അന്ധവിശ്വാസവും ആചാരങ്ങളും
ഗുണത്രയങ്ങളില്‍ തമോഗുണം കൂടുതലായിട്ടുള്ളവര്‍ പരുഷമായ വാക്കുകള്‍ മുതല്‍ terrorism വരെയുള്ള ദുഷ്‌പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് ലോകത്ത് നാശത്തിന് കാരണക്കാരാകുന്നു എന്ന് ഭ.ഗീ. 16:8,9,10 എന്നീ ശ്ലോകങ്ങളിലൂടെ സൂചന തരുന്നുണ്ട്.
ജീവന്റെ സമതുലിതാവസ്ഥയെ നിലനിറുത്താന്‍ കഴിയുമ്പോഴാണ് പ്രകൃതിയുടെ ഗുണങ്ങളെ 'ത്രിഗുണങ്ങള്‍' എന്നു വിളിക്കുന്നത്. അത് ഇല്ലാതെ വരുമ്പോള്‍ അവ ഗുണങ്ങളല്ല, ദോഷങ്ങളായാണ് പരിഗണിക്കുന്നത്.
ആസുരപ്രകൃതം അധികമുള്ളവര്‍ മതങ്ങളിലെ ആചാരങ്ങളുടെ ഭാഗമായും ആത്മീയതയുടെ ഭാഗമായും ശരീരത്തിന് ദണ്ഡനമേല്‍പിച്ച് ചെയ്തുവരുന്ന പ്രവര്‍ത്തികളെ ആസുരീയം എന്നുതന്നെയാണ് ഗീത സൂചിപ്പിക്കുന്നത്.
അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോജനാഃ
ദംഭാഹങ്കാരസംയുക്താഃ കാമരാഗബലാന്വിതാഃ . (17:5)
കര്‍ശയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃ ശരീരസ്ഥം താന്‍ വിദ്ധ്യാസുരനിശ്ചയാന്‍. (17:6)
[ദംഭം അഹങ്കാരം ഇവയോരുകൂടിയവരും, കാമരാഗങ്ങളുടെ ബലത്തോടുകൂടിയവരും, ആത്മചൈതന്യം സ്ഫുരിക്കാത്തവരുമായവര്‍; ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ഭൂതസമൂഹത്തെയും, ഉള്ളിലുള്ള സൂക്ഷ്മ ശരീരത്തിലിരിക്കുന്ന എന്നെയും (പരമാത്മാവിനെ) പീഡിപ്പിച്ച് ശാസ്ത്രത്തിനു യോജിക്കാത്ത രീതിയില്‍ ഘോരമായ തപസ്സിനെ അനുഷ്ഠിക്കുമ്പോള്‍, അവരെ ആസുരബുദ്ധികളെന്നുതന്നെ നീ അറിഞ്ഞുകൊള്ളണം.]
ഇവിടെ പറയുന്ന ആസുരപ്രകൃതം ഉള്ളവര്‍ ഇന്ത്യയില്‍ കാണപ്പെടുന്ന കപടഭക്തന്മാര്‍ മാത്രമല്ല. അദ്ധ്യാത്മത്തിന്റെ മുഖംമൂടികളണിഞ്ഞ് സാധാരണ ജനത്തിനു പിടികിട്ടാത്ത പല സിദ്ധികളും ഉള്ളതുപോലെ നടിച്ചു മനുഷ്യരെ ചതിക്കുന്നവര്‍ ലോകത്ത് എല്ലാ രാജ്യത്തും എല്ലാ മതത്തിലും നമുക്കു കാണുവാന്‍ കഴിയും. അവര്‍ സത്യത്തെ മാനിക്കാത്തവരായതുകൊണ്ട് ബാഹ്യത്തില്‍ മാത്രമെ വിശ്വസിക്കുന്നുള്ളൂ. ഒരു ശാസ്ത്രത്തിനും യോജിക്കാത്ത തപസ്സനുഷ്ഠിച്ച് അവരുടെ അസാദ്ധ്യശക്തികളെ മറ്റുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാന്‍ ശ്രമിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ പരിപാവനമായ ജീവിതത്തെ ഭാഗവതത്തില്‍നിന്നും ഏഴു ദിവസം ഇടമുറിയാതെ പാടിക്കേള്‍പ്പിക്കുന്ന ചില ഭാഗവതന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ആ ഏഴു ദിവസവും ജലപാനം ചെയ്യുന്നില്ല എന്നാണ് എല്ലാവരെയും ധരിപ്പിച്ചിരുന്നത്. ആര്‍ക്കും പ്രയോജനം ചെയ്യാത്ത ഘോരമായ ഈ തപോവൃത്തി കണ്ട് അനേകം സാധുക്കള്‍ ഇവരുടെ കാല്‍ക്കല്‍ വീണു നമസ്ക്കരിക്കുകയും കാണിക്ക നിക്ഷേപിക്കുകയും ചെയ്തിരുന്നു.
