Wednesday, September 21, 2011

അന്ത്യേഷ്ടിയും സമാധിയും



അടുത്തയിടെ അന്തരിച്ച സത്യസായിബാബയുടെ അന്തിമ ചടങ്ങുകൾ വേദവിധിപ്രകാരമാണ് നടന്നത് എന്നു പറയുകയും,  ഭൌതിക ശരീരം സമാധിയിരുത്തുകയുമാണുണ്ടായത്.  സമാധിയിരുത്തൽ  വേദവിധിപ്രകാ‍രം  ചെയ്യുന്ന അന്ത്യകർമ്മമാണോ  എന്നതാണ്  ഇന്നത്തെ വിഷയം.

അതുപോലത്തന്നെ ഒസാമ ബിൻലാദന്റെ  മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കടലിൽ ഒഴുക്കി  സംസ്കരിച്ചു.  ഇതും വിധിപ്രകാരമല്ല എന്നാണ് എന്റെ അഭിപ്രായം.  പ്രാർത്ഥന കർമ്മങ്ങൾ നടത്തിയിരിക്കാം.  ആചാരപ്രകാരവും  അന്ധവിശ്വാസപ്രകാരവും  മുസ്ലീങ്ങളുടെ ഭൌതികശരീരം മണ്ണിനോട് ചേർക്കണം. മണ്ണിൽ നിന്നും ജനിച്ചവനെ മണ്ണിലേക്കുതന്നെ അയക്കുന്നു.  അവിടെക്കിടന്നാൽ മാത്രമെ അന്ത്യദിനത്തിൽ ഉയർത്തെഴുന്നേൽക്കാൻ കുറച്ച് എല്ലെങ്കിലും ബാക്കി ലഭിക്കുകയുള്ളൂ.

നാട്ടിലുള്ള സമയത്ത്  അടുത്ത വീട്ടിലെ ഒരു സ്ത്രീ മരിച്ചതിന്റെ അന്ത്യകർമ്മങ്ങൾ നടക്കുകയായിരുന്നു.  പരിസരത്തുള്ള എല്ലാവരും അവിടെ കൂടിയിരുന്നു.  മൃതദേഹം  സംസ്കരിക്കാൻ (സ്ഫുടം ചെയ്യൽ ആയിരുന്നു) എടുത്തപ്പോൾ  അടുത്ത വീട്ടിലെ മുസ്ലീം സുഹൃത്ത് പറഞ്ഞു; “ഞാൻ പോവുകയാണ്, എനിക്ക്  ഈ ശരീരം തീയിൽ വെയ്ക്കുന്നത് കാണാൻ കഴിയില്ല”.  മണ്ണിട്ടു മൂടുമ്പോൾ തോന്നുന്ന വിഷമം  മാത്രമെ  ഇക്കാര്യത്തിലും മൃതദേഹത്തിന് ഉണ്ടാവുകയുള്ളൂ  എന്നു ഞാൻ മറുപടി പറഞ്ഞു.

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ  അനുഷ്ഠിക്കേണ്ട ചില ആചാരങ്ങൾ ഉണ്ട്.   ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.  ഷോഡശഃ കർമ്മങ്ങൾ  എന്നറിയപ്പെടുന്ന  പതിനാറ് സംസ്കാരവിധികൾ ജീവിതത്തിൽ അനുഷ്ഠിക്കുവാൻ  നമുക്ക് നിയോഗമുണ്ട്.      ഇത്തരത്തിലുള്ള സംസ്കാരത്തിലൂടെയാണ് മാനവൻ സംസ്കാരസമ്പന്നനാകുന്നത്‌. 
മരിച്ചു കഴിഞ്ഞാൽ മൃതദേഹം   സംസ്കരിക്കുന്നതിൽ നമുക്ക്  പലതരം അഭിപ്രായങ്ങളാണ്.  കുട്ടികളായാൽ കുഴിച്ചിടുന്നത് നല്ലത്.  പ്രായമായവരെങ്കിൽ ചിതയിൽ വെയ്ക്കുന്നത് നല്ലത്.   മൂത്തവർ നിൽക്കുമ്പോൾ ഇളയവർ മരിച്ചാൽ   കുഴിച്ചിടണം എന്നാണ് വിധി എന്നുവരെയുള്ള  നാട്ടുപ്രമാണിത്തം കേൾക്കാം.

 മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.  അന്തരീക്ഷവും ഭൂമിയും ദുഷിക്കാതിരിക്കാൻ  ഭസ്മാന്തം ശരീരം എന്ന വേദാനുശാസനം പിന്തുടരുകയാണ് ദുർബുദ്ധിയില്ലാത്തവർക്ക് ചെയ്യുവാൻ വിധിയുള്ളത്.  ജലസമാധി ജലത്തെയും, ഭൂസമാധി ഭൂമിയെയും മലീമസമാക്കും.  വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതറിയണം.  ഹിന്ദുക്കളാണ് എന്നഭിമാനിക്കുന്നവർ വേദത്തെ പ്രമാണമാക്കുകതന്നെവേണം.   വേദാനുസാരമല്ലാത്ത  സമാധിയും സംസ്കരണവും കാരണം ഗംഗയും പ്രയാഗയും കാശിയും യമുനയും പമ്പയും നിളയും വിഷപൂരിതമാക്കുകയാണ്  ചെയ്യുന്നത്.  മറ്റു മതക്കാരുടെ ഗ്രന്ഥങ്ങൾ അവർക്ക് പ്രാമാണികമായതുപോലെ  ഹിന്ദുക്കളും വേദത്തെ പ്രമാണമാക്കണം.  വേദനിന്ദകൻ നാസ്തികനാണ്, എന്ന് സ്മൃതി വചനം ഉണ്ട്.

കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടിവന്നേക്കാം. 

നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി. 

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തി പ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.  ശവ്യം പരേതനുവേണ്ടി ചെയ്യുന്നതല്ല.  ലൌകികനുവേണ്ടിയാണ് അതെല്ലാം ചെയ്യുന്നത്. 

അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

മാടനടിച്ചാലും മരണകാരണം ഹൃദയസ്തംഭനം തന്നെ.  പുല അസ്പൃശ്യതയാണ്.  രക്ഷസ്സുകളാണ് രോഗാണുക്കൾ.  അവ ആക്രമിച്ച് ചോരകുടിക്കാതെ സൂക്ഷിക്കണം.  അതിന് പുല ആചരിക്കുന്നത് നല്ലതാണ്.  പത്തു ദിവസം ശുദ്ധി ആചരിക്കാൻ  സ്മൃതികൾ  പറയുന്നു.   16 ദിവസം  പുലയുള്ളവർ പണ്ട് പടയാളികളും വാല്യക്കാരുമായിരുന്നു. ജോലി ചെയ്യാതിരിക്കാൻ ആറു ദിവസംകൂടി നേടിയെടുത്തതാവാം.  ശാസ്ത്രീയമായി പറഞ്ഞാൽ ഇന്ന് പുല ആചരിക്കേണ്ടതില്ല.  നല്ല അണു-കുമിൾ നാശിനികൾ എല്ലായിടത്തും   ലഭ്യമാണ്.  സുഗന്ധവസ്തുക്കൾ ഉപയോഗിച്ചു  പുകയ്ക്കുമ്പോൾ അന്തരീക്ഷം ശുദ്ധമാകും.  വായുവും  ജലവും ഭൂമിയും ശുദ്ധമായാൽ അഗ്ന്യാകാശങ്ങളും ശുദ്ധമാകും.  അങ്ങനെ പുല ഇല്ലാതെയാകും.  പിന്നെ ആർക്കു പുല.  സുഗന്ധങ്ങളുടെ പുക പുലയകറ്റും.  പിന്നെ അവധി വേണമെങ്കിൽ  പത്തോ, പതിനാറോ, നല്പത്തിയൊന്നോ ദിവസം ബലിയിട്ട് ഉണ്ടിരിക്കാൻ വിരോധമില്ല.  “അമൃതം പരിത്യജ്യ വിഷം പിബന്തി”.  അമൃതം കളഞ്ഞ് വിഷം കുടിക്കുന്ന ലോകമാണ്.   ഇതിൽ കൂടുതൽ എന്തു പറയാൻ.

എന്തുകൊണ്ട്  ഈ ലേഖനം എഴുതി എന്ന് പലരും ചോദിച്ചേയ്ക്കാം.   ഗുരുദേവദർശനങ്ങൾ വായിച്ചതുകൊണ്ടുമാത്രം എന്നേ മറുപടിയുള്ളൂ. കൂടാതെ ഇന്ന്  (കന്നി 5 – സെപ്റ്റംബർ 21)   ഗുരുദേവസമാധിദിനമാണ്. ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരു പറഞ്ഞ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും   വേദാർത്ഥജ്ഞാനവും  അദ്ദേഹത്തിന്  ഉണ്ടായിരുന്നു.


