Thursday, December 24, 2009

അല്ലാ, അയാള് യുക്തിവാദിയാണോ ?




നവമ്പർ 20 ന് ദുബായിൽ ഡോ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം കേട്ട് മടങ്ങുമ്പോൾ സുഹൃത്തിന്റെ സംശയം ‘അയാള് യുക്തിവാദിയാണോ’ എന്ന്.


യുക്തിഭദ്രമായി (ശാസ്ത്രീയമായി അല്ല) ഒരാൾ ഒരു വിഷയത്തെക്കുറിച്ച് വിശദീകരിച്ചാൽ നമ്മുടെ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്ന അന്ധവിശ്വാസം അതിനെ ഉൾക്കൊള്ളാൻ തയ്യാറാവത്തതുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം എന്റെ സുഹൃത്തിന് ഉണ്ടായത് . യുക്തിവാദത്തെക്കുറിച്ച് പല ബ്ലോഗുകളിലും വന്നിട്ടുള്ള വിശദീകരണങ്ങൾ വായിച്ചിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം യുക്തിവാദം ജയിക്കണമെങ്കിൽ ആധുനികശാസ്ത്രത്തിന്റെ സാമാന്യവൽകരണം കൂടി ആവശ്യമായിക്കാണുന്നുണ്ട്. മനുഷ്യന്റെ ജീവിതത്തിലെ ഒരു കാര്യം ആധുനികശാസ്ത്രത്തിന്റെ കെമിസ്ട്രിയുമായി ചേരാതെ വരുമ്പോൾ അന്ധവിശ്വാസവും ദുരാചാരവും ആണെന്ന് സമർത്ഥിക്കുന്നതരത്തിലാണ് ഇന്ന് ആധുനികശാസ്ത്രജ്ഞന്മാർ ശാസ്ത്രത്തിനെ ഡിഫൈൻ ചെയ്തിട്ടുള്ളത്.

നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം ദൈവം തരും എന്ന ബാലിശമായ ഒരു വിശ്വാസത്തിൽ അധിഷ്ഠിതമാണ് ലോകത്തിലെ എല്ലാ മതങ്ങളും. അതിനെക്കാൾ ഉയർന്ന തലത്തിൽ ചിന്തിക്കാൻ ചില മതങ്ങൾ അനുവദിക്കുന്നുമില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഞണ്ടിനെ കൂട്ടത്തിലുള്ള ഞണ്ടുകൾ വലിച്ചു താഴെയിടുന്നതും, ഞണ്ടുകൾ രക്ഷപ്പെടാതിരിക്കാൻ പാത്രം മൂടിവെക്കുന്നതും ചിന്താശേഷി പണയം വെച്ച ജനസമൂഹത്തെ സൂചിപ്പിക്കുന്നു. ഹിന്ദുമതത്തിനെ പരാമർശിച്ചുകൊണ്ട് മുകളിൽ പറഞ്ഞ ഉദാഹരണം സൂചിപ്പിച്ച വിദ്വാൻ ഹിന്ദുമതത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തം.

ബൃഹദാരണ്യകോപനിഷത്ത് വായിക്കുന്നതിനിടയിൽ എന്നിലൂടെ കയറിപ്പോയ ഒരു മന്ത്രം ഇതാ.

(“ദിവശ്ചൈനമാദിത്യാച്ച ദൈവം മന ആവിശതി; തദ്വൈ ദൈവം മനോ യേനാനന്ദ്യേവ ഭവതി, അഥോ ന ശോചതി.“)

[ദ്യോവിൽ നിന്നും ആദിത്യനിൽ നിന്നും ദൈവമായ മനസ്സ് ഇവനെ ആവേശിക്കുന്നു. എപ്പോഴും ആനന്ദമുള്ളവനായിരിക്കുകയും ഒരിക്കലും ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നതുതന്നെയാണ് ദൈവമായ മനസ്സ്.]

ഇതു മനസ്സിലാക്കിയാൽ നമ്മുടെ കർമ്മത്തിന്റെ ഉത്തരവാദിയായ ദൈവം നമ്മൾ തന്നെയാണെന്നുവരും. അത് നമുക്ക് ഒളിച്ചോടാനുള്ള ഇടം ഇല്ലാതാക്കുന്നു. അക്കാരണം കൊണ്ടുതന്നെ അത് മനുഷ്യനിൽ ഭയം ജനിപ്പിക്കുന്നു.
നമ്മളെ നിയന്ത്രിക്കുന്ന ദൈവം നമ്മളിൽ നിന്നും അകന്ന് ദൂരെയായിരിക്കണം; ഭൂമിക്കും പ്രപഞ്ചത്തിനും മീതെയായിരിക്കണം എന്നത്, മതത്തിന്റെ നിർബ്ബന്ധമാണ്. അത് പുരോഹിതന്മാർക്ക് നമ്മളെ ചൂഷണം ചെയ്യാനുള്ള ഇടം ഒരുക്കിക്കൊടുക്കുകയും ചെയ്യും.

മനുഷ്യന്റെ ജീവിതത്തിൽ പുറത്തുള്ള വസ്തുക്കൾക്ക് (ശക്തികൾക്ക്) എത്രകണ്ട് സ്വാധീനമുണ്ട് എന്നതാണ് ജ്യോതിശാസ്ത്രത്തിലൂടെ ജ്യോതിഷം എന്ന വിഭാഗം കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയത ഒട്ടും ഇല്ലാത്ത ജ്യോതിഷപ്രവചനങ്ങളിൽ ജ്യോതിശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചായിരുന്നു ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.

