് വിലപിക്കുന്നതും.
4000 വര്‍ഷത്തോളമോ നമുക്കറിയന് സാധ്യതയില്ലാത്ത വര്‍ഷങ്ങളോളമോ
ചാതുര് വര്ണ്ണ്യത്തിന്റെയും ജാതിയുടെയും പേരില്‍ ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയില്‍ തള്ളിയിട്ടും വൈദികരും ഭരണകര്‍ത്താക്കളും ചേര് ന്ന് കിരാതഭരണം കാഴ്ചവെക്കുന്നുണ്ടായിരുന്നു എന്നതു സത്യം. അതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സത്യം, ആ പൈശാചികത ദൈവനിവേശിതമാണെന്ന ഉത്ബോധനവും, ആ ദൈവം ഹിന്ദു മത ദൈവമാണെന്ന യാധാര്ത്ഥ്യവുമാണ്. സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയില്‍ നില നില്ക്കുന്ന ഹിന്ദു മതത്തിന്റെ മുഖമാണത്. അതിനു മുമ്പുള്ള ഹിന്ദു മതം ഇതായിരുന്നില്ല എന്നത് വെറും അക്കാദമിക വാചാടോപം മത്രം.
@ കാളിദാസൻ പറയുന്നു:
രാമായണം ഹിന്ദു മതഗ്രന്ഥമായതു പോലെ വേണമെങ്കില്‍ ആര്യഭടീയവും ഹിന്ദു മതഗ്രന്ഥമാക്കാം.
ഞാൻ ഒരു ഹിന്ദു ആണെന്ന് ഇത്തിരി അഹങ്കാരത്തോടെത്തന്നെ പറയുന്നു. പക്ഷെ ഇതുവരെ ഞാൻ ഒരു മതഗ്രന്ഥവും കണ്ടിട്ടില്ല. ആത്മീയ ഗ്രന്ഥങ്ങൾ ആണോ തങ്കൾ തെറ്റിദ്ധരിച്ചത്.
ഒരു ഗ്രന്ഥവും പിന്തുടരാതെ ജീവിക്കാനുള്ള അധികാരം ഞാൻ വിശ്വസിക്കുന്ന മതം എനിക്കു തരുന്നു. ആ സൌകര്യം വേറെ എവിടെയെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ ഈ മതത്തിനെ തള്ളിക്കളയാൻ ഞാൻ ഒരുക്കമാണ്.
@ കാളിദാസൻ പറയുന്നു :
[.........അതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സത്യം, ആ പൈശാചികത ദൈവനിവേശിതമാണെന്ന ഉത്ബോധനവും,
ആ ദൈവം ഹിന്ദു മത ദൈവമാണെന്ന യാധാര്ത്ഥ്യവുമാണ്. സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയില്‍ നില നില്ക്കുന്ന ഹിന്ദു മതത്തിന്റെ മുഖമാണത്.
അതിനു മുമ്പുള്ള ഹിന്ദു മതം ഇതായിരുന്നില്ല എന്നത് വെറും അക്കാദമിക വാചാടോപം മാത്രം.]
ഇങ്ങനെ ഒരു ചോദ്യം കൂടി കാളിദാസന്റെതായിട്ടുണ്ടായിരുന്നു :
[ക്രിസ്തു മതവും, ഇസ്ലാമും യഹൂദ മതവും ഒരേ പാരമ്പര്യം അവകാശപ്പെടുന്നു എന്നു പറഞ്ഞ പോലെ, ഹിന്ദുമത പാരമ്പര്യം സനാതന മതത്തിന്റേതാണെന്നും വേണമെങ്കില്‍ വാദിക്കാം.]
ഇതിനുമുമ്പിലത്തെ പോസ്റ്റിൽ ലോകത്ത് പലയിടത്തും നിലനിന്നിരുന്ന ശിക്ഷാവിധികളെക്കുറിച്ചും അയിത്തത്തെക്കുറിച്ചും സൂചിപ്പിച്ചത് താങ്കൾ മനഃപ്പൂർവ്വം ശ്രദ്ധിക്കാതെ മനുസ്മൃതിയെ മാത്രം ഫോക്കസ് ചെയ്യുന്നതിൽ മാത്രമെ എനിക്ക് യോജിക്കാൻ പ്രയാസമുള്ളൂ. അപരിഷ്കൃതമായ ജീവിതം നയിച്ചിരുന്ന ഇരുകാലിവർഗ്ഗത്തെ
സാമൂഹികവും സാംസ്കാരികവുമായ നിയമങ്ങൾക്ക് വിധേയരാക്കി പരിഷ്കൃതരാക്കി മാറ്റിയ പ്രക്രിയയിലെ ആദ്യത്തെ നേതാവായ മനുവിൽനിന്നായിരിക്കാം മനുഷ്യൻ ഉണ്ടായത്.
ഈ മനുസ്മൃതിക്ക് മതഗ്രന്ഥമെന്നതിലുപരി ഒരു സാമൂഹ്യശാസ്ത്രഗ്രന്ഥമെന്ന നിലയിലാണ് പ്രാധാന്യമുള്ളത്. മതത്തിന്റെ (?) ആചാരങ്ങൾ എന്നു പറയുന്ന ധർമ്മത്തിന് നല്ല സ്ഥാനം
കൊടുത്തിട്ടുണ്ട്. ഒരു തരത്തിൽ സാമൂഹിക ആചാരങ്ങൾ തന്നെയാണ് ധർമ്മം. ധർമ്മത്തെക്കുറിച്ച് അടുത്ത പോസ്റ്റിൽ വിശദമാക്കാം.
