ദൈവവും ഈശ്വരനും എങ്ങിനെ ഉത്ഭവിച്ചു എന്നുള്ള അന്വേഷണം ഇവിടെ നിന്നും തുടങ്ങിയിരുന്നു. ഇപ്പോൾ വൈദിക ദേവതകളെക്കുറിച്ചും ഈശ്വരന്റെ തത്ത്വങ്ങൾ, സങ്കല്പങ്ങൾ വിഭൂതികൾ എന്നിവയെക്കുറിച്ചും എനിക്ക് മനസ്സിലായത് ഇവിടെ പങ്കുവെക്കാൻ ശ്രമിക്കുകയാണ്.
ഹൈന്ദവ ദർശനങ്ങളിൽ വിവിധ തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ ഉണ്ട്. മറ്റു സെമിറ്റിക് മതവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും, ഏകേശ്വര സങ്കല്പവും വേദങ്ങളിൽ കാണുന്നുണ്ട്. ദൈവത്തിനെ കണ്ടെത്താനുള്ള ജ്ഞാനികളുടെ അന്വേഷണങ്ങളിൽ, ദ്വൈതദർശനത്തിൽ നിന്നും ഉയർന്ന് അദ്വൈതദർശനത്തിൽ എത്തിനിൽക്കുന്നു; ഭാരതീയ ഈശ്വരസങ്കല്പം. എല്ലാം ഒന്നായിക്കാണാനുള്ള അറിവ് സാമാന്യ ജനങ്ങൾക്കില്ലാത്തതുകൊണ്ട് ഇന്നും അനേക-മത-ദൈവ വിശ്വാസം എല്ലായിടത്തും നിലനിൽക്കുന്നു.
“മുപ്പത്തുമുക്കോടി ദൈവങ്ങളുള്ളതിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിട്ടുള്ളത് ത്രിമൂർത്തികൾക്കാണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരിൽ തന്നെ ആർക്കാണ് ഏറ്റവും പ്രാധാന്യം എന്നു ചോദിച്ചാൽ ഒരു ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കും. മഹേശ്വരനെ സംഹാരശക്തിയായി കാണുമ്പോൾ തന്നെ ശിവന്റെയും പരാശക്തിയുടെയും സങ്കലനത്തിലൂടെയാണ് ജഗത് രൂപീകരണം നടന്നത് എന്ന തത്ത്വവും നിലനിൽക്കുന്നു. വിശ്വപ്രപഞ്ചത്തിന്റെ മൂലകാരണം ജഡചേതനകളുടെ അന്യോന്യമുള്ള ആശ്ലേഷണമാണ്. പ്രപഞ്ചത്തിന്റെ മൂലകാരണം ശിവനും, ശക്തിസ്വരൂപിണിയായ ദേവി പ്രപഞ്ചവുമാണ്. ശിവശക്തി സംയോഗത്താലാണ് ഗജാനനായ ഗണേശന്റെ ജനനം സംഭവിച്ചത്. ഗജം ജഗത്തിന്റെ വിപര്യയ രൂപവുമാണ്. ജഗത്തിലെ ഭൌതികമായ ഐശ്വര്യങ്ങൾ ഒരു മനുഷ്യനെയും ആത്യന്തികമായി തൃപ്തിപ്പെടുത്തുകയില്ല. ശിവപ്രാപ്തികൊണ്ടേ തൃപ്തിയടയൂ. ശിവൻ മംഗളം നൽകുന്ന ശങ്കരനാണ്.”
വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്. ബ്രഹദാരണ്യകോപനിഷത്തിൽ 303 എന്നും, 3003 എന്നും (ത്രയശ്ച ത്രീ ശതാ, ത്ര്യശ്ച ത്രീ ച സഹസ്രേതി) കാണാം. ചില ഋഗ്വേദസൂക്തങ്ങളിൽ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്നു. ശതങ്ങൾ, സഹസ്രങ്ങൾ എന്നെല്ലാം പറയുന്നത് അനന്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിരാട്പുരുഷന്റെ അവയവങ്ങളുടെ കൃത്യമായ സംഖ്യയാവാൻ സാധ്യതയില്ല. അങ്ങിനെയായാൽ വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.
ഇതെല്ലാം സങ്കല്പങ്ങളും തത്ത്വങ്ങളും ആണെന്നു പറയാൻ ശ്രമിച്ചാൽ, പിന്നെ ആരെല്ലാമാണ് 80 കോടി ജനങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ എന്ന ചോദ്യമായി. അതുമാത്രമല്ല, അയോദ്ധ്യയിൽ പോയാൽ ദൈവത്തെ കാണാൻ കഴിയും എന്നുള്ള നിർദ്ദേശം പോലും ഒരു ഹിന്ദു എന്ന് അവകാശപ്പെടുന്ന സുഹൃത്തിൽ നിന്നും വന്നു. എന്തുകൊണ്ടോ പാൽകടലിൽ പോയി നോക്കാൻ പറഞ്ഞില്ല. അതുകൊണ്ട് എന്റെ അന്വേഷണം പാൽകടലിൽ നിന്നാവാം എന്നു തീരുമാനിച്ചു.