Monday, June 6, 2011

യോഗിയും സിദ്ധനും

സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ പര്യായം എന്ന നിലയിലാണ് സന്ന്യാസിത്വം, ഋഷിത്വം, യോഗിത്വം, ദേവത്വം തുടങ്ങിയ വാക്കുകൾ ഭാരതത്തിന്റെ സംസ്കൃതിയിൽ പ്രയോഗിച്ചിട്ടുള്ളത്. ഒരു മനുഷ്യൻ സമ്പൂർണ്ണനാണെന്നു പറയുമ്പോൾ, മറ്റു പക്ഷിമൃഗാദികളിൽ നിന്നും എന്തു പ്രത്യേകതയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്? ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്. ആധുനിക ശാസ്ത്രവും മനുഷ്യനെ – thinking animal, political animal, tool using animal - ജന്തുക്കളുടെ കൂട്ടത്തിൽ തന്നെയാണ് ചേർത്തിട്ടുള്ളത്. ചില സെമിറ്റിക് മതങ്ങൾ മാത്രമെ മനുഷ്യൻ ദൈവത്തിന്റെ വിശേഷമായ സൃഷ്ടിയാണെന്ന പ്രാധാന്യം കൊടുക്കുന്നുള്ളൂ.


വളരെയധികം ആളുകൾ 'ഭഗവാൻ' എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു. ഈ പ്രപഞ്ചത്തിൽ നശിക്കാത്ത എന്തെങ്കിലും ഉണ്ടോ? കർമ്മം ചെയ്യുന്ന ഏതൊരു വസ്തുവിനും കുറെ കഴിയുമ്പോൾ ക്ഷീണം ഉണ്ടാകും. പിന്നീട് അത് നശിക്കുകയും ചെയ്യും. അങ്ങിനെയാകുമ്പോൾ പ്രവർത്തിക്കുന്നത് ഈശ്വരനാണെങ്കിൽ തന്നെ അത് നശിച്ചുപോകും. പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല എന്ന ബോധത്തോടുകൂടിത്തന്നെ ചില കാര്യങ്ങൾ ഇവിടെ എഴുതിവെയ്ക്കുന്നു.

(ദൈവം, ഈശ്വരൻ എന്നീ സങ്കല്പത്തെക്കുറിച്ച് ഇവിടേയുംസന്ന്യാസിയെക്കുറിച്ച് ഇവിടെയും  ചെറുതായി സൂചിപ്പിച്ചിരുന്നു.)

ഒരു പൂർണ്ണനായ മനുഷ്യന്റെ ജീവിതം, സ്ഥിതപ്രജ്ഞനായ സന്ന്യാസിയിലാണ് നമുക്ക് ദർശിക്കാനാവുക. സുഖദുഃഖങ്ങളിൽ സമചിത്തതയോടെ കഴിയുക എന്നതാണ് ഒരു സന്ന്യാസിയുടെ പ്രത്യേകത. പരിശീലനംകൊണ്ട് ഒരാൾക്ക് ഈ കഴിവുകൾ ആർജ്ജിക്കുവാൻ സാധിക്കും. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നതും, പ്രവർത്തിപ്പിക്കുന്നതും, അനുഭവിപ്പിക്കുന്നതും മനുഷ്യനിലെ ചൈതന്യമാണ്. ഈ ചൈതന്യത്തെ സാക്ഷാത്ക്കരിച്ച് അതിൽ സദാസമയവും മുഴുകിയിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതിനെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു വച്ചാൽ, ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.

വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും വായിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷി / യോഗി എന്നെല്ലാം പറഞ്ഞിരിക്കുന്നത്. അവർ യോഗയുക്തരായി കഴിയുന്നു. അതിന്റെ മറുവശമാണ് ഭോക്തൃപ്രപഞ്ചം - ഭോഗികളുടെ പ്രപഞ്ചം. എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ.”


“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.”


ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇത്രയൊക്കെ സിദ്ധികളുള്ള യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം.
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു.

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം.


Monday, May 30, 2011

വിഭൂതി



‘വിഭൂതി’  ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. വിഭൂതി എന്നാൽ, വിസ്തരിക്കാനുള്ളത്, മായകൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നൊക്കെയാണ് ആദ്ധ്യാത്മികമായ അർത്ഥം. പ്രപഞ്ചത്തെ നാമരൂപങ്ങളാക്കി പെരുപ്പിച്ച് കാണിക്കുന്നത് മായയാണ്. ‘വിഭൂതി’യ്ക്ക് ഐശ്വര്യം, ശക്തി, വലുപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നെല്ലാം അർത്ഥം കാണാം. പക്ഷെ ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾക്ക് ‘വിഭൂതി’ എന്നാൽ കഞ്ഞിവെള്ളത്തിൽ ഭസ്മം കുഴച്ച് ഉണക്കി ഗുളികയാക്കി ചില ദിവ്യന്മാർ ഭക്തന്മാർക്ക് കൊടുക്കുന്ന പൊടി മാത്രമാണ്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ‘വിഭൂതിയോഗം’ എന്താണെന്ന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ഒരു മതത്തിലെ വ്യവസ്ഥാപിതമായ താല്പര്യങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇവിടെ വിഭൂതിവർണ്ണന നടത്തിയിരിക്കുന്നത്. എക്കാലത്തും ലോകത്ത് എവിടെയും മനുഷ്യജാതിക്ക് പ്രിയങ്കരമായിരിക്കുന്ന അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ പരാമർശിക്കുന്നുണ്ട്.