ബുദ്ധജൈനമതങ്ങളുടെ ഉല്പത്തിക്കുമുമ്പുള്ള (സനാതനധർമ്മം) കാലഘട്ടത്തിൽ ഇന്നത്തെ അർത്ഥത്തിലുള്ള മതഭാവന ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്തെ
ഗ്രന്ഥങ്ങൾ ഹിന്ദു മതഗ്രന്ഥങ്ങൾ എന്നു പറയാൻ കഴിയില്ല. ആ ഗ്രന്ഥങ്ങൾ എല്ലാ ചിന്താധാരകളെയും ഉൾക്കൊള്ളുന്നതും ഭൌതികവും ആദ്ധ്യാത്മികവുമായ സകല വിഷയങ്ങളെയും പ്രതിപാദിക്കുന്നവയുമാണ്. അക്കാലത്തെ എല്ലാ ആചാര്യന്മാരും വേദങ്ങളെ അംഗീകരിച്ചിരുന്നിരിക്കണം. വേദങ്ങളെ അംഗീകരിക്കാത്ത ചിന്താഗതികളുടെ ആരംഭം ഗൌതമമുദ്ധനിലും വർദ്ധമാന മഹാവീരനിലും നിന്നു തുടങ്ങുന്നു. ഇവരുടെ ചിന്തകൾ അതുവരെ ഉണ്ടായിരുന്ന സംസ്കാരത്തിൽ ഒരു പിളർപ്പുണ്ടാക്കി. അതിനുശേഷമാണ് ഇന്ത്യയിൽ മതഭേദം ഉരുത്തിരിഞ്ഞത്. വേദങ്ങളെ അംഗീകരികരിച്ച ഭൂരിപക്ഷം പിന്നീട് ഹിന്ദുക്കൾ എന്നറിയപ്പെട്ടു. എതിർപ്പു പ്രകടിപ്പിച്ചവർ ബുദ്ധമതം ജൈനമതം തുടങ്ങിയ പുതിയ മതങ്ങളിൽ വിശ്വസിക്കുന്നവരും ആയിത്തീർന്നു. അതുകൊണ്ട് BC600 നു ശേഷമാണ് സനാതനധർമ്മം മതാധിഷ്ഠിതമായി ഹിന്ദുമതം എന്ന് അറിയപ്പെടാൻ തുടങ്ങിയത് എന്നു അനുമാനിക്കാം. ജൈനമതക്കാരാണ് വിഗ്രഹാരാധന
തുടങ്ങിയത് എന്നാണ് അടുത്തിടെ വായിച്ചത്. ബുദ്ധ-ജൈന ക്ഷേത്രങ്ങളാണ് പിന്നീട് ബ്രാഹ്മണന്മാർ അവരുടെതാക്കിയത് എന്ന് ചരിത്രം പറയുന്നു.
പാര്ത്ഥന്,
പക്ഷെ ഇതുവരെ ഞാൻ ഒരു മതഗ്രന്ഥവും കണ്ടിട്ടില്ല.
വിചിത്രമായിരിക്കുന്നോ താങ്കളുടെ ഈ വാദഗതി?
വര്‍ണ വ്യവസ്ഥയും ജാതി വ്യവസ്ഥയും ഹിന്ദു മതവുമായി ഉള്ള ബന്ധമാണല്ലോ ഈ പോസ്റ്റിന്റെ വിഷയം തന്നെ. ജാതിയേക്കുറിച്ചും വര്‍ണ്ണ വ്യവസ്ഥയേക്കുറിച്ചും ഹിന്ദു മതഗ്രന്ഥങ്ങളിലെ പരമര്ശങ്ങളാണിതിന്റെ കാരണം തന്നെ. ഒരു മതഗ്രന്ഥവും വായിക്കാതെ എങ്ങനെയാണ്, ഇതൊക്കെ വാസ്തവമല്ല എന്നു താങ്കള്‍ തീരുമാനിച്ചത്? മനുസ്മൃതി മലിനീകരിക്കപ്പെട്ടതാണെന്ന് അത് വായിക്കാതെ തങ്കള്ക്കെങ്ങനെ മനസിലായി? തൊട്ടു മുമ്പിലെ പോസ്റ്റില്‍ താങ്കള്‍ ഹിന്ദു മതഗ്രന്ഥങ്ങളുടെ ഒരു നീണ്ട ലിസ്റ്റും നല് കിയിരുന്നു? അതൊക്കെ ഹിന്ദു മതഗ്രന്ഥങ്ങളാണെന്ന് താങ്കള്‍ക്കെങ്ങനെ മനസിലായി?
@ കാളിദാസൻ :
മതഗ്രന്ഥം എന്ന് ഉദ്ദേശിച്ചത്, ഇന്ന് നമ്മൾ പരിചയമുള്ള ഖുർആൻ ബൈബിൾ തുടങ്ങിയവപോലുള്ള, അതിൽ പറയുന്ന നിർബ്ബന്ധങ്ങൾ ചെയ്തില്ലെങ്കിൽ ഈശ്വരനിന്ദയാകും നരകത്തിൽ പോകും, ഈശ്വരൻ പറഞ്ഞിരിക്കുന്നതുപോലെ പ്രവർത്തിച്ചാലെ സ്വർഗ്ഗപ്രാപ്തി ലഭിക്കൂ എന്ന മാതിരിയുള്ള ഉഢായിപ്പുകളെക്കുറിച്ചാണ്.
ഞാൻ ഇതുവരെ മനസ്സിലാക്കിയിട്ടുള്ളതൊന്നും നിർബ്ബന്ധമായി ചെയ്യേണ്ടകാര്യങ്ങല്ല. ചെയ്താലും തന്തോയം ചെയ്തില്ലെങ്കിലും തന്തോയം. പഴയ ഒരു പോസ്റ്റിൽ എന്റെ രീതി പറഞ്ഞിരുന്നു, ഏതെങ്കിലും മന്ത്രം ഉരുവിടണമെന്നോ, ഇന്ന സമയത്തു തന്നെ ചെയ്യണമെന്നോ, ഇത്രപ്രാവശ്യം നിർബന്ധമായും ചെയ്യണമെന്നോ ഉള്ള ഒരു നിർബ്ബന്ധവും ഇല്ല. അത്രയൊക്കെ യുക്തിവാദം ഇപ്പോഴും കൂടെയുണ്ട്.
ശരീരം നശിച്ചുപോകാതിരിക്കാനുള്ള, രോഗഗ്രസ്ഥമാകാതിരിക്കാനുള്ള നിത്യകർമ്മങ്ങൾ ഇതിലൊന്നും പെടുന്നതല്ല. അതിന് ഒരു മതത്തിന്റെയോ മതഗ്രന്ഥത്തിന്റെയോ നിർബ്ബന്ധം ആവശ്യമില്ല.