മദ്ധ്യകാലംവരെയുള്ള ക്രിസ്തീയ ചരിത്രത്തില്‍, മുള്ളുകള്‍ തറച്ചിട്ടുള്ള മേല്‍വസ്ത്രം ധരിച്ച് അതിന്റെ വേദന സഹിച്ചുകൊണ്ട് പാപമോചനത്തിനുവേണ്ടി ചില ക്രിസ്തീയ സന്ന്യാസിമാര്‍ അവരെ സ്വയം ദണ്ഡിപ്പിച്ചിരുന്നു. 'സെന്റ് ജോണ്‍ ഒഫ് ദി ക്രോസ്സ്' മുതലായവരെ സഭയിലുള്ളവരെല്ലാം ചേര്‍ന്ന് തിരണ്ടിവാലുകൊണ്ടും മറ്റും ചെകുത്താനെ പുറത്താക്കാനായി തോളെല്ലുവരെ അടിച്ചു പൊട്ടിച്ചിട്ടുള്ളതായി പറയുന്നുണ്ട്. അപസ്മാര രോഗം ഉള്ള കുട്ടികളില്‍ നിന്നും ചെകുത്താനെ പുറത്താക്കുന്നതിനായി ചില പുരോഹിതന്മാര്‍ ഘോരമായ ദണ്ഡനങ്ങളും ആഭിചാരങ്ങളും ചെയ്തുപോരുന്നുണ്ട്.
ഹിന്ദുമതത്തിലെ ദിവ്യന്മാര്‍ എന്നഭിമാനിക്കുന്ന ചില തന്ത്രിമാര്‍ പുത്രലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിനും ചിലതരം ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്നതായി കേള്‍ക്കാറുണ്ട്. നിധികണ്ടെത്തുന്നതിനായി കുഞ്ഞുങ്ങളെ പിടിച്ചുകൊന്ന് അവരുടെ ഹൃദയവും കണ്ണുമെല്ലാം ചൂഴ്‌ന്നെടുക്കുന്നതായി ഈ ആധുനിക യുഗത്തിലും കേള്‍ക്കുന്നുണ്ട്. മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ശൂലം കുത്തല്‍, ഗരുഡത്തൂക്ക്, തീക്കനലിലൂടെയുള്ള നടത്തം എന്നിവയും നമുക്കറിയാവുന്ന അനാചാരങ്ങളാണ്.
നോമ്പുകാലത്ത് പകല്‍ ആഹാരം കഴിക്കാതിരിക്കുന്ന വൃതം സ്വീകരിച്ചിട്ടുള്ള ചില ഭക്തന്മാര്‍ വെള്ളം കുടിക്കുന്നില്ലെന്നു മാത്രമല്ല ഉമിനീര്‍പോലും തുപ്പിക്കളയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പ്രായപൂര്‍ത്തിയോടു ബന്ധപ്പെട്ട ഉത്സവങ്ങള്‍ നടത്തുമ്പോള്‍ ഇരുമ്പുകമ്പി തീയിലിട്ട് പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളിക്കാറുണ്ട്. തന്‍പ്രമാണിത്വം കാണിക്കാന്‍ ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇതെല്ലാം ചെയ്യുന്നത്.
അതുകൊണ്ടാണ് അശാസ്ത്രീയവും ഘോരവുമായ തപസ്സുചെയ്യുന്നവര്‍ എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ ദംഭന്മാരും അഹങ്കാരികളുമാണ്. അവരുടെ പ്രധാന പ്രേരണകള്‍ കാമവും ക്രോധവുമാണ്. അത് അവര്‍ക്ക് ആസുരീരമായ ശക്തി നല്‍കുന്നു.
കര്‍മ്മഫലത്തില്‍ ഉണ്ടായിരിക്കുന്ന ഈ മാതിരി തെറ്റായ വിശ്വാസത്തെ ഉന്മൂലനം ചെയ്യണമെന്നു കരുതിയാണ് ഭഗവദ് ഗീതയില്‍ പല ശ്ലോകങ്ങളിലും വൈദിക കര്‍മ്മങ്ങളിലെ അനാചാരങ്ങളെ പുനഃപ്രവചനം ചെയ്തിട്ടുള്ളത്.