ജോതിഷത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഗണിതം, ജ്യോതിശാസ്ത്രം, പ്രവചനം. ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയുന്ന ഗണിതവും ജ്യോതിശാസ്ത്രവും, ശാസ്ത്രം കൊണ്ട് വിവരിക്കാൻ കഴിയാത്ത പ്രവചനവും ചേർന്നതാണ് ഇന്ന് നമുക്ക് പരിചയമുള്ള ജ്യോതിഷം. അപ്പോൾ ജ്യോതിഷം ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരം നൽകും. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ ഗണിതവും ഗോളശാസ്ത്രവും ശാസ്ത്രീയമാണ്. പ്രവചനം ശാസ്ത്രീയമല്ല. അപ്പോൾ ജ്യോതിഷം ഒരു ശാസ്ത്രമല്ല എന്ന് പറയുന്നത് ശരിവെക്കേണ്ടി വരുന്നു. പക്ഷെ വേദകാലം തൊട്ട് പറഞ്ഞു പോരുന്ന, കല്പശാസ്ത്രം, ഛന്ദശാസ്ത്രം, തുടങ്ങി ഇപ്പോൾ കൈരേഖാശാസ്ത്രം, പക്ഷിശാസ്ത്രം എന്നിവയെല്ലാം ശാസ്ത്രം ചേർത്തു പറയുന്നു. അതുകൊണ്ടാവാം ആർഷസംസ്കാരത്തിന്റെ സംഭാവനകളെല്ലാം തന്നെ അശാസ്ത്രീയമാണെന്ന് പറയുന്നത്. അപ്പോൾ ഒരു സംശയം; ‘ശാസ്ത്രം’ എന്ന് സംസ്കൃതത്തിൽ പറയുന്നത്, നമ്മൾ ‘സയൻസ്’ എന്നു പറയുന്ന വാക്കിന്റെ അർത്ഥം തന്നെയാണോ സൂചിപ്പിക്കുന്നത്. നമ്മുടെ അറിവുകളെയല്ലാം സയൻസുകൊണ്ട് അളക്കാൻ ശ്രമിക്കുന്നിടത്താണ് നമുക്ക് അബദ്ധം പിണഞ്ഞത് എന്നു മനസ്സിലാകും, ശ്രദ്ധിച്ചു വിലയിരുത്തിയാൽ.

ശാസ്ത്രം (സംസ്കൃതം) - ശാസ്ത്രം എന്ന വാക്കിന്റെ അർത്ഥം മാർഗനിർദ്ദേശം നൽകുന്നത് എന്നാണ്. guides / instructs/ or directs the pathway എന്നീ വാക്കുകൾക്ക് സമാനമായ അർത്ഥമാണ് ശാസ്ത്രം എന്ന വാക്കിനുള്ളത്.
അങ്ങിനെ നോക്കിയാൽ ജ്യോതിഷം ഒരു ശാസ്ത്രമാണ് എന്നും, സയൻസ് അല്ല എന്നും പറയാം. ശാസ്ത്രീയമാണോ എന്നാണ് ചോദ്യമെങ്കിൽ, അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണെന്നും, പ്രവചനഭാഗം ശാസ്ത്രീയമല്ലെന്നും പറയാം. എങ്ങിനെ ജീവിക്കണം, ഏതു കാലഘട്ടത്തിലാണ് നല്ലത് സംഭവിക്കുക, ഏതു കാലഘട്ടത്തിലാണ് ദശ മാറുക, ആ സമയത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും, എന്നൊക്കെ അറിയാൻ ജ്യോതിഷം സഹായകമാണ്. സയൻസ് കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പ്രവചനത്തിൽ എങ്ങിനെയാണ് വിശ്വസിക്കുക.
അതിന് ഒരു ഉത്തരമേ എനിക്ക് പറയുവാനുള്ളൂ. സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത ഒരു സംഗതിക്ക് ജ്യോതിഷത്തിലൂടെ ഒരു ഉപദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രായോഗിക വശങ്ങൾ നമുക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കിയാൽ വിശ്വസിക്കുകയോ - വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.

എന്റെ ജ്യോതിഷത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും അനുഭവങ്ങളും ഇവിടെ പങ്കുവെക്കുന്നു, അടുത്ത പോസ്റ്റിൽ.

(തുടരും....)

2 comments:

പാര്‍ത്ഥന്‍ said...

“അത്ഭുതപ്രവചങ്ങൾ”

വമ്പിച്ച ആദായ വില്പന.

പ്രൊ: ചക്രപാണിതൻ വാക്യം

കാവലാന്‍ said...

"സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത ഒരു സംഗതിക്ക് ജ്യോതിഷത്തിലൂടെ ഒരു ഉപദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രായോഗിക വശങ്ങൾ നമുക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കിയാൽ വിശ്വസിക്കുകയോ - വിശ്വസിക്കാതിരിക്കുകയോ ചെയ്യാം."

ഇവിടെ വരുമ്പോള്‍ എനിക്കു തോന്നുന്നു പ്രവചനാധിഷ്ടിതമായ ഒരുപദേശം നല്ലതു തന്നെ,ജീവിത പരിചയവും ദീര്‍ഘദൃഷ്ടിയുമുള്ള ഒരാളില്‍ നിന്നാണെങ്കില്‍ മാത്രം. അത് ജ്യോതിഷിയോ,സാധാരണക്കാരനോ ആരുമാകട്ടെ എന്നാല്‍ വക്രദൃഷ്ടികളായ കവിടിസഞ്ചിക്കാരെ/തല്‍ക്കാലസ്വാമികളെ ഒരു ദുര്‍ഘട സന്ധിയില്‍ ഒരാള്‍ അവന് ഉപദേശത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അവന്റെ കഷ്ടകാലം എന്നു തന്നെ പറയേണ്ടിവരും :)