പാര്ത്ഥന്,
ബൈബിളും ഖുറനും സ്വര്‍ഗ്ഗ പ്രാപ്തിക്കു വേണ്ടി പറഞ്ഞിരിക്കുന്ന ഉഡായിപ്പുകളൊക്കെ മറക്കൂ. സ്വര്‍ഗ്ഗമെന്നും നരകമെന്നും സനാതന ധര് മ്മത്തില് പറഞ്ഞിരിക്കുന്ന ഉഡായിപ്പൊകളോ? ആ ധര്‍മ്മത്തിലെ നരകത്തിലേക്ക് വെറുതെ കുറെ ആളുകള്‍ വിനോദയത്ര പോകുകയാണോ? സനാതന ധര്‍മ്മമനുസരിച്ച് ആരാണു നരകത്തില്‍ പോകുന്നത്? ആരാണവരെ നരകത്തിലേക്ക് വിടുന്നത്? എന്താണതിനുള്ള മാനദണ്ധങ്ങള്‍?
ഈ പോസ്റ്റില്‍ തന്നെ പാര്ത്ഥന് കുറെ നിയമങ്ങളേപറ്റി പല പ്രവശ്യം പരാമര്‍ശിച്ചു കണ്ടു.
നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം.
പ്രകൃതിയുടെ നിയമമായാലും .സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.
ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.
ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്
ഈ നിയമങ്ങള്‍ ആരാണുണ്ടാക്കിയത്. എന്തിനാണവ. ഇത് തെറ്റിച്ചാല്‍ എന്താണു സംഭവിക്കുക? ഇതൊക്കെ ചിന്തിക്കാനും കൂടി യുക്തി ഉപയോഗിക്കാം.
ശരീരം നശിച്ചു പോകാതിരിക്കാനും രോഗഗ്രസ്ഥമാകാതിരിക്കാനുള്ള നിത്യകര്‍മ്മങ്ങള്‍ മിതമായ ഭക്ഷണം കഴികുക, സന്തുലിതമായ ഭക്ഷണം കഴിക്കുക ആവശ്യത്തിനു വ്യായാമം ചെയുക എന്നതൊക്കെയാണ്. അതിനൊരു മതത്തിന്റെയും നിയമങ്ങള്‍ ആവശ്യമില്ല. അതിനു വേണ്ടി ഒരു മതവും നിയമുണ്ടാക്കിയിട്ടും ഇല്ല.
ആത്മാവു നശിക്കാതിരിക്കാനുള്ളതാണു മതങ്ങള്‍ പഠിപ്പിക്കുന്ന കര്‍മ്മങ്ങള്‍.
@ കാളിദാസൻ :
താങ്കൾ ഇവിടെ പറഞ്ഞിരിക്കുന്നതായ കാര്യങ്ങളും ഇനി കോട്ടാൻ പോകുന്ന നിയമങ്ങളും അടക്കം എല്ലാം തെറ്റിച്ചാലും താങ്കൾ പറയാൻ ഉദ്ദേശിച്ച ഒരു ആപത്തും സംഭവിക്കില്ല. സ്വന്തം ശരീരം നോക്കിയാൽ മതി, മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ.
------------------
"ആത്മാവു നശിക്കാതിരിക്കാനുള്ളതാണു മതങ്ങള്‍ പഠിപ്പിക്കുന്ന കര്‍മ്മങ്ങള്‍."
മുകളിൽ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇത് എന്റെ പരിധിയിൽ പെടുന്നില്ല.
------------------------
" .....ഇത് തെറ്റിച്ചാല്‍ എന്താണു സംഭവിക്കുക? ഇതൊക്കെ ചിന്തിക്കാനും കൂടി യുക്തി ഉപയോഗിക്കാം.
അടുത്ത പോസ്റ്റിൽ ഇതിന്റെയും മറുപടി ഉണ്ടാകും.
----------------------------
സ്വർലോകം, പിതൃലോകം, ദേവലോകം, തുടങ്ങിയ ലോകങ്ങളും അതിനെല്ലാം ദേവയാനം, പിതൃയാനം തുടങ്ങിയ യാത്രാക്രമങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലും ചില തത്ത്വങ്ങളായി പറയുന്നുണ്ട്. സൃഷ്ടിയിലെ പഞ്ചഭൂതങ്ങളും അത്തരത്തിലുള്ള തത്ത്വങ്ങൾ ആണ്. സീസൺ ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോൾ കാണുന്ന സ്റ്റേഷനുകളല്ല ഇതൊന്നും എന്ന തിരിച്ചറിവെങ്കിലും ഇല്ലെങ്കിൽ എനിക്കൊന്നും പറയാനില്ല. പിന്നെ സെമിറ്റിക് മതങ്ങളെപ്പോലെ മാറ്റങ്ങൾ വേണ്ട എന്ന് ആദ്യമേ പറയാത്തതുകൊണ്ട്, ദ്വൈത സങ്കല്പങ്ങളിൽ നിന്നും അദ്വൈതത്തിലെത്തിയിട്ടും ഇപ്പോഴും ഒന്നാം ക്ലാസിലെ കുട്ടികളെപ്പോലെ ആണെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തുന്നതല്ലേ നമുക്ക് നല്ലത്.
“സർവം ഖല്വിദം ബ്രഹ്മ, തജ്ജലാനിതി ശാന്തൌപാസീത “ (ഇക്കാണുന്ന ലോകമെല്ലാം ബ്രഹ്മമാകുന്നു; അതിൽനിന്നു ജനിക്കുന്നു; അതിൽ ലയിക്കുന്നു; അതിൽ വർത്തിക്കുന്നു.)
“ജന്മാദ്യസ്യയതഃ” (ഏതൊന്നിൽനിന്നാണോ പ്രപഞ്ചത്തിലുള്ളതെല്ലാം ജനിച്ചത്; ഏതൊന്നാണോ അവയെയെല്ലാം പുലർത്തുന്നത്; ഏതൊന്നിലാണോ അവയെല്ലാം വിലയം പ്രാപിക്കുന്നത് - ബ്രഹ്മമെന്ന ഈ നിർവചനം പ്രപഞ്ചത്തെ നിശ്ശേഷം ബ്രഹ്മത്തിൽ ഒതുക്കുന്നു.)
അങ്ങനെ നോക്കുമ്പോൾ സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും പോകാനുള്ള ബൈപാസ് ഇവിടെയൊന്നും കാണാനില്ല.
സേതുലക്ഷിയുടെ
ഈ ലേഖനവും ചേർത്തു വായിക്കാം.
പാര്ത്ഥന്,
താങ്കൾ ഇവിടെ പറഞ്ഞിരിക്കുന്നതായ കാര്യങ്ങളും ഇനി കോട്ടാൻ പോകുന്ന നിയമങ്ങളും അടക്കം എല്ലാം തെറ്റിച്ചാലും താങ്കൾ പറയാൻ ഉദ്ദേശിച്ച ഒരു ആപത്തും സംഭവിക്കില്ല. സ്വന്തം ശരീരം നോക്കിയാൽ മതി, മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ.
