Sunday, November 28, 2010

ത്രിമൂർത്തികളെ വീണ്ടും സൃഷ്ടിക്കുന്നവർ



    


മുകളിൽ ചേർത്തിട്ടുള്ള കമന്റുകൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. അതിന്റെ ഒരു കൂട്ടായ്മ എന്തെന്നു വച്ചാൽ, എതിർക്കുക; അതിനു കഴിഞ്ഞില്ലെങ്കിൽ വെറുതെയെങ്കിലും കളിയാക്കുക. എന്തിനാണെന്നു ചിന്തിച്ചാൽ, അതിന്റെ അടിവേരുകൾ കിടക്കുന്നത് അങ്ങ് ദൂരെയാണെന്നു കാണാം. അന്ധമായ വിശ്വാസങ്ങളല്ല ഹൈന്ദവ ഈശ്വരവിശ്വാസം എന്ന് പറയുവാൻ ശ്രമിച്ചപ്പോഴാണ് ഈ പ്രതികരണം. ഇതു വേണ്ടെന്നു വെച്ച് ഏതെങ്കിലും ആചരങ്ങളെക്കുറിച്ചോ അമ്പലങ്ങളെക്കുറിച്ചോ എഴുതിയാൽ ഈ പ്രതികരണം വേറെ തരത്തിലാവും. ശബരിമലയിൽ പൊന്നമ്പലമേട്ടിലെ ദീപം കത്തിക്കൽ, നിരവധി ഹിന്ദു സംഘടനകളുടെ വിമർശനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ നിർത്തലാക്കാത്തത് എന്നു ചോദിച്ചാൽ വേറെ തരത്തിലാവും മറുപടി. പൂർവ്വകാല ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും വിഴുപ്പുകൾ പേറിയാലും എന്തെല്ലാം അധിക്ഷേപങ്ങൾ ഉണ്ടായാലും ഇന്ന് ഒരു ജനത ‘ഹിന്ദു’ എന്ന ലേബലിൽ ഇവിടെ ജീവിക്കുന്നുണ്ട്. ഇനിയെങ്കിലും അപകർഷതാബോധത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കാൻ ഒരു കൈത്തിരി കൊളുത്താൻ ശ്രമിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല. ഹിന്ദുക്കളുടെ ആത്മീയചിന്തയുടെ തലം ഉയർന്നാൽ അതിന്റെ ദോഷം ഹിന്ദുക്കളുടെ പുരോഹിതന്മാർക്കും മറ്റു ചൂഷകർക്കുമെന്നപോലെ ഹൈന്ദവേതര മതവിശ്വാസികൾക്കും കൂടിയാണ്.

(അല്പം ചരിത്രം)

ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ വൈദികരും ഭരണകർത്താക്കളും ചേർന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും നടന്നിരുന്ന ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചരിത്ര വസ്തുതയാണ്. അതിനുശേഷം നീണ്ടകാലത്തെ വിദേശാ‍ധിപത്യത്തിന്റെ ഫലമായി ആത്മീയമായും സാമൂഹികമായും വളരെയധികം പിന്നിലായിരിക്കുന്നത് ഇന്നത്തെ ഭാരതത്തിലെ ‘ഹിന്ദുക്കൾ‘ എന്നു പറയുന്ന അതേ ജനവിഭാഗം തന്നെയാണ്. വിദേശരാജ്യങ്ങളുമായി ഭാരതത്തിന് കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മതത്തിന്റെ അധിനിവേശം ആദ്യമായുണ്ടാകുന്നത് 7-ആം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെയാണ്. അവർ കേരളത്തിൽ വന്ന് കച്ചവടം ചെയ്യുകയും, ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, അടുത്ത ബന്ധുക്കളെ മതം മാറ്റുകയും ചെയ്തു. നമ്മുടെ രാജാക്കന്മാർ അവർക്ക് പള്ളി പണിതുകൊടുക്കുകയും, അങ്ങിനെ നിരുപദ്രവമായ രീതിയിൽ ഇസ്ലാമിൽ ‘മാപ്പിള’മാർ എന്ന നാമധേയത്തൊടുകൂടി ഒരു സമൂഹം മലബാർ ഭാഗത്ത് വളർന്നു വരികയും ചെയ്തു. 8-ആം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ ഖാസിം ‘സിന്ധ്’ (ഇപ്പോൾ പാകിസ്ഥാനിൽ) പിടിച്ചെടുത്തുകൊണ്ടാണ് ആദ്യമായി അധികാരം സ്ഥാപിക്കുന്ന അധിനിവേശത്തിന് തുടക്കമിട്ടത്. 10-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയും, 12-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗോറിയും ആടക്കമുള്ളവരുടെ നിരവധി ആക്രമണത്തിന് ഭാരതം സാക്ഷിയായി. 16-ആം നൂറ്റാണ്ടിൽ (1526ൽ) ഡൽഹി പിടിച്ചടക്കിക്കൊണ്ട് ബാബർ മുഗൾ സാമ്രാജ്യത്തിന്റെ തറക്കല്ലിട്ടു. (ഇത് വടക്കുനിന്നുള്ള ആക്രമണം).

