നിങ്ങൾ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികൾ സ്മൃതികൾ ധർമ്മസൂത്രങ്ങൾ
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.
ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.
സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”
വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.
ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (
ഇവിടെയും -
ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.
മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ
“ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.
വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]
ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.
മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :
മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”
(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)
മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ
“ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.
മനുസ്മൃതിയുടെ കാലഘട്ടം:മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)
ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)
വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.
ആരാണ് മനുസൃതി എഴുതിയ മനു:വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:
* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]
The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.
എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.
ശാസ്ത്ര തത്ത്വങ്ങളാണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.
ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.
നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.
ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.
*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർയുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.
മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.
ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.
പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.
ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.
മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.
(തുടരും)