ഞാന്‍ ഒരാപത്തും ഉദ്ദേശിച്ചില്ലല്ലോ പര്‍ത്ഥാ. ഞാന്‍ പരാമര്‍ശിച്ച മനുവിന്റെ നിയമങ്ങള്‍ തെറ്റിച്ച താഴ്ന്ന ജാതിക്കാര്‍ക്ക് ചില സുഖങ്ങള്‍ കിട്ടി. ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുക, നാവു പിഴുതെടുക്കുക തുടങ്ങി ആനന്ദകരമായവയും അവയിലുണ്ടായിരുന്നു. അതേ നിയമ പ്രകാരം ഹിന്ദു ദൈവങ്ങളുടെ അടുത്തു വരാന്‍ അനുവദിക്കാതിരിക്കുക, ഉയര്‍ന്ന ജാതിക്കാര്‍ നടക്കുന്ന നിരത്തുകളില്‍ നടത്താതിരികുക തുടങ്ങിയ വിനോദങ്ങളും 50 വര്‍ഷം മുമ്പു വരെ ഉണ്ടായിരുന്നു. കേരളത്തില്‍ മറ്റൊരു കലാപ്രകടനം ഉണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ മുലകളുടെ സൌന്ദര്യം ആസ്വദിക്കുക എന്നതായിരുനു അത്. ചത്ത പശുവിനെ തിന്നതിനു തൊലിയുരിക്കുക എന്ന നയന മനോഹരമായ പ്രവര്‍ത്തി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടത്തിയിരുന്നു. ഇതൊന്നും ആപത്തുകളല്ല, സമ്പത്തുകളാണെന്നു വിശ്വസിക്കാന്‍ പാര്‍ത്ഥനുള്ള അവകാശം ഞാന്‍ കയ്യടിച്ച് അംഗീകരിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും പോകാനുള്ള ബൈപാസ് ഇവിടെയൊന്നും കാണാനില്ല
എങ്കില്‍ താങ്കള്‍ കയറിയ ബസ് മാറിപ്പോയി പാര്‍ത്ഥാ. മനുവിന്റെ ക്രൂരകൃത്യങ്ങളില്‍ സ്വര്‍ഗ്ഗവും നരകവും ഉണ്ട്. മനുഷ്യരെ മനു തരം തിരിച്ചത്, കര്‍മ്മങ്ങളുടെ ഗ്രേഡ് അനുസരിച്ചാണ്. ചിത്രഗുപ്തന് കണകുപുസ്തകം നോക്കി തന്നെയാണു നരകപ്രാപ്തി തീരുമാനിക്കുന്നത്. ചണ്ഢാലന് ബ്രാഹമ്ണനായി ജനിക്കണമെങ്കില്‍ ഒരു പാടു സല്പ്രവര്ത്തികള് ചെയ്യണം. ഈ സല് പ്രവര്‍ത്തികള്‍ ചെയ്താലേ മുന്തിയ ജന്മം കിട്ടൂ എന്നും അങ്ങനെ പല ജന്മങ്ങളില് കൂടി കടന്നേ പരമാത്മാവില്‍ ലയിക്കൂ എന്നും പറഞ്ഞത് ഹിന്ദു മതമാണ്. ആ ബസില്‍ കയറിയാലേ മനുവിന്റെ ക്രൂരകൃത്യങ്ങളുടെ വ്യാപ്തി മാനസിലാക്കാന്‍ പറ്റൂ. ഇന്നത്തെ ഹിന്ദുമതം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ച പുരാതന ബസില്‍ കയറിയാല്‍ ഇതൊന്നും മനസിലാകില്ല.
@ കാളിദാസൻ:
താങ്കളുടെ ഈ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അതെല്ലാം പറഞ്ഞത്.
[ സ്വര്‍ഗ്ഗമെന്നും നരകമെന്നും സനാതന ധര് മ്മത്തില് പറഞ്ഞിരിക്കുന്ന ഉഡായിപ്പൊകളോ? ആ ധര്‍മ്മത്തിലെ നരകത്തിലേക്ക് വെറുതെ കുറെ ആളുകള്‍ വിനോദയത്ര പോകുകയാണോ? സനാതന ധര്‍മ്മമനുസരിച്ച് ആരാണു നരകത്തില്‍ പോകുന്നത്? ആരാണവരെ നരകത്തിലേക്ക് വിടുന്നത്?]
ഏതു രാജ്യത്തിലായാലും ഏതു കാലഘട്ടത്തിലായാലും സാമൂഹിക നിയമങ്ങൾ അനുസരിക്കാനുള്ളതാണ്. അത് തെറ്റിച്ചു നടക്കണം എന്നുണ്ടെങ്കിൽ മനുഷ്യൻ സംസ്കാരസമ്പന്നൻ ആണെന്ന് ആവേശം കൊള്ളേണ്ട കാര്യമില്ല. തിരിച്ച് കാട്ടിലേയ്ക്കും മരക്കൊമ്പിലേയ്ക്കും പോകാം. ഇനി അങ്ങനെ ഒരു രാജ്യം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാൻ കൊതിയാവുന്നു.
പാര്ത്ഥന്,
ഏതു രാജ്യത്തിലായാലും ഏതു കാലഘട്ടത്തിലായാലും സാമൂഹിക നിയമങ്ങൾ അനുസരിക്കാനുള്ളതാണ്. അത് തെറ്റിച്ചു നടക്കണം എന്നുണ്ടെങ്കിൽ മനുഷ്യൻ സംസ്കാരസമ്പന്നൻ ആണെന്ന് ആവേശം കൊള്ളേണ്ട കാര്യമില്ല. തിരിച്ച് കാട്ടിലേയ്ക്കും മരക്കൊമ്പിലേയ്ക്കും പോകാം. ഇനി അങ്ങനെ ഒരു രാജ്യം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാൻ കൊതിയാവുന്നു.