1498ൽ വാസ്കോഡഗാമ കോഴിക്കോട് എത്തുകയും, സാമൂതിരിയുമായുള്ള ഉടമ്പടിപ്രകാരം കച്ചവടത്തിനായി സ്ഥലം കൊടുക്കുകയും ചെയ്തു. ഭാരതീയന്റെ ക്ഷമയെ ചൂഷണം ചെയ്ത് 1510 ൽ ഗോവ പിടിച്ചടക്കുകയും അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്തു. 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ കോളനികൾ സ്ഥാപിച്ചു. അതിനുശേഷം 1608ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും, 1615ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തിക്കാൻ മുഗൾ രാജാവായ ജഹാംഗീർ അനുമതി നൽകുകയും ചെയ്തു. ഇന്ത്യയിൽ മുഴുവൻ കമ്പനി തുടങ്ങി അധികാരം കയ്യിലൊതുക്കി. 1777ൽ മറാത്താ യുദ്ധത്തിൽ തന്ത്രപൂർവ്വം ബ്രിട്ടീഷുകാർ പങ്കെടുത്തതു മുതൽ പിന്നീട് എല്ലാ സാമ്രാജ്യങ്ങളും അവരുടെ അധീനതയിലായി.

12 നൂറ്റാണ്ടിന്റെ വിദേശാ‍ധിപത്യം കൊണ്ട് ലോകത്തിലെ പ്രബലമായ രണ്ടു മതങ്ങൾക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയായിരുന്നു ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഇവിടത്തെ ജനങ്ങൾ ചെയ്തുകൊണ്ടിരുന്നത്. ഈ വിദേശാധിപത്യത്തിനിടയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഹിന്ദു മഹാരാ‍ജാക്കന്മാർ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. എങ്കിലും ചരിത്രം എടുത്തുനോക്കിയാൽ കാണുന്നത്, ‘സവർണ്ണരാജാക്കന്മാർ‘ കൊണ്ടാടിയിരുന്ന ചാതുർവർണ്ണ്യവും ജാതിവ്യവസ്ഥയും മൂലം അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്.   കൂടാതെ, വിദേശാധിപത്യങ്ങൾ ഭാരതത്തിൽ ചെയ്ത ക്രൂരതകളെ മറയ്ക്കാനായി നേട്ടങ്ങളുടെ ചരിത്രങ്ങൾ എത്രവേണമെങ്കിലും ലഭ്യവുമാണ്.


ത്രിമൂർത്തികൾ സങ്കല്പങ്ങളാണെന്നു പറഞ്ഞപ്പോഴാണ് ആധുനിക ചിന്തകന്മാരുടെ അസഹിഷ്ണുത വെളിയിൽ വന്നത്. അവർ കേട്ടിട്ടുള്ളതും സ്വയംകൃതവുമായ കഥകൾ പൊടിപ്പും തൊങ്ങലും കൂട്ടി പ്രചരിപ്പിക്കുമ്പോൾ മാത്രമെ ഹിന്ദുത്വത്തിനെ ഇകഴ്ത്താനും പാർത്ഥനെ കളിയാക്കാനുമുള്ള വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയുകയുള്ളൂ. പാടിപ്പതിഞ്ഞ ശീലം മാറ്റാൻ കഴിയാത്തതുകൊണ്ടാകാം മാറ്റി ചിന്തിക്കാനുള്ള അവസരം കാണാതെപോകുന്നത്. ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ബോധം നിലനിർത്തിയാലെ വിമർശിക്കാനും ലേഖനം എഴുതാനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ. കലക്കവെള്ളത്തിൽ നിന്നും കിട്ടുന്ന വിഭവത്തിന് മാ‍ർക്കറ്റ് കിട്ടുന്നതും ഒരു കാരണമായിരിക്കാം. ഇക്കൂട്ടരെല്ലാം അവശവിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പുരോഗമനാശയങ്ങളുമായിട്ടാണ് വരുന്നതെന്നു തോന്നും ഇവരുടെ കമൻന്ുകൾ വായിച്ചാൽ . പക്ഷെ ആശയങ്ങൾ ഒന്നും കാണാറില്ല.