(തുടരും)
6 comments:
വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിരാട്പുരുഷന്റെ കൃത്യമായ സംഖ്യയാണെങ്കിൽ, വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.
ഇത് ഒരു നീണ്ട പരമ്പരയായി(mega serial)ത്തീരട്ടെ എന്ന് ആശംസിക്കുന്നു.
മനുഷ്യൻ അടങ്ങുന്ന പക്ഷിമൃഗാദികളെ സൃഷ്ടിക്കുന്നത് ബ്രഹ്മാവും, പരിപാലിക്കുന്നത് വിഷ്ണുവും, സംഹരിക്കുന്നത് ശിവനും എന്നതാണ് സാമാന്യ ജനങ്ങൾ വിശ്വസിച്ചുപോരുന്നത്. വിശ്വാസം എന്നു പറയുന്നതു തന്നെ നിലനിൽക്കാത്ത ഒന്നാണ്. ഈ നിലനിൽപ്പില്ലാത്ത വിഷയത്തെ അധികരിച്ചാണ് അങ്ങനെയല്ലെ ഇങ്ങനെയല്ലെ എന്നെല്ലാമുള്ള പ്രക്ഷോപങ്ങൾ. അതുകൊണ്ടുതന്നെ ഈ പറയുന്ന ത്രിമൂർത്തികൾക്കും ആധികാരികമായ ഒരു നിലനിൽപ്പും ഇല്ല. സന്താനഭാഗ്യം ഇല്ലാത്തവർ, ഡോക്ടർക്ക് ലക്ഷങ്ങൾ കൊണ്ടു കൊടുക്കുന്ന നേരം ബ്രഹ്മാവിനെ വിളിച്ച് ഒന്ന് പറഞ്ഞാൽ പോരെ. പട്ടിണി രാജ്യങ്ങളിലും അഭയാർത്ഥിക്യാമ്പുകളിലും മറ്റും ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ വിഷ്ണുവിനെ ഒന്നു വിളിച്ചു പറഞ്ഞാൽ പോരെ അവിടെക്ക് രണ്ടു ലോഡ് അരി കൊടുത്തുവിടാൻ. അതുപോലെ ശിവന്റെ കുലത്തൊഴിലായ സംഹാരം പ്രൊഫഷണലാക്കിയാൽ നാട്ടിലെ ക്വോട്ടേഷൻ ടീമിന് പണിയില്ലാതാകും. അങ്ങനെ എന്തെല്ലാം ലാഭങ്ങൾ ഉണ്ട് ഇതെല്ലാം യാഥാർത്ഥ്യമായിരുന്നെങ്കിൽ.
tracking..
നമസ്തേ. വേദത്തില്‍ ഒരേ ഒരു ഈശ്വരനെ പറ്റി മാത്രമേ പറയുന്നുള്ളൂ.ദൈവം എന്നല്ലാതെ ദൈവങ്ങള്‍ എന്നത് ഈശ്വരസങ്കല്‍പത്തിനു തന്നെ വിരുദ്ധമാണ്.
പ്രമാണങ്ങള്‍ - ഏകം സദ് വിപ്രാ ബഹുദാ വദന്തി,ഋചോ അക്ഷരേ പരമേ വ്യോമന്‍ യസ്മിന്‍ ദേവാ അധി വിശ്വേ നിഷേദു: യസ്തന്ന വേദകിമൃചാ കരിഷ്യതി യ ഇത്തദ്വിദുസ്ത ഇമേ സമാനതേ (ഋഗ്വേദം 1.1.64.39)
അദ്വൈതത്തിനപ്പുറത്തെ ത്രൈത വാദത്തെ (ഈശ്വരന്‍, ജീവാത്മാവ്, പ്രകൃതി എന്ന മൂന്ന് അനാദി തത്വങ്ങളെ) വൈദികകാഴ്ചപ്പാടിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുക.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വായിക്കുക മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ത്ഥ പ്രകാശം - സ്വ.(ആചാര്യ) നരേന്ദ്ര ഭൂഷണ്‍ എന്ന വേദ പണ്ഡിതന്റെ മലയാള പരിഭാഷ, ആര്‍ഷനാദം (മലയാളത്തിലെ ഒരേയൊരു വൈദിക-ദാര്‍ശനിക മാസിക)
അങ്ങയുടെ ബ്ലോഗുകള്‍ കുറെ വായിച്ചതില്‍ നിന്നുമുള്ള ഒരു ഊഹം, അങ്ങ് ഉപനിഷത്തുകള്‍ പഠിച്ചിട്ടുണ്ട്, മിക്കവാറും ശാങ്കരഭാഷ്യം.
ശിവന്‍, ശിവശക്തിയിലെ ശിവം, രണ്ടും രണ്ടല്ലേ?
Post a Comment