സാമൂഹിക നിയമങ്ങള്‍ അനുസരിക്കാന്‍ തന്നെയുള്ളതാണ്. മനു എന്ന ബ്രാഹ്മണന് ഇന്‍ഡ്യന്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ഇന്‍ഡ്യന്‍ സമൂഹത്തേക്കൊണ്ട് അന്നത്തെ ഭരണാധികാരികള്‍ അനുസരിപ്പിച്ചു. ഇന്നത്തേപ്പോലെ അന്നത്തെ നിയമവും മനുഷ്യര്‍ അനുസരിച്ചു. ആ നിയമത്തിന്റെ പ്രത്യേകതയേക്കുറിച്ചാണു പറഞ്ഞത്. ആ നിയമം അനുസരിച്ച് സമൂഹത്തിലെ കുറച്ചുപേരെ ബ്രാഹ്മാവിന്റെ തല മുതല്‍ കാല്‍പ്പാദം വരെയുള്ള ഇടങ്ങളില്‍ നിന്നും ജനിച്ചതായതു കൊണ്ട് അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നു. മറ്റുള്ള ജനങ്ങള്‍ക്ക് ജനിക്കാന്‍ ഇതു പോലെ ഒരു ഇടം കിട്ടാത്തതുകൊണ്ട് അവരെ സമൂഹത്തില്‍ നിന്നും പുറത്താക്കി. മറ്റുള്ളവര്‍ ആരാധിച്ച ദൈവത്തെ അരാധിക്കാന്‍ അനുവാദം കൊടുത്തില്ല. പല ജന്മങ്ങള് ജനിച്ച് ശുദ്ധീകരണം നേടിയ ശേഷമേ ഈ നികൃഷ്ടജീവികള്‍ക്ക് ദൈവത്തെ ആരാധിക്കാനുള്ള യോഗ്യത ലഭിക്കൂ എന്നും ആ നിയമം അനുസാസിച്ചു. രാജാധികാരം ആ മത നിയമത്തിന്റെ താളത്തിനനുസരിച്ച് തുള്ളിയതു കൊണ്ട് അത് സാമൂഹിക നിയമം ആകുകയും അന്നത്തെ മനുഷ്യജീവികള്‍ക്ക് അതനുസരിക്കേണ്ടിയും വന്നു. ആ നിയമങ്ങളേക്കുറിച്ചണു ഞാന്‍ പരാമര്‍ശിച്ചത്. അത് മരക്കൊമ്പിലേക്ക് തിരിച്ചു പോകുന്നതോ കാട്ടില്‍ പോകുന്നതോ ആയി ബന്ധമില്ല. നാട്ടില്‍ മൃഗങ്ങളേപ്പോലെ ജീവിച്ച മനുഷ്യരുടെ ഇടയില്‍ പ്രാബല്യത്തിലിരുന്ന നിയമം അന്നത്തെ ഹിന്ദു മതവുമായി അഭേദ്യമായി ബന്ധപ്പെട്ടതായിരുന്നു. അതിനു മറ്റേതു നിറം കൊടുക്കാന്‍ ശ്രമിച്ചാലും അതില്‍ വിജയിക്കില്ല.
@ കാളിദാസൻ :
താങ്കളുടെ മുകളിലെ കമന്റ് പൂർണ്ണമായും അംഗീകരിക്കുന്നു. ഈ കാര്യത്തിൽ ഞാൻ പോസ്റ്റിലോ എന്റെ കമന്റിലോ എതിർത്തിട്ടില്ല. അതിനോട് അനുബന്ധിച്ച മറ്റുള്ള ഇകഴ്ത്തലുകളിലും അടക്കി ആക്ഷേപിക്കുന്നതിലും മാത്രമെ യോചിക്കാതിരുന്നിട്ടുള്ളൂ. ഇപ്പോഴും എന്റെ കമന്റിന്റെ പകുതിഭാഗം താങ്കൾ ഒഴിവാക്കുകയും ചെയ്തു.
മനുസ്മൃതി അടക്കമുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ ‘ധർമ്മം’ നിലനിർത്തുന്നതിനുവേണ്ടിയുള്ള ആചാരങ്ങളെയാണ് വിവരിക്കുന്നത്. ധർമ്മം എന്താണെന്ന് ആചാര്യന്മാർ വിശദീകരിച്ചിട്ടുള്ളത് ഇവിടെ പകർത്തിവെച്ചിട്ടുണ്ട്.
പാർത്ഥൻ,
താങ്കൾ പറഞ്ഞ രണ്ടു വസ്തുതകളെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമായിരുന്നു.
1) "വേദമന്ത്രങ്ങൾ ശ്രവിച്ച ശൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്." മനുസ്മൃതിയിൽ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നാണു് എന്റെ അറിവു്. എവിടെയാണു് മനുസ്മൃതിയിൽ ഇതുള്ളതെന്നു് ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു.
2) "ഹിന്ദു മത ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവം നടന്നത് ഇന്ന വര്‍ഷമാണെന്ന് ആര്യഭടന്‍ ഗണിച്ചു പറഞ്ഞിട്ടുണ്ട്" എന്നു പാർത്ഥൻ പറഞ്ഞതായി ഒരു കമന്റിൽ കണ്ടു. ഏതു സംഭവത്തിന്റെ കാലമാണു് ആര്യഭടൻ കണ്ടുപിടിച്ചതു്?
പിന്നെ,
ക) പുസ്തകങ്ങൾ എഴുതുമ്പോൾ അവയുടെ കർത്താവായി പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള മുനിമാരുടെയും മറ്റും പേരുകൾ കൊടുക്കുന്നതു സാധാരണയായിരുന്നു. മനുവും യാജ്ഞവൽക്യനും പരാശരനുമൊക്കെ സ്മൃതികൾ എഴുതിയതു് ഇങ്ങനെയാണു്. ഭഗവദ്ഗീതയിൽ പറയുന്ന മനുവല്ല മനുസ്മൃതി എഴുതിയ ആൾ. ഗുരുകുലത്തിൽ മനുസ്മൃതിയെപ്പറ്റിയുള്ള രണ്ടു പോസ്റ്റുകൾ വായിച്ച പാർത്ഥൻ ഇവിടെ "ബൈബിളിലെ ആദം പോലെ ഹൈന്ദവപുരാണങ്ങളില്‍ ആദ്യമനുഷ്യനായി പറയുന്ന മത്സ്യാവതാരമനുവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നര്‍ത്ഥം." എന്നു പറഞ്ഞിരിക്കുന്നതു കണ്ടില്ലേ?
ഖ) നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതു തെറ്റാണു്. "ന സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്നു മതി.