പ്രാകൃതികമായ മായയ്ക്കു നിഷേധാത്മകമായ ശക്തികളുണ്ട്. സത്യത്തെ മറയ്ക്കുക, ധര്‍മ്മത്തെ അപ്രാപ്യമാക്കുക എല്ലാം അതില്‍പ്പെടുന്നു. അതുകൊണ്ടാണ് ഇവിടെ ഘോരമായ തപസ്സു ചെയ്യുന്നതിനുള്ള ശക്തി, കാമരാഗ ബലങ്ങളില്‍നിന്നും വരുന്നു എന്നു പറയുന്നത്. അവിടെ ദുഷ്കര്‍മ്മത്തിന്റെ കാരകത്വം ഇരിക്കുന്നത് പ്രകൃതിയിലാണ്, ഈശ്വരനിലല്ല.
15 comments:
"A good man is neither afflicted in the here nor in the hereafter."
["നല്ലവനെ ഒരാപത്തും ഇപ്പോഴാകട്ടെ ഇനിയൊരിക്കലാകട്ടെ ബാധിക്കുകയില്ല"]
എന്ന് സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്.
ഭൂതപ്രേതങ്ങള്‍ തന്നില്‍ നിവേശിച്ചിരിക്കുന്നു എന്ന് കരുതുന്നത് അയുക്തവും അസംബന്ധവുമാണ്. അങ്ങനെയുള്ള വിശ്വാസം കൊണ്ട് ഭയപ്പെട്ട് ആഭിചാരവും മന്ത്രവാദവുമെല്ലാം നടത്താന്‍ ആയിരക്കണക്കിനു രൂപ ചിലവാക്കുന്നതും ദേവാലയങ്ങളില്‍ പോയി പ്രായശ്ചിത്തം ചെയ്യുന്നതുമെല്ലാം ആസുരീകമായ കര്‍മ്മമാണ്.
നല്ലൊരു പോസ്റ്റ്. വളരെ ഇഷ്ടമായി.
നല്ല പോസ്റ്റ്!
:)
അന്ധവിശ്വാസങ്ങള്‍ക്കുമുണ്ട് ഗ്ലോബലൈസേഷന്‍... അല്ലേ
നല്ല പോസ്റ്റ്
'ഭൂതപ്രേതങ്ങള്‍ തന്നില്‍ നിവേശിച്ചിരിക്കുന്നു എന്ന് കരുതുന്നത് അയുക്തവും അസംബന്ധവുമാണ്.'
അല്പം യുക്തിവത്തായി ചിന്തിക്കുന്നവനിങ്ങനെപറയാം.പക്ഷേ അതിനു കഴിയാത്തവരെ അതിനു പ്രാപ്തരാക്കാന്‍ സമൂഹം സന്നിഹിതമാവാത്തിടത്തോളം എന്തു ചെയ്യാന്‍ കഴിയും?.
സംഗതികള്‍ (പുതിയ എപ്പിസോഡനുസരിച്ചുപറഞ്ഞാല്‍ പ്ലാന്‍സ്)വളരെ നന്നായിട്ടുണ്ട് പക്ഷേ സംസ്കൃതത്തില്‍ ലേശം വ്യുത്പത്തിക്കുറവുണ്ടേയ്.
എന്തായാലും അഗ്രിണി ഇത്തവണ അനുഗ്രഹിച്ചേട്ക്കുണു.
വായിച്ചവര്‍ക്കും അഭിപ്രായം പരഞ്ഞവര്‍ക്കും നന്ദി.
മനൂ - സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ ചലനം കൊണ്ട് രൂപപ്പെട്ടുവരുന്ന തത്ത്വങ്ങളോ തന്മാത്രകളോ ധാതുക്കളോ ചേര്‍ന്നതാണ് പുരുഷ ശരീരം എന്നു വിശ്വസിക്കുന്നുവെങ്കില്‍, മനുഷ്യന്റെ സ്വഭാവവും ഗ്ലോബലൈസ് ചെയ്തിട്ടുണ്ടാവണം.