ഇതിനെക്കാൾ നല്ലത് മുസ്ലീം പ്രചാരകരാണ് എന്നു തോന്നുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളായ “ഹൈന്ദവത ധർമ്മവും ദർശനവും“ – എം.എം.അക്ബർ, “ദേവദർശനം“ – ശിഹാബുദ്ദീൻ ആരാബ്രം, “ബ്രഹ്മസൂത്രം ദ്വൈതമോ അദ്ദ്വൈതമോ” – എൻ.എം.ഹുസ്സൈൻ എന്നീ ബൃഹത്തായ കൃതികൾ ഹിന്ദുക്കളെ നേർവഴിക്ക് നയിക്കാനല്ലാതെ വേറെന്തിനാണ്. ഹൈന്ദവ വിശ്വാസികളായ പുരോഗമനക്കാർ കാണേണ്ടതുതന്നെയാണ് ഈ സംരഭം. പൌരാണിക കഥകളിലെ നവീന വ്യാഖ്യാനങ്ങളിലൂടെ കലക്കി ചാടിക്കുന്ന മീനുകൾക്കുള്ള വലകളാണ് മുകളിൽ സൂചിപ്പിച്ച കൃതികൾ. അവർക്കുവേണ്ടി വിടുപണി ചെയ്യുന്ന ആധുനിക വ്യാഖ്യാതാക്കൾ എന്റെ ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ കോരിത്തരിക്കുന്നു.

വ്യക്തിപരമായ കളിയാക്കൽ മാറ്റിവെച്ച്, ലേഖനത്തിനെ കളിയാക്കിയവർക്ക് അവരുടെ ശരികൾ എന്താണെന്ന് പറയാനുള്ള ധാർമ്മികമായ ഉത്തരവാദിത്ത്വമുണ്ട്. വിഷ്ണു ഓർമ്മയല്ല, ശിവൻ ലയമല്ല എന്നൊക്കെ പറയുന്നവർ അവർക്ക് കൂടുതൽ ശരിയെന്ന് തോന്നുന്ന ഭാഷ്യം എന്തെന്ന് വ്യക്തമാ‍ക്കുന്നില്ല. അത് വ്യക്തമാക്കിയാൽ യുക്തിഭദ്രമല്ലാത്ത അവരുടെ യുക്തിവാദത്തിന് നിലനില്പില്ലാതാകുമോ?

5 comments:

പാര്‍ത്ഥന്‍ said...

ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ബോധം നിലനിർത്തിയാലെ വിമർശിക്കാനും ലേഖനം എഴുതാനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ. കലക്കവെള്ളത്തിൽ നിന്നും കിട്ടുന്ന വിഭവത്തിന് മാ‍ർക്കറ്റ് കിട്ടുന്നതും ഒരു കാരണമായിരിക്കാം

Ranjith chemmad / ചെമ്മാടൻ said...

പാർത്ഥന്റെ നിലപാടുകളെ തള്ളിക്കളയാൻ കഴിയില്ല...
കൂടുതൽ അവഗാഹമില്ലാത്തതിനാൽ ഒരു വായനക്കാരൻ മാത്രമാകുന്നു....

കാവലാന്‍ said...

"ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്"

അവര്‍ ആഗ്രഹിക്കാത്തിടത്തോളം കാലം യാതൊരാള്‍ക്കും അവരെ വെളിച്ചം കാണിക്കാനാവില്ല എന്നാണ് എനിക്കു തോന്നുന്നത്.അത് അങ്ങനെയുള്ള ശ്രമങ്ങള്‍ അരുതെന്ന അര്‍ത്ഥത്തിലല്ല,ശ്രമങ്ങള്‍ തുടരുക.

പാര്‍ത്ഥന്‍ said...

ഒരാൾക്ക് സ്വയം നന്മയിലേക്ക് പോകണം എന്നു തോന്നിയാൽ അതിന് ഒരു ദൈവവും തടസ്സം നിൽക്കില്ല എന്നതാണ് ഇവിടത്തെ തത്ത്വം. ദൈവത്തിന്റെ ഇച്ഛ ഇവിടെ ആവശ്യമില്ല എന്നർത്ഥം.

കാവലാൻ, രഞ്ജിത്. വായനക്ക് നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അവര്‍ ആഗ്രഹിക്കാത്തിടത്തോളം കാലം യാതൊരാള്‍ക്കും അവരെ വെളിച്ചം കാണിക്കാനാവില്ല എന്നാണ് എനിക്കു തോന്നുന്നത്"

അങ്ങനെ ആരെങ്കിലും അഥവാ ആഗ്രഹിച്ചു പോയാല്‍ അവന്‍ ഒരിക്കലും രക്ഷപെടാതിരിക്കാനുള്ള ശ്രാമമല്ലെ പാര്‍ത്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്‌?