കഴിഞ്ഞ കമന്റിൽ ഇവിടെ എന്നു പറഞ്ഞതു് ഈ പോസ്റ്റിനെപ്പറ്റിയാണു്. ലിങ്കിടാഞ്ഞതിൽ ഖേദിക്കുന്നു.
ഈ പോസ്റ്റിനെക്കുറിച്ച് കമന്റെഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്ത ഹരി, മിനീഷ്, ഉമേഷ്ജി, പ്രത്യേകിച്ച് കാളിദാസനും നന്ദി.
-----------------------
ഉമേഷ്ജി,
(“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്നത് ഒരു തിരുത്തായി പോസ്റ്റിൽ ചേർത്തിട്ടുണ്ട്.)
(ഉമേഷ്ജിയുടെ സശയം എന്നെ തെറ്റായി വായിച്ചതുകൊണ്ടാണ് സംഭവിച്ചത് എന്നു തോന്നുന്നു.)
(1) ശൂദ്രന്റെ ചെവിയിൽ ഈയ്യം ഒഴിക്കുന്ന കാര്യം :
* എന്റെ അഭിപ്രായം അല്ല ഇത്. പലരും മനുസ്മൃതിയിലെ ശിക്ഷയെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ് എന്ന് സൂചിപ്പിക്കുകയായിരുന്നു.
എന്റെ അഭിപ്രായം പൊസ്റ്റിൽ തന്നെ എഴുതിയിരുന്നു. അത് ഇങ്ങനെ :
{വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:}
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272)]
(2) ഹിന്ദു മതത്തിൽ പറയുന്ന സംഭവം :
** ഞാൻ ഒരു സംഭവത്തിനെക്കുറിച്ചും പറഞ്ഞിട്ടില്ല. മഹാഭാരതയുദ്ധം ഉണ്ടായി എന്നു പറയുന്ന സമയത്തെക്കുറിച്ച് ഞാനും വായിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞത്, യുഗങ്ങൾ എന്ന കാലഗണനയെ ആര്യഭടൻ കണക്കുകൂട്ടി പറഞ്ഞതിനെക്കുറിച്ചാണ്. അത് ഒരു മതഗ്രന്ഥത്തിലെ സംഭവം ആണെന്ന് കാളിദാസനാണ് പറഞ്ഞത്. ഗ്രഹങ്ങളെല്ലാം നേർരേഖയിൽ വരുന്ന ഒരു സമയത്തെ കലിയുഗത്തിന്റെ ആരംഭമായി വിവരിച്ചിട്ടുള്ളത് വായിച്ചിരുന്നു. അതിന്റെ ലിങ്ക് അവിടെ കൊടുത്തിരുന്നു. ഇതൊക്കെയാണെങ്കിലും എനിക്കും സംശയങ്ങൾ ബാക്കിയാണ്. അതെന്തെന്നാൽ, ആര്യഭടനുമുമ്പും കലിയുഗദിനം കുറിക്കുന്ന (ജാതകങ്ങളിൽ കാണുന്നപോലെ) പതിവ് ഉണ്ടായിരുന്നോ?
ഉമേഷ്ജിയുടെ പോസ്റ്റിലെ ബൈബിളിലെ ആദമിനെക്കുറിച്ച് ഞാൻ വായിച്ചിരുന്നു. അവിടെ പറഞ്ഞ കാലഘട്ടത്തെ വിമർശിക്കുകയല്ലായിരുന്നു എന്റെ വിഷയം. പലയിടത്തും മനുസ്മൃതി എഴുതിയ മനുവിനെക്കുറിച്ച് പല വിധത്തിലും പറയുന്നത് പകർത്തുകയായിരുന്നു. മനുസ്മൃതിയിൽ പറയുന്ന മനു ഇക്ഷാകുവിന്റെ മകനായ ആദ്യത്തെ മനുഷ്യനാണെന്നും പറയുന്നു. അത് ശരിവെക്കുകയാണെങ്കിൽ ബൈബിളിലെ ആദമിനെയും അങ്ങിനെ കാണേണ്ടിവരും. അത് ഒരു ഗ്രന്ഥരചനയുടെ കാലഘട്ടത്തിനോട് ചേരുന്നില്ല. അതുകൊണ്ട് വായിച്ചതിൽ നിന്നും യുക്തിപരമായി ഒരു മനുവിനെ കണ്ടെത്താൻ കഴിയുമോ എന്ന് ശ്രമിക്കുകയായിരുന്നു.
പാർത്ഥാ,
"വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്." എന്നാണു താങ്കൾ എഴുതിയതു്, ഈ പോസ്റ്റിൽ.
"മനുസ്മൃതിയിൽ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നാണു് എന്റെ അറിവു്. എവിടെയാണു് മനുസ്മൃതിയിൽ ഇതുള്ളതെന്നു് ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു." എന്നാണു ഞാൻ പറഞ്ഞതു്. ഞാനെഴുതിയതു മനസ്സിലായില്ലെങ്കിൽ ഒന്നു കൂടി പറയാം. പാർത്ഥൻ പോസ്റ്റിലെഴുതിയ, ഞാൻ മുകളിൽ ഉദ്ധരിച്ച, വാക്യം തെറ്റാണു് എന്നാണു് എന്റെ അഭിപ്രായം. മനുസ്മൃതിയിൽ അങ്ങനെ അർത്ഥം വരുന്ന ഒരു ഭാഗമില്ല. ഇനി എന്റെ വായനയുടെ കുഴപ്പമാണെങ്കിൽ അതു് എവിടെയാണു് എന്നറിയാനാണു് "അറിഞ്ഞാൽ കൊള്ളാമായിരുന്നു" എന്നും പറഞ്ഞതു്.