കാവലാന്‍ - ഇത്തിരി ധൈര്യം വേണം. ഗുണ്ട് എന്ന് കരുതുകയില്ലെങ്കില്‍ ഒരു കഥ പറയാം. കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍, അമ്മാവന്റെ വീട്ടില്‍ എല്ലാവരും കൂടിയിരിക്കുന്നു, കൂട്ടത്തില്‍ രണ്ട് പണിക്കന്മാരും. പ്രേതങ്ങളെ കുടിയിരുത്താനുള്ള ശ്രമമാണ്. ബന്ധുക്കളായ പ്രേതങ്ങള്‍ കൂടാതെ ചുറ്റുപാടുമുള്ള പ്രേതങ്ങളും ശല്യം ചെയ്യുന്നുണ്ടത്രെ. ഞാന്‍ ഒരു കാര്യം ചോദിച്ചു. ഈ പ്രേതങ്ങള്‍ ഈ വീട്ടില്‍ ജനിച്ചു മരിച്ചവര്‍തന്നെയല്ലെ. പ്രേതങ്ങള്‍ ഉപദ്രവിക്കുന്നു എന്നും പറഞ്ഞ് പ്രതിവിധി ചെയ്യിക്കുന്നു. എവിടെയെങ്കിലും പ്രേതങ്ങല്‍ ആര്‍ക്കെങ്കിലും സഹായം ചെയ്തത് അറിയാമോ എന്ന ചോദ്യത്തിന് ആ പണിക്കര്‍ക്ക് ഉത്തരം ഇല്ലായിരുന്നു.
നല്ല എഴുത്ത്.. ഗീതോപദേശം...?
പാര്‍ത്ഥാ,
ശ്രദ്ധാപൂര്‍വം വായിക്കുന്നു, എഴുതുന്നതെല്ലാം.
-ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക എന്നല്ലേ? കര്‍മ്മം ചെയ്തുകൊണ്ടിരിക്കൂ!
(ഫലം ഞങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കാം)
ഈ കാലത്തിന്‍റെ കലികാലത്തിന്‍റെ കെടുതികള്‍..
വ്യത്യസ്തമായ എഴുത്ത്.
വ്യത്യസ്തമായ വിഷയങ്ങള്‍..
കൂടുതല്‍ എഴുതൂ..
"നോമ്പുകാലത്ത് പകല്‍ ആഹാരം കഴിക്കാതിരിക്കുന്ന വൃതം സ്വീകരിച്ചിട്ടുള്ള ചില ഭക്തന്മാര്‍ വെള്ളം കുടിക്കുന്നില്ലെന്നു മാത്രമല്ല ഉമിനീര്‍പോലും തുപ്പിക്കളയുന്നു"
റംസാനിലെ നോമ്പ് ശരീരത്തെ പീഡിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല.പട്ടിണികിടക്കുന്ന വിശപ്പ് മന്‍സ്സിലാക്കാനും മറ്റ് വ്കാരങ്ങളെ നിയന്ത്രിക്കനുമുള്ള ആരാധനായാണ്.പൂര്‍ണ്ണ അരൊഗ്യമുള്ള ആള്‍ ഇതനുഷ്ടിക്കുന്നതില്‍ നിന്ന് അയാളുടെ അരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് മാത്രമല്ല അതിനു ക്ഴിയാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്.
വല്യമ്മായി : റംസാനിലെ നോമ്പ്, മണ്ഡല വൃതം, ഈസ്റ്റര്‍ നൊയമ്പ് എന്നിവയെല്ലാം അതിന്റെ താത്ത്വികമായ നിലയില്‍ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ജലപാനം ചെയ്യുന്നില്ല എന്നു പറയുന്ന ഭാഗവതര്‍, ഉമിനീര്‍പോലും ഇറക്കുന്നില്ല എന്നുപറയുന്ന നോമ്പുകാര്‍ എല്ലാം ചെയ്തുപോരുന്നത് അസാധാരണമായ ജീവിതരീതിയാണ്.
ഭാരതത്തിലെ ആയുര്‍വ്വേദ ശാസ്ത്രത്തില്‍ പറയുന്ന ഒരു ആഹാരരീതി ഉണ്ട്. ഒരു നേരം കഴിക്കുന്നവന്‍ - യോഗി, രണ്ടു നേരം കഴിക്കുന്നവന്‍ - ഭോഗി, മൂന്നു നേരം കഴിക്കുന്നവന്‍ - രോഗി. ഇതില്‍ ഒരുനേരം ഭക്ഷണം കഴിക്കുന്നവര്‍പോലും സാധാരണ ജീവിതം നയിക്കുന്നവര്‍ ആണ്. നോമ്പുകാലത്തെ ഭക്ഷണരീതി എങ്ങിനെയിരിക്കണം എന്ന് 2007 ലെ നോമ്പുകാലത്ത് പത്രങ്ങളിലും ബ്ലോഗുകളിലും ഉണ്ടായിരുന്നു. ഒരുമാസംകൂടി കഴിഞ്ഞാല്‍ നോമ്പ് ആയി. അപ്പോള്‍ കൂടുതല്‍ അറിയാം.