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ.

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.

‘വിഭൂതി’ എന്താണെന്ന് ഒന്നുകൂടി വിശദമാക്കാം. ഒരു വൃക്ഷത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിന്റെ തടികൊണ്ടും, ഇലകൊണ്ടും, പൂവുകൊണ്ടും, ഫലംകൊണ്ടും ഒരു വൃക്ഷത്തെ അറിയുന്നു. അവയെല്ലാം വൃക്ഷത്തിന്റെ വിഭൂതികളാണ്. വൃക്ഷത്തിന്റെ ഈ വിഭൂതികൾ മാത്രമെ നമുക്ക് ഗോചരമായിട്ടുള്ളൂ. ഈശ്വരൻ അഗോചരനാണെങ്കിലും ഈശരന്റെ ഐശ്വര്യാദി അനന്ത കല്യാണഗുണങ്ങളെ നാം പ്രതിനിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന് ശരീരം എങ്ങനെയാണോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത. അതിൽ നമുക്ക് നിത്യപരിചയമുള്ള നിത്യകല്യാണഗുണങ്ങളെ ഇവിടെ വിഭൂതിയായി എടുത്തു പറയുന്നു.

സൃഷ്ടിക്ക് വെളിയിൽ സ്രഷ്ടാവിനെ വച്ചിരിക്കുന്നതിൽക്കൂടിയാണ് മതപരമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും പൌരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളർന്നു പടർന്നു കിടക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിജാലങ്ങളും ഒന്നുതന്നെയാണെന്ന് കരുതുന്നതാണ് കുറെകൂടി ഔചിത്യം എന്നാണ് ശങ്കരാചാര്യരുടെ വീക്ഷണം.

(യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിലെ വിഭൂതിയോഗത്തിൽ നിന്നുള്ള ചില വ്യാഖ്യാനങ്ങൾ ഇവിടെ പകർത്തുന്നു.)

“ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശിഃ” (ഭ.ഗീ. 10:21)

[ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു. പ്രകാശമുള്ളവയിൽ വളരെ രശ്മികളോടുകൂടിയ സൂര്യനാകുന്നു. മരുത്തുക്കളുടെയിടയിൽ മരീചിയും. നക്ഷത്രങ്ങളുടെ ഇടയിൽ (ഞാൻ)ചന്ദ്രനും ആകുന്നു.]
നമ്മുടെ സാധാരണയുള്ള അറിവനുസരിച്ച് ആദിത്യനും രവിയും ഒന്നുതന്നെയാണ്. പക്ഷെ ആദ്ധ്യാത്മിക ചിന്തയിൽ ഇതെല്ലാം വ്യത്യസ്തങ്ങളാണ്. 12 മാസങ്ങൾക്ക് സമമായ 12 സൂര്യന്മാരെപ്പറ്റി പൌരാണികന്മാർ പറഞ്ഞുപോരുന്നു. അവർ, വിഷ്ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാൻ, പൂഷാവ്, സവിതാവ്, മിത്രൻ, വരുണൻ, അംശൻ, ഭഗൻ എന്നിവരാണ്.

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണ് ‘ആദിത്യന്മാർ‘. സപ്തർഷികളിൽ ഒരാളാണ് ‘മരീചി’. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളും ‘മരീചി’യാണ്. കശ്യപന്റെ പിതാവും ഒരു മരീചിയാണ്. അതുപോലെ മരുത്തുക്കൾ ഇന്ദ്രന്റെ കൂടെയുള്ള ഒരു ദേവതാസമൂഹമാണെന്നും കഥകൾ ഉണ്ട്. ഇത്തരം കഥകൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. പൌരാണികമായ പ്രതീകങ്ങളെ ശാസ്ത്രബുദ്ധ്യാ നിരൂപണം ചെയ്ത് മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ആദിരൂപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ അർത്തവത്തായിത്തീരും.

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.

(തുടരും.---)