അതിനു താങ്കളുടെ മറുപടി വിചിത്രമായിരിക്കുന്നു: "ഉമേഷ്ജിയുടെ സശയം എന്നെ തെറ്റായി വായിച്ചതുകൊണ്ടാണ് സംഭവിച്ചത് എന്നു തോന്നുന്നു.......... ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272)"
ആരു് ആരെയാണു തെറ്റായി വായിച്ചതു്? ഈയം ഉരുക്കിയൊഴിക്കുന്ന കാര്യം മനുസ്മൃതിയിലുണ്ടെന്നു താങ്കൾ തന്നെയാണു് എഴുതിയതു്. അതെവിടെ എന്നു ചോദിച്ചപ്പോൾ എണ്ണയൊഴിക്കുന്നതിന്റെ അദ്ധ്യായവും സൂക്തവും നമ്പർ സഹിതം പറഞ്ഞിരിക്കുന്നു. പാർത്ഥനോടു് "അരിയെത്ര" എന്നു ചോദിക്കരുതു് എന്നു മനസ്സിലായി :)
മനുസ്മൃതിയെപ്പറ്റി പുസ്തകം വായിക്കാതെ പെട്ടെന്നു മനോമുകുരത്തിൽ വന്ന തോന്നലൊക്കെ എഴുതുന്നതിൽ കുഴപ്പമില്ല. മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനു് എന്തെങ്കിലും തോന്നിയതു പറഞ്ഞിട്ടു വായിച്ചവന്റെ വായനയുടെ കുഴപ്പം കൊണ്ടാണെന്നു പറയുന്നതിനു മുമ്പു് ഒരല്പം വകതിരിവോടെ ആലോചിച്ചാൽ നന്നായിരുന്നു.
ആര്യഭടനെപ്പറ്റി പാർത്ഥനും കാളിദാസനും പറയുന്ന പരാമർശം ഈ പോസ്റ്റിലല്ല എന്നു മനസ്സിലായി. അതു പറഞ്ഞ പോസ്റ്റിന്റെ ലിങ്ക് ഒന്നു തരുമോ?
(മനുസ്മൃതിയും ആര്യഭടീയവും വായിച്ചിട്ടുണ്ടു് - അത്ര വിശദമായി അല്ലെങ്കിലും. വായിക്കാത്തവർ അവയെപ്പറ്റി ഒരുപാടു് അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതു കേൾക്കാറുണ്ടു്. പാർത്ഥനു് അങ്ങനെ പറ്റരുതു് എന്നു് ആഗ്രഹമുള്ളതു കൊണ്ടാണു് ഈ ഇടപെടൽ.)
കിട്ടി. ഇവിടെ. ഇതിനു മറുപടി ഇനി അല്പം സമയം കിട്ടുമ്പോൾ പറയാം.
ഉമേഷ്ജി,
ഞാൻ ആ പോസ്റ്റ് എഴുതുമ്പോൾ വീണ്ടും വിതണ്ഡവാദങ്ങൾ ഒഴിവാക്കാനായി അത് പറഞ്ഞ മനുസ്മൃതി വായിച്ചിട്ടുള്ള ആളുടെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിരുന്നില്ല. അതുകൊണ്ട് അത് എന്റെ അഭിപ്രായം പോലെ ആയിപ്പോയതാണ്. ഞാൻ അത് വിശ്വസിക്കുന്ന കൂട്ടത്തിലല്ല എന്ന് അതിനുശേഷമുള്ള വരികൾ വായിച്ചാൽ മനസ്സിലായിക്കോളും എന്നും കരുതി.
എല്ലാവരും പറയുന്നത്, ചെവിയിൽ ഈയ്യം ഉരുക്കിയൊഴിച്ച കഥകളാണ്. നെറ്റിൽ തപ്പിയപ്പോൾ എനിക്ക് കിട്ടിയതാണ് ആ എണ്ണ ഉരുക്കിയൊഴിക്കുന്ന വിവർത്തനം.
അതുകൊണ്ട് ഈയ്യമായിരുന്നോ, സ്വർണ്ണമായിരുന്നോ, എണ്ണയായിരുന്നോ എന്ന എന്റെ സംശയം അവിടെ പറഞ്ഞു എന്നുമാത്രം.
മനുഷ്യന്റെ നല്ല ജീവിതത്തെയും ലോകനന്മയെയും ലക്ഷ്യമാക്കി മാത്രം ജീവിച്ചിരുന്ന ഋഷി, മഹർഷി എന്നീ നിലയിൽ എത്തിയവരിൽനിന്നും ഇത്തരം ക്രൂരമായ ശിക്ഷാവിധികൾ ഉണ്ടാവില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
[പഴശ്ശിരാജ കാണാതെ അതിന്റെ വിമർശനം എഴുതിയില്ലേ. അതുപോലെ തന്നെയാണ് മനുസ്മൃതിയെക്കുറിച്ച് ഞാനും ഇത്രയൊക്കെ എഴുതിയത്. :)]
മനുഷ്യന്റെ നല്ല ജീവിതത്തെയും ലോകനന്മയെയും ലക്ഷ്യമാക്കി മാത്രം ജീവിച്ചിരുന്ന ഋഷി, മഹർഷി എന്നീ നിലയിൽ എത്തിയവരിൽനിന്നും ഇത്തരം ക്രൂരമായ ശിക്ഷാവിധികൾ ഉണ്ടാവില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
ബുഹഹഹഹ... പാർത്ഥാ, പ്ലീസ്... നാട്ടിൽ ഏതു വലിയ അമ്പലത്തിന്റെയും പുറത്തുള്ള ബുക്ക്സ്റ്റാളുകളിൽ മനുസ്മൃതി കിട്ടും. ഒന്നു വാങ്ങി വായിച്ചു നോക്കിയിട്ടു പറയൂ. (നെറ്റിലും ഉണ്ടെന്നു തോന്നുന്നു, ഇംഗ്ലീഷ് തർജ്ജമ.) എന്നിട്ടു പറയൂ. മനുവിനെപ്പോലെയുള്ള "മഹർഷി"മാരിൽ നിന്നും ക്രൂരമായ ശിക്ഷാവിധികൾ ഉണ്ടാവില്ല എന്നു്. ഇതിലും അപ്പുറത്തെ ശിക്ഷാവിധികളാണു് അതിലും മറ്റു സ്മൃതികളിലും ഉള്ളതു്.
[പഴശ്ശിരാജ കാണാതെ അതിന്റെ വിമർശനം എഴുതിയില്ലേ. അതുപോലെ തന്നെയാണ് മനുസ്മൃതിയെക്കുറിച്ച് ഞാനും ഇത്രയൊക്കെ എഴുതിയത്. :)]
തമാശ അംഗീകരിക്കുന്നു (അതു ഞാൻ തന്നെ അവസാനത്തെ പാരഗ്രാഫിൽ പറഞ്ഞതാണെങ്കിലും). പക്ഷേ, എന്റെ പോസ്റ്റ് പഴശ്ശിരാജാ സിനിമയുടെ റിവ്യൂ ആയിരുന്നില്ല. പഴശ്ശിരാജാവു് എഴുതിയെന്നു പറയപ്പെടുന്ന ഒരു ശ്ലോകത്തിന്റെ വിവരണമായിരുന്നു. വിമർശിച്ചതു് സിനിമയുടെ റിവ്യൂകളെയാണു്. അവയെല്ലാം ഞാൻ നന്നായി വായിച്ചിട്ടുണ്ടായിരുന്നു താനും.