അതെ,മനസ്സും ശരീരവും ശുദ്ധീകരിക്കാനുള്ള ഉപാധിയെ മനുഷ്യരിപ്പോള്‍ പട്ടിണി കിടക്കലും അതിന് ശേഷമുള്ള ആര്‍ഭാടവുമാക്കി മാറ്റിയിരിക്കുന്നു.പോസ്റ്റില്‍ ഈ അര്‍ത്ഥം വ്യക്തമാകാതെ തോന്നിയതിനാലാണ് ആദ്യ ക്മന്റ് അങ്ങനെ ഇട്ടത്.
> പാർത്ഥൻ താങ്കൾ മൊഴിമുത്തുകളിൽ ചേർത്ത ലിങ്ക് വഴി വന്നു. വായിച്ചു.
>>>നോമ്പുകാലത്ത് പകല്‍ ആഹാരം കഴിക്കാതിരിക്കുന്ന വൃതം സ്വീകരിച്ചിട്ടുള്ള ചില ഭക്തന്മാര്‍ വെള്ളം കുടിക്കുന്നില്ലെന്നു മാത്രമല്ല ഉമിനീര്‍പോലും തുപ്പിക്കളയുന്നു.<<<
ഇവിടെ നോമ്പിനെ പറ്റി പറഞ്ഞിട്ടുള്ളത് രണ്ട് കാര്യങ്ങൾ
1) നോമ്പ് നോൽക്കുന്നവൻ വെള്ളം കുടിക്കുന്നില്ല
2) ഉമിനീർ ഇറക്കുന്നില്ല.
ഇസ്ലാമിലെ നോമ്പിന് നിശ്ചിത സമയം വെച്ചിട്ടുണ്ട്. തുടർച്ചയായ നോമ്പ് ഇസ്ലാമിൽ ഇല്ല. വെള്ളവും ഭക്ഷണവും കുടിച്ചുള്ള നോമ്പും ഇല്ല. വെള്ളം കുടിക്കുമ്പോൾ പിന്നെ നോമ്പിന്റെ ഭൌതികമായ ഗുണവും ലഭിക്കുന്നില്ല. അങ്ങിനെ വെള്ളം കുടിക്കാതെ നോമ്പ് അനുഷ്ടിക്കാൻ വിഷമമുള്ള (രോഗം കാരണമോ ,യാത്രക്കാരനോ )ഒഴിവുകൾ ഉണ്ട്.
പിന്നെ ചില ഭക്തന്മാർ മാത്രമല്ല നോമ്പ് എടുക്കുന്നവർ മുഴുവൻ ഇത് പാലിക്കുന്നുണ്ട്. വെള്ളം കുടിച്ചുള്ള നോമ്പ് ഇസ്ലാമിൽ ഉള്ളതായി അറിവില്ല.
പിന്നെ ഉമിനീർ തുപ്പിക്കളയേണ്ടതില്ല. അങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അറിവില്ലായ്മകൊണ്ടായിരിക്കും.
പിന്നെ തട്ടിപ്പുകാർ എല്ലായിടത്തും ഉണ്ടാവും അതിൽ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള അറിവ് ഉണ്ടായിരിക്കൽ അവശ്യമാണ്. അല്ലെങ്കിൽ അറിവുള്ളവരുമായി ചർച്ച ചെയ്യലും
ആശംസകൾ
ഒരു തിരുത്ത്
അങ്ങിനെ വെള്ളം കുടിക്കാതെ നോമ്പ് അനുഷ്ടിക്കാൻ വിഷമമുള്ളവർക്ക് (രോഗം കാരണമോ ,യാത്രക്കാരനോ )നോമ്പ് ഒഴിവാക്കാൻ ഒഴിവുകൾ ഉണ്ട് എന്ന് വായിക്കുക..
നന്ദി
എല്ലാ വിഭാഗം ആൾക്കാരിലും ഇങ്ങനെ മതങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവർ ഉണ്ടാകാം,ഒരു ജീവിതമാർഗ്ഗമായി തന്നെ പലരും ഇതിനെ ഉപയോഗിക്കാറുണ്ട്.
പക്ഷെ ഇന്ന് നടക്കുന്ന പല ആചാരങ്ങളും വിശ്വാസികളെ നിർബന്ധിച്ച് ചെയ്യിക്കുന്നതല്ലല്ലോ പാർത്ഥേട്ടാ.
Post a Comment