ഉമേഷ്ജി,
തർക്കിക്കാൻ വേണ്ടിയല്ല എന്ന് ആദ്യം തന്നെ പറയട്ടെ.
ഇന്ന് വാങ്ങാൻ കിട്ടുന്ന മനുസ്മൃതിയിലെ കാര്യങ്ങൾ ഞാൻ കണ്ടിട്ടില്ല എന്നു പറയുന്നത് നിഷേധം തന്നെയെന്ന് മനസ്സിലാക്കുന്നു. അതിലെ എല്ലാ ശിക്ഷാവിധികളും ശരിവെക്കുമ്പോൾ ഇന്ത്യയിലെ തൊട്ടുകൂടായ്മക്കും ശിക്ഷകൾക്കും മനുസ്മൃതിയാണ് കാരണം എന്നു വിശ്വസിച്ചാൽ തന്നെ, ഇന്ത്യക്ക് പുറത്തുള്ള ഇതേ അനുഭവങ്ങൾക്ക് എന്താണ് അടിസ്ഥാനം എന്ന സംശയം എന്നിൽ നിലനിൽക്കുന്നു. നെറ്റിൽ മനുസ്മൃതി തപ്പിയപ്പോൾ തടഞ്ഞ ചില കാര്യങ്ങൾ ഈ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. അന്നു കണ്ട ചിലത് ഇവിടെ കോപ്പിചെയ്യുന്നു. ഇതെല്ലാം മനുസ്മൃതിയിൽ പറഞ്ഞിട്ടുണ്ടോ ? അതാണ് എന്റെ സംശയം.
In the 1500s, during the rule of the Marathas and the Peshwas in today's Maharastra state, 'untouchables' were not allowed within the gates of the capital city Poona between 3.00 pm and 9.00 am. The reason was that during this time their bodies were likely to cast long shadows, with the attendant danger that the shadow of an 'untouchable' might fall on a Brahmin and pollute him. An 'untouchable' had to carry an earthen pot around his neck so his spittle may not pollute the earth. In Maharashtra an 'untouchable' wore a black thread either in his neck or on his wrist for ready identification, while in Gujarat a horn had to be worn for identification.
A study conducted in Tamil Nadu noted that in two villages in Madurai district postmen did not deliver postal articles to Dalit addressees. Dalits were required to collect the articles at the post office. There are also road transport related violations of the law against untouchability. Among them is the unwritten rule that gives caste Hindus priority over Dalits in boarding buses in many areas, buses not stopping in Dalit areas, transport employees picking quarrels with Dalit passengers without provocation and Dalits not being allowed to use bus shelters. State government still follows a traditional procedure of making announcements in villages by beating a drum and for that they deploy Dalits.
ഉമേഷ്ജി,
മനുസ്മൃതിയിലെ ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കുന്നതിനെക്കുറിച്ചും മറ്റുള്ള ശിക്ഷകളെക്കുറിച്ചും ഉമേഷ്ജിയുടെ ഒരു വിശദമായ പോസ്റ്റ് ഗുരുകുലത്തിൽ പ്രതീക്ഷിക്കുന്നു.
പാർത്ഥാ,
മനുസ്മൃതിയിൽ ഈയം ഉരുക്കി ചെവിയിൽ ഒഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടില്ല എന്നാണല്ലോ ഞാൻ പറഞ്ഞതു്. പിന്നെ ഞാനെങ്ങനെ അതിനെപ്പറ്റി പോസ്റ്റെഴുതും?
ഇന്ത്യയിലെ തൊട്ടുകൂടായ്മക്കും ശിക്ഷകൾക്കും മനുസ്മൃതിയാണ് കാരണം എന്നു വിശ്വസിച്ചാൽ തന്നെ,...
എന്നു് ആരു പറഞ്ഞു? ഭാരത്തതിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണമാകേണ്ട scapegoat അല്ല മനുസ്മൃതി എന്ന പുസ്തകം. ഇനി അങ്ങനെ വിശ്വസിക്കണമെന്നാണു് ആഗ്രഹമെങ്കിൽ, വിശ്വസിച്ചോളൂ, ബാക്കിയെല്ലാറ്റിനെയും നമുക്കു കുറ്റവിമുക്തമാക്കാം.
...ഇന്ത്യക്ക് പുറത്തുള്ള ഇതേ അനുഭവങ്ങൾക്ക് എന്താണ് അടിസ്ഥാനം എന്ന സംശയം എന്നിൽ നിലനിൽക്കുന്നു.
എല്ലാ പ്രശ്നങ്ങളുടെയും കാരണം മനുസ്മൃതിയാണു് എന്നതു പാർത്ഥന്റെ തിയറിയാണു്. വംശീയപ്രശ്നങ്ങൾ ലോകത്തെല്ലായിടത്തുമുണ്ടായിരുന്നു. അമേരിക്കയിൽ അറുപതുകളിൽ പോലും കറുത്ത വർഗ്ഗക്കാരെയും ജൂതന്മാരെയും റെഡ് ഇന്ത്യൻസിനെയും ലിഞ്ച് ചെയ്തിട്ടുണ്ടു്. ഇതിനൊക്കെ ചരിത്രത്തിൽ കാരണം കണ്ടെത്താനാകും. ഇന്ത്യയിലെ വർണ്ണ-ജാതി-വ്യവസ്ഥയുടെ ആവിഷ്കാരകർ ഉണ്ടാക്കിയ അനേകം ദുഷ്ടത്തരങ്ങളിൽ ഒന്നു മാത്രമാണു മനുസ്മൃതി. ഇങ്ങനെ മറ്റു പലതും ഉണ്ടു്. ഇതു പോലെ ലോകത്തിന്റെ പല ഭാഗത്തും ദുഷ്ടത്തരങ്ങൾ ഉണ്ടു്. അതിന്റെ ശേഷിപ്പുകൾ പുസ്തകങ്ങളായും പാട്ടുകളായും കഥകളായും ആചാരങ്ങളായും അവശേഷിക്കുന്നുമുണ്ടു്.
അഭിപ്രായങ്ങൾക്ക് നന്ദി, ഉമേഷ്ജി.
Post a Comment